ലയാളത്തിലെ സിനിമാ നിരൂപണ-വിമർശന-അന്വേഷണ-പഠന-ഗവേഷണ മേഖല നവീകരിക്കപ്പെടുകയും നൂതനമായ ആലോചനകളും നിരീക്ഷണങ്ങളും കൊണ്ട് ഉന്മിഷിതമായി മാറുകയും ചെയ്തത് കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടിനിടയിലാണ്. അടുത്ത കാലത്തായി, ഓടുന്ന വണ്ടിയുടെ ചക്രത്തിന്മേലേക്ക് വെടിയുതിർക്കുന്ന രീതിയിൽ, ഈ മേഖലയെയാകെ അച്ചടി-ആനുകാലിക മലയാളം നാടുകടത്തിയതിന്റെ പുറകിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് വിശകലനം ചെയ്യാനുള്ള പ്രേരണ മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കുന്നു. സമാധാന പൂർണമായ ഭാഷാലീലകളുടെ സുരക്ഷിത മേഖലയിൽ നിന്ന് പുറന്തള്ളപ്പെടുമ്പോൾ ഗത്യന്തരമില്ലാതെ നിരൂപണം/വിമർശനം/അന്വേഷണം/പഠനം/ഗവേഷണം; പുലിമറഞ്ഞ തൊണ്ടച്ചനെപ്പോലെ മറുജന്മങ്ങൾ കൈക്കൊള്ളുന്നത് ഭൂമിമലയാളത്തിൽ ഒരു പുതിയ സംഭവവുമല്ല. വടക്കൻ പാട്ടുസിനിമകളിലെ കാർഡ്‌ബോർഡ് പരിചകളുടെ(പ്രയോഗത്തിന് കടപ്പാട് അൻവർ അബ്ദുള്ള) വീരത്വം നിലനിന്നിരുന്ന കാലത്ത് ചാടിവീണ ജയൻ, ഒരു വലിയ സംഭവമായിരുന്നുവെന്നും jayan-profileപൗരുഷത്തിന്റെ അസാമാന്യ പ്രകടനമായിരുന്നുവെന്നും, ശരപഞ്ജരത്തിലെ ഷീലയോടൊത്തുള്ള കോമ്പിനേഷൻ സീനുകളിലെ കുതിരയെ കുളിപ്പിക്കൽ പോലുള്ള രംഗങ്ങൾ വെച്ചുള്ള വീമ്പിളക്കലുകൾ കൊണ്ട് ആകാശം കാർ മേഘാവൃതമായതിനിടയിലൂടെയാണ് കൈരളി ചാനലിൽ ജഗപൊഗ എന്ന ഇടിമിന്നൽ ഉൽക്കയായി പതിച്ചത്. ജയൻ വേണ്ടതിലേറെ ചിരിപ്പിക്കാൻ ഉതകുന്ന ഘടകങ്ങൾ ഒളിപ്പിച്ചു വെച്ച പരിഹാസ്യമായ ഒരു കോമാളി ശരീരപ്പലക മാത്രമായിരുന്നുവെന്ന് തുറന്നു കാണിച്ച ആ മിമിക്രി പരിപാടി, അനുവദിക്കപ്പെടാത്തതിനാൽ തുടങ്ങപ്പെടാത്ത ചലച്ചിത്രവിമർശനത്തിന്റെ ഒരു ഒടിയൻ പ്രയോഗമായിരുന്നുവെന്നതാണ് യാഥാർത്ഥ്യം.

സമാനമായ ഒരു സാഹചര്യം ഇപ്പോൾ വീണ്ടും സംഭവിച്ചിരിക്കുന്നു. സർവ അച്ചടി, ചാനൽ, ഓൺലൈൻ മാധ്യമങ്ങളും; മോഹൻലാൽ എന്ന സൂപ്പർ താരം നരഭോജികളായ പുലികളെ പിടികൂടി തദ്ദേശീയരെ രക്ഷിക്കുന്ന അത്ഭുത ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനെ പുകഴ്ത്തി വലുതാക്കിയപ്പോൾ അന്തം വിട്ട് പതറിപ്പോയ ഏതാനും സാധാരണക്കാരാണ് ഇതെന്തൊരു അപമാനം എന്ന രൂപത്തിൽ ചില അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്. അതിൽ പ്രധാനപ്പെട്ട ഒന്ന്, റേഡിയോ അവതാരകയും സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരുമായ നിഷ മേനോൻ ചെമ്പകശ്ശേരിയുടേതായിരുന്നു. വനിതാ മാസികകളിലും ചാനലുകളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള പാചകക്കുറിപ്പുകളുടെ വികലാനുകരണ രൂപത്തിൽ ഒളിപ്പിച്ചോ തെളിപ്പിച്ചോ ആണ് നിഷ തന്റെ ഫേസ്ബുക്ക് ചുമരിലെഴുതിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആധുനിക(നാ/യായിരിക്കേണ്ട) മലയാളിയുടെ ഭാവുകത്വപരിണാമത്തെ അടിയോടെ തന്നെ പിഴുതു മാറ്റുന്നതിന് തുല്യമായിരിക്കും, പുലിമുരുകൻ പോലുള്ള ഒരു സിനിമയാണ് ഈ കാലഘട്ടത്തെയും ഇക്കാലത്ത് ജീവിച്ചിരിക്കുന്ന മലയാളികളെയും പ്രതിനിധീകരിക്കുന്നത് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയാൽ. ഭൂകമ്പമോ, വെള്ളപ്പൊക്കമോ കടലെടുക്കലോ നായ് കടിക്കലോ രാഷ്ട്രീയ-മത്സരക്കൊലപാതകമോ തീവ്രവാദത്തിലേക്ക് ആടുമേക്കലോ നടന്ന് കേരളക്കര ഭൂമിയിൽ താഴ്ന്നു പോകുകയോ ഒലിച്ചുപോകുകയോ മലയാളികളാകെ നിർമാർജനം ചെയ്യപ്പെടുകയോ ചെയ്യുകയാണെന്ന് കരുതുക. അതിനു മുമ്പ് ഭൂമിമലയാളത്തിന്റെ ഡിജിറ്റൽ പ്രിന്റ് ചരിത്ര പേടകത്തിൽ കുഴിച്ചിടുകയും ചെയ്തു എന്നും സങ്കൽപിക്കുക. ഇക്കാലത്ത് കേരളീയരുടെ ആനന്ദ നിലവാരം എന്തായിരുന്നുവെന്നറിയാൻ ഈ ഡിജിറ്റൽ രേഖ മാത്രമേ പിൽക്കാലത്ത് ശേഷിച്ചിരിക്കുന്നുവെന്നുണ്ടെങ്കിൽ അത് എപ്രകാരമായിരിക്കും ചരിത്ര-സാംസ്‌ക്കാരിക നിരീക്ഷകർ വിലയിരുത്തുക എന്നും സങ്കൽപ്പിക്കാൻ കൗതുകമുണ്ട്. അപ്പോൾ ഈ പാചകക്കുറിപ്പു രൂപത്തിലവതരിച്ചിരിക്കുന്ന നിരൂപണം രക്ഷക്കുണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് അതിപ്പോൾ തന്നെ വായിക്കുന്നതായിരിക്കും നല്ലത്. പഴയ പടങ്ങൾ എന്ന മസാലകളും പത്തു പന്ത്രണ്ടു ജീപ്പുകളും മുരുകനെ വാനോളം പൊക്കിയുള്ള ഡയകോലുകൾ – ഡയലോഗുകൾ എന്ന സ്ഥിരം വാക്കിന്റെ ഈ മറിച്ചിടലാണ് ഗംഭീരം – , നൂറ് ഗുണ്ടകൾ എന്നീ ചേരുവകൾ ചേർത്തു വെച്ച് തിരക്കഥ എഴുതാൻ പേന എടുത്തു എന്നാണ് ദൃക്‌സാക്ഷി വിവരണം. ചുറ്റും കൂടുന്നവരെ അടിച്ച് നിലം പരിശാക്കുകയോ കാലപുരിക്കയക്കുകയോ ചെയ്യുന്നതിനിടയിൽ നേരമ്പോക്കു പോലെ രണ്ട് പുലികളെയും ആശാൻ വകവരുത്തുന്നുവെന്ന ഇതിവൃത്തം അതീവ പരിഹാസത്തോടെ തന്റെ ഫേസ്ബുക്ക് ചുമരിൽ എഴുതിയതിനെ തുടർന്ന് mohanlal_viswanathan_nair_bncനൂറുകണക്കിന് അശ്ലീല നിരീക്ഷണങ്ങളാണ് താരത്തമ്പുരാന്റെ ഫാൻസ്(ഫാൻസിന്റെ പരിഭാഷയായി പങ്കകൾ എന്ന പ്രയോഗം അടുത്ത കാലത്തായി വികസിപ്പിക്കപ്പെട്ടിട്ടുണ്ട്) എന്ന് സ്വയം വിശേഷിപ്പിക്കുകയോ അപ്രകാരം ഞെളിയുകയോ ചെയ്യുന്ന കുറെപ്പേർ ഇതിനു താഴെയായി കമന്റിയത്. ആണധികാരവും അശ്ലീലത്തോടുള്ള അമിതാസക്തിയും താരാരാധനയും എല്ലാം സമ്മേളിക്കുന്ന ഈ കമന്റുകൾ സത്യത്തിൽ പുലിമുരുകൻ എന്ന സിനിമയുടെ ഉള്ളടക്കവും രൂപവും കാഴ്ചകളിൽ പുനരുൽപ്പാദിപ്പിക്കുന്ന ആഹ്ലാദവും എന്ന മുഖ്യധാരാ ത്രികോണത്തിന്റെ മർമ്മങ്ങൾ തന്നെയാണ്.

നരഭോജികളായ വരയൻ പുലികൾ അഥവാ കടുവകൾ വനാതിർത്തികളിൽ താമസിക്കുന്ന മനുഷ്യരെ കൊല്ലുമ്പോൾ ആ ഭീഷണി കൈകാര്യം ചെയ്ത് അത്തരം പുലികളെ സാഹസികമായി വകവരുത്തുന്നതിൽ വിരുതനായതുകൊണ്ടാണ് പുലിമുരുകൻ എന്ന് ഈ നായകന് പേരിട്ടിരിക്കുന്നത്. മുരുകൻ എന്ന ഹിന്ദുദൈവത്തിന്റെ ആയുധമായ വേൽ ആണ് ഇയാളുടെയും ആയുധം. ശത്രു, ശത്രുനിഗ്രഹം, ആയുധം, അവതാരം, വിഗ്രഹം, പുണ്യം, പുണ്യാഹം, ശുദ്ധാശുദ്ധം, ആരാധന, വീരാരാധന, വംശഹത്യ, വേട്ടയാടൽ എന്നിങ്ങനെ സമകാലിക ഇന്ത്യയിലെ ജനപ്രിയ-പൊതുബോധത്തിലേക്ക് കലർന്നിട്ടുള്ള ഹിന്ദുത്വ ഫാസിസ്റ്റ് മൂല്യങ്ങൾ ശബ്ദായമാനമായും വർണശബളമായും നിരന്തരം കടന്നു വരുന്നതുകൊണ്ടു കൂടിയാണ് പുലിമുരുകൻ ലക്ഷക്കണക്കിന് പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതെന്നും വേണം കരുതാൻ.

സ്ത്രീ പുരുഷ ബന്ധത്തെ സംബന്ധിച്ചും, ദാമ്പത്യത്തിനകത്തെ ധർമത്തെ സംബന്ധിച്ചും പുലി മുരുകൻ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ അതീവം കൗതുകകരമാണ്. ഇന്ത്യ പോലെ, അതിൽ തന്നെ കേരളം പോലെ അതിതീക്ഷ്ണമായ ലൈംഗിക അടിച്ചമർത്തൽ പ്രാവർത്തികമാക്കിയിട്ടുള്ള ഒരു സാംസ്‌ക്കാരിക സമൂഹത്തിന്റെ  അധോവായുപ്രസരണങ്ങളാണ്, അശ്ലീല ദ്വയാർത്ഥങ്ങൾ നിറഞ്ഞു കവിഞ്ഞ സംഭാഷണങ്ങളും സന്ദർഭങ്ങളുമായി ഈ സിനിമയിൽ വാരിവലിച്ചിട്ടിരിക്കുന്നത്. മുരുകന്റെ അമ്മാമനായി അഭിനയിക്കുന്ന ലാലിന്റെ കഥാപാത്രം അയാളുടെ ഭാര്യയുടെ അടുത്തു നിൽക്കുകയോ ഒന്നിച്ച് വാതിലടച്ച് കുടിലിനകത്തേക്ക് പോകുകയോ ചെയ്താലുടനെ അയാളുടെ അമ്മായിയമ്മ എന്ന കള്ളു ഷാപ്പു നടത്തിപ്പുകാരി ചാടി വീഴും. ഇനിയും എന്റെ മകൾ കുട്ടികളെപ്പെറും, ഞാനെങ്ങിനെ വളർത്തുമെന്നു പറഞ്ഞ് പ്രഭവത്തിനു മുമ്പു തന്നെ കുട്ടി എന്ന മാലിന്യത്തെ ഇല്ലാതാക്കുന്ന സ്വഛഭാരത് അമ്മായിയമ്മയാണിവർ. ഇരുപത്തൊന്നാം നൂറ്റാണ്ടിനു ചേർന്ന മഹത്തായ ഭാവന തന്നെ. ഭാര്യയോടൊന്നിച്ച് കിടക്കാൻ കഴിയാത്ത ഭർത്താവ് മോഴയാണെന്ന സംഭാഷണവും ഇതിന്റെ പുറകെ കേൾക്കാം.

ശരപഞ്ചരത്തെയും ജയൻ/ഷീല ദ്വന്ദ്വത്തെയും ഇവിടെയും ആവർത്തിക്കുന്നുണ്ട്. എസ്റ്റേറ്റ് മുതലാളിയുടെ വീട്ടിൽ തടി പിടിക്കുന്ന മുരുകന്റെ മസിലുകൾ നോക്കി കാമാർത്തിയോടെ സീൽക്കാരങ്ങൾ പുറപ്പെടുവിക്കുകയും മറ്റും ചെയ്യുന്ന നമിതയുടെ കഥാപാത്രം; ആൺ ഭാവനകളുടെ അശ്ലീല നിയോഗമേറ്റു വാങ്ങാൻ പരിശീലിക്കപ്പെട്ട ഇര-ശരീരമാണ്. വിജയ്, ജ്യോതിക എന്നിവർ മുഖ്യവേഷത്തിലഭിനയിച്ച ഖുശി എന്ന തമിഴ് സിനിമയിൽ ഇതേ ക്വട്ടേഷൻ ഏറ്റെടുത്തിരുന്ന മുംതാസിന്റെ ശരീരത്തെ അവതരിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തിയ കട്ടിപ്പുടി-കട്ടിപ്പുടി ടാ എന്ന വയാഗ്ര പാട്ടിന്റെ ഈണവും ഇവിടെ കൊണ്ടിട്ടിരിക്കുന്നു. സ്ത്രീ ശരീരത്തെ ജന്തുവത്ക്കരിക്കുകയും കാമോത്തേജന വാഹനമാക്കി സങ്കോചിപ്പിക്കുകയും അതിനെ, സംവിധായകൻ നിയോഗിച്ചതനുസരിച്ച് താരത്തിന്റെയും താരത്തിനു വേണ്ടി ഛായാഗ്രാഹകന്റെയും ഛായാഗ്രാഹകനിലൂടെ കാണിസമൂഹം എന്ന ആൾക്കൂട്ടത്തിന്റെയും നയന-ബലാത്സംഗത്തിന് വിധേയമാക്കുകയാണ് മറ്റേതു സമാനസിനിമയിലുമെന്നതു പോലെ ഇവിടെയും ചെയ്യുന്നത്.

puli-murugan-pulimurugan-photos-images-44799

അയൽ സംസ്ഥാനക്കാരും ന്യൂനപക്ഷമതസ്ഥരുമായ പ്രതിനായകന്മാർ എന്ന സ്ഥിരം സൂത്രവാക്യങ്ങളുടെ പിരിവുകളും ഗോവണികളും നാൽക്കവലകളും പുലിമുരുകനിൽ ധാരാളമായുണ്ട്. നിഷ ശേഖരിക്കുന്നതു പോലെ; ഒരു മെയിൻ വില്ലൻ, പിന്നെ വില്ലന്റെ എതിർ വില്ലൻ, മെയിൻ വില്ലന്റെ ശിങ്കിടി വില്ലൻ, മകൻ വില്ലൻ എന്നു വേണ്ട നാട്ടിലെ വില്ലന്മാരു മൊത്തം ഇങ്ങേരുടെ പിന്നാലെ…. ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് വനം വകുപ്പുദ്യോഗസ്ഥരെ ചിത്രീകരിച്ചിരിക്കുന്നതിലെ അപഹാസ്യതയാണ്. കാക്കിവേഷധാരികൾ എന്ന നിലയിൽ, പോലീസിനെയും പട്ടാളത്തെയും പോലെ ജനങ്ങളെ അടിച്ചമർത്തുന്നതിനുള്ള ഒരു ഭരണകൂട സംവിധാനം തന്നെയാണ് വനം വകുപ്പും. എന്നാൽ, പരിസ്ഥിതിയെ സംബന്ധിച്ചും വനസംരക്ഷണത്തെ സംബന്ധിച്ചും കാലാവസ്ഥയെ സംബന്ധിച്ചും മറ്റും കഴിഞ്ഞ പതിറ്റാണ്ടുകളിൽ ലോകവ്യാപകമായി തന്നെ ഉണ്ടായിട്ടുള്ള തിരിച്ചറിവുകളെ തുടർന്ന് ഈ മേഖലയിൽ അസാമാന്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഒരു മർദക-ചൂഷണ വ്യവസ്ഥ എന്നതിൽ നിന്ന് വ്യത്യസ്ഥമായി അവബോധത്തിന്റെയും സംരക്ഷണത്തിന്റെയും വലിയ അർത്ഥതലങ്ങളിലേക്കും ആഴങ്ങളിലേക്കും വനം/വന്യജീവി വകുപ്പുകൾ മാറിത്തീർന്നിട്ടുണ്ട്. ഇതിനെ പറ്റെ നിരാകരിച്ചുകൊണ്ട്, പുലിമുരുകൻ മുന്നോട്ടു വെക്കുന്ന വന-വന്യജീവി സങ്കൽപം തീർച്ചയായും വേട്ടയാടലിന്റെയും വെടിയിറച്ചി തീറ്റയുടെയും കാട്ടിലെ മരങ്ങൾ വെട്ടിക്കടത്തുന്നതിന്റെയും കഞ്ചാവുകൃഷിയുടെയും മറ്റും മറ്റുമാണ്. അതായത്, കാട്ടുകള്ളന്മാരും അവർക്ക് ഒത്താശ ചെയ്യുന്ന വനം വകുപ്പുകാരുമാണ് ഇപ്പോഴുമുള്ളതെന്നാണ് പുലിമുരുകൻ കണ്ടാൽ ഒരാൾക്ക് തോന്നുക. ഇതിനെ സംബന്ധിച്ച് അഗാധ വേദനയോടെ ഉത്തരവാദപ്പെട്ട ഒരു വനം വകുപ്പുദ്യോഗസ്ഥൻ എഴുതിയത് വായിക്കുകയുണ്ടായി. അതിലെ പ്രസക്ത ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു: ലോക രാജ്യങ്ങൾ ദീർഘകാലപദ്ധതിയുണ്ടാക്കി നടപ്പിലാക്കുന്ന കടുവ സംരക്ഷണമെന്ന പദ്ധതിക്ക് തുരങ്കം വെക്കുന്നതാണ് ഈ പടം. ഒരു നൂറ്റാണ്ടിനിടക്ക് ഇതാദ്യമായാണ് കടുവകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നത്. എന്നിട്ടും ലോകത്തിലാകെ 3890 കടുവകളേയുള്ളൂ. ലോകത്തെല്ലായിടത്തും സമീപകാലം വരെ ധാരാളമുണ്ടായിരുന്ന കടുവകൾ മനുഷ്യന്റെ കടന്നു കയറ്റം കൊണ്ട് ഇല്ലാതായതാണ്. വേട്ടയും ആവാസവ്യവസ്ഥയുടെ നാശവുമാണ് കടുവകളുടെ നാശത്തിന് കാരണം. കടുവക്ക് സൈ്വര ജീവിതം നയിക്കാൻ ഏതാണ്ട് നാല്പത്തഞ്ച് സ്‌ക്വയർ കി.മി ഒളിസങ്കേതങ്ങളോടു കൂടിയ കാട്, വിശാലമായ ജലാശയം, മുട്ടില്ലാത്ത ഭക്ഷണം എന്നിവ വേണം. കാട്ടുപോത്തിനെയാണ് സാധാരണ കടുവ ഭക്ഷിക്കുന്നത്. മനുഷ്യകേന്ദ്രീകൃത ഉത്പാദന വ്യവസ്ഥയിൽ പ്രകൃതി മനുഷ്യന് കീഴടക്കേണ്ട ഒന്നായിരുന്നു. മൃഗങ്ങളെ കൊല്ലുന്നവനാണ് ജേതാവ്. കാട് കത്തിച്ച് ജനപഥങ്ങളുണ്ടാക്കുന്നതിന്റെ ചരിത്രമാണ് നമ്മുടെ ഇതിഹാസങ്ങൾ. വെള്ളമായും ഭക്ഷണമായും ധാതുസമ്പത്തിന്റെ കുറച്ചിലായും പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങിയപ്പോഴാണ് പ്രകൃതി കേന്ദ്രിത വികസന സങ്കൽപങ്ങൾ മനുഷ്യർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. പ്രകൃതിയെ, മൃഗങ്ങളെ, സംരക്ഷിക്കുകയും അവയെ നിലനിർത്തിക്കൊണ്ടുള്ള ജീവനവഴികൾ ആലോചിക്കുകയുമാണ് പുതിയ കാലത്തെ ഹീറോയിസം. ലോകത്ത് മുൻനിര രാജ്യങ്ങളൊക്കെ പാലിക്കുന്നതും അതാണ്. ഇവിടെയാണ് പുലിമുരുകൻ പഴഞ്ചനാകുന്നത്. നൂറു ശതമാനം വേട്ടക്കാരന്റെ പക്ഷത്തു നിന്നാണ് ഈ സിനിമ കടുവയെ അവതരിപ്പിക്കുന്നത്. കാട്ടുപോത്തിനെയും മ്ലാവിനെയും വീട്ടുമൃഗങ്ങളെയുമാണ് കടുവ ഇരയാക്കാറുള്ളത്. സ്വാഭാവിക നിലയിൽ മനുഷ്യനെ ഉപദ്രവിക്കുന്നത് അത്യപൂർവം. ഘ്രാണശക്തിയും നിപുണശ്രോതസ്സും കൊണ്ട് കിലോമീറ്ററുകൾ അകലെ വെച്ചു തന്നെ ഇവൻ മനുഷ്യനിൽ നിന്ന് മാറി നടക്കും. അതുകൊണ്ടു തന്നെ നിശ്ശബ്ദരും കാടറിയുന്നവരുമായ സഞ്ചാരികൾക്കേ കടുവയെ കണ്ടുമുട്ടാനാകൂ. ഈ സത്യങ്ങളൊക്കെയാണ് സിനിമയിൽ അട്ടിമറിക്കപ്പെടുന്നത്. ഒരാഴ്ചക്കിടയിൽ ആറു പേരെയൊക്കെ കടുവ പിടിക്കുന്നുണ്ട് സിനിമയിൽ. കന്നുകാലികളെ ആക്രമിച്ചതിന്റെ ഒരു വാർത്തയുമില്ല താനും. ആരോഗ്യമുള്ള കടുവയെ ചാട്ടുളിയും വേലും കൊണ്ട് ഒറ്റക്കൊരാൾക്ക് കീഴ്‌പ്പെടുത്തുക അസാധ്യം. കടുവ എന്ന ഏറെക്കൂറെ റെഡ്ബുക്കിലായ ഒരു ജീവിയെ മനുഷ്യന്റെ വലിയ ശത്രുവാക്കി മുഖാമുഖം നിർത്തുന്നു എന്നതാണ് ഈ സിനിമ ചെയ്യുന്ന പാതകം. അത് പ്രകൃതിയോടുള്ള ആധുനിക മനുഷ്യന്റെ സമീപനത്തിനെതിരാണ്. ലോകം മുഴുവൻ ഈ ജീവിയെ സംരക്ഷിക്കാൻ ആളും അർത്ഥവും വ്യയം ചെയ്യുമ്പോൾ ഈ സിനിമ അസത്യങ്ങൾ പ്രചരിപ്പിക്കുന്നു. വന്യജീവി സംരക്ഷണ നിയമങ്ങളെ മനുഷ്യനെതിരെയുള്ള മോശം കാര്യങ്ങളായി ചിത്രീകരിക്കുന്നു. ജൈവ പാരിസ്ഥിതികാവബോധത്തിന്റെ വികാസത്തിന് കടക വിരുദ്ധമായ ഭാവുകത്വമാണ് പുലിമുരുകൻ മുന്നോട്ടുവെക്കുന്നത് (പ്രഭു എന്ന ഡി എഫ് ഒ എഴുതി വാട്ട്‌സ് അപ്പിൽ പലർക്കും അയച്ചു കൊടുത്തതിന്റെ പ്രസക്ത ഭാഗങ്ങൾ).

1475816326_pulimurugan

സൂപ്പർ താരത്തമ്പുരാക്കൾക്കു വേണ്ടി, മലയാള സിനിമയിലെ മികച്ച നടന്മാരെ (സ്വഭാവ നടന്മാർ എന്ന് ഔദ്യോഗിക ഭാഷ്യം) വികൃത/പരിഹാസ്യവത്ക്കരിക്കുന്ന നടപടി, പുലിമുരുകനിലും ആവർത്തിക്കുന്നു. സുരാജ് വെഞ്ഞാറമൂടാണ് ഈ സിനിമ പിരിയും വരെ, വിഡ്ഢിവേഷം കെട്ടാൻ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. പോക്കറ്റ് ഫലിതങ്ങളിലെ വിഡ്ഢിയുടെ സ്ഥിരം പേരായ ശശിയെന്ന പേരാണിയാൾക്ക് കൊടുത്തിരിക്കുന്നത്. സ്ത്രീകളുടെ കുളിയറകളും കമിതാക്കാളുടെ കേളിഗൃഹങ്ങളും ഒളിഞ്ഞുനോട്ടത്തിലൂടെ അരക്ഷിതവത്ക്കരിക്കുകയാണ് ടിയാന്റെ മാറ്റാനാവത്ത ശീലം എന്നാണ് കൽപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലൊരു ആഭാസനെയാണ് പുലി മുരുകൻ സന്തതസഹചാരിയായി ഒപ്പം കൂട്ടിയിരിക്കുന്നത് എന്നതും കൗതുകമുണർത്തുന്ന കാര്യമാണ്. ഇതിനു തൊട്ടുമുമ്പിറങ്ങിയ പ്രിയദർശൻ ചിത്രം ഒപ്പത്തിൽ, സമാനശിക്ഷ ഏറ്റുവാങ്ങുന്നത് മാമുക്കോയയാണ്. മാമുക്കോയ അവതരിപ്പിക്കുന്ന മുസ്ലിം വംശജനായ ഫ്‌ളാറ്റ് കാവൽക്കാരൻ, ഇതരമതസ്ഥരായ ആളുകളെ മുഴുവൻ അവരുടെ പേരിനോട് ഏകദേശ സാമ്യമെങ്കിലുമുള്ള മുസ്ലിം പേരിട്ടാണ് സംബോധന ചെയ്യുക. അതായത്, ഫാസിസ്റ്റുകൾ ആരോപിക്കുന്നതു പോലെ ലോകർ മുഴുവനും (അല്ലെങ്കിൽ ഇന്ത്യർ മുഴുവനെങ്കിലും) പൊന്നാനി മൊട്ടയടി & തൊപ്പിയിടലിലൂടെ മതംമാറ്റത്തിന് വിധേയരാകും (അതാണല്ലോ ആടുമേക്കലിന്റെയും ലക്ഷ്യം) മുമ്പുതന്നെ സകലരെയും മുസ്ലിമാക്കി മാറ്റി ആന്തരവത്ക്കരിക്കുകയും ബാഹ്യവത്ക്കരിക്കുകയും ചെയ്യുന്ന തീവ്രവാദിഛായയുള്ള വിഡ്ഢിക്കഥാപാത്രത്തിലേക്കാണ് മാമുക്കോയയെ ഉരുകിയൊഴിപ്പിച്ചിരിക്കുന്നത്. അറബിക്കഥയിലെ ക്യൂബമുകുന്ദൻ എന്ന അൾട്ടിമേറ്റ് കമ്യൂണിസ്റ്റുകാരൻ ഇഎംഎസ്, എകെജി, കൃഷ്ണപിള്ള എന്നിവരുടെ പേരുകൾ ചൈനയിലെത്തുമ്പോൾ പുഴു, പാറ്റ, പാമ്പ് എന്നിങ്ങനെയായി മാറുമെന്ന് വിശ്വസിക്കുന്ന ആളായിരുന്നതിനു ശേഷം കണ്ടുമുട്ടിയ അസ്സൽ തമാശക്കാരനാണ് ഒപ്പത്തിലെ മാമുക്കോയ.

പുലി മുരുകന്റെ അഭൂതപൂർവ്വമായ വിജയത്തെ സാംസ്‌ക്കാരികവും ചരിത്രപരവുമായി അന്വേഷിച്ചുകൊണ്ട് മനോരമ ന്യൂസ് ചാനലിൽ ഷാനി പ്രഭാകർ അവതരിപ്പിച്ച പറയാതെ വയ്യ എന്ന പരിപാടിയിൽ പങ്കെടുത്ത് ചില നിരീക്ഷണങ്ങൾ പങ്കു വെച്ചതിന്റെ പേരിൽ, എനിക്കും താരപ്പങ്കകളിൽ നിന്ന് കണക്കിനു കിട്ടി. മനോരമ ന്യൂസ് പൊതുവേ തികഞ്ഞ പ്രൊഫഷണലിസം പുലർത്തുന്നവരാണെങ്കിലും ഈ പരിപാടിയിൽ എന്തോ കാരണം കൊണ്ട് എന്റെ പേര് കാണിച്ചിരുന്നില്ല. പരിപാടി കണ്ട് കലി കയറിയവർക്കാണെങ്കിൽ ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ എന്നെ പരിചയവുമില്ല. ഹരി നമ്പൂതിരി പറപ്പൂക്കര എന്ന പ്രൊഫൈൽ, ഈ മഹാന്റെ പേര് അറിയില്ല, ഇവനാണ് പുലിമുരുകനിൽ ഹൈന്ദവ അധീശത്വം ദർശിച്ച മഹാൻ എന്ന നിരീക്ഷണത്തോടെ എന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സുനിൽ നാരായണൻ എന്ന പ്രൊഫൈൽ, ഡോ. എൻ ഗോപാലകൃഷ്ണൻ ഐ ഐ എസ് എച്ച് എന്ന ഗ്രൂപ്പിൽ ഇതെടുത്ത് ഷെയർ ചെയ്തപ്പോഴാണ് കാര്യങ്ങൾക്ക് തീ പിടിച്ചത്. പല മൃഗങ്ങളുടെയും പേര് എനിക്ക് ചാർത്തിക്കിട്ടി. അതൊന്നും വിവരിച്ച് സ്ഥലവും സമയവും മിനക്കെടുത്തുന്നില്ല. സിനിമയിൽ സവർണ വർഗീയാധിനിവേശം വർധിക്കുന്നുവെന്ന വിമർശക വാദങ്ങളാണ് സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കുന്നത് എന്ന മട്ടിലുള്ള ലളിതവത്കൃത/ജനപ്രിയ വാദക്കാരുടെ നിരീക്ഷണത്തെ കഴിഞ്ഞ ദിവസം pradeepanവാഹനാപകടത്തെത്തുടർന്ന് മരണമടഞ്ഞ പ്രിയ സുഹൃത്തും അധ്യാപകനും സാമൂഹ്യ വിമർശകനുമായ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് വിശേഷിപ്പിച്ചത് ഇപ്രകാരമായിരുന്നു: ഫയർ എഞ്ചിൻ വരുന്നിടത്തൊക്കെ തീപ്പിടുത്തം ഉണ്ടായിട്ടുണ്ടാകുമെന്നതിനാൽ, തീപ്പിടുത്തത്തിന് കാരണം ഫയർ എഞ്ചിനാണെന്ന് പറയുന്നതു പോലെയാണ്; ആവിഷ്‌ക്കാരസൃഷ്ടികളിലെ വർഗീയത ചൂണ്ടിക്കാണിക്കുന്നതാണ് വർഗീയത എന്നാരോപിക്കുന്നത്.

അപ്പോൾ കഥ ഇങ്ങനെ സംഗ്രഹിക്കാം. സിനിമാ നിരൂപകർ എന്ന വിഭാഗം, വംശനാശം അടക്കം സംഭവിച്ചേക്കാവുന്ന ഒരു വന്യജീവി വർഗമാണ്. പുലികളും ക്രമീകൃത ഭാഷയിൽ നിന്ന് മാറി ഒടിയനാവുന്നവരും അതിലുൾപ്പെടും. ‘മൃഗീയ വ്യവഹാരം’ നടത്തുന്ന അവരെ നിരാകരിച്ചും നിഷേധിച്ചും തെറിയും മറുതെറിയും പറഞ്ഞും ഇല്ലാതാക്കാൻ മനുഷ്യാധീശത്വത്തിന്റെ കുത്തക ഏറ്റെടുത്തിരിക്കുന്ന താരത്തമ്പ്രാക്കളും അവരുടെ പങ്കകളായ മുഖ്യധാരയും ചേർന്ന് തീരുമാനമെടുത്തിരിക്കുന്നു. കളി കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ.

Comments

comments