അസോസിയേറ്റ് ബാങ്കുകളുടെ ലയനവിരുദ്ധ സമരത്തിന്റെ ഗതിനിർണ്ണയത്തില്‍ നിർണ്ണായക പങ്കു വഹിക്കേണ്ടിയിരുന്ന രണ്ടു ദിവസങ്ങളായിരുന്നു ജൂലൈ പന്ത്രണ്ടും പതിമൂന്നും. മാസങ്ങൾക്കു മുൻപേ പൊതുജനങ്ങളെ അറിയിച്ചും എല്ലാത്തരത്തിലും നിയമപരവും സംഘടനാപരവുമായ രീതിയില്‍ സമരനോട്ടീസ് മാനേജുമെന്റിന് നല്കിയും തീരുമാനിച്ചു നടപ്പാക്കേണ്ടിയിരുന്ന രണ്ടു സമരദിനങ്ങള്‍…. എന്നാല്‍ സമരം നടക്കില്ല.. അവസാന നിമിഷം ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ. സ്റ്റേ എന്നത് അന്തിമ വിധി അല്ല. എങ്കിലും നീതിയുടെയും നൈതികതയുടെയും എല്ലാ സീമകളും ലംഘിച്ചു പൊതുമേഖല ബാങ്ക് ലയനം എന്ന ദേശവിരുദ്ധ നയത്തിന് ഊർജ്ജം പകർന്നുകൊണ്ടുള്ളതാണ് ഡൽഹി ഹൈക്കോടതിയുടെ ഈ ഇടപെടല്‍. സമരം സംബന്ധിച്ചുള്ള ഒരു വിവരങ്ങളും സാഹചര്യങ്ങളും പരിശോധിച്ചിട്ടോ പരിഗണിച്ചിട്ടോ ഉള്ള ഉത്തരവ് അല്ല എന്നത് പകൽ പോലെ വ്യക്തമാണ്‌.

ഒരു തൊഴിലാളി യൂണിയന്റെ പ്രവർത്തനങ്ങളിൽ, നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങളുടെ മേലുള്ള ജ്യുഡീഷ്യറിയുടെ നഗ്നമായ കടന്നുകയറ്റം. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യംചെയ്യുക എന്നല്ല, ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങളെ യാതൊരു സാങ്കേതികതകളും പാലിക്കാതെ റദ്ദു ചെയ്തുകൊണ്ടുള്ള ഏക പക്ഷീയമായ ഒരു വിധി. വളരെ അടിസ്ഥാനപരമായ ആശങ്കകൾ ഉണർത്തുന്ന ഒന്നാണ് അത്. തൊഴിലാളി യൂണിയനുകള്‍ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയിൽ നിർണായക സ്ഥാനം വഹിക്കുന്ന ഒന്നാണ്. തൊഴില്‍ നിയമങ്ങളുടെ പരിധിയിൽ നിന്ന് പ്രവർത്തിക്കുന്ന ഇവയാണ് അന്തസ്സോടെ തൊഴില്‍ ചെയ്തു ജീവിക്കാൻ ഇന്ന് നിലവിലുള്ള സാഹചര്യങ്ങൾ ഒരുക്കിത്തന്നത്. തൊഴില്‍ നിയമങ്ങൾ ഇല്ലാത്ത, എന്തിനു തൊഴിലാളികള്‍ പോലും വേണ്ടാത്ത, ലാഭം മാത്രം ആവശ്യമുള്ള ഒരു കിനാശ്ശേരി ആണല്ലോ കോർപ്പറേറ്റുകൾ സ്വപ്നം കാണുന്നത്. പക്ഷെ അതിനു കുടപിടിച്ചു കൊടുക്കേണ്ട കാര്യം ജുഡീഷ്യറിക്ക് ഉണ്ടോ എന്നുള്ളത് അത്ര നിസ്സാരമായ ഒരു ചോദ്യം അല്ല. നമ്മുടെ ഭരണഘടന നമുക്ക് തരുന്ന സുരക്ഷിത്വത്തിന്റെ ആണിക്കല്ലുകളില്‍ ഒന്നിന് തുരങ്കംവെയ്ക്കുന്ന നടപടി ആണ് ഈ ഇടക്കാല ഉത്തരവ്. അതിനെ തൊഴിലാളികൾ നിയമപരമായി നേരിടുക തന്നെ ചെയ്യും.

ഒരു സംസ്ഥാനത്തെ ജനതയുടെയും അതിലെ ജീവനക്കാരുടെയും വൈകാരികമായ താല്പര്യങ്ങൾക്കും അപ്പുറം ചിലത് ബാങ്ക് ലയനത്തിന് വിരുദ്ധമായുണ്ട്. എന്തിനു എന്ന അടിസ്ഥാന ചോദ്യത്തിന് ന്യായമായ ഒരു ഉത്തരം ഇല്ലാത്തത് തന്നെ അതില്‍ ആദ്യത്തേത്. എല്ലാ പാദങ്ങളിലും ലാഭം മാത്രം ബാലൻസ് ഷീറ്റിൽ ഉള്ള ഒരു ബാങ്കിനെ, ഒരു സംസ്ഥാനത്തെ ജനതയുടെ സാമ്പത്തിക ഇടപാടുകൾ ഇാഴചേർന്നു കിടക്കുന്ന വളരെ റീച്ച് ഉള്ള ഒരു പ്രാദേശിക ബാങ്കിനെ ഒരു ബഹുരാഷ്ട്രഭീമന്റെ എല്ലാ മാനറിസങ്ങളും അനുകരിച്ചനുകരിച്ച്, അങ്ങനെ ആയികൊണ്ടിരിക്കുന്ന എസ്ബിഐ-യില്‍ ലയിപ്പിച്ചിട്ട് എന്ത് ഗുണമാണ് അതാതു പ്രദേശത്തെ ജനതയ്ക്ക് ഉണ്ടാകുന്നത് എന്ന ചോദ്യത്തെ ആരും അഭിമുഖീകരിക്കുന്നില്ല. മറിച്ചു “രാജ്യവികസനത്തിന്‌ ബാങ്ക് ലയനം” എന്ന ഒരു ഒറ്റവരി വാചകം. സാധാരണക്കാരനെയും അവന്റെ നിശ്വാസങ്ങളെയും കണക്കിലെടുക്കാത്ത എന്ത് വികസനത്തെ പറ്റിയാണ് ഇവിടെ സംസാരിക്കുന്നത്? ആത്യന്തികമായി ആരുടെ പണം കൊണ്ട് ആര് വികസിക്കുന്ന കാര്യമാണ് പറയുന്നത് ???

ഭാരതത്തിലെ പൊതുമേഖല ബാങ്കുകള്‍ എന്തെങ്കിലും ഒരു ഭീഷണിയിൽ ആണെങ്കിൽ അതിന്റെ മുഖ്യ ഹേതു വർദ്ധിച്ചു വരുന്ന നിഷ്ക്രിയ ആസ്തികള്‍ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കിട്ടാക്കടങ്ങള്‍ ആണ്. 2004-നും 2015-നും ഇടയില്‍ ഇന്ത്യയിലെ പൊതുമേഖല ബാങ്കുകൾ എഴുതി തള്ളിയത് ഏകദേശം 2.11 ലക്ഷം കോടി രൂപ ആണ്. അതില്‍ തന്നെ 1.14 ലക്ഷം കോടി രൂപ 2014- 15 കാലയളവിലാണ് എഴുതി തള്ളിയത്. വിജയ്‌ മല്യ പോലുള്ള കുത്തക മുതലാളിമാരുടെയൊക്കെ എഴുതി തള്ളിയ കടങ്ങള്‍ ഇതിന്റെ എത്ര ഓഹരി വരും എന്നുള്ളത് ഇന്റർനെറ്റിൽ സാമാന്യ ജ്ഞാനം ഉള്ള ഏതൊരാൾക്കും മനസിലാക്കാവുന്നതേയുള്ളൂ.

ഇന്ന് ഇന്ത്യയിലെ പോതുമേഖലാ ബാങ്കുകളുടെ കിട്ടക്കടങ്ങളുടെ ആകെ മൂല്യം ഏകദേശം നാല് ലക്ഷം കോടിയില്‍ അധികം വരും. 2016 – 17 സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും കിട്ടക്കടങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കി തങ്ങളുടെ ബാലൻസ് ഷീറ്റ് എല്ലാ ബാങ്കുകളും ക്ലിയര്‍ ആക്കണം എന്ന കർശന നിർദ്ദേശം റിസർവ്വ് ബാങ്ക് എല്ലാ പൊതുമേഖല ബാങ്കുകൾക്കും നല്കിക്കഴിഞ്ഞു. അതിന്റെ ഭാഗമായുള്ള നിലനിൽപ്പിനായുള്ള പരാക്രമത്തില്‍ എസ്ബിഐ കണ്ടെത്തിയ ഒരു എളുപ്പ വഴിയാണ് അസോസിയേറ്റ് ബാങ്കുകളെ വിഴുങ്ങുകയും അതുവഴി അവയുടെ ബിസിനസ്സുകളും ആസ്തികളും തങ്ങളുടെ മൂലധനത്തിലെക്ക് ചേർത്തുകൊണ്ട് തങ്ങളുടെ നില ഭദ്രമാക്കുകയും ചെയ്യുക എന്നത്. അങ്ങനെ ഒരു ലയനം എന്നാല്‍ പൊതുമേഖല ബാങ്കുകൾ തന്നെയായ അസോസിയേറ്റ് ബാങ്കുകൾക്ക് ഒരു വിധത്തിലും താൽപ്പര്യമുള്ള ഒന്നല്ല. അവിടെ തന്നെ അത് പരസ്പര ധാരണയുടെ അതിരുകൾ ലംഘിക്കുന്നു. എസ് ബി ഐ അതില്‍ സ്വീകരിക്കുന്ന രീതി ആകട്ടെ അങ്ങേയറ്റം മ്ലേച്ഛവും നിന്ദ്യവും സാമാന്യ മര്യാദകളെ ലംഘിക്കുന്ന തരത്തിലുമാണ്. ഓഹരിയുടെ കാര്യങ്ങളിലും മറ്റും ലയനത്തിന് അനുകൂലമായ പല ഘടകങ്ങളും എസ് ബി ഐ-ക്ക് ഉണ്ട്.. പക്ഷെ കേവലം സാങ്കേതികതകളില്‍ അല്ലല്ലോ എല്ലാ കാര്യങ്ങളും തീർപ്പാകുക.

എസ്ബിഐയും കേന്ദ്രസർക്കാരും ഒരേപോലെ സാധാരണക്കാരന്റെ ഇടയിലേക്ക് പ്രചരിപ്പിച്ചു വിടുന്ന കല്ലുവെച്ച ഒരു നുണയാണ് വലിയ ബാങ്കുകള്‍ ആണ് വികസനത്തിന്റെ ആധാരശില എന്നത്. വലിയ ബാങ്കുകള്‍ ഉണ്ടെങ്കിലേ കുത്തകകള്‍ കച്ചവടത്തിന് വരികയുള്ളൂ എന്ന്. ഒരു ഭാഗത്ത്‌ മേയ്ക്ക് ഇൻ ഇന്ത്യ പോലുള്ള മേക്കപ്പ് പരിപാടികളും മറുഭാഗത്തുകൂടി കമ്പോളം വിദേശ ആധിപത്യത്തിന് തുറന്നു കൊടുക്കുകയും ചെയ്യുന്ന ഈ ബാങ്ക് ലയനം പോലെ ഒരു നടപടിയില്‍ ലാഭങ്ങള്‍ ഏറെയാണ്‌. ഇപ്പോള്‍ തന്നെ വലിയ ലോണുകൾ ബാങ്കുകൾ നൽകുന്നുണ്ട്. അത് പക്ഷെ കുറച്ചു ബാങ്കുകള്‍ ഒത്തുചേർന്ന് ഒരു കൺസോർഷ്യം രൂപീകരിച്ചാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഉള്ള ഒരു ഗുണം  പലനോട്ടങ്ങൾ ആ വായ്പയുടെ മേല്‍ ഉണ്ടാകും എന്നതാണ്. എന്നാല്‍ ഒരൊറ്റ വലിയ ബാങ്ക് ആണെങ്കിൽ എന്താകും സ്ഥിതി എന്നത് ഇപ്പോളത്തെ ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടത്തില്‍ ബഹുരാഷ്ട്ര ഭീമന്മാരുടെ പങ്കിന്റെ കണക്ക് പരിശോധിക്കുന്ന ആർക്കും മനസിലാക്കാവുന്ന ഒന്നാണ്. പോകുമ്പോള്‍ അടപടലെ പോകുക എന്ന് പറയുമ്പോലെ. 2008-ലെ ലോക സാമ്പത്തിക മാന്ദ്യത്തില്‍ ലോകമെമ്പാടും പല വമ്പന്‍ ബാങ്കുകളും തകർന്നു തരിപ്പണമാകുകയും പലതും കടപ്പെട്ടു പോകുകയും ചെയ്തപ്പോൾ ഇന്ത്യയില്‍ അത് അങ്ങേയറ്റം പരിമിതമായ തോതിൽ മാത്രമേ ബാധിച്ചുള്ളൂ. അതിനു കാരണം ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളുടെ വൈവിധ്യമാർന്ന സാന്നിധ്യം ആണെന്ന്  റിസർവ്വ് ബാങ്ക് ഗവർണ്ണർ ആയിരുന്ന രഘുറാം രാജന്‍ അടക്കമുള്ള സാമ്പത്തിക വിദഗ്ദ്ധർ അടിവരയിട്ടു ചൂണ്ടിക്കാണിക്കുന്നുണ്ട്. പിന്നെ എന്തിനാണ് ഈ “വലിയ ബാങ്കും വികസനവും” എന്ന നുണ ശില്പശാല ഇവര്‍ നടത്തുന്നത്?

ബാങ്ക് ലയനവും അതിന്റെ വസ്തുതകളും യാഥാർത്ഥ്യങ്ങളും ഒരുപാട് സുതാര്യമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടമാണ് ഇപ്പോൾ. അത് കൂടുതല്‍ ചർച്ച ചെയ്യപ്പെടട്ടെ. അതോടൊപ്പം തന്നെ ചർച്ച ചെയ്യപ്പെടേണ്ടതായ വേറെ ചിലത് കൂടി ഉണ്ട് ഈ ഹൈക്കോടതി വിധിയില്‍. ജനാധിപത്യസങ്കല്പം അടിസ്ഥാന ശിലമായുള്ള ഒരു രാജ്യത്ത് ഉടലെടുക്കുന്ന വ്യവഹാര തർക്കങ്ങള്‍ പരിഹരിക്കാനുള്ള ഉള്ള ഒരു ആധാരശിലയാണ് കോടതി എന്ന സങ്കല്പം. അതായതു എല്ലാവർക്കും ലഭ്യമാകേണ്ട നീതിയുടെ ഒരു ദല്ലാള്‍. പക്ഷെ സാധാരണക്കാരന്റെ വിയർപ്പ് മണക്കുന്ന ഒരു ജനതയുടെ സമ്പത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കകള്‍ ഉയരുമ്പോൾ അവയ്ക്ക് ചെവി കൊടുക്കാതെ കുത്തകകൾക്ക് അവയുടെ കടന്നാക്രമണത്തിന്റെ തോത് വർദ്ധിപ്പിക്കാന്‍ പ്രചോദനം ആകുന്ന ഒന്നാണ് ഹൈക്കോടതി വിധി. അത് വളരെ നിരാശാജനകവും അപലപനീയവുമാണ്. അങ്ങനെ ജനപക്ഷത്തു നില്ക്കാതെയുള്ള ഏതൊരു നടപടിയും ജനാധിപത്യത്തിന്റെ കേവല തിരസ്കരണമാണ്. ഇന്ന് ഭാരതത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പലതരം പരിസ്ഥിതി സമരങ്ങളും അത് പോലെയുള്ള ജനകീയ പോരാട്ടങ്ങളെയും ഒക്കെ ദുർബ്ബലപ്പെടുത്താൻ കാരണമാകുന്ന ഒന്നാകും ഈ വിധി.

ജനാധിപത്യസങ്കൽപ്പങ്ങളില്‍ ജുഡീഷ്യറി എവിടെ നില്ക്കുന്നു എന്നുള്ള കാതലായ ഒരു വിഷയത്തിലേക്ക് കൂടി ഡൽഹി ഹൈക്കോടതിയുടെ ഈ ഇടപെടൽ വെളിച്ചം വീശുന്നുണ്ട്. നീതിയും നിയമവും എപ്പോളും ഒന്നല്ല എന്നതും അത്തരം അസ്വാരസ്യങ്ങള്‍ വരുന്ന സന്ദർഭങ്ങളില്‍ ജനാധിപത്യ സങ്കല്പം എങ്ങനെ മുറിപ്പെടാതിരിക്കാം എന്നുമൊക്കെ ഉള്ള കാര്യങ്ങള്‍ ഒരുപാടു ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. സ്വകാര്യവത്ക്കരണം, കാവിവത്ക്കരണം,  വിദേശ കുത്തകകൾക്ക് കമ്പോളം തീറെഴുതി കൊടുക്കൽ എന്നിങ്ങനെയുള്ള ലളിത സുകുമാര കലകളില്‍ ഏർപ്പെട്ടിരിക്കുന്ന കേന്ദ്രസർക്കാരിനു ജനതാൽപ്പര്യം എന്ന വാക്കിനോടോ സങ്കൽപ്പത്തിനോടോ പ്രതിപത്തിയോ ആത്മാർത്ഥയോ ഉണ്ടാകണമെന്നില്ല. പക്ഷെ കോടതി അങ്ങനെ ആകരുത്. മുൻപെങ്ങുമില്ലാത്ത വിധം സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പലവിധം കടന്നു കയറ്റങ്ങളാൽ ആടിയുലയുന്ന ഒരു വ്യവസ്ഥയില്‍ ആണ് നമ്മള്‍. ഇപ്പോളത്തെ അവസ്ഥയില്‍ ഇന്ത്യയിലെ ജനങ്ങളുടെ അവസാന അഭയം ആണ് കോടതികള്‍. ഇത്തരം അനവസരോചിതമായ നടപടികള്‍ എടുത്തു അവരുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തരുത്. കോടതികള്‍ കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി ആകരുത് എന്ന് തന്നെ.

Comments

comments