വർഷംതോറും തിരുവനന്തപുരം നവരാത്രി മണ്ഡപത്തിൽ തിരുവിതാംകൂർ രാജകുടുംബം നടത്തിവരുന്ന സംഗീതോത്സവമാണ് നവരാത്രി സംഗീത സദസ്സിൽ കച്ചേരിക്കായി കേരളത്തിനകത്തും പുറത്തും നിന്ന് ധാരാളം പ്രശസ്തരായ സംഗീതജ്ഞന്മാർ എത്തിയിരുന്നു; ഇപ്പോഴും എത്തുന്നു. 177 വർഷം പുരുഷന്മാരുടെ മാത്രം സ്വന്തമായിരുന്ന നവരാത്രിസദസ്സിൽ ചരിത്രം തിരുത്തികൊണ്ട് ഒരു സ്ത്രീ ശബ്ദം ഉയർന്നു കേട്ടത് 2006-ൽ മാത്രമാണു. പാറശ്ശാല ബി പൊന്നമ്മാൾ ആയിരുന്നു ആ സംഗീതജ്ഞ.
മഹാദേവയ്യരുടെയും ഭഗവതിയമ്മാളിന്റെയും നാലു പെൺമക്കളിൽ മൂന്നാമത്തെ മകളായി 1924-ൽ ജനിച്ച പൊന്നമ്മാളെ തേടിയെത്തുകയായിരുന്നു സംഗീതം. അധ്യാപകനായ അച്ഛന്റെ ശിക്ഷണത്തിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബാന്തരീക്ഷത്തിലായിരുന്നു ബാല്യം. പാറശ്ശാല സ്കൂളിൽ നിന്ന് അടൂരിലേക്ക് സ്ഥലമാറ്റം കിട്ടിയപ്പോൾ മഹാദേവയ്യർ കുടുംബത്തെയും ഒപ്പം കൂട്ടി. അവിടെ ഒരു എസ്റ്റേറ്റിൽ അവർ താമസം തുടങ്ങിയ കാലത്ത് പാട്ടിനോടുള്ള കുട്ടിയുടെ അഭിരുചി കണ്ട് ആ എസ്റ്റേറ്റിന്റെ ഉടമയാണു കുട്ടികളെ സംഗീതം പഠിപ്പിക്കാൻ തീരുമാനിച്ചത്. അദ്ദേഹം പരമുപിള്ള എന്ന സംഗീതജ്ഞന്റെ അടുത്തേയ്ക്ക് പൊന്നമ്മാളെ സംഗീതം പഠിപ്പിക്കാനയച്ചു. അദ്ദേഹമായിരുന്നു ഏഴാം വയസ്സിൽ പൊന്നമ്മാളുടെ ആദ്യ ഗുരു. ഒപ്പം സംസ്കൃതവും പഠിച്ചു. ആയിടയ്ക്ക് എസ്റ്റേറ്റിൽ ജോലിക്കു വന്നിരുന്ന വൈദ്യനാഥൻ എന്ന സംഗീതജ്ഞൻ പൊന്നമ്മാളുടെ പാട്ടു കേൾക്കാൻ ഇടയായി. പാട്ടിഷ്ടമായ അദ്ദേഹം പൊന്നമ്മാളെ തുടർന്ന് പഠിപ്പിക്കാമെന്ന് ഏറ്റു. തുടർന്നാണു പൊന്നമ്മാൾ സംഗീതം ലോവർ എഴുതാൻ തീരുമാനിച്ചത്. ഒരു അംഗീകൃത സ്കൂളിൽ നിന്നും ഫോർത്ത് ഫോം പാസായ സർട്ടിഫിക്കറ്റ് വേണമായിരുന്നു അതിന്. ഈ ആവശ്യവുമായി സ്കൂളിലെത്തിയപ്പോൾ ശാസ്ത്രി ക്ലാസിലേക്കു തന്നെ പ്രവേശനം തരമായി. ഇന്നത്തെ പത്താം ക്ലാസിനു തുല്യമാണ് അന്നത്തെ ശാസ്ത്രി ക്ലാസ്. പക്ഷെ ചരിത്രത്തിനു രണ്ട് മാർക്ക് കുറഞ്ഞതിനാൽ ജയിക്കാൻ കഴിഞ്ഞില്ല.
പിതാവിനു വീണ്ടും പാറശ്ശാലയിലേക്കു തന്നെ സ്ഥലം മാറ്റമായി. എല്ലായിടത്തും സംഗീതജ്ഞർ പൊന്നമ്മാളെ തേടിയെത്തുകയായിരുന്നു. ഇവിടെയും അതു തന്നെ സംഭവിച്ചു. ഒരു ഗുരു പൊന്നമ്മാളെ തേടി വന്ന് സംഗീതം പഠിപ്പിച്ചു. ഒരു ഗ്രാമവാസിയും, യാഥാസ്ഥിക കുടുംബത്തിലെ അംഗവുമായിരുന്ന പൊന്നമ്മാള്‍ക്ക് ആ അന്തരീക്ഷങ്ങളുടെ പരിമിതികൾ ഏറെ ഉണ്ടായിരുന്നു. ആയിടക്കാണു ചിത്തിര തിരുനാൾ മഹാരാജാവിന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം തിയോസഫിക്കല്‍ സൊസൈറ്റിയിൽ വച്ച് ഒരു സംഗീതമൽസരം നടന്നത്. അന്ന് പതിമൂന്നു വയസ്സ് മാത്രം പ്രായമുള്ള പൊന്നമ്മാൾ ഏറെ പരിഭ്രമിച്ചു കൊണ്ടാണ് മത്സരത്തിനെത്തിയത്. മത്സരം കഴിഞ്ഞ ഉടൻ തന്നെ അവിടെ നിന്ന് പോകണമെന്നതായിരുന്നു പൊന്നമ്മാളുടെ ഉദ്ദേശം. വിധികര്‍ത്താക്കളിൽ ഒരാൾ പ്രശസ്തനായിരുന്നു – ശെമ്മാങ്കുടി ശ്രീനിവാസയ്യർ. മത്സരം കഴിഞ്ഞ ഉടനെ അച്ഛനോടൊപ്പം തിരിച്ചുപോകാൻ നിന്ന അവരെ പിറകില്‍ നിന്നാരോ വിളിച്ചു. “നിങ്ങള്‍ പോകരുത്, നിങ്ങളുടെമകള്‍ക്കാണ് ഒന്നാം സമ്മാനം”. ഫലപ്രഖ്യാപനത്തിനു ശേഷം ഒരു മാസം കഴിഞ്ഞ് ജൂബിലി ഹാളിൽ വച്ച് ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതർ ആ സമ്മാനം നല്‍കിയത് പൊന്നമ്മാളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. പൊന്നമ്മാളുടെ സംഗീതജ്ഞാനം മനസിലാക്കിയ മുത്തയ്യ ഭാഗവതര്‍ പൊന്നമ്മാളെ സ്വാതിതിരുനാൾ അക്കാഡമിയിൽ ചേര്‍ത്തു പഠിപ്പിക്കാൻ ആവശ്യപെട്ടു. എന്നാല്‍ പാറശാലയിൽ ജോലിയായിരുന്ന പിതാവിനു തിരുവനന്തപുരത്തേക്ക് ഒരു പറിച്ചുനടല്‍ പ്രയാസമായിരുന്നു. മുത്തയ്യഭാഗവതർ പക്ഷേ ഇങ്ങനെയൊരു ശിഷ്യയെ നഷ്ടപെടുത്താൻ ആഗ്രഹിച്ചില്ല. അദ്ദേഹം പൊന്നമ്മാളുടെ അമ്മാവനെ വിളിച്ചു വരുത്തി അവരെ എത്രയും വേഗം സ്വാതിതിരുന്നാൾ അക്കാഡമിയില്‍ ചേര്‍ക്കുവാൻ ആവശ്യപ്പെട്ടു. അച്ഛന്റെ സ്ഥലം മാറ്റം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ശരിയാകുമെന്നും അറിയിച്ചു. അങ്ങനെ അച്ഛനു കരമന സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ഭാഗവതര്‍ തന്നെയായിരുന്നു എല്ലാറ്റിനും പിന്നിൽ.
1940- ല്‍ പൊന്നമ്മാള്‍ അക്കാദമിയിൽ ചേര്‍ന്നു. മുത്തയ്യ ഭാഗവതര്‍ ആയിരുന്നു അന്നവിടുത്തെ പ്രിന്‍സിപ്പൽ. മൂന്നു വര്‍ഷത്തെ ഗായിക കോഴ്സിൽ രണ്ടാം വര്‍ഷത്തേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. 1942-ല്‍ ഡിസ്റ്റിംഗ്ഷനോടെ ഗായിക കോഴ്സ് ജയിച്ചു. അന്നു മുത്തയ്യ ഭാഗവതർ തന്നെ തിരുച്ചിറപ്പിള്ളി ആകാശവാണി നിലയത്തില്‍ പാടാനുള്ള അവസരം ചെയ്തു കൊടുത്തു. ഗായിക കോഴ്സ് കഴിഞ്ഞപ്പോൾ പൊന്നമ്മാള്‍ തിരുവനന്തപുരത്ത്പുന്നപുരംസ്കൂളിൽ അദ്ധ്യാപികയായി. അധികം വൈകാതെ തന്നെ കോട്ടണ്‍ഹിൽ സ്കൂളിലെയും അദ്ധ്യാപിക ആയി. കൂടാതെ തിരുച്ചിറപ്പള്ളി ആകാശവാണിയിൽ മൂന്നു മാസം കൂടുമ്പോള്‍ പാടി. ലഭിക്കേണ്ട ഗ്രേഡുകളെല്ലാം അവര്‍ സമയത്തു നല്‍കി. ഒന്നിനും ടീച്ചർ അപേക്ഷിച്ചില്ല. ആയിടയ്ക്ക്ചില തമിഴ് പ്രസിദ്ധീകരണങ്ങളിൽ പൊന്നമ്മാളെക്കുറിച്ച് വന്ന ലേഖനങ്ങൾ വഴി തമിഴ്നാട്ടിലും കച്ചേരിക്കുള്ള ധാരാളം അവസരങ്ങള്‍ വന്നുചേര്‍ന്നു. തുടർന്ന് സ്വാതിതിരുന്നാൾ അക്കാദമിയിൽ ഗാനഭൂഷണത്തിനു ചേര്‍ന്ന പൊന്നമ്മാൾ റാങ്കോടെ കോഴ്സ് പൂർത്തിയാക്കി.
അന്നും സിനിമ വിളിച്ചിരുന്നു പൊന്നമ്മാളെ. യാഥാസ്ഥിതിക കുടുംബാന്തരീക്ഷത്തിന്റെ പരിമിതികൾ ആ അവസരങ്ങളിൽ നിന്ന് പൊന്നമ്മാളെ അകറ്റി നിർത്തി. ഇരുപത്തിനാലാം വയസിലായിരുന്നു പൊന്നമ്മാളുടെ വിവാഹം. വരൻ തെങ്കാശിക്കടുത്ത് ആയക്കൂടിയിൽ ദേവനായകം അയ്യരും സംഗീതതല്‍പരനായിരുന്നു. തന്റെ നാട്ടിലെ കൃഷിയെല്ലാം പാട്ടത്തിന് കൊടുത്ത് പൊന്നമ്മളുടെയൊപ്പം തിരുവനന്തപുരത്ത് വന്ന് താമസിച്ചു. പൊന്നമ്മാള്‍ ദേവനായകം ദമ്പതിമാര്‍ക്ക് നാലു മക്കളാണു.
പൊന്നമ്മാൾ ഗാനഭൂഷണം പാസായ കാലഘട്ടത്തിൽ സ്വാതിതിരുന്നാൾ അക്കാദമിയിൽ അദ്ധ്യാപികമാർ ആരും തന്നെ ഉണ്ടായിരുന്നില്ല. അക്കാദമിയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊന്നമ്മാൾക്ക് ലഭിച്ചു. തുടര്‍ന്നാണ് അക്കാദമിയിലേയ്ക്ക് കൂടുതൽ അദ്ധ്യാപികമാർ എത്തുന്നത്. സ്വാതി തിരുന്നാൾ അക്കാദമിയിൽ തന്നെ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ച പൊന്നമ്മാള്‍ പിന്നീട് പ്രിൻസിപ്പൽ ആയശേഷം തൃപ്പൂണിത്തുറ ആർ.എൽ.വി യിലും നിയമിതയായി. 1970 -ൽ ആർ.എൽ.വി യിൽ ഭരതനാട്യം, കഥകളി, ചിത്രരചന എന്നിവയ്ക്കെല്ലാം പ്രത്യേകം ക്ലാസുകൾ വരുന്നത് പൊന്നമ്മാൾ പ്രിൻസിപ്പൽ ആയിരുന്ന കാലത്താണ്. 1980 -ൽ ആർ.എൽ.വിയിൽ നിന്നാണ് പൊന്നമ്മാൾ വിരമിക്കുന്നത്.
സന്തോഷങ്ങൾ തേടി വന്നതുപോലെതന്നെ ദുഃഖങ്ങളും ടീച്ചറെ തേടി വന്നു. രണ്ടാമത്തെ മകന്റെ 1989-ലെ മരണം, 1999-ൽ ഭർത്താവിന്റെ മരണം. 2006 -ൽ നവരാത്രി മണ്ഡപത്തിൽ പാടുന്നതിനു ഒരു മാസം മുൻപ് ഇളയ സഹോദരി ശാരദയുടെ മരണം 2012-ൽ മൂത്ത മകളുടെ മരണം…. ദുഃഖങ്ങളുടെ ഘോഷയാത്രയിലും ടീച്ചറുടെ ശക്തി സംഗീതമായിരുന്നു.
ടീച്ചറെ ഏറെ പ്രശസ്തയാക്കിയത് നവരാത്രി മണ്ഡപത്തിലെ സംഗീതക്കച്ചേരിയാണ്. നവരാത്രി മണ്ഡപത്തിൽ ആദ്യമായി ഒരു സ്ത്രീയ്ക്ക് പാടുന്നതിനുള്ള അവസരം നടപ്പിലാക്കിയ തീരുമാനം കമ്മിറ്റി അറിയിക്കുമ്പോൾ ആദ്യം ടീച്ചർക്ക് ഭയമായിരുന്നു. സമയം കൃത്യമായി പാലിക്കണം. ഇരുന്ന് പാടാനുള്ള ആരോഗ്യസ്ഥിതി ഉണ്ടോ എന്ന സംശയം.. എന്നാൽ ഇരുന്നു പാടാൻ പ്രത്യേകം സജ്ജീകരിച്ച വേദിയായിരുന്നു ടീച്ചർക്ക് വേണ്ടി ഒരുക്കിയിരുന്നത്. ടീച്ചർ പാടി നിർത്തിയതും മണിമുഴങ്ങിയതും ഒന്നിച്ചായിരുന്നു. അങ്ങനെ ഉത്കണ്ഠകൾ അവസാനിപ്പിച്ചുകൊണ്ട് ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ ശബ്ദം നവരാത്രി മണ്ഡപത്തിൽ ഉയർന്നു കേട്ടു.തുടർന്ന് 2016 വരെ നവരാത്രിമണ്ഡപത്തിൽ ടീച്ചർ പാടി.
ഇന്ന് തൊണ്ണൂറ്റി രണ്ടാം വയസ്സിൽ നവതിയുടെ നിറവിൽ നിൽക്കുമ്പോഴും ഈ പ്രതിഭയെ വേണ്ടപോലെ നമ്മൾ ആദരിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരിക്കൽ ടി.വിയിൽ മുഖം കാണിക്കുന്നവർ പോലും സെലിബ്രിറ്റികൾ ആകുന്ന ഈ കാലത്ത് പൊന്നമ്മാൾ ടീച്ചറിനെ പോലുള്ളവർ വ്യത്യസ്തരാണ്. ടീച്ചർ പാടിക്കൊണ്ടേയിരിക്കുന്നു. പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ശിഷ്യ സമ്പത്തിന്‍റെ നിറവിൽ, തന്റെ അറിവും സംഗീതവും പങ്കുവച്ചു കൊണ്ട്.
Be the first to write a comment.