ലോകത്തിലെ  ഏറ്റവും  ഉയരമുള്ള  തേയില  ചെടികൾ  കാണാനാകും  എന്ന പ്രതീക്ഷയിലാണ് വരടിമലയുടെ ഉച്ചിയിലെ  മേൽത്തോട്ടം  കാണാൻ  ഉറച്ചത് . വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമെന്നും പോകരുതെന്നും വനം വകുപ്പിലെ സുഹൃത്തുക്കൾ പറഞ്ഞു. ഫോർ വീൽ ജീപ്പിൽ കുത്തനെ കയറ്റം കയറണം. പിന്നെ ഒരുപാട് ദൂരം ചെങ്കുത്തായ വഴിയിൽ നടക്കണം. ഷോളയൂർ അങ്ങാടിയിൽ ഓരം ചേർന്ന് കാർ നിർത്തി.മുന്നിൽ  കണ്ട ടാക്സി ജീപ്പുകാരൻ മയമില്ലാതെ പറഞ്ഞു:
രണ്ടായിരം  രൂപയിൽ  ഒരു  പൈസ  കുറയില്ല…”
എറണാകുളത്തേക്ക് അല്ല ഞാൻ ജീപ്പ് വിളിച്ചത്…” എന്ന്  പറയാൻ  ആഞ്ഞതാണ്. മുഖഭാവത്തിൽ  അയാൾക്ക്‌  അത്  മനസ്സിലായി.
 “തുക  ഒട്ടും  കൂടുതൽ  അല്ല  എന്ന്  സാറിന്  പോയി  തിരിച്ചു  വരുമ്പോൾ  മനസ്സിലാകും. കൂടുതൽ  എന്തെങ്കിലും  തരാൻ  സാർ  ആലോചിക്കും. പൊതുവിൽ  ആരും  പോകില്ല. ജീവൻ  പണയം  വച്ച്  വേണം  അതിലെ  വണ്ടിയോടിക്കാൻ…ജീപ്പിനു  വരുന്ന  നാശം  വേറെ…”
അയാൾ പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഇല്ലെന്നു യാത്ര തുടർന്നപ്പോൾ മനസ്സിലായി. അട്ടപ്പാടിയുടെ ഉച്ചിയിലേക്ക് ആടിയും ഉലഞ്ഞും ഞെളിപിരികൊണ്ടും ജീപ്പ് കടന്നു പോവുകയാണ്. വഴിയിൽ ഒരു എസ്റ്റേറ്റ്. പിന്നെ ഫോറസ്റ്റ്. പിന്നെ പുൽമേട്. “ഇനിയങ്ങോട്ട് നടക്കണം സാർ…ജീപ്പ് പോകില്ല.” ഡ്രൈവർ  പറഞ്ഞു.
നടന്നു മടുത്തു. കുത്തനെയുള്ള കയറ്റമാണ്. ചുറ്റുപാടുകളിൽ വീശിയടിക്കുന്ന കാറ്റിൽ പറന്നു പോകും എന്ന്  തോന്നി. ഒരുപാട് ദൂരം  നടന്നലഞ്ഞു മുകളിൽ എത്തിയപ്പോൾ മധുരനൊമ്പര കാറ്റ്  സിനിമയിൽ കണ്ടിട്ടുള്ളതുപോലെ പറത്തിക്കൊണ്ട് പോകുന്ന കാറ്റായിരുന്നു ചുറ്റിലും.
ലോകത്തിലെ ഏറ്റവും ഉയരമുള്ള തേയിലച്ചെടി കാണാനായില്ല. ഞങ്ങൾ ചെന്നെത്തും മുൻപുള്ള ഏതോ ദിവസത്തെ കാട്ടുതീയിൽ അത് കത്തി ചാമ്പലായിരുന്നു. കിതച്ചും കാലിടറിയും ഒടുവിൽ വന്നെത്തിയത് മേൽത്തോട്ടം എന്ന സോഷ്യലിസ്റ്റ് സ്വർഗത്തിൽ  ആയിരുന്നു.
1999 -ൽ ഇടതുപക്ഷ സർക്കാരിൽ റവന്യു മന്ത്രി ആയിരുന്ന കെ. ഇ ഇസ്മായിൽ മുൻകൈ എടുത്ത്  410 ഹെക്ടർ പുൽമേട്  നശിപ്പിച്ചത് അട്ടപ്പാടിയിലെ ഭൂമി നഷ്ടപ്പെട്ട ആദിവാസികൾക്ക്  ഒരു സോഷ്യലിസ്റ് സ്വർഗം പണിയുന്നതിന് ആയിരുന്നു. കൂട്ടത്തിൽ  ഇരുപത്തഞ്ചു ഏക്കറിൽ തേയിലയും നട്ടു. സോഷ്യലിസ്റ് സ്വർഗ്ഗത്തിലെ ആദിവാസികൾ തേയില കൃഷി ചെയ്തു ജീവിക്കും.അവർ ചോളവും തിനയും മുത്താറിയും ഇനി മേൽ കൃഷി ചെയ്യേണ്ടതില്ല. അവർ ഇനി attapady-map-fullതേയിലത്തോട്ടം മുതലാളിമാർ. ആദിവാസി വികസനത്തിൽ കേരള മാതൃക.
അഞ്ഞൂറ് കുടുംബങ്ങളെ അവിടെ എത്തിച്ചു. അല്പം ബലം പ്രയോഗിച്ചു തന്നെ. താഴ്വരകളിൽ അന്യാധീനപ്പെട്ട അവരുടെ ഭൂമികൾ ഇനി തിരിച്ചു കിട്ടില്ല. ഇനി കൊടുമുടി മുകളിൽ ആണ് അവർക്കു ഭൂമിയുടെ അവകാശം. വിമർശിച്ചവരെ നിശ്ശബ്ദരാക്കാൻ വി. ആർ കൃഷ്ണയ്യരും സുകുമാർ അഴീക്കോടും പോലുള്ളവരെ അട്ടപ്പാടിയിൽ കൊണ്ടുവന്നു പ്രസംഗിപ്പിച്ചു.
മേൽതോട്ടത്തെ കാറ്റിൽ ആദിവാസികൾക്ക് നിർമിച്ചു കൊടുത്ത കൊച്ചു വീടുകൾ പറന്നു പോയി. കാറ്റിന് എന്ത്  സോഷ്യലിസം. എത്ര ആഴത്തിൽ കുഴിച്ചിട്ടും മലമുകളിൽ ഒരു തുള്ളി വെള്ളം ഇല്ല. നട്ടതെല്ലാം കാട്ടുമൃഗങ്ങൾ തിന്നു. ഇതിലും ഭേദം ജീവിതകാലം മുഴുവൻ ഭൂരഹിതരായി ജീവിക്കുന്നതാണ് എന്ന് മനസ്സിലാക്കി ആദിവാസികൾ ഒന്നടങ്കം മലയിറങ്ങി. തേയില ചെടികൾ നശിച്ചു പോയി. അവയിൽ ഒന്ന് മാത്രം ഒരുപാട് ഉയരത്തിൽ വളർന്നു. മരം പോലെ. അതാണ് കാട്ടുതീയിൽ കത്തി അമർന്നത്.
അട്ടപ്പാടിയിലെ ആദിവാസി വികസനം എങ്ങനെ എന്നതിന്റെ ഉത്തമ ഉദാഹരണം. ഇസ്മായിലിനെ മാത്രമായി ഒറ്റപ്പെടുത്തി ആക്രമിച്ചിട്ട് കാര്യമില്ല. നാളിതു വരെ ആദിവാസി സമൂഹത്തോട് ഭരണത്തിലിരുന്നവർ ചെയ്തത് ഇതൊക്കെ തന്നെയാണ്.
കഴിഞ്ഞ മൂന്നു വർഷങ്ങളായി എല്ലാ മാസത്തിലും അട്ടപ്പാടിയിൽ ഒരനുഷ്ടാനം പോലെ പോകാറുണ്ട്. അവിടുത്തെ അതിജീവന പ്രശ്നങ്ങൾ ആവും മട്ടിൽ വാർത്തകളായി കൊണ്ടുവന്നിട്ടുണ്ട്. ദാരിദ്രവും പോഷകാഹാരക്കുറവും ശിശു മരണങ്ങളും മരിച്ച കുഞ്ഞിന്റെ മൃതദേഹത്തിന് മുന്നിൽ നിസ്സംഗമായി നിൽക്കുന്നattappadi അമ്മമാരുടെ അവസ്ഥകളും നേരിൽ കാണുക എന്ന നിർഭാഗ്യവും ഉണ്ടായിട്ടുണ്ട്. ഒരു കാലഘട്ടത്തെയും ചുറ്റുപാടുകളെയും സമൂഹത്തെയും അടയാളപ്പെടുത്തുന്നു എന്നൊക്കെ ആലങ്കാരികമായി പറയാം. ആദിവാസി അവസ്ഥകൾ മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തകൾ ആകാത്ത കാലത്തും ഇത്തരം വാർത്തകൾ അർഹിക്കുന്നതിൽ അധികം പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കുന്ന ദി ഹിന്ദു പോലെ ഒരു സ്ഥാപനം തരുന്ന പിന്തുണയും ഇവിടെ പരാമർശിക്കപ്പെടണം.
ചെന്നൈ ഐ ഐ ടി യിൽ നിന്നും അട്ടപ്പാടിയെക്കുറിച്ചു ഗവേഷണം ചെയ്യാൻ എത്തിയ ആൾ പറഞ്ഞത് ഗൂഗിൾ ചെയ്തു നോക്കിയാൽ അട്ടപ്പാടിയിൽ നിന്നുള്ള ഏറ്റവും അധികം വിവരങ്ങൾ ലഭിക്കുക ദി ഹിന്ദുവിൽ വന്ന വാർത്തകളിൽ നിന്നും ആണെന്നാണ്. കഴിഞ്ഞ ദിവസം അമേരിക്കയിൽ നടന്ന പ്രാക്തന മനുഷ്യ സമൂഹങ്ങളെക്കുറിച്ചുള്ള  ഒരു സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച വ്യക്തി ഒരുപാട് ഉദ്ധരിച്ചതും അട്ടപ്പാടിയിൽ നിന്നുള്ള വാർത്തകൾ ആയിരുന്നു. ആസ്‌ത്രേലിയയിൽ നിന്നും ജർമനിയിൽ നിന്നും എല്ലാം പല ഗവേഷകരും ഇപ്പോഴും വിളിച്ചു കൊണ്ടിരിക്കുന്നു.
നാളിതുവരെ അട്ടപ്പാടിയെക്കുറിച്ചും അവിടുത്തെ ആദിവാസി സമൂഹത്തെക്കുറിച്ചും എഴുതിയത് എല്ലാം അക്കാദമിക് ഗവേഷണങ്ങളുടെ അസംസ്‌കൃത വസ്തുക്കളായി മാത്രം ഒതുങ്ങുന്നു എന്നതാണ് സത്യം. അവിടുത്തെ ജനങ്ങളുടെ ജീവിതാവസ്ഥകൾ കാര്യമായ മാറ്റം ഒന്നുമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം കണ്ട ഒരു മാധ്യമപ്രവർത്തകൻ അഭിമാനം കൊണ്ടത് അട്ടപ്പാടിയെക്കുറിച്ചു താൻ എഴുതിയ പരമ്പരകൾക്ക് കിട്ടിയ അവാർഡുകളിൽ ആണ്. അവാർഡ് വാങ്ങുന്നതിൽ തെറ്റൊന്നും ഇല്ല. വാങ്ങിയിട്ടും ഉണ്ട്. പക്ഷെ അട്ടപ്പാടിയിൽ നിന്നുള്ള ഒരു വാർത്തയും അവാർഡിന് അയക്കില്ല എന്ന് തീരുമാനിച്ചത് വൈയക്തികമായ ഒരു കുറ്റബോധത്തിൽ നിന്നാണ്. അവരുടെ പട്ടിണിയും പിന്നോക്കാവസ്ഥയും ദുരിതങ്ങളും നമുക്ക് അവാർഡും അംഗീകാരങ്ങളും ആകുന്നു.
അട്ടപ്പാടി പലപ്പോഴും വല്ലാതെ നിരാശപ്പെടുത്തുന്നു. വൻതോതിൽ കയ്യേറ്റക്കാർ നടത്തിയ വനനശീകരണം ഏറ്റവും ബാധിച്ചത് ആദിവാസികളുടെ ആവാസ വ്യവസ്ഥയെ ആണ്. കാടുമായി അഭേദ്യം ബന്ധപ്പെടുന്ന അവരുടെ ഉപജീവനത്തെയാണ്. പുഴകൾ  ഉണങ്ങുന്നു. കിണറുകൾ വറ്റുന്നു. കാടുകൾക്കു തീ പിടിക്കുന്നു. ചൂട്  കൂടുന്നു. മരുഭൂമിവത്കരണം അവിടെ തകൃതിയാണ്. പുരാജീവിപ്പിച്ച നദിപോലും മരിച്ചിരിക്കുന്നു.
ആദിവാസികൾക്ക് വേണ്ടി തുടങ്ങിയ കോളജിൽ ആദിവാസി കുട്ടികൾ എല്ലാവര്ക്കും പ്രവേശനം ഇല്ല. ഭൂരിപക്ഷം സീറ്റുകളും കയ്യേറ്റക്കാരുടെ മക്കൾക്ക്. സ്കൂൾ ഫൈനൽ പാസ്സാകുന്ന ആദിവാസികുട്ടികൾക്ക് പ്ലസ് ടു പഠിക്കാൻ ആവശ്യത്തിന് സീറ്റ് ഇല്ല. ആദിവാസികൾക്കായി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആദിവാസി രോഗികളെ കോയമ്പത്തൂരിലേക്കും തൃശൂരിലേക്കും പാലക്കാടിലേയ്ക്കും റഫർ ചെയ്തു സായൂജ്യം അടയുന്നു. ആദിവാസി ഗർഭിണിയെ കട്ടിലിൽ നിന്നിറക്കി തറയിൽ കിടത്തി പകരം കട്ടിൽ ആദിവാസി അല്ലാത്ത ഗർഭിണിക്ക് അനുവദിക്കുന്നു.
കമ്മ്യൂണിറ്റി കിച്ചൻ പൂർണമായും എതിർക്കപ്പെടേണ്ടതല്ല. നിലവിൽ കുട്ടികൾ മരിക്കുന്നത് തടയാൻ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും കുട്ടികൾക്കും ഒരു നേരം എങ്കിലും പോഷകാഹാരം നൽകുന്നത് താത്കാലിക അടിസ്ഥാനത്തിൽ സ്വാഗതം ചെയ്യപ്പെടണം. എന്നാൽ അത് ശാശ്വതമായ പരിഹാരം അല്ല. വൈകുന്നേരം ആകുമ്പോൾ ഒരു നേരത്തെ ഭക്ഷണത്തിന് പാത്രം എടുത്തു ക്യൂ നിൽക്കുകയാണ് അട്ടപ്പാടിയിലെ പ്രാക്തന സമൂഹം. ആത്മാഭിമാനം മറ്റുള്ളവരെക്കാൾ കൂടുതലായ അവരെ ഭിക്ഷക്കാർ ആക്കുന്നു. ഭക്ഷണം യാചിച്ചല്ല വാങ്ങേണ്ടത്. ഭക്ഷണവും വെള്ളവും അതിജീവനവും ജീവിതോപാധികളും അവർക്കു ലഭിക്കുന്നതിൽ ഏറ്റവും വലിയ പരിഹാരം നഷ്ടപ്പെട്ട ആദിവാസി ഭൂമികൾ തിരിച്ചു കൊടുക്കുന്നതാണ്. അവരുടെ പരമ്പരാഗത ഭക്ഷണ രീതി പുനഃസ്ഥാപിക്കാൻ റേഷൻ കടകൾ വഴിയുള്ള സൗജന്യമായ നാറുന്ന അരി വിതരണം അല്ല വേണ്ടത്. അവർക്കു ഇഷ്ടമുള്ള പൾസെസും മില്ലറ്റ്സും റേഷൻ കടകൾ വഴി കൊടുത്താൽ അവർ പാകം ചെയ്തു കഴിക്കും. ഭൂമി കിട്ടിയാൽ, അതിൽ ജലസേചനം ഉറപ്പായാൽ അവർ കൃഷി ചെയ്യും.
ആദിവാസി കോളനികളിൽ റോഡും ഇല്ലാത്ത വെള്ളത്തിന്റെ പൈപ്പ് ലൈനും അവർക്കു ഇഷ്ടമില്ലാത്ത ശൈലിയിൽ ഉള്ള വീടുകളും നിർമ്മിച്ചാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ-കരാറുകാർ മാഫിയ അട്ടപ്പാടിയിൽ പകൽ കൊള്ള നടത്തുന്നത്. അട്ടപ്പാടിയിൽ ആവശ്യം പുതിയ പദ്ധതികൾ അല്ല. നിലവിൽ ഉള്ളവ നടപ്പാക്കാൻ സത്യസന്ധരും ആത്മാർത്ഥത ഉള്ളവരുമായ ഉദ്യോഗസ്ഥർ ആണ്. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ആണ്. പല വകുപ്പുകൾ പലതും ചെയ്യുന്നു. ഏകോപനം ഇല്ല. കരാറുകാർ  കൊള്ളയടിക്കുന്നു.
നല്ല ഉദ്യോ30plsha01-kila__31_2953342fഗസ്ഥരെ അട്ടപ്പാടിയിൽ  നീണ്ടകാലം സേവനം ചെയ്യാൻ മാഫിയകൾ സമ്മതിക്കില്ല. ഐ ടി ഡി പി  ഓഫിസർ പി വി രാധാകൃഷ്ണനും സ്‌പെഷ്യൽ പോലീസ് ഓഫീസർ  വി കൃഷ്ണൻകുട്ടിയും ഉദാഹരണം. കരാറുകാരെ പാടെ ഒഴിച്ച് നിർത്തി ആദിവാസി കൂട്ടായ്മകളെ കൊണ്ട് പദ്ധതികൾ നടത്തിച്ച അഹാഡ്‌സ് മാതൃകയും  തകർത്തു.
ബാലൻ മന്ത്രി ശൈശവ മരണങ്ങളെ പുച്ഛം കലർന്ന എണ്ണം കൊണ്ട് പരാമർശിച്ചതിൽ അത്ഭുതമില്ല. ഇന്ത്യയിൽ പട്ടിണിയും ഇല്ലായ്മകളും ദുരന്തങ്ങളും സ്ഥിതി വിവര കണക്കുകളിലെ സംഖ്യകൾ മാത്രമാണ്. കൂട്ടത്തോടെയുള്ള ശിശു മരണങ്ങൾ നടന്നാലേ നമ്മുടെ സ്നേഹവും ധാർമികതയും രോക്ഷവും പുറത്തു imagesവരൂ….സംഭവങ്ങൾ ആയിട്ടല്ലാതെ പ്രക്രിയയായി ദുരന്തങ്ങളെ കാണാൻ നമുക്കാകുന്നില്ല. അട്ടപ്പാടി വർഷങ്ങളിലൂടെ രൂപപ്പെട്ട ഒരു പ്രക്രിയയുടെ ദുരന്ത ഫലമാണ്. അല്ലാതെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഗർഭം, ഈ സർക്കാർ കാലത്തെ ഗർഭം എന്നിങ്ങനെ മനുഷ്യ വിരുദ്ധമായി അല്ല അതിനെ വിലയിരുത്തേണ്ടത്…..

(ദി ഹിന്ദു ദിനപത്രത്തിൽ പ്രത്യേക ലേഖകനാണ്  കെ  എ  ഷാജി. ഫേസ് ബുക്കിൽ  കുറിച്ചത്).

Comments

comments