അതൊരു സാധാരണ ഞായറാഴ്ച ആയിരുന്നു.
സൂര്യന്‍ പതിവുപോലെ കിഴക്കുനിന്നും വെളുത്ത മേഘക്കൂനകള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും തോമസിന്റെയും മറിയാമ്മയുടെയും ബാങ്ക് ലോണ്‍ മുടങ്ങിയതിനാല്‍ പണിതീരാത്ത വീടിന്‍റെ കിഴക്കുവശത്തെ ചെങ്കല്‍ ചുമരില്‍ വീടിനോട് ഓരം ചേര്‍ന്ന് നില്‍ക്കുന്ന ചെമ്പക മരത്തിന്റെ തെളിയാത്ത നിഴലിന്റെ അരികുകള്‍ക്ക് ഇളം മഞ്ഞയും ഓറഞ്ചും നിറങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. മറുവശത്ത് അടുക്കള ഭാഗത്ത് നിന്നും ,ഒരു കാക്ക കിടപ്പ് മുറിയുടെ ജനാലക്കു കീഴെ അടുക്കി വെച്ച ചാക്ക് കെട്ടുകള്‍ക്കു മേലെ പറന്നിരുന്നു കഴുത്ത് വെട്ടിച്ചു ചുറ്റുപാടും നോക്കി ഉറക്കെ കരഞ്ഞു.
തലേന്ന് കഴിച്ച പൊരിച്ചതും പൊള്ളിച്ചതും ദഹിക്കാതെ വിഷമിച്ചതിനാലും ഉള്ളിയും റമ്മും ഇടകലര്‍ന്ന തോമസ്സിന്റെ ശ്വാസോച്ച്വാസം മുറിയില്‍ തങ്ങിനിന്നതിനാലും, പുറമേ പഴയ ബുള്‍ഡോസര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദത്തിലുള്ള തോമസ്സിന്‍റെ കൂര്‍ക്കം വലിയും കാരണം ഉറക്കം നഷ്ടപ്പെട്ട് കിടക്കയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടു മറിഞ്ഞ് കൊണ്ടിരുന്ന മറിയാമ്മ കാക്കയുടെ കരച്ചില്‍ കേട്ട ഉടനെ കണ്ണ് തുറന്നു.
കാക്ക കരച്ചില്‍ തുടര്‍ന്നു.
മറിയാമ്മ സീലിംഗ് ഫാനിന്റെ ചിറകുകള്‍ തീര്‍ത്ത് കൊണ്ടിരിക്കുന്ന വെളുത്ത ചക്രത്തിലേക്ക് നോക്കി മലര്‍ന്നു കിടന്നു.കാക്ക ചില റെഗെ റെവ് പാര്‍ടികളിലെ ഡീജെകള്‍ സ്വരലയങ്ങളെ വെറും ശബ്ദകോലാഹലങ്ങളാക്കി മാറ്റുന്നതുപോലെ ചില അപശബ്ദങ്ങള്‍ പുറപ്പെടുവിച്ചു മറിയാമ്മയുടെ ശ്രദ്ധ ആകര്‍ഷിച്ചു.തോമസ്സിന്റെ മീശയിലിരുന്നു പ്രാതലിനുള്ള വക തേടുന്ന ഈച്ചയെ ഉദാസീനതയോടെ നോക്കി മുടി വാരിക്കെട്ടി എഴുന്നേറ്റ് ജനാല കമ്പികള്‍ക്കിടയിലൂടെ മറിയാമ്മ കാക്കയെ തിരഞ്ഞു.
വസ്ത്രം ഉരയുന്നതിന്റെയും നടന്നടുക്കുന്ന കാല്‍ പാദത്തിന്റെയും ശബ്ദങ്ങള്‍ നേരത്തെ ശ്രദ്ധിച്ച കാക്ക ഒറ്റ കുതിപ്പിന് തൊട്ടടുത്ത വാഴയില്‍ പറന്നിരുന്നു. വാഴക്കുലയിലെ പൂവിന്‍ പോളയില്‍ ഒളിച്ചിരുന്ന് തേന്‍ നുണഞ്ഞിരുന്ന അണ്ണാന്‍ ഞെട്ടി പുറത്തു ചാടി ചുറ്റിലും നോക്കി ചിലച്ചു കൊണ്ടു തൊട്ടടുത്ത തെങ്ങിലേക്കും തുടര്‍ന്ന് പുളിമരത്തിലേക്കും ഓടി ഉച്ചിയില്‍ കയറി ഉച്ചത്തില്‍ ചിലച്ച് മറ്റു പല വക ജീവജാലങ്ങളെയും ഉറക്കത്തില്‍ നിന്ന് ഞെട്ടിച്ചു പ്രഭാതം ശബ്ദ മുഖരിതമാക്കി.
മറിയാമ്മ ബാത്‌റൂമില്‍ കയറി വാതില്‍ വലിച്ചടച്ച ശബ്ദത്താല്‍ തോമസ്സിന്റെ ബുള്‍ഡോസര്‍ നിശ്ചലമായി. തലേന്ന് കഴിച്ച വില കുറഞ്ഞ മദ്യം നല്‍കിയ ആലസ്യത്തില്‍ നിന്നു കണ്ണുകള്‍ പ്രയാസപ്പെട്ടു തുറന്നു തോമസ് ചുറ്റിലും മറിയാമ്മയെ തിരഞ്ഞു. ബക്കറ്റില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടു തോമസ് ക്ളോക്കിലേക്ക് നോക്കി. മറിയാമ്മയോടൊപ്പം കുളിമുറിയിലേക്ക് കയറാനുള്ള ആഗ്രഹവുമായി എഴുന്നേറ്റപ്പോള്‍ ശബ്ദിച്ച കാളിംഗ് ബെല്‍ പാല്‍ക്കാരന്‍ വന്നു എന്ന സൂചന നല്‍കി തോമസ്സിന്റെ കുസൃതി ചിന്തയെ തടഞ്ഞു. പാലെടുത്ത് “പള്ളിയില്‍ പോകാന്‍ സമയമായീ ” എന്ന് ബാത്ത് റൂമിലേക്ക് നോക്കി വിളിച്ചുപറഞ്ഞു തോമസ് അടുക്കളയിലേക്കു നടന്നു.
ഇതേ സമയം ഏകദേശം പന്ത്രണ്ടു കിലോ മീറ്റെര്‍ അകലെ വലിയൊരു സിമെന്റ് കെട്ടിടത്തിനകത്തെ കിടപ്പ് മുറിയിലെ മൃദുവായ വെളുത്ത കിടക്കയില്‍ രാജ വെമ്പാലയെ പോലെ കറുത്ത് ചുരുണ്ട് കിടന്നിരുന്ന ചാക്കോച്ചന്റെ ഉറക്കം വൈദ്യുതി നിലച്ചുപോയതിനാല്‍ ചത്തുപോയ ശീതീകരണ യന്ത്രം കാരണം പൊടുന്നനെ നഷ്ടപെട്ടപ്പോള്‍ കണ്ണ് തുറന്ന് വൈദ്യുതി ഓഫീസറെയും കൂട്ടത്തില്‍ നാടിനെ അന്ധകാരത്തിലേക്ക് നയിക്കുന്ന സന്നദ്ധ മാഫിയകളെയും അവരുടെ അറ്കുലത്തെയും തെറി പറഞ്ഞു.
ഈ നാട് നന്നാവില്ലെന്ന സ്ഥിരം ശാപവാക്കും ഉച്ചത്തില്‍ പറഞ്ഞു എഴുന്നേല്‍ക്കുന്നതിനിടയില്‍ ഊര്‍ന്നു പോയ ലുങ്കി ധൃതിയില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ ചവിട്ടിയ ശരീര ഭാരം അളക്കുന്ന യന്ത്രം കാരണം ചാക്കോച്ചന്‍ മറിഞ്ഞു വീണപ്പോള്‍ ഉണ്ടായ അപ ശബ്ദത്താല്‍ ഉറക്കം ഞെട്ടിയ ത്രേസ്യാമ്മ നെറ്റിയിലെ വിയര്‍പ്പു തുടച്ചു എഴുന്നേറ്റിരുന്നു എതിര്‍വശത്തെ നില കണ്ണാടിയില്‍ കണ്ട തന്‍റെ രൂപത്തെ അപരിചിതയെ എന്നവണ്ണം തറച്ചു നോക്കി. പിന്നീട് വെളുത്ത മാര്‍ബിള്‍ തറയില്‍ നഗ്നനായി കിടക്കുന്ന രോമാവൃതനായ ചാക്കോച്ചനെ തിരിച്ചറിയാതെ കുറച്ചു നേരം പകച്ചു നോക്കി .പതുക്കെ തന്റേതു മാത്രമായ സ്വപ്ന ലോകത്ത് നിന്നും തിരിച്ചു വന്നു.ചാക്കോച്ചനും ത്രേസ്യാമ്മക്കും ഇടയില്‍ കയര്‍ പോലെ പിരിഞ്ഞു മുറുകിയ ലുങ്കി ഒരു നേര്‍ രേഖയായി കിടന്നു.
ആദ്യം താളം തെറ്റിയും പിന്നീട് താളത്തിനൊത്തും കപ്പ്യാർ കൊച്ചു പൌലോസ് മുട്ടിയ പള്ളി മണിയുടെ മുഴക്കം ചുറ്റുപാടുമുള്ള കുഞ്ഞാടുകളോടും മറ്റു സകല ജീവജാലങ്ങളോടും വ്യത്യസ്ത ഭാഷയില്‍ സംവേദനം തുടങ്ങിയപ്പോള്‍ മണിക്കടുത്തായി കൂടുകൂട്ടിയ കടന്നലുകള്‍ നന്നായി ശീലിപ്പിച്ചെടുത്ത അഭ്യസികളെപോലെ മണി പുറപ്പെടുവിച്ച പ്രകമ്പനത്തില്‍ നിന്നും രക്ഷപ്പെടാനെന്നവണ്ണം കൂട് വിട്ട് അന്തരീക്ഷത്തില്‍ ഇളകാതെ പട്ടാള ചിട്ടയിൽ അക്ഷമാരായി നിലയുറപ്പിച്ചു.
നഗര ജീവിയായ സാറാമ്മ തൂവെള്ള മുണ്ടും ചട്ടയും കറുത്ത കാലന്‍ കുടയുമായി വീടിന്നു പുറത്തിറങ്ങി തിരിഞ്ഞുനിന്ന് വാതിലിനകത്തെ ഇരുട്ടിലേക്ക് നോക്കി ശകാര രീതിയില്‍ ഉറക്കെ ആരോടെന്നില്ലാതെ പറഞ്ഞു “കുര്‍ബാന തുടങ്ങാന്‍ നേരമായി ഞാനിതാ പോകുന്നു”. പിന്നീടു ഗേറ്റ് കടന്നു ആരെയോ ചീത്ത പറഞ്ഞും സ്വയം പിറു പിറുത്ത് തോളിലെ വെള്ളമുണ്ടിന്റെ മൂല ഒന്നുകൂടെ അരയില്‍ മുറുക്കി കുത്തി കാതിലെ മേക്കാ മോതിരവും ചട്ടയുടെ വാലും താളത്തിനൊത്തു തുള്ളിച്ചു ഇടവഴിയില്‍ നിന്നും റോഡിലേക്ക് കടന്നു.
തന്‍റെ നാലാമത്തെ മകന് ചേര്‍ന്ന ഒരു പെണ്‍ കൊച്ചിനെ ഈ ഞായറാഴ്ച പള്ളിയില്‍ നിന്നും കണ്ടെത്തും എന്ന ദൃഡ നിശ്ചയം സാറാമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു . പള്ളിയെ ലക്ഷ്യമാക്കി സാറാമ്മ താളത്തില്‍ കറുത്ത റോഡരികിലൂടെ വെളുത്ത താറാവിനെ പോലെ വാലാട്ടി നടന്നു.
ശരീരത്തില്‍ വാര്‍ധക്യത്തിന്റെ ചിഹ്നങ്ങളും മുഖത്ത് ദൂരയാത്ര കഴിഞ്ഞു വന്ന ക്ഷീണവും ഒളിച്ചു കളിക്കുന്ന ചെറു ചിരിയുമായി പഴയ വലിയ കാറില്‍ പള്ളി മുറ്റത്ത് വന്നിറങ്ങിയ ചാക്കോച്ചന്റെ ചിന്തകള്‍ തന്റെ റബ്ബര്‍ എസ്റ്റേറ്റിലെ കള്ള കണക്കുകൾ കണ്ടുപിടിക്കപ്പെട്ടതിനെ കുറിച്ചായിരുന്നു. കൂടെ കാറില്‍ നിന്നും ഇറങ്ങിയ ത്രേസ്സ്യാമ്മ നല്ല ഭാര്യയുടെ ശരീര ഭാഷയിൽ പള്ളിയുടെ മുന്‍ വാതിലിനെ ലക്‌ഷ്യം വെച്ച് നടക്കുന്നനേരം ചാക്കോച്ചൻ കാര്‍ ലോക്ക് ചെയ്തു ഖദര്‍ ജുബ്ബയുടെ കീശയില്‍ നിന്നും സിഗരട്ടു പാക്കറ്റ് എടുത്തൊരു സിഗരറ്റ് കത്തിച്ചു തൊട്ടടുത്ത മാവിന്‍ ചുവട്ടിലേക്ക് നടന്നു. പള്ളിക്ക് അകത്തുനിന്നും പുറത്തു കടന്ന ജോര്‍ജ്ജ് ത്രെസ്സ്യാമ്മയെ നോക്കി പൊഴിച്ച ‘മോണാലിസ’ പുഞ്ചിരിയുടെ അര്‍ഥം വ്യക്തമായി മനസ്സിലാക്കിയ ത്രെസ്സ്യാമ്മ ഒരു കൃത്രിമ ചുമ ഉണ്ടാക്കി സാരിത്തുമ്പ് കൊണ്ട് ശിരസ്സിനെ മൂടി നോട്ടം തറയില്‍ മാത്രം പതിപ്പിച്ചു കൊണ്ട് പള്ളിക്കകത്തെ ഇരുട്ടിലേക്ക് സാവധാനം നടന്നു കയറി.
ജോര്‍ജ്ജ് ദീര്‍ഘമായൊന്നു നിശ്വസിച്ച് മാവിന്‍ ചുവട്ടിലെ തണലില്‍ നിന്നിരുന്ന വര്‍ക്കിക്ക് അടുത്തേക്ക് നടന്നുകൊണ്ട് ഒരു സിഗരട്ടു കത്തിച്ചു .വളരെ നാളുകളായി തന്‍റെ ഉറക്കം നഷ്ട്ടപ്പെടുത്തുന്ന സ്വപ്നത്തെക്കുറിച്ച് ആലോചിച്ചു അസ്വസ്ഥനായി കിടക്കയില്‍ ചുമരില്‍ ചാരി ഇരിക്കുന്ന വികാരിയുടെ ചൂണ്ടുവിരല്‍ മടിയില്‍ തുറന്നു വെച്ച ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷം പതിനേഴാം അദ്ധ്യായത്തിലെ ഇരുപത്തൊന്നാം വാക്യത്തില്‍ തറഞ്ഞു നിന്നു. എതിര്‍വശത്തെ നിറം കൂടിയ യേശുവിന്റെ പടമുള്ള ശിവകാശി കലണ്ടറില്‍ മിഴിയുറപ്പിച്ച് ധ്യാനനിരതനായിരുന്ന വികാരിയെ മണിമുഴക്കം പൊടുന്നനെ കുര്‍ബാന തുടങ്ങാനുള്ള സമയമായെന്ന് ഓര്‍മ്മിപ്പിച്ചു.|
പള്ളിയുടെ തുറന്നുവെച്ച ഇരുമ്പു ഗേറ്റിൽ, കൈയിലെ വടി തട്ടി നീങ്ങിയ അന്ധയായ തമിഴു യാചകി ഉറക്കെ കരഞ്ഞു ”അമ്മാ വല്ലതും തരണേ ” തന്റെ തൊട്ടു പുറകില്‍ എബിയുടെ കാറിന്റെ ഹോണ്‍ മുഴക്കം കേട്ട് പരിഭ്രമിച്ചു എങ്ങോട്ട് നീങ്ങണം എന്നറിയാതെ വിഷമിച്ചപ്പോള്‍ എബിക്കടുത്തിരുന്ന സൂസന്‍ എബിയെ രൂക്ഷമായൊന്നു നോക്കി ഡോര്‍ തുറന്നു. സൂസന്റെ കുന്തമുനകള്‍ ഘടിപ്പിച്ച വെളുത്ത ഷൂസ് ആദ്യമായി പ്രഭാത വെളിച്ചം ആസ്വദിക്കാന്‍ മണ്ണിനടിയില്‍ നിന്നും പുറത്തേക്കു തല നീട്ടിയ പച്ച പുഴുവിന്റെ തല ചതച്ചരച്ചത് അറിയാതെ ജീന്‍സും വെളുത്ത ടോപ്പും നല്‍കിയ ഉന്മേഷം പ്രകടിപ്പിച്ചുകൊണ്ട് സൂസന്‍ യാചകിയെ ഒരു വിരല്‍ കൊണ്ട് ഒരു വശത്തേക്ക് മാറ്റി നിറുത്തി.കാത്തിരിപ്പ് എപ്പോഴും എബിയുടെ ഹൃദയമിടിപ്പിന്റെ വേഗം കൂട്ടുന്നതറിയാവുന്ന സൂസന്‍ യാചകിയെ ഗേറ്റിനടുത്ത് ചില്ലു കൂട്ടിലടച്ച കന്യാ മറിയത്തിന്നു അഭിമുഖമായി മാറ്റിനിര്‍ത്തി തിരിഞ്ഞ് എബിയെ നോക്കി ഒരു കുസൃതി ചിരി നല്‍കി.
എബി ഇംഗ്ലിഷില്‍ പിറുപിറുത്തു ശരവേഗത്തിലോടിച്ചു തരം താണ സിനിമാ നായകനെ ഓര്‍മിപ്പിച്ചുകൊണ്ടു വര്‍ക്കിയുടെ കാറിന്നു എതിര്‍വശത്തായി തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കാർ ബ്രേയ്ക്കിട്ടു നിര്‍ത്തി പുറത്തിറങ്ങി.എബിയുടെ കൊഴുത്തു വീര്‍ത്ത ശരീരം പുത്തന്‍ പണക്കാരുടെ സ്വപ്നചിഹ്നങ്ങളായ വസ്ത്രത്തിൽ പൊതിഞ്ഞിരുന്നു. ശരീരത്തില്‍ നിന്ന് വമിച്ച വശ്യതയുളവാക്കുന്ന സെന്റിന്റെ നറുമണം കാറിന്റെ പുകയുമായി ലയിക്കുന്നതിനിടയില്‍ അകലങ്ങളിലുള്ള നീലാകാശവും കുറച്ചു മേഘങ്ങളും സ്വന്തമാക്കിയ മുഖത്തെ കറുത്ത കണ്ണട പതുക്കെ അഴിച്ചു മാറ്റിക്കൊണ്ട് ഡോര്‍ ലോക്ക് ചെയ്ത് സൂസന്റെ കൈ വിരലുകള്‍ ഉള്ളം കൈയ്യിലാക്കി പള്ളിക്ക് അകത്തേക്ക് കയറുന്നതിനിടയില്‍ ഒരു വേള ജോര്‍ജിന്റെയും വര്‍ക്കിയുടെയും കണ്ണുകള്‍ പുകച്ചുരുളുകള്‍ക്കിടയിലൂടെ എബി കണ്ടു. പ്രായത്തിനു ചേരാത്ത കുടവയര്‍ കുലുക്കി എബിയും, കുന്തമുനയുള്ള ഷൂസ് പകര്‍ന്ന സന്തോഷത്തിന്റെയും ധൈര്യത്തിന്റെയും മധുരാനുഭാവത്തില്‍ സൂസനും പടികള്‍ കയറി പള്ളിക്കകത്ത് കടന്നു. അന്ധയായ യാചകി ചില്ല് കൂട്ടിലടച്ച കന്യാമറിയത്തിന് അഭിമുഖമായി നിന്ന് ഉറക്കെ നിലവിളിച്ചു “അമ്മാ….. വല്ലതും തരണേ….”
വര്‍ക്കിയുടെ മകന്‍ ചാള്‍സും ഭാര്യ ഷീമോളും മക്കളായ ഷോമിയും ബൂളിയും ശബ്ദമില്ലാത്ത ചുകപ്പു നിറമുള്ള കാറില്‍ ഗേറ്റു കടന്നു പള്ളി മുറ്റത്ത് മാവിന്‍ ചുവട്ടിലെ തണലില്‍ നിന്നിരുന്ന വര്‍ക്കിയെയും ജോര്‍ജിനെയും സ്നേഹപൂര്‍വ്വം തള്ളിമാറ്റി സ്ഥലം പിടിച്ചു. എന്‍റെ കഴിവ് കണ്ടില്ലേ എന്ന മട്ടില്‍ ചാള്‍സ് ഷീമോളെ നോക്കി കൊണ്ടൊരു ഗോഷ്ടി കാണിച്ചതിനെ പിന്താങ്ങുന്നതുപോലെ ഷോമിയും ബൂ ളിയും ഒരേ ശബ്ദത്തില്‍ മൊഴിഞ്ഞു “വവ് ഡാഡി വവ്, ബ്യൂട്ടിഫുള്‍ പാര്‍ക്കിംഗ് ”
അന്ധയായ യാചകി നെറ്റിയിലെ വിയര്‍പ്പുകൊണ്ടു മുഷിഞ്ഞ സാരിത്തലപ്പുകൊണ്ട് തുടച്ചു വടികൊണ്ട് നിലത്തു തപ്പിക്കൊണ്ടു റോഡരിക് ചേര്‍ന്ന് നടന്നു നീങ്ങി .
അള്‍ത്താരയിലെ കര്‍ട്ടന് പുറകില്‍ നിന്നും പരന്നൊഴുകിയ കുന്തിരുക്കത്തിന്റെ പുകയും മണവും പള്ളിമുഴുവന്‍ നിറക്കുന്നതില്‍ വ്യാപൃതനായ കപ്പ്യാർ കൊച്ചു പൗലോസ് ഒരാഴ്ച മുന്‍പ് വിവാഹിതരായ ഡയാനയും മാത്യുവും അടക്കിപിടിച്ച സന്തോഷത്തോടെ തല കുനിച്ചു ഭവ്യത നടിച്ച് വേർപിരിയാൻ വിഷമിച്ച് ഇടക്കിടെ പരസ്പരം കണ്ണുകളിലേക്ക് വശ്യതയോടെ നോക്കിക്കൊണ്ട് ഇരുവശങ്ങളിലേക്കു വഴി പിരിഞ്ഞത് കര്‍ട്ടന് ഇടയിലൂടെ കണ്ടു. മാത്യു ആണ്‍ കൂട്ടത്തിലും ഡയാന പെണ്‍ കൂട്ടത്തിലും ലയിച്ചു.
കര്‍ട്ടന് പുറകില്‍ നിന്നും ഉയര്‍ന്നുവന്ന വികാരിയുടെ ശബ്ദത്തോടൊപ്പം പള്ളിക്കകത്തേക്ക് കടന്നു വന്ന സാറാമ്മ എല്ലാ ചെറുപ്പക്കാരികളെയും ഒരു സ്കാനറിന്റെ വിരുതോടെ കണ്ണുകള്‍ ഇറുക്കി സൂക്ഷിച്ചു നിരീക്ഷിച്ചുകൊണ്ട് മുന്‍ നിരയിലെ ബഞ്ചുകളിലോന്നില്‍ ഏലിയാമ്മക്കടുത്ത് വന്നിരുന്നു.
കുന്തിരിക്കത്തിന്റെ കൊച്ചു മേഘ പ്രളയം കര്‍ട്ടന് അടിയിലൂടെ വികാരിയുടെ പാട്ടിന്റെ അകമ്പടിയോടുകൂടി അള്‍ത്താരയുടെ പടികളിലൂടെ ഒഴുകി നീങ്ങിയ നേരം സാറാമ്മയുടെ മക്കളും പേരക്കുട്ടികളും മറ്റു കുറച്ചു വിശ്വാസികളും നടന്നു ബെഞ്ചുകളില്‍ സ്ഥാനം പിടിച്ചു.
ഒറ്റക്കും കൂട്ടമായും കടന്നു വന്ന വിശ്വാസികള്‍ക്ക് ഇടയിലൂടെ വിയര്‍ത്തു കിതച്ചുകൊണ്ട് എവിടെ ഇരിക്കണമെന്ന് ആലോചിച്ചു നടന്ന മറിയാമ്മ ഒടുവില്‍ സാറാമ്മയുടെ അരികില്‍ പോയി ഇരുന്നു. സാരി തല കൊണ്ട് ശിരസ്സ് മറച്ചു കണ്ണുകള്‍ അടച്ചു ധ്യനനിരതയായി.പള്ളിക്ക് പുറത്ത് അടുപ്പിച്ചു നിര്‍ത്തിയ കാറുകള്‍ക്ക് ഇടയിലൂടെ തോമസ് ഒരു കാളപൂട്ടുകാരന്റെ മെയ്‌വഴക്കത്തോടെ തന്റെ സ്റ്റാൻഡ് പൊട്ടിയ ബൈക്ക് ചരിച്ചും കിടത്തിയും ഒരുവിധം പള്ളിയോടോരം ചേര്‍ത്ത് വെച്ച് നെറ്റിയിലെ വിയര്‍പ്പു തുടച്ചു.
ഒരുപറ്റം കുട്ടികള്‍ മുന്‍ നിരയിലിരുന്ന്‍ അടക്കിപിടിച്ച ചിരിയുമായി ഇളകി ആടുന്നത് കര്‍ട്ടന് ഇടയിലൂടെ പുകച്ചുരുളുകള്‍ക്കിടയില്‍ ഇടയ്ക്കിടെ തെളിഞ്ഞ പൌലോസിന്റെ രൂക്ഷമായ നോട്ടം കൊണ്ട് പൊടുന്നനെ നിന്നു.പള്ളിക്ക് പുറകിലെ ഇടവഴിയില്‍ ഒരു കൂട്ടം കുട്ടികളുടെ ഹരം പിടിച്ച ക്രിക്കറ്റ് കളിയുടെ ആരവം വികാരിയുടെ പാട്ടിനെ കുറച്ചു നേരത്തേക്ക് ഇല്ലാതാക്കി.പള്ളിക്ക് മുന്‍വശത്ത് നിര നിരയായി നിര്‍ത്തിയിട്ട കാറുകള്‍ക്ക് ഇടയിലൂടെ ചാര നിറത്തിലൊരു പൂച്ച എന്തോ മണത്തു കൊണ്ട് കാറിന്‍റെ ചില തിരഞ്ഞെടുത്ത ഭാഗങ്ങളിലായി കുറേശെ മൂത്രം ഒഴിച്ചുകൊണ്ടു നടന്നു.
പ്രഭാത വെളിച്ചത്തില്‍ പള്ളിയുടെ മുന്‍വശം ഇളം വെയിലേറ്റു നനുത്ത വെളുത്ത മേഘമായ് മാറിതുടങ്ങുമ്പോള്‍ പള്ളിയുടെ നിഴല്‍ ചേര്‍ന്നുകിടക്കുന്ന ശ്മശാനത്തെ മെല്ലെ നഗ്നമാക്കിക്കൊണ്ടിരുന്നു . പള്ളിയോട് തൊട്ടടുത്ത പ്ലാവിന്‍ ചുവട്ടില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ കടുത്ത മൊബൈല്‍ അനുരാഗത്തില്‍ മുഴുകി സ്വയം മറന്നു നിന്നു.
കുന്തിരുക്കതിന്റെ പുകയും മണവും മറിയാമ്മക്ക് വിമ്മിഷ്ടമുണ്ടാക്കിയപ്പോള്‍ ശക്തിയായി തുമ്മിയത് പുറകിലിരുന്ന സൂസന്ന് ഇഷ്ടപെടാത്തത് പ്രകടമാക്കിക്കൊണ്ട് മുഖം ചുളിച്ചു ഭര്‍ത്താവിനെ അലക്ഷ്യമായി നോക്കി.
സാറാമ്മ ഇടയ്ക്കിടെ തല തിരിച്ചു ചെരുപ്പക്കാരികളെ സ്കാൻ ചെയ്തുകൊണ്ടിരുന്നു . ശാലീനതയും പാരമ്പര്യ ചിഹ്നങ്ങളും പേറി കണ്ണടച്ചിരിക്കുന്ന ചെറുപ്പക്കാരികളുടെ ശരീരത്തില്‍ അവരറിയാതെ തന്‍റെ കണ്ണുകളെ ഇഴയാന്‍ വിടുന്നതിനിടയില്‍ വന്നുകയറിയ പുത്തന്‍ ലോക വസ്ത്രധാരിണികളെ അനായാസേന സാറാമ്മ വേര്‍പെടുത്തിക്കൊണ്ടിരുന്നു.
വര്‍ക്കിയുടെ കണ്‍പോളകളെ ഉറക്കത്തിന്റെ ദൂതന്മാര്‍ വലിച്ചടക്കാന്‍ ശ്രമിക്കുന്നത് കണ്ട ഭാര്യ ലീലാമ്മ ജോര്‍ജിന്‍റെ കുസൃതി ചിരി കണ്ടില്ല. അത് കണ്ടത് ത്രെസ്സ്യാമ്മയായിരുന്നു. ജോര്‍ജിന്‍റെ ശ്രദ്ധ ക്ഷണിക്കാനായി അല്പം മുന്നോട്ടു നീങ്ങിയിരുന്ന ത്രെസ്സ്യാമ്മയുടെ ശ്രമം അപ്രതീക്ഷിതമായി പള്ളിയുടെ ടിന്‍ മേല്‍കൂരയില്‍ വന്നുവീണ ക്രിക്കെറ്റ് ബാളിന്റെ താളാത്മക അവരോഹണ ശബ്ദത്താല്‍ വിഫലമായി. മേല്‍കൂരയില്‍ നിന്നും ക്രിക്കറ്റു ബാളിന്റെ താളത്തിനൊത്ത ബീറ്റ് സാറാമ്മയുടെ ‘മാട്രിമോണിയല്‍ സ്കാനറിന്റെ’ സുഗമമായ പ്രവര്‍ത്തനത്തെ പൊടുന്നനെ നിര്‍ത്തി വെച്ചതും വര്‍ക്കിയുടെ കണ്പോളകളില്‍ തൂങ്ങിയ ഉറക്ക ദൂതന്മാര്‍ പറന്നു പോയതും ഒരുമിച്ചായിരുന്നു.
തോമസ് സാധാരണ ഈ അവസരത്തിലാണ് സ്വയം കുമ്പസാരം നടത്താറുള്ളത്. കണ്ണുകള്‍ ഇറുക്കി അടച്ച് മനസ്സില്‍ പിറുപിറുത്ത് ശിരസ്സ് പതുക്കെ മുന്നോട്ടും പിറകോട്ടും ആട്ടിക്കൊണ്ട് തലേന്ന് കഴിച്ച വിലകുറഞ്ഞ മദ്യത്തെയും, തന്‍റെ മദ്യാനുരാഗത്തെയും മാറ്റി നല്ല മനുഷ്യനായി വളരുവാന്‍ സഹായിക്കണേ എന്ന് പ്രാര്‍ഥിക്കുന്നതിനിടയില്‍ ക്ഷണിക്കാതെ കടന്നു വന്ന വിരുന്നുകാരനെ പോലെ തന്‍റെ അളിയന്‍ ഗള്‍ഫില്‍ നിന്നും അടുത്തമാസം കൊണ്ടുവരുന്ന മദ്യക്കുപ്പികളെ ക്കുറിച്ചുള്ള ചിന്ത ഇരച്ച് കയറി വന്നു.
മറിയാമ്മയുടെ വിയര്‍പ്പിന്റെ നാറ്റത്തില്‍ നിന്നും മാറിനില്‍ക്കുന്ന സത്യം മറച്ചു വെച്ച് തലയ്ക്കു മുകളിലെ ഫാനിന്റെ കാറ്റ് കൂടുതലുള്ള സ്ഥലത്തേക്ക് മാറി നില്കാനെന്ന വ്യാജേന നീങ്ങി നിന്ന ഏലിയാമ്മ അറിയാതെ ചവിട്ടിയത് സാറാമ്മയുടെ ചെറുവിരലില്‍ ആയിരുന്നു. സാറാമ്മയുടെ വേദനകൊണ്ടുള്ള സീല്‍ക്കാരം പൌലോസിന്റെ ഉച്ചസ്ഥായിയിലെ ശബ്ദത്തോടോത്ത് ഇഴുകി ചേര്‍ന്നതിനാല്‍ മറ്റാരും കേട്ടില്ല. സാറാമ്മയുടെ നാവിന്‍ തുമ്പില്‍ നിന്നും സ്വതന്ത്രമാകാന്‍ ഒരുങ്ങിയ തെറി ഒരുവിധം വിഴുങ്ങിയ സാറാമ്മ എലിയാമ്മയെ രൂക്ഷമായൊന്നു നോക്കിക്കൊണ്ട് കാല്‍ വിരല്‍ പരിശോധിച്ചു.
പള്ളിക്ക് പുറത്തു ക്രിക്കറ്റ് ബാള്‍ തിരഞ്ഞു നടക്കുന്ന കുട്ടികളുടെ ശബ്ദം ശ്രദ്ധിച്ചുകൊണ്ട് പൗലോസ് അള്‍ത്താരയുടെ കര്‍ട്ടന്‍ പതുക്കെ ഇരുവശത്തേക്കുമായി വലിച്ചു നീക്കി. കര്‍ട്ടന് പുറകില്‍ തടഞ്ഞ് വെക്കപ്പെട്ട കുന്തിരുക്കത്തിന്റെ പുക കടിഞ്ഞൂല്‍ നഷ്ടപ്പെട്ട് ചിറകുകള്‍ അറ്റുപോയ വഴിതെറ്റിയ കൊച്ചു മാലാഖ കൂട്ടം പോലെ വെമ്പലോടെ അള്‍ത്താരയില്‍ നിന്നും ഒഴുകി ഇറങ്ങി വിശ്വാസികള്‍ക്കിടയില്‍ ഇഴഞ്ഞു നീങ്ങി.
കുന്തിരുക്കതിന്റെ രൂക്ഷമായ മണം പള്ളിയിലാകെ നിറഞ്ഞു.
മറിയാമ്മ സാരിത്തലപ്പുകൊണ്ട് മൂക്ക് പൊത്തി.
മുന്‍പിലെ വലിയ കുരിശുരൂപത്തില്‍ ഉറ്റുനോക്കിക്കൊണ്ട് വിശാസികള്‍ക്ക് പുറം തിരിഞ്ഞുനിന്ന വികാരിയുടെ ചുകപ്പും സ്വര്‍ണനൂലുകളും കൊണ്ട് ചിത്രണം ചെയ്ത അങ്കിയുടെ പുറകുവശത്തെ കുരിശടയാളത്തില്‍ പതിച്ച പ്ലാസ്റ്റിക് വർണ്ണക്കല്ലുകളുടെ പൊടുന്നനെയുള്ള തിളക്കം, തന്‍റെ രണ്ടാമത്തെ മകളെ പ്രസവിച്ച ദിവസം ഓര്‍മ്മിച്ചെടുക്കാന്‍ പാടുപെട്ടു ശ്രമിച്ചുകൊണ്ടിരുന്ന ത്രെസ്സ്യാമ്മയുടെ ചിന്താ ധാരകളെ വഴി തെറ്റിച്ചു.
കഴിഞ്ഞ രാത്രിയുടെ ഊഷ്മളത നുകര്‍ന്നു കൊണ്ടും, വരാനിരിക്കുന്ന രാത്രികളെക്കുറിച്ചും ഓര്‍ത്തുകൊണ്ട് പാതി അടഞ്ഞ കണ്ണുകളാല്‍ കാല്‍ വിരലിലെ പോളിഷ് സാരിക്ക് മാച്ചു ചെയ്യുനുണ്ടോ എന്ന ചിന്തകളാല്‍ മുഴുകിയിരുന്ന ഡയാന കര്‍ട്ടന്‍ നീങ്ങിയതും വിശ്വാസികള്‍ എഴുന്നേറ്റു നിന്നതും കുറച്ചു വൈകിയാണ് മനസ്സിലാക്കിയത്.വികാരി പാട്ട് നിര്‍ത്തി തിരിഞ്ഞു നിന്ന് വിശ്വാസികളെ ശ്രദ്ധാപൂര്‍വ്വം നോക്കി. കരുണ തുളുമ്പുന്ന മുഖഭാവത്തോടെ അള്‍ത്താരക്ക് മുന്‍വശത്തേക്കായി നടന്ന് മൈക്കിലൂടെ വിക്കിക്കൊണ്ട് പറഞ്ഞു
“വയ്യ …..എനിക്ക് വയ്യ …..എനിക്കാവില്ല…”
തല താഴ്ത്തി നിന്നിരുന്ന വിശ്വാസികളുടെ തലകള്‍ പൊടുന്നനെ ഉയര്‍ന്നു. പൌലോസിന്റെ കൈയിലെ ധൂമക്കുറ്റി നിശ്ചലമായി. വിശ്വാസികള്‍ വികാരിയെത്തന്നെ നോക്കിക്കൊണ്ട് അവര്‍ കേട്ടത് ശരിയാണോ എന്ന മട്ടില്‍ നിന്നു.ടിന്‍ മേല്‍ക്കൂരയില്‍ നിന്നും ഒരു കൂട്ടം കാക്കകള്‍ വലിയ ശബ്ദത്തോടെ പറന്നു പോയി. വികാരി സാവധാനത്തില്‍ വിശ്വാസികളെ എല്ലാവരെയും വളരെ ശ്രദ്ധാപൂര്‍വ്വം നോക്കിക്കൊണ്ട് തുടര്‍ന്നു.
“ഇല്ല ..എനിക്ക് ഇതു തുടരാന്‍ ആവില്ല, ഇന്ന് മുതല്‍ ഞാന്‍ വികാരിയല്ല.” ഡയാന അത്ഭുതത്തോടെ മാത്യുവിനെ നോക്കി, മാത്യു എബിയും, എബി സൂസനെയും നോക്കിയ നോട്ടം മറ്റു പല വിശ്വാസികളുടെ നോട്ടങ്ങളുമായി ഒടുവില്‍ കനത്ത ഒരൊറ്റ നോട്ടമായി വികാരിയുടെ നിര്‍വികാരമായ മുഖത്ത് തറച്ചു. വായ തുറന്ന് ചലനമറ്റ് തൊട്ട അടുത്ത് നില്‍ക്കുന്ന പൌലോസിനെ ശ്രദ്ധിക്കാതെ വികാരി വീണ്ടും സ്ഫുടമായ ശബ്ദത്തില്‍ തുടര്‍ന്നു, “വളരെ കാലമായി ഞാന്‍ ഇതു നിങ്ങളോടെ പറയണമെന്ന് കരുതിയിട്ട്, ഇല്ല ഇനി വികാരിയായി തുടരാന്‍ എനിക്കാവില്ല “.
വികാരിയുടെ സംഭാഷണത്തിന് വിരാമമിട്ടുകൊണ്ട് പള്ളിയുടെ പിന്‍വശത്തെ ജനാല ചില്ലിൽ ക്രിക്കറ്റ് ബോൾ ശക്തിയിൽ വന്ന് പതിച്ചതു കൊണ്ട് വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറിയത് വിശ്വാസികളില്‍ അമ്പരപ്പ് ഉണ്ടാക്കിയതോടൊപ്പം മറിയാമ്മയുടെ കൈകള്‍ യാന്ത്രികമായി സ്വന്തം ശരീരത്തില്‍ കുരിശടയാളം വരപ്പിച്ചു. പള്ളിക്കകത്ത് പൊടുന്നനെ ഇരുട്ട് നിറഞ്ഞതായും ഫാനുകള്‍ വലിയ ശബ്ദത്തോടെ താഴെ ഇറങ്ങി വരുന്നത് പോലെയും മറിയാമ്മക്ക് തോന്നി. നിശബ്ദത പള്ളിക്കകത്ത് കനം വച്ച് തുടങ്ങിയപ്പോള്‍ വികാരി തന്‍റെ ചുവന്ന അങ്കി സാവധാനം ഭക്തിയോടെ അഴിച്ചുവെച്ച് വെളുത്ത വസ്ത്രധാരിയായി ആരോടെന്നില്ലാതെ പറഞ്ഞു,
“ദൈവത്തിനും നിങ്ങള്‍ക്കും ഇടയില്‍ എന്‍റെ ആവശ്യം ഇല്ല, നിങ്ങളുടെ പ്രാര്‍ത്ഥനകൾ നിങ്ങള്‍ തന്നെ ദൈവത്തോട് പറയുക”. തുടര്‍ന്ന് സാവധാനം അള്‍ത്താരയുടെ പടികള്‍ ഇറങ്ങി തല കുനിച് നിശബ്ദനായി ചലനമറ്റ് നിന്ന വിശ്വാസികള്‍ക്കിടയിലൂടെ പള്ളിയുടെ മുന്‍വാതിലിലൂടെ തള്ളി വന്നുകൊണ്ടിരുന്ന പ്രഭാത വെളിച്ചത്തില്‍ അലിഞ്ഞുചേര്‍ന്ന് തന്റെ വിശ്രമമുറി ലക്ഷ്യമാക്കി നടന്നു. പള്ളിക്ക് പിറകുവശത്ത് നിന്നും ക്രിക്കറ്റ് ബോള്‍ തിരിച്ചു കിട്ടിയ കുട്ടികളുടെ ആരവം ഉയര്‍ന്നു.
വിശ്വാസികളുടെ അടക്കിപ്പിടിച്ച അമ്പരപ്പ് ഒരു ശബ്ദകോലാഹലത്തിലേക്ക് നിങ്ങുബോൾ കണ്ണില്‍ ഇരുട്ട് നിറഞ്ഞ് തപ്പി കൊണ്ട് മറിയാമ്മ മറിഞ്ഞു വീഴാതെ ഒരു വിധം ബെഞ്ചില്‍ അമര്‍ന്നിരുന്നു.പുറത്ത് വാഹനങ്ങളുടെ ഒഴുക്ക് എവിടെയോ തടയപ്പെട്ടു. അള്‍ത്താരക്ക് മുകളിലെ മേല്ക്കൂരക്കിടയില്‍ കൂടുകൂട്ടിയ അണ്ണാന്‍ വികാരി പടിയിറങ്ങി പോകുന്നത് കണ്ട് തന്‍റെ അള്‍ത്താര സന്ദര്‍ശനത്തിനുള്ള സമയമായി എന്ന് കരുതി സന്തോഷത്തോടെ ഉറക്കെ ചിലച്ചു.
വികാരി തന്നോട് പലപ്പോഴായി പറയാറുണ്ടായിരുന്ന സന്ദേഹങ്ങൾ ഇതോടെ തീര്‍ന്നതായി അള്‍ത്താരയില്‍ ഒറ്റപ്പെട്ട പൌലോസ് ദുഖത്തോടെ ഓര്‍ത്ത് കണ്ണ്നീര്‍ വാര്‍ത്തു. വികാരി കടന്നു പോയ വഴിയിലെ പുകച്ചുരുളുകള്‍ വികാരിയുടെ പാദങ്ങളെ അനുധാവനം ചെയ്യുന്നത് നോക്കിക്കൊണ്ട് ധൂമക്കുറ്റി താഴെവെച്ചു നെഞ്ചില്‍ കൈ കൂപ്പി പൗലോസ് തൊഴുതുനിന്നു. വിയര്‍ത്തുകൊണ്ടിരുന്ന വര്‍ക്കിയുടെ കൈ ജുബ്ബയുടെ കീശയില്‍ ചരിഞ്ഞു കിടന്ന സിഗരറ്റ് പാക്കെറ്റ് തൊട്ടു. കഠിനമായ ജീവിതാനുഭാവങ്ങളാല്‍ ദൃഢമായ മാനസിക ഘടനയുള്ള മനസ്സും ശരീരവുമുള്ള സാറാമ്മ വികാരി പോയ വഴിയെ നോക്കി ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു. “ഇതൊന്തൊരു കൂത്താ …? അച്ചന്‍ ഇങ്ങിനെയങ്ങ് പോയാല്‍ നമ്മളെന്നാ ചെയ്യും ? “സാറാമ്മയുടെ ഉറച്ച ശബ്ദം വിശ്വാസികളില്‍ പരിഭ്രമത്തോടുകൂടിയ പുതിയൊരു ഉണര്‍വ് നല്‍കി. നേതാവിനെ നഷ്ടപ്പെട്ട അണികളെ പോലെയവര്‍ ചെറുകൂട്ടങ്ങളായി ശബ്ദമടക്കി പിറുപിറുത്തു. മുന്‍ നിരയിലെ വികൃതികള്‍ ഈ തക്കത്തിന് പിന്‍വശത്തെ തകര്‍ന്ന ജനാല കാണുവാന്‍ പോയി.
തോമസ്സിന്നു തലേന്നു കഴിച്ച മദ്യം തികട്ടിവരുന്നതുപോലെയും, എലിയാമ്മക്ക് മറ്റൊരു സ്വപ്നത്തിന് ഇടയില്‍ ഉണര്‍ന്നത് പോലെയും ചാക്കോച്ചനു ഓഹരിക്കച്ചവടത്തില്‍ ഒരു നിമിഷത്തില്‍ കോടികള്‍ നഷ്ടപ്പെട്ടത് പോലെയും അനുഭവപ്പെട്ടപ്പോള്‍ ജോര്‍ജിന് വരുന്ന ആഴ്ചകളില്‍ ത്രേസ്യാമ്മയെ കാണാന്‍ കഴിയില്ലല്ലോ എന്ന ചിന്ത അലട്ടി.
റബ്ബര്‍ എസ്റേറ്റിലെ കണക്കെടുപ്പും ‘കമ്പനി കൂടലും’ പുറമേ യാത്രാ ക്ഷീണവും കൊണ്ട് വികാരി പോയ വഴിയെ നോക്കി ചുമര്ചാരി നിന്ന വര്‍ക്കിയെ ലീലാമ്മ തട്ടിവിളിച്ച് വികാരി പറഞ്ഞതിന്റെ പൊരുള്‍ അന്വേഷിക്കാന്‍ പറഞ്ഞതനുസരിച്ച് ജോര്‍ജിനെയും ചാക്കോച്ചനെയും കൂട്ടത്തില്‍ വിളിച്ച് വികാരിയുടെ വിശ്രമ മുറിയെ ലക്‌ഷ്യം വെച്ച് പള്ളിയില്‍ നിന്നും പുറത്തു കടന്നു. ചാക്കൊച്ചനോടോപ്പം തോമസ്സും മാത്യുവും ചാള്‍സും മറ്റു പുരുഷവിശ്വാസികളും കൂട്ടിനു കൂടി. ഒരു വെളുത്ത ചുമര്‍ പോലെ അവര്‍ നീങ്ങി പോകുന്നത് പൗലോസ് അള്‍ത്താരയില്‍ നിന്നും കണ്ടു. വെളുത്ത മതിലില്‍ നിന്നും അടര്‍ന്നുപോയ ഒരു ഭാഗം പോലെ സാറാമ്മ വാലാട്ടിക്കൊണ്ടു പുരുഷവിശ്വാസി കള്‍ക്കൊപ്പം താളത്തില്‍ നടന്നു. സാറാമ്മക്ക് പുറകിലായി സ്ത്രീ വിശ്വാസികള്‍ വരിവരിയായി നടന്നു നീങ്ങുന്നതും കുന്തിരുക്കത്തിന്റെ പുകച്ചുരുളുകള്‍ അവര്‍ക്കൊപ്പം ഇഴഞ്ഞ് നീങ്ങുന്നതും നോക്കിക്കൊണ്ട് പൗലോസ് വിജനമായ പള്ളിയിലെ ബെഞ്ചുകള്‍ക്ക് ഇടയില്‍ നിന്ന് യാന്തികമായി നെറ്റിയിലും നെഞ്ചിലും തോളത്തുമായി കുരിശു വരച്ചുകൊണ്ടു ഇളകാതെ നിന്നു.
മേല്‍ക്കൂരയുടെ വിടവിലൂടെ അക്ഷമയോടെ അണ്ണാന്‍ ചിലച്ചു.അഭിനയത്തിനിടയില്‍ നടന്‍ പൊടുന്നനെ കാണിയായതുപോലെ പൌലോസിനു തോന്നിയപ്പോള്‍ അൾത്താരയിൽ നിന്നിറങ്ങി തൊട്ടടുത്ത ബെഞ്ചില്‍ കയറി ഇരുന്നു.
വികാരിയുടെ ചാരിയിട്ട വിശ്രമമുറിയുടെ വാതിലിന്നു മുൻപിൽ ആൺവിശ്വാസികളുടെ മതിലിന്നു താങ്ങെന്ന പോലെ സ്ത്രീ വിശ്വാസികള്‍ ചെറു കൂട്ടങ്ങളായി ചുറ്റിലും നിന്നു. വാതിലിന്നു മുന്നിലായി നിലത്തു വരിവരിയായി നീങ്ങിക്കൊണ്ടിരുന്ന ഉറുമ്പിന്‍ കൂട്ടത്തിലൊന്ന് കൂട്ടംതെറ്റി വന്നപ്പോള്‍ ഒന്നിളകി നിന്ന വര്‍ക്കിയുടെ കറുത്ത ഷൂസ് നിലത്തെ ചുകന്ന സിമന്റു തറയില്‍ അതിനെ ഞെരിച്ചു.വാതിലിനിടത്ത് വശത്തെ ചുമരിലെ കന്യാമറിയത്തിന്റെ കലണ്ടറിനടിയില്‍ നിന്നും ഒരു പല്ലി അര്‍ദ്ധവൃത്താകൃതിയില്‍ വാതിലിന് മുകളിലൂടെ ഓടി മറുവശത്ത് തൂക്കിയിട്ട പഞ്ചാംഗം കലണ്ടറിനടിയില്‍ ഓടിയൊളിച്ചു. പല്ലിയുടെ ഓട്ടം കണ്ടു രസിച്ച സൂസന്‍ കന്യാമറിയത്തിന്റെ ഹൃദയം പുഴു തിന്നത് എബിക്ക് കാണിച്ചുകൊടുത്തപ്പോള്‍ കുലുങ്ങിയ എബിയുടെ കുടവയര്‍ ചാക്കോച്ചന്‍ ഒരു അത്ഭുതത്തോടെ നോക്കി.
ചൂണ്ടുവിരല്‍ ലൂക്കോസിന്റെ പതിനേഴാം അദ്ധ്യായത്തിലെ ഇരുപത്തൊന്നാം വരികളില്‍ വിരല്‍ ഊന്നി വാതിലിന്നു പുറത്തെ അടക്കിപിടിച്ച ശബ്ദങ്ങളോ കാല്‍പെരുമാറ്റമോ ശ്രദ്ധിക്കാതെ വികാരി കണ്ണുകളടച്ചു തന്‍റെ ശ്വാസോച്ഛ്വാസത്തെ മാത്രം ശ്രദ്ധിച്ചുകൊണ്ട് മറ്റൊരു ലോകത്തേക്ക് കടന്നു.
നിശബ്ദതക്ക് തണുപ്പ് കൂടിയെന്നും തന്‍റെ ശരീരത്തിന് ഭാരമില്ലായ്മ അനുഭവപ്പെട്ടതും മറിയാമ്മയെ വിഷമിപ്പിച്ചപ്പോള്‍ പള്ളിക്ക് പുറത്തിറങ്ങിയ അവരുടെ കൈകള്‍ യാന്ത്രികമായി പുറത്തെ പൂച്ചട്ടിയിലെ റോസാപൂവ് ഇറുത്തു. ഗേറ്റിനടുത്തുള്ള കാഞ്ഞിരമരത്തി ന്‍റെ ചുവട്ടിലെ കല്ലുകളില്‍ ഒന്നില്‍ ക്ഷീണിതയായി ഇരുന്ന് പള്ളിയെ നോക്കി നെടുവീര്‍പ്പ് ഇടുന്നതിനിടയില്‍ പള്ളിക്ക് മുകളിൽ ഉയരങ്ങളിലേക്ക് കൈ ഉയര്‍ത്തി നില്‍ക്കുന്ന യേശുവിന്റെ കൈകള്‍ക്ക് മുകളിലൂടെ ദൂരെ ഒരു നുറുങ്ങ് വെളുത്ത മേഘം ഇളം നീലാകാശത്ത് സാവധാനം നീങ്ങുന്നത് അവര്‍ കണ്ടു.മറിയാമ്മ നെടുവീര്‍പ്പിട്ടു. മേഘത്തിനു കുറുകെയായി തെന്നി നീങ്ങിയ കൊച്ചുവിമാനം ആകാശത്തെ വരഞ്ഞു കീറി. ഉയര്‍ത്തിപ്പിടിച്ച യേശുവിന്റെ ഇരുകൈകള്‍ക്കുമിടയിലായി ഉത്സാഹത്തോടെ വല കെട്ടുന്ന ചിലന്തിയെ മറിയാമ്മ കണ്ടില്ല.
വിശ്രമമുറിയുടെ ചാരിയിട്ട വാതില്‍ പതിയെ കാറ്റിൽ തുറന്നപ്പോള്‍ പുറകിലെ ജനാലയിലൂടെ ശക്തിയായി തള്ളിവന്ന വെളിച്ചത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരിയുടെ വെളുത്ത കുപ്പായവും നെഞ്ചില്‍ അമര്‍ത്തി വെച്ച കൈകളും മാത്രം കണ്ട ലീലാമ്മക്ക് കണ്ണുകളില്‍ ഇരുട്ട് കയറുന്നതായി തോന്നി.
പുറത്തുനിന്ന് കയറിവന്ന മറിയാമ്മക്ക് വികാരിയുടെ രൂപം മെലിഞ്ഞു വരുന്നതുപോലെയും പതുക്കെ നിലത്തുനിന്ന് ഉയര്‍ന്നു പോകുന്നതായും അനുഭവപ്പെട്ടു. മറിയാമ്മ ഉറക്കെ പറഞ്ഞു.
“അച്ഛനിതാ പൊങ്ങുന്നു…”
തല കുനിച്ച് നിന്നിരുന്ന വിശ്വാസികളും കണ്ണുതുറന്ന് വികാരിയും മറിയാമ്മയെ നോക്കി.വിശ്വാസികളില്‍ ചിലര്‍ക്ക് വികാരിയുടെ നിഴല്‍ സ്വതന്ത്രമായി നിലത്ത് ഇഴയുന്നതായും, മരിച്ചുപോയ പലരുടെയും മുഖങ്ങള്‍ വികാരിയുടെ മുറിയില്‍ നിറയുന്നതായും അനുഭവപ്പെട്ട വിശ്വാസികള്‍ പുറപ്പെടുവിച്ച വിചിത്ര ശബ്ദം കേട്ട് പഞ്ചാംഗ കലണ്ടറിനടിയില്‍ ഒളിച്ച പല്ലി പുറത്ത് ചാടി വികാരിയുടെ മുറിയിലേക്കോടി കയറി ഒളിച്ചു. “മാജിക്കല്‍ റിയലിസത്തില്‍” വളരെ വർഷങ്ങളായി ഗവേഷണം നടത്തുന്ന മാത്യു ഡയാനയെ ഒളിഞ്ഞു നോക്കി ഒരു കുസൃതി ചിരി നല്‍കിക്കൊണ്ട് കുടവയര്‍ കുലുക്കി കൂട്ടത്തില്‍ നിന്നും പള്ളിക്ക് പുറത്തേക്കു നടന്നതിന് പുറകെ സാറാമ്മയുടെ രൂക്ഷമായ നോട്ടം പിന്തുടര്‍ന്നു.
വികാരി പാതിയടഞ്ഞ കണ്ണുകള്‍ തുറന്ന് എല്ലാവരെയും സ്‌നേഹം തുളുമ്പുന്ന കണ്ണുകളാല്‍ വിശ്വാസികളുടെ കണ്ണുകളിലെ ഭയത്തെ തിരിച്ചറിഞ്ഞു. എന്നിട്ട് വളരെ വ്യക്തമായി, വിശ്വാസികളെ നോക്കിക്കൊണ്ട് പറഞ്ഞു, ” വളരെ നാളായി ഞാനിത് നിങ്ങളോട് പറയണമെന്ന് കരുതുന്നു, ക്ഷമിക്കണം, എനിക്ക് അതിന് കഴിഞ്ഞില്ല, നിങ്ങള്‍ വിഷമിക്കേണ്ട, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ നേരിട്ട് ദൈവത്തോട് പറയുക അതിനിടയില്‍ എന്‍റെ സാന്നിധ്യം ആവശ്യമില്ല. എന്തെന്നാല്‍ ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ട്”. ഇത്രയും പറഞ്ഞു കൊണ്ട് കൈയ്യിലെ ബൈബിള്‍ തുറന്ന് ലൂക്കോസിന്റെ പതിനേഴാം അദ്ധ്യായത്തിലെ ഇരുപത്തൊന്നാം വാക്യം ഉറക്കെ വായിച്ച് അവിശ്വാസവും ഭീതിയും നിറഞ്ഞ വിശ്വാസികളെ നോക്കി വികാരി തുടര്‍ന്നു, ” എനിക്കിനി വിശ്രമിക്കണം, നിങ്ങള്‍ എല്ലാവരും തിരിച്ച് സമാധാനത്തോടെ പോകുവിന്‍ ദൈവം നിങ്ങളുടെ ഉള്ളില്‍ തന്നെ ഉണ്ട്”. വികാരി വാതില്‍ പൊളികള്‍ മെല്ലെ ചാരി. വികാരിയുടെ നിഴലിനെ മുറിക്കു പുറത്താക്കി വാതിലടച്ചതു കണ്ട് ബോധമറ്റ് വീണ മറിയാമ്മ ചുകന്ന സിമന്‍റ് തറയില്‍ താളത്തില്‍ നീങ്ങുന്ന ഉറുമ്പിന്‍ ജാഥയെ പല ദിക്കിലേക്കായി ചിതറിച്ചു. പൊടുന്നനെ അന്ധകാരം കണ്ണുകളില്‍ നിറഞ്ഞതായി തോന്നിയ ത്രെസ്സ്യാമ്മക്ക് നിലത്തു വീണു കിടക്കുന്ന മറിയാമ്മയുടെ രൂപം ചെറുതായി വന്നു തന്‍റെ കാല്‍ പാദത്തോട് ഒട്ടി പിടിച്ചതുപോലെ അനുഭവപ്പെട്ടപ്പോള്‍ പലരും ചേര്‍ന്ന് ത്രെസ്സ്യാമ്മയെ താങ്ങിക്കൊണ്ടു പോയി. വികാരിയുടെ വിശ്രമ മുറിയുടെ വാതിലിന്നു മുന്‍വശത്ത് നിന്നും ഇളകാന്‍ കഴിയത്തവണ്ണം വിശ്വാസികള്‍ നിന്നു, ഇരുന്നു, ചിലർ കിടന്നു. അവര്‍ക്കിടയില്‍ നിറഞ്ഞ നിശബ്ദത പള്ളിക്ക് പുറത്തേക്ക് പരക്കാന്‍ തുടങ്ങി. പുറത്ത് തീവ്രത കൂടിയ പള്ളി നിഴല്‍ പള്ളിയോടു ചേര്‍ന്ന് കിടക്കുന്ന ശവകല്ലറകളെ വെയിലത്ത് നഗ്നമാക്കിക്കൊണ്ട് കുറുതായി ചുറ്റിലും വിരിച്ച മണലില്‍ ചരിഞ്ഞ് ഇളകാതെ പള്ളിയോട് ചേര്‍ന്ന് ഒട്ടിക്കിടന്നു.
പള്ളിക്ക് മുകളിലൂടെ ഒരു കൂട്ടം കാക്കകള്‍ ഉറക്കെ കരഞ്ഞ് പല ദിക്കിലേക്കായി പറന്ന് പോയി .ഗേറ്റിനടുത്തു ഒരുകൂട്ടം ഉറുമ്പുകള്‍ ഒരു പച്ച പുഴുവിന്‍റെ ശവം വലിച്ച് നീങ്ങിക്കൊണ്ടിരുന്നു.
Be the first to write a comment.