‘The culture industry is corrupt; not because it is a sinful Babylon, but it is a cathedral dedicated to elevated pleasure’ – Adorno and Horkheimer, 1947
കാൾമാർക്‌സ് ജർമ്മനിയിൽ നിന്നും ഫ്രാൻസിൽ നിന്നും പുറത്താക്കപ്പെട്ടതിന് ഏതാണ്ടൊരു നൂറ്റാണ്ടു തികയുന്ന കാലത്താണ് ഫ്രാങ്ക്ഫർട്ട് സ്‌കൂൾ ചിന്തകരായ മാക്‌സ് ഹോക്മീറും (1895-1973) തിയോഡോർ വീസൻഗ്രണ്ട് അഡോണോയും (1903-1969) ജർമ്മനിയിൽനിന്ന് അമേരിക്കയിലേക്കു പലായനം ചെയ്യുന്നത്. നാസിഭരണത്തിലെ ജൂതവേട്ടയ്ക്കും ഹിറ്റ്‌ലറുടെ സാംസ്‌കാരിക ഫാഷിസത്തിനുമെതിരെ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ അഭയം തേടാൻ അഡോണോയും ഹോക്മീറും തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്നറിയില്ല. കമ്യൂണിസ്റ്റ് രാജ്യങ്ങൾ പിന്തുടർന്ന രാഷ്ട്രീയ സർവാധിപത്യത്തോട് നിരന്തരം കലഹിച്ച നവമാർക്‌സിസ്റ്റുകളായിരുന്നു അവർ എന്നതാകാം ഒരുപക്ഷെ അതിനു കാരണം. സമ്പന്നനായ ഒരു ജൂതമദ്യവ്യാപാരിയുടെ മകനായിരുന്നു അഡോണോ. ഹോക്മീർ അതിസമ്പന്നനായ ഒരു വസ്ത്രനിർമാതാവിന്റെ മകനും.എന്തായാലും അവരുടെ അഭയം അമേരിക്കയായി. അവിടെവച്ച്, വ്യക്തികൾക്കുമേൽ കുത്തകമുതലാളിത്തവും ഉപകരണയുക്തിയും കൊടികുത്തിവാണ അമേരിക്കൻ സംസ്‌കാരമണ്ഡലങ്ങളെക്കുറിച്ച് അഡോണോയും ഹോക്മീറും ഉന്നയിച്ച വിമർശനങ്ങളുടെ ആകെത്തുകയാണ് സംസ്‌കാരവ്യവസായമെന്ന സങ്കല്പത്തിൽ സംഗ്രഹിക്കപ്പെട്ടത്.മുതലാളിത്ത ഉല്പാദനബന്ധങ്ങൾക്കു കീഴിൽ സംസ്‌കാരം വ്യവസായവൽക്കരിക്കപ്പെടുകയും വാണിജ്യവൽക്കരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ.ഒപ്പംതന്നെ, ജ്ഞാനോദയാധുനികതയുടെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ കൂട്ടാക്കാതിരുന്ന പടിഞ്ഞാറിന്റെ രാഷ്ട്രീയവിമർശവുമായി മാറി, സംസ്‌കാരവ്യവസായസങ്കല്പം. ഒരേസമയം, നാസി, കമ്യൂണിസ്റ്റ് സർവാധിപത്യങ്ങളോടും അമേരിക്കൻ കുത്തക മുതലാളിത്തത്തോടും ഇടഞ്ഞുനിന്ന സമീപനമായിരുന്നു അഡോണോവിന്റേതും ഹോക്മീറിന്റേതും. ഇവർക്കു മുൻപുതന്നെ ഈ വിഷയം ചർച്ചചെയ്ത വാൾട്ടർ ബൻയാമിനാകട്ടെ, അത്രയ്ക്കങ്ങു വിമർശനം കമ്യൂണിസത്തിനും മുതലാളിത്തത്തിനും സാങ്കേതികവിദ്യക്കും വിപണിക്കും നേരെ ഉയർത്തിയിരുന്നില്ല. എന്തായാലും യൂറോപ്യൻ തത്വചിന്തയുടെയും സാമൂഹ്യശാസ്ത്രങ്ങളുടെയും മാർക്‌സിയൻ രീതിപദ്ധതികൾ പിന്തുടർന്ന് സംസ്‌കാരവ്യവസായത്തെക്കുറിച്ച് അഡോണോയും ഹോക്മീറും രൂപപ്പെടുത്തിയ നിരീക്ഷണങ്ങൾ ഇരുപതാം നൂറ്റാണ്ടിലുടനീളം മാധ്യമ, സാംസ്‌കാരിക, കലാ, സാഹിത്യ മണ്ഡലങ്ങളിൽ അടിസ്ഥാനപരമായ സൗന്ദര്യശാസ്ത്ര-പ്രത്യയശാസ്ത്ര സംവാദങ്ങൾക്കു ജന്മം നൽകി.
ഹെഗലിന്റെ ദ്വന്ദ്വാത്മകത (Dialectism), മാർക്‌സിന്റെ അന്യവൽക്കരണം (alienation), ചരക്കുരതി (commodity fetishism), മാക്‌സ് വെബ്ബറുടെ ഉപകരണയുക്തി (Instrumental reason), ജോർജ് ലൂക്കാച്ചിന്റെ മൂർത്തവൽക്കരണം (reification) തുടങ്ങിയ പരികല്പനകളെ അഡോണോയും ഹോക്മീറും തങ്ങളുടെ സംസ്‌കാരവ്യവസായസങ്കല്പനത്തിന്റെ പ്രേരണകളായി ഉൾക്കൊളളുന്നുണ്ട്. ഇമ്മാനുവൽ കാന്റും സിഗ്മണ്ട് ഫ്രോയ്ഡുമാണ് ഇവരെ സ്വാധീനിച്ച മറ്റു രണ്ടു ചിന്തകർ. (ഇവർക്കൊക്കെപ്പുറമെ ആർനോൾഡ് ഷോവൻബർഗ് (സംഗീതം), സഗ്ഫീഡ് ക്രോക്കർ (സിനിമ), വാൾട്ടർ ബൻയമിൻ (സൗന്ദര്യചിന്ത), ഏണസ്റ്റ് ബ്ലോഹ് (എക്‌സ്പ്രഷണിസ്റ്റ് കല), ബെർതോൾട് ബ്രെഹ്ത് (മാർക്‌സിസ്റ്റ് കലാചിന്ത) തുടങ്ങിയവരുടെയും സ്വാധീനം അഡോണോവിലുണ്ട്).
പ്ലേറ്റോയിൽ തുടക്കമിടുന്ന സംവാദാത്മക ചിന്തയുടെ രൂപകങ്ങളിലൊന്നാണ് ദ്വന്ദ്വാത്മകത. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ജർമ്മൻ തത്വചിന്തയിൽ ഈ പരികല്പനക്കു പുതിയൊരു വ്യാഖ്യാനസാധ്യത കൈവന്നു. ഇമ്മാനുവൽ കാന്റ്, ജോഹൻ ഗോട്ട്‌ലിബ് ഫിഷെ, ജോർജ് വിൽഹെം. ഫ്രെഡറിക് ഹെഗൽ തുടങ്ങിയവരായിരുന്നു ഇതിനു പിന്നിൽ. മുതലാളിത്തത്തെ ‘Age of absolute sinfulness’ എന്നു വിളിച്ച ഫിഷെയാണ് thesis, antithesis, synthesis എന്ന ഘടന രൂപപ്പെടുത്തിയത്. ഹെഗൽ ഇതിനെ സാർവലൗകികം (Universal), സവിശേഷം (Particular), വൈയക്തികം (Individual) എന്നിങ്ങനെ വ്യാഖ്യാനിച്ചു. മാർക്‌സ്, ഹെഗലിനെ പിൻപറ്റി ചരിത്രത്തെയും ഉല്പാദനരീതികളെയും കുറിച്ചുളള തന്റെ വൈരുധ്യാത്മക ഭൗതികവാദസിദ്ധാന്തം ആവിഷ്‌കരിച്ചു. അഡോണോയും ഹോക്മീറും തങ്ങളുടെ സംസ്‌കാര വ്യവസായ ചർച്ചയിൽ ഈ പരികല്പന ഉപയോഗപ്പെടുത്തി. ഒപ്പം, മുതലാളിത്തത്തിൽ തൊഴിൽവിഭജനം സൃഷ്ടിക്കുന്ന ‘അന്യവൽക്കരണ’ത്തെക്കുറിച്ചുളള മാർക്‌സിന്റെ സങ്കല്പനവും. ആത്മനിഷ്ഠ-വസ്തുനിഷ്ഠ അവസ്ഥകൾ തമ്മിലുളള വൈരുധ്യത്തിൽ നിന്നുണ്ടാകുന്ന നാലു തലങ്ങളിലെ അന്യവൽക്കരണത്തിന്റെ ഫലമാണ് വസ്തുവൽക്കരണം-ഉല്പന്നത്തിൽ നിന്ന്, ഉല്പാദനപ്രക്രിയയിൽ നിന്ന്, മറ്റു തൊഴിലാളികളിൽനിന്ന്, മാനുഷികാവസ്ഥയിൽനിന്ന് എന്നീ തലങ്ങളിൽ.
1844-ൽ, മാർക്‌സും എംഗൽസും എഴുതി: ‘….. As a result, therefore, man (the worker) no longer feels himself to be freely active in any but his animal functions-eating, drinking, procreating, or at most in his dwelling and in dressing up, etc… and in his human functions he no longer feels himself to be anything but an animal. What is animal becomes human and what is human becomes animal’ (Economic and philosophic manuscript).
ഫ്രാങ്ക്ഫർട്ട് സ്‌കൂൾ ചിന്തയുടെ ആദ്യ സൈദ്ധാന്തിക മുന്നേറ്റങ്ങളിലൊന്നായിരുന്നു, സംസ്‌കാരവ്യവസായസങ്കല്പനം. 1930-ൽ ഹോക്മീർ ഫ്രാങ്ക്ഫർട്ട് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിന്റെ ഡയറക്ടറായി. 1933-ൽ നാസിഭരണകൂടം ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടി. ജൂതരായതിനാൽ ഹോക്മീറിനും അഡോണോവിനും അവിടെ തുടരാൻ കഴിഞ്ഞില്ല. ഹോക്മീർ അമേരിക്കയിലെത്തി അഡോണോവിനെ അങ്ങോട്ടു ക്ഷണിച്ചു. 1938-ൽ അഡോണോ ന്യൂയോർക്കിലെത്തി. 1941-ൽ ലോസ് ഏഞ്ചലസിലും. അവിടെവച്ചാണ് അവർ ‘Dialectic of Enlightenment’ എഴുതുന്നത് (1947). ജ്ഞാനോദയാധുനികതയുടെ അഥവാ പാശ്ചാത്യാധുനികതയുടെ നിശിത വിമർശനമായിരുന്നു ഈ ഗ്രന്ഥം. ‘Modern west has not fulfilled the utopian promise of the enlightenment, instead became a rationalised administered world, that dominates individuals through instrumental reason, monopoly capitalism and political totalitarianism’ എന്നാണ് അഡോണോവും ഹോക്മീറും ഈ ഗ്രന്ഥത്തിൽ വാദിച്ചത്. ഇതിലെ ഒരധ്യായമാണ് ‘The Culture Industry: Enlightenment as mass deception’.
നാസിഭരണവും ഹിറ്റ്‌ലറുടെ ജീവിതവും അവസാനിച്ചതോടെ അഡോണോയും ഹോക്മീറും ജർമനിയിൽ തിരിച്ചെത്തി ഇൻസ്റ്റിറ്റ്യൂട്ട് പുനഃസ്ഥാപിച്ചു. സംഗീതമുൾപ്പെടെ നിരവധി വിഷയങ്ങളെ കേന്ദ്രീകരിച്ച് ആധുനിക കലാസാഹിത്യമണ്ഡലത്തെക്കുറിച്ചുളള നിരവധി പ്രബന്ധങ്ങൾ അഡോണോ എഴുതി. ‘സംസ്‌കാരവ്യവസായ’ത്തെക്കുറിച്ചുളള അഡോണോവിന്റെ നിലപാടുകൾ പലരും വിമർശിച്ചുവെങ്കിലും സാംസ്‌കാരികപഠനം, മാധ്യമപഠനം, ജനപ്രിയസംസ്‌കാരപഠനം, ആധുനികതാപഠനം തുടങ്ങിയ രംഗങ്ങളിൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലുണ്ടായ ചർച്ചകളെയൊന്നടങ്കം സ്വാധീനിക്കാൻ ആ സങ്കല്പനത്തിനു കഴിഞ്ഞു.
യഥാർഥത്തിൽ 1936-ൽ വാൾട്ടർ ബൻയമിൻ തന്റെ ‘The work of art in the age of mechanical reproduction’ എന്ന വിഖ്യാതമായ പ്രബന്ധത്തിൽ അവതരിപ്പിച്ച നിലപാടുകളോടുളള പ്രതികരണത്തിൽ നിന്നാണ് അഡോണോവിന്റെ സംസ്‌കാരവ്യവസായ സങ്കല്പനത്തിന്റെ തുടക്കം. ഇരുപതാം നൂറ്റാണ്ടിലെ കലാസാഹിത്യസംവാദങ്ങളുടെയും മാധ്യമ, ജനപ്രിയസംസ്‌കാരപഠനങ്ങളുടെയും സാംസ്‌കാരികപഠനം പോലുളള പദ്ധതികളുടെയും ആധാരശിലകളിലൊന്നാണ് ഈ പ്രബന്ധം. മാർക്‌സിസ്റ്റ് സാംസ്‌കാരിക വിശകലനത്തിന്റെ പിൽക്കാല കൈവഴികളിലൊന്നിന്റെ മാനിഫെസ്റ്റോ.
അഡോണോവിനെയും ഹോക്മീറിനെയും പോലെതന്നെ സമ്പന്ന ജൂതകുടുംബത്തിൽ നിന്നാണ് ബൻയമിനും വരുന്നത്. സാഹിത്യപഠനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക താൽപര്യവും ഗവേഷണവും. പി.എച്ച്.ഡിക്കുശേഷം സർവകലാശാലാപ്രൊഫസർ ജോലിക്കുവേണ്ടി ബൻയമിൻ സമർപ്പിച്ച ഗവേഷണപ്രബന്ധം, ജർമൻ ദുരന്തനാടകത്തിന്റെ ഉത്ഭവം, സങ്കീർണവും ദുർഗ്രഹവുമാണെന്നു പറഞ്ഞ് നിരാകരിച്ച പരിശോധകരിൽ ഒരാൾ ഹോക്മീറായിരുന്നു. (പിൽക്കാലത്ത് ഇതേമട്ടിൽ ഹോക്മീർ നിരാകരിച്ച പ്രബന്ധമായിരുന്നു, ജുർഗൻ ഹേബർമാസിന്റെ ‘The Stuctural transformation of the Bourgeois public sphere’!) ദുർഗ്രഹമായ ചതുപ്പുനിലം (imcomprehensible morass) എന്നാണ് മറ്റൊരു പരിശോധകൻ ബൻയമിന്റെ പ്രബന്ധത്തെ വിളിച്ചത്. എന്തായാലും ബൻയമിന് ഫ്രാങ്ക്ഫർട്ട് സർവകലാശാലയിൽ ജോലി കിട്ടിയില്ല. അദ്ദേഹം സ്വതന്ത്രപണ്ഡിതനും ഇടതുചിന്തകനുമായി തന്റെ ബൗദ്ധികജീവിതം തുടർന്നു.
ലൂക്കാച്ചിന്റെ സ്വാധീനത്തിലും ബ്രഹ്തിന്റെ സൗഹൃദത്തിലും ബൻയമിൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1933-ൽ നാസിഭരണം നിലവിൽ വന്നപ്പോൾ അദ്ദേഹം പാരീസിലേക്കു പോയി. ഫ്രാങ്ക്ഫർട്ട് സ്‌കൂൾചിന്തകർ മാർക്‌സിസത്തിന്റെ പരമ്പരാഗത വഴികളുപേക്ഷിച്ചതോടെ ബൻയമിൻ അഡോണോ ഉൾപ്പെടെയുളളവരുമായി അകന്നു. 1940-ൽ ജർമനി ഫ്രാൻസിനെ കീഴടക്കിയപ്പോൾ സ്‌പെയിനിലേക്കു പലായനം ചെയ്യാൻ ശ്രമിച്ചു, ബൻയമിൻ. അവിടെ നിന്ന് അമേരിക്കയിലേക്കു പോകാനായിരുന്നു, അദ്ദേഹത്തിന്റെ പദ്ധതി. പക്ഷെ അതിർത്തിയിൽ പട്ടാളക്കാർ പരിശോധനക്കു തടഞ്ഞുനിർത്തിയപ്പോൾ, അവർതന്നെ ജർമ്മനിക്കു തിരിച്ചയച്ചേക്കുമെന്നു ഭയന്ന ബൻയമിൻ ആത്മഹത്യ ചെയ്തു.
ബൻയമിന്റെ ഏറ്റവും വിഖ്യാതമായ രചന ‘The work of art in the age of mechanical reproduction’ ആണ്. സൗന്ദര്യശാസ്ത്രവും സാമൂഹ്യചരിത്രവും തമ്മിലുളള ബന്ധം, Aura എന്നദ്ദേഹം പേരിട്ടുവിളിച്ച, കലാസൃഷ്ടികളുടെ ആചാരബദ്ധമായ ‘മൗലികത’യെക്കുറിച്ചുളള സങ്കല്പനം, കലയുടെ മൂല്യം കാലാതീതമല്ല എന്ന നിലപാട്, ‘മൗലികത’യെക്കുറിച്ചുളള മുഴുവൻ കാഴ്ചപ്പാടുകളെയും അട്ടമിറിക്കുന്ന മുതലാളിത്ത വിപണിയുടെയും യാന്ത്രിക പുനരുല്പാദനത്തിന്റെയും സാധ്യതകൾ എന്നിങ്ങനെ ഒരുപാട് വിഷയങ്ങളുടെ ചർച്ചയാണ് ഈ പ്രബന്ധം. ഫോട്ടോഗ്രഫി, സിനിമ എന്നിവയാണ് ബൻയമിൻ മുഖ്യമായും തന്റെ വിശകലനത്തിനു മാതൃകയാക്കിയത്. കലാനിർമാണത്തിലെ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് അവയുടെ സൗന്ദര്യമൂല്യങ്ങൾക്കും മാറ്റംവരും എന്നദ്ദേഹം നിരീക്ഷിച്ചു. ബ്രഹ്തിന്റെ അന്യവൽക്കരണ സങ്കല്പത്തോടിണക്കി, ചലച്ചിത്രത്തിന്റെ കലാനുഭവത്തെ ബൻയമിൻ വിശദീകരിച്ചു. ഫാഷിസവും കമ്യൂണിസവും ചലച്ചിത്രത്തിന്റെ വിപരീത ധ്രുവങ്ങളിലുളള രാഷ്ട്രീയ സാധ്യതകളുപയോഗിച്ച സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടി പ്രതിലോമപരവും പുരോഗമനപരവുമായ തലങ്ങളിൽ ജനങ്ങൾക്ക് കലാസ്വാദനപ്രക്രിയയിൽ പങ്കാളിത്തവും നിർവാഹകത്വവുമുണ്ടാകുന്നതിന് സാങ്കേതികത എത്രമാത്രം അനിവാര്യമാണെന്നദ്ദേഹം ചർച്ചചെയ്യുന്നു. അതുകൊണ്ടുതന്നെ വിപണിയും കലാനിർമാതാക്കളും കുത്തക മുതലാളിത്ത താൽപര്യങ്ങളും ലക്ഷ്യങ്ങളും വച്ചുപുലർത്തുമ്പോൾതന്നെ, കലയുടെ ജനാധിപത്യവൽക്കരണം നടപ്പാക്കുന്നുവെന്ന് ബൻയമിൻ സിദ്ധാന്തിച്ചു.
അഡോണോ 1936 മാർച്ച് മൂന്നിന് വാൾട്ടർ ബൻയമിനെഴുതിയ ഒരു കത്തിൽ തുടക്കമിടുകയും 1938 ലെഴുതിയ ‘On the Fetish character in music and the regression of listening’ എന്ന ലേഖനത്തിൽ വിപുലീകരിക്കുകയും ചെയ്ത ആശയമാണ് സംസ്‌കാരവ്യവസായം. ബൻയമിന്റെ ‘The work of art in the age of mechanical reproduction’നുളള മറുപടിയായാണ് ’38ലെ ലേഖനം അഡോണോ എഴുതിയത് (J.R. Bernstein, 2007 (1991), 4). എങ്കിലും ഹോക്മീറുമായി ചേർന്ന് 1947ലെഴുതിയ ഗ്രന്ഥത്തിലെ ലേഖനത്തിലാണ് ‘സംസ്‌കാരവ്യവസായ’ത്തിന്റെ തത്വചിന്താപരവും ചരിത്രപരവുമായ വിശകലനം അഡോണോ നടത്തുന്നത്. ജ്ഞാനോദയത്തിൽ യുക്തികൊണ്ട് മനുഷ്യൻ പ്രകൃതിക്കും മിത്തിക് ശക്തികൾക്കും മേൽ നേടിയ വിജയം, അവയുടെതന്നെ പുതിയ രൂപങ്ങൾക്ക് കൂടുതൽ കീഴടങ്ങുന്ന അവസ്ഥ സംജാതമാക്കിയിരിക്കുന്നുവെന്ന വിമർശനമാണ് അഡോണോ ഉയർത്തുന്നത്.
ചരിത്രം, സ്വാതന്ത്ര്യം, സമത്വം, വികസനം തുടങ്ങിയവയെക്കുറിച്ച് മാർക്‌സിസവും മുതലാളിത്തവും പുലർത്തിയ വീക്ഷണങ്ങളുടെ വ്യത്യാസമാണ് ഏറ്റവും ലളിതമായിപ്പറഞ്ഞാൽ സംസ്‌കാരവ്യവസായത്തെക്കുറിച്ചുളള അഡോണോവിന്റെയും ഹോക്മീറിന്റെയും നിലപാടുകളുടെ അടിത്തറ. ക്ലാസിക്കൽ മാർക്‌സിസ്റ്റ് ചിന്തയുടെ മുഴുവൻ സിനിസിസവും അവരുടെ ആശയങ്ങളിൽ പ്രകടമായി. സംസ്‌കാരവ്യവസായം ഫാഷിസത്തിനു സമാനമായ രാഷ്ട്രീയാവസ്ഥ ഉദാരജനാധിപത്യവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രങ്ങളിൽ സൃഷ്ടിക്കുമെന്ന കാഴ്ചപ്പാട് ഇതിന്റെ ഫലമാണ്.
ആധുനിക മുതലാളിത്ത സമൂഹത്തിന്റെ സാമ്പത്തികഘടന, ജ്ഞാനോദയത്തിന്റെ സ്വയം നാശത്തിനുളള വഴിയൊരുക്കുന്നുവെന്നും, മുതലാളിത്തത്തിനു കീഴിൽ മുഴുവൻ ഉല്പാദനവും വിപണിക്കുവേണ്ടിയാണെന്നും മനുഷ്യന്റെ ആവശ്യങ്ങളും താൽപര്യങ്ങളുമനുസരിച്ചല്ല, ലാഭത്തിനുവേണ്ടിയും കൂടുതൽ മൂലധനമാർജ്ജിക്കുന്നതിനുവേണ്ടിയുമാണ് ഈ ഉല്പാദനം നടക്കുന്നതെന്നും അഡോണോ ചൂണ്ടിക്കാണിച്ചു. ഉപയോഗത്തിലുപരി കൈമാറ്റത്തിൽ ഊന്നുന്ന ഉല്പാദനം, മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവമാണ്. കലയും സംസ്‌കാരവും ജ്ഞാനോദയത്തിന്റെ സയുക്തികമായ പരിണതികൾക്കു നൽകിയ സംഭാവനകൾക്ക് സംസ്‌കാരവ്യവസായം വൻ തിരിച്ചടി നൽകിയിരിക്കുകയാണെന്ന് അഡോണോയും ഹോക്മീറും സിദ്ധാന്തിച്ചു. ബൂർഷ്വാകല സ്വയം നിർണീതമായ കലയാണെന്നും (autonomous art) അത് അടിച്ചമർത്തപ്പെട്ടവരുടെ കലയല്ലെന്നും അഡോണോ പറയുന്നു. ഉന്നത കല(high art)യുടെ പുരോഗമനസ്വഭാവങ്ങളാണ് പ്രസക്തം. ലളിതകല (light art) ഗൗരവമുളള കലയുടെ ചീത്ത സാമൂഹിക മനഃസാക്ഷിയാണ്. ഉന്നതം, അധമം എന്ന വിഭജനം സമകാലിക സമൂഹത്തിൽ പൊതുവും സവിശേഷവുമായ ഒന്നാണ്. സംസ്‌കാരവ്യവസായത്തിൽ സംസ്‌കാരം മറ്റേതൊരു ഉല്പന്നത്തെയും ചരക്കിനെയും പോലെ ഉല്പാദിപ്പിക്കപ്പെടുകയാണ്. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ അവശ്യഘടകങ്ങളിലൊന്നായി സാംസ്‌കാരികോല്പാദനം മാറിക്കഴിഞ്ഞിരിക്കുന്നു.
1930-കളിൽ അമേരിക്കൻ സ്റ്റുഡിയോകൾ ചലച്ചിത്ര വ്യവസായരംഗത്തു നേടിയ ആഗോള കുത്തകയായിരുന്നു അഡോണോവിനും ഹോക്മീറിനും മുന്നിലുണ്ടായിരുന്ന ഏറ്റവും പ്രശസ്തമായ സംസ്‌കാരവ്യവസായരംഗം. വൻകിട സ്ഥാപനങ്ങളുടെ ഈ ഇടപെടലിനെ 1910-ൽ തന്നെ ആസ്ട്രിയൻ മാർക്‌സിസ്റ്റായിരുന്ന റുഡോൾഫ് ഹിൽഫെർഡിംഗ് ‘സംഘടിത മുതലാളിത്തം’ (organised capitalism) എന്നു വിളിച്ചിരുന്നു(Douglas Kellner, 2004, 204). ഫോർഡിസം (Fordism) എന്നു വിളിക്കപ്പെട്ട അവസ്ഥയും കാലവും മറ്റൊന്നായിരുന്നില്ല. മൂലധനകേന്ദ്രിതത്വത്തിനൊപ്പം, കുത്തകവൽക്കരണം സൃഷ്ടിച്ച ആഗ്രഹങ്ങളുടെയും അഭിരുചികളുടെയുമൊക്കെ നിർമാണതന്ത്രങ്ങളെക്കൂടിയാണ് ഈ സംജ്ഞ അർഥമാക്കുന്നത്. ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും വ്യാപനം, ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും ഒരേനിരപ്പിൽ ക്രമീകരിച്ച ഈയവസ്ഥയെ ‘വ്യക്തിയുടെ അന്ത്യം’ (the end of the individual) എന്നാണ് ഫ്രാങ്ക്ഫർട്ട്‌സ്‌കൂൾചിന്തകർ വിശേഷിപ്പിച്ചത്. സാമൂഹ്യ, സാംസ്‌കാരിക മുന്നേറ്റങ്ങളെ ത്വരിപ്പിക്കുന്നത് ഇനിമേൽ വ്യക്തികളായിരിക്കില്ല, ഭീമൻ സ്ഥാപനങ്ങളും സംഘടനകളുമായിരിക്കും എന്ന് അവർ ചൂണ്ടിക്കാണിച്ചു. ഡഗ്ലസ് കെൽനർ എഴുതുന്നു : ‘The culture industry thesis described both the production of massified cultural products and homogenized subjectivities. Mass culture for the Frankfurt school produced desires, dreams, hopes, fears and longings, as well as unending desire for consumer products. the culture industry produced cultural consumers who would consume its products and conform to the dictates and the behaviours of the existing society’ (2004, 4). ആധുനിക മുതലാളിത്തത്തിന്റെ സാംസ്‌കാരികയുക്തിയായി സംസ്‌കാരവ്യവസായത്തെ അവതരിപ്പിക്കുകയാണ് അഡോണോയും ഹോക്മീറും ചെയ്തത്. ഡഗ്ലസ് കെൽനർ വിശദീകരിക്കുന്നതു നോക്കുക : ‘During the 1930’, the Frankfurt school developed a critical and transdisciplinary approach to cultural and communication studies, combining critique of political economy of the media, analysis of texts, and audience reception studies of the social and ideological effects of mass culture and communications. They coined the term ‘culture industry’ to signify the process of the industrialization of mass-produced culture and the commercial imperatives that drove the system. The critical theorists analyzed all mass-mediated cultural artifacts within the context of industrial production, in which the commodities of the culture industries exhibited the same features as other products of mass production: commodification, standardization and massification. The culture industries had the specific function, however, of providing ideological legitimation of the existing capitalist societies and of integrating individuals into the framework of its social formation (2004:202-203).
എന്താണ് സംസ്‌കാരം എന്ന ചോദ്യത്തിൽ നിന്നാണ് അഡോണോയും ഹോക്മീറും തുടങ്ങുന്നത്. ‘ദൈനംദിനജീവിതത്തിനാവശ്യമുളളതിൽ നിന്നു വ്യത്യസ്തമായതെല്ലാം സംസ്‌കാരമാണ്’, അഡോണോ എഴുതി. ‘സംസ്‌കാരവും പ്രായോഗിക ജീവിതവും തമ്മിൽ അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. സംസ്‌കാരം ദൈനംദിന ജീവിതത്തിന്റെ വിമർശനമുൾക്കൊളളുന്നു. (ഇത് സാംസ്‌കാരികപഠനങ്ങൾ മുന്നോട്ടുവയ്ക്കുന്ന സംസ്‌കാരനിർവചനത്തിനു കടകവിരുദ്ധമാണ്. ആർനോൾഡ് ബന്നറ്റിന്റെയും റെയ്മണ്ട് വില്യംസിന്റെയും മറ്റും സംസ്‌കാരനിർവചനങ്ങൾ ഓർക്കുക.) മാക്‌സ് വെബ്ബറെയാണ് സംസ്‌കാരചിന്തകളിൽ അഡോണോ ഏറ്റവുമധികം ആശ്രയിക്കുന്നത്. ദൈനംദിന ജീവിതവുമായി നിർണായകമായ അകലം പാലിക്കേണ്ടതിനു പകരം മാധ്യമങ്ങൾ സംഗീതം, ചിത്രകല തുടങ്ങിയ സംസ്‌കാര/കലാരൂപങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നു. അങ്ങനെ കലയുടെ മൂല്യം നശിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കു വഹിക്കുന്നു. ഈ ശ്രമത്തിൽ ജ്ഞാനോദയത്തിന്റെ സാധ്യതകളെ കാട്ടാളത്തത്തിന്റെ സാധ്യതകളാക്കി മാറ്റുകയാണ് യഥാർഥത്തിൽ മാധ്യമങ്ങൾ ചെയ്യുന്നത്’-അഡോണോ പറയുന്നു. ‘സംസ്‌കാരവ്യവസായ’ത്തിന്റെ കേന്ദ്രാശയം ഇതാണ്. ‘Culture Industry is the constellation of entertainment business that produce film, television, radio, magazines and popular musical phenomena created by mass technology in which the lines between art, advertising and propaganda blur’.
‘ചലച്ചിത്രത്തെയും റേഡിയോവിനെയുമൊന്നും ഇനിമേൽ കലയായിത്തന്നെ പരിഗണിക്കേണ്ടതില്ല. അവ ഉല്പാദിപ്പിക്കുന്ന ചവറുകളെ ന്യായീകരിക്കുന്നതിനായി അവ വെറും കച്ചവടമാണെന്ന സത്യത്തെ ഒരു പ്രത്യയശാസ്ത്രമായി തിരിച്ചറിയുക മാത്രമേ വേണ്ടൂ’- ദൈനംദിന ജീവിതത്തിലേക്ക് കലയെ ‘വലിച്ചിഴയ്ക്കുക’ വഴി അതിന്റെ മൂല്യം നശിപ്പിക്കുന്ന സംസ്‌കാരവ്യവസായത്തെക്കുറിച്ച് അഡോണോയും ഹോക്മീറും എഴുതി. കലയുടെ സാമൂഹിക പ്രയോജനപരതയെക്കുറിച്ചുളള അവസാന സംശയവും ഇല്ലാതാക്കുംവിധം വലുതാണ് ചലച്ചിത്രസംവിധായകരുടെ വരുമാനത്തുകയെന്നും ഇവർ ഓർമ്മിപ്പിക്കുന്നു. സ്വാഭാവികമായും സംസ്‌കാരവ്യവസായം, കലനിർമ്മിക്കുകയല്ല, ഹെന്റിഫോർഡ് കാറുണ്ടാക്കുന്നതുപോലെ ഉല്പന്നങ്ങൾ പടച്ചുവിടുകമാത്രമാണു ചെയ്യുന്നത്.
മാധ്യമം ഏതായാലും കലയെ കച്ചവടമാക്കുന്ന കാര്യത്തിൽ അവതമ്മിൽ യാതൊരു വ്യത്യാസവുമില്ല. ‘Under monopoly, all mass culture is identical’ എന്ന് അഡോണോ. സിനിമയെക്കുറിച്ച് അഡോണോയും ഹോക്മീറും പുലർത്തുന്ന അഭിപ്രായം ഇങ്ങനെ പോകുന്നു: ‘യഥാർഥ ജീവിതവും സിനിമയും തമ്മിലുളള വ്യത്യാസം ഇല്ലാതാകുന്നു. പ്രേക്ഷകർക്ക് വിഭാവനം ചെയ്യാനുളള മുഴുവൻ സാധ്യതകളും ശബ്ദസിനിമ അടച്ചുകളയുന്നു’. സിനിമ, ചിന്തയെ അസാധ്യമാക്കുംവിധം ശബ്ദവും ബഹളവും നിറഞ്ഞതാണെന്നുവരെ ഇവർ കുറ്റാരോപണം നടത്തുന്നുണ്ട്. സാങ്കേതിക വിസ്മയങ്ങളിലൂടെ സിനിമ അളവറ്റ വിനോദം സൃഷ്ടിക്കുന്നുവെന്നതു ശരിയാണെങ്കിലും പ്രേക്ഷകർ വൻതോതിൽ അപമാനവീകരിക്കപ്പെടുകയാണെന്ന് ഇവർ സൂചിപ്പിക്കുന്നു.
ജാസ് സംഗീതത്തെക്കുറിച്ച് അഡോണോ എഴുതിയ പഠനം, ഒരു അക്കാദമിക് പണ്ഡിതൻ നാളതുവരെ എഴുതിയ ഏറ്റവും കുപ്രസിദ്ധമായ സംസ്‌കാരവിശകലനമാണെന്നു വിമർശിക്കുന്നു, കീത് ടെസ്റ്റർ (1994). അഡോണോവിന്റെ ദന്തഗോപുരനിലപാടുകളുടെ പാരമ്യം ഈ പഠനത്തിൽ കാണാം. ജാസ്‌സംഗീതത്തിന്റെ പുതുമകളോ കലാപസ്വഭാവങ്ങളോ അഡോണോ മുഖവിലയ്‌ക്കെടുത്തില്ല. പകരം, ലാഭകരമായതിനാൽ സംസ്‌കാരവ്യവസായം കൊണ്ടാടുന്ന ഒരു ക്ഷുദ്രവ്യാപാരമായി മാത്രം അതിനെ പരിഗണിച്ചു.
വാൾട്ടർ ബൻയമിൻ സാംസ്‌കാരിക ജനാധിപത്യത്തിനുവേണ്ടി വാദിച്ചപ്പോൾ അഡോണോ സാംസ്‌കാരിക വരേണ്യവാദത്തിന്റെ വക്താവായി തുടർന്നു. കലാസൃഷ്ടിയുടെ ‘ഓറ’യായി അഡോണോ കണ്ട മൂല്യം യാന്ത്രികപുനരുല്പാദനത്തിലും വിതരണത്തിലും കൂടി നഷ്ടപ്പെടുന്ന ഒന്നായിരുന്നു. ‘മൂല’ത്തെ ആശ്രയിച്ചുനിൽക്കുന്ന ‘മൂല്യ’ത്തിന്റെ മൗലികത. ബൻയമിനാകട്ടെ, ഈ മൂല്യത്തെ തകർക്കുന്ന സാംസ്‌കാരികാവസ്ഥയെയാണ് സ്വാഗതം ചെയ്തത്. കലയുടെ മൂല്യം അതിന്റെ കുത്തകസ്ഥാപിക്കലിലോ വരേണ്യവൽക്കരണത്തിലോ നിഗൂഢതയിലോ അല്ല, ജനാധിപത്യവൽക്കരണത്തിലാണ് എന്ന് ബൻയമിൻ വാദിച്ചു. സാങ്കേതികത, മാധ്യമങ്ങൾ, വിപണി എന്നിവ ഈ ജനായത്തവൽക്കരണത്തിന്റെ വഴികളായി; ഫോട്ടോഗ്രഫി, ‘മൊണാലിസ’യുടെ ഏകഛത്രാധിപത്യം അവസാനിപ്പിച്ചതുപോലെ. ‘അതോടെ കല ഒരാചാരമെന്ന നിലവിട്ട് രാഷ്ട്രീയമായി’, ബൻയമിൻ എഴുതി. ‘ഓറ’യുടെ നഷ്ടമെന്ന ബൻയമിന്റെ പരികല്പന, ഫലത്തിൽ ദിവ്യത്വം ആരോപിക്കപ്പെട്ടിരുന്ന, വ്യക്ത്യതീതവും കാലാതീതവും സമൂഹനിരപേക്ഷവും ചരിത്രബാഹ്യവുമായിരുന്ന കലാസങ്കല്പത്തിന്റെതന്നെ നിരാസമായി മാറി. മൗലികത (originality), പ്രതിഭ (genius), ആധികാരികത (authenticity) തുടങ്ങിയ ഘടകങ്ങളെ റദ്ദാക്കുകവഴി യാന്ത്രികപുനരുല്പാദനം കലകളെ ജനാധിപത്യവൽക്കരിച്ചു എന്നതിനർഥം, ഫാഷിസത്തിന്റെ തന്നെ മൂല്യങ്ങളായ മേല്പറഞ്ഞ ഘടകങ്ങളെ കലകൾ റദ്ദാക്കി എന്നാണ്. ‘രക്തശുദ്ധി’യുടെയും’വംശശുദ്ധി’യുടെയും ഉറവിടങ്ങളും മേല്പറഞ്ഞ ഘടകങ്ങൾ തന്നെയാണല്ലോ. സാങ്കേതികത, വിപണിവൽക്കരണം എന്നിവ ചേർന്ന് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് കല ഫ്യൂഡൽ-മുതലാളിത്തഘട്ടങ്ങളിൽ പുലർത്തിയ ‘ആചാരപരത’ ‘രാഷ്ട്രീയ’ത്തിനു വഴിമാറുന്നത്. പക്ഷെ അഡോണോ ഈ വാദങ്ങളംഗീകരിച്ചില്ല.
‘Culture Industry’ എന്ന് പ്രബന്ധത്തിൽ അഡോണോ പറയുന്നു: ‘ഉപഭോക്താക്കളെ മുകളിൽനിന്നു നിശ്ചയിക്കുന്ന പ്രവർത്തനമാണ് സംസ്‌കാരവ്യവസായം. ഉന്നത കലയും അധമകലയും തമ്മിലുളള ഒരൊത്തുതീർപ്പിനാണ് സംസ്‌കാരവ്യവസായം ശ്രമിക്കുന്നത്. സഹസ്രാബ്ദങ്ങളായി നിലനിന്നുപോന്ന ഒന്നാണ് ഇവ തമ്മിലുളള വ്യത്യാസം. ഈ ഒത്തുതീർപ്പ് ഇവ രണ്ടിനെയും നശിപ്പിക്കുന്നു’ (2006:98).
സംസ്‌കാരവ്യവസായത്തെക്കുറിച്ച് 1947-ൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ‘Culture Industry’ എന്ന ആശയം സൂചിപ്പിക്കാൻ ‘Mass Industry’ എന്ന വാക്കാണ് അഡോണോയും ഹോക്മീറും ഉദ്ദേശിച്ചിരുന്നത്. Mass Industry എന്ന വാക്ക് ആൾക്കൂട്ടത്തിൽനിന്നു സ്വാഭാവികമായി ജനിക്കുന്ന സംസ്‌കാരം എന്ന ധാരണ ജനിപ്പിക്കുമെന്നതിനാൽ ആദ്യ ഡ്രാഫ്റ്റിൽ ഉപയോഗിച്ച ആ വാക്കുമാറ്റി പകരം Culture Industry എന്ന വാക്ക് ഉപയോഗിക്കുകയായിരുന്നു തങ്ങളെന്ന് മേല്പറഞ്ഞ പ്രബന്ധത്തിൽ അഡോണോ സൂചിപ്പിക്കുന്നുണ്ട്. Mass Industry എന്ന വാക്ക് Popular culture എന്ന അർഥത്തിൽ ഉപയോഗിക്കുന്ന സാഹചര്യം ചൂണ്ടിക്കാണിക്കുന്നുമുണ്ട്, അഡോണോ. ഈ രണ്ടു വാക്കുകളും തമ്മിൽ വലിയ അന്തരമുണ്ട്. Popular culture-നാണ് Culture Industry-യുമായി കൂടുതൽ അടുപ്പം. അങ്ങനെ Mass Industry-യും Culture Industry-യും ജനിപ്പിക്കുന്ന അർഥം വിരുദ്ധ ധ്രുവങ്ങളിലാണെന്നുതന്നെ വരുന്നു. ആൾക്കൂട്ടത്തിന്റെ ഉപയോഗത്തിനായി വിപണി സൃഷ്ടിക്കുന്ന സംസ്‌കാരരൂപങ്ങളും മാതൃകകളും യഥാർഥത്തിൽ ‘സ്വാഭാവികമായ’ ആൾക്കൂട്ടസംസ്‌കാരമല്ല. സാങ്കേതികവിദ്യ, സാമ്പത്തിക മൂലധനം, ഭരണനിയന്ത്രണം, വിതരണം, പരസ്യം എന്നിങ്ങനെ വലിയൊരു സംസ്‌കാരശൃംഖലതന്നെ രൂപപ്പെടുത്തി വിനിമയം ചെയ്യപ്പെടുന്ന സാംസ്‌കാരികോല്പന്നങ്ങളാണ് അതിലുളളത്. ‘Culture IndustryReconsidered’ ൽ അഡോണോ എഴുതുന്നു : ‘The customer is not king, as the culture industry would have us believe, not its subject, but its object. The very word mass media, specially honed for the culture industry, already shifts the accent onto harmless terrain. Neither is it a question of primary concern for the masses, nor of the techniques of communication as such, but of the spirit which sufflates them, their master’s voice. The culture industry misuses its concern for the masses in order to duplicate, reinforce and strengthen their mentality, which it presumes is given and unchangeable. How this mentality might be changed is excluded throughout. The masses are not the measure but the ideology of the culture industry, even though the culture industry itself could scarcely exist without adapting to the masses’ (2006, 99).
‘The work of art in the age of mechanical reproduction’ൽ ഉന്നയിക്കപ്പെട്ട ബൻയമിന്റെ ആശയങ്ങൾ മുൻപുതന്നെ (1938-ൽ) അഡോണോ സംഗീതവ്യവസായത്തെ മുൻനിർത്തി ഖണ്ഡിച്ചിട്ടുണ്ട് എന്ന് സൂചിപ്പിച്ചല്ലോ. ഈ പ്രബന്ധത്തിൽ അക്കാര്യങ്ങൾ മറ്റൊരു വിധത്തിൽ ആവർത്തിക്കുന്നു. ‘The concept of technique in the culture industry is only in name identical with technique in work of art. In the latter, technique is concerned with the internal origanization of the object itself, with its inner logic. In contrast, the technique of the culture industry is, from the beginning, one of distribution and mechanical reproduction, and therefore always remains external to its object…. Adopting Benjamin’s designation of the traditional work of art by the concept of aura, the presence of that which is not present, the culture industry is defined by the fact that it does not strictly counterpose another principle to that of aura, but rather by the fact that it conserves the decaying aura as a foggy mist. By this means, the culture industry betrays its own ideological abuses’ (2006:101-102).
സംസ്‌കാരവും കലയും സൃഷ്ടിക്കാവുന്ന ജനാധിപത്യപരമായ സാമൂഹികാവസ്ഥയെക്കുറിച്ചുളള ബൻയമിന്റെ വാദങ്ങൾ ഭാഗികമായി അംഗീകരിച്ചുകൊണ്ടും സംസ്‌കാരവ്യവസായത്തെക്കുറിച്ചു തങ്ങളുന്നയിച്ച മിക്കവാറും ആശയങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ടും അഡോണോ എഴുതുന്നു :
‘The total effect of the culture industry is one of anti-enlightenment, in which, as Horkheimer and I have noted, enlightenment, that is the progressive technical domination of nature, becomes mass deception and is turned into a means for fettering consciousness….. If the masses have been unjustly reviled from above as masses, the culture industry is not among the least responsible for making them into masses and then despising them, while obstructing the emancipation for which human beings are as ripe as the productive forces of the epoch permit’ (2006:106).
ജ്യോതിഷം, സംഗീതം എന്നിവയെ മുൻനിർത്തി അമേരിക്കൻ മാധ്യമ-സംസ്‌കാര വ്യവസായമണ്ഡലങ്ങൾ സൃഷ്ടിക്കുന്ന അയുക്തികതകളുടെ രാഷ്ട്രീയം അഡോണോ വിശദീകരിക്കുന്നതെങ്ങനെ എന്നുകൂടി ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ‘The stars down to earth’ എന്ന ഗ്രന്ഥത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു, ജ്യോതിഷത്തെക്കുറിച്ചുളള അഡോണോയുടെ വിമർശനങ്ങൾ. 1952-53 കാലത്തെ ലോസ് ഏഞ്ചലസ് ടൈംസ് പത്രത്തെയാണ് ജ്യോതിഷവിമർശനത്തിന് അഡോണോ മാതൃകയാക്കുന്നത്. ആധിപത്യസ്വഭാവമുളള അയുക്തികത, ജ്ഞാനോദയാധുനികതയുടെ അവിഭാജ്യഘടകങ്ങളിലൊന്നാണെന്നു സൂചിപ്പിച്ചുകൊണ്ട്, സംസ്‌കാരവ്യവസായവും ഈ അയുക്തിക സംസ്‌കാരവും തമ്മിലുളള ബന്ധം അഡോണോ വിശകലനം ചെയ്യുന്നു.
യുക്തിബോധത്തിനു മുൻതൂക്കമുളള ഒന്നായി പൊതുവെ ആധുനികതയെ കാണാറുണ്ട്. ജ്ഞാനോദയത്തിന്റെ ബൃഹദാഖ്യാനങ്ങളിലൊന്നുതന്നെയായും യുക്തി കരുതപ്പെടുന്നു. അതേസമയംതന്നെ ശാസ്ത്രത്തോടും സാങ്കേതികതയോടും യുക്തിചിന്തയോടും കലഹിക്കുന്ന നിരവധി അയുക്തികതലങ്ങളും മതമൗലികവാദവും ആധ്യാത്മിക പാരിസ്ഥിതികതയും മറ്റും വളർന്നുവന്ന സാഹചര്യവും ഇതുതന്നെയാണ്. ജ്യോതിഷം സൃഷ്ടിക്കുന്ന മാനസികഭാവങ്ങൾ സംസ്‌കാരവ്യവസായത്തിലെ ഇതര രൂപങ്ങൾ സൃഷ്ടിക്കുന്ന ഫാഷിസത്തിനു തുല്യമാണെന്ന് അഡോണോ വാദിക്കുന്നു. അയുക്തികളും അന്ധവിശ്വാസങ്ങളും പ്രാഥമികം, ദ്വിതീയം എന്നിങ്ങനെ രണ്ടുതലങ്ങളിലുണ്ടെന്നു ചൂണ്ടിക്കാണിക്കുന്ന അഡോണോ ജ്യോതിഷത്തെ ‘ദ്വിതീയാന്ധവിശ്വാസം’ എന്നാണു വിളിക്കുന്നത്. വ്യക്തിപരമെന്നതിനെക്കാൾ സ്ഥാപനപരവും വസ്തുപരവും സാമൂഹ്യവുമാണത്.
സംഗീതപഠനങ്ങൾ അഡോണോവിന്റെ രചനകളിൽ പകുതിയിലധികം വരും. ആധുനിക സംഗീതത്തെക്കുറിച്ച് സാമൂഹ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ഇത്രയധികം ചർച്ചകൾ നടത്തിയവർ മറ്റാരുമില്ല. ഹെഗൽ, മാർക്‌സ്, ഫ്രോയ്ഡ് എന്നിവരാണ് സംഗീതവിമർശനത്തിലും അഡോണോവിനു മാർഗദർശകർ. ശാസ്ത്രീയ, ജനപ്രിയ സംഗീതശാഖകളെ അഡോണോ വിശദമായ പഠനങ്ങൾക്കു വിധേയമാക്കി. ബൂർഷ്വാസമൂഹത്തിന്റെ സാംസ്‌കാരിക സ്വഭാവം പേറുന്ന ഒരു സംഗീതശൈലിയെയും അദ്ദേഹം അംഗീകരിച്ചില്ല.
ഫ്യൂഡൽ കാലഘട്ടത്തിൽ കലകൾ സ്വതന്ത്രമായ സാമൂഹികസ്ഥാപനമായിരുന്നില്ല, രാജസദസുകളിലും ദേവാലയങ്ങളിലും നിന്നു രൂപംകൊണ്ടവയായിരുന്നു. ജ്ഞാനോദയ കാലത്താണ് കല പുരോഗമനാത്മകവും സാമൂഹിക സ്ഥാപനമെന്ന നിലയിൽ സ്വതന്ത്രവുമായിത്തീർന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കല സർവതന്ത്ര സ്വതന്ത്രമായ ഒരു സാംസ്‌കാരിക മണ്ഡലമായി മാറി. കലാകാരൻ ഭരണകൂടത്തിന്റെയും പൗരോഹിത്യത്തിന്റെയും നിയന്ത്രണത്തിൽനിന്നു മുക്തനായി. പൊതു, സമൂഹജീവിതത്തിൽ നിന്നുളള വിടുതിപ്രഖ്യാപനം കൂടിയായി ഒരർഥത്തിൽ ആധുനികകലാകാരന്റെ ഈ സ്വാതന്ത്ര്യം മാറുന്നുണ്ട്. ആധുനികവും യുക്ത്യധിഷ്ഠിതവും സാങ്കേതികവുമായ സമൂഹകലകൾ വ്യക്തിനിഷ്ഠമൂല്യങ്ങളുടെ സ്വതന്ത്രാഖ്യാനങ്ങളുടേതായി. ആധുനികതയുടെ പ്രതിസന്ധിയായി അഡോണോ കാണുന്നത് വ്യക്തി-സമൂഹ താൽപര്യങ്ങളുടെ ഈ സംഘർഷത്തെയാണ്.
‘ പ്രത്യയശാസ്ത്രം, സാമൂഹികസ്ഥലം, അധികാരം, വൈയക്തികതയുടെ രൂപീകരണം’ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി സംഗീതത്തെ പഠിച്ചവർ വിരളമാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട്, അഡോണോയുടെ സംഗീതപഠനങ്ങളെ എഡ്വേർഡ് സെയ്ദ് വിശകലനം ചെയ്യുന്നുണ്ട് (1992, 4-6).
സംഗീതശാസ്ത്രത്തിന്റെ സാങ്കേതികത, ജർമൻ തത്വചിന്തയുടെ ആധിക്യം, ആധുനികതയുടെ പൊതുസങ്കീർണത, ഭാഷാപരമായ ക്ലിഷ്ടത, ആഖ്യാനത്തിലെ വൈരുധ്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തി, സമൂഹവും സംഗീതവും തമ്മിലുളള ബന്ധം വിശദീകരിക്കുന്നതിൽ അഡോണോ സ്വീകരിക്കുന്ന രീതിശാസ്ത്രവും താത്വിക നിലപാടുകളും അതിസങ്കീർണമാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് (Robert W.Witkin, 1999).
ബീഥോവൻ, റിച്ചാർഡ് വാഗ്നർ, ഗുസ്താവ് മഹ്‌ലർ, ആർനോൾഡ് ഷോവൻ ബർഗ്, ഇഗോർ സ്ട്രാവിൻസ്‌കി തുടങ്ങിയവരുടെ സംഗീതത്തെ ആധുനികതയുടെ പശ്ചാത്തലത്തിൽ വിമർശിക്കുന്ന അഡോണോ ജാസ്‌സംഗീതത്തെ മുൻനിർത്തിയാണ് സംസ്‌കാരവ്യവസായചർച്ചയുടെ വലിയൊരുഭാഗം രൂപപ്പെടുത്തുന്നത്.
സംസ്‌കാരരൂപങ്ങളുടെ സ്ഥാപനഘടന, വിപണിസ്വരൂപം, ഉപഭോഗരീതികൾ, പാഠപരത എന്നിങ്ങനെ എത്രയെങ്കിലും തലങ്ങളിലേക്കു വ്യാപിക്കുന്ന ‘സംസ്‌കാരവ്യവസായ’ചർച്ചകൾക്ക് വലിയ തുടർച്ചകൾതന്നെ യൂറോ-അമേരിക്കൻ അക്കാദമികളിലുണ്ടായി. ലോവൻതാളിന്റെ ജനപ്രിയസാഹിത്യ, മാസികാപഠനങ്ങൾ, ഹെർസോഗിന്റെ റേഡിയോ പരമ്പരപഠനം തുടങ്ങിയവ ചൂണ്ടിക്കാണിക്കുന്നു, ഡഗ്ലസ് കെൽനർ. സിനിമ, സാഹിത്യം, രംഗ-ദൃശ്യ-ശ്രാവ്യ കലകൾ, മാധ്യമങ്ങൾ, ഇതര ബഹുജന സംസ്‌കാരമണ്ഡലങ്ങൾ എന്നിങ്ങനെ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകാലത്തും ലോകത്തെവിടെയുമുണ്ടായ സംസ്‌കാരപഠനങ്ങളിൽ സംസ്‌കാരവ്യവസായചർച്ച അനിവാര്യമായ ഒരു കാഴ്ചപ്പാടുതന്നെയായി നിലനിൽക്കുകയാണ്. ഫ്രാങ്ക്ഫർട്ട്‌സ്‌കൂൾ ചിന്തകരിൽ അഡോണോയുടെ പിന്തുടർച്ച ഏറ്റെടുത്ത ഹേബർമാസിന്റെ പൊതുമണ്ഡല(public sphere) സംവാദങ്ങൾക്ക് സംസ്‌കാരവ്യവസായവുമായുളള ബന്ധം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് (Douglas Kellner, 2004). സ്വകാര്യ, മുതലാളിത്ത മാധ്യമങ്ങൾ പൊതുമണ്ഡലത്തിന്റെ ശിഥിലീകരണത്തിനു വഴിവയ്ക്കുന്നതിനെക്കുറിച്ചാണല്ലോ ഹേബർമാസ് സൂചിപ്പിക്കുന്നത്. ബഹുരാഷ്ട്ര കുത്തകകൾ മാധ്യമമണ്ഡലം കോളനീകരിക്കുന്നതിനെക്കുറിച്ചുളള ഹേബർമാസിയൻ ചിന്തകൾ ആ അർഥത്തിൽ സംസ്‌കാരവ്യവസായസങ്കല്പനത്തിന്റെ തുടർച്ചയാണെന്നു പറയാം. സിനിമയും അച്ചടിമാധ്യമങ്ങളും മുതൽ നവ, സാമൂഹ്യ മാധ്യമങ്ങൾ വരെയുളളവ ഇതിനുദാഹരണമാണ്. ‘The whole world is made to pass through the filter of the culture industry’ എന്ന് അഡോണോയും ഹോക്മീറും 1947-ൽ എഴുതിയത് ഇന്നും പ്രസക്തമാണെന്നർഥം.
ആധുനികതയുടെ പശ്ചാത്തലത്തിൽ അഡോണോ രൂപപ്പെടുത്തിയ സാംസ്‌കാരിക സിദ്ധാന്തങ്ങളും ‘വിമർശനാത്മക സിദ്ധാന്തങ്ങളും’ ‘സംസ്‌കാരവ്യവസായ’മെന്ന സങ്കല്പനത്തെ ആധാരശിലതന്നെയാക്കുന്നുണ്ട്. സംസ്‌കാരവ്യവസായത്തെ വലിയൊരളവോളം ഋണാത്മകമായി മാത്രം കാണുന്ന അഡോണോയുടെ കാഴ്ചപ്പാടുകൾ ആധുനികാനന്തര സംസ്‌കാരചിന്തയിൽ സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യുന്നു. ജനപ്രിയസംസ്‌കാരത്തെ തിരസ്‌കരിക്കുകയും ആധുനികതയെ പ്രതിരോധിക്കുകയും സംസ്‌കാരത്തിൽ വരേണ്യവാദത്തെ ഉയർത്തിപ്പിടിക്കുകയും കലയുടെ ജനാധിപത്യ വൽക്കരണത്തെ എതിർക്കുകയും ചെയ്തു, അഡോണോ എന്ന ധാരണ സൃഷ്ടിക്കുന്നിടത്തോളം ഈ വിമർശനം ചെന്നെത്തിയിട്ടുമുണ്ട്.
സാങ്കേതികവിദ്യയുടെ ഗുണപരമായ മുന്നേറ്റം, സംസ്‌കാരരൂപങ്ങളുടെ വൈവിധ്യം, ബഹുജനമാധ്യമങ്ങളുടെ പുരോഗമനപരമായ സ്വഭാവങ്ങൾ, രാഷ്ട്രീയ ദൗത്യങ്ങൾ എന്നിവയൊന്നും അഡോണോ കണക്കിലെടുക്കുന്നില്ല എന്ന് നിരീക്ഷിക്കുന്നു, ഡഗ്ലസ് കെൽനർ. മുതലാളിത്തത്തിന്റെ മുന്നേറ്റങ്ങൾക്കെതിരായ സമരങ്ങളെ കണക്കിലെടുക്കുന്നില്ല എന്നും, രാജിയാകലിന്റെയും നിരാശപ്പെടലിന്റെയും രാഷ്ട്രീയമാണ് അഡോണോവിന്റേത് എന്നും തുറന്നടിക്കുന്നു, അദ്ദേഹം (2004).
മാർക്‌സിസത്തെ ആശ്രയിക്കുന്നതിൽ അഡോണോ പ്രകടിപ്പിക്കുന്ന ചാഞ്ചല്യവും പരക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഭരണവർഗത്തെ തൂത്തെറിയാൻ അധ്വാനവർഗത്തിനു കഴിയുമെന്ന മാർക്‌സിന്റെ അടിസ്ഥാന നിലപാടിൽ വിശ്വാസമർപ്പിക്കാൻ അഡോണോവിനും ഹോക്മീറിനും കഴിഞ്ഞില്ല. ജനപ്രിയസംസ്‌കാരത്തിന്റെ ഏകപക്ഷീയമായ നിരാകരണവും സംസ്‌കാരവ്യവസായചിന്തകരുടെ വലിയൊരു പരിമിതിയായി ഇന്നു കണക്കാക്കപ്പെടുന്നു. സംസ്‌കാരവ്യവസായമെന്ന പരികല്പനയുടെ പ്രസക്തികളും പരിമിതികളും ഇങ്ങനെ സംഗ്രഹിക്കാം.
പ്രസക്തികൾ
- വ്യവസായാധുനികതയുടെ സാംസ്‌കാരികയുക്തിയെന്ന നിലയിൽ ഉയർന്നുവന്ന രാഷ്ട്രീയവിമർശനം. ആധുനികതയിൽ രൂപംകൊണ്ട് ആധുനികാനന്തരതയിൽ കൂടുതൽ പ്രാധാന്യം നേടുന്ന സൈദ്ധാന്തിക വിവക്ഷകളിലൊന്നാകുന്നു, സംസ്‌കാരവ്യവസായം. സാഹിത്യം, കലകൾ, മാധ്യമങ്ങൾ, സിനിമ, സാങ്കേതികവിദ്യ തുടങ്ങിയ മണ്ഡലങ്ങളെക്കുറിച്ചുളള ഒരു പഠനവും ‘സംസ്‌കാരവ്യവസായ’ചർച്ച കൂടാതെ ഇന്നു ഫലപ്രദമാകുകയില്ല.
- ഉദാരജനാധിപത്യം, ഫാഷിസം എന്നിവ തമ്മിലുളള വൈരുധ്യത്തിന്റെ സാംസ്‌കാരികയുക്തികളിലൊന്ന്. സംഗീതം മുതൽ സിനിമ വരെയുളളവ ഉദാരജനാധിപത്യത്തിനു കീഴിൽ ഫാഷിസത്തിനു വഴിവയ്ക്കുമെന്ന വാദം.
- വരേണ്യ-ജനകീയ കലകളും സംസ്‌കാരങ്ങളും തമ്മിൽ ഉടലെടുത്ത വൈരുധ്യങ്ങളുടെ സന്ദർഭം വിശദീകരിക്കുന്നു.
- വിപണി, കലകൾക്കും സംസ്‌കാരങ്ങൾക്കും മേൽ നേടുന്ന മേൽക്കോയ്മയുടെ വിമർശനം ലക്ഷ്യമിടുന്നു.
- ക്ലാസിക്കൽ മാർക്‌സിസ്റ്റ് വീക്ഷണത്തിൽനിന്നു ഭിന്നമായി പാശ്ചാത്യ, നവമാർക്‌സിസ്റ്റ് വീക്ഷണങ്ങളവതരിപ്പിച്ച സാംസ്‌കാരികവിശകലനസമീപനം.
- പ്രത്യയശാസ്ത്ര സർവാധിപത്യം, അധീശഭരണകൂടം, മുതലാളിത്ത വിപണി എന്നിവ കലകളെയും സംസ്‌കാരങ്ങളെയും ‘ഉപകരണയുക്തി’കളാക്കി മാറ്റുന്നതിന്റെ അപഗ്രഥനം.
- കലയുടെയും സംസ്‌കാരത്തിന്റെയുമൊക്കെ ജനാധിപത്യവൽക്കരണപ്രക്രിയയെക്കുറിച്ച് മാർക്‌സിസ്റ്റ് രീതിശാസ്ത്രങ്ങൾക്കുളളിൽ തന്നെ ഉടലെടുത്ത ഭിന്ന നിലപാടുകൾ എന്ന നിലയിൽ ബൻയമിൻ-അഡോണോ സംവാദത്തിന്റെ പ്രാധാന്യം.
- സാങ്കേതികതയെ സംശയദൃഷ്ടിയോടെ കാണുന്ന സമീപനമെന്ന രീതിയിൽ പിൽക്കാലത്ത് വില്യംസ്-മക്‌ലൂഹൻ സംവാദമുൾപ്പെടെയുളളവയ്ക്കു നൽകിയ പ്രേരണ.
- ജനപ്രിയസംസ്‌കാരത്തെ വിമർശിക്കാൻ ആർനോൾഡിയൻ, ലീവിസൈറ്റ് ലിബറൽ സംസ്‌കാരവാദങ്ങൾക്കു സമാന്തരമായി മാർക്‌സിസ്റ്റു ചിന്തകർ രൂപപ്പെടുത്തിയ വിചാരപദ്ധതി.
- കോർപ്പറേറ്റ് മാധ്യമ, സാംസ്‌കാരിക കുത്തകകളുടെ കാലം പൊതുമണ്ഡലത്തിനു സൃഷ്ടിച്ച ശിഥിലീകരണത്തെക്കുറിച്ചുളള ഹേബർമാസിയൻ ചിന്തകൾക്കു പ്രചോദനമായ ആശയധാര.
പരിമിതികൾ
- പൊതുമേഖലാ മാധ്യമങ്ങൾക്കും മുതലാളിത്ത, ജനപ്രിയ മാധ്യമങ്ങൾക്കുമുളള പുരോഗമനപരവും നിർമാണാത്മകവുമായ തലങ്ങൾ സംസ്‌കാരവ്യവസായചർച്ച പരിഗണിക്കുന്നില്ല.
- കൊളോണിയലിസത്തിന്റെയും വിപണിസംസ്‌കാരത്തിന്റെയും വിമോചനമൂല്യങ്ങൾ നിരാകരിക്കുന്നു.
- പ്രത്യയശാസ്ത്ര, മത, മൗലികവാദങ്ങൾക്കെതിരെ ജനാധിപത്യപരവും ജനപ്രിയസംസ്‌കാരബദ്ധവുമായ പ്രതിരോധങ്ങൾ സൃഷ്ടിക്കാനുളള കലകളുടെ സാധ്യതകളെ കണ്ടില്ലെന്നു നടിക്കുന്നു.
- സ്വകാര്യവൽക്കരണം കലാ, മാധ്യമമണ്ഡലങ്ങളിൽ സൃഷ്ടിക്കുന്ന ജനാധിപത്യപരമായ മാറ്റങ്ങൾ പരിഗണിക്കുന്നില്ല.
- സാങ്കേതികതയുടെ വിപ്ലവകരമായ വിമോചന സാധ്യതകളെ ഗുണപരമായി കാണുന്നില്ല.
- ജനപ്രിയസംസ്‌കാരത്തെ സമ്പൂർണമായും നിരാകരിക്കുന്നു.
Reference
- Adorno, Theodor, 2001 (1994), The Stars down to earth and other essays on the irrational culture, Routledge.
- Adorno, Theodor, 2006 (1991), The Culture Industry: selected essays on mass culture, Routledge.
- Adorno and Horkheimer, 2002, Dialectic of Enlightenment, Stanford University press.
- Chris Barker, 2000, Cultural Studies, Theory and Practice, Sage.
- Craig Calhoun, 1992, Habermas and the public sphere, MIT press.
- Douglas Kellner, 1995, Media culture, Routledge.
- Toby Miller & Robert Stam, 2004, ‘Culture Industries’ in ‘ A companion to Film theory’, Blackwell.
- Hesmondhalgh, D, 2002, The Cultural Industries, Sage.
- Jeff Lewis, 2002, Cultural Studies – The Basics, Sage.
- John Storey, 2001, Cultural Theory and Popular Culture, Pearson.
- Keith Tester, 1994, Media, Culture and Morality, Routledge.
- Robert W. Witkin, 1999, Adorno on Music, Routledge.
- Said, Edward, 1992, Musical Elaborations, Vintage.
- Simon During (ed.), 1995, The Cultural Studies Reader, Routledge.
- Steinert, H, 2003, Culture Industry, Cambridge, Polity.
- Vincent B. Leitch (Gen.ed.), 2001, Norton Anthology of Theory and Criticism, W.W. Norton.
Be the first to write a comment.