“രാവിലെയാണ് ആ ചെറുപ്പക്കാരന്‍ വണ്ടിയില്‍ കയറിയത്. നഗരത്തിലേക്കുള്ള വഴിയില്‍ നിന്ന്.”
ടാക്സി ഡ്രൈവര്‍ ഫസല്‍ പറഞ്ഞു തുടങ്ങി. ഏറെ കാത്തിരുന്ന ശേഷമാണ് ഞാന്‍ ഫസലിനെ കണ്ടെത്തിയത്.
നന്നായി മുടി മുറിക്കാനറിയുന്ന ഒരാളെ വിളിക്കണമെന്ന് ഫാത്തിമ ആവശ്യപ്പെട്ടതിന്റെ പിറ്റേന്ന് നഗരത്തിലേക്ക് പുറപ്പെട്ടതായിരുന്നു അഹമ്മദ്. മൂന്നു മണിക്കൂറോളം യാത്രയുണ്ട് ഗ്രാമത്തില്‍ നിന്നു നഗരത്തിലേക്ക്.
അഹമ്മദിനെ നഗരചത്വരത്തില്‍ ഇറക്കി വിട്ടതായി ഫസല്‍ ഓര്‍മ്മിച്ചു.
അഹമ്മദ് ആ രാത്രി എന്നോടും പറഞ്ഞിരുന്നു. ആ ആവശ്യം പറയുമ്പോള്‍ ഫാത്തിമയുടെ ശബ്ദത്തിന്റെ അപരിചിതത്വം അയാള്‍ക്ക് പിടികൊടുക്കാതെ നിന്നതായി. അപരിചിതനായ ഒരാളോട് സംസാരിക്കും പോലെ അത്ര നിര്‍ജ്ജീവമായിരുന്നതായി. അതെ നേരം അവള്‍ പറയുന്നത് വീടിനു മുന്നിലുള്ള നിരത്ത്, അതിനപ്പുറം ഏറെ അകലെയുള്ള പട്ടണം, അതിനുമപ്പുറം അയാള്‍ കണ്ടിട്ടേയില്ലാത്ത ഒരു ലോകം ഒക്കെ കേള്‍ക്കുന്നുണ്ടെന്ന് അഹമ്മദ് ഭയപ്പെട്ടതായി.
അയാള്‍ ആ രാത്രി ഉറങ്ങിയില്ല. നേരം വെളുത്തയുടന്‍ റോഡിലെത്തി; ആദ്യ ടാക്സിയില്‍ നഗരത്തിലേക്ക് പുറപ്പെട്ടൂ.
അവളോടു സംസാരിച്ച രാത്രി, അയാള്‍ അവരുടെ വീട് നില്‍ക്കുന്ന ഗ്രാമത്തില്‍, സ്ത്രീകളുടെ ചമയസഹായകടകളെ പറ്റി അന്വേഷിച്ചു. എന്നാല്‍ അങ്ങനെയൊന്ന്‍ ആ ഗ്രാമത്തിനപരിചിതമായിരുന്നു.
ഏറെ നാള്‍ ആയിരുന്നില്ല അഹമ്മദും ഫാത്തിമയും ഗ്രാമത്തില്‍ താമസം തുടങ്ങിയിട്ട്. അഹമ്മദ് നേരത്തെ തന്നെ അധികം പുറത്തിറങ്ങി നടക്കുന്ന ആളായിരുന്നില്ല.
ഫാത്തിമ എന്നെ വിളിക്കുമ്പോള്‍ മൂന്നു ദിവസമായിരുന്നു അഹമ്മദിനെ കാണാതായിട്ട്.
“നഗരത്തില്‍ വച്ച് രാത്രി ഏറെ വൈകി ഇയാളെ കണ്ടിരുന്നു” അഹമ്മദിന്റെ പടം കണ്ട ഒരു പോലീസുകാരന്‍ പറഞ്ഞു.
ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരെ, അതും രാത്രിയില്‍, സംശയത്തിന്റെ കണ്ണടയിലൂടെ കാണാന്‍ തുടങ്ങിയിരുന്നു നഗരം ഏറെ നാളുകളായി.
പരസ്പരം പറഞ്ഞു പഴകിയ കഥകളിലെ നായകന്‍മാരെപ്പോലെ ഭയപ്പെടേണ്ടവരായി മാറിയിരുന്നു രാത്രിയിലെ യാത്രക്കാര്‍. നഗരം അതിന്റെ ശരീരം പൊതിഞ്ഞു നിന്ന എന്തില്‍ നിന്നോ വിടുതല്‍ നേടുന്നതിനെപറ്റി ചിന്തിച്ചു തുടങ്ങിയിരുന്നു.
ഞാനും അഹമ്മദും മറ്റു പലരും നഗരത്തിലേക്ക് കൂട്ടം കൂടിയും കൂട്ട് തെറ്റിയും വന്നു കഴിഞ്ഞതിനു ശേഷമായിരുന്നു അത്. മാറ്റത്തെക്കുറിച്ചുള്ള ആരുടെയൊക്കെയോ സ്വപ്നങ്ങളിലകപ്പെട്ടവരായിരുന്നു എല്ലാവരും ഓരോ തരത്തില്‍.
“അയാളെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയിച്ചിരുന്നല്ലോ?” പോലീസുകാരന്‍ പറഞ്ഞു.
സ്റ്റേഷനില്‍ നിന്നും ഇറങ്ങുമ്പോള്‍ നാലു ദിവസം മുന്പ് രാത്രി ഏറെ വൈകി അഹമ്മദ് വിളിച്ചത് ഞാനോര്‍ത്തു.
ഫാത്തിമ അവളുടെ മുടി മുറിക്കുന്നതിനെ പറ്റി അഹമ്മദിനോട് പറഞ്ഞ അതെ ദിവസമായിരുന്നു അത്.
“തഹ്രിരി ചത്വരത്തില്‍ മുടി മുറിച്ചു സമരം ചെയ്ത പെണ്‍കുട്ടികളെ ഓര്‍മ്മിക്കും ഫാത്തിമയപ്പോള്‍”
അഹമ്മദിനോട് അങ്ങനെ പറയുമ്പോള്‍ തോന്നിയ ഭയത്തെ അവനറിയാതെ ഞാന്‍ ഒളിപ്പിച്ചു വെച്ചു.
എല്ലാവരും തുല്യരെന്നായിരുന്നു മുടി മുറിച്ചെറിയുന്ന നേരത്ത് പെണ്‍കുട്ടികളുടെ ചുണ്ടുകളില്‍ നിന്ന് പറന്ന വാക്കുകളുടെ ചിറകടിയൊച്ച മന്ത്രിച്ചത്.
ഞങ്ങളുടെ രാഷ്ട്രത്തലവനായി തീരാന്‍ ഒരു സ്ത്രീയ്ക്ക് സാധ്യമാകാത്തത് പറഞ്ഞു ചിരിച്ചു കണ്ണു നിറച്ചിരുന്നു പണ്ടും പല തവണ ചെറുപ്പക്കാര്‍.
എല്ലാ സമരങ്ങളോടും ഉള്ള സ്വാഭാവിക സംശയം ഇന്ന് മുടി മുറിച്ചു സമരം നടത്തുന്നവര്‍ നാളെ തുണി അഴിച്ചാവും സമരം ചെയ്യുക എന്നൊരു മുന്‍വിധിയില്‍ സമൂഹത്തെ എത്തിച്ചിരുന്നു.
ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്നിടത്ത് തന്നെ നിന്നായിരുന്നു ഞങ്ങള്‍ ആദ്യം ചിരി തുടങ്ങിയത്. മടങ്ങുമ്പോള്‍ ഫാത്തിമയുടെ അടുക്കും നിരയും തെറ്റിയ മുറിഞ്ഞമുടിയില്‍ പിടിച്ചു വലിയ്ക്കുന്നുണ്ടായിരുന്നു അഹമ്മദ്.
“അങ്ങനെയെങ്കില്‍ അഹമ്മദ് ആദ്യം പോയിട്ടുണ്ടാവുക നഗരത്തിലെ തുണിച്ചന്തയിലേക്ക് ആവണം.” ഫാത്തിമ ഓര്‍മ്മിച്ചു.
ഓര്‍മ്മ അതിന്റെ ആഴത്തില്‍ എവിടെയോ നിന്നു കോരിയെടുത്ത ഒരു തുള്ളി അവളുടെ കണ്ണിന്റെ വാതിലില്‍ മുട്ടിച്ചു. അതവിടെ നിന്ന് അടരാതെ നിന്നു.
മൂന്നു വര്‍ഷം മുന്‍പാണ് ഫാത്തിമയും അഹമ്മദും നഗരം വിട്ടു പോന്നത്.
അതിനു രണ്ടു മാസം മുന്‍പായിരുന്നു ഫാത്തിമ അവളുടെ പ്രതിശ്രുതവരന്‍ അഷ്റഫിനും അഹമ്മദിനും മാതാപിതാക്കള്‍ക്കും ഒപ്പം നഗരത്തിലെ തുണിച്ചന്തയിലെക്ക് പോയത്. അവളുടെ വിവാഹ ദിനത്തിന്റെ രണ്ടാഴ്ച മുന്‍പുള്ള ഒരു പകലായിരുന്നു അത്. ഞാനോര്‍ത്തു.
അഷറഫും അഹമ്മദും ഫാത്തിമയും ഒരേ കാലത്ത് നഗരത്തിലെ കലാലയത്തില്‍ പഠിച്ചവരാണ്. എന്റെ പരിചയക്കാരും. ഫാത്തിമയും അഷറഫും ഒരു ക്ലാസില്‍ പഠിച്ചവര്‍. അവരുടെ വിവാഹത്തിനു വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചതിന്റെ സന്തോഷത്തിലായിരുന്നു അവരപ്പോള്‍.
ആ യാത്രയുടെ ഓര്‍മ്മ നെഞ്ചില്‍ തൊട്ടപ്പോള്‍ അവളുടെ ചെന്നി വിങ്ങി, എന്റെയും. നഗ്നമായ ശിരസിനു മീതേ ഒരു നേരിയ തുണിയായിരുന്നു അവളപ്പോള്‍ ധരിച്ചിരുന്നത്. ആ വസ്ത്രത്തിനു മേലെ കൂടി അവളുടെ ശിരസ്സ് കാണാനാകുമായിരുന്നു.
അവര്‍ തുണിച്ചന്തയിലേക്ക് നടക്കുന്നതിനിടയിലാണ് ഒരു വലിയ ശബ്ദം കേട്ടത്. അതൊരു സ്ഫോടനമെന്നു തിരിച്ചറിയുമ്മുന്നെ അവര്‍ നില്‍ക്കുന്ന ഇടം തല കീഴ് മറിഞ്ഞു.ഛേദിക്കപ്പെട്ട അവയവങ്ങള്‍ വായുവില്‍ ചിതറി. തീ തൊട്ട ചോരത്തിളനിലയുടെ ഗന്ധമാപനത്തില്‍ നാസികകള്‍ പകച്ചു. രാവിലത്തെ തിരക്കില്‍ വിങ്ങി നിന്നിരുന്ന ചന്ത പെട്ടന്ന് ഒരു കലാപയിടം പോലെ ആളുകളുടെ തിക്കിലും തിരക്കിലും തകര്‍ന്നു തുടങ്ങി. അനന്തരം തെരുവ് ഒരു കാടായി കത്തിത്തുടങ്ങി.
അഷ്‌റഫിന്റെയും ഫാത്തിമയുടെ മാതാപിതാക്കളുടെയും അവസാന കൂടിച്ചേരലായിരുന്നു അത്. ഏറെ ദിവസത്തെ അബോധയാനത്തിനു ശേഷം തിരികെയെത്തിയ ഫാത്തിമയ്ക്ക് അതുവരെ അവള്‍ ഓമനിച്ചു സംരക്ഷിച്ച അവളുടെ നീളന്‍ മുടിയും നഷ്ടമായി.
ഇനി തളിര്‍ക്കാനിടയില്ലാത്ത വണ്ണം അവളുടെ ശിരോകവചത്തിനു ക്ഷതമേറ്റിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ നഷ്ടപ്പെടലിന്റെ ഓര്‍മ്മ അഹമ്മദിലും ഫാത്തിമയിലും പ്രാണവായുപോലെ നിറയുകയും ഒഴിയുകയും, അത് ജീവിതത്തെ അത്രമേല്‍ അസഹനീയമാക്കുകയും ചെയ്തപ്പോഴാണ് അവര്‍ ഗ്രാമത്തിലേക്ക് പോയത്. ഓര്‍മ്മ ചില കാലം ഒരു ശത്രു രാജ്യത്തിന്റെ പടയാളി പോലെയാണ്. കീഴടക്കിയ ശത്രുവിനോട് കാരുണ്യം കാണിക്കാത്ത ക്രൂരനും മനുഷ്യത്വമില്ലാത്തവനുമായ പടയാളി. അഹമ്മദ് നഗരത്തിലേക്ക് പോവുന്നതും നഗരത്തെ കുറിച്ച് ഫാത്തിമയോടു പറയുന്നതുപോലും ഒഴിവാക്കിയിരുന്നു.
നഗരത്തില്‍ നിന്നു ഉച്ചയോടെയാണ് അഹമ്മദ് മടങ്ങിയെത്തിയത്. ഫാത്തിമ ഓര്‍ത്തു.
അയാള്‍ക്കൊപ്പം വൃദ്ധനായ ഒരു ചമയസഹായിയും ഉണ്ടായിരുന്നു. നഗരചത്വരത്തിലയാള്‍ക്ക് സ്വന്തമായി ഒരു കടയുണ്ട്.
“പത്ത് മണിയോടെയാണ് അഹമ്മദ് കടയില്‍ വന്നത്. അഹമ്മദിനോട് എനിക്കുള്ള പരിചയം കൊണ്ടാണ് ഗ്രാമത്തിലേക്ക് പോയത്”. ബാര്‍ബറായ ഇക്ബാല്‍ പറഞ്ഞു തുടങ്ങി.
അയാളുടെ കടയിലായിരുന്നു ഞാനപ്പോള്‍.
ഉച്ചയോടെ ഗ്രാമത്തിലെത്തിയ ഇക്ബാലിന് വൈകുന്നേരത്തോടെ മടങ്ങേണ്ടതുണ്ടായിരുന്നു. അയാള്‍ക്ക് ഫാത്തിമയേയും പരിചയമുണ്ടായിരുന്നു.
ഇക്ബാല്‍ ഫാത്തിമയുടെ ചമയ മുറിയിലിരിക്കുമ്പോള്‍ മേശപ്പുറത്ത് ഫാത്തിമയുടെ കൃത്രിമ മുടി കിടക്കുന്നത് കണ്ടു. ഫാത്തിമ ഇക്ബാലിന് മുന്നില്‍ കണ്ണാടിക്ക് അഭിമുഖമായി ഇരുന്ന് ശിരോവസ്ത്രം മാറ്റി, കൃത്രിമ മുടി ശിരസില്‍ ഉറപ്പിച്ചശേഷം മേശയുടെ വാതില്‍ തുറന്ന്‍ ഒരു ഫോട്ടോയെടുത്ത് ഇക്ബാലിന് കൊടുത്തു. അത് ഫാത്തിമയുടെതു തന്നെയായിരുന്നു. ഒരിക്കല്‍ ഏതോ സിനിമാതാരത്തിന്റെ മുടിയിഴകളെ ഓര്‍മ്മപെടുത്തുന്ന രീതിയില്‍ വെട്ടിയൊരുക്കിയിരുന്ന അവളുടെ മുടി കണ്ടു ഇക്ബാല്‍.
“ഇങ്ങനെ വേണമല്ലേ?”
ഇക്ബാലിന്റെ ചോദ്യത്തിനു ഫാത്തിമ ശിരസനക്കി. അയാളുടെ കത്രികവിരലുകള്‍ പരസ്പരം കലഹിക്കാന്‍ തുടങ്ങി. അവ ഫാത്തിമയുടെ ശിരസില്‍ ഉറപ്പിച്ചിരുന്ന കൃത്രിമ മുടിയോടു സംസാരിച്ചു തുടങ്ങുമ്പോള്‍ മുറിക്കു വെളിയില്‍ കാത്തു നിന്നു അഹമ്മദ്. മുടിയിഴകള്‍ ബന്ധം മുറിഞ്ഞു താഴേക്ക് വീഴുന്തോറും ഫാത്തിമയ്ക്ക് കണ്ണു നിറഞ്ഞു തുടങ്ങി. അവളുടെ കണ്ണുകള്‍ക്ക് മീതേ വീണ മുടി ഇക്ബാലിന്റെ കത്രിക തുടച്ചു മാറ്റി. കണ്ണാടിയില്‍ തന്റെ തന്നെയായ ആ നിറഞ്ഞ മുഖം അവള്‍ കണ്ടു.
ഒട്ടേറെ പേര്‍ അവളെ പെണ്ണുകാണാന്‍ വന്നിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍. കൃത്രിമ മുടി ധരിച്ചും ശിരോവസ്ത്രം അണിഞ്ഞും അവള്‍ സന്ദര്‍ശകര്‍ക്ക് മുന്നിലെത്തി. ഒടുവില്‍ ഒരാഴ്ച മുന്നേ വന്ന ചെറുക്കന് അവളെ ഇഷ്ടമായിരുന്നു. അവന്‍ അവളെ പറ്റി നേരത്തെ കേട്ടിരുന്നു. അവളുടെ സമ്മതം മാത്രം മതിയായിരുന്നു ഒരു തീരുമാനമെടുക്കാന്‍ അഹമ്മദിന് .
തന്റെയവസാന ആവശ്യമാണിപ്പോള്‍ നിറവേറപ്പെട്ടുകൊണ്ടിരിക്കുന്നത്. ഫാത്തിമയോര്‍ത്തു.
ഇക്ബാല്‍ തന്റെ പണിയില്‍ വ്യാപൃതനായിക്കൊണ്ടിരിക്കെ ഫാത്തിമയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. അവള്‍ ഇക്ബാലിനെ തള്ളി മാറ്റി. മേശമേലിരുന്ന വസ്തുക്കള്‍ തറയിലേക്ക് വലിച്ചെറിഞ്ഞു. പഴയ ഫോട്ടോ പലതായി മുറിഞ്ഞു അവള്‍ക്കു ചുറ്റും ചിതറി.
“മറ്റാരോ ആയിരുന്നു അവള്‍, അവളുടേത് അല്ലാത്ത ” ഇക്ബാല്‍ ഓര്‍മ്മിച്ചു. “ശരീരം കൊണ്ട് മാത്രമായിരുന്നു ഫാത്തിമയപ്പോള്‍ ”.
ഓടിയെത്തിയ അഹമ്മദ് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
“അഹമ്മദ് ഒരു പാട് തവണ എന്നോട് മാപ്പപേക്ഷിച്ചിരുന്നു. എനിക്ക് ഫാത്തിമയോടു പിണക്കമൊന്നും തോന്നിയില്ല. അവളുടെ അവസ്ഥയില്‍ വിഷമമല്ലാതെ.” ഇക്ബാല്‍ പറഞ്ഞു.
“എന്താണ് എനിക്കപ്പോള്‍ സംഭവിച്ചതെന്നറിയില്ല.” പറയുമ്പോള്‍ ഫാത്തിമയുടെ കണ്ണു നിറഞ്ഞു.
ഇക്ബാലിനെ ടാക്സിയില്‍ കയറ്റി വിട്ടു അഹമ്മദ് മടങ്ങി വന്നു. ഒഴിഞ്ഞ കൂട്ടിലേക്ക് ഏറെ ദിവസത്തിനു ശേഷം തിരികെ എത്തിയ മൃഗത്തെ ഓര്‍മ്മിപ്പിച്ചു അവന്റെ നടത്തം. കണ്ണുകള്‍ നിറഞ്ഞു തന്നെയിരുന്നു. അയാള്‍ ഫാത്തിമയുടെ ചുമലില്‍ അമര്‍ത്തി പിടിച്ചു. പിന്നെ അവളുടെ കണ്ണുകള്‍ തുടച്ചു. ഏറെ നേരത്തിനു ശേഷം അഹമ്മദ് തന്റെ മുറിയിലേക്ക് പോയി.
പിറ്റേന്ന് രാവിലെ ഉണരുമ്പോള്‍ അഹമ്മദ് മുറിയിലുണ്ടായിരുന്നില്ല. അയാളുടെ മുറിയില്‍ ഉണ്ടായിരുന്ന പഴയ പെട്ടി നിലത്ത് തുറന്നു കിടന്നിരുന്നു.
ഫാത്തിമ പറഞ്ഞു. അവള്‍ കരഞ്ഞേക്കും എന്ന് തോന്നി.
നിരത്ത് ഉറക്കത്തിലേക്ക് കടന്നു കഴിഞ്ഞിരുന്നു; ഞാന്‍ മടങ്ങുമ്പോള്‍.
ഫാത്തിമയുടെ ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള വഴിയരികില്‍ ചെറിയ കൂട്ടങ്ങള്‍ നഗരത്തെ ലക്ഷ്യമാക്കി നടന്നു കൊണ്ടിരുന്നു. നഗരചത്വരം ഒരു അപ്രതീക്ഷിത ഒത്തു ചേരലിനുള്ള നിശബ്ദ കാത്തിരിപ്പിലായിരുന്നു എന്നു തോന്നി ചത്വരത്തിലെ പ്രതിമ പുകഞ്ഞു കൊണ്ടിരുന്ന ഏതോ അഗ്നിപര്‍വതത്തെ പോലെ മൂടല്‍ മഞ്ഞു നിശ്വസിച്ചു കൊണ്ടിരുന്നു.
നിരത്തില്‍ വാഹനങ്ങള്‍ തൊട്ടു തൊട്ടു നിന്ന്‍ ഇപ്പോള്‍ അതൊരു വലിയ തീവണ്ടിയായി. വേഗത കുറഞ്ഞ് ഒരു തുരങ്കത്തിലേക്കുള്ള കാത്തുകിടപ്പ് പോലെ. പിന്നിലൂടെ വന്ന ഒരു പോലീസുകാരന്‍ കാറിന്റെ ചില്ലില്‍ തട്ടി. പുറത്ത് തലയ്ക്ക് മീതേ കൈകള്‍ ഉയര്‍ത്തി ആഴത്തിലെക്കുള്ള ഒരു കുതിപ്പിനെ കാത്ത് ഞാന്‍ അയാള്‍ക്ക് മുന്നില്‍ നില്‍ക്കവേ, മറ്റൊരാള്‍ എന്റെ വാഹനം പരിശോധിച്ചു തുടങ്ങി.
ഇപ്പോള്‍ എന്റെ കാലുകള്‍ മുറിച്ചിട്ട മുടി നാരുകള്‍ക്ക് മേലെയെന്നോണം വഴുതുന്നുണ്ട്. ഒരു ചെറിയ കൂട്ടം ആള്‍ക്കാര്‍ എന്നെ കടന്നു പോയി. മറ്റേതോ ദേശത്ത് നിന്നും വന്നവരെ പോലെ അവരുടെ നടത്തത്തിനു ഒരു താളം ഉണ്ടായിരുന്നു. അതില്‍ നിന്നും ഒരാള്‍ തന്റെ തൊപ്പി ഊരി നേരേ വീശി. ആ മുഖം ഏറെ പരിചിതം എന്നോര്‍ത്ത് വാഹനം മുന്നോട്ട് എടുക്കുന്നതിനു മുന്പ് അവര്‍ ദൂരെ അപ്രത്യക്ഷരായി.
വീട്ടിലേക്കുള്ള വഴിയില്‍ ഏറെ ദൂരത്തു വച്ചു തന്നെ മുറ്റത്ത് ആരോ നില്‍ക്കുന്നതായി തോന്നി. അഹമ്മദാണ്. ഞാനയാള്‍ക്കരികിലെത്തി. ക്ഷീണിതനായിരുന്ന അയാളുടെ നഗ്നമായ ശിരസ്സ് മുറ്റത്തെ പ്രകാശത്തില്‍ തിളങ്ങി. മുടിയില്ലാത്ത അയാളുടെ തല ഞാനാദ്യമായി കാണുകയാണ്.
എന്റെ ചെവിക്കരികിലേക്ക് ചുണ്ട് ചേര്‍ത്ത് അയാള്‍ ചോദിച്ചു. “ അകലെ എവിടെയോ ഒരു വിവാഹ പാര്‍ട്ടിക്ക് നടുവില്‍, അല്ലെങ്കില്‍ തിരക്കില്‍ വിങ്ങി നില്‍ക്കുന്ന ഒരു ചന്തയുടെ ഹൃദയത്തില്‍ അതോ മറ്റ് എവിടെയെങ്കിലുമോ ഉഗ്രപ്രഹര ശേഷിയുള്ള ഒരു വസ്തുവായി എന്റെ തന്നെ കൌണ്ട് ഡൌണ്‍ കാത്തിരിക്കുകയാണ് അഹമ്മദെന്നു വിശ്വസിക്കുന്നുണ്ടോ ചങ്ങാതീ, നീയും?
കാതുകളില്‍ നിന്നു തണുത്ത ശബ്ദം അലിഞ്ഞു തീര്‍ന്നപ്പോള്‍ ദൂരെ എവിടെയോ ഒരു വിവാഹാഘോഷത്തിന്റെ ഒച്ചയ്ക്കിടയിലുള്ള സ്ഫോടന ശബ്ദത്തിലേക്ക് കാതു കൂര്‍പ്പിച്ചു നില്‍പ്പായി ഞാന്‍.
Be the first to write a comment.