കാട്ടിലെക്കിളീ നിന്റെ പാട്ടെന്നു ഞാൻ കേൾക്കുമീ-

ക്കാട്ടുതേൻ മധുരം എന്താണു? നിൻ കരച്ചിലോ?

കൂട്ടുകാരിയേ പ്രേമപൂർവം നീ പഴം തിന്നാൻ ,

കാട്ടാറിൽക്കളിക്കുവാൻ പുണരാൻ വിളിപ്പതോ?

വാനത്തെച്ചുംബിക്കുന്ന മരങ്ങൾ, ചുറ്റിച്ചുറ്റി-

ച്ചൂഴുന്നവല്ലിക്കൂട്ടം, സ്വാദുള്ള പുൽപ്പൊന്തകൾ,

പുലികൾ ഇളംമഞ്ഞക്കാവിയിൽ തവിട്ടിലും

കറുപ്പക്ഷരങ്ങളാൽ കാടിനെപ്പകർത്തുവോർ

എത്ര പൂവുകൾ മുൻപുകാണാത്ത നിറങ്ങളിൽ

എത്രയോ സുഗന്ധങ്ങൾ ,എങ്കിലും മനുഷ്യർക്ക്

പെട്ടിയാണിഷ്ടം….വളരാത്ത നിർജീവം വൃക്ഷം.!

 

മണ്ണിന്റെ നീരൂറ്റുന്ന പുതു യൂക്കാലിക്കൂട്ടം ,

കണ്ണിന്നിന്നതും  വെറും പച്ചപ്പാണെന്നോ?

കാട്ടാറുകൾ,ചോലകൾ,വഴിക്കുളം കിണറും വറ്റു-

ന്നതിൻ നേരറിഞ്ഞാണോ കാട്ടുകിളി നീ കരയുന്നൂ?

 

 

Comments

comments