ങ്കരന്റെ തത്വശാസ്ത്രം പഴയതത്വങ്ങളുടെ തുടർച്ചയാണോ അതോ പഴയതിനോടു പുതിയതു കൂട്ടിച്ചേർക്കലാണോ എന്നു തീരുമാനിക്കുക വിഷമം പിടിച്ച പണിയാണെന്നും പഴയതിനെ പുതിയതിൽ നിന്നു വേർതിരിച്ചറിയുക പ്രയാസമാണെന്നും ഡോ .എസ് രാധാകൃഷ്ണനെപ്പോലുള്ളവർ പറഞ്ഞിട്ടുണ്ട്.

അദ്വൈതം പൂർണമായും പുതിയൊരു സിദ്ധാന്തമായിരുന്നില്ല.
വേദാന്തത്തിന്റെ അടിസ്ഥാന ശിലകളായ ഉപനിഷത്തുക്കൾ, ഭഗവദ് ഗീത, ബ്രഹ്മസൂത്രം എന്നിവയ്ക്കു ഭാഷ്യം ചമയ്ക്കുകയും അവയിലൂടെ ചിലപ്പോഴൊക്കെ പുതിയവ കൂട്ടിയെഴുതിയും പഴയതു പലതും തിരുത്തിയും അദ്വൈത സിദ്ധാന്തം രൂപപ്പെടുത്തിയ ശങ്കരാചാര്യരുടെ ജീവിതവും ദർശനവും എക്കാലത്തും വിസ്മയജനകമാണ്. എഴുത്തിന്റെയും ധ്യാനത്തിന്റെയും തപത്തിന്റെയും നിശ്ചേഷ്ടാവസ്ഥയായിരുന്നില്ല അദ്ദേഹത്തിനു ജീവിതം. 16 വയസിനുള്ളിൽ തന്റെ മുഖ്യ രചനകളെല്ലാം പൂർത്തീകരിച്ച ആചാര്യർ ഭാരതവർഷം മുഴുവൻ സഞ്ചരിച്ച് അദ്വൈത വേദാന്തം പ്രചരിപ്പിക്കുക കൂടി ചെയ്തു. ബൗദ്ധ ജൈന ദർശനങ്ങൾ, സാംഖ്യം, വൈശേഷികം, ന്യായം ഉത്തരമീമാംസ തുടങ്ങി അന്നു ഭാരതത്തിലുണ്ടായിരുന്ന വിവിധങ്ങളായ ചിന്താപദ്ധതികളെ തർക്കിക യുക്തിയോടെ നിഷ്പ്രഭമാക്കുകയും അദ്വൈതത്തെ ഏക ജ്ഞാനപദ്ധതിയായി സ്ഥാപിക്കുകയുമായിരുന്നു അദ്ദേഹം. ജനാധിപത്യ സ്വഭാവമുള്ള വാദപ്രതിവാദത്തിന്റെ രീതിശാസ്ത്രമായിരുന്നു അദ്ദേഹം എതിർചിന്തകളെ നിശബ്ദമാക്കാൻ സ്വീകരിച്ചത്. അദ്വൈതം പ്രചരിപ്പിക്കാനായി ശങ്കരാചാര്യർ നടത്തിയ യാത്രകളും വാദങ്ങളും രചനകളും നിശിതമായ പഠന വിമർശനങ്ങൾക്കു വിധേയമായിട്ടുണ്ട്. ഫ്യൂഡൽ സാമൂഹ്യക്രമത്തെയും ജാതി വ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളെയും സംരക്ഷിച്ച് ബ്രാഹ്മണ മേധാവിത്തത്തിന് ശക്തമായ അടിത്തറയിട്ടത് ആചാര്യരാണെന്ന ധാരണ നിലനിൽക്കുന്നു. കേരളത്തിൽ അയിത്താചരണമടക്കമുള്ള അനാചാരങ്ങൾക്ക് മാർഗ്ഗരേഖയായി കണക്കാക്കുന്ന ശാങ്കര സ്മൃതി ശങ്കരാചാര്യരെഴുതിയതാണെന്ന വിശ്വാസം ഇതിന്റെ തുടർച്ചയാണ്. അഹം ബ്രഹ്മാസ്മി, തത്വമസി പോലുള്ള മന്ത്രങ്ങൾ ബ്രാഹ്മണനും ശുദ്രനും ഒരു പോലെയാണെന്നദ്ദേഹം കരുതിയിട്ടില്ലെന്ന് ഭാഷ്യങ്ങളെ മുൻനിർത്തി പലരും വാദിക്കുന്നു. ബൗദ്ധ ദർശനത്തെ എതിർത്ത് വൈദിക മതം സ്ഥാപിക്കാനാഗ്രഹിച്ച കുമാരിലഭട്ടൻ, പ്രഭാകരൻ തുടങ്ങിയവരുടെ ആശയപരമായ പിന്തുണ നേടിയെടുക്കാൻ ശങ്കരാചാര്യർക്കു കഴിഞ്ഞിരുന്നു. മഠങ്ങൾ സ്ഥാപിച്ചും ശിഷ്യഗണത്തെ കൂടെ കൊണ്ടു നടന്നും വേദാന്ത പ്രചരണം നടത്തിയതുകൊണ്ട് പ്രച്ഛന്ന ബുദ്ധൻ എന്ന പരിഹാസപ്പേരും അദ്ദേഹത്തിനുണ്ട്. എന്തു തന്നെയായാലും ഭാരതീയ ദാർശനിക പാരമ്പര്യത്തിലെ ഏറ്റവും ശക്തമായ കണ്ണിയായി ശങ്കരാചാര്യർ നിലനിൽക്കുന്നു.” മറ്റു ആചാര്യന്മാരുടെ വാണികളാൽ ഇന്ത്യ ഈ വിധം വശീകരിക്കപ്പെട്ടിട്ടില്ല. നൂറു വേദാന്തികളെയെടുത്താൽ അവരിൽ 75 പേരും ശങ്കര ദർശനത്തെ പിന്താങ്ങുന്നവരായിരിക്കുമെന്ന് ” പോൾഡോയി പറഞ്ഞത് ഓർക്കേണ്ടതാണ് .

ശങ്കര ദർശനത്തെക്കുറിച്ച്, അതിലെ പാരമ്പര്യത്തുടർച്ചകളെക്കുറിച്ച്, പരസ്പരവൈരുദ്ധ്യങ്ങളെക്കുറിച്ച് ഒക്കെ പഠിക്കുന്നതിന് ശങ്കരവിരചിതമായ ഭാഷ്യങ്ങൾ, സ്വതന്ത്രകൃതികൾ, എന്നിവയെ ആശ്രയിക്കാവുന്നതാണ്. എട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ജനിച്ചുവെന്നു കരുതുന്ന അദ്ദേഹത്തിന്റെ ഹ്രസ്വമായ ജീവിതത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ സൂചനകൾ ലഭിക്കുക പക്ഷേ അത്ര എളുപ്പമല്ല. അത്ഭുതസിദ്ധികളുള്ള അവതാര പുരുഷനായി വാഴ്ത്തുന്നവയാണ് ശങ്കരനെക്കുറിച്ചുള്ള പരിമിതമായ ജീവചരിത്ര സൂചനകൾ. അത്തരം അല്പ വിഭവങ്ങളുപയോഗിച്ച് ആധികാരികവും യുക്തിഭദ്രവുമായ വിധത്തിൽ അദ്ദേഹത്തിന്റെ ജീവചരിത്രം കഥാത്മകമായെഴുതാനുള്ള ശ്രമമാണ് രാജീവ് ശിവശങ്കറിന്റെ ‘ മറ പൊരുൾ ‘ എന്ന നോവലിന്റേത്. ജനനം മുതൽ സമാധി വരെയുള്ള ജീവിതം വസ്തുനിഷ്ഠമായും വിശ്വസനീയമായും maraപ്രതിപാദിക്കുന്നതിനിടയിൽത്തന്നെ ശങ്കര ദർശനത്തിലെ വൈരുദ്ധ്യങ്ങളെ ഇഴകീറി പരിശോധിക്കാനുള്ള ശ്രമവും നടത്തിയിരിക്കുന്നു. പക്ഷേ ഒരിടത്തും നോവലിന്റെ രസനീയതകൾക്കു ഭംഗം വരുന്നുമില്ല. ജീവചരിത്ര നോവലുകളിൽ പതിവില്ലാത്ത വിധം മനോജ്ഞമായ ദൃശ്യ ബിംബങ്ങളിലൂടെ ഇതിഹാസ മാനങ്ങളുള്ള ഒരു ജീവിത ചിത്രണം അങ്ങേയറ്റം കാല്പനികവും അതേ സമയം യഥാതഥവുമാക്കിയിരിക്കുന്നു. കാലടി മുതൽ കേദാരം വരെയുള്ള പ്രകൃതി, പൂർണ മുതൽ ഗംഗ വരെയുള്ള പ്രവാഹങ്ങൾ എല്ലാം ഇവിടെ കഥാപാത്രങ്ങളാവുന്നു. വേദാന്ത ചർച്ചകളുടെ ദുർഗ്രഹതകൾ ഒരിടത്തും വായനക്കാരെ കുഴയ്ക്കുന്നില്ല. സ്വാഭാവികമായും ആസ്വാദ്യമായും അവയെക്കൂടി സ്വാംശീകരിക്കാൻ അവർക്കു കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്.

കാണെക്കാണെ ഉയർന്നു പോകുന്ന മാമലകൾ ,പായൽ പിടിച്ച പാറക്കെട്ടുകൾ ..വെണ്മേഘപാളികൾ.. മായികമായ വർണ്ണം കൊണ്ടു മനസിനെ വിഭ്രമിക്കുന്ന ദൂരങ്ങൾ .. ചിലപ്പോൾ നീല ,ചിലപ്പോൾ തവിട്ട് ,നദിക്കരയിൽ കടും പച്ച ,പിന്നെ മഞ്ഞ… മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കപ്പുറം ഹിമ നിരകളൊളിപ്പിച്ചുവെച്ച അപ്രതീക്ഷിതത്വത്തിന്റെ നിഗൂഡതയെപ്പറ്റി ഞാൻ ബോധവാനായത് ആ യാത്രയിലായിരുന്നു. മലകളെ ചുറ്റി വേറൊരുമല താണ്ടി ,മറ്റൊരു മലയുടെ ചരിവിലൂടെ നദിയുടെ വളവുകൾക്കൊപ്പം തിരിഞ്ഞ് ഇഴഞ്ഞകലുന്ന വഴിയിൽ മന്ത്രമുഖരിതമായ ചുണ്ടുകളോടെ നടക്കുമ്പോഴാണ് മുന്നറിയിപ്പില്ലാത്ത ആകാശം ഇരുണ്ടത്. തണുപ്പിനു ഗാഢതയേറി. അകലെയുള്ള മലകൾ മഞ്ഞു പടലങ്ങളിൽ മുങ്ങി. ഇലപ്പച്ചകളെ നനച്ച് ഹിമകണങ്ങളുതിരാൻ തുടങ്ങി. ഉടൽ നിറയെ മുള്ളുകളുമായി കോടക്കാറ്റ് മലമുകളിൽ നിന്ന് ചിതറി. … (പുറം 118)

“ഗംഗാ തീരത്തുകൂടിയുള്ള യാത്ര ആനന്ദദായകമായിരുന്നു. ഓരോ സ്ഥലത്തും ഗംഗയ്ക്ക് ഓരോ ഭാവമായിരുന്നു. ചിലേടത്ത് ഓടിക്കളിക്കുന്ന പിഞ്ചു കുട്ടി. മറ്റു ചിലേടത്ത് അതീവശ്രദ്ധയോടെ ചുവടുവെയ്ക്കുന്ന വൃദ്ധ ,ചിലപ്പോൾ കൂമ്പിയ താമരമൊട്ടു പോലെ വിനയവതി, മറ്റു ചിലപ്പോൾ ആളുന്ന തീ നാളം പോലെ രുദ്ര…. (പുറം  92)

ഈ രീതിയിൽ കവിത തുളുമ്പുന്ന ആഖ്യാനം നോവലിനെയൊട്ടാകെ സവിശേഷമാക്കുന്നു.

ശങ്കരാചാര്യരുടേത്, ഇന്ത്യയിലെ വൈവിദ്ധ്യ പൂർണങ്ങളായ വ്യത്യസ്ത ദർശനങ്ങളെ ക്രോഡീകരിച്ച് ഏകീകരിക്കുകയെന്ന ചരിത്ര നിയോഗമായിരുന്നുവെന്ന വീക്ഷണമാണ് മറപൊരുളിലുള്ളത്. ഇന്ത്യൻ സംസ്കാരത്തിലും മതബോധത്തിലും നിർണായകവും ദീർഘവുമായ സ്വാധീനം ചെലുത്തിയിരുന്ന ബൗദ്ധ ജൈന മതങ്ങളുടെ ജീർണദശയായിരുന്നു 8-9 നൂറ്റാണ്ടുകളെന്നത് ശങ്കരാചാര്യർക്ക് അനുകൂല ഘടകമായി. ബുദ്ധമതത്തെക്കുറിച്ചും സന്ന്യാസിമാരുടെ കുത്തഴിഞ്ഞതും സഹിഷ്ണുതയില്ലാത്തതുമായ ചെയ്തികളെക്കുറിച്ചും നോവലിൽ ധാരാളം പരാമർശങ്ങളുണ്ട്. ബദരിയിലും ശ്രീനഗരത്തിലുമൊക്കെ ഹൈന്ദവ ക്ഷേത്രങ്ങൾ തകർക്കുകയും വിഗ്രഹങ്ങൾ നദിയിലെറിയുകയും ചെയ്യുന്നു ബുദ്ധമതാനുയായികൾ. വിജ്ഞാന വിനിമയത്തിന്റെ മഹത്തായ ഇന്ത്യൻ മാതൃകയായിരുന്ന നാളന്ദ സർവ്വകലാശാലയുടെ തകർച്ചയ്ക്കു കാരണമായതും ബുദ്ധമതത്തിന്റെ സാംസ്കാരിക ജീർണതകളായിരുന്നുവെന്നു നോവലിൽ പരാമർശമുണ്ട്..ശാക്തേയം, സാംഖ്യം, ശൂന്യം, ജൈമിനീയ മീമാംസ പോലുള്ള എണ്ണമറ്റ ദർശനങ്ങളാവട്ടെ ഭാരതവർഷത്തെയൊന്നാകെ സ്വാധീനിക്കാൻ കെല്പുള്ളവ ആയിരുന്നില്ല. ശക്തമായ താത്വികാടിത്തറയുള്ള അദ്വൈത വേദാന്തം പ്രചരിപ്പിക്കുക, പണ്ഡിതനും വാഗ്മിയും കവിയുമായിരുന്ന ആചാര്യർക്ക് പ്രായേണ എളുപ്പമായിരുന്നു. സമ്പൂർണമായ തത്വസംഹിത, കാര്യ കാരണ സഹിതമുള്ള സമർത്ഥനം ഇവ കൊണ്ട് കേരളം മുതൽ കേദാരം വരെ ആത്മീയമായി കീഴടക്കാൻ ശങ്കരാചാര്യർക്കു കഴിഞ്ഞു.

ചരിത്രവും സംസ്കാരവും ഈ രീതിയിൽ അടയാളപ്പെടുത്തിയ ഒരു മഹാമനീഷിയുടെ ജീവിത കഥയ്ക്ക് അഭൗമ സ്വഭാവമുണ്ടാവുക സ്വാഭാവികമാണ്. അവയാവട്ടെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടവയോ വസ്തുനിഷ്ഠമോ ആവണമെന്നുമില്ല. ആരാധനയുടെ വർണക്കൂട്ടുകൾ അദ്ദേഹത്തെ അവതാര പുരുഷനാക്കുന്നു. വിമർശകരാവട്ടെ ജീവിതത്തെക്കുറിച്ചല്ല, ദർശനങ്ങളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചായിരിക്കും കൂടുതൽ സംസാരിച്ചിട്ടുണ്ടാവുക. ഇത്തരം അവ്യക്തതകൾക്കുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ ജീവിത ചിത്രം വിശ്വസനീയമായി വരച്ചെടുക്കുകയാണ് മറ പൊരുൾ. ശങ്കരനെ പ്രകീർത്തിച്ചുകൊണ്ടുള്ള ഏകപക്ഷീയമായ രചനയല്ല ഇത്. അതേ സമയം ശങ്കരനെ വിചാരണ ചെയ്യുന്നതുമല്ല. രണ്ടിനുമിടയിലെ സന്തുലിതമായ നില്പ്. വേദാന്ത ചർച്ച നടത്തുന്ന ശാസ്ത്രീയ ഗ്രന്ഥമല്ലാത്തതു കൊണ്ടു തന്നെ ആ നിലപാടാണ് കൂടുതൽ അഭികാമ്യവും. അദ്വൈതത്തിനു പൂരകമായ വ്യത്യസ്തവും വിരുദ്ധവുമായ കാഴ്ചകൾ, ചിന്തകൾ, ആശയങ്ങൾ. കഥ പറയുന്നത് ശങ്കരനെ ആജീവാനന്തം പിന്തുടർന്ന സുഹൃത്തും ശിഷ്യനുമായ വിഷ്ണു ശർമ്മയെന്ന ചിൽസുഖനാണ്. ചിൽ സുഖൻ കണ്ടതും കേട്ടതുമായ അനുഭവങ്ങൾ, അറിവുകൾ, വിമർശനങ്ങൾ, വിയോജിപ്പുകൾ ശങ്കരൻ തന്നെ സ്വകാര്യമായി വെളിപ്പെടുത്തുന്ന അന്ത സംഘർഷങ്ങൾ, ക്ഷോഭങ്ങൾ ഇതിലൂടെയൊക്കെയാണ് നോവൽ സമ്പൂർണമാവുന്നത്. കാമനകളും കലുഷതകളും വിപരീത ലോകങ്ങളും പരസ്പരം കലഹിക്കുന്ന അനുഭവങ്ങളും ഇവിടെയുണ്ട്.

ജനന സ്ഥലം, മാതാപിതാക്കൾ, കൃതികൾ തുടങ്ങി ശങ്കരന്റെ ജീവിതവും മരണവും വരെയുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും വിവാദാസ്പദമായ അറിവുകളാണുള്ളത്. അവയിൽ യുക്തിസഹമായതു മാത്രം സ്വീകരിച്ചിരിക്കുന്നു. 8 വയസു വരെയുള്ള ശങ്കരന്റെ ജീവിതം കുട്ടിക്കാലത്തിന്റെ ഊഷ്മളവും ഹൃദ്യവുമായ അനുഭവങ്ങളുടേതാണ്. ഒപ്പം തന്നെ അപാരതകളിലേക്ക് വളരാൻ വെമ്പുന്ന തീവ്രബുദ്ധിയുടെ പ്രകാശവുമവിടെയുണ്ട്.

“എനിക്കറിയാവുന്നതെല്ലാം പകർന്നു കൊടുത്തു കഴിഞ്ഞു. പക്ഷേ ശങ്കരന് ഇതൊന്നും പോര.ബ്രഹ്മത്തെപ്പറ്റിയും മായയെപ്പറ്റിയുമാക്കെ അയാൾ ചോദിക്കുന്നതിന് ഉത്തരം പറയാനെനിക്കാവുന്നില്ല ” (പുറം  27) എന്നു ശിവ ഗുരുവിനെ നിസഹായനാക്കുന്ന മനീഷ. അച്ഛന്റെ മരണത്തെപ്പോലും വാം സാംസി ജീർണ്ണാനി എന്ന ഗീതാ ശ്ലോകം കൊണ്ട് ആറ്റിത്തണുപ്പിക്കുന്ന നിർമമത്വം, തീണ്ടലും തൊടീലും പോലുള്ള ദുരാചാരങ്ങളെ എതിർക്കാനും ജപവും തേവാരവും പോലുള്ള നിത്യ കർമ്മങ്ങളെ നിരസിക്കാനുമുള്ള ഉൾക്കരുത്ത്, അപ്പോഴും കണ്ണിൽ പൂർണാ നദിയുടെ തിരയിളക്കവും നൈർമ്മല്യവും കുസൃതിയും.

8 വയസുവരെയുള്ള ശങ്കരന്റെ ജീവിതത്തിന്റെ ഭംഗികളും ആശങ്കകളും ഭാവ വ്യതിയാനങ്ങളും ദൃഡനിശ്ചയങ്ങളും വിഷ്ണുവിന്റെ വാക്കുകളിലൂടെ അതീവ മനോഹരമായി പകർത്തിയിരിക്കുന്നു.

സന്യാസദീക്ഷയ്ക്കും ഗോവിന്ദ ഭഗവദ് പാദരുടെ ശിഷ്യത്വത്തിനും ശേഷമുള്ള ഇന്നത്തെ ശങ്കരാചാര്യരെ രൂപപ്പെടുത്തിയെടുത്ത നിർണായക സംഭവങ്ങൾ, അവയുടെ ദിവ്യപരിവേഷം അഴിച്ചു കളഞ്ഞ് കഴിയുന്നത്ര സ്വാഭാവികമാക്കാൻ ശ്രമിച്ചിട്ടുണ്ട്. നർമ്മദ കര കവിഞ്ഞൊഴുകിയപ്പോൾ തീരത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതാണ് പല കാതുകൾ മാറി മറിഞ്ഞ് നദിയെ കമണ്ഡലുവിലൊതുക്കിയതായി പ്രചരിച്ചത്. ഇങ്ങനെ എത്രയോ കഥകൾ. വിശിഷ്ട വ്യക്തികളെക്കുറിച്ച് ഇത്തരം അത്ഭുതകഥകളുണ്ടാവുന്നതു സാധാരണവുമാണ്. അദ്ദേഹത്തിന്റെ മനോജ്ഞ രചനകളുടെ ഭാവ പരിസരങ്ങളും നോവൽ അന്വേഷിക്കുന്നുണ്ട്. ഭാഷ്യരചന ശങ്കരാചാര്യരുടെ ജന്മ നിയോഗം തന്നെയായിരുന്നു.ഭജഗോവിന്ദം പോലൊരു രചന അദ്ദേഹത്തിന്റെ ഉന്നതമായ അഭിരുചികളിൽ നിന്നു ജനിക്കാനിടയില്ലെന്നു തിരിച്ചറിഞ്ഞാവണം ആ കാവ്യത്തിനു പ്രേരണയായെന്നു പറയപ്പെടുന്ന സംഭവം വിശദീകരിച്ച്, ശങ്കരാചാര്യർ തൽസമയം ചൊല്ലിയ ചില ശ്ലോകങ്ങളുടെ ആശയം ഓർത്തെടുത്ത് ശിഷ്യനായ പത്മ പാദർ പിന്നീടെഴുതിയതാണ് പ്രസ്തുത കൃതിയെന്നു സ്ഥാപിച്ചിരിക്കുന്നത്. ദുർഗ്രഹമായ തത്വചിന്തയുടെ പ്രചാരകൻ മാത്രമായിരുന്നില്ല ശങ്കരാചാര്യർ, അസാധാരണ പ്രതിഭയുള്ള കവി കൂടിയായിരുന്നു. മനീഷാ പഞ്ചകം, ഗംഗാഷ്ടകം, യമുനാഷ്ടകം, നർമ്മദാഷ്ടകം, സ്തോത്രങ്ങൾ തുടങ്ങി എത്രയോ ഉദാഹരണങ്ങൾ. യോഗചര്യയും തന്ത്രവിദ്യയുമെല്ലാമുൾക്കൊള്ളിച്ചു രചിക്കപ്പെട്ട ആനന്ദലഹരിയെന്നു കൂടി പേരുള്ള സൗന്ദര്യലഹരിയെന്ന കൃതിയെക്കുറിച്ച് നോവൽ ദീർഘമായി ചർച്ച ചെയ്യുന്നുണ്ട്. പരകായപ്രവേശ കഥയുടെ യാഥാർത്ഥ്യം എന്തായാലും, ശങ്കരകഥയെ നാടകീയവും സംഘർഷഭരിതവുമാക്കാനുള്ള ഘടകങ്ങൾ അതിലുണ്ടെന്നതു കൊണ്ട് സമർത്ഥമായി അതിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഭർത്താവായ മണ്ഡനമിശ്രന്റെ സന്യാസം തടയാനും ഗൃഹസ്ഥനായിത്തന്നെ അയാളെ തിരിച്ചുകിട്ടാനുമുള്ള ഉഭയഭാരതിയുടെ നീറിപ്പിടയലും വൈരാഗ്യവുമാണ് ശങ്കരാചാര്യരെ പരകായപ്രവേശത്തിലെത്തിക്കുന്നത്. ഉഭയഭാരതിയുടെ നിസഹായതയ്ക്കും ഏകാന്തതയ്ക്കും കൂടുതൽ മിഴിവു നൽകുന്ന ആഖ്യാനം, സന്യാസം / വേദാന്തം / ബ്രഹ്മചര്യം ഇങ്ങനെയുള്ള ആരാധ്യമായ അവസ്ഥകൾക്കു പിന്നിലുള്ള വേദനയും കണ്ണീരും കൂടി ആവിഷ്കരിക്കുന്നു .” മണ്ഡനമിശ്രനെ കാഷായം ധരിപ്പിച്ചു സുരേശ്വരനാക്കി. ഉഭയഭാരതിക്ക് എന്താണു ശിക്ഷ? ഭർത്താവു സന്യാസം സ്വീകരിച്ചു നാടുവിടുമ്പോൾ ഭാര്യ എന്തു ചെയ്യണമെന്നാണ് അദ്വൈത വേദാന്തം പറയുന്നത്?പതിയുടെ നിഴലാകണം ഭാര്യയെന്നാണ് ഞാൻ പഠിച്ചത്. കാഷായമുടുത്തു വന്നാൽ എന്നെയും സ്വീകരിക്കുമോ നിങ്ങൾ?(പുറം 210 ) ഉഭയഭാരതിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരമില്ലാതെ അദ്വൈത വേദാന്തം പതറിപ്പോവുന്നു. ലൗകികതയും ആദ്ധ്യാത്മികതയും തമ്മിൽച്ചേരാത്ത മറുപുറങ്ങളാണെന്നും ചരടുകൾ പൊട്ടിച്ചെറിയുമ്പോൾ സന്യാസി വേദാന്തത്തെപ്പറ്റി മാത്രമേ ഓർക്കുന്നുള്ളുവെന്നും ചിൽസുഖനു തിരിച്ചറിയാനാവുന്നുണ്ട്. ചരടിന്റെ മറ്റേയറ്റത്ത് ചോരയൊലിപ്പിക്കുന്ന ജീവിതത്തെ മറന്നു പോവുന്നു സന്യാസി. എന്തുകൊണ്ടാണ് അദ്വൈതം പ്രപഞ്ച മാതാവിനെ ഭയപ്പെടുന്നത്? എന്നു ലക്ഷമണനും എന്താണ് സ്ത്രീകളെ ശിഷ്യകളായി സ്വീകരിക്കാൻ ആചാര്യർക്കു കഴിയാതെ പോയത്, അദ്വൈത സ്വരമറിഞ്ഞവന് സ്ത്രീ പുരുഷ ഭേദമുണ്ടോ എന്ന് ഭാനു മരീചിയും വ്യത്യസ്ത സന്ദർഭങ്ങളിലായി ചോദിക്കുന്നുണ്ട്. ബ്രഹ്മവിദ്യയാകുന്ന പ്രിയയോടൊപ്പം സഞ്ചരിക്കുന്ന ധന്യരായ സന്യാസികളെക്കുറിച്ച് പ്രതിപാദിക്കുന്ന ധന്യാഷ്ടകത്തിൽ ആചാര്യർ തന്നെ തീവ്രമായ സ്ത്രീ പുരുഷ ബന്ധമെന്ന കാവ്യ ബിംബം ഉപയോഗപ്പെടുത്തുന്നു. തത്വചിന്തയുടെ ഉന്നതമായ ആകാശങ്ങളിലേക്കു മാത്രം പറക്കുകയല്ല, ഇവ്വിധം മനുഷ്യപക്ഷത്ത്, വിശേഷിച്ച് സ്ത്രീപക്ഷത്ത് വേരുറപ്പിച്ചു നിൽക്കുകയാണ് മറ പൊരുൾ.

കാഷായത്തിന് ഉടലിനെ പൊതിയാനേ കഴിയൂ എന്ന് ഓരോ നിമിഷവുമറിയുന്ന ചിൽസുഖൻ, നീന്തലറിയാഞ്ഞിട്ടും മറുകരയിലുള്ള ഗുരു വിളിച്ചപ്പോൾ അളകനന്ദയുടെ കുത്തൊഴുക്കിനെ കീറി മുറിച്ചു ചെന്നതു കൊണ്ട് പത്മ പാദരായ സനന്ദനൻ, ശുദ്ധ കീർത്തി, തോടകൻ, ഹസ്താമലകൻ, തീക്കനലുകൾ പോലുള്ള ചോദ്യങ്ങൾ സദാ ചോദിച്ചു കൊണ്ടിരിക്കുന്ന അടിമുടി തീയായ ഭാനു മരീചി, സ്വപ്നം കാണുന്ന കണ്ണുകളുള്ള അലസനായ ,ഗുരുവിലെ കവിത്വത്തെ ആരാധിക്കുന്ന ലക്ഷ്മണൻ, സുരേശ്വരാചാര്യർ ,അദ്വൈതത്തെക്കുറിച്ചു സംശയാലുക്കളാവുന്ന കപർദനെപ്പോലുള്ളവർ തുടങ്ങി അനേക കഥാപാത്രങ്ങളിലൂടെയാണ് ശങ്കര ദർശനത്തിലെ പിഴവുകളും പാളിച്ചകളും സൂക്ഷ്മമായി പിന്തുടരുന്നതും വിടവുകളടയ്ക്കുന്നതും. നേപ്പാളദേശത്തുവെച്ച് ആചാര്യ ശിഷ്യരോടു സംവദിക്കുന്ന ബുദ്ധഭിഷു അദ്വൈതത്തെ നിശിതമായി വിമർശിക്കുന്നുണ്ട്. “മതം എന്നതു ബോധം നശിപ്പിച്ചു മയക്കിക്കിടത്തുന്ന ഔഷധം പോലെയാണ് .ഏതു സമൂഹത്തിലും ഏതു തലമുറയിലും കുറെപ്പേർ അതിനടിമപ്പെടും. അത്തരം സമൂഹത്തിൽ നേതാവാകാനുള്ള എളുപ്പവഴി ഒന്നേയുള്ളു. കൂടുതൽ മയക്കം സമ്മാനിക്കുന്നത് തന്റെ കൈയ്യിലുള്ള ഔഷധത്തിന്റെ വീര്യമാണെന്നു പറയുക. അതു തന്നെയാണു നിങ്ങളുടെ ആചാര്യനും ചെയ്തത്.ഭ്രാന്തി ,മനോവിഭ്രമം ,മായ… ഒരു വശത്ത് ബ്രഹ്മത്തെ സ്തുതിക്കുക ,മറുവശത്ത് മറ്റു മതസ്ഥരെ തുരത്തി ക്ഷേത്രങ്ങൾ ഉദ്ധരിക്കുക ,വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുക. ഇതു കൈയ്യൂക്കിന്റെ വഴിയല്ലേ? (പുറം 345)

ഇത്തരം സൂക്ഷമവിമർശനങ്ങൾ കൂടിയുള്ളതുകൊണ്ടാണ് കേവലമായ ശങ്കരപ്രകീർത്തനമെന്നതിനപ്പുറം സമകാലിക വായനയിലും ഈ നോവലിനു പ്രസക്തിയുണ്ടാവുന്നത്. ഗഹനമായ തത്വചിന്തയെയും വിരസമായ വാദസഭകളെയും കഴിയുന്നത്ര ലളിതമായി പിന്തുടർന്നിരിക്കുന്നു. സന്ദർഭോചിതമായ കഥകളും ഉദ്ധരണികളും നൽകുന്ന പാരായണ ക്ഷമത കുറച്ചൊന്നുമല്ല.

അപരിചിതമായതെല്ലാം പരിചിതമാക്കുന്ന സുഗമമായ കഥന ശൈലി കൊണ്ടും ജീവചരിത്ര നോവലിന്റെ മനോഹരമായൊരു മാതൃകയായി മറ പൊരുൾ രൂപാന്തരപ്പെട്ടിരിക്കുന്നു.

Comments

comments