സിനിമ ഒരു കല എന്നത് പോലെ ഒരു വ്യവസായവുമാണ്; ഒരു പക്ഷേ കലയെന്നതിൽ ഉപരി വ്യവസായമാണ്. നടീനടന്മാരും സാങ്കേതിക വിദഗ്ധരും തൊട്ട് ലൈറ്റ് ബോയിയും ചായക്കാരനും പാചകക്കാരും സെറ്റിലെ പണിക്കാരും തൊട്ട്  crew1ഗതാഗത മേഖലയിലെ തൊഴിലാളികൾ വരെ അടങ്ങുന്ന വൻസംഖ്യ വരുന്ന ഒരു മനുഷ്യസമൂഹം ഈ വ്യവസായവുമായി ബന്ധപ്പെട്ട് പുലരുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമയുടെ മുഖ്യധാരയെ ഒരു വ്യവസായമായി കാണുന്നതാവും ഭദ്രം. അങ്ങനെയെങ്കിൽ ഇറങ്ങുന്ന ഓരോ സിനിമയും ഒരു ഉല്പന്നമാണ്. ജനങ്ങളുടെ പൾസ് അറിയാവുന്ന തിരക്കഥാകൃത്ത്, സംവിധായകർ തുടങ്ങി കച്ചവട സിനിമ വാഴ്ത്തു മൊഴികൾ കൊണ്ട് മൂടുന്ന വ്യക്തികൾ യഥാർത്ഥത്തിൽ  അതാത് തൊഴിലിലെ വൈദഗ്ധ്യം കൂടാതെ വിപണി വൈദഗ്ദ്ധ്യം കൂടിയുള്ളവരാകേണ്ടതുണ്ട് എന്ന് ചുരുക്കം.

കച്ചവടത്തിലെ ബാലപാഠമാണ് ഉപഭോക്താവിനെ ചോദ്യം ചെയ്യുകയോ അവരുമായി കലഹിക്കുകയോ ചെയ്യാതെ അവർക്ക് ഒപ്പം സഞ്ചരിക്കുക എന്നത്. അവർക്ക് ആവശ്യമുള്ളത് നല്കുക എന്നതിനൊപ്പം നിലനില്ക്കുന്ന താൽപര്യങ്ങളിൽ നിന്ന് ഭാവി ആവശ്യങ്ങളെ മുൻകൂട്ടി കാണുകയും അത്തരം ഉൽപന്നങ്ങൾ ഇറക്കി അതാത് മേഖലയിലെ ആദ്യ സംരംഭകൻ എന്ന ആനുകൂല്യം നേടിയെടുക്കുകയും ഒക്കെ ഇവിടെ അതിജീവനത്തിന്റെ ഭാഗമാണ്. ഇവിടെവച്ച് സിനിമ എന്ന വ്യവസായം പൊതുബോധവുമായി കലഹിക്കുക, അതിനെ ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യുക തുടങ്ങിയ  കലയുടെ ആദർശങ്ങളുമായി തെറ്റിപ്പിരിയുന്നു. സിനിമ പൊതുസമൂഹവുമായി പുലർത്തുന്ന വിപണിസൗഹൃദ ബന്ധം പുലർന്നു പോകുന്നത് അതിനെ അങ്ങനെ തന്നെ പ്രതിനിധാനം ചെയ്തുകൊണ്ടാണ്. ഈ സിനിമ നിങ്ങളുടെ കഥയാണ്, ഇതിലെ കഥാപാത്രങ്ങൾ നിങ്ങൾ തന്നെയാണ് എന്ന ജനപ്രിയ  പരസ്യവാചകം  ശ്രദ്ധിക്കുക. സംഘിവൽക്കരിക്കപ്പെട്ട ഒരു പൊതു സമൂഹത്തിലെ നിങ്ങളുടെ കഥ സംഘിയുടെ കഥയാകുന്നതും, അതിലെ കഥാപാത്രങ്ങൾ സംഘികൾ ആകുന്നതും സ്വാഭാവികമല്ലേ?

അതായത് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സാംസ്കാരിക – രാഷ്ട്രീയ – സൗന്ദര്യശാസ്ത്രപരമായ ധാരണകളെ  പ്രതിനിധാനത്തിലൂടെ സാധൂകരിക്കുകയും, ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്നവയെ നേരത്തെ boxofficeകണ്ടറിഞ്ഞ് ആദ്യ പ്രചാരകർ ആവുകയും ചെയ്യുക എന്നതാണ് സിനിമ എന്ന ഉല്പന്നത്തിന്റെ വിജയ സമവാക്യം. അതിന് കഴിയാത്ത സിനിമകളുടെ അനിവാര്യമായ വിധിയാണ് കാഴ്ചക്കാരെ തേടി അലയുക എന്നത്. അത്തരം സിനിമകൾക്ക് കാഴ്ചക്കാരേ ഇല്ല എന്നതല്ല. ചിതറിക്കിടക്കുന്ന ആ പ്രേക്ഷക സമൂഹത്തിലേയ്ക്ക് വേറിട്ട ഒരു സിനിമയെ എത്തിക്കണമെങ്കിൽ അതിന് വേറിട്ട്‌ ഒരു വിപണിയും കണ്ടെത്തേണ്ടിവരും എന്നതാണ് ഇവിടത്തെ പ്രായോഗിക സമസ്യ. വിപണി എന്നത് കൂടുതൽ കൂടുതൽ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന പില്കാല മുതലാളിത്തത്തിന്റെ കാലഘട്ടത്തിൽ അത് കൂടുതൽ കഠിനമാവുകയല്ലാതെ  തീരെ എളുപ്പമാകില്ല. ഈയൊരു ഭൗതീകവും ചരിത്രപരവുമായ  അവസ്ഥയെ ഉപയോഗിച്ചാണ് വിപണി കലയ്ക്ക് മുകളിലുള്ള അതിന്റെ പിടി മുറുക്കുന്നത്.

[button color=”” size=”” type=”square” target=”” link=””]വിപണി, പൊതുബോധം, കല:[/button] വിപണി  രൂപം കൊള്ളുന്നതും നിലനില്ക്കുന്നതും പൊതുബോധത്തിന് അനുരൂപമായാണ് എന്ന് സാമാന്യാർത്ഥത്തിൽ പറയാവുന്നതാണ്. എന്നാൽ ചില പ്രത്യേക അവസ്ഥകളിൽ പൊതുബോധവുമായുള്ള കലഹത്തിനും വിപണിസാദ്ധ്യത ഉണ്ടാകാം. പക്ഷേ അത് അക്കങ്ങളുടെ കളിയിലൂടെ രൂപപ്പെടുന്ന ഒന്നാണ് എന്ന് മാത്രം. രണ്ടായാലും മുടക്കുമുതൽ തിരികെ ലഭിക്കുക എന്ന കമ്പോളത്തിന്റെ അതിജീവന സമവാക്യത്തെ വിട്ട് അത് ഒരു ഉല്പന്നത്തിന്റെ പക്ഷത്ത് നിലകൊള്ളുകയില്ല എന്നത് വ്യക്തം.

വൻ മുതൽമുടക്കില്ലാതെ, കലാകാരന്റെ വ്യക്തിഗത പ്രതിഭയെയും അർപ്പണത്തെയും മാത്രം ആശ്രയിച്ച് സാക്ഷാത്കരിക്കാവുന്ന കലകൾക്ക് വിപണിയെയും, അതിലൂടെ പൊതുബോധത്തെയും നിഷേധിച്ചുകൊണ്ട് ഒരു പരിധിവരെ നിലനില്ക്കാനാവും. തന്റെ സാഹിത്യപ്രപഞ്ചത്തിന്റെ kafka-c-4കയ്യെഴുത്തുപ്രതി ‘കത്തിച്ചുകളയാ’നായി ഒരു സുഹൃത്തിനെ ഏല്പിക്കാൻ കാഫ്കയ്ക്ക് പറ്റിയത് അത് സംഭവിച്ചാൽ തന്നെ കത്തിത്തീരുന്നത് ഒരു വ്യക്തിയുടെ സാംസ്കാരിക മൂലധനം മാത്രമാണ് എന്നതുകൊണ്ടാവാം. കാഫ്ക തന്നെ ആവിഷ്കരിച്ചത് സാഹിത്യത്തിലല്ല സിനിമയിൽ ആയിരുന്നുവെങ്കിൽ അത് അത്ര ലളിതമാവുകയില്ലായിരുന്നു. ഒരു എഴുത്തുകാരൻ തന്റെ ജീവിതകാലം കൊണ്ട് എഴുതിയത് കത്തിച്ചു കളയാൻ സുഹൃത്തിനെ ഏൽപ്പിക്കുന്നത് ലളിതമായ ഒരു തീരുമാനം ആണ് എന്നല്ല. കൈമാറുന്നത് സാഹിത്യത്തിനുപകരം സിനിമയാവുമ്പോൾ മൂലധനം തൊട്ട് കർതൃത്വം വരെ പ്രശ്നമാകും എന്നാണ് പറഞ്ഞുവരുന്നത്.

ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് മറ്റ് കലകളിൽ നിന്ന് വ്യത്യസ്തമായി സിനിമ എന്ന മാദ്ധ്യമം കലാകാരന് വേറിട്ട ഒരു വെല്ലുവിളിയാവുന്നത്. സാഹിത്യം, കവിത, സംഗീതം, ശില്പം തുടങ്ങി സാങ്കേതിക കലകൾ വരെ ഉൾചേരുന്ന ഒരു മാദ്ധ്യമം എന്ന നിലയിൽ സിനിമയുടെ ആവിഷ്കാര സാദ്ധ്യതകൾ അനന്തമാകുന്നെങ്കിൽ അതിന് സമാന്തരമായി സംഭവിക്കുന്ന പ്രായോഗിക അപകടമാണ് വിപണിക്ക്, അതുവഴി പൊതുബോധത്തിന് അതിന്മേൽ കൈവരുന്ന വിലപേശൽ ശേഷി. അതായത് ഒരു കലാരൂപം എന്നതിലപ്പുറം സിനിമയിലേക്ക് വിപണിവഴി പൊതുബോധം നിയന്ത്രണങ്ങൾ എത്തിക്കുന്നത് സിനിമാനിർമ്മാണം ആവശ്യപ്പെടുന്ന വൻ മൂലധന നിക്ഷേപത്തിലൂടെയാണ്. ഇൻസ്റ്റലേഷൻ ആർട്ട് പോലുള്ള പുതിയ കലാരൂപങ്ങൾinstallation-c-3 രേഖീയമായ ആഖ്യാനം വിട്ട് ഇത്തരം സങ്കരങ്ങളുടെ സാദ്ധ്യതയിലേക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. പക്ഷേ അവിടെയും കാൻവാസും ചായവും മിനിമം ആവശ്യമായിരുന്ന ചിത്രകാരനുണ്ടായിരുന്ന, തടിയോ കളിമണ്ണോ കല്ലോ മതിയായിരുന്ന ശില്പിയ്ക്കുണ്ടായിരുന്ന വിപണിനിരപേക്ഷവും, അതിലൂടെ പോതുബോധാതീതവുമായ അസ്തിത്വ സാദ്ധ്യത ആനുപാതികമായെങ്കിലും നഷ്ടപ്പെടുന്നും ഉണ്ട്.

[button color=”” size=”” type=”square” target=”” link=””]സിനിമയെടുക്കലെന്ന നിത്യഹരിത സിനിമാപ്രമേയം[/button] സിനിമ എന്ന സ്വപ്നത്തെ പിന്തുടരുന്ന കലാകാരൻ തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന പ്രായോഗിക പരീക്ഷകൾ സിനിമയിൽ എന്നും ആവർത്തിയ്ക്കപ്പെട്ടിരുന്ന പല പ്രമേയങ്ങളിൽ ഒന്നാണ്. അത് തീർച്ചയായും സിനിമയെ ഗർഭം ധരിക്കുകയും അതിനെ പ്രസവിക്കുകയും ചെയ്യുന്നതിനിടയിലുള്ള സൃഷ്ടിപരമായ വേദനകളുടെ, സ്വപ്നത്തിനും സാക്ഷാത്കാരത്തിനും ഇടയിലുള്ള ചരിത്രഘട്ടത്തിന്റെ നാടകീയതയുടെ ആവിഷ്കാര സാദ്ധ്യതകൾ  കൊണ്ട് തന്നെയാവണം. സിനിമയിൽ അത് പക്ഷേ ബിംബങ്ങളെ, കഥാ മുഹൂർത്തത്തെ, വർണ്ണത്തെ, വടിവിനെ തേടിയുള്ള കലാകാരന്റെ ആത്മീയ തപസ്സിലുപരി നിർമ്മാതാവിനെ സംഘടിപ്പിക്കുക, താരങ്ങളെ മേയ്ക്കുക, വിതരണക്കാരെ വിശ്വാസത്തിൽ എടുക്കുക തുടങ്ങിയ അതിഭൗതീക ഭംഗികൾ ഒന്നും ഇല്ലാത്ത തനി ഭൗതീക അദ്ധ്വാനമാണ്. വീണ്ടും പറയട്ടെ, ഇത് മറ്റ് കലകളിൽ തീർത്തും അന്യമാണെന്നല്ല, താരതമ്യേനെ സിനിമയിൽ വളരെ കൂടുതൽ ആണെന്നും, അതിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നത് അതിന്റെ മൂലധന സമ്മർദ്ദമാണെന്നും മാത്രമാണ്.

മലയാള സിനിമ എടുത്താൽ ഈ സമീപകാലത്ത്  ഒരുപാട് തവണ ആവർത്തിക്കപ്പെട്ട ഒരുuntothedesk പ്രമേയമാണ് ഇതെന്ന് കാണാം. പതിവ് സമവാക്യ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ‘ഓഫ് ബീറ്റ്’ എന്ന് വിളിക്കാവുന്ന സിനിമകൾ എടുക്കാൻ ശ്രമിക്കുന്നവരുടെ പരാജയങ്ങളുടെ, അവർ നേരിടുന്ന അവഗണനകളുടെ, പരിഹാസങ്ങളുടെ, ചതികളുടെ കഥകളാണ് മിക്കവാറും ഇവ.  അതിന് കാരണം കാര്യം ഫലത്തിൽ ഒന്നാണെങ്കിലും അതിന്റെ വിശദാംശങ്ങൾ സദാ മാറിക്കൊണ്ടിരിക്കും എന്നതാണ്.

ഇത് ഒപ്പം മറ്റൊരു വസ്തുതയിലേക്ക് കൂടി വിരൽ ചൂണ്ടുന്നു. ഓഫ് ബീറ്റ് സിനിമകൾക്ക് പണ്ട്  ഇവിടെ പരിമിതമെങ്കിലും  അതിന്റേതായ ഒരു സമാന്തര വിപണി ഉണ്ടായിരുന്നു. അതിൽ നിലനിന്നുകൊണ്ട് പല സിനിമകൾ എടുത്ത  നിരവധി ചലച്ചിത്രകാരന്മാരും ഉണ്ടായിരുന്നു. അടൂർ, അരവിന്ദൻ, ജോൺ എബ്രഹാം തുടങ്ങിയjohnabrham പലരും വിപണി  സമവാക്യങ്ങളുമായി സന്ധി ചെയ്യാതെ തന്നെ  സിനിമകൾ എടുത്തിരുന്നവരാണ്. അപ്പോൾ ഇടക്കാലത്ത്  പുതുതായി  സംഭവിച്ചത് അത്തരം സമാന്തര ഇടങ്ങൾ നഷ്ടമാവുക  എന്നതാവണം. മുഖ്യധാരാ, സമാന്തരധാരാ തുടങ്ങിയ വർഗ്ഗീകരണങ്ങളെ പോലും എലീറ്റിസം, വരേണ്യ ബോധം തുടങ്ങിയ പദങ്ങളാൽ പ്രശ്നവൽക്കരിക്കരിച്ച ഉത്തരാധുനിക ബുദ്ധിജീവികൾക്കാണ് ആ ഇല്ലായ്മ ചെയ്യലിന്റെ  ബഹുമതി. വിപണിയും പൊതുബോധവും ചേർന്ന് നിയന്ത്രിക്കുന്ന മുഖ്യധാര അത്തരം സമാന്തര ഇടങ്ങളെ പരിഹസിച്ച് ഇല്ലായ്മ ചെയ്തതോടെ ‘വേറിട്ട’ സിനിമ എടുത്താൽ അത് പെട്ടിയിൽ ഇരിക്കും എന്ന അവസ്ഥയായി.

[button color=”” size=”” type=”square” target=”” link=””]മാറ്റത്തിന്റെ ചെറുകാറ്റ്‌[/button] ഇന്ന് ആ അവസ്ഥയ്ക്ക് ചെറിയ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. എന്താണ് അതിന് കാരണം? നല്ലൊരു കഥയും അതിനൊത്ത തിരക്കഥയും ഉണ്ടെങ്കിൽ താരങ്ങളിൽ ഇല്ലെങ്കിലും സിനിമ ഓടും എന്ന സ്ഥിരം നിരീക്ഷണമാണോ? സിനിമ എന്നത് കഥയും തിരക്കഥയും അടങ്ങുന്ന കടലാസ് കെട്ടല്ലെന്നും, കടലാസിലെ സിനിമ ഭാവനയിലല്ലാതെ തിരശീലയിൽ കാണാൻ പറ്റില്ലെന്നും, അത് വാക്കുകളിലൂടെ വായിക്കപ്പെടേണ്ടതല്ല, ദൃശ്യങ്ങളിലൂടെ കണ്ടെടുക്കപ്പെടേണ്ടതാണെന്നും, കടലാസിൽ എഴുതിവച്ച എലുകയിൽ നിന്ന് ഒരു സിനിമ ഉണ്ടായി വരുന്നതിനിടയിൽ കാശ് മുതൽ ക്യാമറ ആങ്കിൾ വരെയുള്ള നിരവധി പ്രായോഗിക കടമ്പകൾ ഉണ്ട് എന്നുമൊക്കെയുള്ള സാമാന്യവിവരം പോലും ഉൾക്കൊള്ളാത്ത ഒരു പൊള്ളയായ നിരീക്ഷണമാണത്.

ഇവിടെ നടന്നത് കുറേ തിരക്കഥാകൃത്തുക്കൾ ഉണ്ടായി എന്നതല്ല. ഇടക്കാലത്ത് ചീമുട്ട എറിഞ്ഞും കൂകിവിളിച്ചും മലയാളി  ആഘോഷിച്ച, അവരുടെ  ഏറിനെയും കൂവലിനെയുംsanthoshpandit-c-2 തന്റെ താരമൂല്യമായി സ്വയം അസ്വദിച്ച ഒരു സങ്കീർണ്ണ വ്യക്തിത്വം, സന്തോഷ് പണ്ഢിറ്റ് തന്റെ സിനിമകളിലൂടെ തെളിയിച്ച ഒരു കാര്യമുണ്ട്. 5കോടിയും 50 കോടിയുമോന്നും വേണ്ട അഞ്ചോ എട്ടോ ലക്ഷങ്ങൾ കൊണ്ടും സിനിമ എടുക്കാമെന്ന്. അയാളുടെ സിനിമയുടെ നിലവാരം എന്തോ ആകട്ടെ. ഇവിടെ പ്രസക്തമായ ഒരു കാര്യം പ്രതിഭയും പ്രായോഗിക ജ്ഞാനവും ഉള്ള ഒരു പറ്റം മനുഷ്യരുടെ കൂട്ടായ്മ ഉണ്ടെങ്കിൽ കോടികൾ വേണ്ട, ലക്ഷങ്ങൾ മതി സിനിമയെടുക്കാൻ  എന്നതാണ്.

അതായത് വിപണിയുടെ സർവ്വാധിപത്യത്തിൽ നിന്ന് സിനിമ എന്ന സങ്കര സാങ്കേതിക കല വിടുതൽ നേടാൻ തുടങ്ങുന്നു എന്ന്. ഏതാണ്ട്  എട്ട്  ലക്ഷത്തിനുള്ളിൽ വരുന്ന ഒരു മൂലധനം അവലംബിച്ചാണ്  സുദേവൻ തന്റെ “ക്രൈം നമ്പർ 89” എന്ന സിനിമ എടുത്തത് എന്ന് കേൾക്കുന്നു. താൻ എടുത്ത രണ്ട് സിനിമകൾക്കുംkari-1 പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞ സനൽ എടുത്ത സിനിമകളും ‘കോടി’ സിനിമകൾ ആയിരുന്നില്ല. അതുപോലെ കന്യക ടാക്കീസ്, കരി തുടങ്ങി അടുത്ത കാലത്ത് ഒരുപാട് ശ്രദ്ധിക്കപ്പെട്ട ‘ഓഫ് ബീറ്റ്’ സിനിമകളും. പക്ഷേ അവ സാദ്ധ്യമായത് വിപണി ഒരു പുനർവിചിന്തനത്തിന് തയ്യാറായതുകൊണ്ടല്ല, മറിച്ച് സാങ്കേതിക വിദ്യയിലെ വികാസം വഴി സാദ്ധ്യമായ നിർമ്മാണ ചിലവിലെ കുറവും, കൂട്ടായ കലാസംരംഭം എന്ന നിലയിൽ സിനിമയുടെ സാംസ്കാരിക വീണ്ടെടുപ്പ് നല്കിയ ആത്മവിശ്വാസവും, പുതിയ വിതരണ മാർഗ്ഗങ്ങൾ തേടാനുള്ള സന്നദ്ധതയും ആണ് എന്ന് തോന്നുന്നു. ഇവിടെ ഈ ഓരോ  സിനിമയുടെയും തനത്  മൂല്യം എന്ന ഏകകത്തെക്കാൾ പ്രധാനമാണ് വേറിട്ട സിനിമ സാദ്ധ്യമാണ് എന്നത് നല്കുന്ന പൊതുവായ പ്രതീക്ഷ.

ഇവയൊന്നും ബോക്സ് ഓഫീസിൽ കോടികൾ കൊയ്തവയല്ല. എന്നാൽ  നിർമ്മാണ ചിലവ് ഏതാണ്ട് വീണ്ടെടുക്കാനായി എന്നതുകൊണ്ട് അവർക്ക് ഇനിയും സിനിമ എടുക്കാനാവും. അതിന് കാരണമായത് തിരക്കഥയല്ല, പ്രതിഭയുടെയും, സാങ്കേതിക പുരോഗതി തുറന്നിട്ട പുതിയ സാദ്ധ്യതകളുടെയും ഒരു സമന്വയമാണ്. വിപണി പോറ്റിവളർത്തി അനിഷേദ്ധ്യമാക്കിയ  പൊതുബോധം എന്ന വിശുദ്ധ പശുവിന്റെ, അതിന്റെ താരപരിവേഷങ്ങളുടെ, ആത്യന്തികതയുടെ  ഹത്യ, ‘കൊടിയ പാപമായ’ ആ  ഗോഹത്യയാണ് ഈ സമന്വയത്തിലൂടെ സാദ്ധ്യമായത്. അതിലാണ്, ആ കാറ്റിന്റെ ചലനശാസ്ത്രത്തിൽ മാത്രമാണ് പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉള്ളതും.
(തുടരും)
(ഒന്നാം അധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക – വെള്ളിത്തിര തിന്നുന്ന വിശുദ്ധപശു)

Comments

comments