(മലയാള സിനിമാപഠനങ്ങൾ – അധ്യായം – 5)
കല അനിർവചനീയമായിത്തീരുന്നത് അതിനെ നിർവചിക്കാൻ എമ്പെരിക്കൽ (empirical) മാനദണ്ഡങ്ങൾ ഇല്ല എന്നതുകൊണ്ട് മാത്രമല്ല, ഉള്ള മാനദണ്ഡങ്ങളെയും, കലയെ തന്നെയും അത് നിരന്തരം മറികടക്കുകയും പുനർനിർവചിക്കുകയും ചെയ്യുന്നു  എന്നത് കൊണ്ട് കൂടിയാണ്. ജൈവമായ എല്ലാ  കലകളും ഘടനാപരമായും ഭാവുകത്വപരമായും തങ്ങളെ  നിരന്തരം വീണ്ടെടുത്തുകൊണ്ടേയിരിക്കുന്നു. ഒപ്പം പുതിയ കലകൾ ഉണ്ടാകുന്നു. അവയെയും ഉൾക്കൊണ്ട് നിലവിലുള്ള  കലകൾ പിന്നെയും ഘടനയിലും ഭാവത്തിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് വിധേയമാകുന്നു.

ഇത് കലയുടെ സൃഷ്ടിപരമായ പരിണാമങ്ങളുടെ കാര്യം. പക്ഷേ മറ്റൊന്ന് കൂടിയുണ്ട്, അഥവാ ഉണ്ടാകേണ്ടതുണ്ട്. അത് ആസ്വാദനത്തിലെ ഭാവുകത്വപരിണാമങ്ങൾ ആണ്. ആദർശതലത്തിൽ ഇവ ഒപ്പം നടക്കുന്നവയാണെന്ന് വേണമെങ്കിൽ വാദിക്കാം. പക്ഷേ പ്രയോഗതലത്തിൽ പലപ്പോഴും അത് അങ്ങനെയല്ല നടക്കുന്നത് എന്ന് മാത്രമല്ല, ചലനം  വിപരീതദിശയിൽ പോലും ആകുന്നു. ആശാൻ കവിത പുതുകവിതയെ അടിക്കാനുള്ള വടിയാകുന്നത് ഇങ്ങനെയാണ്. പുതുകവിതയിൽ ശ്രദ്ധേയരായ കവികൾ വായിച്ചിട്ടുള്ളതിന്റെ നാലിലൊന്ന് ആശാൻ കവിതകൾ പോലും വായിച്ചിട്ടില്ലാത്തവരാണ് പൊതുബോധത്തിന്റെ ഈ വിമർശനയുക്തിയുടെ പ്രചാരകർ എന്നതാണ് ഇതിലെ വിചിത്രസത്യം. ഇത് ഉണ്ടാക്കുന്ന പ്രതിസന്ധികൾ  കവിതയ്ക്ക് മാത്രമല്ല, സകലകലകൾക്കും ബാധകവുമാണ്.

സിനിമയിൽ ഇത് കൂടുതൽ തീവ്രമാകുന്നു. കവിതയുൾപ്പെടെയുള്ള കലാരൂപങ്ങൾക്ക് ഇല്ലാത്ത ജനപ്രിയത സിനിമയ്ക്കുണ്ട്  എന്നതിനാൽ തന്നെ പൊതുബോധ നിർമ്മിതമായ വിമർശന യുക്തികൾ കൂടുതൽ അക്രമാസക്തമായ നില സ്വീകരിക്കുന്നതും അവിടെയാണ്. അതായത് പൊതുബോധവും, അതുവഴി കമ്പോളവും സിനിമയിൽ വർജ്ജനങ്ങളും, വിലക്കുകളും, അവഗണനയും വഴി സ്വന്തം ഭാവുകത്വത്തെ അക്രമാസക്തമായി നിലനിർത്തുന്നതുപോലെ ഒരു സമ്മർദ്ദം ഒരുപക്ഷേ മറ്റൊരു കലയ്ക്കും ഉണ്ടാവില്ല. വ്യവസായവിപ്ലവത്തിന് ശേഷമെങ്കിലും വിപണിയും അധികാരവും രണ്ടല്ല എന്ന് സമ്മതിച്ചാൽ ഇവിടെ കലയിൽ പ്രവർത്തിക്കുന്നതും അധികാരം തന്നെയാണെന്ന് കാണാം. ആ അധികാരത്തിന്റെ, അതിന്റെ വംശീയവും വർഗ്ഗീയവും ലിംഗപരവുമായ പ്രതിഫലനങ്ങളെ കലയുടെ സങ്കീർണ്ണമായ, സദാ പരിണമിച്ചുകൊണ്ടിരിക്കുന്ന രൂപബന്ധിയും ഭാവുകത്വപരവുമായ ഘടന നല്കുന്ന ഒളിയിടങ്ങളിൽ നിന്ന് പുറത്തെടുത്ത് വിശകലനം ചെയ്യുക എന്നതാണ് സാംസ്കാരിക പഠനങ്ങളുടെ ധർമ്മം എന്ന് പറയാം.

കലയിലെ രാഷ്ട്രീയം
കലയുടെ രാഷ്ട്രീയ വായന എന്നത് സങ്കീർണ്ണമായ ഒരു പ്രയോഗമാണ്. അതുകൊണ്ട് തന്നെ കലാവിമർശനത്തിന്റെ ഉപകരണമായി അതിന്റെ രാഷ്ട്രീയവായന ഉപയോഗിക്കാൻ പറ്റുമോ എന്ന ആശങ്കയും. എല്ലാ കലകളിലും, ഒന്നിലെ തന്നെ പല വിഭാഗങ്ങളിൽ പെടുന്ന സൃഷ്ടികളിലും ഒക്കെ ഇത്തരം ഒരു ഒറ്റ അരിപ്പ  സാദ്ധ്യമാണോ എന്ന തരം  സംശയം സ്വാഭാവികവുമാണ്. ഇവിടെയാണ്  എന്താണ് കലയിലെ രാഷ്ട്രീയം എന്ന ചോദ്യം കടന്നുവരുന്നത്. അതിനെ വിശദീകരിച്ചല്ലാതെ ഈ വിഷയത്തിൽ മുന്നോട്ട് പോകാനാവില്ല.

കലയുടെ രാഷ്ട്രീയം എന്നത് അതിന്റെ ഉള്ളടക്കത്തിൽ പ്രത്യക്ഷമായ രാഷ്ട്രീയ ചായ്വുകൾ ഉണ്ടോ എന്നു നോക്കലും, അതിന്റെ വിശദീകരണവുമല്ല. കലയുടെ രാഷ്ട്രീയം പലപ്പോഴും പ്രത്യക്ഷമാകുന്നത് അതിലല്ല, മറിച്ച് ആസ്വാദകനിലാണ്. ആസ്വാദകനും കലയുമായുള്ള ബന്ധം നിലനില്ക്കുന്നത് അത്  അയാളിൽ ഉണ്ടാക്കുന്ന അനുഭവത്തിലൂടെയാണ്. ഒരു അനുഭവവും നല്കാത്ത, അയാളുമായി ഒന്നും സംവദിക്കാത്ത ഒരു കലയുമായി ഒരു ആസ്വാദകനും ബന്ധം തുടരാനാവില്ല. ഇത് പൊതുവിലുള്ള കാര്യം. ഇനി ഒരു കലാരൂപത്തിലെ ഒരു പ്രത്യേക സൃഷ്ടിയെ എടുക്കുക. അതായത് നോവലിൽ ഒരു പ്രത്യേക നോവലിനെ. ഇവിടെയും മേല്പറഞ്ഞ കാര്യം പ്രസക്തമാണ്. അതിനെ അയാൾ ഇഷ്ടപ്പെടുന്നതും തന്റെ പ്രിയനോവലുകളിൽ ഒന്നായി  തിരഞ്ഞെടുക്കുന്നതും അത് അയാളുമായി സംവദിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്.

ഇവിടെ ഒരു ഉദാഹരണമായി  ജെയിംസ് ജോയ്സിന്റെ ‘പോർട്രൈറ്റ്‌ ഓഫ് ആൻ ആർട്ടിസ്റ്റ് ആസ് എ യങ്ങ് മാൻ’ എന്ന നോവൽ

പോർട്രൈറ്റ്‌ ഓഫ് ആൻ ആർട്ടിസ്റ്റ് ആസ് എ യങ്ങ് മാൻ
പോർട്രൈറ്റ്‌ ഓഫ് ആൻ ആർട്ടിസ്റ്റ് ആസ് എ യങ്ങ് മാൻ

എടുക്കുക. ഒരു സാഹിത്യകൃതി എന്ന നിലയിൽ അത് നിലനില്ക്കുന്ന കാലഘട്ടത്തെയും, അതിനെ സ്വാധീനിച്ച പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള ചരിത്രബന്ധിയും ഭാവുകത്വപരവുമായ അറിവില്ലാതെ ആസ്വദിക്കാൻ പറ്റില്ല. എന്നാൽ അതുകൊണ്ട് അത് മോശമാകുന്നുമില്ല. പക്ഷേ പ്രശ്നം അവിടെയല്ല. ആ നോവൽ ആസ്വദിക്കാൻ ക്ഷമതയുള്ള ആസ്വാദകർ ഉണ്ട്. അവരിൽ മേൽപറഞ്ഞ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ആ തിരഞ്ഞെടുപ്പിലാണ് ആ കൃതിയുടെ രാഷ്ട്രീയം കുടികൊള്ളുന്നത്.

അമൂർത്ത ചിത്രകല എടുക്കുക. അതിനെ എങ്ങനെ രാഷ്ട്രീയമായി വായിക്കാം? രൂപബന്ധിയായ ഒരു യാഥാസ്ഥിതിക ഭാവുകത്വനിർമ്മിതി പാർശ്വവൽക്കരിച്ച, കലയല്ല എന്ന് പറഞ്ഞ് അപരവല്ക്കരിച്ച നിറങ്ങളും, രൂപങ്ങളും, വടിവുകളും, പ്രതലങ്ങളും ഉണ്ട്. അവയെ പ്രശ്നവൽക്കരിക്കാൻ രൂപത്തെ മുഴുവനായി നിഷേധിക്കുക എന്ന ചിന്തയിൽ, അതിന്റെ ആവിഷ്കാരത്തിലും ആസ്വാദനത്തിലും ആണ് അമൂർത്ത കലയുടെ രാഷ്ട്രീയം. അതിൽ തന്നെയുള്ള പലതിനിടയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് ഈ തിരസ്കാരത്തിന്റെ സൂക്ഷ്മതകളെ മുൻനിർത്തിയാണ്. നിറങ്ങൾക്കും, വടിവുകൾക്കും, മിനുക്കങ്ങൾക്കും ഒക്കെ അതിന്റേതായ പ്രതിനിധാന രാഷ്ട്രീയമുണ്ട്. അവയിലൂടെയാണ് അവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നും മനസിലായില്ല, അതുകൊണ്ട് ഇത് മോശമാണെന്ന് പറയാനും പറ്റില്ല എന്ന യുക്തി; അതായത് മോശമാണെന്ന് വ്യക്തമായല്ലാതെ മോശം എന്ന് എങ്ങനെ പറയും എന്നതിലെ ശങ്കയുടെ യുക്തി അവധാനതയുള്ള കലാസ്വാദനത്തിന് ചേർന്നതല്ല. ആവർത്തിച്ച് ശ്രമിച്ചിട്ടും, ആവശ്യമായ പശ്ചാത്തലപഠനം നടത്തിയിട്ടും ഒരു കലാസൃഷ്ടി ഒന്നും സംവദിക്കുന്നില്ലെങ്കിൽ അത് വെറും വ്യാജസൃഷ്ടിയാണെന്ന് പറയുവാനുള്ള കലാസ്വാദകന്റെ ഭാവുകത്വപരമായ  ആർജ്ജവം ഇവിടെ സർവ്വപ്രധാനമാണ്. നാളെ അത് തെറ്റായിരുന്നു എന്ന് ഒരുപക്ഷേ തെളിയിക്കപ്പെട്ടേക്കാം എന്ന ഹൈപ്പോതെറ്റിക്കലായ ഭീഷണിയ്ക്ക് മുമ്പിൽ വഴങ്ങുന്ന ആസ്വാദനം കലയെ വഴിതെറ്റിക്കുകയേ ഉള്ളു. കാരണം ആ വഴി കടന്നുവരുന്നത് കള്ളനാണയങ്ങളായിരിക്കും.

On White II by Wassily Kandinsky
On White II by Wassily Kandinsky

തിരഞ്ഞെടുപ്പ്
കലയുടെ രാഷ്ട്രീയം എന്നത് തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമാണ് എന്ന് പറഞ്ഞു. ഇത് കലാകാരനെയും സ്വാധീനിക്കുന്നുണ്ട്. അമൂർത്തകല രൂപങ്ങളെ തിരസ്കരിക്കുന്നു എന്ന് പറഞ്ഞാൽ അതിനർത്ഥം അതിൽ രൂപങ്ങളേ പാടില്ല എന്നല്ല. സാമ്പ്രദായിക രൂപഘടനയെ, വടിവുകളെ, നിറങ്ങളെ, മിനുക്കങ്ങളെ ഒക്കെയാണ് അത് പ്രശ്നവൽക്കരിക്കുന്നത്. അപ്പോഴും ഒരു ചിത്രകാരന് തന്റെ രചനയ്ക്കായി  നിറങ്ങളെയും രൂപങ്ങളെയും തിരഞ്ഞെടുക്കേണ്ടി വരും. ഒന്നുമായും സാദൃശ്യമില്ലാത്ത രൂപങ്ങൾ വച്ച് മാത്രമേ വരയ്ക്കൂ എന്ന് ശഠിക്കാനുമാവില്ല. അപ്പോൾ അവരും തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. കല്ലിൽ കൊത്തിയ ഒരു ശില്പം എന്നത് അവശേഷിക്കുന്ന കല്ലിനേക്കാൾ കൊത്തിക്കളഞ്ഞ കല്ലിനാലാവും കൂടുതൽ പ്രതിനിധാനം ചെയ്യപ്പെടുക എന്ന നിരീക്ഷണം തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ, അങ്ങനെ തിരഞ്ഞെടുക്കാൻ കലാകാരനെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയത്തെ ആണ് സൂചിപ്പിക്കുന്നത്. അതാണ് കലയുടെ രാഷ്ട്രീയം. അത് പാർലമെന്ററി കക്ഷി രാഷ്ട്രീയത്തിന്റെ പരിധിയിലും ചിഹ്നവ്യവസ്ഥയിലും ഒതുങ്ങന്നല്ല എന്ന് ചുരുക്കം.

കല അധികാരപക്ഷ ഹെഗമണിയുടെ നിർമ്മാണവുമായി എങ്ങനെ പ്രതിപ്രവർത്തിക്കുന്നുവോ അതാണ് അതിലെ രാഷ്ട്രീയം എന്ന് പറഞ്ഞാൽ അതിനോട് കടുത്ത വിയോജിപ്പുകൾ ഉണ്ടാകും എന്നറിയാം. അറിഞ്ഞുകൊണ്ട് തന്നെ ചോദിക്കട്ടെ, രൂപത്തേയും ഘടനയേയും സൗന്ദര്യത്തെയും കുറിച്ചുള്ള ധാരണകളിൽ മുഴുവൻ അധികാര ബന്ധിയായ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നിരിക്കെ കലയെക്കുറിച്ചുള്ള കേവലം രൂപപരമോ, ഘടനാപരമോ, സൗന്ദര്യബന്ധിയോ ആയ ആസ്വാദനങ്ങൾക്കും നിരൂപണങ്ങൾക്കും എങ്ങനെ രാഷ്ട്രീയ നിരപേക്ഷമാകാൻ കഴിയും? അങ്ങനെ ഭാവിക്കാനാവും, അതു പക്ഷേ ഫലത്തിൽ യാഥാസ്ഥിതിക രാഷ്ട്രീയം നിർമ്മിച്ച സാംസ്കാരിക ഏകകങ്ങൾക്ക് ഐക്യദാർഢ്യമാവുക മാത്രമേ ചെയ്യു. ഹെഗമണിയുമായി മനുഷ്യർ ഘടിപ്പിക്കപ്പെടുന്നത് അവരുടെ ബൗദ്ധിക മണ്ഡലങ്ങളിലൂടെയാണ്. അതായത് മനുഷ്യർ അവരുടെ മനസിലാക്കലുകളിലൂടെയാണ് ഹെഗമണികളെ തകർക്കുകയും, നിർമ്മിക്കുകയും ചെയ്യുന്നത്. ഈ പ്രക്രിയ കലയുടെ നിർമ്മാണത്തിലും ആസ്വാദനത്തിലും ഒരുപോലെയുണ്ട്.

രാഷ്ട്രീയത്തിന് സാദ്ധ്യമായതിൽ ഏറ്റവും ചെറിയ നിർവചനം തിരഞ്ഞെടുപ്പാണ് രാഷ്ട്രിയം എന്നതാവും. അത് തന്നെയാണ്  കലയിലെ രാഷ്ട്രീയം, അത് തന്നെ സിനിമയിലെയും. ഒരാൾ ഒരു സിനിമയെ ഇഷ്ടപ്പെടുകയും സാന്ദർഭികമായ അഭിപ്രായ പ്രകടനങ്ങൾ തൊട്ട് റിവ്യൂ എഴുത്ത് വരെയുള്ള ഇടപെടലുകളിലൂടെ അതിന്റെ പ്രചാരകയോ പ്രചാരകനോ ആവുകയും ചെയ്യുന്ന പ്രക്രിയയിൽ രാഷ്ട്രീയമുണ്ട്. അതിന്റെ പക്ഷത്തെക്കുറിച്ചുള്ള ചിന്തകളാണ് കലാ ബന്ധിയായ  സാംസ്കാരിക പഠനങ്ങളുടെ ഉള്ളടക്കം. ഇന്ന് ഏറ്റവും ജനപ്രിയമായ മാദ്ധ്യമം എന്ന നിലയിൽ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പരിണാമത്തിന്റെ ദിശയും ദിശാവ്യതിയാനങ്ങളും ഇത്ര പ്രകടമായി പ്രതിഫലിക്കുന്ന മറ്റൊരു മാദ്ധ്യമമില്ല. ആ നിലയ്ക്ക് സിനിമ എന്ന മാദ്ധ്യമത്തെ മുൻനിർത്തി തിരഞ്ഞെടുത്ത സംവിധായകരിലൂടെ, സിനിമാ പ്രസ്ഥാനങ്ങളിലൂടെ,  നമ്മുടെ സാംസ്കാരികപരിണാമത്തെ, അതിന്റെ ദിശയെ വിലയിരുത്തുവാനുള്ള ഒരു ശ്രമമാണ് ‘വെള്ളിത്തിര തിന്നുന്ന വിശുദ്ധ പശു’. അതിൽ എന്റെ രാഷ്ട്രീയവും  ഉണ്ടാവും. ഉണ്ടാവണമല്ലോ.

മലയാളസിനിമാപഠനങ്ങൾ അധ്യായം ഒന്ന് : വെള്ളിത്തിര തിന്നുന്ന വിശുദ്ധപശു

മലയാളസിനിമാപഠനങ്ങൾ അധ്യായം രണ്ട് : സിനിമ: വിപണി, പൊതുബോധം, കല

മലയാളസിനിമാപഠനങ്ങൾ അധ്യായം മൂന്ന് : പിറകോട്ട് കറങ്ങുന്ന റീലുകൾ

മലയാളസിനിമാപഠനങ്ങൾ അധ്യായം നാലു : മലയാളസിനിമയിലെ ഭാവുകത്വപരിണാമങ്ങൾ

Comments

comments