വർത്തമാന  മലയാളനോവൽ സങ്കീർണ്ണവും വൈവിധ്യവുമാർന്ന തുറസ്സുകളെയാണ് അഭിസംബോധന ചെയ്യുന്നത്.  ആധുനികതയുടെ ശക്തവും തീക്ഷണവുമായ ആശയ പരിസരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാർന്ന ആശയതലങ്ങളെയാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളിലായി മലയാള നോവലിൽ ഇടം കണ്ടെത്തുന്നത്.  ആഖ്യാനത്തിലും പ്രമേയത്തിലും പിന്തുടരുന്ന ഈ വൈവിധ്യത്തേയും വൈചിത്രത്തേയും ചേർത്തുവയ്ക്കുന്ന ദൗത്യമാണ് ഡോ.ജിസാജോസ് എഡിറ്റ് ചെയ്ത ‘പുതുനോവൽ വായനകൾ’ നിർവഹിക്കുന്നത്.

രണ്ടായിരത്തി പത്തിനുശേഷം ഉണ്ടായ 19 മലയാള നോവലുകളുടെputhunovelvayanakal സൂക്ഷമമായ വായനകളാണ് പുതുനോവൽ വായനകൾ.  ഈ സമാഹാരത്തിൽ ഉൾപ്പെട്ട 19 വായനകളുടെയും നോവൽ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാണ്.  വായനാസമൂഹത്തിൽ അംഗീകാരം ലഭിച്ചതും നിരന്തരം ചർച്ചചെയ്യപ്പൈട്ടതുമായ നോവലുകളോടൊപ്പം തന്നെ അധികമൊന്നും ശ്രദ്ധകിട്ടാത്തതും എന്നാൽ അത് അർഹിക്കുന്നതുമായ നോവലുകളും ഈ ഗ്രന്ഥത്തിൽ വായനയ്ക്ക് വിധേയമാകുന്നുണ്ട്.  മലയാളനോവൽ രംഗത്തെ പുതുഎഴുത്തുകാർക്കും അതുപോലെ ഈ സമാഹാരം പ്രാധാന്യം നൽകിയതായി കാണാം.  തെരഞ്ഞെടുപ്പിന്റെ ഈ രാഷ്ട്രീയം പുതു നോവൽ വായനകളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’, കെ.ആർ. മീരയുടെ ‘ആരാച്ചാർ’, രാജീവ് ശിവശങ്കറിന്റെ ‘തമോവേദം’, സി.വി.ബാലകൃഷ്ണന്റെ  ‘ലൈബ്രേറിയൻ’, രമേശൻ ബ്ലാത്തൂരിന്റെ ‘പെരും ആൾ’, സുസ്‌മേഷ് ചന്ത്രോത്തിന്റെ ‘മാംസത്തിന്റെ രംഗം ശരീരം’, സാറാജോസഫിന്റെ ‘ആളോഹരി ആനന്ദം’, സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’, ബെന്യാമിന്റെ ‘അൽ-അറേബ്യൻ നോവൽ ഫാക്ടറി’, ‘മുല്ലപ്പൂനിറമുള്ള പകലുകൾ’, എൻ. പ്രഭാകരന്റെ ‘ക്ഷൗരം’, യു.കെ. കുമാരന്റെ ‘തക്ഷൻ കുന്ന് സ്വരൂപം’ കരുണാകരന്റെ ‘ബൈസിക്കിൾ തീവ്‌സ്’, വി.ജെ. ജെയിംസിന്റെ ‘നിരീശ്വരൻ’, പി. സുരേന്ദ്രന്റെ ‘ശൂന്യമനുഷ്യർ’, കെ.വി. മണികണ്ഠന്റെ ‘മൂന്നാമിടങ്ങൾ’, രാജൻ പാനൂരിന്റെ ‘അഗ്രയാനം’, ബാലൻ വേങ്ങരയുടെ ‘എക്‌സിമോ ഇരപിടിക്കുന്ന വിധം’, സി.രാധാകൃഷ്ണന്റെ ‘ഇവൾ അവളിലൊരുവൾ’, മനോജ് കുറൂറിന്റെ ‘നിലം പൂത്തു മലർന്നനാൾ’ എന്നീ നോവലുകളാണ് ‘പുതുനോവൽ വായന’കളിൽ വായനയുടെ വ്യത്യസ്ത ഇടപെടലുകൾക്ക് വിധേയമാകുന്നത്.

ബൗദ്ധികം, ഉടൽ, ഭാഷ എന്നീ തലങ്ങളിലെ പ്രതിരോധങ്ങൾ ടി.ഡി. രാമകൃഷ്ണന്റെ  ‘സുഗന്ധി എന്ന ആണ്ടാൾനായകിയി’ൽ സ്ത്രീ ജീവിതാ നുഭവങ്ങളിലൂടെsugandhiennaandaaldevanayaki എങ്ങിനെ കടന്നുവരുന്നു എന്ന അന്വേഷണമാണ് ഡോ.ദീപമോൾ മാത്യുവിന്റെ ‘പെൺപോരാളികളിൽ വാഴ്‌വിൻ കതെ’.  ഭാഷയുടെ ദൃശ്യാത്മകത യിലൂടെ പ്രകടിപ്പിക്കുന്ന ആരാച്ചാറിലെ സ്ഥലകാലാഖ്യാനങ്ങളെയാണ് ഡോ: ലിജി. എൻ ‘ആരാച്ചാർ : സ്ഥലകാലാഖ്യാനത്തിന്റെ സൂക്ഷമപാഠങ്ങൾ’ എന്ന പഠനത്തിലൂടെ വെളിവാക്കുന്നത്.  മുഖ്യധാരാ എഴുത്തിലേക്ക് പ്രവേശനം കിട്ടാത്ത ദുർമന്ത്രവാദത്തിന്റെയും ക്രൂരതയുടെയും ലോകം പ്രമേയമായ രാജീവ ശിവശങ്കറിന്റെ ‘തമോവേദ’ത്തിന്റെ പഠനമാണ് ഡോ. ഷീജ കെ.പിയുടെ ‘ഇരുട്ടിന്റെ പുസ്തകങ്ങൾ വായിക്കുമ്പോൾ’.  ആഖ്യാനത്തിലെ പാഠാന്തരതയെയാണ് ഡോ: അജിതാ ചേമ്പന്റെ ‘ലൈബ്രേറിയൻ: പാരമ്പര്യത്തിന്റെ  ആഖ്യാനാനുഭവം’ പഠനവിധേയമാക്കുന്നത്.

രാമായണപാഠത്തിന് പുനർനിർമ്മിതി നടത്തിയ പൂർവ്വികരുടെ ഗണത്തിലേക്ക് രമേശൻ ബ്ലാത്തൂരിന്റെ നോവലായ ‘പെരുമാളി’നേയും ചേർത്തുവായിക്കുകയാണ് ‘പെരും ആൾ: സമീപ ഭിന്നതയുടെ പുരാണാഖ്യാനം’ എന്ന ലേഖനത്തിലൂടെ ഫാ: ജോബി ജേക്കബ്. ‘മാംസത്തിന്റെ രാഗം ശരീരം’ എന്ന സുസ്‌മേഷ് ചന്ദ്രോത്തിന്റെ നോവെല്ല പ്രത്യക്ഷത്തിൽ ഉയർത്തുന്ന ആശയങ്ങളെ അപനിർച്ചുകൊണ്ടുള്ള വായനയാണ് ഡോ:ആർ.രാജശ്രീയുടെ ‘മാംസത്തിന്റെ രാഗം – ശരീരം തരിയിലെ ഏകപക്ഷീയതകൾ’ എന്ന ലേഖനം. സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെ ഈ നോവലിയെ നിയന്ത്രിക്കുന്ന പുരുഷ താല്പര്യങ്ങളെ ലേഖിക പ്രതിക്കൂട്ടിൽ നിർത്തുന്നു.  സമൂഹത്തിന്റെ നിശ്ചിതഘടനകളിൽ വീർപ്പ് മുട്ടുന്ന ബന്ധങ്ങളുടെ ആവിഷ്‌കാരത്തെയാണ് ‘ആളോഹരി ആനന്ദ’ത്തെ മുൻനിർത്തി ‘ആനന്ദത്തിലെ ഭിന്നസഞ്ചാരങ്ങൾ’ എന്ന വായനയിലൂടെ മാർട്ടിൻ ജോസഫ് അപഗ്രഥിക്കുന്നത്.

ശൈലീവിജ്ഞാനീയത്തിന്റെ വെളിച്ചത്തിലാണ് ‘മനുഷ്യന് ഒരാമുഖ’ത്തെ ശ്യാമള മാണിച്ചേരി സമീപിക്കുന്നത്.  അധികാരം, മാധ്യമം, സൈബർ ആക്റ്റിവിസം, അപരനിർമ്മിതികൾ തുടങ്ങി സങ്കീർണ്ണമായ ആശയതലത്തെ കേന്ദ്രീകരിച്ചാണ് ബെന്യാമിന്റെ ഇരുനോവലുകൾക്ക് നിഷി ജോർജ്ജ് പഠനം നടത്തിയിരിക്കുന്നത്.  നോവൽ സാഹിത്യത്തിൽ ഇതുവരെ ഇടം ലഭിക്കാതെപോയ കാവുതീയൻ എന്ന വിഭാഗത്തിന്റെ ആവിഷ്‌കാരം ഉയർത്തുന്ന രാഷ്ട്രീയമാണ് ബിന്ദു നരവത്തിന്റെ ‘ജാതിയുടെ ദൃശ്യാദൃശ്യതകൾ’ എന്ന ലേഖനം ചർച്ചചെയ്യുന്നത്.  പ്രാദേശികാഖ്യാനത്തിന്റെ വിശാലതയിലേക്ക് നയിക്കുന്ന പഠനമാണ് സിന്ധു കിഴക്കാനിയിലിന്റെ  ‘തക്ഷൻകുന്ന് സ്വരൂപം ദേശപരിണാമത്തിന്റെ  ആഖ്യാനവഴികൾ’.  ജോൺ അനുഭവലോകത്തെ ആഖ്യാനം ചെയ്യുന്ന ബൈസിക്കിൾ തീവ്‌സിന്റെ സൂക്ഷ്മമായ അപഗ്രഥനമാണ് ഫാ.ബൈന്നിജോർജ്ജിന്റെ ‘സിനിമയുടെ ചരിത്രത്തിൽ ഒരു ജോൺ അനുഭവം.’

നിലവിലുള്ള ലോകാക്രമത്തെ മാറ്റിമറിക്കാനുള്ള ഭാവനാസഞ്ചാരമായി വി.ജെ.ജെയിംസിന്റെ ‘നിരീശ്വര’ന്റെ പ്രമേയത്തെ സമീപിക്കുകയും സ്ഥാപന വൽക്കരണത്തിന്റെ രാഷ്ട്രീയം നോവലിന് നൽകുന്ന പ്രാധാന്യത്തേയുമാണ് രമ്യ തോട്ടോൻ വീടിന്റെ ‘സാധാരണങ്ങളിലെ അസാധാരണങ്ങൾ’ വെളിവാക്കുന്നത്.   ആത്മഹത്യ ഉയർത്തുന്ന സാമൂഹികവും വ്യക്തിപരവുമായ പ്രതിസന്ധികളി ലേക്കാണ് സ്മിജ.പി.എമ്മിന്റെ ശൂന്യമനുഷ്യന്റെ പഠനമായ ‘ശൂന്യതയിൽ വിലയം പ്രാപിക്കുന്നവർ’ ശ്രദ്ധക്ഷണിക്കുന്നത്.  കെ.വി. മണികണ്ഠന്റെ നോവലായ ‘മൂന്നാമിടങ്ങൾ’ എങ്ങിനെ ലെസ്ബിയൻ ബന്ധത്തേയും പാരമ്പര്യ കുടുംബ ഘടനയ്ക്കകത്തെ പതിവ് ഇടങ്ങളിലേക്ക് ചുരുക്കുന്നു എന്ന വായനയാണ് വനിഷ വത്സന്റെ ‘മൂന്നാമിടങ്ങൾ അടിവരയിടുന്ന പതിവ് ഇടങ്ങൾ’ എന്ന ലേഖനം.  ആഗോളടൂറിസം പരിസ്ഥിതിയിൽ തീർക്കുന്ന വെല്ലുവിളികളെ ഹുഡ്‌ലു എന്ന ഗ്രാമത്തെ കേന്ദ്രീകരിച്ച്‌ ആവിഷ്‌കരിക്കുന്ന രാജൻ പാനൂരിന്റെ ‘അഗ്രയാനം’ എന്ന നോവലിന്റെ പഠനമാണ് രമ്യ.പി യുടെ ‘അഗ്രയാനം പാരിസ്ഥിതിക പ്രതിബോധത്തിന്റെ പാഠങ്ങൾ.’

ഉഷാകുമാരി എം.ബി.യുടെ ‘ഇരപിടിക്കുന്ന വർത്തമാനകാല കാഴ്ചകൾ’എന്ന ലേഖനം ബാലൻ വേങ്ങരയുടെ എസ്‌കിമോ ഇരപിടിക്കുന്ന വിധം എന്ന നോവലിനെ വർത്തമാനയാഥാർത്ഥ്യങ്ങളുമായി ചേർത്തുവെച്ചുള്ള വായനയാണ്.  സുഗതകുമാരി.കെ യുടെ ലേഖനമായ ‘സഹൃദയ സിദ്ധാന്തത്തിന്റെ ഇവൾ അവളിലൊരുവൾ’ സി.രാധാകൃഷ്ണന്റെ ഇവൾ അവളിലൊരുവൾ എന്ന നോവലിലെ ബന്ധങ്ങളുടെ ആവിഷ്‌കാരത്തെ സൂക്ഷമമായി അപഗ്രഥിക്കുന്നു.  ദ്രാവിഡ പരമ്പര്യത്തേയും സ്വത്വബോധത്തെയും മനോജ് കുറൂറിന്റെ നിലം പൂത്ത മലർന്നനാർ  എങ്ങിനെ അടയാളപ്പെടുത്തുന്നു എന്ന അന്വേഷണമാണ് ഡോ. ജിസാജോസിന്റെ ‘അതിജീവനത്തിന്റെ നിലങ്ങൾ.’

jisa jose puthunovelvayanakal
ജിസ ജോസ്

പുതുനോവൽ വായനകളിലെ 19 നോവൽ വായനകളും കേവലം വായനകൾ ക്കുമപ്പുറം  പുനർവായനയും അപനിർമ്മിതിയുമായി മാറുന്നുണ്ട്.  പല ലേഖനങ്ങളും സൈദ്ധാന്തിക നിലപാടുകളെ അബോധത്തിൽ പിന്തുടരുന്നുണ്ട്.  മലയാള നോവലിന്റെ വർത്തമാനത്തെ പ്രതിഫലിപ്പിക്കുവാൻ ഈ സമാഹാരത്തിലെ ലേഖനങ്ങൾക്ക് കഴിയുന്നുണ്ട്.  ഗൗരവമേറിയ ഇതിലെ പഠനങ്ങൾക്ക് തുടർവായനകളും ചർച്ചകളും ഉണ്ടാകേണ്ടതുണ്ട്. സമയം പബ്ലിക്കേഷൻസ്, കണ്ണൂർ ആണു പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്.

Comments

comments