‘ഒരു മൊട്ടേടകത്ത് എത്ര കുഞ്ഞുങ്ങ കാണും’
‘ഒന്ന്’
‘പ്പോ എരട്ടകളുണ്ടാകില്ലേ’
‘ഒണ്ടായാലും ചത്തുപോകും’
‘ആടിനും പശൂനുമൊക്കെ അങ്ങനല്ലല്ലോ’
‘അതിനവറ്റ മൊട്ടയിടിയേല്ലല്ല’
‘പിന്നെങ്ങനാ…’
‘നെന്ന മൊട്ടയിട്ടതാണാ?’
‘അല്ലാണ്ടു പിന്നെ?’

കുഞ്ഞുന്നാളിലെപ്പോഴോ തന്നെയും മൊട്ടയിട്ട് വിരിയിച്ചെടുത്തതാണെന്നു കരുതിയ ലാലച്ചന്റെ ഈ സംശയം മൊട്ടലാലച്ചനെന്നും അതുലോപിച്ച് മൊട്ടച്ച എന്നുമായി. മൊട്ടച്ച വളര്‍ന്ന് കയ്യിലിരിപ്പും കുസൃതികളും കൊണ്ട് ഞങ്ങള്‍ കുരുന്നുകള്‍ക്ക് ആശാനായി.

മണ്ടയില്ലാത്ത തെങ്ങില്‍ വലിഞ്ഞു കയറി പൊത്തില്‍ കയ്യിട്ട് മാടത്തയിട്ട മുട്ട താഴെ നില്‍ക്കുന്ന ഇത്തരിപ്പോന്ന കിടാങ്ങളെ കാണിക്കുകയാണിപ്പോള്‍ മൊട്ടച്ച. ആറു കഴിയേണ്ട പ്രായമായെങ്കിലും നാലു കടന്നിട്ടില്ല ആശാന്‍. മാടത്തയുടെ മുട്ട കണ്ടതും ഇത്തിരികള്‍ ആര്‍പ്പു വിളിപൊലൊരാരവം മുഴക്കുകയും ആ മുട്ടയെങ്ങാനും താഴേയ്ക്ക് വീഴുമോയെന്ന് ശങ്കിച്ച്, വീണാലും പിടിക്കാനെന്ന മട്ടില്‍ കൈകള്‍ വിരിക്കുകയും ചെയ്തു. സാഹസികനല്ലേ മൊട്ടച്ച. അതൊന്നും ഉണ്ടാകില്ലെന്നറിയാം.

മൊട്ടച്ചയോട് മാടത്തകുഞ്ഞിനെ ഇത്തവണയും ചോദിച്ചിട്ടുണ്ട്. പത്തു രൂപ വിലയും പറഞ്ഞു. വിഷുവിന് കിട്ടിയതെല്ലാം കൂട്ടി കാശ് തികച്ച് വെച്ചിട്ടുണ്ട്. അത് മൊട്ടച്ചയെ രഹസ്യമായി കാണിച്ചിട്ടുമുണ്ട്. ഇത്തവണ പൊത്തില്‍ നാല് മുട്ടയുണ്ട്. അതിലൊന്ന് എനിക്കാണ്.

മൊട്ടച്ചേട വീട്ടില്‍ ഈര്‍ക്കില്‍ കൊണ്ടുണ്ടാക്കിയ രണ്ട് കൂടുകളിലായി മാടത്തകളുണ്ട്. രണ്ട് മാടത്തയും ലാലച്ചാ… എന്ന് വിളിക്കും. നാട്ടില്‍ ലാലച്ചാന്നു വിളിക്കണത് അവ മാത്രേയുള്ളു. വേറെയും ചില വാക്കുകള്‍ മാടത്ത പറയും. എല്ലാം മൊട്ടച്ച ശീലിപ്പിച്ചതാണ്. പാടങ്ങള്‍ക്ക് നടുക്കുള്ള മൊട്ടച്ചേടെ വീട്ടില്‍ മുയലും പരുന്തുമുണ്ട്. പരുന്ത് മൊട്ടച്ചേടെ തലയില്‍ വന്നിരിക്കും. അതിനെ തൊട്ട് നോക്കിയിട്ടൊക്കെയുണ്ട് ഞാനും. പേടിയാണ് അതിന്റെ നഖങ്ങള്‍.

എന്തായാലും ഓലകോന്തി ഈര്‍ക്കിലാക്കി മൊട്ടച്ചയെ ഏല്‍പ്പിച്ചിട്ടുണ്ട്. കൂട് ഫ്രീയായി ഉണ്ടാക്കിത്തരാമെന്നേറ്റിട്ടുണ്ട്. മാടത്തയെ വളര്‍ത്തണമെങ്കില്‍ വേറെയും സാധനങ്ങളും ഏര്‍പ്പാടുകളും വേണം. വിട്ടിലുകളെ പിടിക്കാന്‍ പഠിക്കുകയാണ് അതിലെ വല്ലാത്ത പണി. വിട്ടിലു പിടിക്കാന്‍ ചെറിയ ചൂല് വേണം. പുല്‍പ്പടര്‍പ്പുകളില്‍ പതിയെ തല്ലണം. അപ്പോളതില്‍ നിന്നും പച്ചയും മഞ്ഞയും നിറത്തിലുള്ള പലതരം വിട്ടിലുകള്‍ എടുത്തു ചാടും. ചിലത് നന്നേ വലുതായിരിക്കും. ചിലതില്‍ പച്ചയ്‌ക്കൊപ്പം വേറെയും നിറങ്ങള്‍ കാണും. അവയെ ജീവനോടെ പിടിച്ചാല്‍ കുറേ ദിവസം കുപ്പിയുടെ അകത്തിടാം. അതാകുമ്പോ എല്ലാ ദിവസവും സ്‌കൂളു കഴിഞ്ഞ് വന്നാലുടന്‍ വിട്ടിലിനെ പിടിക്കാന്‍ പോകണ്ട. നല്ല പരിചയം ഉണ്ടെങ്കിലേ ജീവനോടെ പിടിക്കാന്‍ പറ്റൂ. അല്ലെങ്കില്‍ ചൂലിനും അടിക്കും ഇടയ്ക്കു വെച്ചാകും ഒറ്റച്ചാട്ടം. മൊട്ടച്ച വിട്ടിലിന്റെ മേല്‍ ചൂല്‍ വിടര്‍ത്തി അമര്‍ത്തി പിടിക്കും. എന്നിട്ട് ഈര്‍ക്കില്‍ ഓരോന്നായി മാറ്റി അവയെ ജീവനോടെ പിടിക്കും. രണ്ടും മൂന്നും വട്ടം ജീവനോടെ പിടിക്കാന്‍ ശ്രമിച്ചിട്ടും കിട്ടിയില്ലെങ്കിലേ തല്ലി വീഴ്ത്തു.

മഞ്ഞച്ചുണ്ടുള്ള കുഞ്ഞു മാടത്തകളെ തൊട്ടിട്ടുണ്ട്. പഞ്ഞിപോലിരിക്കും. മരം കൊത്തികള്‍ തലപോയ തെങ്ങുകളില്‍ കൊത്തു തുടങ്ങുമ്പോഴേ മൊട്ടച്ച അത് നോക്കി വെക്കും. പിന്നെയതിനകത്തേയ്ക്ക് ഓലനാരുകളുമായി മാടത്തകള്‍ പോകുന്നതു കാണുമ്പോഴേ അറിയാം മുട്ടയിടാനുള്ള മെത്തയകത്ത് ഒരുങ്ങിക്കഴിഞ്ഞെന്ന്. അപ്പോ മുതല്‍ ഞങ്ങളും മൊട്ടച്ചയും ആ തെങ്ങിന്റെ താഴെയുണ്ടാകും.

അങ്ങനെ പറഞ്ഞതു പോലെ എനിക്കും മാടത്തയെ കിട്ടി. കൂടും കിട്ടി. വിട്ടിലിനെ പിടിക്കലും തുടങ്ങി. എനിക്കൊരു കുഞ്ഞിനെ ആദ്യമായി കിട്ടുകയാണ്. പിന്നെയാകെ ജീവിതത്തില്‍ ആ മാടത്തക്കുഞ്ഞേയുള്ളു. സ്‌കൂളിലിരിക്കുമ്പോള്‍ ചിന്ത മുഴുവനും വീട്ടിലെ കൂട്ടിലാണ്. കൂടടച്ചാണോ പോന്നതെന്ന് എപ്പോഴും സംശയമാണ്. കൂടടച്ചില്ലെങ്കില്‍ പൂച്ച പിടിക്കും. പിന്നെയാകപ്പാടെ ഇരിക്കപ്പൊറുതിയില്ലാണ്ടാകും. ടീച്ചറേയും വേണ്ട പാഠവും വേണ്ട. അടിയും കിഴുക്കും കിട്ടും. എഴുന്നേല്‍പ്പിച്ച് കൈ പൊക്കിച്ച് നിര്‍ത്തും. ബഞ്ചിന്റെ മുകളില്‍ കയറി നില്‍ക്കേണ്ടി വരും. അപ്പോഴെല്ലാം മനസില്‍ മാടത്തക്കുഞ്ഞു മാത്രം.

കൂട്ടബെല്ലിനു മുമ്പേ ജനലുചാടിയോടി വീടിലെത്തിയപ്പോള്‍ മാടത്തക്കുഞ്ഞ് കൂട്ടിലുണ്ട്. പക്ഷെ അതിന്റെ ദേഹം മുഴുവനും മഞ്ഞള്‍ പൂശിയിരിക്കുന്നു. അമ്മ സമാധാനിപ്പിച്ചു. കൂടടയ്ക്കാതെ പോയതാണ്. പൂച്ച പിടിച്ചു. പക്ഷെ അപ്പോഴേയ്ക്കും അമ്മ കണ്ടതുകൊണ്ട് പൂച്ചയെ ഓടിച്ചു. മാടത്തക്കുഞ്ഞ് കൂടിനുള്ളില്‍ ആകെ അവശതയിലാണ്. സംഭവം അറിഞ്ഞ് മൊട്ടച്ചയെത്തി. ഇത്തവണയും മാടത്ത കിട്ടാത്തതിന് എന്നോട് കെറുവു പിടിച്ചു നടന്ന രാജേഷുമെത്തി. മൊട്ടച്ച മാടത്തയെ കൂട്ടില്‍ നിന്നെടുത്ത് ദേഹ പരിശോധന തുടങ്ങി. എനിക്കാണെങ്കില്‍ കരച്ചിലടക്കാനും വയ്യ. ഏങ്ങിയേങ്ങി കരയുകയാണ് ഞാന്‍. ഇത്തിരിപ്പോന്ന ജീവനാണ്. അതൊക്കെ പിള്ളേര്‍ക്കു കൊടുത്ത് ഇങ്ങനെ കരയിപ്പിക്കേണ്ട വല്ല കാര്യവുമുണ്ടോ-യെന്ന് അമ്മാമ്മ മൊട്ടച്ചയെ വഴക്കു പറയുന്നുമുണ്ട്. അതിന് ഇവന്‍ ചോദിച്ചിട്ടല്ലേ കൊടുത്തത് തള്ളേ…യെന്ന് തര്‍ക്കുത്തരവും പറഞ്ഞു. എന്റെ കുഞ്ഞ് അതിനു വല്ലതും സംഭവിച്ചാല്‍- ഓര്‍ക്കാന്‍ കൂടി വയ്യ.

രാത്രി കിടന്നിട്ടും ഉറക്കം വരുന്നില്ല. അപ്പന്‍ കെട്ടിപ്പിടിച്ചു, ചത്താല്‍ വേറെ വാങ്ങാമെന്ന് ആശ്വസിപ്പിച്ചതോടെ കരച്ചില്‍ ഉറക്കെയായി. വാവിട്ട കരച്ചില്‍. വിളക്കു കത്തിച്ച് മാടത്തയുടെ കൂട് അച്ഛന്‍ കൊണ്ടുവന്ന് അടുത്തു വെച്ചു. എല്ലാവരും എഴുന്നേറ്റു. തൊട്ടപ്പുറത്തെ വീടാണ് മൊട്ടച്ചേടത്. അവരും എഴുന്നേറ്റു. മൊട്ടച്ചേടെ അച്ഛന്‍, അപ്പോ തന്നെ അടി തുടങ്ങി. ഇനി മാടത്തയേയും പിടിച്ചു നടന്നാല്‍ വീട്ടില്‍ കേറ്റില്ലെന്ന് ഭീഷണിപ്പെടുത്തി. മൊട്ടച്ചേടെ അച്ഛന്‍ തല്ലുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കൊലഞ്ഞീലു കൊണ്ട് ഒത്ത പുറത്തടിക്കും. കയ്യെത്തിച്ച് തടവാന്‍ പോലും പറ്റില്ല. മൊട്ടച്ചയെ തല്ലുകൊള്ളിക്കാതിരിക്കാന്‍ ഞാന്‍ കരച്ചില്‍ നിര്‍ത്തി.

പിറ്റേന്ന് ഞാന്‍ സ്‌കൂളില്‍ പോയില്ല. ശരിക്കും പനി പിടിച്ചു. രാവിലെ മുതല്‍ കൂടിനടുത്തു തന്നെയാണ്. മൊട്ടച്ച ഉച്ചയ്ക്കു തന്നെ തിരിച്ചു വന്നു. ആരും കേള്‍ക്കാതെ മൊട്ടച്ച എന്നോടു പറഞ്ഞു- നമുക്കീക്കുഞ്ഞിനെ ആ പൊത്തില്‍ തന്നെ തിരിച്ചു കൊണ്ടു പോയി വെയ്ക്കാം. അതിന്റെ അമ്മ നോക്കട്ടെ. സുഖമായി കഴിഞ്ഞ് നമുക്ക് തിരിച്ചെടുക്കാമെന്ന്. എനിക്കാദ്യം സമ്മതമായില്ല. കുഞ്ഞല്ലേ… അതിന്റെ തള്ള നോക്കിയാലേ ചാകാണ്ടിരിക്കൂ- എന്ന് മൊട്ടച്ച പറഞ്ഞപ്പോള്‍ ഞാനെതിര്‍പ്പൊന്നും പറഞ്ഞില്ല. ഞങ്ങള്‍ ആ തെങ്ങിന്റെ താഴെയെത്തി. കുഞ്ഞ് മാടത്തയെ ഷര്‍ട്ടിന്റെ പോക്കറ്റിലിട്ട് മൊട്ടച്ച തെങ്ങില്‍ കയറി. പൊത്തിലേയ്ക്കു തന്നെ തിരിച്ചു വെച്ചു. ഞങ്ങളെന്നിട്ട് ദൂരെ മാറി ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. എവിടെ നിന്നാണെന്നറിയില്ല. ആദ്യം ഒരു മാടത്ത പറന്നു വന്ന് കൂട്ടില്‍ കയറി. അച്ഛനാകണം. പിന്നെ വേഗം പുറത്തേയ്ക്ക് പറന്നു പോയി. തള്ളയും വന്നു. ഞങ്ങള്‍ കുറേ നേരം അതും നോക്കിയിരുന്നു.

തിരിച്ചു കൊണ്ടുപോയി വെച്ചെന്നു പറഞ്ഞപ്പോള്‍ വീട്ടിലും ആശ്വാസമായി. പക്ഷെ, എന്റെ മാടത്തയെക്കുറിച്ചോര്‍ത്ത് ഞാനുറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പന്‍ ചേര്‍ത്തു പിടിച്ച് എന്തോ കഥ പറയാനൊക്കെ ശ്രമിക്കുന്നുണ്ട്. ഞാനപ്പനോട് അപ്പോള്‍ ചോദിക്കുകയാണ്- അതേ അപ്പാ ഈ മാടത്തോള്‍ക്ക് ഡോക്ടര്‍മാരൊക്കെയുണ്ടാകുമോ… അപ്പന് ദേഷ്യമാണ് വന്നത്. എന്നെ നുള്ളി അപ്പന്‍ ശാസിച്ചു- ഒറങ്ങീല്ലേ വലിച്ചിരുട്ടത്തോട്ടെറിയും.

പിന്നെ ദിവസവും സ്‌കൂളുവിട്ട് വന്നാലുടന്‍ ആ തെങ്ങിന്റെ താഴെ ചെല്ലും. വെറുതെ മേലോട്ടും നോക്കി നില്‍ക്കും. ഇടയ്ക്ക് മൊട്ടച്ച തെങ്ങില്‍ കയറി മാടത്തയെ എടുത്ത് എന്നെ കാണിക്കും. കുഞ്ഞുഷാറാകുന്നുണ്ട്. ഞാനും ഉഷാറായി. കുറച്ചു ദിവസം കൂടി കഴിഞ്ഞ് തിരിച്ചെടുക്കാമെന്ന് മൊട്ടച്ച പറഞ്ഞു. ഞാന്‍ വിട്ടിലുകളെ പിടിച്ചു. മൊട്ടച്ച അത് പൊത്തില്‍ കൊണ്ടുപോയി ഇട്ടു.

മാടത്തയെ തിരിച്ചെടുക്കാനുള്ള ദിവസം ഞങ്ങള്‍ ആ തെങ്ങിന്റെ താഴെയെത്തി. എന്റെ കയ്യില്‍ കൂടും ഉണ്ടായിരുന്നു. മാടത്തത്തള്ള കൂട്ടിലേയ്ക്ക് കയറുകയും ഇതേവരെ കേട്ടിട്ടില്ലാത്ത ഒച്ചയുണ്ടാക്കി പുറത്തേയ്ക്കു വരുകയും പറക്കുകയും തിരികെ വരുകയും ചെയ്തു. ഇനിയകത്തു വല്ല പാമ്പും കേറിയോയെന്ന് പറഞ്ഞ് മൊട്ടച്ച വേഗം തെങ്ങു കയറി. കൂടിനകത്തേയ്ക്ക് കയ്യിട്ടു. മൊട്ടച്ചേടെ മുഖത്തേയക്കും കൈകളിലേയ്ക്കുമാണ് എന്റെ നോട്ടം. അകത്തേയ്ക്കിട്ട കൈ പെട്ടെന്ന് എന്തിലോ തൊട്ട് പൊള്ളിയതു പോലെ മൊട്ടച്ച പുറത്തേയ്ക്കക്കെടുത്തു. മൊട്ടച്ചേടെ മുഖം മാറിയത് ഞാങ്കണ്ടു. പിന്നെ എന്നോടെന്തോ പറയാന്‍ തുടങ്ങി. അതു പറയാതെ വീണ്ടും പൊത്തിലേയ്ക്ക് കയ്യിട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മൊട്ടച്ച പറയുന്നില്ല. തെങ്ങേലേയ്ക്ക് കയറാന്‍ ഞാനും ശ്രമിച്ചു. നീ കേറണ്ട ഞാന്താഴോട്ട് വരാന്നു പറഞ്ഞു മൊട്ടച്ച തെങ്ങില്‍ നിന്നിറങ്ങി. താഴെ വന്ന ശേഷമാണ് എന്നാട് പറഞ്ഞത്- പൊത്തില് മ്മടെ മാടത്തയില്ല. പിന്നെ നുണ പറയാനറിയാതെ നുണപറഞ്ഞു- അത് പറന്നുപൊയ്ക്കാണും…

‘പൂട മാത്രമുള്ള കുഞ്ഞ് പറന്നു പോകുമോ അപ്പാ’
‘പോയാലെന്നാ… കാശവന്‍ തിരിച്ചു തന്നില്ലേ’
‘ഇനിയത് വേറാരെങ്കിലും എടുത്തു കാണുമോ അപ്പാ’
‘അതുവാകാം… നീയൊറങ്ങെന്റെ കൊച്ചേ’
‘എടുത്തവനെ ഞാ നല്ലിടി കൊടുക്കും’
‘അവന്‍ വേറെ തരാന്നു പറഞ്ഞില്ലേ. പൂച്ച പിടിക്കാതെ നോക്കിയാ മതി’

പിന്നെ കുറേ ദിവസത്തേയ്ക്ക് എന്റെ മാടത്ത പോയത് ഓര്‍ത്തോര്‍ത്ത് ഏങ്ങലടിച്ചു.. പക്ഷിയില്ലാത്ത കൂട് കുറേ നാള് കൂടി വീട്ടില്‍ തൂങ്ങിക്കിടന്നു. പക്ഷെ, എന്നോടൊരിക്കല്‍ പോലും കൂട്ടിനുള്ളിലേയ്ക്ക് കയ്യിട്ടപ്പോള്‍ ചത്തു കിടക്കുകയായിരുന്നു മാടത്തയെന്ന് മൊട്ടച്ച പറഞ്ഞതേയില്ല. ആ മാടത്തക്കുഞ്ഞ് ചത്തുപോയെന്ന് ഞാനറിഞ്ഞത് മൊട്ടച്ച പറഞ്ഞിട്ടല്ല. എനിക്കറിയാം. മോളുണ്ടായപ്പോ അവളെ മാടത്തേന്ന് വിളിച്ചതല്ലാതെ പിന്നെയൊരിക്കലും ഒരു പക്ഷിക്കുഞ്ഞിനേയും ഞാന്‍ വളര്‍ത്തിയിട്ടില്ല.

വഴീല് വെച്ച് മൊട്ടച്ചയെ വീണ്ടും കണ്ടു. ബൈക്കോടിച്ച് വരുകയായിരുന്നു. കുഞ്ഞിനു മരുന്നു വാങ്ങാന്‍ പോയതാണെന്നു പറഞ്ഞു. ബൈക്കിനു പിന്നിലിരിക്കുന്ന മൊട്ടച്ചയുടെ ഭാര്യയുടെ കയ്യിലാണ് കുഞ്ഞ്. അയലത്തെയാണെന്നും കുഞ്ഞുന്നാളത്തെ കൂട്ടാന്നും ഇപ്പോ ബാംഗ്ലൂരിലാണെന്നും എന്നെ പരിചയപ്പെടുത്തി. ഞാന്‍ മൊട്ടച്ചയുടെ പൊടിക്കുഞ്ഞിന്റെ തലയില്‍ തൊട്ടു. കുരുന്നു മുടി. ആ മാടത്തക്കുഞ്ഞിന്റെ പൂടപ്പഞ്ഞി പോലെ. കുഞ്ഞ് നന്നേ ക്ഷീണിതയാണ്. അവശമായ കണ്ണുകള്‍ കൊണ്ട് അവളെന്നെ നോക്കി. പിന്നെ എന്റെ കൈ തട്ടിമാറ്റാനാഞ്ഞു. ഒട്ടും കരുത്തില്ലാത്ത മഞ്ഞപ്പു ബാധിച്ച കുഞ്ഞിക്കൈകള്‍…

‘ഇപ്പോഴും വീട്ടില് മാടത്തേം പരുന്തുമൊക്കെയുണ്ടോ’
‘ ഒ അതിനൊക്കെ എവിടെ നേരം’
‘പണ്ട് നമ്മള്‍ തിരിച്ചു കൊണ്ടു പോയി വച്ച ആ മാടത്ത കുഞ്ഞില്ലേ… അത് ശരിക്കും ചത്തു പോയതല്ലേ’
‘ഏത് കുഞ്ഞ്’
‘മൊട്ടച്ചയന്ന്‌ എനിക്കു തന്ന…’
‘ഓ അതോ… അത് പറന്നു പോയതല്ലേ’
‘മൊട്ടച്ചാ നിങ്ങള് സത്യം പറഞ്ഞോ’
‘പറന്നു പോയത് തന്നെയാകും… അല്ലാണ്ടു പിന്നെ’

എന്നെ പേരുവിളിക്കുമെന്നും എന്റെ തോളില്‍ വന്നിരിക്കുമെന്നും ഞാന്‍ കൊതിച്ച എന്റെ പക്ഷിക്കുഞ്ഞിന്റെ മരണം ഇനിയും ഞാനറിയുന്നില്ലല്ലോ… മൊട്ടച്ച അതു പറയുന്നില്ലല്ലോ എന്ന സങ്കടം എനിക്ക് വന്നു.

‘ഞാനിപ്പോ ആ കുഞ്ഞല്ല. പറഞ്ഞോ മൊട്ടച്ചാ’- മൊട്ടച്ചയിപ്പോഴും നുണപറയാന്‍ പരുങ്ങുന്നതു കണ്ട് എനിക്ക് ചിരിയാണ് വന്നത്. മൊട്ടച്ച എന്നെ നോക്കുക മാത്രം ചെയ്തു. അന്ന് തെങ്ങില്‍ നിന്നിറങ്ങി മാടത്തക്കുഞ്ഞ് പറന്നു പോയെന്നു പറയും മുമ്പുള്ള അതേ നോട്ടം. എന്നിട്ട് പഴേതു പോലെ തന്നെ പറഞ്ഞു- ‘അത് പറന്നു പൊയ്ക്കാണും’

മൊട്ടച്ചേട ഭാര്യ കുഞ്ഞിനെ മാറോട് കൂടുതല്‍ ചേര്‍ത്തു പിടിച്ചു. കുഞ്ഞ് അമ്മയുടെ ചൂടിലേയ്ക്ക് മുഖം പൂഴ്ത്തി. വളവു തിരിഞ്ഞപ്പോള്‍ മൊട്ടച്ച ബൈക്കോടിച്ചു തന്നെ തിരിഞ്ഞു നോക്കി. ആ നോട്ടം തെങ്ങിന്റെ മുകളില്‍ നിന്ന് പണ്ടെന്നെ നോക്കിയ അതേ നോട്ടമാണല്ലോ. മൊട്ടച്ചയ്ക്ക് വിഷമമാകേണ്ടെന്നു കരുതി വായുവിലേയ്ക്ക് ഇരുകൈകളും വീശി പറക്കുന്നതു പോലെ ഞാന്‍ കാണിച്ചു. ബേര്‍ഡ്‌സിനു കൈകളുണ്ടോ അപ്പാന്ന്, എന്നോട് മോള് ചോദിച്ചപ്പോള്‍ അവളെ കാണിച്ചതു പോലെ. ആ ചിറകുകള്‍ വീശി ചില്ലിത്തെങ്ങിന്റെ ഉച്ചി കാണാവുന്ന ബാല്‍ക്കണിയില്‍ നിന്നും അവള്‍ താഴേയ്ക്ക് പറക്കുമെന്ന് അറിയില്ലായിരുന്നു അപ്പോള്‍.

ബാംഗ്ലൂരില്‍ നിന്നും മോളുടെ ബോഡി നാട്ടിലേയ്ക്കു കൊണ്ടു പോരാന്‍ വന്നവരില്‍ മൊട്ടച്ചയുമുണ്ടായിരുന്നു. മോര്‍ച്ചറിക്കു മുന്നില്‍ നിറയെ കിളികളുള്ള പേരമരത്തിന്റെ ചോട്ടില്‍ വെച്ച് മൊട്ടച്ച ആശ്വസിപ്പിക്കാന്‍ തൊട്ടപ്പോള്‍ ഞാന്‍ പറയാതിരുന്നില്ല- ‘ന്റെ മോളും പറന്നു പോയി…’ മൊട്ടച്ച അതുകേട്ട് ഉറക്കെയുറക്കെ കരഞ്ഞപ്പോള്‍ പേരമരത്തിലെ കിളികളെല്ലാം പെട്ടെന്ന് നിശബ്ദരായി. എന്നിട്ട്, കൂട്ടത്തോടെ പറന്നു പോയി.

Comments

comments