കൃഷിയിറക്കാൻ തീരുമാനമായി. മണ്ണിന്റേയും മനുഷ്യന്റേയും മനസ്സൊരുങ്ങി. അയാൾക്കൊരു ചെറിയ കൂരയുണ്ട്. മഴ പെയ്താലും വെള്ളമിറങ്ങാത്ത വിധം അടുക്കിനു ഓലകൾ വെച്ചൊരു കൂര. അതിനു മുകളിൽ കാക്കകൾ വന്നിരിക്കാറുണ്ട്. പലതരം കാക്കൾ. ചുവന്ന വായുള്ള ചെറിയ കാക്കകൾ, സദാ ഇടം വലം വെട്ടിത്തിരിഞ്ഞു നോക്കുന്ന കറുപ്പും ചാരനിറവും കലർന്ന സാധാരണ കാക്കകൾ. കടും കറുപ്പിൽ മുങ്ങി നില്ക്കുന്ന ബലികാക്കകൾ. ഈ കാക്കകളിൽ നിന്നാവും കറുപ്പ് നിറം തന്നെ ഉണ്ടായിട്ടുണ്ടാവുക. പറന്നു പോകുന്ന കറുത്ത പൊട്ടുകൾ – അതാവാം ഒരുപക്ഷെ സൃഷ്ടാവ് മനസ്സിൽ കണ്ടിട്ടുണ്ടാവുക. കർഷകനു ഒരാൺകുട്ടിയുണ്ട്. അവനും കർഷകനെ പോലെ വിളവുകളാണ്‌ സ്വപ്നം കാണുന്നത്. കാറ്റിൽ ഒരു വശത്ത് തല ചെരിച്ച് നില്ക്കുന്ന കതിരുകളാണ്‌ അവന്റെ സ്വപ്നക്കാഴ്ച്ചകളിൽ മിക്കപ്പോഴും നിറയുന്നത്. അതിനു നടുവിൽ നിന്നാണവൻ പന്തു കളിക്കുക. ചുവന്ന പന്താണ്‌. എപ്പോഴും ഒറ്റയ്ക്കാണവൻ കളിക്കുന്നത്. മേല്പ്പൊട്ടുയരത്തിലെറിയുന്ന പന്ത് ചിലപ്പോൾ താഴേക്ക് വരില്ല. വരികയാണെങ്കിൽ തന്നെ ചിലപ്പോൾ വയലിൽ പച്ച നിറത്തിനിടയിൽ പെട്ടു പോകും. പച്ച നിറത്തിനുള്ളിൽ നിന്ന് ചുവപ്പ് നിറം കണ്ടെടുക്കാൻ പ്രയാസമൊന്നുമില്ല പക്ഷെ അവന്‌ സ്വപ്നത്തിൽ ഒരുപാട് ചുവന്ന പന്തുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. അത് കൃഷിയിടത്ത് പലയിടത്തായി ചെളിയിൽ പുതഞ്ഞു കിടപ്പുണ്ടാവും. അവന്റെ വീട്ടിനടുത്തുള്ള പീടികയിൽ പന്തുകൾ വാങ്ങാൻ കിട്ടും. പക്ഷെ അവിടെയൊരിക്കലും ചുവന്ന പന്തുകൾ അവൻ കണ്ടിട്ടില്ല. ചുവന്ന പന്തുകൾ അവന്റെ സ്വപ്നങ്ങളിൽ മാത്രമാണ്‌. അതടുത്തവൻ കളിക്കും. ഉയരത്തിലേക്കെറിയും. വയലിൽ നഷ്ടപ്പെടും. അവനത് തിരഞ്ഞു നടക്കും. ഇതാണ്‌ പതിവു സ്വപ്നങ്ങൾ. ഉണർന്ന് കഴിഞ്ഞാലും അവൻ ചിലപ്പോൾ കൃഷിയിടങ്ങളിൽ പോയി നോക്കാറുണ്ട്. അവന്റെ പന്തുകൾ പച്ചകൾക്കിടയിൽ തിരയാറുണ്ട്. ചിലപ്പോളതെല്ലാം ചെളിയിൽ പുതഞ്ഞു പോയിട്ടുണ്ടാവും. മണ്ണ്‌ വിഴുങ്ങിയിട്ടുണ്ടാവും. മണ്ണിരകളുടെ ലോകത്തെത്തിയിട്ടുണ്ടാവും. അവർ അതിനെ സിംഹാസനമോ, ആരാധിക്കുന്ന പ്രതിഷ്ഠയോ ആക്കിയിട്ടുണ്ടാവും. അങ്ങനെയൊക്കെയാണവൻ ആലോചിക്കുക. അവന്റെ ആലോചനകളൊക്കെ അത്രയേ ഉള്ളൂ. ചുവന്ന പന്തുകളെ പോലെ ചെറിയ ചെറിയ അലോചനകൾ.

കൃഷിക്കാരൻ മണ്ണുഴുതു. മകൻ മണ്ണിൽ തന്നെ നോക്കി നിന്നു. അവന്റെ പന്തുകളൊന്നും മണ്ണു തള്ളിമാറ്റി പൊങ്ങി വന്നില്ല. വിത്തെറിയാൻ അച്ഛന്റെ കൂടെ അവനും കൂടി. അവനതൊരു കളിയാണ്‌. അച്ഛന്റെ ജീവിതമാണ്‌ അവൻ എറിഞ്ഞു കളിക്കുന്നത്. അച്ഛന്റെ ജീവിതത്തിന്റെ അറ്റത്താണ്‌ തന്റെ ജീവിതവും അവന്റെ അമ്മയുടെ ജീവിതവും കൂട്ടിക്കെട്ടിയിരിക്കുന്നത്. അതവനറിയില്ല. അവനൊരു കൊച്ചു കുട്ടിയാണ്‌. ചെറിയ ചുവന്ന പന്തുകളെ സ്വപ്നം കാണുന്ന ഒരു ചെറിയ കുട്ടി. ഈ പ്രാവശ്യം നല്ല വിളവ് കിട്ടുമെന്നാണവന്റെ അച്ഛൻ സ്വപ്നം കാണുന്നത്. അച്ഛനും എന്തൊക്കെയോ സ്വപ്നം കാണാറുണ്ട്. അതു ചെറിയ ചുവന്ന പന്തുകളല്ല. മറ്റെന്തൊക്കെയോ ആണ്‌. ആ സ്വപ്നങ്ങളെ കുറിച്ചൊന്നും അവനറിയില്ല. സ്വപ്നങ്ങൾ കോട്ടുവായ പോലെ പകരാറില്ല. അതു കൊണ്ട് അച്ഛൻ കാണുന്ന സ്വപ്നങ്ങൾ എന്താണെന്നവനറിയില്ല. അവൻ കോട്ടുവായിടുന്നത് കാണുമ്പോൾ അവന്റെ അച്ഛൻ ക്ഷീണിച്ച കണ്ണു കൊണ്ടവനെ നോക്കും. വിത്തെറിഞ്ഞത് മണ്ണിലാണെങ്കിലും വിളവ് മനസ്സിലാണ്‌. പാവം അവനും തന്റെയൊപ്പം പണിക്ക് വന്നത് കൊണ്ടാണ്‌ കോട്ടുവായിടുന്നത്. അവന്റെ നെറ്റിയിൽ തലോടി കൊണ്ടിരിക്കും ആ മനുഷ്യൻ. അപ്പോഴാണവൻ ഉറങ്ങി പോവുക. അപ്പോഴാണവന്റെ കൈയ്യിൽ ചുവന്ന പന്ത് കിട്ടുക.

ഒരുപാട് തവണ പകലും രാത്രിയും പരസ്പരം മുന്നിൽ വന്നു നില്ക്കാൻ മത്സരിച്ചു. പകലും രാത്രിയും വിചാരിക്കുന്നത് അവർ ഏതോ വരിയിൽ നില്ക്കുകയാണെന്നാണ്‌. ആരാണ്‌ മുൻപിൽ എന്ന് അവരിരുവരും മത്സരിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ഏതു വരിയിൽ എന്തു കാത്താണ്‌ നില്ക്കുന്നതെന്ന് പകലിനോ രാത്രിക്കോ അറിയില്ല. ഒരാൾ മുന്നിൽ നില്ക്കുമ്പോൾ മറ്റൊരാൾ പിന്നിൽ. ഇതൊക്കെ കണ്ട് സൂര്യൻ ചിരിക്കും. ചന്ദ്രൻ വെളുക്കെ ചിരിക്കും. നക്ഷത്രങ്ങൾ കണ്ണു ചിമ്മി ചിരിക്കും.

ഇപ്പോൾ പാടം നിറയെ പച്ച നിറമാണ്‌. ജീവന്റെ നിറമാണ്‌. വിശപ്പിന്റെ നിറവും ഒരു പക്ഷെ അതാവും. കൃഷിക്കാരന്റെ മകനു വിശപ്പ് വേദനയാണ്‌. വയർ വേദനിക്കുന്നു എന്നാണവൻ പറയുക. അവനു വിശപ്പും വേദനയും തമ്മിലുള്ള വ്യത്യാസമറിയില്ല. അതു അവൻ വളർന്നു വലുതാവുമ്പോഴേ അറിയൂ. പിന്നീട് അവനറിയും വേദനകൾ തന്നെ പലവിധമുണ്ടെന്ന്. വിശപ്പും പലവിധമുണ്ടെന്ന്. അതറിയുമ്പോഴാണ്‌ അവൻ വലിയ കൂട്ടത്തിന്റെ ഭാഗമാവുക. അതു വരെ അവൻ ചുവന്ന പന്ത് വെച്ചു കളിക്കും. വലുതാവുമ്പോൾ ആരും പന്തു കളിക്കാറില്ല. അപ്പോൾ ചതുരകടലാസുകൾ നിലത്തെറിഞ്ഞാണ്‌ കളിക്കുക. അതുമൊരു കളിയാണ്‌. പകൽ സമയം അവൻ വരമ്പിൽ കൂടി നടക്കും. തലയുയർത്തി പിടിച്ചാണവൻ നടക്കുക. അവനും എറിഞ്ഞ വിത്തുകൾ മുളപൊട്ടി മണ്ണു തുളച്ച് വന്നിട്ടുണ്ട്. ഇപ്പോൾ പച്ച നാമ്പുകൾക്കവനെ കാണാം. അവനു പച്ചനാമ്പുകളെ കാണാം. അവൻ അവരുടെ കവിളിൽ വിരലോടിച്ചു കൊണ്ട് വരമ്പത്തൂടെ ഓടും. അവർ അവനെ നോക്കി തലയാട്ടി നില്ക്കും. നാളുകൾ കഴിഞ്ഞപ്പോൾ അവർ അവനു കതിരുകൾ കാണിച്ചു കൊടുത്തു. അച്ഛൻ ഒരു പേക്കോലമുണ്ടാക്കിയത് അന്നായിരുന്നു. വൈക്കോൽ നിറച്ചാണത് ഉണ്ടാക്കിയത്. അച്ഛന്റെ കീറിയ കുപ്പായമാണതിനു ഇട്ടു കൊടുത്തത്. കോലത്തിനു കണ്ണു വരച്ചതു അമ്മയുടെ കണ്മഷി വെച്ചാണ്‌. വലിയ കണ്ണുകൾ. കണ്ടാൽ പേടിയാവും. പക്ഷെ അമ്മ അതു നോക്കി നിർത്താതെ ചിരിച്ചു. അമ്മയുടെ ചിരി കാണാൻ നല്ല രസമാണ്‌. മഴ പെയ്യുന്നത് പോലെയാണ്‌. അച്ഛനു ആ ചിരി കാണുമ്പോൾ അരി തിളയ്ക്കുന്നതാണ്‌ ഓർമ്മ വരിക. അപ്പോഴേക്കും അമ്മ കൈ കൊണ്ട് ചിരി മൂടി കളയും. അരി അപ്പോഴും തിളയ്ക്കും. അയാൾക്കപ്പോഴും അരി തിളയ്ക്കുന്ന ശബ്ദം കേൾക്കാനാവും.

അച്ഛനും മകനും കൂടിയാണ്‌ പാടത്ത് കോലം കൊണ്ട് കുത്തിയത്. ഒരു വലിയ കോലിലാണത് കെട്ടിയുറപ്പിച്ചത്. രണ്ടു കൈകളും വിടർത്തി അതു നിന്നു. മകന്‌ ആ നില്പ്പു കണ്ടിട്ട് കോലത്തിനെ ഇക്കിളിയിടണമെന്നു തോന്നി. അവൻ കോലത്തിനെ ചിരിപ്പിക്കാൻ ശ്രമിച്ചു. കോലം കണ്ണും മിഴിച്ച് നിന്നതേയുള്ളൂ. പക്ഷെ ഒറ്റയ്ക്കായപ്പോൾ കോലം ചിരിച്ചു. എന്തിനാണ്‌ ചിരിച്ചതെന്ന് കോലത്തിനു മാത്രമേ അറിയൂ. മകൻ കോലത്തിനു ഒരു പേരിട്ടു – മണിയൻ. അച്ഛനും അമ്മയ്ക്കും പേരിഷ്ടപ്പെട്ടു. കഴുത്തിൽ ഒരു മണികൂടി കെട്ടിത്തൂക്കാരുന്നു – തിളയ്ക്കുന്ന ചിരി സ്വന്തമായുള്ള അമ്മ അഭിപ്രായപ്പെട്ടു. അപ്പോഴവനും അതു തോന്നി. അടുത്തുള്ള അമ്പലത്തിൽ നിറയെ മണികളുണ്ട്. പക്ഷെ അതൊക്കെ ദൈവങ്ങളുടെ സ്വന്തമാണ്‌. മനുഷ്യർക്കെന്തിനാ മണി?. അവൻ ചെറിയ കുട്ടിയാണ്‌. അവനു മണികളെ കുറിച്ചറിയില്ല. അവനു പന്തുകളെ കുറിച്ച് മാത്രമേ അറിയൂ.

മണിയന്റെ പുറത്ത് കാക്കകൾ വന്നിരിക്കാറുണ്ട്. പറന്ന് തളരുമ്പോഴാണ്‌ അവറ്റകൾ വന്നിരിക്കാറ്‌. അപ്പോൾ മണിയന്റെ മുഖത്ത് ഒരു അഭിമാനഭാവം വരും. കാറ്റടിക്കുമ്പോൾ മണിയൻ ഇരുവശത്തേക്കും ചെറുതായി ചെരിയും. പതിയെ ആടും. അപ്പോൾ മണിയനെ കണ്ടാൽ മരിച്ചു പോയ വാസുവിനെ പോലെയിരിക്കും. വാസു മരിച്ചു പോയി. മഴക്കാലത്ത് ജ്വരം വന്ന്, പിച്ചു പേയും പറഞ്ഞ്, കൈകാലിട്ടടിച്ച് മരിച്ചു പോയി. ചിലപ്പോൾ വാസുവിന്റെ പുനർജ്ജന്മമായിരിക്കും മണിയൻ. ആ കാര്യം വാസുവിനും അറിയില്ല. മണിയനും അറിയില്ല. വൈകുന്നേരം കൃഷിക്കാരൻ വരമ്പു വഴി പോകുമ്പോൾ മണിയനെ നോക്കും. മണിയനും തിരിച്ചു നോക്കും.  മകൻ കുറച്ച് നേരം മണിയനോട് എന്തൊക്കെയോ സംസാരിച്ചു നില്ക്കുന്നത് അയാൾ കാണാറുണ്ട്. അവൻ ഇപ്പോഴും കുട്ടി തന്നെ. അതു കാണുമ്പോൾ അയാൾക്ക് നല്ല സന്തോഷം തോന്നും. അവൻ മണിയനോട് ചോദിക്കുന്നത് അവനറിയാത്ത കാര്യങ്ങളൊക്കെയാണ്‌. അവന്റെ കുഞ്ഞു കുഞ്ഞു സംശയങ്ങളാണ്‌. ചോദ്യം കുഞ്ഞാണെങ്കിലും ഉത്തരം വലുതായതു കൊണ്ടാവും മണിയൻ ഒന്നും പറയാതെ നില്ക്കുകയേ ഉള്ളൂ. പക്ഷെ അവനറിയാം മണിയനു എല്ലാം അറിയാമെന്ന്. മണിയൻ എല്ലാം അത്ഭുതത്തോടെ നോക്കി നില്ക്കും. കാക്കകൾ മണിയന്റെ ചെവിയിൽ ലോകകാര്യങ്ങളെല്ലാം അപ്പപ്പോൾ അറിയിക്കാറുണ്ട്. അതു കൊണ്ട് മണിയനു ഒരിടത്തും പോവണ്ട. ഒരിടത്തും പോവാതെ എല്ലാം അറിയാൻ പറ്റും. എല്ലാം അറിയാവുന്നത് കൊണ്ട് മണിയനു ഒന്നും പറയേണ്ട കാര്യവുമില്ല.

രാത്രി മഴ വന്നു. അതു പ്രതീക്ഷിച്ചതല്ല. പക്ഷെ പ്രതീക്ഷിക്കുമ്പോൾ പെയ്യുന്നതല്ലല്ലോ മഴ. മണ്ണു ദാഹിച്ചു നിലവിളിക്കുമ്പോഴാണ്‌ സാധാരണ മഴ പെയ്യുക. പക്ഷെ ഇതങ്ങനെയല്ല. ആർക്കോ വാക്കു കൊടുത്തത് പോലെയാണ്‌ പെയ്തത്. നല്ലോണം പെയ്തു. കൊടുത്ത വാക്കു മുഴുവനും പാലിച്ചു. ഇപ്പോൾ കൃഷിക്കാരന്റെ പുര ചോർന്നു തുടങ്ങിയിരിക്കുന്നു. കാറ്റിൽ ചില ഓലകൾ കെട്ടിന്റെ കൈ വിട്ട് പോയി. അതു വഴി മഴ അകത്ത് കയറി മുറി മുഴുവനും പരതി. കുപ്പായമൊക്കെ നനഞ്ഞു. പായും വിരിയുമൊക്കെ നനഞ്ഞു. എല്ലാം നനച്ച് കുതിർത്തിട്ടേച്ച് മഴ പുറത്തേക്കിറങ്ങി പോയി. കുട്ടി തണുത്ത് വിറച്ച് ഒരു മൂലയിൽ ചുരുണ്ടിരുന്നു. അവന്റെ അച്ഛനും അമ്മയും അവന്റെ ഒപ്പമുണ്ടായിരുന്നു. അച്ഛന്റെ സ്വപ്നത്തിലും മഴ പെയ്തിട്ടുണ്ടാവും. അയാൾ തല കുനിച്ചിരുന്നു. മകൻ മണിയനെ കുറിച്ചോർത്തു. മണിയൻ അവിടെ ഒറ്റയ്ക്കാണ്‌. മണിയന്റെ കുപ്പായമൊക്കെ നനഞ്ഞു കുതിർന്നു കാണും. അവനു കഷ്ടം തോന്നി. നേരം വെളുക്കനായിട്ട് അവൻ കാത്തിരുന്നു. അച്ഛൻ തണുത്ത കൈകൊണ്ട് നെറ്റിയിൽ തലോടിക്കൊണ്ടിരുന്നു. അവൻ ഇരുന്നുറങ്ങി പോയി. ആ രാത്രി അവൻ സ്വപ്നമൊന്നും കണ്ടില്ല. സ്വപ്നങ്ങൾക്കും മഴ കാരണം പുറത്തിറങ്ങാനായിട്ടുണ്ടാവില്ല.

നേരം വെളുത്തപ്പോൾ അവനാദ്യം ചെന്നത് മണിയനെ കാണാനായിരുന്നു. മണ്ണ്‌ വീണ്ടും മണ്ണായിരിക്കുന്നു. പച്ച നിറമില്ലിപ്പോൾ. മുഴുവനും ചെളിയാണ്‌. വരമ്പു കുഴഞ്ഞു കിടക്കുന്നു. നല്ല വഴുക്കലുണ്ട്. ദൂരെയായി ഇരു കൈകളും തലയ്ക്ക് വെച്ച് ഒരു രൂപം കണ്ടു. അച്ഛന്റെ രൂപം പോലെ അവനു തോന്നി. മണിയന്റെ അടുത്ത് ചെന്നു. മണിയൻ ചാഞ്ഞു കിടപ്പാണ്‌. മണിയൻ കരഞ്ഞിട്ടുണ്ട്. കണ്മഷി കൊണ്ട് വരച്ച കണ്ണിൽ നിന്നും കറുത്ത ചാലുകൾ താഴേക്കൊഴുകി പോയിട്ടുണ്ട്. രാത്രി മുഴുവൻ മണിയൻ കരഞ്ഞിട്ടുണ്ടാവും. പാവം പേടിച്ച് പോയിട്ടുണ്ടാവും. അവൻ ചാഞ്ഞു പോയ മണിയനെ പിടിച്ച് നേരെ നിർത്തി. ഇനി പേടിക്കണ്ട മഴയൊക്കെ പോയെന്നു പറഞ്ഞു. മണിയന്റെ കുപ്പായത്തിലപ്പിടി ചെളിയായിട്ടുണ്ട്. കുപ്പായത്തിന്റെ കുടുക്ക് ചിലത് പൊട്ടി പോയിട്ടുണ്ട്. മണിയന്റെ കണ്ണിൽ അപ്പോൾ അത്ഭുതമല്ലായിരുന്നു പേടി മാത്രമായിരുന്നു. എല്ലാമറിയുന്ന മണിയനും പേടിച്ചു പോയതെന്തെന്ന് അവനു മനസ്സിലായില്ല.

അന്നു രാത്രി അച്ഛനും അമ്മയും ഒന്നും കഴിച്ചില്ല. അമ്മ ചിരിച്ചില്ല. അച്ഛൻ ചിരിയും കരച്ചിലും കളഞ്ഞു പോയത് പോലെ ഇരുന്നു. മകൻ മുകളിലേക്ക് നോക്കി കിടന്നു. ഇപ്പോൾ മുകളിൽ നക്ഷത്രങ്ങളെ കാണാം. നക്ഷത്രങ്ങൾ എന്തിനാണ്‌ ഇങ്ങനെ മിന്നുന്നത്? അവനു അച്ഛനോട് അത് ചോദിക്കണമെന്നുണ്ടായിരുന്നു. ചിലപ്പോൾ അച്ഛനു ഉത്തരമറിയുന്നുണ്ടാവില്ല. മണിയനോട് ചോദിക്കണം. അവൻ ചോദ്യം ഓർത്തു വെച്ചു. ഉറങ്ങി പോയാലും മറന്നു പോകാത്തിടത്ത് അതു സൂക്ഷിച്ചു വെച്ചു. മഴ പെയ്താലും നനഞ്ഞു പോകാത്തിടത്ത്. അന്നു രാത്രി മണിയൻ പതിവു പോലെ ഒറ്റയ്ക്കായിരുന്നു. നല്ല നിലാവുണ്ടായിരുന്നു. മണിയൻ തല തിരിച്ചു ചുറ്റിലും നോക്കി. മുഴുവൻ ചെളി നിറഞ്ഞിരിക്കുന്നു. ഇനി എന്തിനാണ്‌ ഇങ്ങനെ നില്ക്കുന്നത്? മണിയനു സംശയമായി. ആരേയും ഭയപ്പെടുത്താനില്ല. ആരും വരാനുമില്ല. അന്നാണ്‌ മണിയൻ ശരിക്കും കരഞ്ഞത്. മഴയത്തു പോലും മണിയൻ കരഞ്ഞിട്ടില്ല. കരഞ്ഞു കരഞ്ഞു മണിയന്റെ തല കുനിഞ്ഞു. പിറ്റേന്ന് പകൽ മകൻ പിന്നേയും വരമ്പത്തൂടെ ഓടി വന്നു. ചെളിയിൽ പുതഞ്ഞു കിടക്കുന്ന ചുവന്ന പന്തുകളെ അവൻ കണ്ടു. ഇനി എന്തിനാണീ പന്തുകൾ?. അതൊക്കെ സ്വപ്നത്തിലായിരുന്നില്ലെ?. അവൻ മണിയന്റെ അടുത്ത് ചെന്ന് നോക്കി. മണിയന്റെ തല പിടിച്ചുയർത്തി. കൈവശം കൊണ്ടു വന്ന കരിക്കട്ട കൊണ്ട് കണ്ണെഴുതി കൊടുത്തു. ഒരു ചിരിയും വരച്ചു കൊടുത്തു. അവൻ വരമ്പത്തൂടെ നടന്നു പോയി. അവൻ ഇപ്പോൾ കുട്ടിയല്ല എന്നു മണിയൻ കാറ്റിനോടും പറന്നു പോയ കാക്കകളോടും പറഞ്ഞു.

ഉച്ചയായപ്പോൾ കാക്കകൾ വന്നു മണിയന്റെ കൈയ്യിലിരുന്നു കരഞ്ഞു. മണിയന്റെ ചെവിയിൽ എന്തോ പറഞ്ഞു. മണിയൻ ഒന്നും പറഞ്ഞില്ല. കാറ്റടിച്ചപ്പോൾ മണിയൻ തല കുലുക്കി. കാക്കകളിൽ ഒന്ന് മണിയന്റെ ഉള്ളിൽ നിന്നും ഒരു വൈക്കോൽ കഷ്ണം കൊക്ക് കൊണ്ട് വലിച്ചെടുത്ത് ദൂരേക്ക് പറന്നു. മണിയൻ അന്നാദ്യമായി ചിരിച്ചു. ചിരിച്ചു കൊണ്ടിരുന്നു. അരി തിളയ്ക്കും പോലെ ചിരിച്ചു കൊണ്ടിരുന്നു.

Comments

comments