ആമുഖം ആവശ്യമില്ലാത്ത സക്കറിയ സംസാരിക്കുന്നു. അഭിമുഖം തയ്യാറാക്കിയത് നവമലയാളി മിഡിൽ ഈസ്റ്റ് എഡിറ്റർ ഷൈന ഷാജൻ.
ജീവിതത്തേയും പ്രപഞ്ചത്തെയും കുറിച്ചുള്ള കാഴ്ചപ്പാട്? കഥകളിലെ ദര്‍ശനങ്ങളിൽ അവയ്ക്കുള്ള പങ്ക്?
വാസ്തവത്തില്‍ കഥകളെഴുതുന്നത് അങ്ങനെയൊരു കാഴ്ചപ്പാട് പ്രയോഗിച്ചു കൊണ്ടല്ല. കഥകള്‍ അതാതു സമയങ്ങളില്‍ അതാതുദിവസങ്ങളിൽ ഉണ്ടായി വരുന്നു എന്നേയുള്ളൂ. Gender difference തുടങ്ങിയ കാര്യങ്ങൾ കഥയിൽ വരുമ്പോഴൊക്കെ കേരളം പോലെപുരുഷാധിപത്യത്തിൽ ഊന്നിയ ഒരു സമൂഹത്തിൽ ജീവിക്കുമ്പോള്‍ ഞാനൊരു പുരുഷനായതു കൊണ്ട് ആ മനശ്ശാസ്ത്രം എന്നിൽ കടന്നു വരാതിരിക്കാൻ ശ്രമിക്കാറുണ്ട്. മതചിഹ്നങ്ങളെ, മതങ്ങള്‍ അവയ്ക്കു കൊടുത്തിരിക്കുന്ന ഉപയോഗങ്ങളില്‍ നിന്നു വേര്‍പെടുത്തി മതേതരമായി ഉപയോഗിക്കണം എന്ന നിര്‍ബന്ധം ഉണ്ട്. മനുഷ്യബന്ധങ്ങളെക്കുറിച്ചാണെങ്കില്‍, അത് കഴിയുന്നത്ര സത്യസന്ധമായിരിക്കണം എന്ന ചിന്ത, ബന്ധങ്ങളിലെ സുതാര്യത.. ഇതൊക്കെ കടന്നു വരും. അല്ലാതെ ജീവിതത്തെപ്പറ്റി മൊത്തമായിരൊരു കാഴ്ച്ചപ്പാടൊന്നുമില്ല. ജനനം, മരണം എന്നതിന്റെയൊക്കെ അകത്തുകൂടി സാധാരണ എല്ലാവര്‍ക്കും ഉണ്ടാകാവുന്ന അനിശ്ചിതത്വങ്ങള്‍ മാത്രമേ ഉള്ളൂ.
പ്രപഞ്ചം എന്നതിനെപ്പറ്റി I am fascinated. എന്റെ ഒരു staple reading science fiction ആണ്, ആയിരുന്നു, ഇപ്പോഴുമതെ. ആ രീതിയില്‍ പ്രപഞ്ചത്തിന്റെ നിഗൂഢത എന്നത് എന്നെ വളരെ സ്വാധീനിക്കുന്ന കാര്യമാണ്. എന്റെ എഴുത്തിലൊക്കെ ആ പ്രപഞ്ചത്തെപ്പറ്റിയും ആ നിഗൂഡതകളെപ്പറ്റിയുമുള്ള ചിന്തകള്‍ കയറിവരാറുണ്ട്. എനിക്ക് ദൈവവിശ്വാസമില്ല, മതമില്ല, ജാതിയില്ല, എന്നാലെനിക്ക് എനിക്കുവേണ്ടി മാത്രമായ, സ്വകാര്യമായ ഒരു ആത്മീയതയുണ്ട്. അതിന്റെ ഭാഗമായിട്ട് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുണ്ട്, എങ്ങനെയാണു സമൂഹത്തിനു ഗുണമുള്ള ഒരു പൗരൻ എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുണ്ട്, അതുപോലെ പലതിനെക്കുറിച്ചും. അതെല്ലാം പലരിൽ നിന്നും വായിച്ചെടുക്കുന്നതാണ്. ജെ. കൃഷ്ണമൂര്‍ത്തി, രമണമഹര്‍ഷി, ദീപക് ചോപ്ര അങ്ങനെ ഒത്തിരിപ്പേരുണ്ട്. അവരുടെയൊക്കെ സ്പിരിച്വാലിറ്റി മതവുമായി ബന്ധപ്പെട്ടതല്ലാത്തതുകൊണ്ട് നമുക്കവരുമായി ലിങ്ക് ചെയ്യാന്‍ പറ്റും. അതൊക്കെയെ ഉള്ളൂ. അല്ലാതെ സ്വന്തമായി ദര്‍ശനമൊന്നും ഇല്ല. നമ്മുടെ ഉപയോഗത്തിന് വേണ്ടി മഹാന്മാരില്‍ നിന്ന് കടം വാങ്ങുക എന്നതാണ് സാധിക്കുക.
പല കഥകളിലും കാണാറുള്ള സൂഫി വചനങ്ങൾ, നാരായണഗുരുദര്‍ശനങ്ങൾ അതെല്ലാം അങ്ങനെ വരുന്നവയാണോ?
ഉവ്വ്. I am a great admirer of Sufism; റൂമിയുടെയും മറ്റ് എല്ലാവരുടെയും. ആ രീതിയിലുള്ള ഒത്തിരി കാര്യങ്ങള്‍ സ്വാധീനിച്ചതു കൊണ്ടാണ് പഠിച്ചു വന്ന മതത്തിൽ നിന്ന് പുറത്തിറങ്ങി നില്‍ക്കാനുള്ള ശേഷി ഉണ്ടായത്. ജീവിതത്തില്‍ sanity നിലനിര്‍ത്താന്‍ കുര്‍ബാനയും കുമ്പസാരവുമൊന്നും ആവശ്യമില്ലെന്ന് മനസ്സിലായി. അങ്ങനെ ആ രീതിയില്‍ സൂഫിസം അടക്കമുള്ള സ്വാതന്ത്ര്യാധിഷ്ഠിതമായ അധ്യാത്മികപ്രസ്ഥാനങ്ങളെല്ലാം എന്നെ ആകര്‍ഷിക്കുന്നുണ്ട്. ശ്രീനാരായണഗുരു ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മഹാനായ radical spiritual philosopher ആണ്.
ജന്മനാട് കൈമോശം വരികയാണ് ഒരെഴുത്തുകാരനു നല്ലത് എന്നുണ്ടോ? കഥകളില്‍ ഇത്രയും വൈവിധ്യവും, പുതുമയും അങ്ങനെ ജന്മനാട് കൈമോശം വന്നതുകൊണ്ട് ഉണ്ടായിവന്നതാണോ?
അല്ല, അത് വായന കൊണ്ടാണ്. ഞാനൊരു പുസ്തകപ്പുഴുവാണ്. വായിച്ച് നേരിട്ട് കിട്ടുന്നത്. ഒപ്പം എഴുത്തുകാര്‍ പറയുന്നതും നമ്മൾ കേള്‍ക്കുന്നുണ്ട്. സ്വയം അനുകരിക്കുന്ന അവസ്ഥ വരാതെ നോക്കുക എന്നതാണ് പ്രധാനം. ഒരു കഥയുടെ ചെറിയ സാമ്യം പോലും അടുത്ത കഥയില്‍ വന്നാൽ അതിന്റെയര്‍ത്ഥം നമ്മൾ നന്നായി എഴുതുന്നില്ലെന്നു തന്നെയാണ്. സാഹിത്യത്തിനകത്ത് ഒരു institution ഉണ്ട്. അതിനകത്തു നിന്നാണ് നിങ്ങൾ എഴുതുന്നത് എന്നുണ്ടെങ്കിൽ – you are finished. നമ്മള്‍ അതിന്റെ പുറത്തു നിന്ന് കഥയെഴുതിയിട്ടു വേണം അതിനകത്തേക്ക് എറിയാന്‍. ആരോടെങ്കിലും സംസാരിക്കുമ്പോള്‍, ഒരു സിനിമ കാണുമ്പോള്‍ ഒക്കെ ചെറിയൊരു നിമിഷാർദ്ധത്തിൽ നിന്ന്, ചെറിയൊരു ഡയലോഗില്‍ നിന്ന്, നമുക്കൊരു കഥ കിട്ടും. അതിനെ പിന്നെയൊന്ന് ശരിയാക്കിയെടുക്കുകയെ വേണ്ടൂ. എഴുതിയത് പോലൊരു കഥ പിന്നെ എഴുതാന്‍ പാടില്ലെന്നതിനെക്കുറിച്ച് ഞാന്‍ വളരെ ബോധവാനാണ്; നിവൃത്തിയുണ്ടെങ്കില്‍.
ജന്മനാട് വിട്ടുപോകുന്നത് ഒരെഴുത്തുകാരന് നല്ലതാണ്. അല്ലെങ്കില്‍ നമ്മൾ ഒരു വാഴ്ത്തപ്പെട്ടവനെപ്പോലെ അവിടെത്തന്നെ ഇരുന്ന് ബാക്കിയുള്ളവർ നമ്മെക്കുറിച്ച് പറയുന്നതെല്ലാം സത്യമാണെന്നും ലോകം നമ്മളെ കാണുന്നതെങ്ങനെയോ അങ്ങനെ തന്നെയാണു നമ്മളെന്നും കരുതിത്തുടങ്ങും. സ്വന്തം നാട്ടില്‍ത്തന്നെ ഇരിക്കുമ്പോൾ അങ്ങനെയൊരു ട്രാപ് ഉണ്ട്. അകലെയായിരിക്കുന്നതാണു ഭേദം. മറ്റൊന്ന്, അകലെയിരുന്നു കൊണ്ട് ജന്മനാടിനെ വിമര്‍ശിക്കാനുള്ളൊരു perspective കിട്ടും. എനിക്ക് അങ്ങനെയൊരു perspective കിട്ടിയത് ഡല്‍ഹിയിൽ കഴിഞ്ഞിരുന്നപ്പോഴാണ്. ഒ.വി.വിജയനെപ്പോലുള്ളവര്‍ എങ്ങനെയാണ് നമ്മുടെ പൊളിറ്റിക്സിനെ കാണേണ്ടത് എന്നു പറയുന്നത് കേട്ടും മനസ്സിലാക്കിയുമാണ് എനിക്ക് അങ്ങനെയൊരു perspective കിട്ടിയത്. അത് ഒരു വശത്ത്. പതിനാറു വയസ്സില്‍ നാട് വിട്ടതാണ് ഞാൻ. എന്നിട്ട് മൈസൂരിൽ പോയി. പത്തൊമ്പതാമത്തെ വയസ്സില്‍ ഫൈനല്‍ ബി.എക്കു പഠിക്കുമ്പോള്‍ എന്റെ ആദ്യത്തെ കഥ അവിടെയിരുന്നു എഴുതിയയച്ചു. അങ്ങനെയാണ് ഞാന്‍ കഥാകാരനാവുന്നത്. ജന്മനാട് കൈമോശം വന്നതിന്റെ നൊസ്റ്റാള്‍ജിയയിൽ നിന്നാണ് ആ കഥ – ‘ഉണ്ണി എന്ന കുട്ടി’ – ഉണ്ടാവുന്നത്. അപ്പോള്‍ നൊസ്റ്റാള്‍ജിയ കഥക്കൊരു primary raw material ആകുന്നുണ്ട്. ഓര്‍മ്മകളാണ് എല്ലാത്തിന്റെയും വേര്. കഥയെഴുതാനിരിക്കുമ്പോൾ ഓര്‍മ്മയിൽ നിന്നു വേണമല്ലോ അതിന്റെ വാക്കുകളും context ഉം എല്ലാം പിടിച്ചെടുക്കുവാന്‍. ഒരു നക്ഷത്രത്തെയോ ആകാശത്തെയോ പറ്റി പറയുമ്പോൾ പലപ്പോഴും ഉരുളിക്കുന്നത്തെ കാഴ്ചകളായിരിക്കും മനസ്സില്‍ വരിക. ആ അളവ് വരെ അത് ഉപകാരപ്രദമാണു. പക്ഷേ തകഴിയില്‍ ഇരുന്ന്‍ മുഴുവൻ ലോകത്തെയും തകഴിയിലേക്ക് കൊണ്ടുവരാൻ തകഴിച്ചേട്ടനു കഴിഞ്ഞു. പിന്നെ ബഷീറിനും അത് സാധിച്ചിട്ടുണ്ട്.
കേരളത്തിലെ പുരുഷമേധാവിത്വത്തിനെതിരായിട്ടുള്ള ഒരു മാനസികനില പല കഥകളിലും കാണാം. ശക്തരായ സ്ത്രീകളാണ് മിക്ക കഥകളിലും. ഉദാഹരണത്തിനു സലാം അമേരിക്ക, പ്രെയ്സ് ദ ലോര്‍ഡ്, കന്യാകുമാരി . . . . അതിനെക്കുറിച്ച്?
എഴുതിവരുമ്പോള്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ വെച്ചു കൊണ്ടായിരിക്കില്ല കഥ തുടങ്ങുന്നത്. പക്ഷെ കഥാപാത്രം പ്രത്യക്ഷപ്പെട്ടു കഴിയുമ്പോൾ, ഞാൻ സ്ത്രീപക്ഷത്ത് നിൽക്കുന്ന ഒരാളായതിനാൽ, സ്വാഭാവികമായും എന്റെ സാമൂഹിക വീക്ഷണത്തിന്റെ ആ ഭാഗം -the critique of the male dominant society- എന്നതിലെ ആ വിമര്‍ശനബോധം കഥയിൽ ഞാന്‍ തീര്‍ച്ചയായിട്ടും പ്രയോഗിക്കും. ആ കഥകള്‍ വായിക്കുന്നത് കൊണ്ട് സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നു എന്ന് ഞാൻ കരുതുന്നില്ല. എന്റെ ഭാഗം ഞാൻ ചെയ്യുന്നു എന്നേ വിചാരിക്കുന്നുള്ളൂ.
ഇപ്പോഴുള്ള പല എഴുത്തുകാരുടെയും നാവുകള്‍ ഇര വിഴുങ്ങിക്കിടക്കുന്ന പാമ്പിന്റെ അവസ്ഥയിലാണ്. പക്ഷെ സക്കറിയയുടേത് പലതിനുമെതിരെ ഫണമുയര്‍ത്തിച്ചീറുന്ന പാമ്പിനെപ്പോലെയും. ആദ്യം മുതലേ ഇങ്ങനെത്തന്നെയായിരുന്നോ?
ഇത് ഒരു limited view point-ൽ കൂടി നോക്കുമ്പോൾ തോന്നുന്നതാണ്. കാരണം കേരളത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ തുറന്നു പറയാന്‍ ആരെയും പേടിക്കേണ്ടതില്ലാത്ത ഒരു സമൂഹത്തിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്; തല്‍ക്കാലത്തേക്കെങ്കിലും. പല സാഹിത്യകാരന്മാരും ബുദ്ധിജീവികളും കരുതുന്നതു പോലെ വളരെയധികം ഭയപ്പെടാനൊന്നുമില്ല. ഇപ്പൊഴും ഒരു reasonable freedom of opinion ഉള്ള സമൂഹമാണ് കേരളം. അത് മനസ്സിലാക്കിക്കഴിഞ്ഞാല്‍ മനസ്സിലുള്ളത് തുറന്നു പറയാന്‍ നമുക്ക് ബുദ്ധിമുട്ട് വരില്ല. പിന്നെ സംഘട്ടനാത്മകമായ രീതിയില്‍ പോയാൽ ഇന്നത്തെ സാഹചര്യമനുസരിച്ച് violent reaction കൂടുതല്‍ വന്നിരിക്കുന്നത് കൊണ്ട് you could end up beaten up. അങ്ങനെയൊരു സംഘട്ടനാത്മകതയും ഗര്‍ജ്ജനവും ഇല്ലാതെത്തന്നെ ആളുകളോട് കാര്യങ്ങള്‍ പറയാനും പറ്റും. അപ്പോള്‍ ഇതിനകത്ത് വലിയ ധീരതയോന്നും ആവശ്യമില്ല. പക്ഷേ നിങ്ങൾ എവിടെയാണു നിൽക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം.. എന്നെ സംബന്ധിച്ചിടത്തോളം ജനാധിപത്യമാണു എന്റെ ആദ്യത്തെ പ്രമാണം. രണ്ടാമതായി, മതേതരത്വം. മൂന്നാമതായി സാമ്പത്തിക സമത്വവും. അല്ലെങ്കില്‍ ഉച്ചനീചത്വങ്ങൾ ഇല്ലായ്മ ചെയ്തിട്ട് ജനങ്ങള്‍ക്ക് ഒരു ക്ഷേമസമൂഹം ഉണ്ടാവുക എന്നത്. ദാരിദ്ര്യം എന്നത് വയറിന്റെ പട്ടിണി മാത്രമല്ല. മനസ്സിന്റെയും തലച്ചോറിന്റെയുമൊക്കെ പട്ടിണി ചേരുമ്പോഴാണ് ഏറ്റവും ഭീതിദമായ ദാരിദ്ര്യം ഉണ്ടാവുന്നത്. ഇതു മൂന്നുമാണ് എന്നെ സംബന്ധിച്ചിടത്തോളം അടിസ്ഥാന പ്രമാണങ്ങൾ. ഇത് എനിക്കുറപ്പുള്ളിടത്തോളം എനിക്ക് നില്‍ക്കാനൊരിടമുണ്ട്. ആ ഉറച്ച മണ്ണില്‍ നിന്നുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങൾ എനിക്ക് അളക്കാം – ഇത് ജനാധിപത്യപരമാണോ ? ഇത് മതേതരമാണോ? ഇത് പാവപ്പെട്ടവനുവേണ്ടിയാണോ?.. എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം. ആ ഒരു വിലയിരുത്തൽ വെച്ചുകൊണ്ട് എനിക്ക് ഒരു വിഷയത്തെപ്പറ്റി എന്തും പറയാം. ഞാന്‍ മതത്തിൽ നിന്ന് പുറത്ത് കടന്നപ്പോള്‍ത്തന്നെ എന്റെ നാവ് സ്വതന്ത്രമായിരുന്നു. കത്തോലിക്കസഭയില്‍ നിന്ന് പുറത്ത് കടന്നിട്ടും ദൈവവിശ്വാസത്തിൽ നിന്ന്പുറത്ത് കടക്കാൻ പിന്നെയും വര്‍ഷങ്ങൾ വേണ്ടി വന്നു. സഭയില്‍ നിന്ന് പുറത്ത് കടന്നപ്പോൾ തന്നെ എന്റെ മനസ്സ് ക്ലിയറായിക്കഴിഞ്ഞിരുന്നു. നമ്മളുടെ ഏറ്റവും പ്രധാനപ്പെട്ട ചങ്ങല മതം നമ്മെ അണിയിക്കുന്നതാണല്ലോ. ജനിക്കുന്ന ആ നിമിഷം തന്നെ അത് അണിയിക്കപ്പെടുന്നുണ്ട്.
അതുകഴിഞ്ഞാല്‍ വായനയാണ് എന്നെ ഇങ്ങനെയാക്കിയത്. ചരിത്രം വായിച്ചുവായിച്ചു വന്നപ്പോള്‍ മനസ്സിലായി മനോരമയും മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും ഒന്നും പറയുന്നതല്ല ചരിത്രം. അത് വേറൊന്നാണ്. എന്റെ സുഹൃത്ത് കെ.ജെ. അബ്രഹാം ഉണ്ടായിരുന്നു. അവറാച്ചനാണ് എന്നെയിങ്ങനെ ഒരു ചോദ്യം ചോദിക്കുന്ന ഒരു പ്രകൃതത്തിലേക്ക് തിരിച്ചത്. മതം, രാഷ്ട്രീയം – ഇവ രണ്ടിനെയും ചോദ്യം ചെയ്യുക. രാഷ്ട്രീയം – ഇന്ത്യയിലേയും ലോകത്തിലെയും. മതത്തെ അതിന്റെ എല്ലാ തലങ്ങളിലും. അത് പിന്നെ കഥകളിലൊക്കെ വന്നു. പിന്നീട് അടിയന്തരാവസ്ഥയ്ക്കു ശേഷം ദില്ലിയിലിരുന്ന് എന്റെ ആദ്യത്തെ പംക്തികള്‍ എഴുതാൻ തുടങ്ങിയപ്പോഴാണ് വ്യത്യസ്തമായ ഒരു രീതി എന്ന് ആളുകൾക്ക് തോന്നത്തക്കവിധം ഒരു പ്രത്യേകരീതിയിൽ കാര്യങ്ങൾ പറയാൻ എനിക്ക് കഴിയും എന്ന് ഞാൻ കണ്ടെത്തുന്നത്. പംക്തികള്‍ എഴുതാൻ തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി I am able to speak clearly and without mincing words. പിന്നെ ഏഷ്യാനെറ്റിനു വേണ്ടി തിരുവനന്തപുരത്ത് വന്നു താമസിക്കുകയും നാട്ടിലെ ചുറ്റിനടപ്പുകാരനാവുകയും പ്രസംഗിക്കാനൊക്കെ പോയിത്തുടങ്ങുകയും ചെയ്തപ്പോഴാണ് I found that I m able to speak more loudly to people. അത്രയേ ഉള്ളൂ ഇതിന്റെ കാര്യം. പിന്നെ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് ഒരുപൈസക്ക് വേണ്ടി പോലും കോണ്‍ഗ്രസ്സുകാരനോടോ കമ്മ്യൂണിസ്റ്റുകാരനോടോ മുഖ്യമന്ത്രിയോടോ കേന്ദ്രമന്ത്രിയോടോ എം.പിയോടോ എം.എല്‍.എയോടോ ഒരു കാരണവശാലും ഒരു ഫേവറിന് പോകുകയോ അവരുടെ കയ്യില്‍ നിന്ന് ഒരു ചായ പോലും വാങ്ങിച്ചു കഴിക്കുകയോ ചെയ്യരുത് എന്നുള്ളതാണ്. അവര്‍ നമ്മുടെ സുഹൃത്തുകൾ പോലും ആകാൻ പാടില്ല. അപ്പോള്‍ പരസ്പര മര്യാദയുടെ പേരില്‍ നമുക്കവരെ വിമര്‍ശിക്കാൻ പറ്റാതെ വരും. അത്രമാത്രം കടിച്ചു പിടിച്ചു ജീവിച്ചെങ്കിൽ മാത്രമേ കേരളത്തിലെ ഈ തേനീച്ചക്കൂടു പോലെയുള്ള സമൂഹത്തില്‍ ഇവരുടെ വലയത്തിൽ നിന്ന് പുറത്ത് നില്‍ക്കാൻ പറ്റൂ. ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയോടും അതിനകത്തെ so called leadership നോടും വിധേയത്വം പാടില്ല. Just hello മാത്രം. അങ്ങനെയൊക്കെ നിലകൊള്ളുകയാണെങ്കിൽ then you can still speak freely, except മീഡിയ. അത് സെന്‍സർ ചെയ്യാതിരിക്കുന്നിടത്തോളം നമ്മൾ സ്വതന്ത്രരാണ്. കേരളത്തിലെ ഏറ്റവും വലിയ ബൌദ്ധിക-ആശയ-സെന്‍സർഷിപ്പ് നടത്തുന്നത് മാധ്യമങ്ങൾ തന്നെയാണ്. അവരുടെ തിരസ്കരണത്തിന് വിധേയനാണ് ഓരോ ആശയസംവേദകനും.
വായനയിലൂടെ ലഭിച്ച ഭാഷയെ എഴുത്തിലൂടെ കയ്യടക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ആ കയ്യടക്കം എവിടെ വരെയായി എന്നാണു വിചാരിക്കുന്നത്?
എന്റെ അടിസ്ഥാന എഴുത്ത് മലയാളത്തിലാണ്. പിന്നെ ഇപ്പോള്‍ ഇംഗ്ലീഷിലും എഴുതുന്നു.ഇത് രണ്ടുമാണ് എന്റെ ഭാഷ. I treat English as my language. ഇംഗ്ലീഷ് സാഹിത്യം പഠിച്ചതു കൊണ്ടല്ല; it is a language I love. എന്റെ രൂപീകരണം നടന്നത് മലയാളത്തിലും പിന്നീടുള്ള വികാസം നടന്നത് ഇംഗ്ലീഷിലുമാണ്. ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി ഫിക്ഷൻ എഴുത്ത് തീരെ ഇല്ല. അപ്പോള്‍ ഇനി മലയാളത്തിൽ എനിക്ക് പുത്തനായിട്ടൊരു തുടക്കം വേണ്ടതുണ്ട്. പുതിയൊരു കഥയെഴുതുകയോ, നോവലെഴുതുകയോ അല്ല. I’ve to redevise the entire thing. പുതിയൊരു തുടക്കം. അതെങ്ങനെയാണ് ചെയ്യേണ്ടതെന്നൊന്നും എനിക്കൊരു വ്യക്തതയില്ല. ഭാഷയാണോ ഉള്ളടക്കമാണോ ക്രാഫ്റ്റ് ആണോ ഇഷ്യു എന്നൊന്നും തീര്‍ച്ചയില്ല. കാരണം വളരെയധികം പുതിയ നല്ല എഴുത്തുകാര്‍ മലയാളത്തിൽ വന്നുകഴിഞ്ഞു. മീര, സുഭാഷ് ചന്ദ്രന്‍, ഉണ്ണി.ആര്‍, സന്തോഷ്കുമാര്‍ ഇങ്ങനെ എത്രയോപേര്‍. ഫിക്ഷനില്‍ മാത്രമല്ല കവിതയിലും മറ്റിടങ്ങളിലും ഒക്കെ. പുതിയ brilliant voicesവന്നിട്ടുണ്ട് അങ്ങനെയാവുമ്പോൾ അൻപത് വർഷത്തിലധികമായി എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് ഞാൻ എവിടെയാണു fit ആവുന്നത് എന്നുള്ളതാണ് പ്രശ്നം .അത് ആലോചിച്ചു കണ്ടുപിടിച്ച് മിടുക്കായിട്ടു ചെയ്‌താൽ നല്ല കാര്യം. ഇല്ലെങ്കില്‍ പോയി.
രാഷ്ട്രീയസാമൂഹ്യസമകാലികപ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നത് കൊണ്ടാണോ എഴുത്തിൽ ഇങ്ങനെയൊരു ഇടവേള വന്നത്?
അങ്ങനെ ഉണ്ടായിട്ടുണ്ട്. അത് എന്റെ വളര്‍ച്ചക്ക് ഉപകാരവുമായിരുന്നു. അഞ്ചാറു കൊല്ലമായി ഞാനൊരു ഇംഗ്ലീഷ് നോവലില്‍ പണിയെടുക്കുകയായിരുന്നു. അതിപ്പോള്‍ തീര്‍ന്നുകഴിഞ്ഞു. ഇനിയും ചെറുകഥകള്‍ എഴുതി സമയം കളയാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഞാനിതുവരെ നോവല്‍ എഴുതിയിട്ടില്ല. നോവല്‍ എന്നും പറഞ്ഞ് വന്നിട്ടുള്ളതെല്ലാം നീണ്ട കഥകളാണു. ഇനി നോവൽ എഴുതാൻ ശ്രമിക്കണം.
ഹൃദയം കൊണ്ട് ഇടതുപക്ഷമായ സക്കറിയക്ക് ഇപ്പോള്‍ ഇടതു പക്ഷത്തെ ക്കുറിച്ചുള്ള ആശങ്ക / പ്രതീക്ഷ എന്താണ് ?
അതൊരു വലിയ പ്രശ്നം ആണ്. ഇപ്പോഴത്തെ ഇടതുപക്ഷം എന്നത് ഇംഗ്ലീഷില്‍ lumpen എന്ന് വിളിക്കുന്ന തരമാണ്. ഇപ്പോഴത്തെ ഇടതുപക്ഷം എന്നത് ഇംഗ്ലീഷില്‍ lumpen എന്ന് വിളിക്കുന്ന തരമാണ്. lumpen എന്നുവെച്ചാല്‍ പ്രാകൃതന്‍…അല്ല..ബുദ്ധിശൂന്യന്‍ …. അതുമല്ല; മൂല്യരാഹിത്യവും അതിനോടനുബന്ധിച്ച മര്‍ക്കടമുഷ്ടിയും അക്രമാസക്തിയും പ്രദര്‍ശിപ്പിക്കുന്ന കിരാതഹൃദയൻ എന്ന് വിളിക്കാം. അത്തരം ആളുകളാണ് ഇപ്പോള്‍ ഇടതുപക്ഷത്തെ ഡോമിനേറ്റ് ചെയ്യുന്നത്. എല്ലാവരും അങ്ങനെയാണ് എന്ന് ഞാന്‍ പറയുന്നില്ല. അവര്‍ക്കുള്ള പ്രശ്നം എന്താണെന്നുവെച്ചാൽ 57-ല്‍ അധികാരത്തില്‍ വന്നപ്പോൾ അവര്‍ക്ക് ജനങ്ങളോട് കൂറുണ്ടായിരുന്നു. അധികാരം രുചിച്ചുകഴിഞ്ഞ് അതിന്റെ സ്വാദ് പിടിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ആ കൂറ് നഷ്ടപ്പെട്ടു. അത് അവരുടെ മാത്രം കഥയല്ല; കോൺഗ്രസ്സിന്റേയും മറ്റു പാര്‍ട്ടികളുടേയുമാണ്. ജനങ്ങളോടുള്ള കൂറ് അപ്രത്യക്ഷമായപ്പോള്‍ കമ്യൂണിസ്റ്റുകാരനും സി.പി.എം കാരനും, സി.പി.ഐക്കാരനും എല്ലാം അവനവനോടും, അവന്റെ അണികളോടും, അവന് വോട്ടു നേടിത്തരാന്‍ സഹായിക്കുന്ന മറ്റു വ്യവസ്ഥിതികളോടും മാത്രമായി കൂറ്. മറുവശത്ത്, മനുഷ്യനെ അവനെന്താണോ അതിലും കുറച്ചു കൂടി മെച്ചപ്പെടുത്തുന്ന സ്വതന്ത്രമായ ചിന്താപദ്ധതികളെ intellectual and aesthetic life കഥയിലും, നോവലിലും, കലകളിലും എല്ലാം ഉള്ളവ – അതിനെയെല്ലാം ഇവർ ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞു. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന അത്രയുംമതി കഥയും നോവലും കലകളും ഒക്കെ എന്നുള്ള രീതി വന്നു. They ejected themselves from the intellectual world. മറുവശത്ത് അവരില്‍ നിന്ന് intellectual world നെ പുറത്താക്കുകയും ചെയ്തു.അങ്ങനെ വന്നു കഴിഞ്ഞപ്പോള്‍ പാര്‍ട്ടിക്കുള്ളിൽ ഉണ്ടായിരുന്ന, അതിനു വളരാനുള്ള എല്ലാ raw material ഉം പുറത്തുപോയി. എല്ലാത്തിനും കൂടിയുള്ള ഒരേയൊരു raw material അധികാരം എന്ന നിലയിലേക്ക് വന്നു. അത്തരം ഒരു പാര്‍ട്ടിയെ നമുക്ക് അമ്പിനും വില്ലിനും വിശ്വസിച്ചു കൂടാ. പക്ഷെ നമുക്ക് കേരളത്തില്‍ ഇപ്പോൾ വേറെ ബദൽ ഇല്ല. അതുകൊണ്ട് ആവശ്യം വന്നാല്‍ അങ്ങനെയൊരു ദയനീയമായ സംഗതിയെ വീണ്ടും ആലിംഗനം ചെയ്യാന്‍ നമ്മൾ തയ്യാറായി ഇരിക്കണം.
ഏഷ്യാനെറ്റ് ചാനല്‍ തുടങ്ങിയ സമയത്ത് സെക്കുലർ ഡെമോക്രാറ്റിക് left of centre എന്ന നിലപാടുള്ള ഒരു കൂട്ടം ഉണ്ടായിരുന്നല്ലോ. ആ കൂട്ടത്തിനു പിന്നീടെന്തു സംഭവിച്ചു?
ഞങ്ങള്‍ പരാജയപ്പെട്ടു പിന്‍വാങ്ങിയല്ലോ. ഞങ്ങളുടെ ലീഡര്‍ ശശികുമാർ ആയിരുന്നു. ഒരു പ്രത്യേക പോയിന്റില്‍ അതിന്റെ കോര്‍പ്പറേറ്റ് ലെവലിൽ ഉണ്ടായ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായിട്ട് ശശികുമാര്‍ പിന്‍വാങ്ങിയ കൂട്ടത്തിൽ ആ കൂട്ടായ്മയിൽ നിന്ന് ഞാനടക്കം പലരും പിന്‍വാങ്ങി. ശശിയുടെ ലീഡര്‍ഷിപിൽ ഞങ്ങള്‍ റിക്രൂട്ട് ചെയ്തവരെല്ലാം സെക്യുലർ ഡെമോക്രാറ്റിക് മൂല്യങ്ങൾ പിന്‍തുടരുന്നവർ തന്നെയായിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ഞങ്ങള്‍ തുടങ്ങിയത് അത്തരത്തിലുള്ള ആളുകളെ വെച്ചിട്ടായിരുന്നു. പക്ഷെ ശശികുമാറിനു കമ്പനി ഉപേക്ഷിച്ച് പുറത്തേക്ക് പോകേണ്ടി വന്നു. അങ്ങനെ ഞങ്ങളും. ആ കൂട്ടായ്മ അങ്ങനെ പിരിഞ്ഞു പോയി.
കേരളത്തിലെ പ്രേക്ഷകര്‍ വാര്‍ത്തകളെ ഇപ്പോൾ ഒരു വിനോദ പരിപാടിയായിട്ട് കാണുന്ന ഒരു സാഹചര്യമാണുള്ളത്. കേരളീയ മാധ്യമങ്ങളുടെ ഈ പരിണാമത്തെക്കുറിച്ച് എന്തു പറയാനുണ്ട് ?
അതൊരു ഭീകരമായ പരിണാമമാണ്. അത് അങ്ങനെയായിട്ട് കുറെ നാളായല്ലോ. ഇപ്പോഴത് കൂടുതലാണ്. ചാനലുകള്‍ മാത്രമല്ല. പത്രങ്ങള്‍ ആണിതിന് തുടക്കം കുറിച്ചത്. അവയെ പിന്‍തുടര്‍ന്ന്‍ ചാനലുകളും ഈ വഴിയിലേക്ക് വന്നു. പിന്നെ ചാനലുകള്‍ പത്രങ്ങളെ കവച്ചുവെച്ച് നുണപറച്ചിലിലേക്കും സെന്‍സേഷണലിസത്തിലേക്കും മാറിപ്പോയി. രാഷ്ട്രീയക്കാരെപ്പോലെ മലയാളികളോട് കൂറില്ലാത്ത മറ്റൊരു പ്രസ്ഥാനമാണ് മലയാളമാധ്യമങ്ങൾ രാഷ്ട്രീയക്കാരെപ്പോലെ മലയാളികളോട് കൂറില്ലാത്ത മറ്റൊരു പ്രസ്ഥാനമാണ് മലയാളമാധ്യമങ്ങൾ. അവർ അവർക്കായിട്ട് മാത്രമാണു നിലനിൽക്കുന്നത്. മലയാളികളുടെ യഥാര്‍ത്ഥതാല്‍പ്പര്യങ്ങൾ മലയാളികളോട് പറഞ്ഞു കൊടുക്കാനോ ആ താല്‍പ്പര്യങ്ങളുടെ നേരെ മലയാളിയെ നയിക്കാനോ ശ്രമിക്കാതെ, പുകമറകള്‍ സൃഷ്ടിച്ച് അവരവര്‍ക്കു വേണ്ടിയും, അവര്‍ തുണക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കു വേണ്ടിയും പ്രകടനങ്ങള്‍ നടത്തുകയും കഥകൾ സൃഷ്ടിക്കുകയുമൊക്കെയാണ് ചാനലുകൾ ഇപ്പോൾ ചെയ്യുന്നത്. അതിന്റെ കൂടെ ശരീരങ്ങളുടെ വില്പനയും. സരിതയുടെ ശരീരം അല്ലെങ്കില്‍ x,y z എന്ന മറ്റു സ്ത്രീകളുടെ ശരീരം. എന്നിട്ടവര്‍ ലാഭത്തിന്റെ മാര്‍ജിനുകൾ വര്‍ധിപ്പിക്കുന്നു. ആള്‍ദൈവങ്ങളെ വളര്‍ത്തുന്നതും ഇവരാണ്. ഇപ്പോള്‍ കേരളത്തിലെ ഏറ്റവും പ്രശസ്തയായ ആള്‍ദൈവം മാധ്യമസൃഷ്ടിയാണ്. അതുപോലെ കേരളത്തിലെ ഏറ്റവും പേരുകേട്ട പെണ്ണുത്സവവും മാധ്യമസൃഷ്ടിയാണ്. ഇതൊരു വസ്തുതയാണ്. പക്ഷെ മലയാളികള്‍ നിര്‍ഭാഗ്യവശാൽ ശുദ്ധഗതിക്കാരാണ്. അക്ഷരങ്ങളുടെയും എഴുത്തിന്റെയും കാര്യത്തിൽ അവ എഴുത്തുകാരനെ, പത്രത്തെ, ചാനലിനെ – വിശ്വസിക്കുന്നു. ഒരു ശരാശരി മനുഷ്യന് വരികള്‍ക്കിടയിൽ വായിക്കാൻ അറിഞ്ഞുകൂടാ. അത്രയും ഇന്‍ഫോര്‍മേഷൻ അയാളുടെ കയ്യിൽ ഇല്ല. അത്തരം ആള്‍ക്കാർ ഇതെല്ലാം കണ്ടു വിശ്വസിക്കുന്നു. കേരളത്തിലെ മൂന്നേകാൽ കോടി മലയാളികളുടെ യഥാര്‍ത്ഥതാല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന ഡിസ്കോഴ്സുകൾ എന്തായിരിക്കണമോ അതിനെയെല്ലാം ചവിട്ടി ദൂരെയെറിഞ്ഞു കൊണ്ട് ഈ പത്രങ്ങളും ചാനലുകളും കൂടിച്ചേര്‍ന്ന് എല്ലാ ദിവസവും മലയാളിക്ക് വ്യാജഡിസ്കോഴ്സുകള്‍ കാഴ്ച വെക്കുകയാണ് ചെയ്യുന്നത്. മലയാളി അതില്‍ വിശ്വസിച്ച് വശാകുകയും ചെയ്യുന്നു. കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാവുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളെക്കൊണ്ടോ ആള്‍ദൈവങ്ങളെക്കൊണ്ടോ ഒന്നുമല്ല. മാധ്യമങ്ങള്‍ ഇത്തരത്തിൽ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നിടത്തോളം കാലം നമുക്ക് ഒരു ഭാവിയില്ല.
പഴയ കമ്മ്യൂണിസ്റ്റുകാരും ശ്രീനാരായണഗുരുവുമൊക്കെ കേരളത്തിൽ നിന്നും വലിച്ചെറിഞ്ഞുകളഞ്ഞ ചീഞ്ഞ ചിന്തകൾ വീണ്ടും കേരളത്തെ പൊതിയുകയാണ്. ഇതിനൊക്കെ എതിരെ എഴുത്തുകാരുടെ ഒരു കൂട്ടായ്മയെപ്പറ്റി എന്തു കൊണ്ടാലോചിച്ചു കൂടാ? മുന്‍ കയ്യെടുത്തുകൂടാ?
എഴുത്തുകാര്‍ക്കു മാത്രമല്ല അത്തരം മൂല്യങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്കെല്ലാം അത് ചെയ്യാവുന്നതാണ്. അങ്ങനെ പലതവണ ഇവിടെ അത്തരം മുന്നേറ്റങ്ങൾ ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കു ശേഷം പല ഗ്രൂപ്പുകൾ അങ്ങനെ വന്നിട്ടുണ്ട്. ഇനിയും വന്നേക്കാം. പക്ഷെ അത്തരം ഗ്രൂപ്പുകള്‍ ഒരു സംഘടനയായിട്ട് പ്രവര്‍ത്തിക്കുക ഉചിതമാവില്ല. ഇന്നിപ്പോള്‍ ഒരു ഇഷ്യൂ വന്നാല്‍ ഒരു പത്രക്കുറിപ്പെഴുതി അതിനടിയിൽ ഒപ്പ് വെക്കാൻ ഒരു ഇരുപത്തിയഞ്ചുമുപ്പതു എഴുത്തുകാരെയെങ്കിലും കിട്ടും. വളരെ പ്രധാന ഇഷ്യൂ ആയാൽ പോലും എനിക്ക് ഒപ്പ് തരാൻ പറ്റില്ല എന്ന് പറയുന്ന സാഹിത്യകാരന്മാരും ഇവിടെയുണ്ട് എന്നത് മറ്റൊരു കാര്യം. പക്ഷെ ഫലം ചെയ്യുന്നത് അസംഘടിതമായ ഒരു ലൂസ് ഗ്രൂപ്പാണ്. ഒരു മനുഷ്യാവകാശലംഘനം അല്ലെങ്കില്‍ സെകുലര്‍ ഡെമോക്രാറ്റിക് ഇഷ്യു വരുമ്പോൾ പെട്ടെന്ന്‍ ആ ലൂസ് ഗ്രൂപ്പ് ഒന്നിച്ചു ചേര്‍ന്ന് അതിനെപ്പറ്റി പ്രതികരിക്കുകയും അതിന്റെ signatories ആവുകയും ചെയ്യാറുണ്ട്. പക്ഷെ പ്രസ്താവന ഇറക്കിയാലും പ്രമുഖ പത്രങ്ങള്‍ ചിലപ്പോൾ അത് കൊടുക്കുക പോലുമില്ല. കാരണം അത് അവരുടെ താല്പര്യങ്ങള്‍ക്ക് എതിരായിരിക്കും.ഉദാഹരണത്തിന് അമൃതാനന്ദമയിയെ വിമര്‍ശിക്കുന്ന ഒരു പ്രസ്താവന, കേരളത്തിലെ ഒരു പത്രവും ഒരു ചാനലും കണ്ടതായി നടിക്കാറില്ല. എഴുത്തുകാര്‍ക്ക് ഒരു സംഘടന ഉണ്ടാക്കുക എന്നത് സംഘടനാവല്‍ക്കരണത്തിലേക്ക് നയിക്കുക മാത്രമേ ചെയ്യൂ. പക്ഷെ ഓരോ എഴുത്തുകാരനും അവന്റെ ഉള്ളില്‍ ഈ മൂല്യങ്ങളുമായി സംഘടിതനായിരിക്കണം. അങ്ങനെയാവുമ്പോള്‍ അവൻ എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും സ്വകാര്യസംഭാഷണങ്ങളിലും എവിടെയെങ്കിലും ഒരിടത്ത് അത് സ്പര്‍ശിച്ചു പോകാൻ പറ്റും. ഇപ്പോള്‍ നടക്കുന്ന ജെ.എന്‍.യു സംഭവത്തിലും സമാനമനസ്കരായ എഴുത്തുകാരും മറ്റു സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന്‍ ഒരു മാര്‍ച്ചോ മറ്റു പരിപാടികളോ സംഘടിപ്പിക്കേണ്ടതാണ്.
മലയാളിയുടെ രണ്ടു പ്രധാന മനോരോഗങ്ങളാണ് രാഷ്ട്രീയമനോവൈകൃതവും ലൈംഗികമനോവൈകൃതവും. ഇതിനെക്കുറിച്ച് ?
ഒരു അഗാധമായ ഗര്‍ത്തത്തിലാണിപ്പോൾ നമ്മൾ കിടക്കുന്നത്. ഇത് മതങ്ങളുടെ പരിശീലനം കൊണ്ടാണ് സംഭവിക്കുന്നത്. ലൈംഗിക മനോരോഗം എന്നത് പുരുഷന്‍ സ്ത്രീയ്ക്കു നേരെ, സ്ത്രീയെത്തന്നെ ലക്ഷ്യമാക്കി പ്രാപിക്കുന്ന ഒരു പ്രാകൃതാവസ്ഥയാണ്. ഇത് പുരുഷമേധാവിത്വത്തിന്റെ അടിസ്ഥാന ലക്ഷണങ്ങളില്‍ ഒന്നാണ്. അതിന്റെ വേരുകള്‍ തപ്പിച്ചെന്നാല്‍ എനിക്ക് മനസ്സിലായിടത്തോളം, ആ പരിശീലനം അവനു കിട്ടുന്നത് മതത്തില്‍ നിന്നാണ്. പ്രത്യേകിച്ച് ക്രിസ്തുമതവും ഇസ്ലാംമതവും. ഈ മതങ്ങളുടെ സ്വാധീനത്തില്‍ മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും എന്നു പറഞ്ഞതു പോലെ ആ തരത്തില്‍ അല്ലാതിരുന്ന ഹിന്ദു മതവും അത് inherit ചെയ്തു. പാപബോധവും പുരുഷമേധാവിത്വവും സെമിറ്റിക് മതങ്ങളുടെ പ്രത്യേകതകളാണ്. യഥാര്‍ത്ഥത്തിൽ അതിൽ നിന്നും ഈ മനോവൈകൃതം ഇവിടെ ഉണ്ടാവേണ്ട കാര്യമില്ലായിരുന്നു. വാസ്തവത്തില്‍ ഇത്തരം മനോരോഗം എല്ലാ സമൂഹത്തിലും എല്ലാ പുരുഷന്മാരിലും ഉണ്ടായിരുന്നു. യൂറോപ്പിലും അമേരിക്കയിലും ഇംഗ്ലണ്ടിലും ഒക്കെ സ്ത്രീകള്‍ക്കെതിരെ പുരുഷന്മാരുടെ ഈ പ്രശ്നം ഉണ്ടായിരുന്നതാണ്. പക്ഷെ അതതു സമൂഹങ്ങളിൽ enlightenment വന്നു, ആധുനികത പ്രവേശിച്ചു. അതൊക്കെ വന്നുകഴിഞ്ഞപ്പോള്‍ ഫ്രോയിഡിനേപ്പോലെയും യുങ്ങിനെപ്പോലെയുമുള്ള ആളുകൾ ഇതിനെപ്പറ്റി സംസാരിച്ചു. മറ്റു ഫിലോസഫേഴ്സ് ഇതിനെയൊക്കെ അനലൈസ് ചെയ്തു. അപ്പോള്‍ അവിടത്തെ വിദ്യാഭ്യാസപദ്ധതികളില്‍ നിന്നും മതം പിറകോട്ടു പോയി. വിദ്യാഭ്യാസം ശാസ്ത്രീയവും സെക്യുലറുമായിമാറി. അങ്ങനെ വന്നുകഴിഞ്ഞപ്പോള്‍ അവിടെ അവർ ചെയ്തത് ചെറുപ്പം തൊട്ടേ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഈ പറഞ്ഞ വിഭ്രാന്തികളിൽ നിന്ന് മോചിപ്പിക്കാനുതകുന്ന ഒരുപാഠ്യപദ്ധതി; സെക്സ് എഡ്യുക്കേഷന്‍ എന്നൊന്നും അവരതിനെ വിളിച്ചില്ല. പക്ഷെ സെക്സിനെ ഒരു ടാബൂ ആയിട്ടും ഒരു വികൃതവസ്തു ആയിട്ടും, സ്ത്രീയെ നമ്മള്‍ ആക്രമിച്ച് പിടിച്ചെടുക്കേണ്ട ഒരു ക്രീച്ചര്‍ ആയിട്ടും കാണുന്ന ആ കാഴ്ചപ്പാടും അതിനെ സംബന്ധിച്ച വൈകൃതങ്ങളും നിഗൂഡതകളും എല്ലാം ആ പാഠ്യപദ്ധതികള്‍ ഉപയോഗിച്ച് അവർ എടുത്തുകളഞ്ഞു. വിദ്യാഭ്യാസം ആണ് അവരെ enlightened ആക്കിയത്. അല്ലാതെ ഇംഗ്ലണ്ടിലെയും മറ്റിടങ്ങളിലെയും പുരുഷന്മാര്‍ മലയാളി പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തരൊന്നും അല്ല. അവരും തരം കിട്ടിയാല്‍ സ്ത്രീയെ കൈയ്യേറ്റം ചെയ്താലെന്ത് എന്നു ചിന്തിക്കുന്നവര്‍ തന്നെയാണ്. പക്ഷെ അങ്ങനെയൊരു ചിന്ത ഉയരാത്ത വിധം അവരെ ചെറുപ്പം തൊട്ടേ പരിശീലിപ്പിച്ചെടുത്തു. അതാണ് വ്യത്യാസം. അത് കേരളത്തിൽ നടക്കുന്നേയില്ല. ഒരിക്കലും നടന്നിട്ടില്ല. ലൈംഗിക വൈകൃതത്തിന്റെ മനശ്ശാസ്ത്രം education-ന്റെ ലെവലില്‍ത്തന്നെ എടുത്തുകളയണം അല്ലാതെ മാറില്ല. പക്ഷേ അതിന് അദ്ധ്യാപകസംഘടനകള്‍ പോലും എതിരാണ്.
പൊളിറ്റിക്സിന്റെ കാര്യം, പറഞ്ഞിട്ട് കാര്യമില്ലാത്ത സംഗതിയാണ്.
മലയാളി മതതീവ്രതയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണല്ലോ. എന്താവാം അതിന്റെ കാരണം? സാമ്പത്തികവും ഭൌതികവുമായ സുരക്ഷാബോധം നഷ്ടപ്പെട്ടതുകൊണ്ടാണോ അതോ, വിശ്വസിക്കുന്നവര്‍ എല്ലാം ചതിക്കുന്നു എന്ന തിരിച്ചറിവാണോ?
എനിക്ക് തോന്നുന്നത് മതതീവ്രത ഉണ്ടാവുന്നത് 100% insecurity യില്‍ നിന്ന് തന്നെയാണ്. മലയാളി അമ്പലത്തില്‍ പോകുന്നതും പള്ളിയിl പോകുന്നതുമെല്ലാം അവന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയാണ്. അങ്ങനെ സംഭവിക്കുന്നത് അവന്റെ പ്രശ്നപരിഹാരത്തിനായി നിയോഗിച്ച രാഷ്ട്രീയക്കാര്‍ എന്ന് പറയുന്ന ജീവികൾ അത് ചെയ്യാത്തതുകൊണ്ടു തന്നെയാണ്. നമുക്ക് വേണ്ടി ഭരിക്കാന്‍ നിയോഗിച്ചിരിക്കുന്ന അവർ പ്രശ്നങ്ങൾ പരിഹരിക്കാതിരിക്കുക മാത്രമല്ല കൂടുതല്‍ പ്രശ്നങ്ങൾ നമ്മുടെ തലയിലേക്ക് ഇട്ടു തരികയാണ് ചെയ്യുന്നത്. ഇങ്ങനെ വന്നപ്പോള്‍ ശരാശരി മലയാളി അടുത്ത സൊലൂഷന്‍ തേടി പോകുകയാണ് ചെയ്തത്. മുക്കിനും മൂലക്കും പതുങ്ങിയിരിക്കുന്ന ദൈവങ്ങളുടെ മുന്നില്‍ പോയി വണങ്ങി, കയ്യിലിരിക്കുന്ന കാശും കൊടുത്ത് പുരോഹിതനേയും മുത്തി, കെട്ടിപ്പിടിച്ച് അങ്ങനെ നടക്കുന്നു. അവന്റെ ഈ അവസ്ഥ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ആള്‍ദൈവങ്ങളും എല്ലാ മതങ്ങളുടെയും പ്രചാരകരും കൂടി ഇവനെ പിടിച്ചെടുത്തു. മലയാളിയുടേത് ഒരു terrible situation ആണ്. അവന് എങ്ങും പോകാന്‍ ഇടമില്ല. അവന്റെ ജീവിതം കുളമായി. അവന്‍ ദൈവങ്ങളുടെ ഇരയായിത്തീര്‍ന്നു. അത് ഇനിയും ഒന്നിനൊന്ന് വര്‍ദ്ധിച്ചു വരികയേ ഉള്ളൂ. ഫലം കിട്ടുന്നുണ്ടോ എന്നൊന്നും ആരും നോക്കുന്നില്ല. എല്ലാ പ്രശ്നങ്ങളും ഒന്നുകില്‍ കുറച്ചു കഴിയുമ്പോള്‍ തനിയെ പരിഹരിക്കപ്പെടും അല്ലെങ്കിൽ അങ്ങനെയൊന്നു ഉണ്ടായിരുന്നതായി അവന്‍ മറന്നു പോകും.രണ്ടായാലും ദൈവമാണ് ഇത് ചെയ്തതെന്ന് അവന്‍ പറയും.
കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പല രാഷ്ട്രീയപ്പാര്‍ട്ടികളുടെ യാത്രകളെ പ്പറ്റി ?
അതില്‍ അണികളെ ചൂടാക്കുക എന്നതില്‍ക്കവിഞ്ഞ് ഒന്നുമില്ല. They are presenting themselves. കല്യാണത്തിനു ചെറുക്കന്‍ കുതിരപ്പുറത്ത് വരുന്നു എന്ന് പറഞ്ഞതുപോലെയുള്ള ഒരു സംഭവമാണ് അത്. ഞാനുണ്ട് എന്ന് സ്വയം പ്രദര്‍ശിപ്പിക്കുക. അതുകൊണ്ട് വോട്ട് കിട്ടും എന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ അതിനു സാധ്യതയില്ല. ഇതില്‍ പങ്കെടുക്കുന്നവരെല്ലാം അണികൾ തന്നെയാണ്. അപ്പോള്‍ അത് വേറെ വോട്ട് കിട്ടാനുള്ള മാര്‍ഗ്ഗമല്ല. തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു കര്‍ട്ടൻ റെയിസർ പോലെ. കേരളത്തെ രക്ഷിക്കണമെന്ന് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമേ അവര്‍ക്ക് തോന്നുന്നുള്ളൂ. ആരില്‍ നിന്നാണ് രക്ഷിക്കേണ്ടത്? ഇവരില്‍ നിന്നൊക്കെത്തന്നെ. പിന്നെ ഒരു സംഗതിയുണ്ട്. അതിന്റെ പേരില്‍ പിരിക്കപ്പെടുന്ന വമ്പിച്ച തുകകള്‍. അതിന്റെ ഭൂരിഭാഗവും അവര്‍ തന്നെ വിഴുങ്ങുന്നു. അങ്ങനെയൊരു സാമ്പത്തിക വശം കൂടിയുണ്ട് അതിന്.
മലയാളിയുടെ രാഷ്ട്രീയ ആദര്‍ശബോധത്തെക്കുറിച്ച് ?
ഇല്ല. അവരത് പണയം വെച്ചുപോയി. ചിതല് തിന്നു പോയി, കാലഹരണപ്പെട്ടും പോയി. ഈ രാഷ്ട്രീയപ്പാര്‍ട്ടികൾ കഴിഞ്ഞ അമ്പത് കൊല്ലമായി മലയാളിയുടെ തലച്ചോറിൽ നടത്തിയ പിടിമുറുക്കത്തില്‍ അവര്‍ക്ക് സ്വയം ഒരു രാഷ്ട്രീയബോധം ഇല്ലാതെയായി. അച്യുതാനന്ദന്‍, പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി, കെഎം.മാണി, കുഞ്ഞാലിക്കുട്ടി എന്നിങ്ങനെയൊക്കെയാണ് മലയാളിയുടെ ചിന്ത പോകുന്നത്. അവരാണെങ്കില്‍ അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ സില്‍ബന്ധികള്‍ക്കും വേണ്ടിയാണ് ചിന്തിക്കുന്നത്. മലയാളി കിലുക്കിക്കുത്തിലെന്ന പോലെ അവരുടെ ജീവിതം കൊണ്ടുപോയി തെറ്റായ പടത്തിലാണ് വെച്ചിരിക്കുന്നത്, and he has been cheated. അതൊന്നും അവരുടെ തലയില്‍ കയറുന്നില്ല. അവര്‍ക്കിപ്പോഴും മനസ്സിലായിട്ടില്ല താനാണ് മേലാളന്‍ എന്നും ഈ രാഷ്ട്രീയപ്പാര്‍ട്ടിക്കാരെല്ലാം കീഴാളന്‍മാരാണ്, തന്റെ സേവകന്മാരാണ് എന്നും. എത്ര പറഞ്ഞാലും മലയാളിക്കത് മനസ്സിലാവില്ല. ഒരു മന്ത്രിയെ കണ്ടാലുടനെ ചാടിയെണീറ്റ് വണങ്ങി കാലിൽ പിടിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തനങ്ങൾ നടത്തി ഈ മന്ത്രിമാര്‍ കൊടുക്കുന്നതിനേക്കാളെത്രയോ കൂടുതല്‍ പേര്‍ക്ക് ജോലി കൊടുത്തു കൊണ്ടിരിക്കുന്ന വലിയ ധനികര്‍, കോടീശ്വരന്‍മാര്‍ പോലും ഒരു മന്ത്രി, ഒന്നുമല്ലാത്ത ഒരു ജീവി കടന്നുവരുമ്പോള്‍ വാലാട്ടി നില്‍ക്കുന്നത് കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടു പോകും. അത്രമാത്രം വിഷം മലയാളിയുടെ തലയില്‍ കയറിയിരിക്കുന്നു.ഇതാണ് അവസ്ഥ. അപ്പോള്‍ നമ്മൾ നമ്മളെ പണയം വെക്കുക പോലുമല്ല ചെയ്തിരിക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികൾ മലയാളികളുടെ തലച്ചോർ കവര്‍ന്നെടുത്തിട്ട് അതിന്റെ സ്ഥാനത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടിയുള്ള വണങ്ങലിന്റെയും വാഴ്ത്തലിന്റെയും, അവയിലുള്ള അന്ധവിശ്വാസത്തിന്റെയും മനശാസ്ത്രം അവിടെ വെച്ചു പിടിപ്പിച്ചിരിക്കുകയാണ്. ആ അന്ധവിശ്വാസം വെച്ചുപിടിപ്പിക്കാന്‍ കൂടെ നില്‍ക്കുന്നത് മാധ്യമങ്ങളാണ്. അവര്‍ ജനങ്ങള്‍ക്ക്, രാഷ്ട്രീയപാര്‍ട്ടികളും ഭരണകര്‍ത്താക്കളുമാണ് നിങ്ങളെക്കാൾ വലിയവർ എന്ന തെറ്റായ സന്ദേശം കൊടുക്കുകയും അതിനു വേണ്ടിയുള്ള വിഗ്രഹനിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നും രക്ഷയൊന്നും കാണുന്നില്ല. ഒരു പക്ഷെ മാധ്യമങ്ങള്‍ക്ക് ഇത് തിരുത്താൻ പറ്റും. അവര്‍ ഈ വിഗ്രഹനിര്‍മ്മാണം മാറ്റി വെച്ചിട്ട് സത്യസന്ധമായ വാര്‍ത്തകൾ നല്‍കുകയും ഈ വ്യാജമനുഷ്യരെ വലിയവരാക്കിത്തീര്‍ക്കാനുള്ള ശ്രമം അവരുടെ വാര്‍ത്താപദ്ധതിയിൽ നിന്ന് മാറ്റിവെക്കുകയും ചെയ്‌താൽ അവര്‍ക്കതിന് കഴിയും. എന്നാല്‍ അവരത് ചെയ്യില്ല. കാരണം അവര്‍ക്ക് മലയാളികളോട് കൂറില്ല
മലയാളിയുടെ ബേസിക് പോളിറ്റിക്കല്‍ psych ലെഫ്റ്റ് ആണെന്നു പറയാറുണ്ട്. ഇപ്പോളത് മാറിക്കൊണ്ടിരിക്കുന്നുണ്ടോ?
മലയാളിയുടെ പൊളിറ്റിക്കല്‍ psych ലെഫ്റ്റ് ആയത് നവോത്ഥാനകാലത്താണ്. മലയാളികള്‍ക്കുണ്ടായ ഏറ്റവും വലിയ പ്രോഗ്രസീവ് മൂവ്മെന്റും ഏറ്റവും വലിയ കണ്ണുതുറക്കൽ പ്രസ്ഥാനവുമായിരുന്നല്ലോ അത്. അതിനെ നയിച്ചത് ഇടതുചിന്തയാണു. ശ്രീനാരായാണഗുരു ഒരു ഇടതുപക്ഷക്കാരനായിരുന്നു നാരായണഗുരു ഇടതുപക്ഷമെന്താണെന്നും കമ്മ്യൂണിസം എന്താണെന്നും ഒന്നും ചിന്തിചിരുന്നില്ലെങ്കിലും അദ്ദേഹം അല്ലാതെതന്നെ ഒരു ലെഫ്റ്റിസ്റ്റായിരുന്നു. ഇടതുപക്ഷത്തു നിന്നാണു അദ്ദേഹം പറഞ്ഞ ഓരോ വാക്കും. അവിടെ തുടങ്ങി അയ്യങ്കാളി തുടങ്ങിയവരെല്ലാവരും ഇടതുപക്ഷമെന്നോ കമ്മ്യൂണിസമെന്നോ ഉള്ള വാക്കുപയോഗിക്കാതെ ഇടതുപക്ഷത്തു തന്നെ ഉള്ളവരായിരുന്നു. അപ്പോള്‍ ആ രീതിയിൽ നമ്മുടെ നവോത്ഥാനം തന്നെ ഇടതുപക്ഷ പ്രേരണ കൊണ്ട് ഉണ്ടായതായിരുന്നു. അത് പിന്നീട് പൊളിറ്റിക്കല്‍ മൂവ്മെന്റ് ആയിട്ട് മാറുകയായിരുന്നു. തകഴി, വയലാര്‍, ഒ. എന്‍.വി, പൊന്‍കുന്നം വര്‍ക്കി, ബഷീര്‍ തുടങ്ങിയ നവോത്ഥാനകലാകാരന്മാരെല്ലാം ഇടതുപക്ഷക്കാര്‍ തന്നെയായിരുന്നു. പിന്നീട് പാര്‍ട്ടി രംഗപ്രവേശനം ചെയ്യുകയും പാര്‍ട്ടി അധികാരമോഹിയായ ലുംപെന്‍ (lumpen)ചിന്താപദ്ധതികള്‍ കൊണ്ടുനടക്കുകയും ചെയ്തപ്പോഴാണ് ധാരാളം കലാസാംസ്കാരികപ്രവര്‍ത്തകർ ഇടതുപക്ഷക്കാർ ആയിരിക്കുകയും അതേസമയം പാര്‍ട്ടിക്കാർ അല്ലാതാവുകയും ചെയ്തത്. അപ്പോള്‍ കേരളത്തിന്റെ മുഖ്യചിന്ത ഇടതുപക്ഷചിന്ത തന്നെയായിരുന്നു. യഥാര്‍ത്ഥത്തിൽ കോൺഗ്രസ് പോലും ഒരു particular period ല്‍ ഇടതുപക്ഷം പറയേണ്ട കാര്യങ്ങളാണ് പറഞ്ഞത്. അങ്ങനെയല്ലാതെ പിടിച്ചു നില്‍ക്കാൻ പറ്റാത്ത അവസ്ഥ കൊൺഗ്രസ്സിനും പല പാര്‍ട്ടികള്‍ക്കും ഉണ്ടായി.
നമ്മുടെ സാംസ്കാരിക പുരോഗതി എവിടെ എത്തി നില്‍ക്കുന്നു ?
നമ്മള്‍ വളരെ alive ആണ്. കഥയില്‍ കവിതയിൽ, നോവലില്‍, സിനിമയില്‍, നാടകത്തില്‍ തുടങ്ങി എല്ലാ രംഗത്തും പുതിയ ആളുകള്‍ രംഗപ്രവേശം ചെയ്യുകയും പുതിയ സംരഭങ്ങൾ കൊണ്ടുവരികയും ചെയ്യുന്നുണ്ട്. അതിനൊന്നും ഒരു കുറവും ഇല്ല. പക്ഷെ ഇതെല്ലാം ചെന്ന് വീഴുന്നത് ഈ തരത്തില്‍ മാനസികവിഭ്രാന്തി സംഭവിച്ചു കഴിഞ്ഞ ഒരു സമൂഹത്തിലാണ്. രാഷ്ട്രീയം സ്വസ്ഥത നല്‍കാത്തതും മനസ്സമാധാനം നല്‍കാത്തതുമായ ഒരു സമൂഹത്തിലേക്ക്. അത്തരമൊരു സമൂഹത്തിന് ഒരു പുതിയ, നല്ല കാര്യത്തെ കാണുമ്പോള്‍ ഇത് നല്ലതാണ്, ഇതില്‍നിന്ന്‍ എനിക്കെന്തു ലഭിക്കും എന്നൊക്കെ ചിന്തിക്കാനുള്ള ഒരു സാവകാശം കിട്ടുന്നേയില്ല. ഒന്നിന് മുകളില്‍ ഒന്നായിട്ട് രാഷ്ട്രീയപ്പാര്‍ട്ടികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മലയാളികളുടെ മേൽ വന്നുവീണുകൊണ്ടിരിക്കുകയാണ്. സാമൂഹികസമാധാനം കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായി അതുകൊണ്ട് കേരളത്തിന്റെ സാംസ്കാരികപുരോഗതി ശ്രദ്ധിക്കപ്പെടാതെ പോകുന്നു. എത്രയോ നല്ല പുസ്തകങ്ങള്‍ ഇറങ്ങുന്നു. ബിജുരാജിന്റെ ‘നക്സല്‍ദിനങ്ങൾ’ എന്ന പുസ്തകം ഒന്നാന്തരം ചരിത്രഗ്രന്ഥമാണ്. പക്ഷെ ആ പുസ്തകം ഇറങ്ങിയ വിവരം പോലും ആരും അറിഞ്ഞിട്ടില്ല.
ഹിന്ദുത്വ ഫാസിസം അതിന്റെ വിശ്വരൂപം കാണിച്ചു നില്‍ക്കുന്ന ഈ അവസ്ഥയിൽ അംബേദ്‌കർ ചിന്തകള്‍ക്കുള്ള പ്രസക്തിയെക്കുറിച്ച് എന്താണ് വിചാരിക്കുന്നത് ?
അംബേദ്‌കർ ചിന്തകൾ എന്താണെന്നു പോലും പലര്‍ക്കും അറിയില്ല. അംബേദ്‌കറെ ഒരു പ്രതിമയാക്കി വിഗ്രഹമാക്കി കൊണ്ടുനടന്ന് വോട്ടും പൈസയും നേടുക എന്നുള്ളത് മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. ദളിത് എന്ന വാക്കിന് ഇവർ ഭയങ്കരമായി മൂല്യശോഷണം വരുത്തിയിരിക്കുന്നു. ഹിന്ദുഫാസിസത്തെ അംബേദ്കറെ വെച്ച് നേരിടാമെന്ന് എനിക്കു തോന്നുന്നില്ല. അതിനു ഡെമോക്രസിയുടെ ഗ്രാസ്റൂട്ടിനെത്തന്നെ റിവൈവ് ചെയ്ത് ശക്തിപ്പെടുത്തിയെടുക്കണം. അത് പഞ്ചായത്തു ലെവലില്‍ നിന്നുതന്നെ വേണം. അതിനോടൊപ്പം സെക്യുലറിസവും ഡെമോക്രസിയും ഒരുപോലെ വളരണം. ഇന്ന്‍ ഇത് രണ്ടും രാഷ്ട്രീയപ്പാര്‍ട്ടികളുടെ കയ്യിലാണ്. രണ്ടിനും മേല്‍ പാർട്ടികൾ അടയിരിക്കുകയാണ്. ആ അടയിരിപ്പില്‍ നിന്ന് വിരിഞ്ഞു വരുന്നതെല്ലാം വികൃതസന്തതികളും.ഹൈന്ദവഫാസിസം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഹിന്ദു മതത്തിനുള്ളിലെ ജാതിഘടന തന്നെയാണ് ഹൈന്ദവഫാസിസം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഹിന്ദു മതത്തിനുള്ളിലെ ജാതിഘടന തന്നെയാണ്. അംബേദ്‌കർ ആണ് അവര്‍ണ്ണരുടെ നേതാവ്. പ്രത്യേകിച്ച് ദളിതുകളുടെ. പക്ഷെ ആ അംബേദ്‌കറെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുതന്നെയാണ് അവര്‍ണ്ണർ ബിജെപി ക്യാമ്പിലേക്കു പോകുന്നത്. അപ്പോള്‍ അംബേദ്കറെ നമ്പിക്കൊണ്ട് ഇന്ത്യയില്‍ ഒരു ആന്റി ഫാസിസ്റ്റ് റെവല്യൂഷൻ ഉണ്ടാകുമെന്ന് കരുതേണ്ട. അംബേദ്കര്‍ ഒരു ചൂണ്ടയായിട്ടോ കത്തിയായിട്ടോ കോടാലിയായിട്ടോ ഉപയോഗിക്കപ്പെടുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. അംബേദ്‌കർ പറഞ്ഞ കാര്യങ്ങളൊക്കെ പഠിച്ച്, മനസ്സിലാക്കി ഒരു പ്രസ്ഥാനം ഉണ്ടാക്കുക എന്നു പറയുന്നത് നടക്കുമെന്ന് തോന്നുന്നില്ല. പല ദളിത്‌രാഷ്ട്രീയക്കാരും അംബേദ്‌കറുടെ ഒരു പുസ്തകം പോലും വായിച്ചിരിക്കാൻ വഴിയില്ല. അതുകൊണ്ട് അക്കാര്യത്തില്‍ പ്രതീക്ഷയൊന്നും വേണ്ട. അവസാനം ഒരു അംബേദ്‌കറും ഇല്ലാതെ ഏതോ പാവപ്പെട്ടവൻ ബീഹാറിലും രാജസ്ഥാനിലും ഒക്കെയിരുന്നു വോട്ടു ചെയ്ത് ഇതിനെയൊക്കെ എടുത്തങ്ങു കളയും. ഇതാണ് സംഭവിക്കാന്‍ പോകുന്നത്. അല്ലാതെ ഒരു വിപ്ലവമൊന്നും നടക്കില്ല. ഇവിടത്തെ മേജര്‍ പൊളിറ്റിക്കല്‍ ചെയ്ഞ്ചസ് ഉണ്ടാവുന്നത് എപ്പോഴും സൈലന്റ് മെജോറിറ്റിയിൽ നിന്നാണ്. അതാണിപ്പോള്‍ ബീഹാറില്‍ ഉണ്ടായത്. ഇനി പലയിടത്തും ഉണ്ടാവാന്‍ പോകുന്നതും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സകല തരികിടയും കളിച്ചിട്ടും ബി ജെ പിക്ക് 33% വോട്ടാണ് കിട്ടിയിരിക്കുന്നത്. ബാക്കി 67 ശതമാനവും ഭൂരിപക്ഷം ഹിന്ദുക്കളും ഇവര്‍ക്ക് വേണ്ടി വോട്ട് ചെയ്തില്ല. നമ്മുടെ ഏറ്റവും വലിയ പ്രത്യാശ ഇതുതന്നെയാണ്. ഹിന്ദുക്കളുടെ ഏറ്റവും വലിയ ശത്രു ഫാസിസ്റ്റ് ഹിന്ദുക്കള്‍ തന്നെയാണ്. അല്ലാതെ ക്രിസ്ത്യാനിയും മുസ്ലീമും ഒന്നുമല്ല.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളി?
ജനാധിപത്യബോധം ജനങ്ങളിൽ അസ്തമിച്ചിരിക്കുന്നു. ജനാധിപത്യത്തെ രാഷ്ട്രീയക്കാര്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നു. അതിനെ മറികടക്കാന്‍ തല്‍ക്കാലം പരിപാടികളൊന്നും ഇല്ല. പക്ഷെ ജനങ്ങള്‍ക്ക് ഇപ്പോഴും അത്ഭുതം പ്രവര്‍ത്തിക്കാൻ കഴിയും. ജനങ്ങള്‍ അവിടെയുമിവിടെയുമിരുന്നിട്ട് നിശബ്ദമായി വോട്ടു ചെയ്ത് ജയിക്കുമെന്ന് കരുതിയിരുന്നിരുന്ന പാര്‍ട്ടിയെ പെട്ടെന്നു തോല്‍പ്പിച്ചു കളയുന്നത് കാണാം. പക്ഷെ അത് ആസൂത്രിതമോ കണക്കു കൂട്ടിയോ ഉള്ള പ്രവര്‍ത്തിയല്ല.അതിനപ്പുറത്ത് ഒരു പ്രതീക്ഷയും ഇല്ല.
ജെ എന്‍ യു വിനെക്കുറിച്ച് ?
എക്കാലത്തും ജെ.എന്‍.യു ഹൈന്ദവ ഫാസിസത്തിന് ഭീഷണിയും വെല്ലുവിളിയും ആയിരുന്നു. ഒരു പിശാചിന്റെ കൂടാരമായിട്ടാണ് ഇപ്പോഴത്തെ ഭരണകൂടം അതിനെ കാണുന്നത്. കാരണം ഇടതുപക്ഷചിന്തക്ക് അവിടെ പ്രാധാന്യമുണ്ട് എന്നതാണു. അവരുടെ കണക്കു പ്രകാരം ഭരണകൂടഫാസിസത്തിനെതിരെ ഉള്ള ചിന്താപദ്ധതികള്‍ ആ കാമ്പസ്സിൽ നിന്നാണ് ഉണ്ടാവുന്നത്. അത് അവര്‍ക്ക് സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് JNU is always before them as a permanent target for destruction. അവിടത്തെ കുട്ടികള്‍ whatever they did politically അതിനെ ഊതി വീര്‍പ്പിച്ച് രാജ്യദ്രോഹമാക്കി മാറ്റി അതിനെ ജെ.എന്‍.യുവിനെ തകര്‍ക്കാനുള്ള ഒരായുധമാക്കി മാറ്റുക. ഈ അവസരം ഉപയോഗിച്ച് ഫാസിസ്റ്റുകള്‍ അതിൽ ചാടിപ്പിടിച്ചു കടിച്ചു കീറും. ജെ എൻ യുവിനെ പിന്തുണയ്ക്കണം സ്വാതന്ത്ര്യത്തിനും പൌരാവകാശത്തിനും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിക്കും വേണ്ടി നിലകൊള്ളുന്ന എല്ലാവരും ജെ.എന്‍.യുവിലെ കുട്ടികളെ പിന്തുണയ്ക്കാന്‍ ഒന്നിച്ചു ചേരേണ്ടത് അത്യാവശ്യമാണ്.
ആത്മകഥ ഉദ്ദേശിക്കുന്നുണ്ടോ?
എന്നെങ്കിലും എഴുതിയേക്കാം. ധാരാളം interesting ആള്‍ക്കാരെ കണ്ടുമുട്ടിയിട്ടുണ്ട് . ഓരോ ഘട്ടം ആയിട്ട് എഴുതിവെക്കണമെന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഡല്‍ഹി കാലം എന്ന് പറയുമ്പോള്‍ വി.കെ മാധവന്‍കുട്ടി, അരവിന്ദന്‍, ഒ.വി വിജയന്‍, ടി.വി.കുഞ്ഞിക്കൃഷ്ണന്‍ എന്നിങ്ങനെ വിസ്മയിപ്പിച്ച പല വ്യക്തിത്വങ്ങളുമാണു. അവരെയും കൂടി ഓര്‍മ്മിച്ചെടുക്കുകയാണ് എന്റെ ആത്മകഥയില്‍ ഞാൻ ചെയ്യേണ്ടത്. അതിനു ധാരാളം സമയമെടുക്കും. ചെയ്യണമെന്ന്‍ താല്‍പ്പര്യമുണ്ട്.
സക്കറിയ, സക്കറിയയെ എങ്ങനെ കാണുന്നു ?
I’ve never been able to sort it out. ഒരു ഡെയിലി പ്ലാന്‍ ഉണ്ടെന്നല്ലാതെ ഒന്നും പ്ലാന്‍ ചെയ്യാറില്ല . ആളുകള്‍ പറയാറുണ്ട്- ദൈവത്തിന്റെയൊരു ശക്തി കൊണ്ട് ഒരു പാതയില്‍ക്കൂടി ഇങ്ങനെയിങ്ങനെ പോയി എന്ന്. പ്രപഞ്ചത്തിന്റെയും പരിണാമത്തിന്റെയും ശക്തി കൊണ്ട് ഉണ്ടായിവന്ന മനുഷ്യനാണ് ഞാനും. ഞാന്‍ എന്നെ അതതു സമയങ്ങളിൽ ഓരോ ദിവസം ഓരോ ജീവിയായിട്ട് കാണുകയല്ലാതെ ഒരെഴുത്തുകാരനായിട്ടു പോലും കാണാന്‍ വലിയ പ്രയാസമാണ്. എഴുതാനിരിക്കുന്ന ആ സമയത്ത് മാത്രമാണ് എഴുത്തുകാരനാവുന്നത്. എഴുതാത്ത സമയങ്ങളിലെല്ലാം കണ്ണും ചെവിയും തുറന്നിരിക്കുക എന്നതാണ് എഴുത്തുകാരൻ ചെയ്യേണ്ടത്. അതു കൂടാതെ ഞാൻ എന്നെത്തന്നെ എങ്ങനെയാണു കാണുന്നതെന്ന് പറഞ്ഞാൽ … നമ്മളെ എളുപ്പത്തില്‍ കാണാൻ സഹായിക്കുന്ന ഒരു സംഗതി കുറ്റബോധങ്ങളാണ്. കുറെ കുറ്റബോധങ്ങളുണ്ട്. അതിനെയെല്ലാം എന്തൊക്കെ സൈക്കോളജിക്കല്‍ വഴികൾ ഉപയോഗിച്ച് പുറത്തെടുത്തു കളഞ്ഞാലും – ഹീലിംഗ് പ്രോസെസ്സിന്റെ ഭാഗമായിട്ട് ഞാനൊക്കെ അത് ചെയ്തിട്ടുള്ളതാണ്. to remain sane. Relationship – ലുണ്ടായ fractures എപ്പോഴും haunt ചെയ്യാറുണ്ട്. അതല്ലാതെ I just like to be left alone ,left to myself, doing my own things . . . പണം സമ്പാദിക്കാനും അറിയാന്‍ വയ്യ, പണത്തിനു പിറകെ പോകാനും അറിയാന്‍ വയ്യാ. അത് മോശമാണെന്നല്ല. I am not good at that. ആ രീതിയിലുള്ള rat race -ല്‍ ചെന്നുചാടാതെ അതേസമയം travelling, experiencing the world ഇതൊക്കെ നടത്തി എല്ലാം തൊട്ടും തൊടീപ്പിച്ചും പോകുന്ന ഒരു സംഭവം. ഇതൊക്കെയാണ് ഞാൻ.
Be the first to write a comment.