വിവേകാനന്ദന്റെ ഭ്രാന്താലയത്തിനു നവോത്ഥാനവും പുരോഗമനപ്രസ്ഥാനങ്ങളും കൊണ്ടൊന്നും വലിയ ചികിത്സയൊന്നും ലഭിച്ചിട്ടില്ലെന്നു തെളിയിക്കുന്ന ഒരു ഇരട്ടസ്സംഭവം
ഇയ്യിടെ അരങ്ങേറിയത് ഇപ്പോളും സ്വന്തം കണ്ണും തലയും ബാക്കിയുള്ള ചില മലയാളികളെങ്കിലും ശ്രദ്ധിച്ചിരിക്കും. ‘ഇരട്ടസ്സംഭവം’ എന്ന് പറഞ്ഞത് വെറുതെയല്ല, രണ്ടും ഒരൊറ്റ പ്രസിദ്ധീകരണത്തെ ചുറ്റിപ്പറ്റിയാണ് നടന്നത്. മലയാളമനോരമത്തറവാട്ടിലെ മുത്തശ്ശി എന്ന് തന്നെ വിളിക്കാവുന്ന, ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പഴക്കമുള്ള, ‘ഭാഷാപോഷിണി’ ആണ് ആ പ്രസിദ്ധീകരണം. അതും ഒരേ ലക്കത്തെ- 2016 ഡിസംബർ ലക്കം- ചുറ്റിപ്പറ്റി. കേരളത്തിലെ ഒരു മഹാശക്തി എന്ന് യാതൊരു സംശയവും കൂടാതെ പറയാവുന്ന മനോരമയെക്കൊണ്ട് മാപ്പുപറയിക്കാന്‍ മാത്രം കരുത്തുറ്റതായിരുന്നു കലയുടെ കഖഗഘ അറിയാത്ത ചില വര്‍ഗ്ഗീയശക്തികൾ രണ്ടു മികച്ച കലാസൃഷ്ടികള്‍ക്കെതിരെ നടത്തിയ പ്രതിഷേധം.
ഒന്ന് മാസികയുടെ 2016 ഡിസംബർ ലക്കത്തിന്റെ കവറിന്റെ ഉള്ളില്‍ പ്രസിദ്ധീകരിച്ച ടോം ജെ വട്ടക്കുഴിയുടെ ഒരു പെയിന്റിംഗ് ആയിരുന്നു. ഡാ വിഞ്ചിയുടെ മാസ്റ്റര്‍ പീസ് ആയ ‘ലാസ്റ്റ് സപ്പര്‍’ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്. എന്നാല്‍ ഇതിൽ ക്രിസ്തുശിഷ്യര്‍ക്ക് പകരം കന്യാസ്ത്രീകളാണ്, ക്രിസ്തുവിനു പകരം നഗ്നമായ മാറിടമുള്ള ഒരു കന്യകയും. ഒന്നാം ലോകമഹായുദ്ധകാലത്തെ മാതാഹരി എന്ന ചാരവനിത ഒരു കോണ്‍വെന്റിൽ ചിലവിട്ട അവസാനദിവസങ്ങളെക്കുറിച്ചുള്ള നാടകത്തിനു വേണ്ടി ടോം ചെയ്തതായിരുന്നു ആ
ചിത്രം. ഒരു പെയിന്റിംഗ് എന്ന നിലയില്‍ മൂല്യവത്താണെന്നു മാത്രമല്ലാ, ഡാ വിഞ്ചി പതിനഞ്ചാം നൂറ്റാണ്ടില്‍ മിലാനിലെ ഒരു കോണ്‍വെന്റിൽ ചെയ്ത മൂലചിത്രത്തിന്റെ അനേകം പ്രതിധ്വനികളില്‍ ഒന്നായി ഇതിനെ കാണാം. സാല്‍വദോർ ദാലി, സൂസന്‍ ഡോറോതി വൈറ്റ്, വിക്ക് മുനീസ്, ആന്‍ഡി വാറോൾ തുടങ്ങി പലരും ‘അവസാനത്തെ അത്താഴം’ സ്വന്തം രീതിയിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. മേല്‍ ബ്രൂക്സ്, തോമസ് ആണ്ടെഴ്സൻ, അരവിന്ദൻ എന്നിവർ തങ്ങളുടെ സിനിമകളിലും ഈ രംഗത്തിന്റെ അനുകരണങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ഒന്ന്, ബ്യൂനുവെലിന്റെ ‘വിരിഡിയാന’-യിലെ ചിത്രീകരണത്തെ വത്തിക്കാന്‍ ദൈവനിന്ദയായി മുദ്ര കുത്തിയ കഥയും നമുക്കറിയാം. ഇവിടെ ടോം ചെയ്തത് മാതാഹരിയുടെ കോണ്‍വെന്റ് ജീവിതത്തിന്റെ പശ്ചാത്തലത്തിൽ മൂലചിത്രത്തിന്റെ ഘടന നിലനിര്‍ത്തി തന്റേതായ ഒരു ചിത്രം നിര്‍മ്മിക്കുകയാണ്.
മൂലചിത്രത്തെപ്പറ്റിത്തന്നെ പല വ്യാഖ്യാനങ്ങളും കിംവദന്തികളും ഉണ്ടെന്നു കൂടി ഇവിടെ നാം ഓര്‍ക്കണം- അവയിൽ പ്രധാനമായ രണ്ടെണ്ണം യേശുവിന്റെ ഇടതുവശം കാണുന്നത് മഗ്ദലന മറിയം ആണെന്നും സഭ ആ രൂപത്തെ യോഹന്നാന്‍ ആക്കി പ്രചരിപ്പിച്ചു എന്നതും, ഡാ വിഞ്ചി യേശുവിനു പരിവേഷം നല്‍കാതിരുന്നത് കല്‍പ്പിച്ചുകൂട്ടിത്തന്നെ യേശു മനുഷ്യനായിരുന്നു എന്നു സൂചിപ്പിക്കാൻ ആണെന്നതും ആണ്. അപ്പോള്‍ ടോം ചെയ്തത് ഒരു കലാപാരമ്പര്യത്തില്‍ ഒരു കണ്ണി കൂട്ടിച്ചേര്‍ക്കുക എന്ന തികച്ചും ന്യായമായ കലാപ്രവര്‍ത്തനം തന്നെയാണ്. എന്നാല്‍ ഈ വേദമൊന്നും കേരളത്തിലെ കത്തോലിക്കാസഭയുടെ ചെവിയില്‍ ഓതിയിട്ടു കാര്യമില്ല. അത് പെട്ടെന്ന് തന്നെ ഈ ‘ദൈവനിന്ദ’യെ പ്രതിരോധിച്ചു, മനോരമ അപകടം മണത്തു ആ കവര്‍ പിന്‍വലിക്കയും ചെയ്തു.
വിചിത്രമായ കാര്യം അവിടെ പ്രശ്നം തീര്‍ന്നില്ല എന്നതാണ്. ‘ഭാഷാപോഷിണി’യില്‍ വീണ്ടും
ഇടി വെട്ടി. കവറിലെ റിയാസ് കോമുവിന്റെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ – ബസ്റ്റ് – യുടെ ഫോട്ടോ ആയിരുന്നു ഇക്കുറി പ്രശ്നം. തുഷാര്‍ വെള്ളാപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ‘ഭാരത്‌ധര്‍മ്മജനസേന’ യ്ക്ക് പൊട്ടും വിള്ളലുമുള്ള, ചിന്താമഗ്നമായ, ആ ഗുരുശിരസ്സു ഇഷ്ടപ്പെട്ടില്ല. പുറത്തു വരാന്‍ ആവാതെ കണ്ണാടിക്കൂടുകളിൽ അടച്ച ചിന്താശൂന്യവും പേലവവദനവും ആയ ഗുരുപ്രതിമകൾ ആണ് അവർക്ക് പഥ്യം. നിര്‍ഭാഗ്യവശാൽ റിയാസ് ഗുരുവിന്റെ ഗംഭീരാകാരം നിലനിര്‍ത്തുമ്പോൾ തന്നെ അതിൽ അല്‍പ്പം ആധുനിക ഭാവന കലര്‍ത്തി അതിനെ ഒരു കലാസൃഷ്ടിയാക്കി. ആ അപൂര്‍ണ്ണതകൾ തന്നെ ആണ് ആ ശില്പ്പത്തിന്റെ മൌലികതയും കരുത്തും. ഇയ്യിടെ ‘ഉരു’ ഗ്രന്ഥപരമ്പരയില്‍ ഡീ സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഗുരുചിന്തന: ഒരു മുഖവുര’ എന്ന പുസ്തകത്തിന് ആ ശില്‍പ്പം കവർ ആയി ഉപയോഗിച്ചതും ഈ വ്യത്യാസം കൊണ്ടാകണം. ഗുരുമുഖത്തിലെ ആ പൊട്ടലും വിള്ളലുകളും തങ്ങള്‍ ഉണ്ടാക്കിയതല്ലേ എന്ന കുറ്റബോധം കൊണ്ടാവാം നമ്മുടെ ഹിന്ദുത്വസംഘടന മനോരമയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്: മാപ്പ് പറഞ്ഞില്ലെങ്കില്‍ മനോരമ ഓഫീസിനു നേരെ പ്രതിഷേധപ്രകടനം നടത്തും എന്ന ഭീഷണിയ്ക്കു മനോരമ വഴങ്ങി (ഡീ സി ഏതായാലും പുസ്തകം പിന്‍വലിച്ചിട്ടില്ല). മാപ്പ് പറഞ്ഞത് വെള്ളാപ്പിള്ളി നടേശന്‍ ആഘോഷിക്കയും പ്രതിഷേധം പിന്‍വലിക്കയും ചെയ്തു- ഒരു ‘ടെസ്റ്റ് ഡോസ്’.
ഈ പ്രതികരണങ്ങളില്‍ അത്ഭുതം തോന്നുന്നില്ല. തന്റെ ജാതിനിര്‍മ്മാര്‍ജനാശയത്തിനു വിരുദ്ധമായി നീങ്ങുന്നതു കൊണ്ട് ഹൃദയം തകര്‍ന്ന് പിരിച്ചു വിടണം എന്ന് ഗുരു അവസാനനാളുകളിൽ പ്രസ്താവിച്ച ഒരു ജാതിസംഘടനയും പ്രതിലോമാശയങ്ങളുടെ കേന്ദ്രമായ സഭയും ഇത്തരത്തില്‍ പെരുമാറിയില്ലെങ്കിലേ വിസ്മയപ്പെടെണ്ടതുള്ളൂ. എന്നാല്‍ ഇയ്യിടെ ഈ സംഭവങ്ങളെ പരാമര്‍ശിക്കുന്ന ‘ഇന്ത്യന്‍ എക്സ്പ്രസ്സ്’ ലേഖനത്തില്‍ എൻ എസ് മാധവൻ ചോദിച്ചത് പോലെ, നമ്മുടെ പുരോഗമനവാദികള്‍ എവിടെ പോയൊളിച്ചു? പെട്ടെന്ന് ആവിഷ്കാരസ്വാതന്ത്ര്യം ഒരു പ്രശ്നമേ അല്ലാതായോ? ഒന്നാലോചിച്ചാല്‍ വോട്ടുബാങ്കുകളെക്കാള്‍ പ്രധാനമാണോ ചില ഭ്രാന്തൻ കലാകാരന്മാരുടെ ആവിഷ്കാരസ്വാതന്ത്ര്യം?
Be the first to write a comment.