ഗുജറാത്ത് രാഷ്ട്രീയം വീണ്ടും ഒരു രാസമാറ്റത്തിനു വിധേയമാകുന്ന അനിതര സാധാരണമായ കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായിട്ടാണ് സമകാലിക ഇന്ത്യയുടെ ജനാധിപത്യചരിത്രത്തില്‍ ഗുജറാത്ത് ഇടം പിടിച്ചതെങ്കില്‍, ഒരുപക്ഷെ, നാളെ അത് രാജ്യം കണ്ട ഏറ്റവും വലിയ ദളിത്‌ മുന്നേറ്റത്തിന്റെ ജൈവികമായ പിറവിയില്‍ കൂടിയും ആകാം. അതിനുള്ള ലക്ഷണങ്ങള്‍ ആണ് ഊനയില്‍  സമാപിച്ച ദളിത്‌ മാര്‍ച്ച് കാണിക്കുന്നത്. ഇനി മുതല്‍ തോട്ടിപ്പണിയും, ചത്ത പശുവിന്റെ തോലുരിച്ചു ശരീരം  മറവു ചെയ്യുന്ന പണിയും ഏറ്റെടുക്കില്ലെന്ന ഐതിഹാസികമായ സ്വാതന്ത്ര്യ പ്രഖ്യാപനവും കൂടിയാണ്  കനയ്യകുമാറിന്റെയും, രോഹിത്  വെമുലയുടെ  അമ്മയുടെയും സാന്നിധ്യത്തില്‍  വെച്ച് പതിനായിരക്കണക്കിനു ദളിതര്‍ മുന്നോട്ടു വെച്ചത്.

അഹമ്മദാബാദു മുതല്‍ ഊന വരെയുള്ള മുന്നൂറ്റി അമ്പതു കിലോമീറ്റര്‍ ദൂരം, മാര്‍ച്ച് നടന്നു തീര്‍ത്തത്, ഇത് വരെ സംസ്ഥാനം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജനകീയ പങ്കാളിത്തത്തോടെ ആയിരുന്നു. മഹാത്മാഗാന്ധി നയിച്ച ഉപ്പു സത്യാഗ്രഹത്തെ ഓര്‍മിപ്പിക്കുന്ന പങ്കാളിത്തം എന്ന് പല നിരീക്ഷകരും  അഭിപ്രായപ്പെട്ടത്, ആയിരക്കണക്കിന്  ദളിതുകള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും, പ്രായ ലിംഗ ഭേദമന്യേ മാര്‍ച്ചിനു അഭിവാദ്യം അര്‍പ്പിക്കാന്‍  എത്തുന്നത് കണ്ടപ്പോഴായിരുന്നു. ചടുലമായ ഒരു ജൈവതാളം അതിനുണ്ട്.

രണ്ടായിരത്തിരണ്ടു മുതലുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍, ഗുജറാത്തിന്റെയും, ഗുജറാത്തിയുടെയും ‘അസ്മിത’ (സ്വത്വം) ഉയര്‍ത്തിപ്പിടിച്ചാണ്, നരേന്ദ്രമോഡി തുടര്‍ച്ചയായി സംഘപരിവാരിന്റെ ധ്രുവീകരണ രാഷ്ട്രീയത്തിന് ജനസമ്മതി നേടിക്കൊടുത്തത് എന്ന് മനസിലാക്കാന്‍കഴിയും. വംശഹത്യയുടെ ചോരക്കറയെ, വികസന വായാടിത്തവും, കമ്പോള നാഗരികതയും, ഗുജറാത്തി അസ്മിതയും കൊണ്ട് തുടച്ചുകളഞ്ഞാണ്, മോദി, ദേശീയനേതാവായി  ഉയര്‍ന്നത്. പക്ഷെ, സവര്‍ണ്ണകേന്ദ്രീകൃതവും, കോര്‍പറെറ്റു മൂലധനത്തിന്റെയും, വിപണിസംസ്കാരത്തിന്റെയും ഉപോല്‍പ്പന്നവും ആയ ഈ ഗുജറാത്തി ഐഡന്റിറ്റി പൊളിറ്റിക്സില്‍, ദളിതര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസികള്‍ക്കും യാതൊരു പ്രാതിനിധ്യവും താല്‍പര്യവും  ഉണ്ടായിരുന്നില്ല. നിര്ഭാഗ്യവശാല്‍, മോദിപ്രഭാവത്തില്‍  അവരുടെ ഒറ്റപ്പെട്ട ശബ്ദം ആരും കേട്ടില്ല;അല്ലെങ്കില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സൌകര്യപൂര്‍വ്വം മൌനം നടിച്ചു. ഇതേ സവര്‍ണ്ണ ജാതി വ്യവസ്ഥയുടെ ആനുകൂല്യം പേറുന്ന, സംഘടനാപരമായി ഏറെ ദുര്‍ബലമായ കോണ്‍ഗ്രെസ്സിനും, ഏറെക്കുറെ നിശ്ചലമായ ഇടതുപാര്‍ട്ടികള്‍ക്കും, വികസനത്തിന്റെ പൊള്ളയായ അവകാശവാദങ്ങളെ ഫലപ്രദമായി നേരിടാനും കഴിഞ്ഞില്ല. പാടെ തിരസ്കരിക്കപ്പെട്ട,  ഈ  സ്വത്വബോധത്തിന്റെ തിരയടി ആണ് അസ്മിത മാര്‍ച്ചില്‍ നമ്മള്‍ കണ്ടത്. പട്ടേല്‍ സമരം പോലെ തികച്ചും പ്രതിലോമപരമായ, വന്‍കിട ലോബികള്‍ സ്പോണ്സര്‍ ചെയ്ത ഒരു മുന്നേറ്റമായിരുന്നില്ല ദളിത്‌സമരം. മറിച്ചു, അത് തികച്ചും സ്വാഭാവികമായ  ഒരു പരിണതി തന്നെയായിരുന്നു. അവിടെയാണ്, ഈ സമരത്തിന്റെ പ്രസക്തി നിലനില്‍ക്കുന്നതും.
india-caste-protests_922b8dac-5ba6-11e6-8ec9-11a86e94b7e9

ഏറെ കാലമായി ദളിതുകള്‍, ഗുജറാത്തി  മുഖ്യധാരയില്‍ നിന്നും ഒരു പാട് ദൂരെയാണ്. മിക്കവാറും ഗ്രാമങ്ങളില്‍ നഗ്നമായ മനുഷ്യാവകാശ ലംഘനം ആണ് ജാതിയുടെ പേരില്‍ നടന്നു വന്നിരുന്നത്. ദളിതര്‍ക്ക് പൊതു കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ അവകാശം ഇല്ല; ചായക്കടയില്‍ ദളിതര്‍ക്ക് വേറെ കപ്പില്‍ ചായ കൊടുക്കുന്നത് സര്‍വ സാധാരണമാണ്. എന്തിനു, ദളിത്‌ പഞ്ചായത്ത്  അംഗങ്ങള്‍ക്ക് കസേരയില്‍ ഇരിക്കാനുള്ള അവസരം പോലും കൊടുക്കാത്ത ഗ്രാമങ്ങള്‍ ഉണ്ട്. ജഘാരിയ ഗ്രാമത്തില്‍ മില്‍ക്ക് സൊസൈറ്റിയില്‍ പാല്‍ വില്‍ക്കാന്‍ വരുന്ന ദളിതര്‍ക്ക് വേറെ ക്യൂ സംവിധാനം  ആയിരുന്നു. ഏറെ നാളത്തെ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ ആണ് പ്രാകൃതമായ ഈ വംശീയത അവസാനിക്കപ്പെട്ടത്‌. അമ്പലങ്ങളില്‍ പൂജ നടന്നാല്‍  ദളിതര്‍ക്ക് അതില്‍ പങ്കെടുക്കാന്‍ അവകാശമില്ല. അവര്‍ക്ക് ദൂരെ നിന്ന് കാണാം. പ്രസാദം എറിഞ്ഞു കൊടുക്കും. പല ഗ്രാമങ്ങളിലും ദളിതര്‍ക്ക് പൊതു ശ്മശാനത്തില്‍ ശവമടക്ക് നടത്താന്‍ പറ്റില്ല. രണ്ടായിരത്തി ഒന്‍പതില്‍, നവസര്‍ജ്ജന്‍ എന്ന ദളിത്‌ NGO നടത്തിയ പഠനത്തില്‍ തെളിഞ്ഞത്,തൊണ്ണൂറു ശതമാനം ഗ്രാമങ്ങളിലും ദളിതര്‍ക്ക് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്. 98% ഗ്രാമങ്ങളിലും, മിശ്ര വിവാഹം നിഷിദ്ധമാണ് എന്നു മാത്രമല്ല, അത്തരക്കാര്‍ക്കു ക്രൂരമായ പീഡനങ്ങള്‍ സഹിക്കേണ്ടിയും വരുന്നുണ്ട്. ഉച്ചകഞ്ഞി വിതരണം ചെയ്യുമ്പോള്‍ ദളിത്‌ വിദ്യാര്‍ഥികളെ മാറ്റി ഇരുത്തുന്നത്‌ പതിവ് കാഴ്ചയാണ്. ഭൂകമ്പത്തിനു ശേഷമുള്ള പുനരധിവാസത്തില്‍ പോലും ദളിതുകളെ വേര്‍തിരിച്ചു കൊണ്ടാണ് വീടുകള്‍ പണിതത്. നവസര്‍ജന്‍ 1589 ഗ്രാമങ്ങളില്‍ നടത്തിയ പഠനം കൊട്ടിഘോഷിക്കപ്പെട്ട വികസന മാതൃകയുടെയും, വിരാട ഹിന്ദുത്വത്തിന്റെയും നേരെ കൊഞ്ഞനം കുത്തുന്ന തെളിവുകള്‍ ആണ്.

98 തരം തൊട്ടുകൂടായ്മകള്‍ ആണ് ഈ പഠനം രേഖപ്പെടുത്തിയത്. ആര്‍ക്കും പരിശോധിക്കാവുന്ന തെളിവുകള്‍.. ഒരു  വാട്ടര്‍ ടാപ്പ് പോലും ഇല്ലാത്ത ദളിത്‌ കോളനികള്‍ ഗുജറാത്തില്‍ ഏറെയുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ ഉദാത്ത മാതൃകയായി  വാഴ്ത്തപ്പെടുന്ന ഗ്രാമ പഞ്ചായത്തുകളില്‍ പലയിടത്തും, ദളിത്‌ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ചായ കൊടുക്കുന്നത് ‘ദളിത്‌ കപ്പുകളില്‍ ആണ്’. എന്ന് വെച്ചാല്‍, ഒരു ചായക്കപ്പു  തെരഞ്ഞെടുക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാത്ത നാട്ടിലാണ് നമ്മള്‍ ജനാധിപത്യത്തിന്റെ സൌന്ദര്യത്തെ പാടി പുകഴ്ത്തുന്നത്.

ഇത്രയും ക്രൂരമായ അവഗണന നേരിട്ടിട്ടും, കൊടിയ മര്ദ്ദനങ്ങള്‍ക്ക് വിധേയമായിട്ടും, സവര്‍ണ്ണരുടെ കക്കൂസ് വൃത്തിയാക്കുന്നതും, ചത്ത പശുവിനെ കുഴിച്ചുമൂടുന്നതും കാലാ കാലങ്ങളായി ഏറ്റവും അടിത്തട്ടില്‍ ഉള്ള  ദളിതര്‍  ആണ്. സ്വന്തമായി കൃഷി ഭൂമി ഇല്ലാത്ത, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട, കച്ചവടം ചെയ്യാന്‍ വിലക്കപ്പെട്ട, ജാതി വ്യവസ്ഥയുടെ ചവിട്ടടിയില്‍ കിടക്കുന്ന പാവം ദളിതന്‍ പിന്നെ എങ്ങനെ ജീവിക്കും? ദളിത്‌ പീഡനങ്ങള്‍ പകുതിയില്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത്, ജീവിക്കാനുള്ള  മാര്‍ഗം അടയുമോ എന്ന ഭയത്തില്‍ നിന്നാണ്. പോലീസും,താലൂക്ക്- പഞ്ചായത്ത് അധികാരികളും, ഉദ്യോഗസ്ഥരും, പ്രതിനിധാനം ചെയ്യുന്നത്, അതേ വര്‍ണ്ണ വ്യവസ്ഥയെയാണ്, അവരുടെ താല്പര്യങ്ങള്‍ ആണ്. കൂടുതല്‍ എതിര്‍ത്താല്‍ കള്ളക്കേസില്‍പ്പെടുത്തി പീഡിപ്പിക്കും എന്നത് കൊണ്ട് മിണ്ടാതെ നില്‍ക്കുന്നവരാണ് എറെയൂം. രണ്ടായിരത്തി മൂന്നു മുതല്‍ പതിന്നാലു വരെയുള്ള മോഡി ഭരണകാലത്ത്, 14,500 ദളിത്‌ പീഡന കേസുകള്‍ ആണ് രെജിസ്ടര്‍ ചെയ്യപ്പെട്ടത്. 74 ദളിത്‌ യുവതികള്‍ റേപ്പ് ചെയ്യപ്പെട്ടു. അന്‍പത്തി അഞ്ചു ഗ്രാമങ്ങളില്‍ നിന്നും ദളിതുകള്‍ പുറത്താക്കപ്പെട്ടു. 55,000 – ത്തില്‍ അധികം വരുന്ന തോട്ടിപ്പണിക്കാര്‍ക്ക് ഈ അടുത്ത കാലത്താണ് മിനിമം കൂലി നിശ്ചയിക്കപ്പെട്ടത്‌. ഭൂരിഭാഗവും ഇപ്പോഴും മുനിസിപ്പാലിറ്റികളില്‍ സ്ഥിരം ജോലി കിട്ടാന്‍ സമരത്തിലാണ്.

ഊന  സംഭവത്തിനു ശേഷമുള്ള ദളിത്‌ മുന്നേറ്റം, ഈ പ്രശ്നങ്ങളെ കൃത്യമായി  ഏറ്റെടുക്കുന്നു എന്നത് തന്നെയാണ്, ഏറ്റവും പ്രസക്തമായത്. ഇതിനു മുന്‍പ് രണ്ടായിരത്തി പന്ത്രണ്ടില്‍ നടന്ന മൂന്നു ദളിത്‌ യുവാക്കളുടെ കൊലപാതകവും, സമാനമായ നിരവധി പീഡനങ്ങളും അന്വേഷിക്കണമെന്നും, ജാതി വിവേചനത്തെ ശക്തമായി നേരിടുമെന്നും, ജിഗ്നേഷ് മേവാനി പറയുന്നു. മാത്രമല്ല, ദളിത്കളും  ആദിവാസികളും നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നം ഭൂമിയുടെ ഉടമസ്ഥത ഇല്ലാത്തത് ആണെന്നും, ഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിലൂടെ മാത്രമേ ദളിതന് സ്വാതന്ത്ര്യം കിട്ടുകയുള്ളൂ എന്നും ദളിത്‌ അത്യാചാര്‍ ലടത് സമിതി പ്രഖ്യാപിക്കുന്നുണ്ട്. വിഭവങ്ങളുടെ മേലുള്ള തുല്യാവകാശം എന്ന നിലയിലേക്ക് ഈ പോരാട്ടം നീങ്ങുന്നു എന്നത് തന്നെയാണ് പ്രത്യാശ പകരുന്നതും.

514752-dalit-atrocities-guj

ഗുജറാത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ തന്നെ ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ ശക്തമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗ്രാമങ്ങളില്‍ ബി ജെ പിക്ക് തിരിച്ചടി നേരിടാനുള്ള ഒരു കാരണം, കോര്‍പരേറ്റുകള്‍ക്ക് വേണ്ടി യാതൊരു മാനദണ്ഡവും കൂടാതെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പലയിടത്തും പ്രാദേശിക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നതാണ്. ദല്‍ഹി- ബോംബൈ വ്യവസായ ഇടനാഴി കടന്നു പോകുന്ന പ്രദേശങ്ങളില്‍ പലയിടത്തും, ഇപ്പോള്‍ തന്നെ  അന്യായമായ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രക്ഷോഭം ശക്തമാണ്. നര്‍മദയില്‍ നിന്നും ന്യായമായി കിട്ടേണ്ട വെള്ളം നിഷേധിക്കുന്നതിന്റെ പേരില്‍ ധോലേരയിലെ 22 ഗ്രാമങ്ങളിലെ കര്‍ഷകര്‍ കുറെ നാളായി സമരത്തിലാണ്. 28,203 ഹെക്ടര്‍ കൃഷി സ്ഥലത്ത് ആണ് ന്യായമായി കിട്ടേണ്ടിയിരുന്ന വെള്ളം കിട്ടാത്തത് കൊണ്ട് കൃഷി മുടങ്ങിപ്പോയത്. ധോലേരയിലെ സ്പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണില്‍ ജലം എത്തിക്കാന്‍ വേണ്ടിയാണ് കര്‍ഷകര്‍ക്ക് ജലസേചന സൗകര്യം നിഷേധിക്കുന്നതെന്ന ആരോപണവുമായി ശക്തമായ  സമരത്തിലാണ് അവര്‍.

 

ഗ്രാമങ്ങളില്‍ കൃഷിഭൂമി വില്പ്പനക്കെതിരെ നിരന്തരം ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. രണ്ടായിരത്തി അഞ്ചില്‍ ബി ജെ പി കൊണ്ടുവന്ന ഭൂമി  നിയമം, ഗ്രാമങ്ങളിലെ പൊതു ഭൂമിയും, മിച്ചഭൂമിയും, കൃഷിഭൂമിയും ഒക്കെ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വേണ്ടിയും, വ്യവസായത്തിന് വേണ്ടിയും കൈമാറ്റം ചെയുന്നത് സാധൂകരിക്കുന്നുണ്ട്‌. സര്‍ക്കാര്‍  അധീനതയില്‍ ഉണ്ടായിരുന്ന നാല്പത്തിആറു ലക്ഷം ഹെക്ടര്‍ ഭൂമിയാണ് ഇങ്ങനെ വ്യവസായികള്‍ക്ക് വളരെ തുച്ഛമായ വിലക്ക് നല്‍കിയത്. ഇത്തരം ഉദാര സമീപനങ്ങളിലൂടെ ഉയര്‍ന്നു വന്ന അറുപതോളം SEZ( സ്പെഷ്യല്‍ എകനോമിക് സോണ്‍) കളില്‍ ദളിതുകള്‍ക്ക് ഒരു ജോലിയും കിട്ടുന്നില്ല.  എന്ന് മാത്രമല്ല, ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ന്യായമായിട്ടും ദളിതുകള്‍ക്കും, ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും കിട്ടേണ്ട ഭൂമിയാണ്‌ യാതൊരു തത്വദീക്ഷയും കൂടാതെ വ്യവസായികള്‍ക്ക് തീറെഴുതി കൊടുത്തത്. ഊനയില്‍ തന്നെ അന്പതിയേഴു ദളിത് കുടുംബങ്ങളില്‍ മൂന്നു പേര്‍ക്കാണ് സ്വന്തമായി ഭൂമിയുള്ളത്. പലര്‍ക്കും അനുവദിച്ച ഭൂമി ഇപ്പോഴും കടലാസില്‍ മാത്രമാണ്.

ഗ്രാമങ്ങളില്‍ ഭൂ- മാഫിയ- ഉദ്യോഗ്സ്ഥ ലോബിയുടെ കള്ളക്കളിയുടെ ഭാഗമായി അന്യാധീനപ്പെടുന്ന ഭൂമി വേറെയും. സ്വതന്ത്രവിപണിക്ക് സൌകര്യങ്ങള്‍ ഒരുക്കാന്‍, അവര്‍ക്ക് ചുവന്ന പരവതാനി വിരിച്ചു കൊടുക്കാനുള്ള തത്രപ്പാടില്‍, ഒരു ജനതയെ മുഴുവന്‍ അവരുടെ  ആവാസവ്യവസ്ഥയില്‍ നിന്നും തള്ളിനീക്കി പുറമ്പോക്കില്‍ ആക്കുന്ന, ഭൂവുടമയുടെ കാല്‍കീഴില്‍ ആക്കുന്ന രീതിയെയാണ്‌ നാം ഇതുവരെ വികസനം എന്ന ഓമനപ്പേരില്‍ വിളിച്ചത്. ഇതുവരെ പ്രാദേശികമായി ഒതുങ്ങിയിരുന്ന ഭൂപ്രശ്നം, ഇനി ദളിതുകള്‍ ആളി കത്തിക്കാനാണ് സാധ്യത. അവഗണിക്കാന്‍ പറ്റാത്ത വിധത്തില്‍ അത് പുറത്തു വന്നിരിക്കുന്നു.  മറ്റു ചെറുസാമൂഹ്യ പ്രസ്ഥാനങ്ങള്‍ കൂടി ഈയൊരു പോരാട്ടത്തില്‍ അണിനിരക്കുകയാണെങ്കില്‍ ഒരു പക്ഷേ ജെ. പി പ്രസ്ഥാനത്തിന് ശേഷമുള്ള ഏറ്റവും അര്‍ത്ഥവത്തായ ഒരു വന്‍ മുന്നേറ്റത്തിനു വരും നാളുകള്‍ സാക്ഷ്യം വഹിക്കും. ആനന്ദിബെന്‍ പട്ടേലിന്റെ രാജി കൊണ്ട് തീര്‍ക്കാവുന്നതല്ല, ഗുജറാത്ത് സാമൂഹ്യവ്യവസ്ഥയിലെ ആന്തരിക സംഘര്‍ഷങ്ങള്‍. അത്,ഒരു വശത്ത് സംഘപരിവാറിന്റെ സവര്‍ണ്ണതാല്പര്യങ്ങളോടും, മോഡിയുടെ കമ്പോളതാല്പര്യങ്ങളോടും ഒരു പോലെ സമരം ചെയ്യാന്‍ ഇപ്പോള്‍ സന്നദ്ധമാണ്.

എഴുപതുകളിലെ ദളിത്‌ പാന്തര്‍ പ്രസ്ഥാനത്തിന് ശേഷം ഗുജറാത്തില്‍ ദളിതുകള്‍ സംഘടനാപരമായി ശക്തമായിരുന്നില്ല.പിന്നീടു പലരും, ഐഡന്റിറ്റി രാഷ്ട്രീയം മുന്നോട്ടു വെച്ചുവെങ്കിലും, അതോടൊപ്പം ഭൂമിയുടെയും,വിഭവങ്ങളുടെയും മേലുള്ള അവകാശം കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കുറേകൂടി യാഥാര്ത്യത്തോട് അടുത്ത് നില്‍ക്കുന്ന ഒരു സമീപനമാണ് ജിഗ്നേഷ് മേവാനിയുടെത്. നഗരങ്ങളിലെ വ്യവസായ തൊഴിലാളികളെയും, ഗ്രാമങ്ങളിലെ ഭൂരഹിത ദളിതുകളെയും, മറ്റു അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെയും ഒന്നിച്ചു നിര്ത്തിയാല്‍, അതാകും, ഗുജറാത്തിന്റെ അസ്മിത.

jignesh_mewani

ചുരുക്കത്തില്‍,  സമ്പത്തിന്റെ വളര്ച്ചയില് മാത്രം കേന്ദ്രീകരിച്ചുള്ള ഒരു മാതൃകയാണ് ഗുജറാത്ത്. അത് ഒരു പരിധി വരെയെങ്കിലും തുല്യമായി വിതരണം ചെയ്യുന്ന കാര്യത്തില് ഗുജറാത്ത് വളരെ പിറകിലാണ്. അത് കൊണ്ട് തന്നെ ഗ്രാമീണ ഗുജറാത്ത് ഇന്നത്തെ കേരളീയ ഗ്രാമങ്ങള്‍ക്ക് ഒപ്പം എത്താൻ ഇനിയും 25 വര്ഷം എങ്കിലും എടുക്കും. വിദ്യാഭ്യാസ നിലവാരം വളരെ കുറവാണ്. ഇംഗ്ലീഷ് ഭാഷാജ്ഞാനം ഇല്ലെന്നു തന്നെ പറയാം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്ന കാര്യത്തിലും വളരെ പിറകിലാണ്. കച്ചവട/ വര്തക സംസ്കാരം സിരകളിലോടുന്ന ഗുജറാത്തികൾക്കു ചെറുകിട ബിസിനെസ്സിലും ഓഹരി വിപണിയിലും ആണ് താല്പര്യം. കൊച്ചുകുട്ടികള്‍ക്ക് കൂടി ഓഹരി നിക്ഷേപങ്ങളെക്കുറിച്ചു നല്ല അറിവാണ്. അവരുടെ റോൾ മോഡൽ ഒരിക്കലും ഗാന്ധി അല്ല. പട്ടേല്‍ അല്ല. ധിരുഭായി അംബാനി ആണ്. ഓരോ ഗുജറാത്തിയിലും നിങ്ങള്ക്ക് ധിരുഭായി അംബാനി ആകാൻ കൊതിക്കുന്ന ഒരു സംരംഭകനെ കാണാം. മോഡി അവര്ക്ക് സ്വീകാര്യൻ ആയതു വര്തക സമൂഹത്തിന്റെ സ്വപ്നങ്ങള്ക്ക് ചിറകു വിടര്താനുള്ള സൗകര്യം ഒരുക്കിയത് കൊണ്ടാണ്. ഒരു നേരം മാത്രം ആഹാരം കഴികുന്ന എത്രയോ പേര് ഇവിടെയുണ്ട്. 2 രൂപയ്ക്കു അരി കിട്ടുന്ന നാടിനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞവര് …ഗ്രാമങ്ങള് ഇപ്പോഴും പലയിടത്തും നൂറു രൂപയാണ് കൂലി. കാര്ഷിക ഉല്പാദനം കൂടിയെങ്കിലും കര്ഷകര്ക്ക് വില കിട്ടുന്നില്ല.. കച്ചിലെയും മറ്റും  ആദിവാസികള്‍ക്ക് വെള്ളം കിട്ടാൻ മണിക്കൂറുകൾ നടക്കണം. പെണ് ഭ്രൂണഹത്യ വളരെ കൂടുതല് ആണ്.

ഈയൊരു വൈരുദ്ധ്യത്തിന്റെ മുകളില്‍ നുണകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഗുജറാത്ത് മോഡല്‍ എന്ന മിത്തിനെയാണ് ഊനയിലെ ദളിതര്‍ പൊളിച്ചടുക്കിയത്.  എന്തായാലും, അവഗണിക്കാനാവാത്ത ശക്തിയായി ദളിതുകള്‍ ഗുജറാത്തില്‍ അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. സംഘപരിവാറിന്റെ ഹൈന്ദവ ഏകോപനം വെറും കാപട്യം ആണെന്നും, അവരുടെ ഭരണതിലോ, സമൂഹത്തിലോ തങ്ങള്‍ക്കു യാതൊരു പരിഗണനയും ഉണ്ടാവില്ലെന്നും ഉള്ള തിരിച്ചറിവില്‍ ഇന്ത്യയിലെ ദളിതര്‍ എത്തിക്കഴിഞ്ഞു. ഈ ജൈവിക മുന്നേറ്റത്തെ ഒരു രാഷ്ട്രീയശക്തിയായി മാറ്റാന്‍ കഴിയുന്നിടത്താകും ഇന്ത്യന്‍ ജനാധിപത്യം സാര്തകമാകുന്നത്. കോണ്‍ഗ്രസിനും, ഇടതുപക്ഷത്തിനും, പ്രാദേശിക പാര്‍ടികള്‍ക്കും, അവഗണിക്കാന്‍ പറ്റാത്ത വിധത്തില്‍ ദളിത്‌ രാഷ്ട്രീയം വളരാനുള്ള ഒരു വലിയ സാധ്യത ഗുജറാത്ത് തരുന്നുണ്ട്.

ഗാന്ധിജി ഉഴുതു മറിച്ച, മണ്ണില്‍ വൈകിയെങ്കിലും വിരിയുന്നത് അംബേദ്കര്‍ വസന്തമാണെങ്കില്‍, അത് രാജ്യമൊട്ടാകെ പടരുന്ന നിലയിലേക്ക് വളരുമെങ്കില്‍, കൊട്ടിഘോഷിക്കപ്പെട്ട വികസന മാതൃകക്കും, ബ്രാഹ്മണിക്കല്‍ ഹിന്ദൂയിസത്തിനും ഏല്‍ക്കുന്ന  ഏറ്റവും വലിയ പ്രഹരം ആയിരിക്കും അത്.

Comments

comments