ഒരു സമഭുജ ത്രികോണത്തിന്റെ മൂന്നു വക്കുകളും ഓരോ തുരുത്തുകളാണ്. ഓരോ തുരുത്തിലുമായി ഓരോ മനുഷ്യരുമുണ്ട്..ആ തുരുത്തിനിപ്പുറവും അപ്പുറവും ലോകമുണ്ട്. അവിടെയൊക്കെ ജീവിതവുമുണ്ട്.
പക്ഷേ, അവര്‍ !!
ഓരോ കാരണങ്ങളാല്‍ ആ വക്കുകളിl സ്വയം ബന്ധിക്കപ്പെട്ട മൂന്ന്‍ പേർ !!!
ഫിലിപ്പ്
ഞാന്‍ – ഫിലിപ്പ് അസ്തെനോസ്
വയസ്സ്- 56
തൊഴില്‍ – കരാർ തൊഴിലാളി
ഞാന്‍ വീട്ടിലെത്തിയിട്ട് ഒന്നാം മണിക്കൂർ പിന്നിടുന്നു.
“നിനക്ക് കുരുമുളക് ചതച്ചിട്ട കടും കാപ്പി എടുക്കട്ടെ ?” മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറപ്പെട്ട് പോയവന്റെ ജാള്യതയും അന്ധാളിപ്പും ആ ഒരൊറ്റ ചോദ്യം കൊണ്ട് അപ്പൻ എന്നില്‍ നിന്നും പറിച്ചെറിഞ്ഞു. സത്യമായും എനിക്കൊരു കടും കാപ്പിയുടെ ആവശ്യമുണ്ട്. കൈകാലുകള്‍ ആകെ മരവിച്ചിരിക്കുന്നു.
കുറച്ചു മുന്‍പ്, ഇരുട്ടിന്റെ മറപറ്റി വീട്ടിലേക്ക് നീളുന്ന ഇടവഴിയിലേക്ക് ഞാന്‍ നടന്നു കയറിയപ്പോള്‍ ഒരു ചോദ്യം എന്നെ വല്ലാതെയങ്ങ് കുഴക്കിയിരുന്നു. “എന്റെ വീടും അപ്പനും ഇപ്പോഴും അവിടെ തന്നെ ഉണ്ടാകുമോ?”
സാധാരണ ഇങ്ങോട്ട് പുറപ്പെടാനുള്ള ആഗ്രഹം ഉള്ളില്‍ നുരഞ്ഞു പോന്തുമ്പോൾ ഞാൻ മനസ്സിനെ പറഞ്ഞു മനസിലാക്കും. പക്ഷെ, ഇത്തവണ എന്റെ ഹൃദയം എന്നെ അനുസരിച്ചില്ല.
വഴികള്‍ പലതും മാറിയിരിക്കുന്നു. പണ്ടെല്ലാം വീടുകള്‍ തമ്മിൽ ഒരുപാട് അകലമുണ്ടായിരുന്നു. തിമോത്തിയുടെ വീട് കഴിഞ്ഞ് ഏകദേശം ഒരറന്നൂറു മീറ്റര്‍ നടന്ന് ഇടതു വശത്തുള്ള ഇടവഴിയിലൂടെ ചെല്ലണം എന്റെ വീട്ടിലേക്ക്. ഇതിപ്പോ അങ്ങനെ വല്ലതുമാണോ ? തിമോത്തിയുടെ വീട് തന്നെ ഞാൻ മനസിലാക്കിയത് അവന്റെ വീടിനു മുന്‍പിലുള്ള നീല പൂക്കൾ വിരിയുന്ന മരത്തില്‍ നിന്നാണ്. ഞാന്‍ നാട് വിട്ടു പോകുന്ന സമയത്ത് അത് അത്ര വളര്‍ന്നിരുന്നില്ല.ഒരു ഇടത്തരം മരം. ആ നീലപൂക്കൾ !!! അവയുടെ ഭാരം കാരണം കൊച്ചു ചില്ലകള്‍ ഒടിഞ്ഞു വീഴുമോ എന്ന് അവന്റെ അമ്മ ആശങ്കപ്പെട്ടിരുന്നു. ഇന്നും അതേ ഗന്ധമാണ് തിമോത്തിയുടെ വീടെത്തി എന്ന്‍ ഇന്ന് എനിക്ക് പറഞ്ഞു തന്നത്. ഇപ്പോള്‍ ഞാന്‍ നടന്നു കയറിയ ഇടവഴിക്കും ആ വീടിനുമിടയില്‍ ഒരുപാട് വീടുകള്‍ !!! അവയെല്ലാം സാമാന്യം ഭംഗി ഉള്ളവയാണെന്ന് ചെറിയ വെളിച്ചത്തില്‍ ഞാൻ മനസിലാക്കി.
കാലുകള്‍ നിലത്തുരയുമ്പോൾ ഒരു തരം പരുപരുപ്പ്. ആ കറുത്ത മണ്ണുവഴികള്‍ക്കും മാറ്റം!!! ഗ്രാമത്തിലെ പ്രധാന പാത വരെ ചെറിയ വഴിവിളക്കുകള്‍ പ്രകാശിക്കുന്നു. ഞാന്‍ ആ മാറ്റങ്ങള്‍ സന്തോഷത്തോടെ നോക്കി കാണാന്‍ ആഗ്രഹിച്ചു.
എന്നാല്‍ ഭയം!!! അതെന്റെ നടത്തത്തിന്റെ വേഗത കൂട്ടി.
ഗ്രാമം മുഴുവനും പാതിരാകുര്‍ബാനക്ക് പോകുമ്പോൾ അപ്പൻ ഉണര്‍ന്നിരുന്ന്‍ വിലകുറഞ്ഞ വോഡ്കയില്‍ മുളക് കീറിയിട്ട് കഴിക്കാറുള്ള പതിവ് ഞാനോര്‍ത്തു . ആളുകള്‍ പ്രാര്‍ഥനയിൽ മുഴുകിയിരിക്കുന്ന ഈ പാതിരാവ് തന്നെ വേണമായിരുന്നു എനിക്ക് ഇങ്ങോട്ട് വരുവാൻ.
വീടെത്തിയിരിക്കുന്നു !!
ചെറിയൊരു ബള്‍ബ് പ്രകാശിക്കുന്നുണ്ട്.
വോഡ്കയ്ക്ക് പകരം കാപ്പിയാണ് ഞാന്‍ ചെല്ലുമ്പോൾ അപ്പൻ കുടിച്ചിരുന്നത്. അപ്പന്‍റെ ശരീരം ഒന്ന്‍ ചുളുങ്ങി ഒതുങ്ങിയിരിക്കുന്നു. ആരോഗ്യത്തിനു വലിയ കുഴപ്പമില്ലെന്ന് തോന്നുന്നു.. ഈ വീട്ടില്‍ അന്നും ഇന്നും എനിക്ക് അപ്പൻ മാത്രമേ ഉള്ളൂ..
“നീ വരുന്നത് ആരും കണ്ടില്ലല്ലോ അല്ലേ?”
അപ്പന്‍റെ ചോദ്യം എന്റെ ചിന്തകളെ മുറിച്ചു.
ഞാന്‍ പറഞ്ഞു “എനിക്ക് വിശക്കുന്നു”
അപ്പന്‍ ചാക്കിൽ നിന്ന് രണ്ട് മുഴുത്ത ഉരുളക്കിഴങ്ങുകളെടുത്ത് പുഴുങ്ങുവാനിട്ടു.
ചുവന്ന ഉരുളക്കിഴങ്ങുകള്‍ !!
അവ ഞങ്ങളുടെ ഗ്രാമത്തില്‍ കൃഷി ചെയ്തു കയറ്റിയയക്കപ്പെടുന്നവയാണ്. ഉണങ്ങിയ ചെടികള്‍ക്കടിയിൽ നിന്നും മാന്തിയെടുക്കപ്പെടുന്ന ഉരുളക്കിഴങ്ങുകൾ
എന്റെ അപ്പൻ ഇവ കര്‍ഷകരിൽ നിന്ന് ശേഖരിച്ച് വന്‍കിട കമ്പനികള്‍ക്ക് കൈമാറുന്ന ഇടനിലക്കാരനാണ്. ഞാന്‍ യാത്ര ചെയ്ത നഗരങ്ങളിലെ കടകളിൽ പലയിടത്തും ഇത്തരം ചുവന്ന ഉരുളക്കിഴങ്ങുകള്‍ കണ്ടിട്ടുണ്ട്.. മനസ്സ് കൈവിട്ടു പോകും മുന്‍പേ ഞാൻ തവിട്ട് നിറമുള്ള ഉരുളക്കിഴങ്ങുകൾ വാങ്ങി കടയിൽ നിന്നിറങ്ങും. എനിക്കറിയാം അവ എന്റെ ഗ്രാമത്തില്‍ നിന്നുള്ളവയാണെന്ന്, ലോകത്ത് പലയിടത്തും ചെറിയ ചുവന്ന ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്യുന്നുണ്ട്, പക്ഷെ കടും മെറൂണ്‍ നിറമുള്ള മുഴുത്തു നീണ്ട ഉരുളക്കിഴങ്ങുകൾ ഇവിടെ മാത്രമേയുള്ളൂ. ചിലപ്പോൾ മറ്റെവിടെയെങ്കിലും ഉണ്ടായിരിക്കാം. എന്നാലും എന്റെ അറിവിലില്ല.
ഈ ഉരുളക്കിഴങ്ങുകള്‍ നടുന്നതും, അവയുടെ സംരക്ഷണവും, വിളവെടുപ്പും പിന്നെ ഇടനിലക്കാര്‍ വഴി തുച്ഛമായ വിലയ്ക്ക് കമ്പനികൾക്ക് വില്‍ക്കുന്നതുമായിരുന്നു ഇവിടുത്തുകാരുടെ ജീവിതം.. ശുചിത്വ ക്ലാസുകളും, സന്താന നിയന്ത്രണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണങ്ങൾ നടത്തുവാനായി ഇടക്കിടെ ഞങ്ങളുടെ ഗ്രാമത്തില്‍ ചിലർ വരാറുണ്ട്. ഒന്നോ രണ്ടോ ആഴ്ച നീണ്ട് നില്‍ക്കുന്ന ക്ലാസുകൾ കഴിഞ്ഞാൽ കുറച്ചു ഉടുപ്പും, ധാന്യങ്ങളും, പാല്‍പ്പൊടിയും സമ്മാനിച്ചു കൊണ്ട് അവര്‍ യാത്രയാകും. പാല്‍പ്പൊടി കഴിയുന്നത് വരെ ഞങ്ങൾ അവരെ ഓര്‍ക്കും. പിന്നീട് വീണ്ടും ഞങ്ങള്‍ ഉരുളക്കിഴങ്ങു ചെടികളുടെ ചുവട്ടിലേക്കോടും.
അത്തരത്തിലൊരിക്കല്‍ ഗ്രാമം സന്ദര്‍ശിച്ച വെളുത്തു തടിച്ച ഒരു സ്ത്രീയാണ് ദൂരെ ഒരിടത്തുള്ള രാത്രികളില്ലാത്ത നഗരത്തെ കുറിച്ചെന്നോട് പറഞ്ഞത്.
അന്നേരം ഞാനവരുടെ കയ്യിലെ മാസിക വാങ്ങി വാക്കുകള്‍ കൂട്ടി വായിക്കുവാൻ ശ്രമിക്കുകയായിരുന്നു .
ഞാന്‍ വളരെ കുറച്ചു ക്ലാസു വരെയേ പഠിച്ചിട്ടുള്ളൂ. തുടര്‍ പഠനത്തിനായി അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന്‍ കിടക്കുന്ന ചെറു പട്ടണത്തിൽ പോകണം. അങ്ങോട്ടുള്ള ദൂരവും പണച്ചെലവും കണക്കിലെടുക്കുമ്പോള്‍ ഉരുള ക്കിഴങ്ങ് കൃഷിയാണ് ലാഭകരം എന്ന്‍ ഒട്ടുമിക്ക ആളുകളും വിശ്വസിച്ചു പോന്നത് ഞാനായിട്ട് തിരുത്താന്‍ ശ്രമിച്ചില്ല.
ഞാന്‍ പ്രധാന ഖണ്ഡികയുടെ ആദ്യ വാക്ക് വായിക്കാന്‍ ശ്രമിച്ചു.
“Development” ഞാന്‍ അക്ഷരങ്ങൾ പെറുക്കിക്കൂട്ടി, പക്ഷെ അത് കൂട്ടിവായിക്കുമ്പോൾ എന്തോ ഒരു ശരികേടുണ്ടെന്ന് മനസ്സ് പറഞ്ഞത് കൊണ്ട് പാതി വഴിയില്‍ എന്റെ ശ്രമം നിര്‍ത്തി. അതിനോട് ചേർന്ന് കൊടുത്തിരുന്ന ചിത്രത്തിലെ ഒരു ഏണിപ്പടിയും അതിൽ കയറി പറ്റുന്ന മനുഷ്യരേയും ഞാന്‍ സൂക്ഷിച്ച് നോക്കി. ഇനി ഒരുപക്ഷേ ഏണിപ്പടിയില്‍ നിന്നും വീണു സംഭവിക്കാവുന്ന അപകടത്തെ സൂചിപ്പിക്കുന്ന വാക്കാണോ അത്..
“ഈ വാക്കെന്താണ്?” ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു.
“ഡവലപ്മെന്‍റ്. പുരോഗതി, ഉയര്‍ച്ച, ഉന്നമനം ഇവയെല്ലാം അര്‍ത്ഥമാക്കുന്ന ഒരു വാക്കാണിത്”
ഞാന്‍ ആ വാക്ക് ഒന്നു ഉച്ചരിച്ച് നോക്കി
എനിക്കവരുടെ ഉത്തരം ശരിക്കുമങ്ങോട്ട് മനസിലായില്ല.
“ഏണിപ്പടിയില്‍ ആളുകൾ കയറിയാൽ എത്തുന്ന ഉയരമാണോ ഡവലപ്മെന്‍റ്?”
അവര്‍ മണ്ണിൽ ഒരു ഏണി വരച്ചു .ഒട്ടും ഭംഗിയില്ലാത്ത ഏണി.
താഴെ ഒരുപാട് കൊച്ച് ത്രികോണങ്ങളും.
“നോക്കൂ, ഈ ത്രികോണങ്ങൾ ഇവിടുത്തെ ഗ്രാമവാസികളാണ്. ഏണിപ്പടി വിദ്യാഭ്യാസവും.”
ഏണി കയറി ചെല്ലുന്നിടത്ത് അവര്‍ കുറേയേറെ നക്ഷത്രങ്ങൾ വരച്ചു.
“വിദ്യാഭ്യാസം ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നു.”
എനിക്ക് തമാശ തോന്നി.
“അതിനിവിടെ ചെറിയൊരു പാഠശാല മാത്രമേ ഉള്ളൂ. ഗ്രാമത്തിന് വെളിയിലെ വിദ്യാഭ്യാസം ഒരു സ്വപനമാണ്”
അവരുടെ കണ്ണുകള്‍ എനിക്ക് സ്വപ്നം കാണാൻ ആവശ്യപ്പെടുന്നതായി തോന്നി.
“ഫിലിപ്പ്, നിന്നെപ്പോലുള്ള ചെറുപ്പക്കാർ ഈ ഗ്രാമം വിട്ട് ഞാൻ പറഞ്ഞ വൻനഗരത്തിലെത്തണം. ആ നഗരം ആരേയും ഇന്നേ വരെ നിരാശരാക്കിയിട്ടില്ല.അവിടുത്തെ അദ്ധ്വാനം നിങ്ങളെ ധനിരാക്കും. തിരിച്ചു വന്ന് നിങ്ങള്‍ ഈ ഗ്രാമത്തിന്റെ പോരായ്മകളെ പരിഹരിക്കണം”
എനിക്കൊന്നും മനസിലായില്ല.
പക്ഷേ ഒന്നു മാത്രം മനസിലേക്ക് തറച്ചു കയറി. ഗ്രാമം രക്ഷപ്പെടണമെങ്കില്‍ വിദ്യാഭ്യാസം വേണം. അതിനായി നഗരത്തില്‍ പോയി അതിവേഗം പണം സമ്പാദിക്കണം.
അന്ന് രാത്രി മുഴുവന്‍ ഞാൻ ഞങ്ങളുടെ ഗ്രാമത്തിൽ ഇല്ലാത്ത പ്രധാന സംഗതികളെ കുറിച്ച് ആലോചിച്ചു. സ്കൂള്‍, ആശുപത്രി, നല്ല മേല്‍ക്കൂരകൾ, കമ്പനിക്കാരുടെ ആഫീസിലുള്ള തരം കക്കൂസുകള്‍, വാഹനങ്ങള്‍.. അങ്ങനെ എന്തൊക്കെയോ. കണക്കെടുപ്പിനിടയില്‍ എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി.
പിറ്റേന്ന് ആ സ്ത്രീയെയും കൂട്ടുകാരെയും ഗ്രാമത്തിലെ പടിഞ്ഞാറു വശത്തുള്ള ചോല വനങ്ങള്‍ കാണിക്കുവാന്‍ കൊണ്ട് പോയി.
അവരുടെ കൂട്ടുകാരൻ എന്നോട് പറഞ്ഞു.
“ഫിലിപ്പ്, നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ വിദ്യാഭ്യാസം നേടിയാൽ ഈ ഗ്രാമത്തിൽ തന്നെ നിങ്ങള്‍ക്കൊ അടുത്ത തലമുറക്കോ വ്യവസായങ്ങൾ തുടങ്ങാം. കൃഷിയെ മാത്രം ആശ്രയിക്കുന്ന രീതി എല്ലാ കാലവും നിലനില്‍ക്കുന്ന ഏര്‍പ്പാടൊന്നുമല്ല. മറ്റു പട്ടണങ്ങളില്‍ നിന്നും കമ്പനികളെ വ്യവസായം ചെയ്യുവാന്‍ നിങ്ങള്‍ക്ക് ഇങ്ങോട്ട് ക്ഷണിക്കുകയും ചെയ്യാം. ഞാന്‍ ഈ പറഞ്ഞതിനോട് എന്റെ കൂട്ടുകാര്‍ വിയോജിക്കുന്നു. പക്ഷേ ഇനിയുള്ള കാലങ്ങളില്‍ വ്യവസായങ്ങള്‍ക്കെ നിലനില്‍പ്പുള്ളൂ എന്ന സത്യം നീ മനസിലാക്കണം.”
പിന്നീടുള്ള ഒരാഴ്ച്ച കാലം അവർ എന്നോട് സംസാരിച്ചത് മുഴുവൻ ആ മഹാനഗരത്തെയും അവിടുത്തെ അനന്ത സാധ്യതകളെകുറിച്ചുമായിരുന്നു.
കിട്ടാനുള്ള പൈസ കണക്ക് പറഞ്ഞു ചോദിച്ചതിന് അപ്പനെ പുലഭ്യം പറയുന്നത് പതിവാക്കിയ കമ്പനി പ്രതിനിധിയെ തന്നെ തിരിച്ചുവന്നതിന് ശേഷം ഏറ്റവുമാദ്യം ഇവിടെനിന്നും ഓടിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു .
ആദ്യം പാഠശാല, പിന്നെ ആശുപത്രി.. പാടങ്ങള്‍ ചുരുങ്ങി വ്യവസായശാലകൾ.. ഞാന്‍ ഒരു കമ്പെടുത്ത് എന്റെ സ്വപ്നങ്ങൾ മണ്ണിൽ അവ്യക്തമായി വരഞ്ഞു.
അന്ന്‍ വൈകീട്ട് ഈ സംഭവങ്ങളത്രയും തന്നെ ഞാനെന്റെ ഒരേയൊരു കൂട്ടുകാരനായ ആബേലിനോട് പങ്ക് വച്ചു.
അപ്പന്‍
ഞാന്‍ – അസ്തനോസ് ഗബ്രിയേൽ അഥവാ ഫിലിപ്പിന്റെ അപ്പൻ.
വയസ്സ്- കൃത്യമായി അറിയില്ല. ഏകദേശം 75.
തൊഴില്‍ – വഴിയേ പറയാം.
ഈ ഗ്രാമത്തിലെ ആളുകളെല്ലാം തന്നെ വിഡ്ഢികളാണെന്നായിരുന്നു എന്റെ വിചാരം. ലാഭത്തിലായിരുന്നു കമ്പനികളുമായുള്ള എന്റെ ഇടനില ഇടപാടുകൾ. അത് കാലാകാലത്തോളം തുടരണമെന്നായിരുന്നു ആഗ്രഹം. എനിക്ക് കൃഷിയില്‍ അശേഷം താല്‍പര്യമുണ്ടായിരുന്നില്ല. ആ ഇടനിലക്കാരന്റെ വേഷത്തില്‍ ഞാൻ ഏറേ സംതൃപ്തനായിരുന്നു.
ഒരു ഖനി പോലെയാണീ ഗ്രാമം. മണ്ണിന്റെ പശിമ കൊണ്ടോ ലവണങ്ങളുടെ പ്രത്യേകത കൊണ്ടോ മറ്റോ ആണത്രേ ഇത്തരം ഉരുളക്കിഴങ്ങുകൾ ഇവിടങ്ങളിൽ മാത്രം കൃഷി ചെയ്യുന്നത്. ഒരിക്കല്‍ അത്താഴസമയത്ത് ഫിലിപ്പ് ഈ ഗ്രാമത്തിൽ വിദ്യാഭ്യാസം കൊണ്ട് വന്നേക്കാവുന്ന മാറ്റങ്ങളെ കുറിച്ച് എന്നോട് സംസാരിക്കയുണ്ടായി.
ആഹാരത്തില്‍ മുളക് നന്നേ കൂടുതലാണെന്ന എന്റെ മറുപടിക്ക് നേരെ അവൻ ഒരു ചോദ്യമെറിഞ്ഞു.
“ഞാന്‍ നാട് വിട്ട് പോയാൽ അപ്പൻ സങ്കടപ്പെടുമോ?”
ഞാന്‍ അവനോട് അവൻ പോകാനുദ്ദേശിക്കുന്ന നഗരത്തെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു. അവിടെ ചെന്നാല്‍ ഒരു വ്യാപാരം തുടങ്ങുമെന്നും. അത് ലാഭത്തില്‍ കലാശിക്കുമെന്നും അവൻ എനിക്ക് ഉറപ്പ് നല്‍കി. ആ നഗരം സമ്പന്നരെ സൃഷ്ടിക്കുമത്രേ.
ധനം സമ്പാദിച്ച് തിരിച്ചു ഗ്രാമത്തിലെത്തി ഇവിടെ നടത്തുന്ന വിപ്ലവകരമായ മാറ്റത്തെ കുറിച്ച് അവനെന്നോട് ആവേശത്തോടെ സംസാരിക്കാൻ തുടങ്ങി.
ധനം !പണം !!
ആ വാക്കുകള്‍ മാത്രമേ എന്റെ മനസ്സിനെ സ്പര്‍ശിച്ചുള്ളൂ. ഞാനുള്‍പ്പെട്ട സമൂഹത്തിൽ മാന്യതയും ജനസമ്മതിയും, മേധാവിത്തവും ആര്‍ക്കാണ് കല്‍പ്പിച്ച് കൊടുത്തിട്ടുള്ളത്? ആര്‍ക്കാണ് ജനം വഴങ്ങി കൊടുക്കുന്നത്?
ആരോടാണ് ജനത്തിന് ആരാധനയും വിധേയത്തവുമുള്ളത് ?
പണക്കാരോട് മാത്രം .
ഒരുപക്ഷേ ഞാനിത് പറഞ്ഞാല്‍ ഫിലിപ്പ് അംഗീകരിച്ചെന്ന് വരില്ല. അവന്റെ മനസ്സില്‍ ജനങ്ങള്‍ വിദ്യാഭ്യാസം ആര്‍ജിച്ചു കഴിഞ്ഞാൽ വരുന്ന മാറ്റങ്ങൾ മാത്രമാണുള്ളത്.
ജനങ്ങളുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ !!
ആരാണ് ഈ ചെറുക്കനോട് ഇത്രയും മണ്ടത്തരങ്ങള്‍ പറഞ്ഞത്. ഗ്രാമത്തില്‍ ഒളിച്ചു പാര്‍ക്കാൻ വരുന്ന വിപ്ലവക്കാരില്‍ ആരെങ്കിലുമാണോ? പുറം രാജ്യത്ത് പോയി കാശുണ്ടാക്കുന്നത് നല്ലത് തന്നെ. പക്ഷേ ആ ഒഴുക്കിയ വിയര്‍പ്പ് മുഴുവൻ ഈ ഗ്രാമത്തിലെ കഴുതകള്‍ക്ക് വേണ്ടി ഉപയോഗിക്കണം എന്ന്‍ കരുതുന്നത് വിഡ്ഢിത്തം തന്നെ. ഒരു പക്ഷേ അവന്‍ മൂഢ സ്വര്‍ഗ്ഗത്തിലായിരിക്കും. ഈ വിപ്ലവകാരികള്‍!! അവര്‍ ഭയങ്കരന്‍മാരാണ്. അവരുടെ ചില ശരികള്‍ കേട്ടാൽ നാം അത്ഭുതപ്പെട്ട് പോകും. അശരണര്‍ക്കും, ആലംബഹീനര്‍ക്കും വേണ്ടിയാണ് ദൈവം നില കൊള്ളുന്നത്. മനുഷ്യര്‍ അവനവനു വേണ്ടി നിലനില്‍ക്കണമെന്നതാണ് എന്റെയൊരു തത്വം.
അന്നേരം ഞാനൊരു സ്വപ്നം കാണുവാൻ തുടങ്ങി.
ഫിലിപ്പ് ഒരു ധനിക വ്യാപാരിയായി തിരിച്ചെത്തുകയും അനന്തരം ഉരുളക്കിഴങ്ങുകള്‍ വാങ്ങുന്ന വിദേശ കമ്പനികളെ ആട്ടിപ്പയച്ച് ഞാന്‍ സ്വയം ആ വ്യവഹാരം ഏറ്റെടുക്കുന്ന സ്വപ്നം. ലാഭമുള്ള ഏര്‍പ്പാടായത് കൊണ്ടാണല്ലോ അങ്ങ് വടക്ക് നിന്നു വരെയുള്ള കമ്പനികൾ ചെറിയ കണക്കു ശാലകള്‍ ഞങ്ങളുടെ ഗ്രാമത്തിനോട് ചേര്‍ന്നുള്ള കൊച്ചു പട്ടണത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ഒരു ഇടനിലക്കാരനില്‍ നിന്നും കമ്പനിയുടമയിലേക്കുള്ള വളര്‍ച്ച. ഞാന്‍ ആ സ്വപ്ന ലഹരിയിൽ ഫിലിപ്പിനുള്ള അനുമതി നല്‍കി.
അവന്‍ പറയുന്നതു പോലെ ഇവിടുത്തുകാർ വ്യവസായ മേഖലയിലേക്ക് നീങ്ങുന്നതിനോടോ, ഇവിടെ പുരോഗതി വരുന്നതിനോടോ എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. എല്ലാ കാലത്തും ഈ ഗ്രാമം ഇങ്ങനെ തന്നെയായിരിക്കണം. പ്രസവ ശേഷം ഭാര്യ മരിച്ചപ്പോള്‍ കൂടി ഇവിടെയൊരു ആശുപത്രിയുടെ ആവശ്യകതയെ കുറിച്ചു ഞാൻ ചിന്തിച്ചിരുന്നില്ല. എല്ലാം വിധിയാണ്. അതിനെ തടുക്കുവാന്‍ ആശുപത്രിക്കോ വിദ്യാഭ്യാസത്തിനോ സാധിക്കില്ലല്ലോ.
അധികാരത്തിന് ഇളം വയലറ്റ് നിറമുള്ള ഏരി മുളകും വോഡ്കയും ഒരുമിച്ചു കഴിക്കുന്ന സുഖമാണ്. നാവിലേ എരിവ് കൂടുന്തോറും മദ്യം തീര്‍ന്നു കൊണ്ടിരിക്കും.
ഒരിക്കലും മടുപ്പ് തോന്നാത്ത എരിവും ലഹരിയും !!!
പക്ഷേ ഇതൊക്കെ ഇപ്പോള്‍ ഫിലിപ്പിനോട് പറഞ്ഞാൽ അവൻ യാത്ര തന്നെ വേണ്ടെന്ന്‍ വയ്ക്കും. അവന്‍ തിരിച്ചു വരട്ടെ. ആപ്പോള്‍ ഈ അപ്പൻ തീരുമാനിക്കും എന്ത് ചെയ്യണം എന്ന്. പക്ഷെ, അന്നേ ദിവസം മുതൽ ഞാൻ എന്റെ ജോലിയിൽ അസംതൃപ്തനായി.
ഇതിനിടയില്‍ ഞാൻ അവനോട് ചോദിക്കാൻ വിട്ടുപോയൊരു ഒരു കാര്യമുണ്ട്. കച്ചവടത്തിനുള്ള പണം എപ്രകാരം സ്വരൂപിക്കും എന്നതിനെ പറ്റി!!
വൈകാതെ അതിനുള്ള ഉത്തരവും എനിക്ക് ലഭിക്കയുണ്ടായി.
വ്യാപാരത്തിനുള്ള സംഖ്യ കണ്ടെത്തുവാനായി എന്റെ മകൻ അതിര്‍ത്തിയിലുള്ള പട്ടണത്തിലെ എതോ ചെറു സംഘവുമായി ചേര്‍ന്ന് മയക്കുമരുന്നു കടത്തില്‍ ഏര്‍പ്പെട്ടിരുന്നുവത്രേ.. അവന്‍ നാട് വിട്ടു പോയതിന് ശേഷം ഒരു രണ്ട് മാസം കഴിഞ്ഞപ്പോള്‍ അവനെ തിരക്കി പോലീസ് വീട്ടില്‍ എത്തി. അവരാണ് അതെന്നോട് പറഞ്ഞത്. എനിക്കതിൽ പറയത്തക്ക വിഷമമൊന്നും തോന്നിയില്ല. ഇത്തരം സാഹസിക പ്രവര്‍ത്തനങ്ങൾ നടത്താതെ ലക്ഷ്യം കാണുകയില്ലലോ. അവന്‍ ഒരു പണക്കാരനായി മടങ്ങി വരുമ്പോള്‍ തേച്ചു മായ്ച്ചു കളയാവുന്ന കുറ്റം മാത്രം. പക്ഷെ അവന്റെ വാക്കുകളിലെ ലാഘവം എനിക്ക് ഹൃദയാഘാതത്തിനു തുല്യമായ നടുക്കമാണു നല്‍കിയത്. പോലീസിനെ വെട്ടിച്ചു കടക്കുന്നതിനിടെ അവന്റെ കയ്യിലെ തോക്കില്‍ നിന്നും വെടിയുതിര്‍ന്ന്‍ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടുവത്രേ. ഫിലിപ്പിന്റെ കൂട്ടാളികളില്‍ പലരും പിടിയിലായി കഴിഞ്ഞിരിക്കുന്നു.
മയക്കുമരുന്ന് കടത്ത്, ആയുധം കൈവശംവയ്ക്കൽ, കൊലപാതകം !
പിടിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരികയോ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയോ ചെയ്യാം.
അങ്ങനെ പോലീസുകാര്‍ കാലങ്ങളായി മൂന്ന് ചോദ്യങ്ങളുമായി ഈ വീട്ടിൽ കയറിയിറങ്ങുന്നു.
ചോദ്യം ഒന്ന്: നിങ്ങള്‍ ഫിലിപ്പിന്റെ പിതാവാണോ?
ചോദ്യം രണ്ട്: ഫിലിപ്പ് നാട് വിട്ടുപോയിട്ടിപ്പോ എത്ര കൊല്ലമായി?
ചോദ്യം മൂന്ന്: അയാള്‍ നിങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധം പുലര്‍ത്താറുണ്ടോ?
ഫിലിപ്പ് എന്നെ രഹസ്യമായി കാണുന്നതിനെ പറ്റി ആദ്യകാലങ്ങളില്‍ ന്യായമായ സംശയമുണ്ടായിരുന്നു, എന്നാലിപ്പോള്‍ അവർ ചോദ്യങ്ങൾ ചോദിച്ചതിനു ശേഷം നീളൻ കസേരയിലിരുന്ന് കാപ്പി കുടിച്ചിട്ട് പോകും. ഇപ്പോൾ അവര്‍ക്കും എനിക്കും ഇതൊരു പതിവായി തീർന്നിരിക്കുന്നു. കഴിഞ്ഞമാസം വന്ന പോലീസുകാരൻ കുറച്ചു മുള്ളങ്കി വിത്തുകൾ ഇവിടെ നിന്നും കൊണ്ട് പോയി.
എങ്കിലും ഇപ്പോഴും ഫിലിപ്പ് ഒരു പിടികിട്ടാപുള്ളി തന്നെയാണ്. അത്തരക്കാരെ കണ്ട് പിടിക്കുവാനായി പോലീസിൽ ഒരു വിഭാഗം തന്നെയുണ്ടത്രേ.
വര്‍ഷങ്ങള്‍ക്ക് ശേഷം ഫിലിപ്പ് സമ്പന്നനായി ഏതെങ്കിലും രൂപത്തിൽ മടങ്ങി വരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ആ നഗരത്തില്‍ എവിടെയോ ഒരു വ്യവസായിയായി അവനുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. കാലം ചെല്ലുന്തോറും സാധ്യത ചുരുങ്ങി വരുന്ന പ്രതീക്ഷകള്‍ !!!
പൊടുന്നനെ ഇന്ന് ഫിലിപ്പ് വന്നപ്പോള്‍ അവന്റെ വരവിൽ ആശ്ചര്യമോ, അവന്‍റെ പഴകിയ വേഷവും, ക്ഷീണിച്ച മുഖം കണ്ട് സങ്കടമോ, അവന്റെ നഗ്നമായ പാദങ്ങള്‍ കണ്ട് നിരാശയോ, എന്റെ മുഖത്ത് നിഴലിക്കാഞ്ഞതില്‍ ഞാൻ എന്റെ പ്രായത്തോട് നന്ദി പറയുന്നു. അല്ലെങ്കിലും വാര്‍ദ്ധക്യം ചില യാഥാർത്ഥ്യങ്ങളെ നിസ്സംഗതയോടെ നേരിടുവാന്‍ സഹായിക്കും.
ഫിലിപ്പിന് വിശക്കുന്നു.
ഞാന്‍ പുഴുങ്ങിയ ഉരുളക്കിഴങ്ങുകൾ ചൂടോടെ കാലത്തില്‍ നിന്നുമെടുത്തു.
തൊലി നീക്കി ചെറിയൊരു മരത്തവി കൊണ്ട് അവ ഉടച്ചു.
ശേഷം കുറച്ചു ഉണങ്ങിയ മാങ്ങയുടെ പൊടി വിതറി. എരിവുള്ള മുളകുകള്‍ അരിഞ്ഞു പാത്രത്തിന്റെ വശങ്ങളില്‍ വച്ചു കൊണ്ട് അവനു നല്‍കി.
മറ്റൊരു പാത്രത്തില്‍ സവാള കാനം കുറച്ചരിഞ്ഞ് തക്കാളി നീരോഴിച്ചു.
ഫിലിപ്പ് ഒരല്‍പം ഉരുളക്കിഴങ്ങെടുത്ത് മുളകും സവാളയും ചേര്‍ത്തു വച്ച് കടിച്ചു.
എനിക്കന്നേരം അവനെകണ്ട് സങ്കടം തോന്നി.
അവനെക്കുറിച്ച് ഒന്നും ചോദിക്കേണ്ടതില്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി
എന്നിരുന്നാലും ഈ ഗ്രാമത്തിന്റെ മാറ്റങ്ങളെ കുറിച്ച് അവന്‍ അറിയാതെ പോകരുത്.
“ഫിലിപ്പ്, നീ പോയതിനു പിറകെ ഒരു സംഘം ആളുകള്‍ ഇവിടെ വന്നു. അവരുടെ വരവ് ഒരാഘോഷം തന്നെയായിരുന്നു. ഗ്രാമത്തിലെ കുട്ടികള്‍ക്ക് നല്ല ഭക്ഷണം, വസ്ത്രങ്ങള്‍, ആണുങ്ങള്‍ക്ക് മുന്തിയ വീഞ്ഞുകൾ, സ്ത്രീകള്‍ക്കായി വൈകുന്നേരങ്ങളിൽ മൈതാനത്ത് പലതരം കളികള്‍..
ഇന്ന് ഈ ഗ്രാമത്തില്‍ എല്ലാമുണ്ട്. സ്കൂളുകള്‍, കച്ചവട സ്ഥാപനങ്ങള്‍, വൈദ്യുതി… അങ്ങനെയെല്ലാം. പക്ഷെ ഗ്രാമത്തിലെ കൃഷിയിടങ്ങൾ മിക്കതും അവര്‍ക്ക് സ്വന്തം”
“അപ്പോള്‍ നമ്മളുടെ ആളുകൾ?”
ഫിലിപ്പ് ഗ്രാമവാസികളെ കുറിച്ച് ആവലാതിപ്പെട്ടു.
അവന്റെ വ്യാകുലത കണ്ട് എനിക്ക് തമാശ തോന്നി.
“പുറമേ നിന്നുള്ള ആളുകളുടെ സംഘബലം കൂടിക്കൂടി വന്നു. അവര്‍ ഭൂമിയുള്ളവരുടെ കൈകളിൽ നിന്നും കൃഷിയിടങ്ങൾ തുച്ഛ വിലയ്ക്ക് കൈക്കലാക്കി. ഈ ഗ്രാമീണര്‍ ഒരുമിച്ചൊരു തുക കിട്ടും എന്നറിഞ്ഞപ്പോള്‍ ഭൂമി വിറ്റ് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറി”
“അപ്പാ, ഉരുളക്കിഴങ്ങുകള്‍..അവയുടെ കൃഷിയെ ഇത് ബാധിച്ചുവോ ??”
ഫിലിപ്പിന് വീണ്ടും ആകാംക്ഷ.
“അതിപ്പോഴുമുണ്ട്.ഇടനിലക്കാരെ ഒഴിവാക്കി കമ്പനികള്‍ക്ക് പുതിയ താമസക്കാർ കൃഷിയിടങ്ങള്‍ പാട്ടത്തിന് കൊടുത്തു. രണ്ട് കൂട്ടരും ലാഭക്കണക്കുകളില്‍ വിട്ടുവീഴ്ച്ച കാണിക്കാത്തതിനാല്‍ സാമാന്യം നല്ല രീതിയിൽ തന്നെ കൃഷി മുന്നോട്ട് പോകുന്നു”
എനിക്കെന്നേ കുറിച്ച് അവനോട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ അവൻ ചോദിച്ചില്ല. ഞാനോട്ട് പറഞ്ഞുമില്ല.
അവശേഷിച്ച സമ്പാദ്യം മുഴുവന്‍ എടുത്ത് രണ്ട് ലോറികൾ വാങ്ങി ഞാൻ കമ്പനിക്കാര്‍ക്ക് കരാറിനായി ഓടുവാന്‍ കൊടുത്തിരിക്കുന്നു, നഗരത്തില്‍ നിന്നും വളങ്ങൾ കൊണ്ടുവരുന്ന ലോറികളില്‍ രണ്ടെണ്ണം എന്‍റേതാണ്. പണ്ടേ ഭൂമി വാങ്ങി കൂട്ടാത്തതിൽ ഞാൻ അപ്പോഴാണ് ദുഃഖിതനായത്. എന്റെ ചെറിയ പുരയിടത്തില്‍ കുറച്ചു ഉരുളക്കിഴങ്ങുകളും, മുള്ളങ്കിയും, സാകില്‍ ഇലകളും കൃഷി ചെയ്യുന്നു.
എനിക്ക് കൂട്ട് പണ്ട് മുതല്‍ കൂടെയുണ്ടായിരുന്ന പണിക്കാരൻ മാത്രം. ഞങ്ങളിപ്പോള്‍ അവനെ ആബേലിന്റെ അടുക്കലേക്ക് അയച്ചിരിക്കുകയാണ്. പള്ളിയിലെ കുര്‍ബാനക്കിടയിൽ നിന്നും അവന്‍ ആബേലിനെ കൂട്ടി അവിടെ നിന്നും പുറപ്പെട്ട് കാണും.
ആബേല്‍
ഞാന്‍ – ആബേൽ മിയേറ്റിൻ
വയസ്സ് – 51
തൊഴില്‍ – കൃഷി
ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവൻ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് ഫിലിപ്പിനോട് ആദ്യമായി പറഞ്ഞത് ഞാനാണ്. അന്നേരം ഞങ്ങള്‍ പുഴുങ്ങിയ കടലയിൽ മുളകുപൊടി തൂവി കഴിക്കുകയായിരുന്നു. ഫിലിപ്പ് പറഞ്ഞ വിദ്യാഭ്യാസത്തിന്റെ വരവ് എനിക്കൊരു പുതിയ അറിവായിരുന്നില്ല. ഒരു കമ്പനിയിലെ ഉരുളക്കിഴങ്ങു ചാക്കുകള്‍ കയറ്റിറക്ക് തൊഴിലാളിയായിരുന്നു ഞാന്‍. എന്റെ സ്നേഹം കൃഷിയോടായിരിന്നു. പക്ഷേ മാതാവ് സമ്മതിച്ചില്ല. സാമാന്യം ശരീര പുഷ്ടിയുള്ളതിനാല്‍ കമ്പനിയിൽ വളരെ പെട്ടെന്ന് തന്നെ എന്നെ ജോലിക്കെടുത്തു. ആ കമ്പനിയിലെ ചെറിയവരും വലിയവരുമായ ഉദ്യോഗസ്ഥരുടെ ജീവിതം വളരെ അടുത്തു നിന്നും നോക്കി കണ്ട എനിക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചു മറ്റാരേക്കാൾ നന്നായി മനസ്സിലാക്കാനായി.
ഈ നാട്ടിലെ യുവാക്കളെല്ലാം നശിപ്പിന്റെ പാതയിലായിരുന്നു. സ്വപ്നം കാണാത്തതാണ് അവരുടെ പരാജയത്തിന്റെ കാരണമെന്നായിരുന്നു എന്റെ ആദ്യ കാല കണ്ടെത്തല്‍. തിമോത്തിയുടെ കൂട്ടുകാര്‍ എവിടെ നിന്നോ ഗ്രാമത്തിലേക്ക് ഒളിച്ചു കടത്തിയിരുന്ന “ടാട്വിയോര്‍” എന്ന വിലകുറഞ്ഞ ലഹരി മാത്രമായിരുന്നു ഇവിടുത്തെ ചെറുപ്പക്കാരുടെ കൂടിയ മോഹം.
അബ്രോനിനെയും, വിക്കാര്‍ഡിനേയും പോലുള്ള അപൂര്‍വ്വം ചിലർ ഈ ഗ്രാമം വിട്ടു. പക്ഷെ അവരാരും തന്നെ തിരിച്ചെത്തി ഈ ഗ്രാമത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുവാനായിരുന്നില്ല പലായനം ചെയ്തത്.
പ്രസ്തുത നഗരത്തെക്കുറിച്ച് ഫിലിപ്പ് എന്നോട് സംസാരിക്കയുണ്ടായി. അവന്‍ സമ്പന്നനായി തിരിച്ചെത്തി ഗ്രാമത്തെ ഗ്രഹിച്ച ശാപം മായ്ച്ചു കളയുമെന്ന് ഞാന്‍ വിശ്വസിച്ചു. ഞാനും അവനും ഉള്‍പ്പെട്ട ആ സമൂഹത്തിന്റെ അടുത്ത തലമുറയെങ്കിലും വിദ്യാഭ്യാസപരമായി ഉയര്‍ന്ന് വരുവാനും, ഗ്രാമത്തിലെ കൃഷിയെ സംരക്ഷിച്ചുകൊണ്ട് പോകുന്നതിനോടൊപ്പം കമ്പനികളെ ഇവിടെ നിന്നും ഉന്മൂലനം ചെയ്ത് ആ വ്യാപാരം ഓരോരുത്തരും സ്വയം ഏറ്റെടുത്ത് നടത്തുന്നതായും ഞാന്‍ സ്വപ്നം കണ്ടു.
സുഖങ്ങളും സൌകര്യങ്ങളും എല്ലാവരും ഒരേപോലെ അനുഭവിക്കുന്ന ജനത!!!
എന്നാല്‍ ഞാൻ പ്രതീക്ഷിച്ച വഴിയിലേ അല്ലായിരുന്നു ഫിലിപ്പിന്റെ ചിന്തകൾ. ഒരിക്കല്‍ അടുത്തുള്ള പട്ടണത്തിലെ മറ്റൊരു കമ്പനി ഓഫീസില്‍ പോയതായിരുന്നു ഞങ്ങൾ. ഫിലിപ്പിന്റെ അപ്പന് കിട്ടാനുള്ള തുക വാങ്ങുവാന്‍ ഞങ്ങളെ അങ്ങോട്ട് ഫിലിപ്പിന്റെ അപ്പനായിരുന്നു അയച്ചത്. അവര്‍ തരുന്ന പണത്തിനായി വെയിലത്ത് കാത്ത് നില്‍ക്കുമ്പോഴാണ് ഫിലിപ്പ് ഒരു നീളൻ കുപ്പായക്കാരനെ എനിക്ക് പരിചയപ്പെടുത്തി തരുന്നത്.
അതിനും വളരെ മുന്‍പുതന്നെ അവൻ അയാളുടെ സംഘത്തിൽ ചേര്‍ന്നു കഴിഞ്ഞിരുന്നു.
“ഫിലിപ്പ് നീ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ?”
“ഉണ്ട്”
“എങ്കില്‍ കളവു മുതൽ കൊണ്ട് സമ്പത്തിന്റെ അടിത്തറയിടരുത്. എന്തെന്നാല്‍ ദൈവരാജ്യം അവര്‍ക്കുള്ളതല്ല”
ഫിലിപ്പ് എന്റെ വാക്കുകള്‍ക്ക് നേരെ മുഖം തിരിച്ചു.
എന്റെ സ്വപ്നത്തില്‍ ഫിലിപ്പ് പറഞ്ഞ വ്യവസായങ്ങളുണ്ടായിരുന്നില്ല.
“ഫിലിപ്പ്, ഈ മണ്ണ് വളരെ പ്രത്യേകതയുള്ളതാണ്. കാലാകാലത്തേക്കുള്ള കൃഷി നിലനിര്‍ത്തുന്നതിനുതകുന്ന സംഗതികളാണ് നാം വിഭാവനം ചെയ്യേണ്ടത്. അടിസ്ഥാന സൌകര്യങ്ങളോടൊപ്പം ഇതായിരിക്കണം നമ്മുടെ ലക്ഷ്യം. വർഷം മുഴുവൻ കൃഷി ചെയ്യാവുന്ന തരത്തില്‍ നാം നമ്മുടെ ജലസേചന പദ്ധതികൾ രൂപീകരിക്കണം. പുതിയ തടയണകള്‍, കനാലുകള്‍, കൃഷി സുഗമമാക്കുന്ന ഉപകരണങ്ങള്‍, ഇവയൊക്കെ സംഘടിപ്പിക്കലാണ് ആദ്യ പടി”
ഞാന്‍ പറയുന്നതൊന്നും അവൻ കേള്‍ക്കുന്നില്ലായിരുന്നു.
“ആബേല്‍, നീയൊരു മൂഢ സ്വര്‍ഗ്ഗത്തിലാണ്. ഏദന്‍ തോട്ടമല്ല എന്റെ ലക്ഷ്യം”
ഫിലിപ്പിന് ദേഷ്യം വന്നു.
ഞാന്‍ തുടര്‍ന്നു
“ഗ്രാമീണർ ചെറുസംഘങ്ങൾ രൂപീകരിച്ച് കൃഷിക്ക് നേതൃത്വം നല്‍കണം. ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് നമ്മളിൽ നിന്നും പുറം രാജ്യങ്ങൾ നേരിട്ട് ഉരുളക്കിഴങ്ങുകൾ വാങ്ങുന്ന സ്ഥിതി വരുത്തണം. ആ ലാഭം സംഘാംഗങ്ങള്‍ തുല്യമായി വീതിക്കണം”
ഫിലിപ്പ് കടല നിലത്തിട്ട് തിരിഞ്ഞു നോക്കാതെ ദേഷ്യപ്പെട്ട് പോയി.
കുറച്ചു ദിവസത്തേക്ക് ഫിലിപ്പിനെ കണ്ടില്ല. കമ്പനിയില്‍ അവനെക്കുറിച്ചന്വേഷിക്കാനായി എന്നെ തിരക്കി വന്ന പോലീസുകാരാണ് ബാക്കി പറഞ്ഞു തന്നത്.
പോലീസിന്റെ നിരന്തരമായ സന്ദര്‍ശനം നിമിത്തം എനിക്ക് കമ്പനിയിലെ ജോലി നഷ്ടമായി.
ഫിലിപ്പിന്റെ വീട്ടിലെ പണിക്കാരന്‍ പാതിരാകുര്‍ബാനയുടെ ഇടയിൽ നിന്നും എന്നെ വിളിച്ചിറക്കി. ഫിലിപ്പ് തിരികെ വന്നിരിക്കുന്നു. എനിക്ക് അതിയായ സന്തോഷം തോന്നി. അവന്റെ അവസ്ഥ പണിക്കാരന്‍ വിവരിച്ച വേഷവിധാനത്തിൽ നിന്നും ഞാനൂഹിച്ചു.
“പ്രിയ മിത്രമേ, ഈ ഗ്രാമത്തിലെ ഭൂരഹിതനെന്നും പട്ടിണിക്കാരനാണ് .പണ്ട് ഗ്രാമമൊട്ടാകെ പറ്റിക്കപ്പെട്ടിരുന്നു. പുതിയ കുടിയേറ്റക്കാര്‍ വന്നതോടെ അന്നത്തെ കര്‍ഷകർ ഭൂമി വിറ്റ് സുഖങ്ങള്‍ തേടി പോയി. എന്നാല്‍ അന്നും ഇന്നും പണിക്കാരുടെ വേഷമണിഞ്ഞവരുടെ അവസ്ഥയില്‍ ഒരു മാറ്റവുമില്ല.
സ്വന്തമായി ഭൂമിയില്ലാത്തവരുടെ വിഷമങ്ങൾ ചര്‍ച്ച ചെയ്യാൻ ആര്‍ക്കും നേരമില്ല. ഇന്നീ ഗ്രാമത്തില്‍ പണ്ടത്തേത് പോലെ സന്നദ്ധ സംഘടനകളുടെ വരവില്ല..
പണിക്കാരുടെ മക്കള്‍ പണിക്കാരായും, അവര്‍ക്ക് ഗ്രാമത്തിലെ തന്നെ പള്ളിക്കൂടങ്ങള്‍ അപ്രാപ്യമായ സ്വപ്നമായും നില നില്ക്കുന്നു. ഒരേ ഗ്രാമത്തിൽ രണ്ടു തരം സമൂഹങ്ങൾ!!
ഞാനും നീയും സ്വപനം കണ്ട തലത്തിലേക്ക് ഗ്രാമം വളർന്നിരിക്കുന്നു. ഇന്നിവിടെ വ്യവസായങ്ങളുണ്ട്, സ്കൂളുണ്ട്, ആശുപത്രിയുണ്ട്, ഒപ്പം നൂതന രീതിയിലുള്ള കൃഷിയും.
ഇതിന്റെയൊക്കെ ലാഭം കമ്പനികളും പുതിയ ഉടമകളും പങ്കിട്ടെടുക്കുന്നു.
ഇനി എത്രകാലം ഈ ഗ്രാമത്തില്‍ കൃഷി നിലനില്‍ക്കുമെന്നറിയില്ല. കടുത്ത രാസവള പ്രയോഗത്തിലൂടെ മണ്ണിന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു. മണ്ണിനോട് ഒരു തരത്തിലുള്ള സൌഹൃദവും പുതിയ ഉടമകള്‍ക്കില്ല. ജലവും, മനുഷ്യനും, മണ്ണും ഒരേപോലെ ക്ഷയിക്കുന്ന കാലം വിദൂരമല്ല.
ഞാനെന്റെ മണ്ണിലിന്നും കൃഷിയിറക്കുന്നു. ചെറിയ സംഖ്യക്ക് എന്റെ വിളവുകള്‍ പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നു. പള്ളിയില്‍ ചെറിയൊരു കുശിനിപ്പണിയും ഉണ്ട്. ഇന്നും ഒറ്റക്കാണ്. ആദര്‍ശങ്ങളും അവയുടെ പൂര്‍ത്തീകരണവുമാണ് കൂട്ട്.
എന്നെപ്പോലെ കുറച്ചു പേരുണ്ട് ഈ ഗ്രാമത്തിൽ. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറിയ ജനത. ഞങ്ങള്‍ ഒരു പുതിയ സമരപാതയിലാണ്. മണ്ണിനേയും പ്രകൃതിയേയും വെല്ലുവിളിക്കുന്ന, ജനിതക മാറ്റം വരുത്തി നടത്തുന്ന കൃഷിക്കെതിരെയുള്ള സമരം.
ഫിലിപ്പ്, നിനക്കറിയാമോ
ജനിതക മാറ്റങ്ങള്‍ വരുത്തുന്ന രീതികളെ ഈ മണ്ണ്‍ പ്രോത്സാഹിപ്പിക്കയില്ല.
അതിനെതിരെ സമരം ചെയ്ത എന്നെപ്പോലെ കുറച്ചു പേരെ വിഡ്ഢികളാക്കിക്കൊണ്ട് കമ്പനികള്‍ ഉടമകളുടെ അനുവാദത്തോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത്തരം രീതികൾ വ്യാപിപ്പിക്കുന്നു.
എനിക്കറിയില്ല ഫിലിപ്പ്, പ്രകൃതിയുടെ സന്തുലിതാവസ്ഥയെക്കുറിച്ച് ഇവർക്ക് ലവലേശം ബോധമില്ലാത്തതെന്തുകൊണ്ടാണെന്ന്.. അടുത്ത കുറച്ചു കൊല്ലങ്ങള്‍ക്കുള്ളിൽ ഈ മണ്ണിന്റെ പുഷ്ടി കുറയും.. മണ്ണില്‍ പണിയെടുക്കാൻ മാത്രമറിയാവുന്നവൻ പുതിയ മേച്ചിന്‍പുറം തേടി പോകേണ്ടി വരും. അങ്ങനെ നമ്മളുടെ ഗ്രാമവും ഉണങ്ങി വരണ്ട തരിശു പ്രദേശമാകുന്ന ഒരവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ?
തൊഴിലാളികൾക്കു വേണ്ടി ഒരു സൊസൈറ്റി രൂപീകരണം മറ്റൊരു ലക്ഷ്യമാണ്. ഇന്നത്തെ അവസ്ഥയില്‍ അത് വളരെ അത്യന്താപേക്ഷിതമാണ്.
ഞങ്ങളുടെ സമരം മുഖ്യധാരയിലേക്ക് എത്തിക്കാമെന്ന് കഴിഞ്ഞ ദിവസം ഇങ്ങോട്ട് അവിചാരിതമായി വന്ന ഒരു പത്രക്കാരന്‍ പറഞ്ഞിരുന്നു.
ജീവിതം അന്നും ഇന്നും എനിക്ക് സമരം നിറഞ്ഞതാണ്. വ്യക്തമായ ലക്ഷ്യങ്ങളോട് കൂടി എന്റെ ആദര്‍ശങ്ങളെ മുറുക്കെ പിടിച്ചു കൊണ്ടുള്ള സമരങ്ങൾ.
ഭീഷണികള്‍ക്കും, പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെയുള്ള ജീവിതമാണ്!!
വഴിയിലെ ചതിക്കുഴികള്‍ക്കും, പിന്നില്‍ നിന്നുള്ള കൊലവിളിക്കുമിടയിൽ ഉറച്ച തീരുമാനങ്ങളെ കാത്തുസൂക്ഷിക്കുവാനുള്ള ആര്‍ജ്ജവം. അത് മാത്രമാണ് മുതല്‍ക്കൂട്ട്.
ത്രികോണത്തിന്റെ വക്കിലെ മനുഷ്യര്‍
പള്ളിയിലെ കുര്‍ബാന കഴിയാറായെന്ന് തോന്നുന്നു. അത് സൂചിപ്പിക്കുന്ന പള്ളി മണികള്‍ മുഴങ്ങി കൊണ്ടേയിരുന്നു. ഫിലിപ്പും അപ്പനും ആബേലും ഗ്രാമാതിര്‍ത്തിയിലാണ്. തണുപ്പിനേക്കാള്‍ അസഹ്യം അന്നേരം അവർ മൂവര്‍ക്കുമിടയിലെ മൌനമായിരുന്നു.
ഒടുവില്‍ ഫിലിപ്പ് അത് ഭേദിച്ചു.
“ആബേല്‍, ഇവിടുന്നു പോയതിനു ശേഷം എന്നെ പിടികൂടിയത് വളരെ വിചിത്രമായ ഒരു വികാരമായിരുന്നു. ഭയം. ഏതോ രഹസ്യ പോലീസുകാര്‍ എന്റെ പിന്നാലെയുണ്ടെന്ന തോന്നലില്‍ നിന്നും എനിക്ക് ഇതേവരെ പുറത്ത് കടക്കാൻ സാധിച്ചിട്ടില്ല. ഞാനിന്ന്‍ ആ നഗരത്തില്‍ കൃത്യമായ രേഖകളില്ലാതെ കടന്നുകൂടി പണി ചെയ്യുന്ന ആളുകളില്‍ ഒരുവൻ മാത്രം. എന്റെ പേര് പോലും എനിക്ക് സ്വന്തമല്ല. കഠിനമായ വ്യസനത്തോടെയാണ് ഞാനീ ഗ്രാമം വിടുന്നത്. ഗ്രാമത്തിന്റെ അസ്ഥിത്വമാണ് ഇന്നെന്നെ അലട്ടുന്നത്”
മറുപടിയായി ആബേല്‍ ഫിലിപ്പിനെ ചേര്‍ത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
“സമരങ്ങള്‍ !!! അവ ചിലപ്പോള്‍ ഒരു വലിയ ചരിത്രം തന്നെ സൃഷ്ടിച്ചേക്കാം. നമ്മള്‍ക്ക് ശേഷമുള്ള തലമുറ അറിഞ്ഞിരിക്കേണ്ട സത്യങ്ങളും പാഠങ്ങളും നിറഞ്ഞ ചരിത്രം”
“ആബേല്‍, നിനക്കൊന്നറിയാമോ? ലോകത്ത് ഏകദേശം നാല്‍പതു ശതമാനത്തിൽ കൂടുതൽ ആളുകള്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നു. അയ്യായിരത്തിനടുത്തുണ്ട് പല ഭാഗത്ത് കൃഷി ചെയ്യുന്ന ഇനങ്ങള്‍. എന്നാല്‍, നമ്മളുടെ ഉരുളക്കിഴങ്ങുകള്‍ക്ക് മറ്റു രാജ്യങ്ങളിലുള്ള പ്രാധാന്യം നിനക്കറിയാമോ? അമേരിക്കയില്‍ ഇവ മുന്തിയ ഇനം ചിപ്സുകളായി രൂപപ്പെടുന്നു. റഷ്യയില്‍ ഇത് സമ്പന്നരുടെ മാത്രം രാത്രിയാഹാരമാണ്. തെക്കന്‍ യുറോപ്പിൽ ഇവ വളര്‍ത്താൻ ഒരു ശ്രമം നടന്നിരുന്നു. പക്ഷെ വിജയിച്ചില്ല. അടുത്തിടെ ആരോ പറയുന്നത് കേട്ടു. അന്നജത്തിനും ഉപരിയായി വൈദ്യശാസ്ത്രസംബന്ധിയായ എന്തോ ഒരു അതിപ്രധാനമായ സംഗതി നമ്മളുടെ ഉരുളക്കിഴങ്ങുകളില്‍ ഉണ്ടെന്ന്.
ഉറച്ച കാലടികളോടെ മുന്നോട്ട് പോകുവാന്‍ നിന്നെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. എന്റെ ആശംസകള്‍”
ഫിലിപ്പ് ആബേലിനൊരു ഉറച്ച ഹസ്തദാനം നല്കി.
കയ്യില്‍ കരുതിയ കുറച്ചു പണം ഫിലിപ്പ് അപ്പന് നല്‍കി.എന്തുകൊണ്ടോ അയാളത് വാങ്ങിയില്ല. പകരം ഫിലിപ്പിനായി നല്‍കാനായി അപ്പന്‍റെ വലംകയ്യിൽ മുറുക്കെ പിടിച്ച ഒരു പൊതിയുണ്ടായിരുന്നു. പുറന്തൊലിയിൽ നിന്നും മണ്ണ് പൂര്‍ണ്ണമായും അടര്‍ന്നു പോയിട്ടില്ലാത്ത കടും മെറൂണ്‍ നിറത്തിലുള്ള മുഴുത്ത ഉരുളക്കിഴങ്ങുകളായിരുന്നു അതിൽ…
Be the first to write a comment.