ഉദ്വേഗഭരിതമായ ഒരു സിനിമ കാണുന്നതുപോലെയോ നോവൽ വായിക്കുന്നതുപോലെയോ ആയിരുന്നു അത്. ഒരു ത്രില്ലറിന്റെ സകല സ്വഭാവങ്ങളോടും കൂടി. ദ്രുതഗതിയിൽ ഫ്രെയിമുകൾ മാറുന്ന കുട്ടികളുടെ കാർട്ടൂണിന്റെ വേഗത്തില്‍. ആകസ്മികതകളുടെ ഒരു മലവെള്ളപ്പാച്ചിലിനാണു ബ്രിട്ടീഷ് രാഷ്ട്രീയം കഴിഞ്ഞ അല്പം ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്.

ജൂണ്‍ ഇരുപത്തി മൂന്നിന് നടന്ന  ജനഹിത പരിശോധനയിൽ  യൂറോപ്പിൽ നിന്നും വിട്ടു പോരാന്‍  ജനങ്ങൾ നേരിയ ഭൂരിപക്ഷത്തിനു  തീരുമാനിച്ചത് ഒരു വൻ സുനാമി പോലെയാണ്brexit-v-3  ബിട്ടന്റെ രാഷ്ട്രീയ സാമ്പത്തിക  അടിത്തറയെ പിടിച്ചു കുലുക്കിയത്‌. അത് ബ്രിട്ടനില്‍ മാത്രം ഒതുങ്ങി നിന്നതുമില്ല. ഒന്നേ പോയിന്റ്  മൂന്നു ട്രില്ല്യൺ ഡോളറിന്റെ നഷ്ടമാണ്  അത് ലോകത്തിനു  നൽകിയത്. ബ്രിട്ടനിലെ സ്റ്റോക്ക്  എക്സ്ചേഞ്ച് ആടിയുലഞ്ഞു. ബ്രിട്ടീഷ്‌ പൌണ്ട്  സമീപ കാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. യൂറോപ്പിലെ ഇതര രാജ്യങ്ങള്‍ രണ്ടാം കുടിയിലുണ്ടായ മകളെ പോലെ ബ്രിട്ടനെ നോക്കി പരിഹസിച്ചു. എന്നാൽ മഹാഭാരത യുദ്ധം കഴിഞ്ഞതു പോലെ  ആരുമാരും ജയിച്ചതുമില്ല.

ബ്രെക്സിറ്റ് ഹിതപരിശോധനാഫലം വന്ന ഉടൻ തന്നെ ജനാധിപത്യ മര്യാദ അനുസരിച്ച്  പ്രധാനമന്ത്രിdav-cameron-v-3  കാമറൂൺ രാജി വെച്ചു. ഇനി രാജ്യത്തെ നയിക്കാന്‍ തനിക്കു പകരം മറ്റൊരാളായിരിക്കും  നല്ലതെന്ന് ജനങ്ങളെ  അറിയിച്ചു. സെപ്റ്റംബറിൽ പുതിയ ടോറി പാർലമെന്ററി  നേതാവിനെ തിരഞ്ഞെടുക്കും വരെ മാത്രം താൻ അധികാരത്തിൽ  തുടരുന്നതാണെന്നും. ഒരു ലീഡര്‍ഷിപ്‌  തിരഞ്ഞെടുപ്പിന് വരുന്ന മിനിമം കാലവധി  അത്രയുമാണ്.

ബ്രെക്സിറ്റില്‍ പരിക്ക് പറ്റാതെ, ഇവിടെയില്ല അവിടെയുമില്ല എന്നാൽ എല്ലായിടത്തും ഉണ്ടെന്നു വരുത്തി  രക്ഷപെട്ട ഏക നേതാവ്  അമ്പത്തിയൊൻപത് വയസുകാരിയായ  തെരേസ മേ എന്ന ഹോം മിനിസ്റ്റർ ആയിരുന്നു.  ആധുനിക ബ്രിട്ടീഷ്‌  പാർലമെന്ററി ചരിത്രത്തിൽ ഏറ്റവും അധികം കാലം ഹോം മിനിസ്റ്റര്‍ എന്ന പദവി വഹിച്ചു കൊണ്ടിരുന്നവർ. വളരെ കൃത്യമായ  രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്ന മിടുക്കി. മികച്ച അഭ്യന്തര മന്ത്രി എന്ന നിലയിൽ  അല്ല അവരെ ജനങ്ങള്‍ അറിയുന്നത്. മറിച്ചു അപകടങ്ങൾ വരുത്തിവയ്ക്കാതെ സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യാൻ പ്രാപ്തിയുള്ള ഒരാള്‍ എന്ന നിലയിലാണു. കിറ്റന്‍ സ്കിൻ ഹൈ ഹീൽ  ചെരുപ്പിടുന്ന സുന്ദരി എന്ന നിലയിൽ. കാര്യങ്ങള്‍ പഠിച്ചു തീരുമാനങ്ങൾ എടുക്കുന്നയാൾ എന്ന നിലയിൽ  തീരുമാനങ്ങൾ ധൈര്യപൂർവ്വം നടപ്പാക്കുന്ന ശക്തയായ സ്ത്രീ എന്ന ധാരണ ജനങ്ങളിൽ സൃഷ്ടിക്കാൻ  കഴിഞ്ഞു എന്ന നേട്ടവുമുണ്ട് അവർക്ക്.

ബ്രെക്സിറ്റിന്റെ സൂത്രധാരനും മുൻ ലണ്ടൻ മേയറുമായ  ബോറിസ് ജോൺസണാകും അടുത്ത പ്രധാനമന്ത്രി  എന്ന് പത്രക്കാര്‍borisjohnson-v-3 എഴുതി. അതിന്റെ മഷി  ഉണങ്ങും മുൻപെ  ബോറിസിന്റെ അടുത്ത  സുഹൃത്തും  ബ്രെക്സിറ്റിന്റെ ബുദ്ധികേന്ദ്രവും  കാമറൂൺ മന്ത്രി സഭയിൽ  മന്ത്രിയുമായിരുന്ന മൈക്കൽ ഗോവ്  ഷേക്സ്പീരിയൻ നാടകങ്ങളെപ്പോലും ഒന്നുമല്ലാതാക്കും വിധം  ബ്രിട്ടീഷ് രാഷ്ട്രീയം കണ്ട ഏറ്റവും നിർദ്ദയമായ ഒരു രാഷ്ട്രീയഹത്യയിലൂടെ ബോറിസിനെ പുറകില്‍  നിന്നും കുത്തി മലർത്തി. മറ്റു വഴികളില്ലാതെ  അപ്രതീക്ഷിതമായി ബോറിസിനു ലീഡര്‍ഷിപ്പ്  മത്സരത്തില്‍ നിന്നും പിന്മാറേണ്ടി വന്നു. മൈക്കൽ  ഗോവ് അടുത്ത പ്രധാനമന്ത്രി  സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ചു. mich-gove-v-3പാർലമെന്ററി മെമ്പർമാരുടെ ഇടയില്‍ നിന്നും പിന്തുണ കിട്ടാത്തതിനാൽ വെറും  മൂന്നാം സ്ഥാനം നേടി ആദ്യ റൌണ്ടിൽ തന്നെപുറത്തായിക്കൊണ്ട് എല്ലാ കഥയിലെയും പോലെ  മൈക്കൽ ഗോവും  കാവ്യനീതിയാർന്ന ഒരു ട്രാജഡിയില്‍ ഒതുങ്ങി. അതോടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള  മത്സരം രണ്ടു സ്ത്രീകള്‍  തമ്മിലായി.  എന്തായാലും മാർഗരറ്റ് താച്ചർക്ക്  ശേഷം വീണ്ടും ബ്രിട്ടനെ ഒരു വനിതാ പ്രധാനമന്ത്രി നയിക്കും  എന്നുറപ്പായി.

ബ്രെക്സിറ്റ്  മുന്നണിയുടെ മുൻനിര നേതാവും  കാമറൂണ്‍ മന്ത്രി സഭയിൽ ജൂനിയർ മന്ത്രിയുമായ ആൻഡ്രിയ ലെഡ്സം  ടോറി പാർട്ടിയുടെandrea-l-v3 വലതുപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി. രണ്ടു വനിതകള്‍  തമ്മിലുള്ള പോരാട്ടത്തിനായി ജനം നിർമ്മമരായി  കാത്തിരുന്നു. എം പി മാരുടെയും, എം ഇ പി മാരുടെയും പിന്നെ ഏകദേശം  രണ്ടര ലക്ഷം  പാർട്ടി  മെമ്പർമാരുടെയും വോട്ട്  വേണം ജയിക്കാനായി. ഒന്ന് രണ്ടു മാസം നീളാവുന്ന  തീ പാറുന്നൊരു മത്സരത്തിനുള്ള അങ്കം അങ്ങനെ കുറിക്കപ്പെട്ടു.

എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച,  അതായത്  ജൂലൈ പതിനൊന്നിനു,  എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്  സംഭവങ്ങളുടെ ചുരുളഴിഞ്ഞു തുടങ്ങി. തെരേസ മേ  രാവിലെ അവരുടെ തെരഞ്ഞെടുപ്പ് പ്രചരണം  ഉത്ഘാടനം ചെയ്തു പ്രസംഗിക്കുന്ന അതേ അവസരത്തില്‍  വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ആൻഡ്രിയ ലെഡ്സം  എല്ലാവരെയും അക്ഷരാർത്ഥത്തിൽ  അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ  മത്സര രംഗത്ത് നിന്നും  പിന്മാറുന്നു എന്ന് പ്രഖ്യാപിച്ചു.

അതേ സമയം വേറെ ഒരിടത്ത്  ലേബർ പാർട്ടി  നേതാവിനെ സ്ഥാന ഭ്രഷ്ടനാക്കാനുള്ള  വാളുംjeremy-angela-v-3 രാകിക്കൊണ്ട്  ആഞ്ജെലാ ഈഗിൾ എന്ന ബ്ലെയർ കാമ്പിലെ  വനിത മുന്നോട്ടു വന്ന് കോർബിനെതിരെ താനും മത്സരിക്കുന്നു എന്ന് പ്രഖ്യാപിച്ചു. പക്ഷെ ആൻഡ്രിയ – തെരേസ സംഭവ വികാസങ്ങളുടെ വെള്ളപ്പാച്ചിലിൽ അതിനു വേണ്ട കവറേജ്  കിട്ടാതെ പോയി.

ആൻഡ്രിയ ലെഡ്സം  പിൻവാങ്ങിയത്‌ ഏറെ വിവാദമായ ഒരു സംഭവത്തിനു തൊട്ടുപിന്നാലെയാണു. തലേന്ന് ബി ബി സിക്ക് നല്കിയ ഒരു അഭിമുഖത്തിൽ അവർ പറയാൻ  പാടില്ലാത്ത ഒരു കാര്യം പറഞ്ഞു പോയി. തനിക്ക് തെരേസ മേയെ അധികം പരിചയമില്ല, എന്നാൽ മക്കള്‍ ഉള്ള ഒരമ്മയാണ് താന്‍ എന്നതിനാല്‍  താനാണു പ്രധാനമന്ത്രിയാകാൻ അനുയോജ്യ എന്ന്. മക്കള്‍ ഇല്ലാത്ത  തെരേസ മേയെ  വേദനിപ്പിക്കാൻ കൊടുത്ത ഒരടിയായി അത് വ്യാഖാനിക്കപ്പെട്ടു. പിറ്റേന്നു  രാവിലെ ആൻഡ്രിയ തന്നെ തെരേസയോടു  മാപ്പും പറഞ്ഞു. തെരേസ മേയുടെ ക്യാമ്പ്  അത് കരുതിക്കൂട്ടി ബിബിസിക്കാരെക്കൊണ്ട് ചോദിപ്പിച്ചതാണെന്നു ഇപ്പോള്‍  വാർത്തകള്‍ ഉണ്ട്. എന്തായാലും  വേറെ ഒരു തല കൂടി വീണ്ടും ഉരുണ്ടു വീണു.

മത്സരത്തിനു എതിര്‍ സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ ആയിരത്തി തൊള്ളായിരത്തി  ഇരുപത്തിരണ്ട് കമ്മിറ്റിയുടെ ചെയർമാന്‍  ഉടൻ രംഗത്ത് വരികയും (ആ കമ്മിറ്റിയാണ് ടോറി പാർട്ടിയുടെ പാർലമെന്ററി തെരഞ്ഞെടുപ്പ് കാര്യങ്ങള്‍  നോക്കി നടത്തുന്നത്.) തെരേസ മേയെ പ്രധാന മന്ത്രി ആക്കുന്നതിനു തടസമില്ലെന്ന്  അറിയിക്കുകയും ചെയ്തു. അത് കഴിഞ്ഞ ഉടന്‍  തന്നെ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ നാളെ, ചൊവ്വാഴ്ച, തന്റെ അവസാന കാബിനറ്റ്‌ മീറ്റിംഗ് ആയിരിക്കുമെന്ന് ഡേവിഡ് കാമറൂണ്‍ അറിയിച്ചു. ബുധനാഴ്ച നടക്കുന്ന പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയ്ക്കു ശേഷം  രാജ്ഞിയെ  കണ്ടു രാജി സമർപ്പിച്ച് ബുധനാഴ്ച  വൈകിട്ട് പുതിയ പ്രധാനമന്ത്രി ആയി  തെരേസ മേ ചുമതലയേല്ക്കുമെന്നും  പത്താം നമ്പര്‍ വീട്ടിൽ നിന്നും താൻ കുടിയിറങ്ങുമെന്നും അവിടേക്ക് പുതിയ താമസക്കാർ എത്തുമെന്നും. അങ്ങനെ, കാര്യങ്ങള്‍ അവസാനിച്ചത് ശര വേഗത്തിലാണു. ഇന്നലെ രാത്രി  ലേബർ പാർട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവ്  ചേർന്ന്  പാർലമെന്റ് അംഗങ്ങളുടെ പിന്തുണ കിട്ടാത്ത ജെറമി കോർബിനു  ലേബര്‍ പാർട്ടിയുടെ പ്രതിപക്ഷ നേതാവാകാനുള്ള മത്സരത്തിൽ പങ്കെടുക്കാം എന്നും വിധിച്ചു. ആ അങ്കം ഇനി വരാനിരിക്കുന്നതേയുള്ളൂ. നാൽപ്പത്തിയെട്ടു മണിക്കൂറുകൾ ബ്രിട്ടീഷ്‌ രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കണ്ടാൽ വാസ്തവത്തിൽ തന്നെ  കണ്ണ് തള്ളിക്കുന്നതാണു.

ഇന്ന് വൈകിട്ട്  തെരേസ മേ ബ്രിട്ടിഷ് ചരിത്രത്തിലെ രണ്ടാമത്തെ  വനിതാ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. കിട്ടിയ അറിവ് വെച്ച് അവരുടെ മന്ത്രി സഭയിൽ ഇതുവരെ ഉണ്ടാകാത്ത വിധം വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്നാണു സൂചനകൾ. പ്രീതി പട്ടേൽ എന്ന ഇന്ത്യൻ വംശജ ഒരു പക്ഷെ കാബിനറ്റ്‌ മന്ത്രി  ആയേക്കും. എല്ലാം നല്ലത്.

ഇംഗ്ലണ്ടിലെ സസെക്സ് എന്ന  സ്ഥലത്ത് ഒരു വികാരിയുടെ മകളായി  അമ്പതിയൊൻപത് വർഷം  മുൻപ് ജനിച്ച തേരേസ ബ്ലെസര്‍ എന്ന തെരേസ മേയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ഉയർച്ച നമ്മെ അമ്പരിപ്പിക്കുമെങ്കിലും അത് അവരെ തീർച്ചയായും അത്ഭുതപെടുത്തുന്നില്ല. ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയ മോഹങ്ങൾ ഉണ്ടായിരുന്നു എന്നും  അന്നേ പ്രധാനമന്ത്രി  ആകുവാന്‍ മോഹിച്ചിരുന്നു  എന്നും അവരുടെ സുഹൃത്തുക്കൾ  വെളിപ്പെടുത്തുന്നു.

ജനിച്ചത്‌ സസ്സെക്സിൽ എങ്കിലും  വളർന്നതും പഠിച്ചതും ഓക്സ്ഫോർഡ്ഷയറില്‍  ആയിരുന്നു. മാർഗരറ്റ് താച്ചറെ പോലെ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ  ജനനം. സർക്കാർ പള്ളിക്കൂടത്തിലും   കോൺവെന്റ് സ്കൂളിലും പിന്നെ പബ്ലിക് സ്കൂളിലും (ഇവിടെ പ്രൈവറ്റ്) ആയി പഠനം. പിന്നീട് താച്ചറെ പോലെ തന്നെ  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ  ഭൂമിശാസ്ത്രംbenazir-v-3  പഠിക്കാനായി ചേരുന്നു. അക്കാലത്ത് ഒരു യൂണിവേഴ്സിറ്റി ഡിസ്കോയില്‍ വെച്ച് പിന്നീട് ഭർത്താവായ  ഫിലിപ്പിനെ കണ്ടു മുട്ടുന്നു. ഫിലിപ്പ് അന്ന് ഓക്സ്ഫോർഡ്  യൂണിവേഴ്സിറ്റി ചെയർമാൻ ആയിരുന്നു. ഇവരെ തമ്മിൽ ബന്ധിപ്പിച്ചു കൊടുത്തത് ഒരു പ്രശസ്തയാണു – മുന്‍ ഓക്സ്ഫോർഡ് ചെയര്‍വുമണും  പാകിസ്ഥാൻ പ്രസിഡന്റുമായിരുന്ന  ബേനസീര്‍ ഭുട്ടോ.

പഠനത്തിനു ശേഷം  തെരേസ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍  ജോലിക്ക് ചേർന്നു. ജോലിയില്‍ ഉയർച്ച  ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ അവര്‍ അതിനു സമാന്തരമായി  രാഷ്ട്രീയ മോഹങ്ങളും കൈവിടാതെ നിർത്തി. പടിഞ്ഞാറന്‍ ലണ്ടനിലെ മേർട്ടൻ എന്ന ബറോയിൽ കൗൺസിലറായി. അവിടുത്തെ ഉപനേതാവും. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിലും നാലിലും  പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപെടുകയാണുണ്ടായത്. അതിനിടയില്‍ തന്നെ ടോറി പാർട്ടിയില്‍  ശ്രദ്ധിക്കപെടുന്ന ഒരു വനിതാ നേതാവായി  അവര്‍ ഉയർന്നു കഴിഞ്ഞിരുന്നു. തൊണ്ണൂറ്റിയേഴിൽ ബ്ലെയർ വമ്പിച്ച ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നപ്പോള്‍ മെയ്ഡൻ ഹെഡ്  എന്ന സ്ഥലത്ത്  നിന്നും ജയിച്ച് എം പി  ആയി. അതിനു ശേഷം  സ്ഥിരമായി അവിടെ നിന്നും  ജയിച്ചു വരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അവരുടെ വരവ് വലിയ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണെങ്കിലും കഠിനമായ അദ്ധ്വാനവും അതിനു പിന്നിലുണ്ട്. തൊണ്ണൂറ്റിയൊൻപതില്‍  ഷാഡോ എജ്യുക്കേഷൻ മന്ത്രിയായി. രണ്ടായിരത്തി രണ്ടില്‍ പാർട്ടിയുടെ പാർലമെന്ററി  ഷാഡോ ലീഡറായി. ഇതിനിടയിൽ പാർട്ടിയുടെ  ചെയർവുമൺ പദവിയും.

കഴിഞ്ഞ നൂറു വർഷത്തെ ബ്രിട്ടീഷ്‌ പാർലമെന്ററി  ചരിത്രത്തിൽ  ഏറ്റവും അധികം കാലം  ഹോം മിനിസ്റ്ററായി ഇരുന്നത്  തെരേസാ മേയാണു. രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിലെ സൂക്ഷ്മതയും എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ കണിശതയും അവരെ വളരെ പെട്ടെന്ന് തന്നെ പ്രശസ്തയാക്കി. താച്ചറിനു ശേഷം  അവരുടെ  ചെരിപ്പ് അണിയുവാനുള്ള യോഗ്യത ഇവർക്കാണു എന്ന്  പത്രക്കാർ എഴുതി. ഒരു പാർട്ടി  സമ്മേളനത്തില്‍ “ടോറി പാർട്ടി ഒരു നാസ്റ്റി പാർട്ടി” എന്ന് ഇവര്‍  തുറന്നടിച്ചു.  ശക്തരായ പോലീസ്  സംഘടനയുടെ സമ്മേളനത്തില്‍  പോലീസിൽ നടക്കുന്ന അഴിമതിയെ ചോദ്യം ചെയ്തു.  മുസ്ലിം തീവ്ര വാദി എന്ന്  ആരോപിച്ച് അബു ക്വാറ്റാഡയെ  ബ്രിട്ടനില്‍ നിന്നും പുറത്താക്കിയെ തെരേസ കടുത്ത ഇസ്ലാംവിരുദ്ധയാണെന്ന ആരോപണം നേരിടുന്നയാളാണു. സ്വവർഗ്ഗ വിവാഹത്തിനു അനുകൂലമായി വോട്ട് ചെയ്ത പുരോഗമനരാഷ്ട്രീയവുമുണ്ട്. യുഎസ് സൈന്യത്തിന്റെയും നാസയുടെയും  കമ്പ്യൂട്ടർ നെറ്റ്വർക്കിലേക്ക് നുഴഞ്ഞുകയറിയ ഹാക്കിംഗ് കേസിൽ പ്രതിയായ ഗാരി മക്കിനനെ   വിചാരണക്കായി  വിട്ടു കൊടുക്കണം എന്ന അമേരിക്കൻ നിർദ്ദേശത്തെ തള്ളി കളഞ്ഞു. പാർലമെന്റിലെ ബാറിലെ  വീഞ്ഞൊഴുകുന്ന സായാഹ്നസഭകളിൽ ഇവർ ഒരിക്കലും  ഉണ്ടായിരുന്നില്ല. വളരെ സ്വകാര്യമായ ജീവിതം – അത് രാഷ്ട്രീയവുമായി കുഴച്ചു മറക്കാതെ  ജീവിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ്  തെരേസ. എന്റെ വനിതാ  സുഹൃത്ത്  പറയും പോലെ – “ഐ ആം എ സീരിയസ് ലേഡി”

ഇന്ന് അധികാരം  ഏൽക്കുന്ന തെരേസ മേയെ കാത്തിരിക്കുന്നത്  ചുവന്ന പരവതാനിയിലൂടെയുള്ള  ക്യാറ്റ് വോക്കുകള്‍ ആയിരിക്കില്ല. പ്രധാനമന്ത്രിയുടെ ഹണിമൂണ്‍  എന്നത്  യൂറോപ്പില്‍ നിന്നുള്ള വിവാഹമോചനമായിരിക്കും. ബ്രെക്സിറ്റ് എന്നാൽ ബ്രെക്സിറ്റ്  എന്ന് പറഞ്ഞത്  വലതുപക്ഷ ടോരികളെ   സന്തോഷിപ്പിക്കാനായിരിക്കാം.  ഹിതപരിശോധനയ്ക്ക് ശേഷം  നെടുകെ പിളർന്ന  ടോറി പാർട്ടിയെ  ഒന്നിപ്പിക്കാൻ നിയോഗിക്കപ്പെട്ട ഒരാള്‍  എന്ന നിലയിലാണ് സ്വന്തം പാർട്ടിക്കാര്‍ ഇവരെ കാണുന്നത്. യൂണിറ്റി എന്നതാണ് തെരേസ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. ഒപ്പം വൺ (ONE)നേഷന്‍ കൺസർവേറ്റിസം എന്ന കാമറൂൺ മുദ്രാവാക്യവും. ഇതെല്ലം പറയുന്നുവെങ്കിലും  കഴിഞ്ഞ ലേബര്‍ പാർട്ടി  നേതാവായിരുന്ന എഡ്  മിലിബാൻഡിന്റെ (ED MILIBAND) നയങ്ങളാണ് ഇവരെ മുന്നോട്ടു കൊണ്ടുപോകുക  എന്നത് ശ്രദ്ധേയം. അഭയാർത്ഥി പ്രശ്നത്തിൽ തെരേസ എടുത്ത മുൻ നിലപാട് വെളിച്ചം കണ്ടില്ലെങ്കിലും അഭയാർത്ഥികള്‍ ഇങ്ങോട്ട് വരുന്നത് തടയാൻ ശ്രമിക്കും.

യൂറോപ്യന്‍ നേതാക്കളുമായുള്ള  ബ്രെക്സിറ്റിനെക്കുറിച്ചുള്ള ചർച്ചകള്‍, അമേരിക്കയുമായുള്ള ബ്രിട്ടന്റെ ബന്ധം, ചൈനയിൽ അടുത്ത്  നടക്കാനിരിക്കുന്ന ജി-സെവെന്‍ ഉച്ചകോടി, ഒപ്പം ബ്രിട്ടനിലെ സാമ്പത്തിക ഞെരുക്കങ്ങള്‍, വ്യാപാരം, മുറിവേറ്റ പാർട്ടിയെ ഒന്നിപ്പിക്കല്‍… കടമ്പകള്‍ ഏറെയുണ്ട്. യൂറോപ്പില്‍ നിന്നും വിട്ടു പോരുന്നതിനു  തുടക്കമായുള്ള ലിസ്ബൺ കരാറിലെ ആർട്ടിക്കിള്‍-50 പുതിയ പ്രധാനമന്ത്രി എപ്പോൾ ട്രിഗർ ചെയ്യും, അതോ ട്രിഗർ ചെയ്യുമോ എന്നൊക്കെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിയിരിക്കുന്നത്.

ശക്തയായ ഒരു നേതാവ്  എന്ന് ചരിത്രം  അവരെ വിളിക്കണമെങ്കിൽ  ശക്തമായ രീതിയിൽ  തന്നെ മുന്നിലുള്ള പ്രശ്നങ്ങളെ പരിഹരിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. ഇപ്പോഴുള്ളത് പ്രശ്നങ്ങളുടെ  കൂമ്പാരമാണ്. ഒരു നേതാവായി വാഴ്ത്തപ്പെടാനുള്ള എല്ലാ സാധ്യതകളും അവിടെയുണ്ട്. പരാജയപെട്ടാല്‍ ആൻഡി വാർഹോൾ പറഞ്ഞതു പോലെ – “എല്ലാവർക്കും പതിനഞ്ചു മിനിറ്റിന്റെ പ്രശസ്തിയും പിന്നെ വിസ്മൃതിയും” …….. ചിലപ്പോൾ പഴിയും. കാലം തെളിയിക്കും.

Comments

comments