സോക്രട്ടീസ് എന്ന പേര് എനിക്ക് തന്നത് എന്റെ അച്ഛന്‍ വി. വി. കെ വാലത്ത് ആണ്. ഇതേ പോലുള്ള പേരു തന്നെ ആണ് അച്ഛന്‍ മറ്റു രണ്ടു മക്കള്‍ക്കും ഇട്ടത്. ഒട്ടേറെ മികച്ച കഥകളും, ‘ കാമുകന്‍ ‘ പോലെ ഉള്ള നോവലുകളും എഴുതിയ ഫ്രഞ്ച് സാഹിത്യകാരന്‍ ‘ മോപ്പാസാങിന്റെ‘ പേരാണ് മുത്ത സഹോദരന്. വിഖ്യാത ശാസ്ത്രജ്ഞന്‍ ‘ എെന്‍സ്റ്റീന്റെ ‘ പേര് രണ്ടാമത്തെ സഹോദരനും കിട്ടി. എനിക്കു വച്ചിരുന്നത് ഗ്രീക്ക് തത്ത്വചിന്തകന്‍ ‘സോക്രട്ടീസിന്റെ ‘ പേരാണ്. കനപ്പെട്ട പേര് . പക്ഷേ, എനിക്കതുണ്ടാക്കിയ പൊല്ലാപ്പ് പറഞ്ഞാല്‍ തീരീല്ല.

ല്ലുവേദന കലശലായ ഒരു ദിവസം. നേരമോ കാലമോ ഡോക്ടറുടെ പേരോ നോക്കാതെ ആദ്യം കണ്ട ക്ലിനിക്കിലേക്ക് ഓടിക്കയറി. നേരം സന്ധ്യയോട് അടുത്തിരുന്നു. റിസപ്ഷനിലെ തരുണി ബാഗും കുടയും പിടിച്ചു നില്‍ക്കുന്ന നേരത്താണ് ചെല്ലുന്നത്. ആ സുന്ദരിയെ വഴിയില്‍ വച്ച് പല തവണ കണ്ടിട്ടുണ്ട്.

ഇപ്പൊഴാണോ വരുന്നത്

വാച്ചിലേക്കു നോക്കി കലിപ്പോടെ അവള്‍ ചോദിച്ചു.

ആഗ്രഹമില്ലാഞ്ഞല്ല ‘ വേദന വരണ്ടേ .

14694859_1430680750293917_875011343_n

അവള്‍ ഇരുത്തി ഒന്നു മൂളീട്ട് പേരു ചോദിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതല്‍ ആയതു കൊണ്ട് പേരെഴുതികൊണ്ടുവന്ന കടലാസ് അതേ പടി തന്നെ കൊടുത്തിട്ട് രണ്ടടി വിട്ടു നിന്നു. പേരു വായിച്ചിട്ട് അവളെന്നെ അടിമുടി ഒന്നു നോക്കി, ‘ മനുഷ്യന്‍ തന്നേ ?’ എന്ന മട്ടില്‍. ആ പേര് ചാര്‍ട്ടിലേക്കു പകര്‍ത്തി എഴുതുന്നതിനിടയില്‍ രണ്ടു തവണ അവള്‍ക്ക് സ്പെല്ലിംഗ് തെറ്റി. രണ്ടുതവണയും ‘ ശ്ശ്യെ -‘ എന്നവള്‍ പിറുപിറുത്തു.

വി. വി .കെ വാലത്ത്

രണ്ടു അരഡസന്‍ ‘ശ്ശ്യെ-‘എങ്കിലും പ്രതീക്ഷിച്ചു നില്‍കെ അവളാ ചാര്‍ട്ടും തന്നെന്നെ ദന്തിസ്റ്റിന്റെ മുറിയിലേക്കു വിട്ടു. ചാര്‍ട്ടിലെ പേരുകണ്ടതും ഡോക്റ്റര്‍ തെല്ലുറക്കെ ഒന്നു ചിരിച്ചു. രണ്ടു തവണ എഴുതിയിട്ടും തെറ്റിയപ്പോള്‍ ആ പെണ്ണെന്നെ ‘ ശശി’ ആക്കിയോ എന്നു ഞാന്‍ സംശയിച്ചു. അപ്പോഴാണ് ഡോക്ടര്‍ അദ്ദേഹത്തിന്റെ പേരു പറഞ്ഞത്. ‘ പ്ളേറ്റോ ‘, സാക്ഷാല്‍ സോക്രട്ടീസിന്റെ പ്രധാന ശിഷ്യന്‍. ആ പേരു കിട്ടിയ ഡോക്ടറുടെ മുന്നിലാണ് ഗുരുവിന്റെ പേരുള്ള രോഗി പല്ലും കൊണ്ട് ചെന്നിരിക്കുന്നത്, ചിരിക്കാതിരിക്കുമോ ? .

ശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഡോക്ടറുടെ റൂമിന് മുന്നില്‍ ഊഴവും കാത്തിരിക്കുമ്പോള്‍, പേരു വിളിക്കാതെ തന്നെ അടുത്തതു ഞാനാണെന്ന് എളുപ്പത്തില്‍ പിടികിട്ടും. സാധാരണ നഴ്സുമ്മാര്‍ ചാര്‍ട്ടു നോക്കീട്ട് ‘ രമണി കെ പി ‘ എന്നോ ‘ അബ്ദുള്‍ നാസര്‍ ‘ എന്നോ ‘ വര്‍ക്കിച്ചന്‍ ‘ എന്നോ ഒക്കെ ഇസി ആയിട്ടങ്ങു വിളിക്കുകയാണല്ലോ. അതിനു പകരം ഡോക്ടറുടെ മുറിയില്‍ നിന്നും പുറത്തേക്കു വന്ന് നഴ്സ് ചാര്‍ട്ടും പിടിച്ച് അതില്‍ കണ്ട പേരിലേക്കു നോക്കി തല പൊക്കാതെ വായിച്ചു കുഴങ്ങുന്നു. ഒരെത്തും പിടിയും കിട്ടാതെ നില്‍കുന്നു, ചുറ്റും നോക്കന്നു, മുഖത്ത് കരച്ചില്‍, അരിശം തുടങ്ങി സമ്മിശ്ര വികാരങ്ങളുണ്ടാകുന്നു. മേലോട്ടു നോക്കുന്നു. രോഗികളും തങ്ങളെയാണോ വിളിക്കുന്നതെന്ന ആകാംഷയോടെ ഇരിക്കുന്നു. ആ ഉത്കണ്ഠ അങ്ങനെ നിമിഷങ്ങളോളം നീളുമ്പോള്‍ ഞാന്‍ പതുക്കെ ചെന്ന് വിനയത്തോടെ ‘ സോക്രട്ടീസി’ നെയാണോ സിസ്റ്ററെ എന്ന് വിനയത്തോടെ ചോദിക്കുന്നു. ‘ ങാ-അങ്ങനെയെന്താണ്ടുമാണ് ‘ എന്നു മുരണ്ടു കൊണ്ട് സിസ്റ്റര്‍ എന്നെ അകത്തേക്കു കയറ്റി വിടുന്നു. പുറത്തു രോഗികള്‍ ഒന്നും പിടികിട്ടാതെ അന്തം വിട്ടിരിക്കുന്നു.

രിക്കല്‍ പനിപിടിച്ച് കിടക്കുമ്പൊഴാണ്, നഴ്സുമ്മാരുടെ കൂട്ടത്തില്‍ ഒരു കന്യാസ്ത്രീ. മരുന്നു തരാനും മറ്റും വരുമ്പോള്‍ ഒരു വിമ്മിട്ടം. എന്നോടെന്തോ ചോദിക്കാനോ പറയാനോ ഉള്ളപോലെ. അഞ്ചു ദിവസങ്ങളെടുത്ത എന്റെ ആശുപത്രിവാസം തീരുംവരെ കന്യാസ്ത്രീയുടെ ആ തിക്കു മുട്ടല്‍ നീണ്ടു. പേരു വെട്ടി പോരുന്ന ആ അഞ്ചാം ദിവസം സിസ്റ്ററുടെ കണ്‍ട്രോള്‍ പോയി – ഒരൊറ്റ ചോദ്യം.

ഈ …… സോക്രട്ടീസാണോ, വാല്‍മീകി ആണോ ചെതലു കടിച്ചു മരിച്ചത്?

ഞാന്‍ കിടക്കയിലേക്കു തന്നെ വീണു, താഴ്ന്ന ക്ലാസില്‍ സിസ്റ്റര്‍ പഠിച്ച പാഠങ്ങളില്‍ സോക്രട്ടീസിനെ കുറിച്ചും വാല്മീകിയെ കുറിച്ചുമുള്ള കാര്യങ്ങള്‍ ഉണ്ടായിക്കാണും. രണ്ടും കൂടി കുഴഞ്ഞ് ഉണ്ടായ ഇണ്ടലാണ് സിസ്റര്‍ക്കു പ്രശ്നമായത് .

 

കോലഞ്ചേരിക്കു ബൈക്കില്‍ പോയി മടങ്ങുന്ന വഴി. ഒരു പോലീസുകാരന്‍ ലിഫ്റ്റു ചോദിച്ചു കയറി. യാത്രക്കിടയില്‍ കുറച്ചു കഴിഞ്ഞ് എന്റെ പേരു  ചോദിച്ചു. പേര് പറഞ്ഞതും ‘ആ പേരില്‍ ഒരു നക്സലൈറ്റ് ഉണ്ടല്ലോ‘ എന്നായി അദ്ദേഹം. ‘ഒരു പിടികിട്ടാപ്പുള്ളി’ എന്ന് മൂപ്പര്‍ പിറുപിറുക്കുന്നതും കേട്ടു. സൈഡ് ഗ്ലാസ്സില്‍ കൂടി എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുകയും ചെയ്തു. ഞാന്‍ ഞെട്ടി. ഈ പേരില്‍ നക്സലൈറ്റ് ഇല്ലാ എന്നു  പറഞ്ഞാല്‍ ഞാന്‍ നുണ പറയുകയാണെന്നു  കരുതും. സത്യം തെളിയിക്കാന്‍ വണ്ടി സ്റ്റേഷനിലേക്കു പോകട്ടെ എന്നും പറഞ്ഞേക്കാം. അതോടെ എന്റെ കഥ തീര്‍ന്നേക്കാം. അതുകൊണ്ട് സാര്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്നും ആ പേരില്‍ ഒരു നക്സലൈറ്റ് ഉണ്ടായിരുന്നെന്നും 1971  മാര്‍ച്ച് പത്താം തിയതി അയാളെ ആന്ധ്രാ സര്‍ക്കാര്‍ ഇങ്ങനെ ഒരിക്കലും എഴുന്നേറ്റു വരാന്‍ സാധിക്കാത്ത വിധം വെടി വെച്ചു കൊന്നെന്നും തീര്‍ത്തങ്ങോട്ടു പറഞ്ഞു. അങ്ങേര്‍ക്കു സമാധാനമായി.

 

ലിഫ്റ്റു ചോദിച്ച് ഒരുവന്റെ ബൈക്കിനു പിന്നില്‍ കയറി. ആ യാത്ര കുരിശായെങ്കിലും അതിന്റെ ക്ലൈമാക്സില്‍ എന്റെയീ പേര് എന്നെ രക്ഷിച്ചു. വാഹന പരിശോധനക്കിടെ പോലീസ് ബൈക്ക് നിര്‍ത്തിച്ച് അത് ഓടിച്ചിരുന്ന, എനിക്ക് ലിഫ്റ്റ് തന്ന ആ പരോപകാരിയെ ഊത്തു  പരിശോധനയ്ക്കു വിധേയനാക്കി. പിന്നെ ഒന്നും പറയാതെ അവനെയും അവന്റെ ‘സുഹൃത്ത്’ ആയി കണക്കാക്കി എന്നെയും ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ വച്ച് ഒരു വനിതാ പോലീസുകാരി എനിക്കും ഫൈന്‍ അടിക്കാന്‍ പോകുന്നതു  കണ്ടപ്പോള്‍ ഉള്ള കാര്യം വിനയത്തോടെ തന്നെ പറഞ്ഞു. ഞാന്‍ മദ്യപിച്ചിട്ടില്ല, വണ്ടി ഓടിച്ചിരുന്ന അയാള്‍ മദ്യപിച്ചിരുന്നോ എന്നെനിക്കറിയില്ലായിരുന്നു, അയാളെ എനിക്കറിയുക തന്നെയില്ല, ഞാന്‍ ലിഫ്റ്റ് ചോദിച്ചു കയറിയതാണ്. ആ പെണ്‍ സിംഹം അതൊന്നും കേട്ടതേയില്ല. അതൊക്കെ കോടതിയില്‍ പറഞ്ഞാല്‍ മതി എന്നു  പറഞ്ഞ് അവര്‍ 500 രൂപ പിഴയടയ്ക്കാനുള്ള നോട്ടീസ് തരാന്‍ വേണ്ടി എന്റെ പേര് ചോദിച്ചു. ഞാന്‍ പേരു പറഞ്ഞു. നാളെ കോടതിയില്‍ കൂട്ടില്‍ കയറി നില്‍ക്കേണ്ടി വരുമല്ലോ, പരിചയക്കാര്‍ കണ്ടാല്‍ എന്ത് പറയും, മദ്യപാനി എന്ന് പരക്കെ ചിത്രീകരിക്കപ്പെടുമല്ലോ എന്നൊക്കെ ഓര്‍ത്ത് ഞാനങ്ങനെ വേപഥു പൂണ്ടു നിന്നു. അപ്പോഴും സിംഹിണി എന്റെ പേരെഴുതിയിട്ടില്ല. എഴുതുന്നതുപോലെ കാണിക്കും. പിന്നെ ഈ നശിച്ച പേന എന്നു പറഞ്ഞു കൊണ്ട്   അത് നാലഞ്ചു തവണ കുടയും. ഒടുക്കം തല പൊക്കിയിട്ട് ‘അല്ലേ താന്‍ കുടിച്ചിട്ടൊന്നുമില്ലല്ലോ – പൊയ്ക്കോ ‘ എന്നു പറഞ്ഞു.

ഈ പേരിനോട് എനിക്കപ്പോള്‍ ശരിക്കും പ്രണയം തോന്നി.

 

രു നട്ടുച്ച .14628122_1430676930294299_172622009_n

വീട്ടിലെ കമ്പ്യൂട്ടര്‍ ഹാങ്ങ് ആയി. അടുത്തുള്ള സര്‍വീസ് കേന്ദ്രത്തില്‍ വിവരം അറിയിച്ചു. ടെക്നീഷ്യന്‍ ഫീല്‍ഡിലാണെന്നും ഉച്ചയോടെ അയാള്‍ വന്നു നോക്കും എന്നും മറുപടി കിട്ടി. ഉച്ച കഴിഞ്ഞു മണി രണ്ടരയായി. ആള്‍ വന്നില്ല. വീണ്ടും വിളിച്ചു ചോദിച്ചു.

 

എെന്‍സ്റ്റീന്‍ വാലത്ത് 

അയ്യോ, ആ പയ്യന്‍ താങ്കളുടെ വീടു കണ്ടു പിടിക്കാനാവാതെ ഒന്നൊന്നര മണിക്കൂറായി കറങ്ങി നടക്കുന്നു. ഒടുവില്‍ അവന്‍ ഞങ്ങളെ വിളിച്ചപ്പോള്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്. അവന്‍ വിളിക്കും. അപ്പോള്‍ കറക്റ്റ് ലൊക്കേഷന്‍ പറഞ്ഞു കൊടുത്താല്‍ മതി.

ഫോണ്‍  വച്ചു കഴിഞ്ഞ് ഞാന്‍ അന്തം വിട്ടു. പത്തു പതിനഞ്ചു കൊല്ലമായി താമസിക്കുന്ന സ്ഥലം. സോക്രട്ടീസ് എന്ന പേര് എനിക്ക് മാത്രമേ ഇവിടെ ഉള്ളൂ. അയലത്തുകാര്‍ക്കെല്ലാം എന്നെ പരിചയമുണ്ട്. പുതിയ താമസക്കാരാരും ഇവിടെ ഇല്ല. എന്നിട്ടും ആ ടെക്നീഷ്യന് എന്റെ വീടു കണ്ടെത്താന്‍ കഴിയാതെ വന്നത് എന്തുകൊണ്ട് ?

എന്തുകൊണ്ടെന്ന് കക്ഷി ഫോണ്‍  വിളിച്ചപ്പോഴാണ് മനസ്സിലായത്.

ഹലോ .., ഇതേയ് ..ഈ ..ഹെര്‍ – ഹെര്‍- ഹെര്‍ക്കുലീസിന്റെ വീടല്ലേ?’

(-ദതു പറ )

‘അല്ല -‘ എന്നു  ഞാന്‍ പറഞ്ഞില്ല. അവന്റെ ശബ്ദത്തില്‍ ഉച്ചപ്പട്ടിണിയുടെ ക്ഷീണമുണ്ട്. ഹെര്‍ക്കുലീസല്ല അനിയാ, സോക്രട്ടീസ് എന്നു തിരുത്തിയാല്‍ എങ്ങാനും തല കറങ്ങി വീണാലോ, തത്സമയം സമാധിയടഞ്ഞാലോ? അവന്റെ മൊബൈലില്‍ നിന്നു ലാസ്റ്റ് പോയ കോള്‍ എന്റെ ഫോണിലേക്കാണ്. അതിന്റെ പണി വേറെ വരാം. അതുകൊണ്ട് സമ്മതിച്ചു കൊടുത്തു. വീട്ടിലേക്കുള്ള കൃത്യമായ വഴിയും പറഞ്ഞു കൊടുത്തു. അടുത്ത നിമിഷം ആൾ എത്തി. ആ പരിസരത്തു തന്നെ കിടന്നു കറങ്ങുകയായിരുന്നെന്നു ചുരുക്കം. കംപ്യൂട്ടർ തകരാറു തീർക്കുന്നതിനിടയിൽ അവൻ എന്നോടു ചോദിച്ചു – ഞാൻ ഇവിടെ പുതിയതായി താമസിക്കാനെത്തിയതാണോ എന്ന്. ഇല്ല, താമസം തുടങ്ങിയിട്ട് ഇതു പതിനഞ്ചാം വർഷമാണെന്നു പറഞ്ഞു.

കഷ്ടം. ചേട്ടനെ ഇവിടെയാർക്കും അറിയില്ലാട്ടോ. ദേ ആ കാണുന്ന വീട്ടിലും കയറി ഞാൻ ചോദിച്ചതാണ്, ഹെർകുലീസിന്റ വീടേതാണെന്ന്. അങ്ങന ഒരാളില്ലെന്നാണ് അവരും പറഞ്ഞത്. – കേറാത്ത വീടില്ല. അല്ല, ചേട്ടൻ പൊറത്തോട്ടൊന്നും എറങ്ങാറില്ലേ ?

ഒന്നും മിണ്ടാൻ പോയില്ല. ഭാര്യയ്ക്ക് കാര്യം മനസ്സിലായിട്ട് അവനെ തിരുത്താനോ മറ്റോ പോയപ്പോൾ ഞാൻ അവളെ കണ്ണുരുട്ടിയും ചുണ്ടത്ത് വിരൽ വച്ചും ‘മിണ്ടല്ലേ‘ എന്നു വിലക്കി. അവൻ വിശന്ന് വയലന്റായിരിക്കുകയാണ്. അക്രമാസക്തനായെന്നു വരും.

ജോലി തീർത്തു പോകാനിറങ്ങിയപ്പോൾ അവൻ എന്തോ ഉള്ളിൽ പറഞ്ഞിട്ട് എന്നോടൊരു ചോദ്യം -“അല്ല ചേട്ടാ ഈ ഹെർക്കുലീസ് എന്നുള്ളത് ഒരു സൈക്കിളിൻെറ പേരല്ലേ?

ഞാൻ തല കുലുക്കി. ‘കണ്ട സൈക്കിളിന്റെയൊക്കെ പേരുമിട്ട് വീട്ടിൽ കയറിയിരുന്ന് ആളെ ചുറ്റിക്കുന്നു’ എന്നോ മറ്റോ പിറുപിറുത്ത് ആ പാവം പോയി.

14625465_1430679900294002_1348215391_n

തീവണ്ടിയിൽ തിരുവനന്തപുരത്തു നിന്നും മടങ്ങുന്നതിനിടയിലാണ്. ഒരു മധ്യവയസ്കൻ സഹയാത്രികനായ ഒരു ചെറുപ്പക്കാരനോട് വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ബോറടി സഹിച്ചു സഹിച്ച് ആ യുവാവ് അവശനായി എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ ആശ്വാസത്തോടെ ഇറങ്ങിപ്പോയി. ഉടൻ അദ്ദേഹം എൻെറ നേരെ തിരിഞ്ഞു. പേരു ചോദിച്ചു. അടുത്ത സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്നതിനാൽ ഞാൻ നിർഭയം പേരു പറഞ്ഞു.

 

മോപ്പസാങ്ങ് വാലത്ത്  

കേട്ടപാടെ അദ്ദേഹം വായും പൊളിച്ച് ഒരു സെക്കന്റ് അനക്കമില്ലാതെ ഇരുന്നു.-സിദ്ധികൂടിയോ? ഞാൻ നടുങ്ങി. വേഗം കുലുക്കി വിളിച്ചു. – ‘ചേട്ടാ?’. ചേട്ടൻ അമ്പരപ്പോടെ ചുറ്റും നോക്കിക്കൊണ്ടു പറഞ്ഞു –

ഹൊ – ഇത്രേം നേരം എന്റെ മുമ്പിലിരുന്നേച്ചത് എബ്രഹാം ലിങ്കൺ. ഇപ്പോ സോക്രട്ടീസ്. കർത്താവേ, ഞാനിതെവിടെയാ?‘.

പാവം. മഹാൻമാരും മൺമറഞ്ഞു പോയവരുമായ എബ്രഹാം ലിങ്കന്റേയും സോക്രട്ടീസിന്റെയും ഒപ്പം താനിപ്പോൾ പരലോകത്താണെന്നു കരുതിക്കാണും.

ന്മ നാട്ടിൽ താമസിച്ചിരുന്ന കാലം. അവിടെ ഒരു പുഴത്തീരത്ത് വ്യാജവാറ്റു നടക്കുന്നുണ്ടായിരുന്നു. അതിനടുത്തുള്ള ഒരു വീട് ബ്രോക്കർമാർ നല്ല രാശിയുള്ള സ്ഥലമാണെന്നു പറഞ്ഞ് ഒരു പാവം കുടുംബസ്ഥന്റെ തലയിൽ കെട്ടി വച്ചു. രാശി വ്യാജ വാറ്റുകാർക്കായിരുന്നു. രാപകൽ പൊരിഞ്ഞ കച്ചവടം. കുടിയൻമാരെ കൊണ്ടുള്ള പ്രശ്നങ്ങൾ പലത്. ഒടുവിൽ ആ വീട്ടുകാരൻ ലോക്കൽ പത്രത്തിലെ ആക്ഷേപക്കോളത്തിൽ ഈ പ്രശ്നം കാണിച്ച് കത്തെഴുതി. കത്തിനു താഴെ പേരു വയ്ക്കണമല്ലോ. സ്വന്തം പേരു വച്ചാൽ വ്യാജ മാഫിയ വച്ചേക്കില്ല. അതുകൊണ്ടാവും സമൂഹത്തിലെ സകലതിനെയും ചോദ്യം ചെയ്ത ആ ഗ്രീക്ക് തത്വചിന്തകന്റെ പേരായ ‘സോക്രട്ടീസ്’ തന്നെ ഇരിക്കട്ടെ എന്നു മൂപ്പർ വച്ചത്. എന്തിനു പറയുന്നു. നേരം വെളുത്തു പത്രം വന്നപ്പോൾ എനിക്കു നിൽക്കക്കള്ളിയില്ല. വല്ലയിടത്തും കള്ളവാറ്റു നടക്കുന്നതിന് നിനക്കെന്താണെന്ന് വീട്ടുകാർ. നീ ഞങ്ങളെ പൂട്ടിക്കും അല്ലേടാ എന്നു വ്യാജവാറ്റുകാർ. ഒടുക്കം ആ പത്രത്തിന്റെ പത്രാധിപരുടെ സഹായത്തോടെ അതു ഞാനല്ലെന്ന് സ്ഥാപിച്ച് തടി വട്ടമെത്തിച്ചു.

തേനിയിൽ ഒരു സിനിമയുടെ പ്രവർത്തനങ്ങൾക്കിടയിലാണ് – . അസിസ്റ്റന്റ് ഡയറക്റ്റർ ആയ ഒരു പയ്യൻ വന്ന് എന്നെ വിളിച്ചു. അസോസിയേറ്റ് ഡയറക്റ്റർക്ക് എന്നോട് എന്തോ പറയാനുണ്ടത്രെ. ലൊക്കേഷനിൽ തന്നെ തെല്ലു മാറി സീനുകളുടെ മിനുക്കു പണിയിലേർപ്പെട്ടിരുന്നതു കൊണ്ട് ‘ദാ ഇപ്പോ വന്നേക്കാം‘ എന്നു ഞാനും പറഞ്ഞു. തെല്ലു കഴിഞ്ഞില്ലാ, പയ്യൻ വീണ്ടും വന്നു. ഉടനെ എത്താമെന്ന് അപ്പോഴും പറഞ്ഞു. വീണ്ടും പയ്യൻ വന്നു. ഇത്തവണ അവൻ കരയുന്ന മട്ടായി. ‘ ചേട്ടാ അങ്ങേരെന്നെ നിലത്തു നിർത്തുന്നില്ല. ഒന്നു വന്നിട്ടു പോ.’ ഞാൻ സമ്മതിച്ചു. ഷൂട്ടിനു വേണ്ട കാര്യങ്ങൾ ഒരുക്കുന്ന തിരക്കിൽ നിൽക്കുന്ന അസോസിയേറ്റ് ഡയറക്റ്ററുടെ മുന്നിൽ പയ്യൻ എന്നെ ഹാജരാക്കി. ‘സാർ ദാ , സോക്രട്ടീസ് ‘ .

 

14694924_1430677893627536_554997443_n

അസോസിയേറ്റ് ഡയറക്ടർ എന്നെ നോക്കി. പിന്നെ അവനെ അടിമുടി തറപ്പിച്ചൊന്നു നോക്കിയിട്ട് തെറിയോട് തെറി. ആ പയ്യന്റെ അപ്പനും അപ്പന്റെ അപ്പനും അതിനും പിന്നിലെ ഒരു നാലു തലമുറ വരെയുള്ള അപ്പൻമാർക്കും ഒക്കെ കൊട്ടക്കണക്കിനു കിട്ടി. അയാൾ അവനോട് ചോദിച്ചത്

സോക്രട്ടീസ്‌ എവിടെ എന്നല്ലാ അടുത്ത സീനിലേക്കു വേണ്ട പ്രോപ്പർട്ടീസ്‌ എവിടെ എന്നായിരുന്നു.

സോക്രട്ടീസ്‌ വാലത്ത് 

പേരു ചിലപ്പോൾ വിധി കൊണ്ടു വന്നേക്കാം. മഹാനായ്‌ സോക്രട്ടീസ്‌ ‘ഹെം ലോക്‌‘ എന്ന വിഷം കഴിച്ച്‌ മരിക്കാനാണ്‌ വിധിക്കപ്പെട്ടത്‌. അദ്ദേഹത്തിന്റെ പേരുള്ള ഒരു ഫുട്ബോൾ പ്ലെയർ ഉണ്ടായിരുന്നു. ബ്രസീലിന്റെ സോക്രട്ടീസ്‌.അദ്ദേഹം മരിച്ചത്‌ ഭക്ഷണത്തിലെ വിഷം ഉള്ളിൽ ചെന്നാണ്‌. എനിക്കും അതു പോലൊരു വിഷസ്പർശം ഏൽക്കേണ്ടതായിരുന്നു. ഈയടുത്ത്‌ മതിലിൽ പിടിച്ചിരുന്ന ഒരു പാഴ്ചെടി കൂട്ടിപ്പിടിച്ച്‌ പറിച്ച്‌ കളയാൻ കൈ നീട്ടിയതും അതിനുള്ളിൽ നിന്നൊരു അണലി തല പൊക്കി. റെക്കോർഡ്‌ വേഗത്തിൽ കൈ പിൻവലിച്ചത്‌ കൊണ്ട്‌ രക്ഷപ്പെട്ടു. അത്‌ പോലെ ഒരു ദിക്കിൽ ‘രഹിതൻ‘ എന്ന പേരിൽ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. ഒരു അടിപിടിയിൽ അവൻ അകാലത്തിൽ തന്നെ ശരിക്കും രഹിതനായി. അങ്ങനെ നോക്കിയാൽ ‘ ഒരു പേരിലെന്തിരിക്കുന്നു’ എന്നു വെറുതെയങ്ങു പറയാനൊക്കില്ലെന്നു കരുതണം.

അതേ പേരിടും മുമ്പോന്നു ചിന്തിച്ചാൽ പിന്നെ ചിന്തിക്കേണ്ടി വരില്ല.

നി ഒരു ലേറ്റസ്റ്റ്‌ അനുഭവം-

എഴുത്തുകാരൻ തോമസ്‌ ജോസഫിനെ വിളിച്ചതാണ്‌. നമ്പർ തെറ്റി കോളു പോയത്‌ അദ്ദേഹത്തിന്റെ മകന്‌. പയ്യൻ യാതെയിലായിരുന്നു. എന്റെ പേര്‌ തെളിയാഞ്ഞത്‌ കൊണ്ടാവും അവൻ ചോദിച്ചു:

ആരാ, ആരാ?
സോക്രട്ടീസാണ്‌
ങേ?
(ഞാൻ ഉറക്കെ):’ സോക്രട്ടീസാണ്‌,സോക്രട്ടീസ്‌
(അതിലും ഉറക്കെ): ‘ഷോക്കടിച്ചോ?അയ്യോ-! ആർക്കാണ്‌ ആർക്കാണ്‌?’
– ഞാൻ ഫോൺ വച്ചു.

 

 

 

 

 

 

 

 

Comments

comments