വിടര്‍ന്ന കൈകളും ചിരിക്കുന്ന മുഖവുമായി ചലനമറ്റ് നില്‍ക്കുന്ന ഒരു രാജ്യത്തിന്‍റെ വടക്കേ അറ്റത്തുള്ള ചെറുഗ്രാമത്തിലാണ് കഥ നടക്കുന്നത്.

വിചാരണ

“സംഭവം നടക്കുമ്പോള്‍ ഗില്‍ഹരി എന്തിനവിടെ ചെല്ലണം?”

ഇത് ചോദിക്കുമ്പോള്‍ നേവലയ്ക്ക് തന്‍റെ മുന്നില്‍ നില്‍ക്കുന്ന ആരിലെങ്കിലും രഹസ്യം സ്വയം വെളിപ്പെടാനാഗ്രഹിക്കാതെ മറഞ്ഞിരിക്കുന്നുണ്ടെന്ന് ഉറപ്പായിരുന്നു. ചോദ്യത്തിന്‍റെ ഗൌരവം അവിടെക്കൂടിയിരുന്ന ഓരോരുത്തരിലേക്കും നിശബ്ദതയുടെ  രൂപത്തില്‍ പടര്‍ന്നിറങ്ങി.

ഗ്രാമത്തിലെ സകല ഉരഗങ്ങളും ആ  വേപ്പുമരത്തണലില്‍ ഒത്തുകൂടിയിട്ടുണ്ട്. തലേന്നുനടന്ന മരണത്തിന്‍റെ വിചാരണയായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്.

ബഹുരൂപിയാണ് പിന്നീട് സംസാരിച്ചത്.

“അറിയാവുന്നവൻ  ഉടന്‍ സത്യം തുറന്ന്‍ പറഞ്ഞുകൊള്ളണം…  ഉരഗനീതിസാരത്തില്‍ നുണ പറയുന്നതിനേക്കാൾ ശിക്ഷ സത്യം പറയാതിരിക്കുന്നതിനാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ…”

ഇതുപറയുമ്പോൾ ബഹുരൂപിയുടെ തൊലിപ്പുറത്ത് ഇളം ചുവപ്പ് പടരുന്നതും  ഇരുന്നിരുന്ന പച്ചിലക്കൊമ്പില്‍ അവന്‍ ഒരു ചെമ്പരത്തിപ്പൂവായി മാറുന്നതും കണ്ട് വലിയൊരു വേരിന്‍റെ വിടവില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുകയായിരുന്ന കൊത്താരി ഒരടി പിന്നിലേക്ക് വയ്ച്ചു.

ബഹുരൂപി ആരെയോ  തിരയുന്നമട്ടിൽ ചുറ്റും പരതുവാന്‍ തുടങ്ങി. അവന്‍ തിരയുന്നത് തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടും കൊത്താരി തല ഉയര്‍ത്തിത്തന്നെ പിടിച്ചു. ബഹുരൂപിയുടെ വലതുകണ്ണിൽ അവന്‍റെ രൂപംതെളിഞ്ഞു.

“നീയും ഗില്‍ഹരിയും ആത്മസുഹൃത്തുക്കളായിരുന്നില്ലേ.. നേവലയുടെ മുന്നിലേക്ക്  മാറിനില്‍ക്ക്…” ബഹുരൂപി ആജ്ഞാപിച്ചു.

ആ സദസ്സില്‍ ബഹുരൂപിക്കും സ്വയം തീരുമാനിച്ച ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്. ചെറുബഹുരൂപികൾക്ക് ഭീഷണിയായ പെരുംനാഗത്തെ കൊന്ന ഉരഗം പോലുമല്ലാത്ത നേവലയില്‍ മികച്ച ന്യായാധിപസാധ്യത കണ്ടെത്തിയത്  ബഹുരൂപിയിലെ രാഷ്ട്രീയബുദ്ധിയാണ്. അതിനുംമുന്നേ നിഷ്കാമനായ കാരാമ ന്യായാധിപസ്ഥാനത്തിരുന്ന സമയത്തും ഭരണപരമായ ഉത്തരവാദിത്തങ്ങൾ ബഹുരൂപിക്കു തന്നെയായിരുന്നു. ആവശ്യംപോലെ  തനിക്കുചുറ്റുമുള്ള നിറഭേദങ്ങളിൽ അദൃശ്യനാവാൻ കഴിവുള്ള അവനേക്കാള്‍ അതിനു യോഗ്യനായി മറ്റാരുണ്ട്.

കൂടിനില്‍ക്കുന്ന ആരേയും സ്പര്‍ശിക്കാതെ കൊത്താരി പതിയെ ഇഴഞ്ഞ് മുന്നിലേക്ക് നീങ്ങിനിന്നു.

“അറിയാവുന്നത് മുഴുവന്‍ പറഞ്ഞോളണം… ഒന്നു പറഞ്ഞേക്കാം… നുണ പറയാനാണ് ഭാവമെങ്കില്‍ മൃതശരീരം കിടന്നിരുന്നിടത്ത് പതിഞ്ഞുകണ്ട നിന്‍റെ കാല്‍പ്പാടുകൾ അടക്കം പല തെളിവുകളും  ഞങ്ങള്‍ക്ക് ഹാജരാക്കേണ്ടിവരും..”

താന്‍ കൃത്യമായി വെളിപ്പെട്ടിരിക്കുന്നു എന്ന്‍ കൊത്താരിക്കുറപ്പായി. ഒന്ന്‍ കണ്ണടച്ച് അവൻ എല്ലാം ഓര്‍ത്തെടുക്കാൻ ശ്രമിച്ചു. തലമുറകളായി അച്ചുകുത്തപ്പെട്ട ഓര്‍മക്കുറവിന്‍റെ കൂടുതകര്‍ത്ത് സ്മൃതിയുടെ തെളിഞ്ഞ വെളിച്ചത്തിലേക്ക് കൊത്താരി ഊളിയിട്ടിറങ്ങി. പുരാതനമായ ഒരു ആംഗ്യത്തില്‍ തലയൊന്നിളക്കി അവൻ സംസാരിക്കാന്‍ തുടങ്ങി. ചുറ്റും ഉരഗജനത ചെവികൂര്‍പ്പിച്ചു.

“ഞാനെല്ലാം പറയാം… അതിനുമുന്‍പ് ബഹുമാനപ്പെട്ട കോടതി എന്നെ രണ്ടുവാക്ക് എന്‍റെ കൂട്ടരോടു പറയാൻ അനുവദിക്കണം…”

ബഹുരൂപിക്കും നേവലക്കും പ്രതികരിക്കാന്‍ കഴിയുന്നതിന് മുന്നേ കൊത്താരി തിരിഞ്ഞ് ഉരഗസഞ്ചയത്തിന് വളരെപിന്നില്‍ ഒതുങ്ങി മാറിനില്‍ക്കുന്ന കൊത്താരികളുടെ ചെറുകൂട്ടത്തെ നോക്കി ശബ്ദമുയര്‍ത്തി പറയാൻ തുടങ്ങി.

“ഞാനീ പറയുന്നത് ഉറച്ചു കേട്ടോളൂ കൂട്ടരേ… ഇന്നിവിടത്തെ വിധിയില്‍ ഞാൻ മരിക്കുമെന്ന് എനിക്കുറപ്പുണ്ട്… ഞാനനുഭവിച്ച കാര്യങ്ങള്‍ എന്‍റെ അടിമത്തത്തെ എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു. നമുക്ക് ഈ നാട്ടിൽ മുന്നിലേക്ക് വരാനുള്ള അവസരം, ഈ മരണനീതിക്കരികിൽ മാത്രമായി തുടര്‍ന്നാൽ മതിയോ എന്നു നാം തീരുമാനിക്കേണ്ടുന്ന സമയമടുത്തിരിക്കുന്നു… അതിനു വേണ്ടി നിങ്ങള്‍…”

കൊത്താരിയ്ക്ക് തുടരാൻ കഴിയുന്നത് മുന്നേ ന്യായാധിപൻ ഇടപെട്ടു.

“നീ വല്ലാതെ അതിരുകടക്കുന്നു… കോടതിയില്‍ നിന്‍റെ ഗിരിപ്രഭാഷണം വേണ്ടാ…. പെട്ടെന്ന് കാര്യത്തിലേക്ക് കടക്കാം…”

ഇതുപറഞ്ഞ് നേവല താൻ പറഞ്ഞത് അധികപ്രസംഗമായോ എന്ന ശങ്കയിൽ ബഹുരൂപിയെ നോക്കിയതും ബഹുരൂപി അഭിനന്ദനഭാവത്തിൽ പുഞ്ചിരിച്ചതിനെ തുടര്‍ന്ന് നേവലയുടെ കവിളിൽ അല്പം നാണം പടര്‍ന്നതും കൊത്താരി വ്യക്തമായി കണ്ടു.

തല അല്പംതാഴ്ത്തി പതിഞ്ഞസ്വരത്തിൽ കൊത്താരി സാക്ഷ്യം പറയാൻ തുടങ്ങി.

സാക്ഷ്യം

കൊത്താരികൃത്യമായി ഓര്‍ക്കുന്നുണ്ട്. രണ്ടുവര്‍ഷം മുന്‍പുള്ള, ആ കൊടുംമഴയും കാറ്റും ഉണ്ടായ ദിവസമാണ് അവന്‍ ആദ്യമായി ഗില്‍ഹരിയെ പരിചയപ്പെടുന്നത്. ഒടിഞ്ഞുവീണ ഒരു മരക്കൊമ്പിന്‍റെ അടിയില്‍പ്പെട്ട് അവന്‍ മൃതപ്രായനായി കിടക്കുകയായിരുന്നു.

എല്ലാ ജീവികള്‍ക്കും ഇത്തരം അവസരങ്ങളിൽ പ്രതികരിക്കേണ്ടുന്നതില്‍ സവിശേഷബുദ്ധിയുടെ സാധ്യതയുണ്ട്. തലമുറകളായി അങ്ങിനെയൊന്നില്ല എന്നതുമാത്രമായി കൊത്താരികളുടെ ചിന്താശേഷി മുരടിപ്പിക്കപ്പെട്ടിരുന്നതിനാൽ എന്തുചെയ്യണമെന്നറിയാതെ അവൻ ആകെ പകച്ചുപോയി.

പക്ഷേ, അടുത്തനിമിഷത്തിൽ ഇതിനെയെല്ലാം തകര്‍ത്തെറിയുന്ന വലിയ നീക്കമാണ് കൊത്താരി നടത്തിയത്. ഉപായം എന്നത് അതിന്‍റെ പൂര്‍ണമായ അർത്ഥത്തിൽ സംഭവിക്കുന്നത് ഒരാൾ, അതിൽ തന്‍റെ പരിമിതികളെ സമര്‍ത്ഥമായി വിളക്കിച്ചേര്‍ക്കുമ്പോഴാണ്. ഈ സത്യം തന്നെയായിരുന്നു അവന്‍റെ നീക്കത്തിന്‍റെ സവിശേഷതയും.

ഗില്‍ഹരിയെ ശ്രദ്ധിക്കാതെ കടന്നുപോയ ഒരു പെണ്‍കുട്ടിയെ അവൻ എതിർദിശയില്‍ നിന്നും ആക്രമിച്ചു. തന്‍റെ പ്രാചീനമായ വായപിളര്‍ത്തി അതിലെ അരിമണിയോളം പോന്ന പല്ലുകളിലെ ക്രൂരതകാട്ടിയ കൊത്താരിയെക്കണ്ട് അവൾ ഭയന്ന് തിരിച്ചോടി. ആ പല്ലുകളുടെ മൂര്‍ച്ചയേക്കാൾ അതിൽ പുരണ്ടിരിക്കുന്ന ഉടനെ മരണം സംഭവിപ്പിക്കാവുന്ന ഒരിക്കലുമില്ലാത്ത വിഷമാണ് അവൻ അവളെ ഭയപ്പെടുത്താൻ വിദഗ്ധമായി ഉപയോഗിച്ചത്.

പിന്തിരിഞ്ഞോടിയ കുട്ടി ഗില്‍ഹരിയെ കാണുന്നതും ഒന്നുനിന്ന് തന്നെയാരും പിന്തുടരുന്നില്ല എന്നുറപ്പുവരുത്തി അവനെ അവിടെനിന്നും തന്‍റെ കൈക്കുള്ളിലെടുത്ത് ഓമനിച്ച് നടന്നുനീങ്ങുന്നതും വീണുകിടന്ന ഒരു മരക്കൊമ്പിന്‍റെ മറവില്‍ കൊത്താരി നോക്കിനിന്നു. ആ നിമിഷം ഒതുക്കിപ്പിടിച്ച വിരലുകള്‍ക്കിടയിൽ ഒരുകൃഷ്ണമണി ചലിക്കുകയും അതില്‍നിന്നും അകലെനിന്ന അവനിലേക്ക് നന്ദിസൂചകമായ നോട്ടം നീളുകയും ചെയ്തു.

അന്നുതുടങ്ങിയാണ്  അവർ പരസ്പരം നിഴലായത്. എവിടേയും തോളോടുതോൾ ചേര്‍ന്ന് കൊത്താരിയും ഗില്‍ഹരിയും നാട്ടിൽ ചര്‍ച്ചയായി. അതിനൊരു കാരണമുണ്ട്. ഉരഗങ്ങളല്ലെങ്കിലും അവർ ആരാധിക്കുന്ന ആള്‍ദൈവങ്ങളാണു ഗില്‍ഹരികൾ. മനുഷ്യനും ദൈവത്തിനും ഇടയില്‍ നിര്‍മിച്ച ആ പഴയ പാലത്തിന്‍റെ കഥയിൽ, ശരീരത്തിനു നെടുകെ വരച്ച വര തന്നെയായിരുന്നു അതിനുകാരണം. വഴുവഴുത്ത ശല്‍കങ്ങൾ നിറഞ്ഞ ശരീരവും ധിഷണാരാഹിത്യത്തിന്‍റെയും വിഷപ്പല്ലിന്‍റെയും ഇല്ലാത്ത ശാപവും സമൂഹത്തിൽ നിന്നും കൊത്താരികളെ പണ്ടേ പുറത്താക്കിയിരുന്നു. അപ്പോഴാണ് ഈ സൌഹൃദത്തിന്‍റെ വാര്‍ത്ത പരക്കുന്നതും അത് ബഹുരൂപിയുടെ ചെവിയില്‍ എത്താൻ തക്കവണം പ്രാധാന്യമുള്ളതാവുന്നതും.

അവിടെയും എല്ലാകാലത്തെയും പോലെ ഗില്‍ഹരി കൂടുതൽ ഭാഗ്യവാനായിരുന്നു. കയ്യിലെടുത്തു കൊണ്ടുപോയ പെണ്‍കുട്ടിയുടെയും അവളുടെ കുടുംബത്തിന്‍റെയും ഓമനയായി അവൻ മാറി. അവളുടെ തോളത്തിരുന്നു ഗില്‍ഹരി ഗ്രാമം ചുറ്റുമ്പോൾ കൊത്താരി മരങ്ങളുടെ മറവിൽ അവരെ പിന്തുടര്‍ന്നു. അന്നത്തെ ആക്രമണത്തിന്‍റെ ഭയം ഒരിയ്ക്കലും മുന്നിൽ ചെല്ലാൻ പറ്റാത്തവിധം അവളെ തന്‍റെ ശത്രുവാക്കിയിട്ടുണ്ടാകും എന്ന് അവനുറപ്പായിരുന്നു.

ബുദിന എന്നായിരുന്നു അവളുടെ പേര്. പതിനൊന്നു വയസ്സുകാരി. ദളിത് കര്‍ഷകനായ രാംസേവകിന്‍റെ ഇളയമകള്‍. രണ്ടുവയസ്സിന് മൂത്ത സരോജ എന്നൊരു ചേച്ചിയും അവള്‍ക്കുണ്ട്.

രാംസേവകിന്‍റെ ഓരോദിവസത്തെ ജീവിതവും മറ്റൊന്നിന്‍റെ ശരിപ്പകര്‍പ്പുകളാണ്. കര്‍ഷകരാണവര്‍. മണ്ണിനോട് മാത്രം മല്ലടിക്കാന്‍ പഠിച്ചവർ. വിത്തില്‍ അദ്ധ്വാനവിഹിതം ചേർത്ത് വിപണിവിലയാക്കി ജീവിതം പോക്കുന്നവർ. എന്നും രാവിലെ പച്ചക്കറികൾ വിളവെടുത്ത് ദൂരെ ചന്തയില്‍ കൊണ്ടുപോയി വില്‍പ്പനയായിരുന്നു രീതി.

തന്‍റെ മക്കളുടെ അമ്മ ആറുവര്‍ഷം മുൻപ് പടര്‍ന്നുപിടിച്ച ഒരു മഹാവ്യാധിയിൽ അലിഞ്ഞു പോയതില്‍പ്പിന്നെ ഇരുട്ട് വീഴുന്നതിനു മുന്നേ രാംസേവക് കച്ചവടം അവസാനിപ്പിക്കും. ഭയമാണ്. ചുറ്റും പറന്നുനടക്കുന്ന കണ്ണുകൾ എന്നാണ് തന്‍റെ മക്കളുടെ മേൽ വീഴുന്നതെന്ന ഭയം.

ഇരുട്ടുന്നതിന് മുന്നേ രാംസേവക് വീട്ടിലെത്താൻ തിരക്കുകൂട്ടുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്.

നഗരങ്ങളിലെപ്പോലെ അടച്ചുറപ്പുള്ള ശൌചമുറികൾ ഇക്കാലത്തും ആ ഗ്രാമവാസികൾ കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. സൂര്യനുദിച്ചാല്‍ വിജനമായ പാടത്തും പറമ്പിലും സാധിക്കുന്ന ശൌചം അവിടെ പുരുഷന്‍മാര്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. അമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് സൂര്യനസ്തമിക്കുന്നതു വരെ തന്‍റെ ഈ അടിസ്ഥാനചോദനയെ പിടിച്ചുനിര്‍ത്താനുള്ള ശിക്ഷണം ബാല്യംമുതൽ നല്‍കിപ്പോന്നു.

ബാബ വരാന്‍ കാത്തിരുന്ന് ഇരുട്ടിലേക്കോടുന്ന മക്കള്‍ക്കു കൂട്ടായിപ്പോകുമ്പോൾ അവരുടെ ദുര്‍വിധിയോര്‍ത്ത് കണ്ണുനിറയാത്ത ഒരു ദിവസംപോലും രാംസേവകിനുണ്ടായിരുന്നില്ല.

ജീവിതം അതിന്‍റെ തന്നെ തനി രൂപങ്ങളെ പെറ്റു കൂട്ടിക്കൊണ്ടിരുന്ന പലദിവസങ്ങളിൽ ഒന്നിലാണ് എല്ലാവരുടേയും ജീവിതം മാറ്റിമറിച്ച ആ സംഭവങ്ങൾ അരങ്ങേറുന്നത്.

ദൃക്സാക്ഷ്യം

വൈകീട്ട് ടൌണിൽ പോയി ബുദിനക്ക് ഒരു സല്‍വാർ വാങ്ങിവരണമെന്ന് സരോജ ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെയാണ് രാംസേവക് സമ്മതിച്ചത്. കഴിഞ്ഞമാസം അവൾ വയസ്സറിയിച്ചതില്‍പ്പിന്നെ എന്തെങ്കിലും വാങ്ങിക്കൊടുക്കണമെന്ന് താനും കരുതിയിരുന്നതാണെന്നും മണ്ണിൽ പണിയെടുക്കുന്നവന് മണ്ണിന് കൊടുക്കാന്‍ തികയാത്ത സമയത്ത് എല്ലാം എങ്ങിനെ നടക്കാനാണെന്നും പിറുപിറുത്തുകൊണ്ടാണ് അയാൾ അന്ന് പുറത്തേക്കിറങ്ങിയത്.

ഇതിനെല്ലാം ദൃക്സാക്ഷിയായി കയറ്റുകട്ടില്‍ക്കാലിന്‍റെ മറയിൽ ഗില്‍ഹരിക്കായി കാത്തിരിക്കുകയായിരുന്നു കൊത്താരി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പകൽ സമയങ്ങളില്‍ ഗില്‍ഹരിയെ ബുദിന അവനു വിട്ടുകൊടുക്കാറേ ഇല്ലായിരുന്നു. ഗില്‍ഹരിയേയും തോളത്തിരുത്തി നാടുമുഴുവൻ കറക്കമായിരുന്നു പെണ്ണിന്‍റെ പണി. ഒരാഴ്ചമുന്‍പ് ഒരു ഒഴിഞ്ഞവഴിയിൽ വച്ച് രണ്ട് ഠാക്കൂറുകൾ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചതും ഒരുവിധത്തിൽ അവൾ ഓടി രക്ഷപ്പെട്ടതും ഗില്‍ഹരി പറഞ്ഞാണ് അവനറിഞ്ഞത്. ബുദിന അന്ന്തന്‍റെ പതിമൂന്നാംവയസ്സിൽ, മനസ്സിലെ ബാല്യം കുടഞ്ഞെറിഞ്ഞ് ആ ഗ്രാമത്തിലെ എല്ലാ സ്ത്രീകളെയും പോലെ തന്നിലേക്കുതന്നെ വാതിൽ കൊട്ടിയടച്ചു. അതിന്‍റെ ഗുണം കിട്ടിയതോ കൊത്താരിക്കും. പകല്‍ മുഴുവൻ ആത്മസുഹൃത്തിനെ തനിക്കുമാത്രമായി അവന് ലഭിക്കാന്‍ തുടങ്ങി.

അന്നും പകല്‍ ഒട്ടും വ്യത്യസ്തമായിരുന്നില്ല. രാവിലെമുതല്‍ മരംകയറിയും തിന്നും മണ്ണിൽ കുഴഞ്ഞുമറിഞ്ഞും അവര്‍ ദിവസംപോക്കി. സമയം എന്നത് എന്നും അങ്ങിനെയാണ്. ജനനത്തിനും മരണത്തിനും ഇടയില്‍ പ്രവൃത്തിയും മനസ്സും സമ്മേളിക്കുമ്പോൾ വേഗത നിര്‍ണയിക്കപ്പെടുന്ന വിചിത്രപ്രതിഭാസം. സന്ധ്യമയങ്ങാറായപ്പോൾ ബുദിന വന്ന് ഗില്‍ഹരിയെ വിളിച്ചപ്പോഴാണ് ദിവസം തീര്‍ന്നത് അവർ അറിഞ്ഞത്.

പതിവുപോലെ ബുദിന ഗില്‍ഹരിയെയും തോളത്തെടുത്ത് അകത്തേക്ക് നീങ്ങി. കൊത്താരിയാണെങ്കിൽ തന്‍റെ സ്ഥിരം സ്ഥലമായ കട്ടില്‍ക്കാലിന്‍റെ മറവിലിരുന്ന് എല്ലാം കാണുവാനും തുടങ്ങി.

നേരം ഇരുട്ടിത്തുടങ്ങി. ഓരോ നിമിഷവും പുറത്തേക്ക് നോക്കി വലിഞ്ഞുമുറുകിയ മുഖവുമായി ഇരുന്ന് ബുദിനയുടെ ക്ഷമ കെട്ടിട്ടുണ്ടാകണം.

“ബാബ എപ്പോഴാണിനി വരുന്നത്? എനിക്കു സഹിക്കാൻ പറ്റുമെന്ന് തോന്നണില്ല…” അവള്‍ ഇപ്പോൾ കരയുമെന്ന് കൊത്താരിക്കു തോന്നി.

“നീ കുറച്ചു ക്ഷമിക്ക് ബുദീ… ബാബ വന്നിട്ട് വേണ്ടേ…അല്ലാതെ എങ്ങിനെ നമ്മള്‍ ഒറ്റയ്ക്ക് പോകും…”

“നമുക്കീ ഗില്‍ഹരിയെ കൂട്ടായി കൊണ്ട് പോകാം… ബാബ വരുന്നത് വരെ പിടിച്ച് നില്ക്കാൻ എനിക്കു പറ്റില്ലാ ദീദീ…” ബുദിന കരയാൻ തുടങ്ങി.

ഒന്നു ചിന്തിച്ചുറച്ച് സരോജ അവളെയും കൂട്ടി ഒരു റാന്തല്‍വിളക്കുമെടുത്ത് ഇരുട്ടിലേക്ക് ഇറങ്ങി. സരോജയുടെ തോളത്തിരുന്നു അവര്‍ക്ക് കൂട്ടായി ഗില്‍ഹരിയും. ചെറിയ നിലാവുണ്ട്. ഇരുട്ടിന്‍റെ മറപറ്റി കൊത്താരി അവരെ പിന്തുടര്‍ന്നു.

നൂറുവാര നടന്നപ്പോഴേയ്ക്കും തങ്ങളെ ആരോ പിന്തുടരുന്നത് പോലെ അവര്‍ക്ക് തോന്നി. ഭയന്ന ബുദിന, ചേച്ചിയെ ചേര്‍ത്ത് പിടിച്ചുനടന്നു. നിലാവില്‍ ഗില്‍ഹരിയാണ് അല്പ്പം പിന്നിലായി കുറച്ചുപേർ അവര്‍ക്കുനേരെ നടന്നടുക്കുന്നത് കണ്ടത്. ഒരുവന്‍റെ കയ്യിൽ ഒരു വലിയ ടോര്‍ച്ചും ദണ്ഡുമുണ്ട്. എന്താണെന്ന് മനസ്സിലാക്കുന്നതിനുമുന്‍പേ മൂന്നുനാലുപേർ അവരെ വളഞ്ഞുകഴിഞ്ഞു.

“രാത്രിയില്‍ ആരെക്കാണാനാടീ പോകുന്നത്.. രണ്ടെണ്ണവും കൂടെ…?”

ഇരുട്ടില്‍ നിന്നും ശബ്ദമുയര്‍ന്നു. തന്നെ അന്ന് ആക്രമിച്ച ഠാക്കൂറുകള്‍ തന്നെ എന്ന് ഒരു ഞെട്ടലോടെ ബുദിന തിരിച്ചറിഞ്ഞു. തന്നിലേക്ക് ചേര്‍ന്ന അനിയത്തിയെ സരോജ ചേര്‍ത്തുപിടിച്ചു.

ടോര്‍ച്ചിന്‍റെ വെളിച്ചം കുട്ടികളെ അടിമുടി ഉഴിയാൻ തുടങ്ങി,കൂട്ടത്തില്‍ പയ്യൻ എന്നുതോന്നിക്കുന്നവൻ നടന്നടുത്ത് കയ്യിലിരുന്ന ദണ്ഡുകൊണ്ട് ബുദിനയുടെ മാറിടത്തില്‍ കുത്തിനോക്കി.

“പൂ വിരിഞ്ഞു വരുന്നതേയുള്ളൂ കാക്കാ… നിങ്ങള്‍ക്ക് പ്രത്യേകം താല്പര്യമുള്ള മൊട്ടു പരുവം.. “ അവൻ വഷളൻ ചിരിയോടെ സരോജയുടെ നേരെ തിരിഞ്ഞു.

“വലിയ പെണ്ണേ… വലിയ ചുണ്ടുകളാണല്ലോടീ നിന്‍റെ…” ദണ്ഡിന്‍റെ അഗ്രം അവൻ അവളുടെ ചുണ്ടുകളിൻ അമര്‍ത്തി ഉരസാൻ തുടങ്ങി. സരോജ ചുണ്ടുകൾ ഇറുക്കിപ്പിടിച്ച് അറപ്പോടെ തലവെട്ടിച്ചു.

“മാഞ്ചൂത്ത്… അനുസരണക്കേടു കാണിക്കുന്നോടീ… കാക്കാ.. ഞാന്‍ തന്നെ ഇവളെ തുടങ്ങി വയ്ക്കാം”

മുടിയില്‍ കുത്തിപ്പിടിച്ച് അവളെയും വലിച്ച് അവൻ ഇരുളിന്‍റെ കൂടുതൽ മറവിലേക്ക് നീങ്ങി. ഒന്നു കുതറാൻ പോലും സരോജ ശ്രമിച്ചില്ല. ഇരുളില്‍ കാഴ്ചമറയുന്നത് വരെ അവളുടെ കണ്ണുകൾ ഞെട്ടിത്തരിച്ചു നില്‍ക്കുന്ന അനുജത്തിയില്‍ തന്നെയായിരുന്നു.

കൂട്ടത്തില്‍ അല്പം പ്രായം തോന്നിക്കുന്ന ആൾ ബുദിനയുടെ മുന്നിലേക്ക് വന്നു. ഇയാള്‍തന്നെ കാക്കയെന്ന് കൊത്താരിയ്ക്കുറപ്പായി. അവന്‍റെ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങി.

“നിന്‍റെ പേരെന്താ മോളെ….” അപ്രതീക്ഷിതമായ ദയാവായ്പ്പോടെ അയാൾ ചോദിച്ചു

മുഖംചുളിയെ കണ്ണുകളിറുക്കി അടച്ച് ഒന്നും കേള്‍ക്കാത്തമട്ടിൽ ഉറച്ചുപോയ അവൾ മറുപടി പറഞ്ഞില്ല.

“എന്നാല്‍ ഞാന്‍ നിനക്കൊരു പേരിടുന്നു…ഹേമമാലിനി…”

ചുറ്റും കൂടിനിന്നവർ ചിരിക്കുകയാണ്. അതിനിടയില്‍ ഇരുട്ടിൽ നിന്നും അടക്കിപ്പിടിച്ച കുറുകുന്ന പുരുഷശബ്ദം താളത്തില്‍ ഉയരുന്നുണ്ട്. കൊത്താരിയ്ക്ക് അപകടം ഉറപ്പായി. എവിടെ ഗില്‍ഹരി എന്നുതേടിയ അവൻ ആ കാഴ്ചകണ്ടു. ബുദിനക്ക് പുറകില്‍ മുതുക് അല്‍പ്പം വളച്ച് ആക്രമണത്തിന് തയ്യാറെടുത്തു നില്‍ക്കുകയാണവൻ. കൊത്താരിയ്ക്ക് തടയണമെന്നുണ്ടായിരുന്നു. അതിബലവാന്‍മാരുടെ മുന്നിൽ അവരുടെ കൈപ്പത്തിയോളം മാത്രം ഉള്ളവര്‍ എന്തുചെയ്യാനാണ്.

കാക്ക ബുദിനയ്ക്ക് മുന്നിൽ പ്രാര്‍ത്ഥിക്കുന്നമട്ടിൽ മുട്ടുകുത്തി നിന്നു. എന്നിട്ട് പതിഞ്ഞസ്വരത്തിൽ അവളോടുചോദിച്ചു.

“ഹേമമാലിനീ… എന്‍റെ മാന്‍കിടാവേ… നിന്‍റെ ചുണ്ടുകളിൽ ഞാൻ ഒന്നു ചുംബിച്ചോട്ടെ..”

അയാള്‍ അവളെ അമര്‍ത്തി ചുംബിച്ചു. കല്ലായി നില്‍ക്കുകയാണവൾ.

“പറയൂ എന്‍റെ സുന്ദരീ.. ഈ രാത്രിയില്‍ നീ എവിടെപ്പോകുന്നു…”

തന്‍റെ മുഖത്തടിക്കുന്ന ഉച്ഛ്വാസവായുവിൽ നിന്നും ശ്വാസമെടുത്ത് കല്‍പ്രതിമ ചുണ്ടുകൾ അനക്കി.

“ഞങ്ങള്‍ വെളിക്കിറങ്ങാൻ വന്നതാണ്…” നിസ്സഹായതയുടെ മുനമ്പിൽ നിന്ന്‍ അവൾ ഏങ്ങിക്കരയാൻ തുടങ്ങി.

അലറിച്ചിരിച്ച് കാക്ക എഴുന്നേറ്റു. അടക്കാന്‍ കഴിയാത്ത ചിരിയിൽ അയാളിപ്പോൾ കുഴഞ്ഞുവീഴുമെന്ന് കൊത്താരിയ്ക്ക് തോന്നി. കൂടെയുള്ളവരും ആര്‍ത്തു ചിരിക്കുകയാണ്.

“ഇപ്പോ വിടാം മോളെ.. നീ ഒന്നു വേഗം സഹകരിച്ചാൽ മതി…”

പൈജാമയുടെ കെട്ടുകളഴിച്ച് അയാൾ അവളോടടുത്ത് ചേര്‍ന്നുനിന്നു. കല്‍പ്രതിമയുടെ മുഖം ബലമായി തന്‍റെ അരക്കെട്ടിനോടടുപ്പിച്ചു.

അപ്രതീക്ഷിതമായിട്ടായിരുന്നു ഗില്‍ഹരിയുടെ ആക്രമണം. തന്‍റെ വായ് മുഴുക്കെത്തുറന്ന് അവന്‍ സര്‍വശക്തിയുമെടുത്ത് കാക്കയുടെ കാലില്‍ ആഞ്ഞുകടിച്ചു. ഉദ്ധരിച്ച ഊര്‍ജ്ജം തകര്‍ന്ന് കടിയുടെ ആഘാതത്തില്‍ അയാള്‍ ആകെ ഒന്നുലഞ്ഞു പോയി. രണ്ടാമത്തെ ആക്രമണത്തിന് മുന്നേ സമനില വീണ്ടെടുത്ത് അല്പം മാറിക്കിടന്ന ദണ്ഡ് പരതിയെടുത്തയാൾ തിരിച്ചടിച്ചു. കുതിച്ചുചാടിയ ഗില്‍ഹരിയുടെ നെഞ്ചില്‍ത്തന്നെയാണ് വായുവിൽ ചൂളം വിളിച്ചെത്തിയ ദണ്ഡ് പതിച്ചത്. അന്തരീക്ഷത്തില്‍ ഉയര്‍ന്നുകറങ്ങി അകലെ ഒരു മരത്തിലിടിച്ച് ആത്മസുഹൃത്ത് താഴെ വീഴുന്നത് കൊത്താരി കണ്ടുനിന്നു.

ഇഴഞ്ഞോടി കൊത്താരിചെല്ലുമ്പോഴേക്കും അവസാനശ്വാസവും ഗില്‍ഹരിയെ വിട്ടകന്നിരുന്നു. ദളിതന് വേണ്ടി രക്തസാക്ഷിയായ മിത്രത്തെ അവൻ നോക്കിനിന്നു. ഗില്‍ഹരിയുടെ മൂക്കിൽ നിന്നും അപ്പോഴേക്കും ഒഴുകിയിറങ്ങിയ ചുവന്നരക്തം തന്‍റെ കാല്‍പാദം നനച്ചുതുടങ്ങിയത് കൊത്താരിയറിഞ്ഞു.

അവന്‍ തിരിച്ചുചെല്ലുമ്പോഴേക്കും മൂന്നാമത്തെ ആളും ഇരുട്ടില്‍ സരോജയുടെ അടുത്ത് പൊയി തിരിച്ചെത്തിയിരുന്നു. ഇവിടെ മൃഗംഅഗ്നിനാവിനാൽ തന്‍റെ ഇരയെ നക്കി രുചിപിടിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. കണ്ടുനില്‍ക്കാനാവാതെ കൊത്താരി മുഖം തിരിച്ചു. അഗ്നിയാളി തലപിളര്‍ത്ത ഒരു മിന്നലിൽ മൃഗം നാട് കുലുക്കി ഗര്‍ജിച്ചു. സര്‍വപ്രാണനും പിടയുന്ന വേദനയില്‍ അലറി വിളിച്ചുപോയി ബുദിന.

മൃഷ്ടാന്നഭോജനം കഴിഞ്ഞ് ഇരയിൽ നിന്ന് വേട്ടക്കാരൻ എണീറ്റുനിന്നു. അവിടെയാകെ പരന്ന ഒരു ഗന്ധം അവരപ്പോഴാണ് ശ്രദ്ധിച്ചത്. മനുഷ്യ വിസര്‍ജ്യത്തിന്‍റെ ഗന്ധം. ഒരു ഞെട്ടലോടെ അയാൾ തന്‍റെ ശരീരം പകുതിയിലും ഇരയുടെ വിസര്‍ജ്യം പുരണ്ടിരിക്കുന്നു എന്നു തിരിച്ചറിഞ്ഞു. ദളിതന്‍റെ വിസര്‍ജ്യം. അറപ്പോടെ അയാള്‍ ചുറ്റും നോക്കി. കൂടെ വന്നവര്‍ പരിഹസിച്ചു ചിരിക്കുകയാണ്. അടിമുടി വിറയാര്‍ന്ന് അയാളുടെ കണ്ണുകളില്‍ തീയാളാൻ തുടങ്ങി.

“ഭോസടീ കേ… നിന്നെ ഞാനിന്ന് കൊല്ലും. ഠാക്കൂറിന്‍റെ മേത്ത്തൂറിയ നീ ഇനി ജീവിച്ചിരിക്കരുത്..”

ഗില്‍ഹരിയെ അടിച്ച ദണ്ഡുമായി അയാൾ എണീറ്റു. കണ്ടു നില്‍ക്കാനാവാതെ തിരിഞ്ഞു നടക്കുമ്പോൾ ഓരോ ദണ്ഡനത്തിലും പച്ചമാംസം ചതയുന്ന ശബ്ദം കൊത്താരിയുടെ ചെവിയിൽ അലച്ചുവീണുകൊണ്ടിരുന്നു.

ശരീരം ഇരുണ്ട പൂര്‍വികനെ ഓര്‍ത്ത് അവൻ ആര്‍ത്തുകരഞ്ഞു.

പിറ്റേന്ന് തൊട്ടടുത്ത നെല്ലിമരത്തിലെ കാഴ്ച കാണാൻ കൂടിയ ജനക്കൂട്ടംനിലത്ത് കിടന്നിരുന്ന ഗില്‍ഹരിയുടെ മൃതദേഹം ശ്രദ്ധിച്ചതേയില്ല.

വിധിന്യായം

കൊത്താരി പറഞ്ഞു കഴിഞ്ഞതും ഏറ്റവും പിന്നിൽ നിന്ന കൊത്താരിക്കൂട്ടത്തിൽ നിന്നും അല്‍പ്പാല്‍പ്പമായി പ്രതിഷേധസ്വരങ്ങൾ ഉയരാന്‍ തുടങ്ങി.

“ഓര്‍ഡര്‍… കോടതിയില്‍ എല്ലാവരും നിശബ്ദത പാലിക്കേണ്ടതാണ്..”

നേവല ഒന്നു രണ്ടു പ്രാവശ്യം പറഞ്ഞു നോക്കി. എന്നിട്ടും ശബ്ദങ്ങള്‍ ഏറിവരികയാണ്. ഉടന്‍ ബഹുരൂപി ഇടപെട്ടു. തന്‍റെ ശരീരം നയനാനന്ദകരമായ ഒരു തരം പച്ചനിറത്തിലേക്ക് മാറ്റി അവൻ സംസാരിക്കാൻ തുടങ്ങി.

“എന്‍റെ പ്രിയപ്പെട്ട ഉരഗപ്രജകളെ… നിങ്ങള്‍ക്കു തോന്നുന്ന ഈ പ്രതിക്ഷേധം തികച്ചും ന്യായമാണെന്ന് ഞാനാദ്യമേ പറഞ്ഞു കൊള്ളട്ടെ.. കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന നിങ്ങളുടെ വികാരം എനിക്കു മനസ്സിലാകും. ജീവിതത്തിൽ പലസമയത്തും ഞാനും നിങ്ങളെപ്പോലെ വര്‍ണവിവേചനത്തിനിരയായിട്ടുണ്ട്..”

അതും പറഞ്ഞ് ബഹുരൂപി അല്‍പ്പസമയത്തേക്ക് തന്‍റെ നിറം കടുംതവിട്ടാക്കി മാറ്റി. പിന്നീട് തിരിച്ചു പഴയ പച്ചനിറത്തിലേക്ക് മാറി ഭാഷണം തുടര്‍ന്നു.

“അപ്പോള്‍ ഞാൻ പറഞ്ഞുവന്നത് എന്‍റെ പ്രിയപ്പെട്ടവരേ.. നിങ്ങള്‍ക്കും ഇന്നാട്ടിൽ ഉയരേണ്ടതുണ്ട്.. ഈ നാടിന്‍റെ സമഗ്രമായ വികസനത്തിലൂടെ മാത്രമേ അതിനു കഴിയൂ എന്നു നിങ്ങൾ മനസ്സിലാക്കണം. അതിലേക്കായി നാം അതിയായ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ട ഒന്നാണ് ഉരഗദേശീയത. അതിനു വിരുദ്ധമായ ഓരോന്നിനെയും നാം തള്ളിപ്പറയേണ്ടതുണ്ട്. ഇന്നിവിടെ സംഭവിച്ചതുതന്നെ നിങ്ങൾ നോക്കൂ. നമ്മുടെ ദേശീയതയുടെ പ്രതീകമായ ഗില്‍ഹരിയെ ഒരാൾ ഒറ്റുകൊടുത്തിരിക്കുന്നു. സ്വന്തം ജീവന്‍ ബലികൊടുത്തും ദേശീയതയുടെ പ്രതീകങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചില്ല എന്ന മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ഇന്നിവിടെ കൊത്താരി ചെയ്തതായി തെളിഞ്ഞിരിക്കുന്നത്. ഉരഗനീതിസാരത്തിന് ഒരിയ്ക്കലും പൊറുക്കാന്‍ കഴിയാത്ത ഒന്നാണിത്. നിങ്ങള്‍ തന്നെ പറയൂ… ഇതിനെന്തു ശിക്ഷയാണ് നൽകേണ്ടത്?..”

ഉരഗലോകം നിശബ്ദമായി. അല്പനേരം കാത്തിരുന്നിട്ട് കൃത്യമായ ദിശകിട്ടിയ ഭാവത്തിൽ നേവല ഒന്നിളകിയിരുന്ന് വിധി പ്രസ്താവിക്കാൻ തുടങ്ങി. നിശബ്ദമായി ഉരഗസമൂഹം തലതാഴ്ത്തി അത് കേട്ടിരുന്നു. കൊത്താരി മാത്രം തലയുയര്‍ത്തി എല്ലാം നിരസിച്ചുകൊണ്ടു സ്വീകരിച്ചു. ബഹുരൂപി വിധി നടപ്പാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നു.

“കൊത്താരികളെ… മരണശിക്ഷ നടപ്പിലാക്കാനുള്ള നിങ്ങളുടെ അവകാശത്തെ മാനിച്ച് ഉടൻ നടപടികളിലേക്ക് കടക്കുവാൻ നിങ്ങളെ ഭരണകൂടം അനുവദിച്ചിരിക്കുകയാണ്… എത്രയും പെട്ടെന്നു തന്നെ നിങ്ങള്‍ക്ക് അത് നടപ്പിലാക്കാവുന്നതാണ്…”

ഏറ്റവും പിന്നില്‍നിന്നും കുറച്ചു കൊത്താരികൾ ഒരു വലിയ കല്ലും ചുമന്നുകൊണ്ട് മുന്നിലേക്കെത്തി. നേവല തന്‍റെ മൂന്നാമത്തെ ആംഗ്യത്തിലൂടെ അതിനംഗീകാരം കൊടുക്കുകയും കുറ്റവാളിയുടെ തലയിലേക്ക് അവർ ആ കല്ലിട്ട് വിധി നടപ്പിലാക്കുകയും ചെയ്തു.

ഇനി മരണമുറപ്പിക്കേണ്ടത് ബഹുരൂപി നേരിട്ടാണ്. മെല്ലെയിഴഞ്ഞ് അവന്‍ കൊത്താരിയുടെ അരികിലെത്തി. കൈനീട്ടി ശ്വാസം നിലച്ചതുറപ്പിച്ച് വിധി നടപ്പിലായതായി കോടതിയെ ആംഗ്യം കാണിച്ചു. ഉരഗലോകം ഓളങ്ങളില്ലാത്ത നിശബ്ദതയില്‍ ആണ്ടുനിന്നു.

തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോഴാണ് ബഹുരൂപി കണ്ടത്. പിളര്‍ന്ന തലയിൽ തുറന്നിരുന്ന കൊത്താരിയുടെ കണ്ണുകള്‍ തന്നിൽ തന്നെ ഉറച്ചിരിക്കുന്നു. നോട്ടം സഹിക്കാനാവാതെ നില്‍ക്കേ ദൃഷ്ടിയുടെ ചൂട് തന്‍റെ ശരീരം മുഴുവന്‍ പടരുന്നത് ബഹുരൂപി അറിഞ്ഞു. ഉറച്ചുശ്രമിച്ചിട്ടും ഇനിയൊരിക്കലും മാറ്റാൻ കഴിയാത്തവിധം ഒറ്റനിറത്തിൽ താൻ വെളിപ്പെട്ടുപോയിരിക്കുന്നു എന്നു തിരിച്ചറിഞ്ഞ അവൻ ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു.

സൂര്യന്‍ ഉച്ചിയിലെത്തിയിട്ടേ ഉള്ളൂ. ഉരഗലോകത്ത് ഇനിയും ദിവസത്തില്‍ ഒരുപാട് മണിക്കൂറുകൾ ബാക്കിയുണ്ട്.

Comments

comments