പേരിൽ കമ്മ്യൂണിസമുള്ള മുന്നണികൾ നേതൃത്വം കൊടുക്കുന്ന ഒരു സർക്കാരിൽ നിന്ന് ജനാധിപത്യ-പുരോഗമനവാദികൾ പ്രതീക്ഷിക്കുന്ന ചില മിനിമം കാര്യങ്ങളുണ്ട്. മുൻപ് അതിലൊന്നിന്റെ സംസ്ഥാനസെക്രട്ടറിയായി ദീർഘകാലം ഇരുന്ന ഒരാളാണു മുഖ്യമന്ത്രിയും പോലീസ് മന്ത്രിയുമായിരിക്കുന്നത് എന്ന് വരുമ്പോൾ പ്രത്യേകിച്ചും. ആ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് നിയന്ത്രണങ്ങളില്ലാതെ അനുദിനം ഭീഷണമായിക്കൊണ്ടിരിക്കുന്ന ഒരു പോലീസ് രാജിന്റെ വാഴ്ചയാണു കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പോലീസ് വകുപ്പിനെ നിയന്ത്രിക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായി ഈ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞതിനു ശേഷം ദളിതുകളുടേതും ഇതരസംസ്ഥാനക്കാരുടേതും ഉൾപ്പെടെ ആറു ലോക്കപ്പ് മരണങ്ങളെങ്കിലും നടന്നുകഴിഞ്ഞു.

നിലമ്പൂരിൽ മാവോയിസ്റ്റുകളായ അജിത, കുപ്പുദേവരാജൻ എന്നിവരുടെ വധം വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളാണെന്നാണു പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിൽ കുപ്പു ദേവരാജന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കരുത് എന്ന്  ഒരു ഫാസിസ്റ്റ് ഗവണ്മെന്റിനു ഉണ്ടാകാവുന്ന സകല രാഷ്ട്രീയഭീതിയോടും കൂടി ഈ സർക്കാർ തീട്ടൂരമിറക്കി. മൃതദേഹത്തിന്റെ സംസ്കാരം വൈകിക്കുന്നു എന്നു പറഞ്ഞ് മരിച്ചുകിടക്കുന്നയാളുടെ അമ്മയുൾപ്പടെയുള്ളവർ സമീപത്തിരിക്കുമ്പോൾ പോലീസ് മേലാളൻ കുപ്പു ദേവരാജന്റെ സഹോദരന്റെ കോളറിനു പിടിച്ച് ഭീഷണിപ്പെടുത്തുന്ന ചിത്രം ഞെട്ടിക്കുന്നതായിരുന്നു. ഈ സർക്കാരിന്റെ വികലമായ പോലീസ് നയത്തിന്റെ, ക്രൂരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും നിദാനമായിക്കഴിഞ്ഞ ആ ചിത്രം കേരളത്തിന്റെ പൊതുമനസാക്ഷി പണയം വയ്ക്കപ്പെട്ടുപോയില്ലായിരുന്നുവെങ്കിൽ ആഭ്യന്തരമന്ത്രിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാന്മാത്രം ശക്തവും തീവ്രവുമായിരുന്നു.

കുപ്പുദേവരാജന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനും മാന്യമായി സംസ്കരിക്കാനും സഹായം ചെയ്തുകൊടുത്തതിന്റെ പേരിൽ രാജേഷ് കൊല്ലക്കണ്ടി എന്ന ചെറുപ്പക്കാരൻ ഇപ്പോൾ സർക്കാർ സർവീസിൽ നിന്നു സസ്പെൻഷനിലാണു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും അതിനാൽ സസ്പെൻഷൻ ആവശ്യമാണെന്നുമുള്ള പോലീസ് നിർദേശത്തിന്മേലാണു സസ്പെൻഷൻ. യുഎപിഎ, ഐപിസിയിലെ നിർദ്ദയനിയമങ്ങൾ എന്നിവയ്ക്കെതിരെ ആഞ്ഞടിക്കുന്ന കരട് രാഷ്ട്രീയപ്രമേയം അതിന്റെ പാർട്ടി കോൺഗ്രസ്സിൽ പാസാക്കിയ കക്ഷിയാണു ഇവിടം ഭരിക്കുന്നത് എന്നതാണു ഇതിലെ വൈരുദ്ധ്യം. യുഎപിഎ, മാവോയിസ്റ്റ് ബന്ധം എന്നിവ ചുമത്തിയും ആരോപിച്ചും മുൻ സർക്കാർ ചുമത്തിയ കേസുകളിൽ പെട്ട ആളുകളുടെയും ഗതി ദയനീയമാണു. “ഏതൊരാളെയും സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന ഒരു ക്രമം സൃഷ്ടിച്ച്,  മനുഷ്യാവകാശങ്ങൾക്കു വേണ്ടി സംസാരിക്കുന്നവരെ സംശയിക്കപ്പെടേണ്ടവരായും മാവോയിസ്റ്റുകളായും മുദ്രകുത്തികൊണ്ടുള്ള ഉരുക്കുമുഷ്ടിയോടെയുള്ള ഒരു ഭരണമാണോ സർക്കാരിന്റെ മുന്നിലുള്ള ഒരേയൊരു വഴി എന്നത് ഞെട്ടിക്കുന്നതാണു”. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഛത്തീസ്ഗഢ് സർക്കാർ നടത്തിയ അടിച്ചമർത്തലുകൾക്കെതിരെ സുപ്രീം കോടതി നടത്തിയ വിധിപ്രസ്താവത്തിലെ ഒരു നിരീക്ഷണമാണത്. ആ ചോദ്യം ഈ കേരള സർക്കാരിനോടും കൂടിയുള്ളതാണു.

പിന്നീടുണ്ടായവ ദേശീയഗാനം സംബന്ധിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു. അടിച്ചേൽപ്പിക്കപ്പെടുന്ന ഇടുങ്ങിയ ദേശീയതയെ ഉദ്ഘോഷിക്കുന്ന സംഘപരിവാർ സംഘടനകളുടെ പരാതിയിന്മേൽ ദേശീയഗാനത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തി ഐ എഫ് എഫ് കെ പോലെ, ദേശീയതകൾക്കും അതിരുകൾക്കുമപ്പുറം കലയുടെ സാർവ്വലൗകികത ഉദ്ഘോഷിക്കുന്ന സർഗ്ഗപരീക്ഷണങ്ങളുടെ ഒരു വേദിയിൽ നിന്ന് ആളുകളെ പിടിച്ചുകൊണ്ടുപോയി. അടിച്ചമർത്തലുകളിൽ നിന്നും സമൂഹത്തിനും വ്യക്തിക്കും മോചനമെന്ന ലക്ഷ്യംവച്ച ഒരു സ്വാതന്ത്ര്യസമരത്തിലൂടെ ഉണ്ടായിവന്ന ഒരു രാജ്യത്തിന്റെ ഭരണഘടന നിർവചിക്കാത്ത ഇന്ത്യൻദേശീയത എന്ന, സാർവ്വദേശീയതയും മാനവികതയും അടിവരയിടുന്ന വളരെ തുറന്ന ഒരാശയത്തെ ഇടുങ്ങിയ, അക്രമോൽസുകമായ ദേശീയത എന്ന ബോധം കൊണ്ട് പകരം വയ്ക്കാൻ പാടുപെടുന്ന തീവ്രഹൈന്ദവരാഷ്ട്രീയം എഴുതുന്ന സ്ക്രിപ്റ്റിനനുസരിച്ച് ചുവട് വയ്ക്കുന്ന പോലീസിനെയാണു അതിലൂടെ കാണാൻ കഴിഞ്ഞത് –സാർവ്വദേശീയത ഉദ്ഘോഷിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പോലീസ്.

അതിനു ശേഷമായിരുന്നു അതേ താളത്തിൽ തന്നെ, ദേശീയഗാനത്തെ അപമാനിച്ചു എന്ന കേസ് ചുമത്തി കമാൽ സി ചവറ എന്ന എഴുത്തുകാരനെ കസ്റ്റഡിയിലെടുത്തത്. അന്യായമായ അറസ്റ്റിലും അവകാശനിഷേധത്തിലും പ്രതിഷേധിച്ച ഷെഫീക്ക്, സുദീപ് എന്നീ മനുഷ്യാവകാശപ്രവത്തകരെയും പോലീസ് തടഞ്ഞുവച്ചു. ആരോഗ്യസ്ഥിതി മോശമായ കമാലിനെ പരിചരിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്തും മനുഷ്യാവകാശ-സാംസ്കാരിക പ്രവർത്തകനായ നദിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം ഫാമിൽ മാവോയിസ്റ്റുകൾ തോക്കുചൂണ്ടി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തു എന്ന കേസിൽ കണ്ടാലറിയാവുന്ന ആളുകളിൽ ഒരാൾ എന്നതന്വേഷിക്കാനാണു അറസ്റ്റ് എന്നതാണു പോലീസ് ഭാഷ്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ്  യുവാക്കൾക്കെതിരെ നടത്തുന്ന വേട്ടയാടലുകൾക്കെതിരെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ലേഖനമെഴുതിയ നദിയെ ഈ കേസിൽ കുടുക്കാൻ പോലീസ് കാണിക്കുന്ന ഔൽസുക്യം പുതിയതല്ല. കമാലിന്റെ അറസ്റ്റിൽ ഉയർന്നത് 124 – എ എന്ന ഡ്രാക്കോണിയൻ നിയമമാണു.  ഐപിസിയിലെ ആ വകുപ്പിലെ സെഡിഷൻ എന്ന വാക്ക് ഉണ്ടാക്കാവുന്ന സ്വാതന്ത്ര്യനിഷേധങ്ങളെ ഭയന്ന് ആർട്ടിക്കിൾ പത്തൊൻപതിൽ നമ്മുടെ ഭരണഘടന ഉൾപ്പെടുത്താതിരുന്ന ഒരു വാക്കിന്റെ അടിച്ചമർത്തൽ പ്രയോഗങ്ങളാണു അതിന്റെ കാതൽ. തിരുത്താനും വിമർശിക്കാനും  വിയോജിപ്പുകൾ പ്രകടിപ്പിക്കാനും അതുവഴി ജനാധിപത്യത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കാനുമുള്ള പൗരന്റെ അവകാശങ്ങളെയും കടമയെത്തന്നെയും ഇല്ലായ്മ ചെയ്യുന്ന ആ നിയമം എടുത്തു കളയേണ്ടതാണെന്ന ചർച്ചകൾ നിയമരംഗത്ത് സജീവമാണു. അതുതന്നെയാണു സിപിഎമ്മിന്റെയും നിലപാട്. പ്രകാശ് കാരാട്ട് അത് സംബന്ധിച്ച് ദേശാഭിമാനിയിൽ മുൻപ് എഴുതിയ ലേഖനം അതിനു അടിവരയിടുന്നു. നിലവിലുള്ള നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി കോടതി ഉത്തരവിട്ടിട്ടും ജനാധിപത്യബോധത്തിനും  പുരോഗമനരാഷ്ട്രീയബോധത്തിനും നിരക്കാത്ത ഉത്തരവുകളെ സർക്കാരുകൾ തന്ത്രപരമായി മറികടന്ന സന്ദർഭങ്ങൾ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാൽ മേൽ പറഞ്ഞ കാര്യങ്ങളിലെല്ലാം തന്നെ അടിച്ചമർത്തുന്ന ഭരണകൂടം, അതിദേശീയത ആവശ്യപ്പെടുന്ന ഭരണകൂടം എന്ന നിലയ്ക്കുള്ള എൻഫോഴ്സർമാരാകുമ്പോളുണ്ടാകുന്ന അധാർമ്മികതയ്ക്ക്  ചരിത്രം ഈ സർക്കാരിനു മാപ്പ് കൊടുക്കുമെന്ന് കരുതാനാവില്ല.

ലോക്കപ്പുകളിലെ മൂന്നാംമുറയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള കുറ്റകൃത്യങ്ങളും അനവധിയാണു. ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരു മജിസ്ട്രേറ്റ് പോലീസിന്റെ മർദ്ദനങ്ങളെ തുടർന്നുണ്ടായ അപമാനഭാരത്താലും മാനസികസംഘർഷത്താലും ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഭാവി പ്രകാശമാനമായതാണെങ്കിൽ ഇതെല്ലാം ഉണ്ടായത്  ഒരു ഇടതുപക്ഷസർക്കാരിന്റെ കാലത്തായിരുന്നതെന്നത് ചരിത്രം വായിക്കുക ഞെട്ടലോടെയായിരിക്കും. മേൽപ്പറഞ്ഞ സംഭവങ്ങളിലൊക്കെ ഒന്നുകിൽ മൗനം പാലിക്കുകയോ അല്ലെങ്കിൽ അല്പമാത്രമായ പ്രതികരണങ്ങളിലൂടെ ന്യായീകരണങ്ങൾ ചമയ്ക്കുകയോ ആണു പിണറായി വിജയൻ നടത്തിയിട്ടുള്ളത്. അന്വേഷണപ്രഹസനങ്ങളും അതിമൃദുവായ ശാസനകളും കൊണ്ട് ഓട്ടയടക്കാനുള്ള ശ്രമങ്ങളൊക്കെ പാഴ്വേലകൾ മാത്രം.

ഒരു പുരോഗമനപ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന ഗവണ്മെന്റ് നിലവിലിരിക്കെ അതിന്റെ പോലീസ് പെരുമാറേണ്ടത് ചക്രവർത്തിയുടെ കൂലിപ്പട്ടാളത്തെ പോലെ പൗരന്മാരുടെ രാഷ്ട്രീയപ്രകാശനാവകാശങ്ങൾ കവർന്നെടുത്തുകൊണ്ടും അടിച്ചമർത്തിക്കൊണ്ടുമാകരുത്. ഒരു മിനിമം നീതിബോധം ഉൾക്കൊണ്ടുകൊണ്ട് നിയമങ്ങളെ വ്യാഖ്യാനിക്കാൻ ഉത്തരവാദിത്തമുള്ള സംവിധാനമാണു ഒരു ജനാധിപത്യസർക്കാരിന്റെ പോലീസ് സംവിധാനവും. ഭരണകൂടം എന്ന അധികാരപ്രമത്തതയുടെ സിംഹാസനരൂപമാർന്ന ആശയത്തെ എതിർക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ഭരണത്തിൽ വന്നുകഴിയുമ്പോൾ അതിന്റെ എല്ലാ ദുഷിപ്പുകളും പേറുന്ന ഒരു ഭരണകൂടമായിത്തന്നെ മാറുന്നില്ല എന്ന് തെളിയിക്കേണ്ടത് കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ കടമയാണു. സോഷ്യൽ കോണ്ട്രാക്റ്റിലെ നിയന്ത്രേതാവ് എന്ന കക്ഷിയായ ഭരണകൂടം അപകടകരമായി ശക്തി  കവർന്നെടുത്തുകൊണ്ട് സമൂഹത്തിന്റെയും വ്യക്തിയുടെയും സ്വാതന്ത്ര്യങ്ങളിലും പ്രവർത്തനങ്ങളിലും അനുദിനം അടിച്ചമർത്തൽ സ്വഭാവത്തോടെ ഇടപെടും എന്നതാണു  ‘ഔർ എനിമി ദ സ്റ്റേറ്റ്’ (Our Enemy, The State) എന്ന ആൽബർട്ട് ജേ നോക്ക് എഴുതിയ പുസ്തകത്തിന്റെ കാതൽ. അതിനു ചരിത്രവും വർത്തമാനവും സർവ്വദേശങ്ങളും നമുക്ക് സാക്ഷ്യം പറയും. അതിനു എന്നും എതിരു നിന്നിരുന്നതും ഏകാധിപത്യപ്രവണതകളിൽ നിന്നും ജനാധിപത്യത്തെ സംരക്ഷിച്ചുപിടിച്ചിരുന്നതും വിമർശസ്വരങ്ങളായിരുന്നു. അവയെ അന്തസത്തയിൽ അംഗീകരിക്കുന്നതാണു നമ്മുടെ ഭരണഘടനയും.

വിമർശസ്വരങ്ങളെയും വിഭിന്നാഭിപ്രായങ്ങളെയും ഞെരിച്ചമർത്തുകയും കൊന്നൊടുക്കയും കൂടി ചെയ്യുന്ന വിധം ഭീഷണമായ പ്രവർത്തനങ്ങളിലാണു ആഭ്യന്തരമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പോലീസ് ഏർപ്പെട്ടിരിക്കുന്നത്. അതിന്റെ വ്യാകരണം നിലവിൽ കേന്ദ്ര ഭരണം കയ്യാളുന്ന വർഗ്ഗീയകക്ഷിയായ ബിജെപിയും സംഘപരിവാറും പറയുന്നതാണു. പിണറായി വിജയൻ  ഇത് തിരിച്ചറിയുന്നില്ല എന്നത് ഖേദകരമാണു.

സർവ്വസ്വതന്ത്രസംവിധാനമെന്ന നിലയ്ക്കാണെങ്കിൽ പോലീസ് എല്ലായ്പ്പോഴും അപകടകരമായ കരുത്തുള്ള ഒരു ഭരണകൂട ഉപകരണമാണു. തന്റെ നിയന്ത്രണത്തിൽ തന്നെയാണോ അല്ലാ നിയന്ത്രണങ്ങളില്ലാതെയും കേന്ദ്രനിർദേശങ്ങൾ ശിരസാവഹിച്ചും അതിനെ പൂർണ്ണമായും നിയന്ത്രിക്കുന്നതിനായി  ലോക് നാഥ് ബെഹ്റ എന്ന ഉദ്യോഗസ്ഥനു തീറെഴുതിയിരിക്കുകയാണോ ഈ സംസ്ഥാനത്തെ പോലീസ് സംവിധാനമെന്നും  അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരം ആണെന്നായാലും അല്ലെന്നായാലും ആഭ്യന്തരമന്ത്രി പരാജയമായിക്കഴിഞ്ഞു എന്നാണു കണക്കാക്കേണ്ടത്. പോലീസ് അതിക്രമത്തെയും കമാൽ സി ചവറയ്ക്കെതിരെയുമുള്ള നടപടിയെയും നിശിതമായ ഭാഷയിൽ വിമർശിച്ച് ഭരണഘടന പരിഷ്കാര കമ്മിറ്റി ചെയർമാനും മുതിർന്ന കമ്മ്യൂണിസ്റ്റുമായ വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയിട്ടുണ്ട്.

കലാകാരന്മാരുടെ  ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനെതിരെയുള്ള നിലപാടുമായി ഇതിനെ ചില കേന്ദ്രങ്ങൾ കൂട്ടിക്കുഴയ്ക്കുന്നുണ്ട്. ജാതി-മത-വർഗ്ഗീയ സംഘടനകളുടെ ആക്രോശങ്ങളെ തുടർന്ന് ഒരു സ്വതന്ത്ര മാധ്യമസ്ഥാപനമായ മനോരമ ഫാസിസത്തിന്റെ കാലത്ത് കാണിച്ച വീഴ്ച്ചയും അത്തരം ഗ്രൂപ്പുകളിൽ നിന്നുണ്ടായ സാംസ്കാരിക ഫാസിസത്തെയും തള്ളിപ്പറഞ്ഞും വിമർശിച്ചും സച്ചിദാനന്ദൻ എഴുതിയ ലേഖനം നവമലയാളി മുൻപ് തന്നെ പ്രസിദ്ധീകരിച്ചതാണു. രാഷ്ട്രീയാഭിപ്രായങ്ങളെയും സിവിൽ സൊസൈറ്റി പ്രവർത്തനങ്ങളെയും അടിച്ചമർത്തുന്നവിധത്തിലുള്ള പോലീസ് രാജിനെതിരെയുള്ള നവമലയാളിയുടെ നിലാപാട് സ്പഷ്ടമാണു. സംസ്ഥാനത്തിനു വേണ്ടത്  മനുഷ്യാവകാശസൗഹാർദ്ദപരമായി തിരുത്തിയ ഒരു  പോലീസ് നയവും അത് നടപ്പിലാക്കാൻ ആർജ്ജവമുള്ള ഒരു ആഭ്യന്തരമന്ത്രിയുമാണു.

Comments

comments