അത്ഭുതങ്ങൾക്കും അവിചാരിതങ്ങൾക്കും കൊതിക്കുന്ന മനുഷ്യ മനസിന് രക്തത്തിന്റെയും നിഗൂഡതകളുടെയും കഥകൾക്കായി ദാഹിക്കുന്ന

പി എഫ് മാത്യൂസ്
പി എഫ് മാത്യൂസ്

മൂടിവെയ്ക്കപ്പെട്ട മറ്റൊരു തലം കൂടിയുണ്ട്. സംസ്കാരവും ഈശ്വരവിശ്വാസവും മതപരമായ അച്ചടക്കവും രക്തദാഹത്തിന്റെ ആ പൈശാചിക ഭാവത്തെ ഒളിപ്പിച്ചു വെച്ചേക്കും. പ്രേതകഥകൾക്കും സാത്താൻ ആഖ്യാനങ്ങൾക്കും എക്കാലത്തുമുള്ള ജനപ്രീതിയുടെ കാരണവും അതു തന്നെയാണ്. മനുഷ്യരിലെ പ്രാചീനമായ ആ അടിസ്ഥാന ചോദനയുടെ കാലികമായ ആഖ്യാനമാണ് പി.എഫ് മാത്യൂസിന്റെ ‘ഇരുട്ടിൽ ഒരു പുണ്യാളൻ’ എന്ന നോവൽ. നിരവധി അധിനിവേശങ്ങളുടെയും ചരിത്രം പേറുന്ന പുരാതനമായ തുറമുഖ നഗരത്തിനടുത്തുള്ള, യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിന്റെ പള്ളിയും സമീപത്തെ സമ്പന്ന കുടുംബവും ഇരുണ്ട വിശ്വാസങ്ങളിലൂന്നിയ ആചാരങ്ങളും നിറഞ്ഞ ഇരുട്ടിന്റെ പുസ്തകം.

വിദേശങ്ങളിൽ പ്രചാരമുള്ള ഇരുണ്ട ദർശനങ്ങളുടെ ആരാധകനായ, ജീവിതത്തെ നിഷേധിക്കുന്ന ഒരു കറുത്ത പുസ്തകമെഴുതുമെന്നുറപ്പുള്ള, 1008 കടും കെട്ടുകളിട്ട മനസും കഷായം കുടിച്ച മുഖവുമുള്ള എഴുത്തുകാരൻ. താൻ താമസിച്ചിരുന്ന ലോഡ്ജിനു  മുമ്പിൽ നടന്ന ദുരൂഹമായ അപകട മരണവും തുടർന്നുളള സംഭവങ്ങളുമാണ് അയാളെ ഈ നോവലിനുള്ളിലേക്കു വലിച്ചിടുന്നത്. സാമാന്യ ബോധത്തിന്റെ മാത്രം വെളിച്ചത്തിൽ പോലീസുകാർക്ക് ഈ സംഭവങ്ങളെ യുക്തിസഹമായി വിശദീകരിക്കാൻ കഴിയുന്നുണ്ടെങ്കിലും താൻ മാറ്റിവെച്ച എഴുത്തിനെ കൈ നീട്ടി പിടിക്കാൻ എഴുത്തുകാരനിതു പ്രേരണയായി. കഥ മുന്നോട്ടു കൊണ്ടു പോകുന്നത് പക്ഷേ അയാളല്ല. കഥാപാത്രങ്ങളായ അന്നം കുട്ടി താത്തിയുടെ ആത്മഗതങ്ങൾ, കാർമ്മലി മനസിൽ എഴുതിയതും യഥാർത്ഥത്തിൽ എഴുതിയതുമായ കത്തുകൾ, പത്രലേഖകന്റെ തുടർച്ചയായ സ്വകാര്യ കുറ്റാന്വേഷണങ്ങൾ, ഇവയ്ക്കൊക്കെ ശേഷമാണ് ഇരുട്ടു തേടി വന്ന എഴുത്തുകാരൻ കഥയിലേക്കു കയറുന്നത്. താൻ മരിച്ചതറിയാതെ താത്തിയുടെ ആത്മാവു നടത്തുന്ന ആത്മഗതങ്ങൾ, അതിനെക്കുറിച്ചുള്ള കാര്യവിചാരം, അൽവാരിസ് ഇനിയും രചിക്കാത്ത സാത്താന്റെ കൈപ്പുസ്തകത്തിലെ ഒരധ്യായം, റോക്കിയച്ചന്റെ ഡയറിക്കുറിപ്പുകൾ, അച്ചനുമായി കാർമ്മലി നടത്തുന്ന സംഭാഷണം, അന്നംകുട്ടി താത്തിയുടെ ആത്മാവിന്റെ കാഴ്ചകൾ, ആത്മാവ് കാർമ്മലിയോടു നടത്തുന്ന സംഭാഷണം, അവളുടെ മനസിൽ ഇട്ടു കൊടുക്കുന്ന സ്വപ്നത്തിന്റെ വിത്ത്, ഇവയ്ക്കൊക്കെ പുറമേ 3 ദിവസം സേവ്യറിന്റെ മുറിയിൽ ധ്യാനനിരതനായി കഴിഞ്ഞതിനു ശേഷം അയാളുടെ സാന്നിധ്യം അനുഭവിച്ചുകൊണ്ട് എഴുത്തുകാരൻ നടത്തുന്ന സാങ്കല്പിക അഭിമുഖം, എഴുത്തുകാരൻ അപ്രത്യക്ഷനായതിനു ശേഷം കഥ പൂർത്തീകരിക്കാൻ വായനക്കാർ നടത്തുന്ന യാത്ര തുടങ്ങി ആകാംക്ഷാഭരിതമായ നിരവധി സാധ്യതകളിലൂടെയാണ് നോവലിന്റെ പ്രയാണം. രേഖീയ ക്രമങ്ങളെല്ലാം തകരുന്നു. കുരുക്കുകളും മുറുക്കങ്ങളും അനുനിമിഷം ഏറിവരുന്നു. പല തരം വീക്ഷണങ്ങളിലൂടെ പല തരം ആഖ്യാനങ്ങളിലൂടെ സമ്പൂർണമാവുന്ന രചന.

കേവല യുക്തികൾക്കതീതമായ അനുഭവങ്ങളെ നോവലിന്റെ ആഖ്യാന ഘടനയിലേക്കു സന്നിവേശിപ്പിച്ചിരിക്കുകയാണ് ‘ഇരുട്ടിൽ ഒരു പുണ്യാളൻ’. 1966-ൽ ആൻറൺ ലാവി സ്ഥാപിച്ച സാത്താൻ പള്ളിയും 69-ൽ പ്രചാരത്തിൽ വന്ന സാത്താന്റെ ബൈബിളും ലോകമെങ്ങും ഇരുട്ടിന്റെ ദർശനങ്ങൾക്കും സാത്താൻ പൂജയ്ക്കുമുള്ള സ്വാധീനവും പ്രചാരവും വ്യക്തമാക്കുന്നവയാണ്. 2500 ലധികം വർഷങ്ങൾക്ക് മുമ്പ് മതങ്ങൾക്കു മുമ്പുള്ള മന്ത്രവാദയുഗമെന്നു വിശേഷിക്കപ്പെടുന്ന കാലത്തിന്റെ അഭിരുചികളും പ്രവണതകളുമാണ് സാത്താൻ ബൈബിളും അനുശാസിക്കുന്നത്. സംസ്കൃതിക്കു മുമ്പുള്ള സ്വതന്ത്രമായ മനുഷ്യ ശീലങ്ങളിലേക്കുള്ള തിരിച്ചു പോക്ക്. മതങ്ങളും സദാചാര സംഹിതകളും ചേർന്നു സൃഷ്ടിച്ച ലോകനിയമങ്ങൾ കൃത്രിമവും മനുഷ്യന്റെ സഹജവാസനകളെ നിയന്ത്രിക്കുന്നവയുമാണ്. അതീത ജീവിതത്തെയല്ല, ഭൗതിക ജീവിതത്തെയാണ് പുകഴ്ത്തേണ്ടത്. എൽ. അൽവാരിസ് എന്ന കഥാപാത്രം ഇതേ കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. “സ്വന്തം ശരീരത്തെ വെറുക്കാതിരിക്കാൻ മാത്രമല്ല, അതിന്റെ അപാരമായ സുഖ സാധ്യതകൾ കണ്ടെത്താനും കൂടി വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. സുഖാനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ഒരു ശരീരം കൊടുത്തിട്ട് അതൊന്നും അനുഭവിക്കാൻ പാടില്ലെന്നു പറയുന്ന ദൈവസങ്കല്പം എത്ര പരിഹാസ്യമാണ്. വിലക്കപ്പെട്ട കനി തിന്ന് പറുദീസയിൽ നിന്നു ബഹിഷ്കൃതരായ ആദത്തിന്റെയും ഹവ്വയുടെയും ഭാവനാശൂന്യതയുടെ വിരസ ബാലസാഹിത്യകഥയുടെ ആവർത്തനം മാത്രമാണത്… ” (പുറം: 84)

രക്തദാഹവും മിത്തുകളും വിശ്വാസങ്ങളും മതവും ചേർന്നു സൃഷ്ടിക്കുന്ന ഭയത്തിന്റെ തമോസ്ഥലികളാണു ഇരുട്ടിൽ ഒരു പുണ്യാളന്റെ  സവിശേഷത. മനുഷ്യന്റെ ആദിമ ഭയങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നു. സംഹാരാത്മകമായ ശക്തികളോടുള്ള ഭയവും ആരാധനയും, അടിച്ചേല്പിക്കപ്പെട്ട സാമ്പ്രദായിക മൂല്യങ്ങളോടുള്ള ഭീതി ഇവക്കൊപ്പം, എക്സോർസിസവും സാത്താൻ പൂജയും രക്തബലിയുമൊക്കെ ഇടകലരുന്നു.

മതത്തിന്റെ അധീശത്വത്തിനെതിരായുള്ള കൃത്യവും സൂക്ഷ്മവുമായ ചെറുത്തുനില്പായി വായിച്ചെടുക്കാവുന്ന രചനയാണിത്. അതീത ശക്തികളുടെ രക്തദാഹവും ഹിംസയും പൈശാചികതയും ചേർന്നു സൃഷ്ടിക്കുന്ന ഭീകരസംഭവങ്ങൾക്കു ബദലായി ഇതേ സംഭവങ്ങളെത്തന്നെ യുക്തിഭദ്രമായി വിശദീകരിക്കുന്ന സാധാരണവും സ്വാഭാവികമായ ഒരു സമാന്തര ലോകം കൂടി നോവലിൽ വിളക്കിച്ചേർത്തിരിക്കുന്നു. കാർമലി എഴുതിയ അവസാനത്തെ കത്തും കാര്യവിചാരങ്ങളുടെ ഇടവേളയും അതുവരെ നടന്ന രക്തം മരവിപ്പിക്കുന്ന ദുരന്തങ്ങളെ സാമാന്യയുക്തിയോടെ വിശദീകരിച്ച് സാധാരണമാക്കുന്നത് ശ്രദ്ധേയമാണ്.

പൈശാചികതയുടെ ആൾ രൂപമായ എൽ. അൽവാരിസിന്റെ പേരിൽത്തന്നെയുണ്ട് പിശാചുക്കളുടെ അധിപനായ ലെഗിയോൺ. അയാളുടെ ആദിമ പ്രതിനിധാനമാണ് കാപ്പിരിമുത്തപ്പൻ. വെളളപ്പറങ്കികളുടെ അടിമകളായി വന്നവരായിരുന്നു കറുത്ത കാപ്പിരിമാർ. എല്ലാക്കാലത്തും നിറം അധീശ-വിധേയത്വ ബന്ധങ്ങളെ നിർണയിച്ചിരുന്നു. ലന്തക്കാരെ പേടിച്ച് നാടുവിട്ടപ്പോൾ പറങ്കികൾ തങ്ങളുടെ വിശ്വസ്ത സേവകരെ കൂടെക്കൊണ്ടു പോയില്ല. പകരം വെട്ടി നുറുക്കി കുഴിച്ചിട്ടു. എണ്ണമറ്റ സ്വത്തുക്കൾ കൊണ്ടുപോവാൻ പറ്റാത്തതു കൊണ്ട് പിന്നീട് വന്നെടുക്കാനായി അവയും കുഴിച്ചുമൂടി, അവയ്ക്കു കാവലായി ഏറ്റവും വിശ്വസ്തനായ കാപ്പിരിയെയും കൊന്ന് നിധികുംഭത്തിനരികിൽ കുഴിച്ചിട്ടു. പക്ഷേ ശരീരത്തിന്റെയും ആത്മാവിന്റെയും നിയമങ്ങൾ രണ്ടായതു കൊണ്ടുതന്നെ വീട്ടുമുറ്റത്തു പ്രതിഷ്ഠിച്ച് കള്ളും കൂരിക്കറിയും തന്നു പ്രീണിപ്പിക്കുന്നവർക്ക് നിധി വിട്ടു കൊടുക്കാൻ കാപ്പിരിമുത്തപ്പൻ തയ്യാറായി. സ്വത്തു കൊടുത്ത് മനുഷ്യന്റെ ആത്മാവിനെ അടിമപ്പെടുത്തി  ദൈവത്തെക്കാൾ വലിയവനാണ് താനെന്നു ഭാവിച്ചു തുടങ്ങിയതോടെ മുത്തപ്പൻ സാത്താന്റെ ഗണത്തിലായി. സ്വത്തും പണവും മനുഷ്യരെ മാത്രമല്ല  ആത്മാക്കളെയും ദുഷിപ്പിക്കുമെന്ന് ദൈവ വിശ്വാസിയായ അന്നംകുട്ടിതാത്തി തിരിച്ചറിയുന്നു. കാപ്പിരിമുത്തപ്പന്റെ പുതുകാല തുടർച്ചയായ ഡോ. എൽ. അൽവാരിസ്  വചനത്തിലൂടെ പ്രകാശിക്കപ്പെട്ട ആശയത്തിൽ നിന്നു തനിയെ സൃഷ്ടിക്കപ്പെട്ടവനാണെന്നവകാശപ്പെടുന്നു. സ്വന്തം ശരീരത്തെ വെറുക്കാനും ആദിപാപത്തിന്റെ ശാപം പേറാനും പ്രേരിപ്പിക്കുന്ന, ദൈവസങ്കല്പം ചെലവാക്കാൻ മാത്രം സാത്താനെ സൃഷ്ടിച്ച മതത്തിനെതിരെ  താൻ ഇനിയും രചിക്കാത്ത, രചിക്കാനിടയുള്ള ‘സാത്താന്റെ കൈപുസ്തക’ത്തിലെ ഒരധ്യായത്തിലൂടെ അയാൾ പൊട്ടിത്തെറിക്കുന്നുണ്ട്. മനുഷ്യരും മതഗ്രന്ഥങ്ങളും ആവർത്തിക്കുന്ന ഇന്ദ്രിയാതീതമായ കഴിവുകളൊന്നും തനിക്കില്ലെന്നും മാനുഷികതയുടെ ഉറവകണ്ടെത്തി അതിന്റെ പരമാവധി ഉപയോഗപ്പെടുത്താനുള്ള പ്രായോഗിക പരിജ്ഞാനം മാത്രമാണ് തന്റെ കൈമുതലെന്നും അയാൾ തുറന്നു പറയുന്നു. ദൈവമുണ്ടെന്നു സ്ഥാപിക്കാൻ വേണ്ടി മാത്രം മതങ്ങൾ സൃഷ്ടിച്ച എതിർ ശക്തിയാണ് സാത്താൻ.

കടുത്ത മതവിശ്വാസിയായ, സ്വന്തം വിശ്വാസങ്ങളുടെ അടിമയായ അന്നംകുട്ടി താത്തിയുടെ ആത്മഗതങ്ങളും മരിച്ചതിനു ശേഷമുള്ള ആത്മാവിന്റെ വിചാരങ്ങളും പ്രത്യക്ഷപ്പെടലുകളുമാണ്  നോവലിന്റെ പ്രമേയ സ്ഥലത്തെ പ്രധാനമായും രൂപപ്പെടുത്തുന്നത്. പണ്ടാലയ്ക്കൽ അച്ചമ്പിയെന്ന തന്റെ ഭർത്താവ് പള്ളിയെയും ദൈവത്തെയും മറന്ന് കാപ്പിരിമുത്തപ്പനെ പൂജിച്ച് സമ്പന്നനാകുന്നത് താത്തിക്കു ഉൾക്കൊള്ളാനാവുന്നില്ല.  പുണ്യാളനായ അപ്പന്റെ മകൾക്കേറ്റ ആദ്യ ആഘാതമായിരുന്നു ഭർത്താവിന്റെ സാത്താൻ പൂജ. അവൻ സമ്പാദിക്കുന്നതു നിനക്കു വേണ്ടിയല്ലേ, തിന്നും കുടിച്ചും മൂലക്കിരിക്ക് എന്നു നിസംഗരാവുന്ന അച്ചമ്പിയുടെ രക്ഷിതാക്കൾ അവളെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഏക മകനെയെങ്കിലും ഈ പൈശാചികവലയത്തിൽ നിന്നു പുറത്തു കടത്തുകയായി പിന്നീടവരുടെ ജീവിത ലക്ഷ്യം. കാപ്പിരിമുത്തപ്പന്റെ നാട്ടുകാരനെങ്കിലും വെളുത്ത പുണ്യാളനായ സേവ്യറിന്റെ പേരിട്ടു വളർത്തിയതും ദൈവംതമ്പുരാന്  അവന്റെ മേലൊരു കണ്ണുണ്ടാവാനായി പള്ളീലച്ചനാക്കിക്കൊള്ളാമെന്നു നേർന്നതുമൊക്കെ അതു കൊണ്ടായിരുന്നു. പക്ഷേ ദൈവവും പിശാചും കൂടി പപ്പാതി പകുത്തെടുത്തതാണു തന്റെ വിധിയെന്നു താത്തി പിന്നീടാണറിഞ്ഞത്.  ചിലപ്പോൾ ദൈവത്തിന്റേതിനേക്കാൾ ശക്തിയുള്ളതും ഉന്നത്തിലെത്തുന്നതുമായ മാർഗ്ഗങ്ങളുള്ള പിശാച് അച്ചമ്പിയെ വീഴ്ത്തിക്കളഞ്ഞു. മരണശയ്യയിലായ അപ്പനെക്കാണാൻ സേവ്യർ സെമിനാരിയിൽ നിന്നു വന്നതോടെ കാര്യങ്ങളാകെ തകിടം മറിയുന്നു.

അസംതൃപ്തയും നിരാശയുമായ വൃദ്ധയുടെ വിശ്വാസപരവും മതപരവുമായ പ്രതിസന്ധികൾ, അവർ സൃഷ്ടിച്ചെടുക്കുന്ന ഭ്രമചിത്രങ്ങൾ, കഥകൾ. ഒടുവിൽ അവയെല്ലാം അവരെ സംബന്ധിച്ച യാഥാർത്ഥ്യമാകുകയോ, അവർ ആ മിഥ്യാ സങ്കല്പങ്ങൾക്കുള്ളിൽ മാത്രം ജീവിക്കുകയോ ചെയ്യുന്നു. ചെറുതും വലുതുമായ ഒരു പാട് ഉരുൾപൊട്ടലുകൾ കുഴച്ചു മറിച്ചെടുത്തതാണവരുടെ ബോധമണ്ഡലം. അസാധ്യങ്ങളിലേക്കുള്ള  അവരുടെ മനോ യാത്രകൾ, വിഭ്രാന്ത സ്വപ്നങ്ങൾ, അബോധഭാഷണങ്ങൾ  എല്ലാം ചേർന്ന് അവരുടെ പേരക്കുട്ടിയെ പിശാചിന്റെ സന്തതിയാക്കി. സ്വന്തം ഭാവന കൊണ്ടവർ അൽ വാരിസിന് പിശാചിന്റെ നിറം നൽകി. പേരക്കുട്ടിയുടെ മാമോദീസാ ദിവസം പള്ളിയിൽ ദുർമരണം നടന്നതും മാമോദീസ തടസ്സപ്പെട്ടതും പിശാചിന്റെ പ്രവർത്തനമായി രേഖപ്പെടുത്തപ്പെട്ടു. തുടർന്നുള്ള ഓരോ സംഭവവും അവരുടെ ഈ വിശ്വാസങ്ങളെ അടിത്തറയിട്ടുറപ്പിച്ചു. ജീവിച്ചിരുന്നപ്പോൾ മാത്രമല്ല മരിച്ചു കഴിഞ്ഞും അവർ തന്റെ കടുത്ത വിശ്വാസങ്ങളെ കാർമലിയുടെ ബോധതലത്തിലേക്കു കൂടെ പ്രക്ഷേപിക്കുന്നു.

സ്വന്തമാക്കിയ പ്രാചീന മൂല്യബോധങ്ങളുടെയും കർക്കശമായ മതബോധത്തിന്റെയും ദൈവഭയത്തിന്റെയും അടിമയായ താത്തി, നിഗൂഡതകളുടെ ആലയമായ പഴയ വീട് ഇത്തരമൊരന്തരീക്ഷത്തിലേക്ക് തീർത്തും അനുചിതമായ സാഹചര്യത്തിൽ പൂർണമായും അസ്വീകാര്യയായി കടന്നു വരുന്ന കാർമ്മലി. നാട്ടിൻ പുറത്തിന്റെ യുക്തികളും വിശ്വാസങ്ങളും ശീലിച്ചു പോന്ന മതാചാരങ്ങളുമാണവളുടെ സ്വത്വത്തെ രൂപപ്പെടുത്തുന്നത്. സെമിനാരിയിൽ പഠിച്ചു കൊണ്ടിരുന്ന സേവ്യറിനെ വശീകരിച്ച് പള്ളിപ്പറമ്പിൽ വെച്ചു തന്നെ അയാളുമായി ഇണചേർന്നതിന്റെ കുറ്റബോധം എന്നുമവൾക്കുണ്ട്. പണക്കാരനെ ‘വളച്ചെടുത്ത്’ സാധാരണഗതിയിൽ തനിക്കൊരിക്കലും കയറിച്ചെല്ലാനാവാത്ത പണ്ടാലക്കൽ വീട്ടിലേക്ക് വധുവായി കേറിച്ചെന്ന കാർമലിയുടെ ജീവിതം ഗുരുതരമായ പ്രത്യാഘാതങ്ങളാണു നേരിടുന്നത്. ആദ്യമൊക്കെ താത്തിയുടെ വിശ്വാസങ്ങളുടെ ദുർബലയായ പിന്തുടർച്ചക്കാരി മാത്രമാണവൾ. യാഥാർത്ഥ്യവും കല്പിതവും കൂടിക്കുഴഞ്ഞ് സ്വയം സൃഷ്ടമായ വിഭ്രാന്തിയുടെ ഇരയായിത്തീരുന്നു അവളും. സാമാന്യയുക്തി നഷ്ടപ്പെട്ട് ഓരോ സംഭവത്തെയും രക്തത്തിലുറഞ്ഞു പോയ ആദിമ വിശ്വാസത്തിന്റെ അതിവ്യാഖ്യാനങ്ങളായി ഉൾക്കൊള്ളുകയാണ് കാർമലി. തുടക്കങ്ങളുടെ കാരണം ദൈവവും വിനാശങ്ങളുടെയും പര്യവസാനങ്ങളുടെയും കാരണം സാത്താനുമാണെന്ന മത പാഠം അവളുടെ ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്നു. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും സ്വപ്നങ്ങളിലുടെ, പ്രവൃത്തികളിലുടെ, അമ്മായിയമ്മയായ അന്നംകുട്ടി താത്തി  ഇമ്മാനുവേൽ, സാത്താനായ ലെഗിയോൺ തന്നെയാണെന്ന ബോധം അവളിൽ ആഴത്തിൽ പതിപ്പിച്ചു. ആറു വയസ്സു മാത്രമുള്ള സ്വന്തം കുഞ്ഞിനെ  അവൾ പിശാചിനെ കാണുന്നതുപോലെ ഭയന്നു. നന്മതിന്മകളും സാത്താനും ദൈവവും തമ്മിലുള്ള നിരന്തര സംഘട്ടനമായിത്തീർന്നു അവളുടെ ജീവിതമാകെ. മതവും പളളിയും പട്ടക്കാരും ചേർന്നു രൂപപ്പെടുത്തിയ കാർമലിയുടെ ബോധ മനസിന് പുറം ലോകത്തിന്റെ ആക്രമണങ്ങൾക്കു മുമ്പിൽ നിസഹായമായി കീഴടങ്ങാനേ കഴിയുന്നുള്ളു. സ്വന്തം ജീവിതത്തെ തവിടുപൊടിയാക്കിയ കളളക്കഥകൾക്ക് കൂട്ടുനിൽക്കേണ്ടി വരുന്നു അവൾക്ക്. തന്റെ മകൻ ലോക നാശത്തിനായി അവതരിച്ച സാത്താനാണെന്ന മൂഡ വിശ്വാസത്തിൽ അവനെ വിഷമൂട്ടി കൊല്ലേണ്ട ദൈന്യതയിലെത്തുന്നു അവളിലെ അമ്മ. ആ മരണം പോലും പള്ളിയും നാട്ടുകാരും  താത്തിയുടെ ആത്മാവും ദൈവ മഹിമയുടെ അതിശയത്തെ വാഴ്ത്താനുള്ള ഉപാധിയാക്കി മാറ്റി.

പക്ഷേ ദുരൂഹവും ഹൃദയം തകർക്കുന്നതുമായ ഈ ദുരന്തങ്ങൾക്കൊടുവിൽ  ചവിട്ടിമെതിക്കപ്പെട്ട തന്റെ ജീവിതം കാർമ്മലിക്ക് യാഥാർത്ഥ്യബോധത്തോടെ സ്വന്തം മനസാക്ഷിയെയും ചിന്തകളെയും ഇഴപിരിച്ചു നോക്കാനുള്ള പ്രേരണയാവുന്നു. “പളളിയും പട്ടക്കാരനും കൂടി തലയിലേക്കു വെച്ചു തന്ന പേടി എന്ന വികാരം എന്റെ തലയിൽ നിന്ന് ഇറങ്ങിപ്പോയി” എന്നവൾ മനസിലാക്കുമ്പോഴാണ് ഇതുവരെയുള്ള സംഭവങ്ങൾ നിശിതമായി വിലയിരുത്താനവൾക്കു കഴിയുന്നതും. പിശാച് ഇല്ലാതായാൽ ദൈവവും ഇല്ലാതാവില്ലേ എന്ന ന്യായവും എന്നാൽ വിലക്കപ്പെട്ടതുമായ ചോദ്യം അവൾ ചോദിച്ചു പോവുന്നു. തന്റെ ഭർത്താവിനെ ഭ്രാന്തനാക്കിയത് അയാളിൽ ദഹിക്കാതെ കിടക്കുന്ന വേദപഠനങ്ങളും സെമിനാരി പാഠങ്ങളുമാണെന്ന് ഇപ്പോഴവൾക്കു മനസിലാവുന്നു. പൈശാചികാംശം മാത്രമുള്ള ഒരു മനുഷ്യനുമില്ല. മനുഷ്യരെല്ലാവരും രണ്ടു ശക്തികളും കൂടിക്കലർന്നവരാണ്. പുരോഹിതന്മാരാണ്  ഇത്തരം ശക്തികളെക്കുറിച്ച് ഏറ്റവുമധികം സംസാരിക്കുന്നത്. കാരണം എതിർക്കാനായി  ഒത്ത ശത്രുവില്ലെങ്കിൽ ദൈവത്തിന്റെ നിലനിൽപും പരുങ്ങലിലാവും. മനസിലിട്ടു വളർത്തുന്ന ചിന്തകൾ തന്നെയാണ് ദുഷ്കർമ്മങ്ങളായി മാറുന്നത്. എല്ലാ മതക്കാരും ദുഷ്ടശക്തികളെക്കുറിച്ച് അമിതമായി സംസാരിക്കുന്നതു കൊണ്ടാണ് തലയിൽ ഇരുട്ടിന്റെ ആത്മാക്കൾ വളരുന്നതും പന്തലിക്കുന്നതും. കാർമലിയുടെ അവസാനത്തെ കത്ത് അതുവരെ ദുരൂഹമായതിനെയെല്ലാം ലളിതമായി വിശദീകരിക്കുന്നു. പുണ്യ – പാപ സങ്കല്പങ്ങളെ ആഴത്തിൽ വിലയിരുത്തുന്നു, മതങ്ങളടിച്ചേല്പിക്കുന്ന യുക്തിരഹിതമായ വിശ്വാസങ്ങളെ ഒന്നടങ്കം നിരസിക്കുന്നു. പക്ഷേ അപ്പോഴേക്കും വളരെ വൈകിയെന്നു മാത്രം.

സ്ഥായിയായ അരക്ഷിതത്വത്തിന്റെ ഇരയാണു സേവ്യർ. അപ്പൻ നേർവഴിക്കല്ലാതെ സമ്പാദിച്ചുകൂട്ടിയ എണ്ണമറ്റ ബിസിനസ് സ്ഥാപനങ്ങൾ നേരാം വണ്ണം നോക്കി നടത്താനയാൾക്കു സാധിക്കുന്നില്ല. സെമിനാരി പഠനം ഉപേക്ഷിക്കേണ്ടി വന്നതിലെ പാപബോധവും മതപാഠങ്ങളുടെ ആഴമേറിയ സ്വാധീനവുമാണയാളുടെ വ്യക്തിത്വത്തെ നിർണയിക്കുന്നത്. ലോകവുമായി തന്മയീഭവിക്കാനും സാമൂഹ്യ വ്യവസ്ഥകളോടു ഗുണപരമായി പ്രതികരിക്കാനും കഴിയാതെ അയാൾ സദാ ഒറ്റപ്പെടുന്നു. പ്രാകൃതവും യാദൃശ്ചികവുമായ അനുഭവങ്ങളെ, അവ്യക്തതകളെ  സത്യമായി സ്ഥാപിക്കാനുളള വ്യഗ്രതയും ഉത്കണ്ഠയുമാണയാളുടെ പ്രവൃത്തികളിൽ കണ്ടെത്താനാവുക. ഇമ്മാനുവൽ സാത്താനാണെന്നു തനിക്കു ചുറ്റുമുള്ള ലോകം ഒന്നടങ്കം ആക്രോശിക്കുമ്പോൾ അയാളവനെ ലോകനന്മയ്ക്കായവതരിച്ച രക്ഷകനായി കാണുന്നു. അപചയങ്ങളിലേക്കു പതിച്ചു കൊണ്ടിരിക്കുന്ന വിശ്വാസികളെ തിരുത്താൻ വേണ്ടിയാണവന്റെ ജനനം. തന്റെ ഭൗതിക ഗുണങ്ങൾക്കു വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു പ്രതിഭാസമായി ദൈവത്തെ കാണുന്ന മനുഷ്യൻ പ്രതികൂലമായതെന്തു കണ്ടാലും അതു പിശാചിന്റെ ഇടപെടലായി കാണും. ഇമ്മാനുവലിനെ പിശാചായി കാണാൻ അവരെ പ്രേരിപ്പിക്കുന്നതും അതുതന്നെയെന്നു സേവ്യർ വിശ്വസിക്കുന്നു. സംസ്കാരത്തെയും പരിഷ്കൃതിയെയും തിരസ്കരിക്കുന്ന സേവ്യറിലെ തീവ്രമായ ഭക്തി നിരന്തരമായ മായക്കാഴ്ചകൾ സൃഷ്ടിക്കുന്നു. നിഴൽ പോലെ അയഥാർത്ഥമായ സ്വപ്നത്തെ പിന്തുടരുന്നതിലെ നിഷ്ഫലതയും നിസഹായതയുമാണ് സേവ്യറിന്റെ യാത്രകൾ. ആത്മനിഷ്ഠവും വാസ്തവ വിരുദ്ധവുമായ അനുഭൂതികളെയാണയാൾ ആ വിഷ്കരിക്കുന്നത്. സേവ്യറിന്റെ സാഹസികമായ വനയാത്രയും അതിനിടയിലെ രക്തമുറയുന്നഅനുഭവങ്ങളും
അൽവാരിസിന്റെ കൊട്ടാരത്തിൽ ഇമ്മാനുവലിന്റെ ഉയിർപ്പിനു വേണ്ടി നടത്തുന്ന നിണാർച്ചനയും തുടർസംഭവങ്ങളും അന്നംകുട്ടി താത്തിയുടെ ആത്മാവ് കണ്ട സ്വപ്നത്തിലെ ഭ്രമദൃശ്യങ്ങളാണ്. പക്ഷേ സമാനമായൊരു യാത്ര ഹിമാലയൻ മലനിരകളിലേക്കു യഥാർത്ഥത്തിൽ അയാൾ നടത്തുന്നുണ്ടുതാനും. വന്യമായും ഭ്രാന്തമായും ബാഹ്യലോകത്തിന്റെ, മതത്തിന്റെ നിയമങ്ങളെ മാറ്റാനുള്ള ശ്രമം. അതു വരെ ശീലിച്ചു വന്നതെല്ലാം അയാൾക്ക് അപരിചിതമാവുന്നു. അയാൾ അങ്ങേയറ്റം ഏകാകിയും നിസ്വനുമാകുന്നു. അപകടകരമായ അന്യവൽക്കരണത്തെയാണ് സേവ്യറിന്റെ ശ്ലഥമായ മനസും ജീവിതവും അഭിമുഖീകരിക്കുന്നത്.

മനുഷ്യ മനസിന്റെയും അതിനെ രൂപപ്പെടുത്തുന്ന മതബോധത്തിന്റെയും ഇരുണ്ട ലോകങ്ങളാണ് ‘ഇരുട്ടിൽ ഒരു പുണ്യാളൻ’ തുറന്നു കാട്ടുന്നത്. ഒരേ സംഭവത്തിന്റെ വ്യത്യസ്ത പാഠങ്ങളിലൂടെ സമാന്തര വായനകളുടെ സാധ്യതകളാണിവിടെ ഉപയോഗപ്പെടുത്തുന്നത്. യാഥാർത്ഥ്യത്തെ വിശദീകരിക്കാൻ സ്വപ്നക്കാഴ്ചകളും ഭൗതികാനുഭവങ്ങളെ വ്യാഖ്യാനിക്കാൻ ആത്മാവിന്റെ ഇടപെടലുകളും തുടങ്ങി പരസ്പര വിരുദ്ധമായിരിക്കുമ്പോൾത്തന്നെ അന്യോന്യം പൂർത്തീകരിക്കുന്ന വ്യത്യസ്ത പാഠങ്ങൾ, ബഹുവിധ വായനകൾ. ഇവയിലൂടെയാണ് നോവൽ അനുനിമിഷം ഉദ്വേഗഭരിതമായും ഭയാനകമായും സഫലമാവുന്നത്. പരസ്പരം ഇടകലരുന്ന നിരവധി മരണാനന്തര ജീവിതങ്ങൾ, ജീവിതത്തെ മരണം കൊണ്ടടയാളപ്പെടുത്തലുകൾ. വൈചിത്ര്യങ്ങളുടെയും പൈശാചികതയുടെയും മനുഷ്യാതീത ലോകത്തേക്കു നീങ്ങുമ്പോൾത്തന്നെ സാമാന്യയുക്തിയുടെ ഉറച്ച നിലത്തു നിൽക്കാനും കഴിയുന്നുവെന്നതാണ് ഈ രചനയുടെ സവിശേഷത. സ്വപ്നങ്ങളും നിഗൂഡതകളും ചിതറിക്കിടക്കുന്ന ഭ്രമാത്മക ലോകത്തിന്റെ ചിത്രണമായിരിക്കുമ്പോൾത്തന്നെ നിശിതമായ മത വിമർശനവും മനുഷ്യന്റെ എക്കാലത്തെയും പ്രതിസന്ധിയായ പുണ്യപാപസങ്കല്പങ്ങളെ വിചാരണ ചെയ്യലും സാധ്യമാക്കിയിരിക്കുന്നു .

Comments

comments