വണ്‍,
ടു,
ത്രീ…

ഷോപ്പിംഗ്‌ മാളില്‍നിന്നും പുറത്തിറങ്ങുമ്പോൾ ലിഡിയയുടെ  കൈവിടുവിച്ച് താഴേയ്ക്ക് ഒഴുകുന്ന എസ്കലേറ്ററിന്‍റെ പടികൾ എണ്ണിക്കൊണ്ട് ബിന്ദ്യ ചാടിയിറങ്ങാന്‍നോക്കി.
“മോളെ അരുത്..”
രോഹിത് അവളെ തടഞ്ഞു. ബിന്ദ്യയുടെ കയ്യിലിരുന്ന ചോട്ടാഭീമിന്‍റെയും, ഡോറയുടേയും കളറിംഗ് ബുക്കുകൾ താഴെ വീണു. ലിഡിയ അതെടുത്ത് കൊടുത്തു. ബിന്ദ്യയുടെ ഇടംകയ്യിലിരുന്ന് നക്ഷത്രകണ്ണുകളുള്ള ബാര്‍ബിഡോൾ അവളുടെ ഓരോ അനക്കങ്ങളിലും ഇമചിമ്മി.

എസ്കലേറ്ററിന്‍റെ ചലനഭീതിയില്‍നിന്നും ഫ്ലോറിലേയ്ക്ക് കാല്‍കുത്തുമ്പോൾ അവൾ ചോദിച്ചു.
“ഇന്നെന്താ അമ്മെ പ്രത്യേകത… എന്‍റെ ഹാപ്പി ബര്‍ത്ത്ഡേയാണോ..?”
“അടങ്ങി നില്ല്. പറയാം..”
രോഹിത് അവള്‍ക്ക് നേരെ കണ്ണിറുക്കി കാണിച്ചു. പുറത്തിറങ്ങാൻ മാളിലെ ചില്ലുവാതിൽ വലിച്ചുതുറന്നപ്പോൾ ചൂട് അവരുടെ മുഖത്ത് വന്നിടിച്ചു. പുറത്ത് നഗരം ഒരു കാര്‍ണിവല്‍കൂടാരം പോലെ ഇരമ്പിക്കൊണ്ടിരുന്നു. അപരാഹ്നവെയിൽ മഞ്ഞയിൽ ജ്വലിച്ചു. പാര്‍ക്കിംഗ് ഏരിയയില്‍നിന്നും രോഹിത് കാറെടുത്തുവരും വരെ അവരിരുവരും ലോണിൽ കാത്തുനിന്നു.

കാറില്‍,  നേര്‍ത്ത ശബ്ദത്തിൽ ജോൾ ലെനൽ പാടിക്കൊണ്ടിരുന്നു. പ്ലീസ്, പ്ലീസ് മി…
“ഇനി നമ്മളെങ്ങോട്ടാ അച്ഛാ….?” ബിന്ദ്യ വീണ്ടും ചോദിച്ചു.
പാട്ടിനൊപ്പം മൂളിക്കൊണ്ട്  ഡ്രൈവ് ചെയ്യുന്നതിനിടയിൽ രോഹിത് മറുപടി പറഞ്ഞു..
“ആദ്യം ഐസ്ക്രീം. പിന്നെ…പിന്നെ…”
“ഇറ്റ്‌സ് മൈ ചോയിസ്…” ബിന്ദ്യ പറഞ്ഞു: “നമ്മൾ ബീച്ചിൽ പോകും..”
“ഓക്കെ”
അങ്ങനെയാണ്  പ്രോഗ്രാം ചാര്‍ട്ട് ചെയ്തത്. ഇടയ്ക്ക് ലിഡിയയ്ക്ക് ഇളനീർ കുടിയ്ക്കണം എന്ന് തോന്നിയപ്പോൾ മാത്രം ആ ചാര്‍ട്ടൊന്നു മാറ്റി.

അവര്‍ക്ക് മുന്നിൽ കടൽ ചാരനിറത്തിൽ കിടന്നു. ദൂരെ, ഹാര്‍ബറിൽ നങ്കൂരമിട്ട കൂറ്റൻ കപ്പലുകള്‍ക്ക് മുകളിൽ  പരുന്തുകൾ വട്ടം ചുറ്റുന്നത് കാണാമായിരുന്നു.

ബിന്ദ്യ മണലിൽ ചിതറികിടക്കുന്ന കക്കകൾ പെറുക്കി ഒരിടത്തു കൂട്ടി വയ്ക്കുന്നത് നോക്കിയിരിക്കുമ്പോൾ ലിഡിയ ചോദിച്ചു.
“ജോൾ ലെനൽ ആത്മഹത്യ ചെയ്യുകയായിരുന്നോ..?”
“അല്ല.” രോഹിത് തിരുത്തി. “ഒരു ആരാധകൻ വെടിവച്ചുകൊല്ലുകയായിരുന്നു. മാര്‍ക്ക് ചാപ്മാൻ. ഇഷ്ടഗായകനോടുള്ള ആരാധന സഹിയ്ക്കാനാവാതെയാണ് അയാൾ അതുചെയ്തത്. ലെനനെ ഹസ്തദാനം ചെയ്ത്, ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം നിറയൊഴിച്ചു…”
രോഹിത് ലിഡിയയുടെ കണ്ണുകളിലേയ്ക്ക് നോക്കി ചിരിച്ചു.
“എനിക്കുമുണ്ട് ഒരാരാധിക. ഹസ്തദാനം ചെയ്യൂ. ഓട്ടോഗ്രാഫ് വാങ്ങൂ.. നിറയൊഴിക്കൂ.
അയാൾ ഷര്‍ട്ടിന്‍റെ മുന്‍ഭാഗം തുറന്നു കാണിച്ചു.
“ആരാധന അതിരുകടക്കട്ടെ. അപ്പോൾ നോക്കാം..”
ലിഡിയ അയാളുടെ തോളിൽ കളിയായി തല്ലി.

ആലുവ യു.സി.കോളേജിലെ ഗാന്ധിമാവിൻചുവട്ടിൽ പരീക്ഷാഫീസടയ്ക്കാൻ വരിനില്‍ക്കുമ്പോഴായിരുന്നു ഈ ആരാധന നിറഞ്ഞ നോട്ടം  കണ്ണുകൾ ആദ്യം പിടിച്ചെടുത്തത്. ആരാധന കണ്ണുകളുടെ ദീപാരാധനയായി. പിന്നെ, കോളേജില്‍നിന്നും ടൌൺ  വരെ ഒരേ ബസിൽ തൂങ്ങി യാത്ര, മാര്‍ത്താണ്ഡവര്‍മ്മപാലത്തിന്‍റെ തരംഗ ദൈര്‍ഘ്യത്തിലൂടെയുള്ള വൈകുന്നേരനടത്തങ്ങള്‍, ലൈബ്രറിയിലെ അനന്തമായി നീളുന്ന പുസ്തകം തിരച്ചിലുകൾ.. ആ തിരച്ചിലിനിടയിലാണ്  നൂര്‍ഇനായത്ത് ഖാന്‍റെ ജീവിതകഥ ലിഡിയ കണ്ടെടുക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് യൂറോപ്യന്‍രാജ്യങ്ങള്‍ക്ക് ചാരപ്പണി ചെയ്ത ടിപ്പുസുല്‍ത്താന്‍റെ കൊച്ചുമകന്‍റെ കൊച്ചുമകന്‍റെ മകള്‍. ഹിറ്റ്‌ലറുടെ രഹസ്യപോലീസ് വെടിവെച്ചിടുമ്പോൾ വിമോചനം എന്ന് ഉരുവിട്ടു മരിച്ചുവീണവള്‍. ശ്രബാനീ ബസു തയ്യാറാക്കിയ ചാരരാജകുമാരിയുടെ പുസ്തകത്തിൽ രോഹിത് രഹസ്യമായി അടിവരയിട്ട് നല്‍കിയ വരികൾ, ലിഡിയയുടെ പപ്പയ്ക്ക് ചാരപ്പണി ചെയ്തു. എങ്കിലും, എണ്‍പതുകളിലെ സിനിമയിൽ പ്രണയപാശത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍മാർ ചോദിക്കുന്ന പതിവ് ചോദ്യങ്ങൾ പപ്പ ഒഴിവാക്കി. ആലുവ സീസര്‍പാലസിലെ ശീതീകരിച്ച മുറിയിൽ പപ്പാ-രോഹിത്-ലിഡിയ എന്നിവർ മാത്രം പങ്കെടുത്ത ഒരു സന്ധിസംഭാഷണം. സംഭാഷണം സന്ധിയായില്ല. അക്കൊല്ലപരീക്ഷ തീര്‍ന്നപ്പോൾ നൂര്‍ഇനായത്ത് ഖാന്‍റെ വായനക്കാരി വരാപ്പുഴ പുത്തന്‍പള്ളിയ്ക്ക് സമീപം വാടകവീട്ടിൽ രോഹിതിനൊപ്പം താമസം ആരംഭിച്ചിരുന്നു. വീട്ടുകാർ കയ്യൊഴിഞ്ഞെങ്കിലും ജീവിതം അവരെ കയ്യൊഴിഞ്ഞില്ല.  ടാസ് റോഡിലെ കൈരളി ബുക്ക്ഷോപ്പിൽ ചെറുശമ്പളമുള്ള സെയില്‍സ്മാന്‍റെ ജോലിയായി അതവരെ കൈപിടിച്ചു. എം.എ. ഇംഗ്ലീഷ് ബിരുദത്തിന്‍റെ ബലത്തിൽ, കൈരളി പുറത്തിറക്കിയിരുന്ന കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് കാര്‍ട്ടൂൺ പുസ്തകങ്ങളുടെ വിവര്‍ത്തകനായി രോഹിതിന് അധികം വൈകാതെ കയറ്റം കിട്ടി.

“യെല്ലോ കിഡ് എന്നാൽ എന്താണച്ഛാ…?”
കക്ക പെറുക്കൽ അവസാനിപ്പിച്ച്‌, കല്‍ബഞ്ചിലിരുന്ന് കളറിംഗ് ബുക്കുകൾ മറിച്ചുനോക്കിക്കൊണ്ട്  ബിന്ദ്യ സംശയം ചോദിച്ചു. “മഞ്ഞ നിറമുള്ള കുട്ടിയാണോ..?”

“അല്ല മോളെ. ആദ്യത്തെ കോമിക് ബുക്കാണ്‌ യെല്ലോ കിഡ്. ദ ന്യൂയോര്‍ക്ക് വേള്‍ഡിന്‍റെ ഞായറാഴ്ച പതിപ്പിൽ പ്രത്യക്ഷപ്പെട്ട കോമിക് കോളം. അതിലെ പേരില്ലാത്ത അനാഥനായ ഉണ്ടക്കണ്ണന്‍കുട്ടിയായിരുന്നു യെല്ലോ കിഡ്.”

“അപ്പോൾ ഞാനോ അച്ഛാ.. വൈ ആർ ദേ കോളിംഗ് മീ യെല്ലോ കിഡ്?”
രോഹിതിന്‍റെ കൂട്ടുകാർ ബിന്ദ്യയെ വിളിക്കുക യെല്ലോ കിഡ് എന്നാണ്. അവളത് ഒരു പ്രശംസ പോലെ രസിച്ചിരുന്നു. അക്കാര്യമാണ് ചോദിക്കുന്നത്.
രോഹിത് മറുപടി പറയാതെ ലിഡിയയെ നോക്കി. അവൾ കാറ്റിൽ പാറുന്ന മുടിയിഴകൾ ഒതുക്കിക്കൊണ്ട് കടലിനു നേരെ മുഖം തിരിച്ചു.

രോഹിതിന്‍റെ ബലത്തിൽ കൈരളി ബുക്ക് സ്റ്റാൾ യെല്ലോ കിഡ് എന്ന പേരിൽ കോമിക്ക് പരമ്പര പുറത്തിറക്കിയ അന്നാണ് ബിന്ദ്യ ജനിച്ചത്. അതൊരു രണ്ട് കൊല്ലം പോയി. അപ്പോഴേയ്ക്കും കൈരളിയുടെ ഉടമ മകനൊപ്പം സ്റ്റേറ്റ്സിലേയ്ക്ക് പോകാന്‍തീരുമാനിച്ചു. ഒറ്റയ്ക്ക് കൈരളി നടത്താൻ കഴിയുമോ എന്ന് ചോദിച്ചുവെങ്കിലും രോഹിത് ഒഴിഞ്ഞു. അങ്ങനെ യെല്ലോ കിഡ് കൂട്ടുകാരുടെ സന്ദര്‍ശനവേളയിൽ ബിന്ദ്യയെ വിളിക്കുന്ന ചെല്ലപ്പേരായി ഓര്‍മ്മകളിൽ മാത്രം വന്നു. ഇതിനിടയില്‍, മൂലമ്പിള്ളിയില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ട രോഹിതിന്‍റെ അപ്പനും അമ്മയും സര്‍ക്കാർ കൊടുത്ത ഭൂമിയിലേയ്ക്ക് പോകാതെ രോഹിതിനെ കാണാൻ വരാപ്പുഴയിൽ വന്നു. ചവിട്ടി നിന്ന മണ്ണ് ഒലിച്ചുപോയാൽപ്പിന്നെ പിണക്കങ്ങൾ ഭാരമാണ്. വാടകവീട് അവരെയും ഉള്‍ക്കൊണ്ടു. മൂലമ്പിള്ളി സമരം പിന്നെയും കൊടുമ്പിരിക്കൊണ്ടു. സമരാവേശവുമായി  അപ്പച്ചനെന്നും മൂലമ്പിള്ളിയ്ക്ക് ബസ് കയറി. ആവേശം അനാവശ്യമാണ്. പ്രത്യേകിച്ച് സമരങ്ങളില്‍. രാത്രി അപ്പച്ചന് കൂടപ്പിറപ്പായ ശ്വാസം മുട്ടൽ കൂടി. ആശുപത്രിയിൽ ഒരു മൂന്ന് ദിവസം. പുഴയിൽ വള്ളമൂന്നിയും വലയെറിഞ്ഞും കള്ളുകുടിച്ചും അമ്മച്ചിയെ തല്ലിയും ആഘോഷമാക്കിയ ആ ജീവിതസമരം മരണത്തോട് സന്ധി ചെയ്തു. അടുത്ത കൊല്ലം, അങ്കമാലിയിൽ അപ്പച്ചന് ഭാഗം കിട്ടിയ അഞ്ച് സെന്റ് പണയം വച്ച് രോഹിത് ആലുവയിൽ സ്വന്തമായി പുസ്തകക്കട തുടങ്ങി. പഴയ അതേ കൈരളി ലൈന്‍. തുടക്കം ഗംഭീരമായിരുന്നു. പേര് റെറ്റിന ബുക്സ്. നാട്ടിൽ എഴുത്തുകാർ ധാരാളം ഉണ്ടായത് നന്നായി. സെല്‍ഫ് പബ്ലിഷിംഗ് ആഗ്രഹിച്ചവരുടെ പുസ്തകങ്ങൾ റെറ്റിന വഴി പുറത്തിറങ്ങി. ഒപ്പം പ്രശസ്തരുടെ ചില പുസ്തകങ്ങളും. റെറ്റിനയ്ക്ക് പേരായി. കിട്ടിയ പണം റിയൽ എസ്റ്റേറ്റിൽ ഇന്‍വെസ്റ്റ്‌ ചെയ്തു. ജീവിതം മെല്ലെ മെല്ലെ അതിന്‍റെ വഴി കണ്ടെത്തി ഒഴുകിതുടങ്ങി. വീണ്ടും ഒരു മൂന്ന്‍കൊല്ലം. ചലഞ്ച് ലിഡിയയുടെ പപ്പയോടല്ല, ജീവിതത്തോടാണ്.

കാറിൽ ജോൾ ലെനൻ വീണ്ടും പാടി തുടങ്ങി.

മടക്കയാത്ര.

ലിഡിയയുടെ തോളില്‍കിടന്ന് ബിന്ദ്യ ഉറക്കമായിരുന്നു. നഗരം വെളിച്ചത്തിന്‍റെ പലപല നിറങ്ങളുള്ള ചത്വരങ്ങൾ പണിയുന്നത് കണ്ടുകൊണ്ട് രോഹിത് കാറോടിച്ചു. റോഡിനു സമാന്തരമായി കിടക്കുന്ന കടൽ അവര്‍ക്കൊപ്പം അവസാനിക്കാത്ത അത്ഭുതമായി തിരയിളക്കി.
“ഈ കടലിന് എന്നെങ്കിലും ഒരന്ത്യമുണ്ടോ..?” ലിഡിയ ചോദിച്ചു.
രോഹിത് ഒരു നിമിഷം അവളെ നോക്കി.

“ഉണ്ട്. അതാണ്‌ മാഞ്ചസ്റ്റർ സര്‍വ്വകലാശാലയിലെ ഗവേഷകർ പറയുന്നത്. അഗ്നിപര്‍വ്വതങ്ങൾ തുപ്പുന്ന വാതകത്തിൽ സമുദ്രജലാംശം കണ്ടെത്തിയിട്ടുണ്ടത്രേ. അതിനര്‍ത്ഥം സമുദ്രം ഭൂമിയുടെ അകക്കാമ്പിലേയ്ക്ക് വലിയുന്നു എന്നാണ്. കുറെ കഴിയുമ്പോൾ കടലും ഓര്‍മ്മയാകും. മനുഷ്യർ അവരവരുടെ ഉള്ളിലേയ്ക്ക് വലിയും പോലെ.. ഇല്ലാതാകുംപോലെ…”

“ഹോ…” വിശ്വസിക്കാനാവാതെ ലിഡിയ ശൂന്യമായ കണ്ണുകളോടെ മുന്നിലേയ്ക്ക് നോക്കിയിരുന്നു.

 

പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ അവൾ ചോദിച്ചു.
“നമുക്ക് വികാസിനെ കാണണ്ടേ…”
“പിന്നെ വേണ്ടേ…”

വണ്ടി എം.ജി.റോഡില്‍നിന്നും ഇടത്തേയ്ക്ക്, ഗ്രീന്‍ – റസിഡന്‍ഷ്യൽ ഏരിയയിലേയ്ക്ക് തിരിച്ചുകൊണ്ട് രോഹിത് പറഞ്ഞു.

അപ്പോൾ അയാളുടെ മൊബൈലിലേയ്ക്ക് ഒരു കോൾ വന്നു. അറ്റന്‍ഡ് ചെയ്യാൻ ഫോണയാൾ ലിഡിയയ്ക്ക് കൊടുത്തു.

“ഗ്രിഗറിയാണ്. എന്താ പറയണ്ടേ…?” ഡിസ്പ്ലേ നോക്കിക്കൊണ്ട് അവൾ ചോദിച്ചു.

“ഞാന്‍വണ്ടി ഓടിയ്ക്കാന്നു പറയെടി…”

ലിഡിയ കോൾ എടുക്കും മുന്‍പേ അതൊരു മിസ്‌ഡ്കോൾ ആയി ഒടുങ്ങി. രോഹിത് കാർ അരികിലേയ്ക്ക് നിര്‍ത്തി തിരിച്ചുവിളിച്ചു.

ലൌഡ്സ്പീക്കർ മോഡിൽ ഫോണിലൂടെ ഗ്രിഗറിയുടെ ശബ്ദം ലിഡിയ കേട്ടു.

“രോഹീ, എന്താ നിന്‍റെ ഉദ്ദേശം? ബോംബെയിൽ നിന്ന് ആ തെണ്ടി റാവു വിളിയോടുവിളിയാണ്…രൂപ തൊണ്ണൂറ്റിയഞ്ചു ലക്ഷമാണ്. ഞാന്‍എന്താ പറയണ്ടേ…?”

“നാളെ രാവിലെ വരെ അയാളെ നീയൊന്നു പിടിച്ചുനിര്‍ത്ത്. ബാക്കി നേരില്‍..”

“രാവിലെ വാക്ക് മാറ്റല്ലേ.. അയാളൊരു ബ്ലാക്ക് സാം ആണ് മോനേ. കളിയ്ക്കാൻ നിക്കണ്ട..”

“ഓക്കെ ഡാ..”
രോഹിത് ഫോണ്‍വച്ചു.

ലിഡിയ ചോദിച്ചു: “ആരാണ് ബ്ലാക്ക് സാം..?”
“വെറും ഇരുപത്തിയൊന്‍പതാം വയസിൽ അറ്റ്ലാന്റിക്കിൽ മുങ്ങിമരിച്ച കടല്‍ക്കൊള്ളക്കാരനായിരുന്നു ബ്ലാക്ക് സാം എന്ന സാമുവൽ ബെല്ലാമി. കരീബിയൻ കടല്‍യാത്രികരുടെ പേടിസ്വപ്നം. പ്രിന്‍സസ് ഓഫ് പൈറെറ്റ്സ്. തട്ടിയെടുക്കുന്ന കപ്പലിലെ യാത്രികരോട് മാന്യന്‍. ചതിക്കുന്നവരോട് നിര്‍ദ്ദയന്‍.”

“റാവുവും അങ്ങനെയാണോ..? എങ്കിൽ നമ്മളെന്തു ചെയ്യും?” ലിഡിയ ചോദിച്ചു.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ രോഹിത് ലിഡിയയെ നോക്കി. അവളുടെ കണ്ണുകളിൽ ഭയം നിഴലിടുന്നത് അയാൾ സങ്കല്‍പ്പിച്ചിരുന്നു. എന്നാൽ അവിടെ കുസൃതി നിറഞ്ഞ ചെറുതിളക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാള്‍പറഞ്ഞു:
“നമ്മളൊന്നും ചെയ്യണ്ട. ഒക്കെ അയാൾ ചെയ്തോളും..” ഇരുവരും പൊട്ടിചിരിച്ചു.

ചിരി ഒരു ശമനൌഷധമാണ്. ഭ്രാന്തിനും ചിലപ്പോള്‍ കടുത്ത ഉണ്മയ്ക്കും. അതു ഫലിച്ചുകണ്ടത് രോഹിതിന്‍റെ അമ്മയിലാണ്. അപ്പൻ മരിച്ച ശേഷം അമ്മ മാസങ്ങളോളം നീണ്ട നിശബ്ദതയിൽ ആണ്ടുപോയി. ആദ്യമൊക്കെ അപ്പൻ മരിച്ച സങ്കടമാകും എന്നാണ് കരുതിയത്. എന്നാൽ അങ്ങനെ ആയിരുന്നില്ല. ആ നിശബ്ദത പിന്നെ ചിരിയായി, ചിരിയിൽ നിറഞ്ഞ പ്രാര്‍ത്ഥനകളായി വീടാകെ നിറയാൻ തുടങ്ങി. ആ ചിരിയും അധികം നീണ്ടില്ല. അടുത്ത കൊല്ലം അപ്പൻ മരിച്ച അതേദിവസം അമ്മയും മടങ്ങി. മരണത്തിനു മുന്നില്‍ ചിരിക്കുന്ന ജീവിതമാണ്‌ ഔഷധം. പപ്പയും മമ്മയും സ്വത്തെല്ലാം അനിയത്തിയ്ക്ക് എഴുതികൊടുത്ത ദിവസം ലിഡിയ ചിരിച്ച ചിരിയും രോഹിതിന്‍റെ ഓര്‍മ്മയിലുണ്ട്.  മനസിൽ മരിച്ചവൾ മകളല്ല. ഇതിനിടയിൽ, റിയൽ എസ്റ്റേറ്റിൽ മുടക്കിയ വിശ്വാസം രോഹിതിനെ തിരിച്ചുകടിയ്ക്കാൻ തുടങ്ങിയിരുന്നു. ലോൺ അടവുകൾ മുടങ്ങിയതോടെ റെറ്റിനയുടെ പുതിയ പുസ്തകങ്ങളും മുടങ്ങി. എഴുത്തുകാരും വിതരണക്കാരും പണം തിരികെ ചോദിയ്ക്കാൻ തുടങ്ങി. മാര്‍ക്കറ്റിൽ ലിഡിയയുടെ പപ്പ ചാരപ്പണി ചെയ്യുന്നോ എന്ന് സംശയമായി. സാഹിത്യം വില്‍ക്കാൻ കൊള്ളില്ല. വായിക്കാനേ കൊള്ളൂ എന്ന് രോഹിത് റെറ്റിനയ്ക്ക് അടിവരയിട്ടു. എന്നേയ്ക്കുമായി റെറ്റിനയുടെ ഷട്ടർ വീണ ദിവസം രാത്രിയിൽ ആദ്യമായി രോഹിതിനെ മദ്യം മണത്തു.

“എന്താണിത്?” ലിഡിയ കുപിതയായി.

രോഹിത് അടഞ്ഞുപോകുന്ന കണ്ണുകളോടെ അവളെ നോക്കി പറഞ്ഞു.
“വാർ പോയറ്റ്‌. യുദ്ധകവി എന്ന് വിവര്‍ത്തനം. കവിത പോലെ ജീവിതയുദ്ധവും ഒരു ലഹരിയാണ്. വില്‍ഫ്രെഡ് ഓവൻ എന്നൊരു കവിയുണ്ട്. കാവ്യചോദന കുറഞ്ഞു എന്ന് തോന്നിയപ്പോൾ അദ്ദേഹം പോയി യുദ്ധത്തിൽ ചേര്‍ന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍. ജര്‍മന്‍കാരെ നേരിടാൻ സാംബാർ കനാൽ താണ്ടുമ്പോൾ വെടിയേറ്റ്‌ മരിച്ചു. അതിലും കഷ്ടമതല്ല. കവി മരിച്ചു രണ്ടു നാൾ കഴിഞ്ഞപ്പോൾ യുദ്ധവും തീര്‍ന്നു. അതാണ്‌കവിത. യുദ്ധം. ലഹരി..”

ലിഡിയ കോപം അടക്കി മിണ്ടാതെ നിന്നു. വേച്ചുവീഴാന്‍പോയ അയാളെ താങ്ങി കിടക്കയില്‍കൊണ്ടുപോയി കിടത്തി.
കിടക്കയിലേയ്ക്ക് മറിയുമ്പോൾ അയാൾ വാക്ക് കൊടുത്തു.
“യുദ്ധം തീര്‍ന്നു. നീയാണേ…ഇനിയില്ല…”

വികാസിന്‍റെ മുറ്റത്തേക്ക്‌ കാർ കയറ്റിനിര്‍ത്തിയിട്ട് രോഹിത് ചെറുതായി ഹോണടിച്ചു.

ബിന്ദ്യയുടെ തല തോളിൽ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ലിഡിയ ആദ്യം പുറത്തിറങ്ങി.

പിറകേ രോഹിതും. കോളിംഗ് ബെൽ അടിക്കും മുന്‍പേ ജ്യോതി വന്നു വാതിൽ തുറന്നു.

“വാ.. എന്താ ഒരു മുന്നറിയിപ്പില്ലാതെ…”
“എവിടെ കണവന്‍? കാര്യം അവനോടു പറയാം..”
“മോളിലുണ്ട്. വിളിക്കാം..”
വിളിക്കേണ്ടി വന്നില്ല. അപ്പോഴേയ്ക്കും വികാസ് താഴേയ്ക്ക് ഇറങ്ങി വന്നു.
ലിഡിയയുടെ തോളില്‍നിന്നും ബിന്ദ്യയെ ജ്യോതി വാങ്ങി.
“ഉറങ്ങിപ്പോയല്ലേ..അകത്തുകിടത്താം..”
ജ്യോതിയും ലിഡിയയും അകത്തേയ്ക്ക് പോയപ്പോൾ വികാസ് രോഹിതിനെ നോക്കി.
“പറ. എന്താണ് സന്ദര്‍ശനോദ്ദേശം.”
“നാളെ ഒരു യാത്രയുണ്ട്. ലിഡിയയും വരുന്നു. മോളെ കൊണ്ടായാൽ പറ്റില്ല. വരും വരെ അവളെ ഒന്ന് ഇവിടെ നിര്‍ത്തണം. അത്രേയുള്ളൂ.”
“അത് സാരമില്ല. ജ്യോതി ഫ്രീയല്ലേ. ബിന്ദ്യ ഇവിടെ നിന്നോളും. അവര് ഭയങ്കര കൂട്ടല്ലേ. നിങ്ങൾ പോയിട്ടു പോരേ.. പിന്നെ എന്തായി നിന്‍റെ കാര്യങ്ങള്‍..അടുത്തെങ്ങും കരയ്ക്കടുക്കുമോ..?”
രോഹിത് പൊടുന്നനെ നിശബ്ദനായി.
“ഓഹരികൾ മറിയുന്നില്ല. മൊത്തം ലോണാണല്ലോ. മാര്‍ക്കറ്റ് വളരെ മോശം.”
“ഇനി എന്തുചെയ്യും..?
“ജസ്റ്റ് വെയിറ്റ് ആന്‍ഡ് സീ..”

ജ്യോതി വിളമ്പിയ ഊണ് കഴിച്ച്, ഉറങ്ങിക്കിടക്കുന്ന ബിന്ദ്യയുടെ കവിളിൽ ഉണര്‍ത്താതെ പതിവുമ്മ കൊടുത്ത് ഇരുവരും പുറത്തിറങ്ങുമ്പോൾ വികാസ് ചോദിച്ചു:
“ഉണരുമ്പോൾ നിങ്ങളെ കണ്ടില്ലെങ്കിൽ കരഞ്ഞു ബഹളം വയ്ക്കുമോ കക്ഷി?”

ജ്യോതിയാണ് മറുപടി പറഞ്ഞത്. “നോ.. ഐ വിൽ മാനേജിറ്റ്”

വികാസ് അവളെ കളിയാക്കി: “അതിന് അമ്മമാര്‍ക്കല്ലേ പറ്റൂ..”

ജ്യോതി അയാളെ ഇരുത്തി ഒന്ന് നോക്കി.
അനപത്യദുഃഖിതന്‍റെ മുഖം താഴ്ന്നു.

തിരികെ ഫ്ലാറ്റിലേയ്ക്ക് കറോടിച്ചത് ലിഡിയയാണ്. രോഹിത് സീറ്റ് നിവര്‍ത്തിയിട്ട് കനത്ത മൌനത്തോടെ കണ്ണടച്ചുകിടന്നു.

അയാൾ പറഞ്ഞു: “കടം ഒരു തരം ക്യാന്‍സറാണ്. ചിലപ്പോൾ അതു താനേ വീടും. അല്ലെങ്കിൽ അത് നമ്മെ വിഴുങ്ങും. നിനക്കറിയാമോ… മേലാറ്റൊനിൻ എന്ന ഹോര്‍മോൺ ക്യാന്‍സറിനെ തടയും എന്നാണ് ശാസ്ത്രം. നമ്മുടെ പീനിയൽ ഗ്രന്ഥികളാണ് ഇവയുടെ ഉത്പാദകർ. അന്ധരായവരിൽ ഈ ഹോര്‍മോണിന്‍റെ അളവ് കൂടുതലായിരിക്കുമത്രേ… ഇരുട്ടിൽ ഈ ഗ്രന്ഥികൾ കൂടുതൽ പ്രവര്‍ത്തിക്കും. അതിനാൽ നമുക്ക് ഇരുട്ടിനെ ധ്യാനിക്കാം..”

ലിഡിയ തിരിച്ചടിച്ചു: “എന്നോര്‍ത്ത് കണ്ണടച്ച് ഇരുട്ടാക്കണോ…”

രോഹിത് സീറ്റ് നിവര്‍ത്തി എഴുന്നേറ്റിരുന്നു.

പരിഭവത്തോടെ ബിന്ദ്യ പാടാറുള്ള പിണക്കപ്പാട്ട് അയാൾ കള്ളത്തൊണ്ടയിൽ ചൊല്ലി.
“വര, വര ചോക്ക്
ചെമ്പരത്തി ചോക്ക്
എന്നെ തെറ്റ് പറഞ്ഞില്ലേ
ഇന്നും നാളേം കൂട്ടില്ല
എന്‍റെ വീട്ടില്‍വന്നാല്‍
മുള്ള് കുത്തിക്കേറും
സെറ്റ്-ഔ-ട്ട്.”

ഫ്ലാറ്റിലെത്തിയപ്പോൾ അവർ ആദ്യം ചെയ്തത് വലിച്ചുവാരി ഇട്ടിരുന്ന സാധനങ്ങൾ ഓരോന്നായി അടുക്കി വയ്ക്കുകയായിരുന്നു. നിരന്നുകിടന്ന പത്രങ്ങളും മാസികകളും ടീപ്പോയ്ക്ക് അടിയിലേയ്ക്ക് മാറ്റി. ബിന്ദ്യയുടെ പുസ്തകങ്ങളും വസ്ത്രങ്ങളും അലമാരിയിൽ അടുക്കിവച്ചു. അടുക്കളയിൽ പാത്രങ്ങൾ കഴുകി നിരത്തി. അലക്കാനുള്ള വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ നിന്നെടുത്ത് ഉണങ്ങാനിട്ടു. എഫ്.ബി.യിലെ ചില പോസ്റ്റുകൾ ലൈക്ക് ചെയ്തു. മേസേജുകള്‍ക്ക് മറുപടി അയച്ചു. കുളിച്ചു. വസ്ത്രം മാറ്റി. സെറ്റിയിൽ ലിഡിയയുടെ മടിയിൽ തല വച്ചുകിടക്കുമ്പോൾ രോഹിത് പറഞ്ഞു:
“പണ്ട്, മഴക്കാലത്ത് മൂലമ്പിള്ളിയിലെ ഞങ്ങളുടെ വീട്ടിൽ വെള്ളം കയറുമായിരുന്നു. പെരിയാർ കരകവിഞ്ഞ് മുറ്റം വരെ വരും. മീനും ആമയും പാമ്പും കയറിവരും. അങ്ങനെ പുഴയില്‍നിന്നും തലയിൽ പൂവുള്ള മീൻ മുറ്റം കയറി വന്നാൽ ഭാഗ്യമാണെന്നാ വിശ്വാസം. ഞങ്ങളുടെ മുന്‍തലമുറയിലാരോ  മഴയ്ക്കൊപ്പം കയറിവന്ന പൂവുള്ള മീനിനെ പിടിച്ചു കറിവച്ചു തിന്നു പോലും. അമ്മമ്മ പറഞ്ഞുകേട്ട കഥയാണ്. അതുകൊണ്ട് കടവും ദാരിദ്ര്യവും ഒഴിയില്ല. ശാപമാണ്. ആരോ ചെയ്തൊരു തെറ്റിന് ഞാൻ എന്തുപിഴച്ചു..?”

ലിഡിയ അയാളുടെ നെറ്റിയിൽ ഉമ്മ വച്ചു.
“സാരമില്ല. നമുക്കിനി ഇരുട്ടിനെ ധ്യാനിക്കാം..”

അനന്തരം അവർ മുകളിലേയ്ക്കുള്ള പടികള്‍കയറി. പതിനാറാം നിലയില്‍നിന്നുള്ള കാഴ്ചയിൽ,  ബിന്ദ്യ നിറം കൊടുക്കാൻ തുറന്നുവച്ച കളറിംഗ് ബുക്ക് പോലെ നഗരം തോന്നിച്ചു. അകലെ, ആകാശത്തിൽ തലയിൽ പൂവുള്ള മീനിന്‍റെ ആകൃതിയിൽ നക്ഷത്രങ്ങൾ തെളിഞ്ഞുകണ്ടു. അരികിൽ ആ പഴയ വേട്ടക്കാരൻ, ഓറിയോണ്‍.

ഒരു നിമിഷം അവർ പരസപരം നോക്കി. പിന്നെ, കൈകൾ കോര്‍ത്തുപിടിച്ചുകൊണ്ട് ഇരുട്ടിലേയ്ക്ക്, ശൂന്യതയിലേയ്ക്ക് ചുവടുകള്‍വച്ചു.

ത്രീ,
ടു,
വൺ

Comments

comments