(ശരീരത്തെയും മനസ്സിനെയും കുറിച്ച് നമ്മുടെ ഇന്നത്തെ അറിവിലും എത്തിച്ചേർന്ന ബോധത്തിലുമനുസൃതമാണു നിയമങ്ങളും നിലവിലെ സാമൂഹ്യമായ വഴക്കങ്ങളും. പീഡോഫിലിയയെക്കുറിച്ചുള്ളതും അങ്ങനെ തന്നെ. അവയെ അംഗീകരിക്കുമ്പോൾ തന്നെ ‘പീഡോഫിലിയ’ എന്ന ഒരു വാക്കിൽ കുരുങ്ങി ഒരു കലാസൃഷ്ടിയെപ്പറ്റിയുള്ള ചർച്ചകൾ അടിച്ചമർത്തപ്പെടാൻ പാടുള്ളതല്ല. ഒരു വിഷയത്തിന്റെ നിയമപരത, ചർച്ചാസ്വാതന്ത്ര്യം, സൗന്ദര്യശാസ്ത്രം എന്നിവ പരസ്പരബന്ധിതമാണെങ്കിലും അവ വെവ്വേറേ കാണേണ്ടതുമാണു. മെമറീസ് ഓഫ് മെഷീൻ എന്ന ഷോർട്ട് ഫിലിമിന്റെ ക്യാമറാക്കാഴ്ച, ആഖ്യാനം, ആസ്വാദനം എന്നിവയെ സംബന്ധിച്ച് രണ്ട് വ്യത്യസ്തമായ വായനകൾ പ്രസിദ്ധപ്പെടുത്തുന്നു. ഇതേ വിഷയത്തിൽ ജിസ ജോസ് എഴുതിയ ലേഖനം ഇവിടെ വായിക്കാവുന്നതാണു  എഡിറ്റർ)

“ഒരു യന്ത്രത്തിന്റെ ഓർമ്മകൾ’ എന്ന പേരിൽ നിർമ്മിക്കപ്പെട്ട സിനിമ പേരിൽ തന്നെ പ്രഖ്യാപിക്കുന്ന ചിലതുണ്ട്.  കാമറ എന്ന യന്ത്രം നിർമ്മിക്കുന്ന ഓർമ്മകൾക്കാണ് ഇവിടെ പ്രാധാന്യം എന്നു പറഞ്ഞു വയ്ക്കുന്നത് സംവിധാനത്തിന്റെ നൂതനമായ ഒരു രാഷ്ട്രീയ തന്ത്രം ആണ്. പോൺ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രയോഗിക്കപ്പെടുന്നതും കാഴ്ച്ചയുടെ, വെളിപ്പെടലിന്റെ ലൈംഗീകതയെ സർഗ്ഗത്മകമായി തന്നെ ഉപയോഗിക്കുന്നതുമായ ഒരു ഘടകമാണ് കാമറയുടെ കണ്ണ്. പ്രത്യക്ഷത്തിൽ നിഷ്പക്ഷമായ യന്ത്രക്കാഴച്ചയുടെ സൂക്ഷ്മ രാഷ്ടീയത്തെക്കുറിച്ച് ജോൺ ബേർജർ പറയുന്നുണ്ട്, വേയ്സ് ഒഫ് സീയിങ്ങ് എന്ന തന്റെ പുസ്തകത്തിൽ. കാമറ എന്ന യന്ത്രക്കണ്ണ് മനുഷ്യദൃഷ്ടിയുടെ സാധ്യതകളെ ഒരുപാടുമടങ്ങ് കൂട്ടിയിട്ടുണ്ട്. കാമറ കാണിച്ചുതരുന്നത് എന്നു പറഞ്ഞു കൊണ്ട് അവതരിപ്പക്കപ്പെടുന്ന ഒരു രംഗത്തിന് വ്യവസ്ഥാപിത കലയുടെ സ്ഥൂലമായ രാഷ്ടീയ ശരിതെറ്റുകൾക്കപ്പുറം പലതും പറയാൻ കഴിയും. ഇവിടെ യന്ത്രവും ഓർമ്മയും യാന്ത്രികമായ ഓർമ്മയും ഒക്കെ ചേരുന്ന ഒരു കാഴ്ച്ചയുണ്ട്.  എന്നാൽ ഏതുതരം കാഴ്ചകളും ആകട്ടെ, അവയെ പാടെ നിരാകരിക്കുന്നതും അവയെ ഫെറ്റിഷൈസ് ചെയ്യുന്നതും തമ്മിൽ വലിയ ദൂരമില്ലാ എന്നുകൂടെ കാണിച്ചു തന്നു ഈ കുഞ്ഞുസിനിമയ്ക്കെതിരെ മലയാളി വെബ് സമൂഹത്തിൽ ഉണ്ടായ കോലാഹലം.camera-1

പോൺ കാണാത്തവനല്ല മലയാളി. മറിച്ച് പോൺ കണ്ട് തഴമ്പിച്ചും, സൂപ്പർസ്റ്റാറുകളുടെ ആൺപോരിമ ഗർവ്വുകൾക്ക് തിയറ്ററുകളിൽ കയ്യടിച്ചും പതംവന്നവനാണ് മലയാളി.  എന്നിട്ടും വികലമായിപ്പോയ ഒരു പോൺ ആവിഷ്കാരത്തിന്റെ നിലപോലും ഈ സിനിമയ്ക്ക് കൊടുക്കാൻ കഴിയാത്തത്രയ്ക്ക് മലയാളി സദാചാരഭീതി ഉണർന്നത്  ഇതിൽ പീഡോഫീലിയയെന്ന് വ്യഖ്യാനിക്കപ്പെടാവുന്ന ഒരു അംശം ഉണ്ട് എന്നതുകൊണ്ടാണു എന്നാണു ഒറ്റനോട്ടത്തിൽ തോന്നുക . എന്നാൽ പീഡോഫിലിയയുടെ പേരിൽ ഇതിനെ എതിർത്തവർ തന്നെ ഈ സിനിമയിൽ കുട്ടികളുടെ ലൈംഗികത സൂചകമാവുന്നില്ല എന്നും വ്യാഖ്യാനിക്കുന്നുണ്ട്. അപ്പോൾ ഈ സിനിമ ഇത്രയ്ക്ക് ഞെട്ടലുണ്ടാക്കാൻ കാരണം എന്തായിരുന്നു? തനിക്ക് വലിയ താൽപ്പര്യമില്ലാഞ്ഞിട്ടും കുത്തിപ്പൊക്കി എഴുന്നേൽപ്പിച്ച് നിർബ്ബന്ധിതമായി കാമറയിൽ പകർത്തുന്ന സ്വകാര്യ നിമിഷങ്ങളെയും, ഒപ്പം പകർത്തുന്ന ഭർത്താവിന്റെ ലൈംഗിക ആകാംക്ഷകളെയും കുട്ടിക്കാലത്ത് ഉണ്ടായി എന്ന് അവൾ അവകാശപ്പെടുന്ന ഒരു ലൈംഗികാനുഭൂതിക്കഥയിലൂടെ (കൊച്ചുപുസ്തകങ്ങളുടെ നിലവാരത്തിലുള്ള ഒരു സാധാരണ ഫാന്റസി)  തികച്ചും വഴങ്ങപ്പെട്ടവളുടെ  (coy) ചേഷ്ടകളുമായി ഒരു പെണ്ണ് വെറുതെ പറഞ്ഞു ചെറുത്തു നിൽക്കുകയാണ് ഈ മൂന്നുമിനിട്ട് സിനിമയിൽ.  കുട്ടികളുടെ ലൈംഗികത അതുകൊണ്ടു തന്നെ പ്രസ്തുത സിനിമയിൽ സജീവമായി ഇല്ല. മുതിർന്ന ഒരു പെണ്ണിന്റെ വളരെ നിസ്സരാമായ ഒരു ഫാന്റസി എക്സ്പ്രഷൻ മാത്രമേ ആകുന്നുള്ളു ഇത്. എന്നിട്ടും പീഡോഫിലിയാക് എന്നാണ് സിനിമ വ്യാഖ്യാനിക്കപ്പെട്ടത്. ഏറേ കൊട്ടിഘോഷിക്കപ്പെടുന്ന മലയാളി ബൌദ്ധിക നിലവാരത്തിന്റെയും സൈബർ കാലത്തെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയുമൊക്കെ ഒരു നേർക്കാഴ്ചയായി കാണേണ്ടിവരുന്നു, ഈ സിനിമയെ യൂറ്റ്യൂബിൽ നിന്നു വരെ എടുത്തുമാറ്റാനായി ഉണ്ടായ പോർവിളികൾ. അതുകൊണ്ട് ഈ സിനിമയേക്കാൾ ഇതിനെതിരെ ഉണ്ടായ വിമർശനങ്ങൾ ആണ് വ്യാഖ്യാനിക്കപ്പെടേണ്ടത് എന്നു തോന്നുന്നു.

പ്രധാനമായും മൂന്നു തരത്തിൽ ഉള്ള പ്രതികരണങ്ങൾ ആണ് ഈ സിനിമക്കെതിരെ കണ്ടത്. ആദ്യത്തേത് വലിയ ഒരു അംശം പുരുഷന്മാരുടെയും കുറച്ചു സ്ത്രീകളുടെയും തീർത്തും ‘സഹിക്കവയ്യായ്മ’. ഇതിനു കാരണം ഈ സിനിമ പീഡോഫീലിയയെ ന്യായീകരിക്കുന്നു എന്നതാണ് എന്ന് ഈ വിമർശകർ എടുത്തു പറയുന്നുണ്ട്. രണ്ടാമത്തേത് പെഡോഫീലിയ ഇല്ലെങ്കിൽ പോലും കുട്ടികളുടെ ലൈംഗികതയെ അപക്വമായി കാണിക്കുന്നതുകൊണ്ടും കലാമൂല്യം ഇല്ലാത്തതു കൊണ്ടും ഈ സിനിമയെ അംഗീകരിക്കാൻ വയ്യായ്ക എന്ന പക്ഷം. മൂന്നമത്തേതും കുറേകൂടെ പക്വമായതുമായ എതിർപ്പ് ഒരു ഡിസ്ക്ലയ്മർ പോലും ഇല്ലാതെ നിലനിൽക്കുകവഴി എത്രയോ ചൈൽഡ് റേപ്പ് വിക്റ്റിമുകളായിട്ടുള്ളവരോട് ഈ സിനിമ അനീതിയല്ലേ കാണിക്കുന്നത് എന്ന പക്ഷം. ഈ മൂന്നമാത്തെ പക്ഷത്തിൽ നിന്നും ഒരു ബദൽ സിനിമയും ഓണലൈനിൽ തന്നെ ഉണ്ടാവുകയുമുണ്ടായി -‘മെമ്മറീസ് ഓഫ് എ മെർമ്മെയ്ഡ്’ എന്ന പേരിൽ.

ബദൽ സിനിമയിൽ കാമറ ഒരു ഉപകരണം മാത്രമാണ്. ഇരയുടെ പക്ഷത്തിനും അവളുടെ വിവരണത്തിനും വേണ്ടിയുള്ള വേദിയാണ് ഇതിൽ കാമറ. എന്നാൽ യഥാർത്ഥത്തിൽ അങ്ങിനെ ഐഡിൽ ആയ, രാഷ്ടീയപരമായ എല്ലാ ശക്തിയും ആർജ്ജിച്ച, അധികാര വടംവലികളിൽ നിന്നും അകന്ന ഒരു നിഷ്കാമ ഉപകരണം ആണോ ഇന്ന് കല? ഇന്നത്തെ ജനപ്രിയമോ കലാമൂല്യമുള്ളതോ ആയ സിനിമകളും എഴുത്തും സാംസ്കാരിക വ്യവഹാരങ്ങളും നിലനിൽക്കുന്നത് സത്യത്തിൽ അതിഭീകരമായ പക്ഷഭേദങ്ങളിൽ ഊന്നിയാണ്. ഏറിയും കുറഞ്ഞും ഇവയിൽ ഉള്ള രാഷ്ട്രീയ അജ്ഞത വെളിപ്പെട്ടും വെളിപ്പെടാതെയും എതിർക്കപ്പെട്ടും ഇല്ലാതെയും നമ്മുടെ മുന്നിൽ നിലനിൽക്കുകയും ചെയ്യുന്നുണ്ട്.  ഇത്തരം ഒരു പരിസരത്തിൽ ആണ് ഈ രണ്ടു കൊച്ചു സിനിമകളും സ്ത്രീ/ഇതര ലൈംഗികതയുടെ രണ്ട് കാഴ്ച്ചകൾ നീട്ടുന്നത്. കാമറയെന്ന പാട്രിയാർക്കൽ സ്വത്വത്തെ  അതിന്റെ താൽപ്പര്യങ്ങളിൽ തന്നെ ഊന്നി,  ഇക്കിളിക്കഥപറഞ്ഞ് സുഖിപ്പിച്ചും അതിന്റെ ഫാന്റസികൾക്ക് മാംസരൂപം കൊടുത്തും നിൽക്കുന്ന ഒരു സ്ത്രീ സ്വത്വത്തേ  സമൂഹവ്യവഹാരങ്ങളിൽ ചേർക്കപ്പെടുന്ന ‘മസാല’യായോ അല്ലെങ്കിൽ മറുതലയ്ക്കൽ പുതിയ ‘ഫെമിനിസ്റ്റ് പൂത്തുമ്പി‘കളായോ ഒക്കെ എളുപ്പം ലേബൽ ചെയ്ത് വാഴ്ത്തുന്ന കേരളത്തിൽ, ആരാണ് ഒരു ലൈംഗീക ഇര എന്നതിനെക്കുറിച്ച് കല്ലിൽ കൊത്തിയ നിർവ്വചനങ്ങളാണ് ഉള്ളത് എന്ന് പറയേണ്ടതില്ലല്ലോ.  അത്തരത്തിൽ ഒരു നിർവ്വചനത്തിൽ ഒരു ഇരയ്ക്ക് ചേരുന്ന ഒരു വ്യവഹാരമല്ല മെമ്മറീസ് ഓഫ് എ മെഷീൻ എന്ന സിനിമയിലെ പെണ്ണ് കാമറയുടെ പുരുഷമായ ആൺകണ്ണിനോട് പറഞ്ഞുവയ്ക്കുന്നത് എങ്കിൽ ബദൽ സിനിമ ഇര എന്ന ബോധത്തിലൂന്നിയ ഒരുവളുടെ നിസ്സംശയ പക്ഷം ആണ് വെളിപ്പെടുത്തുന്നത്. പങ്കാളിയുടെതല്ലാത്ത കാമറ മെർമേയ്ഡിലെ പെണ്ണിന്റെ തീരുമാനങ്ങൾക്ക് ഉപകരണമാകാൻ സജ്ജമായിരിക്കുന്നതുപോലെ ആദ്യത്തേതിൽ കാമറ ചലിപ്പിക്കുന്ന പങ്കാളിയുടെ റെസ്പോൺസുകൾ പോൺ കാണുന്ന ഒരു ശരാശരി ആണിന്റെ ശീൽക്കരങ്ങൾ പോലെ, അവയിലെ അത്ഭുതത്തിന്റെയും അതൃപ്തിയുടെയും തൃഷ്ണയുടെയും  സ്വരങ്ങൾ തന്നെയാകുന്നതും വെറുതെയല്ല.

ഇന്നും നമ്മുടെ ലൈംഗീക/സ്വത്വ വ്യവഹാരങ്ങളുടെ പരിമിതി അവ ഇരവത്ക്കരണത്തിന്റെ ഇടുങ്ങിയ രാവണൻകോട്ടകളിൽകറങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ്.  സെക്ഷ്വൽ പാട്രിയാർക്കിയുടെ പീഡനം നിലവിളികളാലോ പ്രകടമായ മുറിവുകളാലോ ദൃശ്യമായവയല്ലെങ്കിൽ ‘ഇര’ ഉടൻ ‘കഴപ്പു’കാരിയോ ദുർനടപ്പുകാരിയോ വേശ്യയോ ആയി രൂപാന്തരം പ്രാപിക്കുന്നു. ‘ഇര’ എന്ന  ബോധത്തെ ഒരു സാങ്കേതികതയായി, ഒരു വ്യക്തിയുൽപ്പന്നമായി, വ്യക്ത്യാധിഷ്ഠിതമായി (victim-in-person) സൃഷ്ടിക്കാൻ കഴിഞ്ഞതാണ് മനുഷ്യചരിത്രത്തിലെ ഒരു വലിയ ദാർശനീക നാഴികക്കല്ല് എന്ന് Francois Laruelle പറയുന്നുണ്ട് (General Theory of Victims). ഇരയുടെ വ്യക്തിബോധം, ഇരയുടെ ശബ്ദം, ഇരയുടെ മോട്ടിവ് ഒക്കെ ചേരുമ്പടി ചേർത്ത് മാത്രം വരച്ചിടാൻ കഴിയുന്ന രേഖകളാണ് നമ്മുടെ നിയമപുസ്തകങ്ങളിൽ ഉള്ളത്. ഇരയ്ക്ക് ഇരയെന്ന ബോധം ഉണ്ടാവുക എന്നത് ഇതിൽ ഏറ്റവും പ്രധാനം ആയിത്തീരുന്നു. അഥവാ ആ ബോധം ഇല്ലെങ്കിൽ അതും വ്യക്ത്യാധിഷ്ഠിതമായ പരിഹാരങ്ങളിലൂടെ ( സെൽഫ് awareness, self-empowerment തുടങ്ങിയവ) പരിഹരിക്കപ്പെടേണ്ടതാണ് എന്നതും പ്രധാനമായി തീരുന്നു. സ്കൂൾ തലങ്ങളിൽ സെക്സ് എഡുക്കേഷൻ എന്ന പേരിൽ, പതിഞ്ഞിരിക്കുന്ന ലൈംഗിക വിപത്തുക്കളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനെന്ന പേരിൽ ഒക്കെ പടച്ചു കൊണ്ടുവരുന്ന ആഭാസങ്ങളും കുട്ടികൾക്കെതിരെ മുതിർന്നവരുടെ ലൈംഗീകാക്രമണങ്ങൾ തന്നെയാണ് എന്ന് മനസ്സിലാക്കാതെ ആർക്കാണ് കുട്ടികളുടെ ലൈംഗീകതയെക്കുറിച്ച് പറയുന്നതിന് അവകാശം?  മേൽപ്പറഞ്ഞ സിനിമയിലെ പെണ്ണിനു അവൾ ഇന്നും ചൂഷണം ചെയ്യപ്പെടുകയാണ് എന്ന അറിവു പോലും ഇല്ല എന്ന നിലയ്ക്കുള്ള രക്ഷകവാദങ്ങൾ കൂടെ ഉണ്ടായി. ഇവിടെയാണ് കുട്ടികളിലെ, സ്ത്രീകളിലെ, ട്രാൻസ് ജെൻഡറിലെ, അപര ലൈംഗീകതയേ ആർക്കാണ് പേടി എന്ന ചോദ്യത്തിന്റെ പ്രസക്തി.

മെമറീസ് ഓഫ് എ മെർമെയ്ഡ്
മെമറീസ് ഓഫ് എ മെർമെയ്ഡ്

സത്യത്തിൽ മെമ്മറീസ് ഓഫ് എ മെഷീൻ, മെമ്മറീസ് ഓഫ് എ മെർമൈഡ് എന്ന രണ്ടു സിനിമകളും  അപര ലൈംഗികതയുടെ ഈ ഒഴിവാക്കാനാവാത്ത ചോദ്യത്തിലേക്കാണ് ഒരുപോലെ നയിക്കുന്നത്. ഇതിൽ  തന്നെ കാമറ പോലും ശത്രുതാപരമായ, ആന്റഗണസ്റ്റിക് ആയ ഒരു ഉപകരണമായി നിലകൊള്ളുന്ന ഒരു യാഥാസ്ഥിതിക പ്രതലത്തിൽ നിൽക്കുന്ന ആദ്യത്തെ സിനിമ ‘ഇര’ എന്ന അവ്യക്തരൂപത്തിനപ്പുറം ലൈംഗീകാധികാരത്തിന്റെ അനവധി സാധ്യതകളെ അതിന്റെ നേരിയ അതിർവരമ്പുകളെ വെറുതെ ഒന്ന് എത്തിനോക്കുകയാണ് ചെയ്യുന്നത്. ആ നോക്കലിനെ പോലും ഇത്ര ഭീതിയോടെ ശക്തമായ എതിർപ്പുകളോടെ വരവേറ്റ മലയാളിയുടെ ആകുലത ഒട്ടും നിഷ്കളങ്കമല്ല. പോണോഗ്രഫിയുടെ വോയറിസ്റ്റിക്ക് കണ്ണ് നമ്മുടെ ജനപ്രിയ കലയുടെ വസ്തുവൽക്കരിക്കപ്പെട്ട കാഴ്ച്ചയിലെ വസ്തുവിന്റെ തിരിച്ചു നോട്ടമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.  അതായത് പോണോഗ്രഫിയ്ക്ക് കാണുന്നവനെ നോക്കുന്ന മെറ്റാക്കാഴ്ച്ചയായി പരിണമിക്കാൻ സാധിക്കും. ഇന്റെർനെറ്റിന്റെ സർവൈലൻസ് കണ്ണിലാണ് പോൺ എന്ന കച്ചവടം നിലനിൽക്കുന്നത് എന്നത് ഇതിന്റെ ഒരു ബാഹ്യാവസ്ഥ മാത്രം. കുട്ടികളുടെ ലൈംഗീകതയ്ക്കെതിരെ ഉള്ള ഭീതി എന്നതിലുപരി ഒരു പോൺചിത്രം മുഖ്യധാരാ ദൃശ്യപരിധിയിൽ കണ്ടതിന്റെ നടുക്കവും കൂടെയാണ് മലയാളി കാണിച്ചത്. ലൈംഗികതയുടെ തുറന്നു പറച്ചിലുകൾക്ക് ക്ലാസിക് കലയുടെ ആദർശവത്ക്കരണത്തിന്റെ മേലങ്കിയില്ലെങ്കിൽ പിന്നെ ഒളിപ്പിച്ചു വച്ച പോൺ ആയെ ഇന്ത്യൻ – പ്രത്യേകിച്ചും മലയാളി – പൊതുബോധം കാണുകയുള്ളല്ലോ?

മാർക്വേസിന്റെ മെമ്മറീസ് ഓഫ് മൈ മെലൻക്കളി ഹോർ എന്ന കൃതിയെ, അതിലെ 90 കാരനായ കിഴവൻ കാമുകന്റെ ബാലികാരാധനയെ എല്ലാ കാല്പനിക ആദർശ കലാ ജാടകളോടും കൂടെ കൊണ്ടാടിയവനാണ് മലയാളി. ആന്റി ക്രൈസ്റ്റ്, എ സെർബിയൻ ഫിലിം തുടങ്ങിയ സിനിമകളിലെ നിഷ്ഠൂരമായ ലൈംഗീകഹിംസയെ ഫിലിം ഫെസ്റ്റിവലുകളിൽ കലാപരമായ വസ്തുനിഷ്ഠയോടെ വിലയിരുത്തുന്നവനാണ് മലയാളി. സ്വീകരണമുറിയുടെ മാന്യതയിൽ റേപ്പിനെക്കുറിച്ചുള്ള ഒരു കവിത കേട്ട് അതിനെ നിഷ്ക്കളങ്കമായ ഒരു വഷളൻ ചിരിയോടെ തള്ളിക്കളഞ്ഞവനാണ്. ആ മലയാളി ബോധത്തിനു നിരക്കാത്ത ഒന്നേ മെമ്മറീസ് ഓഫ് മെഷിനിൽ ഉള്ളു. മെയിൻസ്ട്രീം ആയി സ്വയം അവരോധിച്ച ഒരു പോൺ സിനിമയുടെ ‘തെമ്മാടിത്തം’. അതാണ്  യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുകയോ അഡൾട്ട് കണ്ടന്റ് വാണിങ്ങ് കൊടുക്കുകയോ വേണം എന്ന്  എൻ.എസ്. മാധവനടക്കമുള്ള മലയാളി എഴുത്തുകാരുടെ ഞെട്ടലായി രൂപം പ്രാപിച്ചത്.

എന്നാൽ പ്രസ്തുത സിനിമയെ കുട്ടികളുടെ/സ്ത്രീകളുടെ/ഇതര ലൈംഗീകതയുടെ നിലനിൽപ്പിന്റെ പേരിൽ അംഗീകരിക്കേണ്ട ആവശ്യത്തെക്കുറിച്ച് ഉണ്ടായിരുന്ന ഒറ്റപ്പെട്ട പ്രതികരണങ്ങളും  വിട്ടുകളഞ്ഞ ജാഗരൂകതയും ഇതുപോലെ എടുത്തു പറയേണ്ട കാര്യം തന്നെയാണ്. കൂട്ടവിമർശനങ്ങൾക്കും നാവടയ്ക്കലുകൾക്കും ഇവ വിധേയമായെങ്കിൽ അതിൽ അൽഭുതമില്ല!  സിനിമയ്ക്കുവേണ്ടി വാദിച്ചവരൊക്കെയും പീഡോഫീലുകളാണ് എന്നും അതു പോലെ കുട്ടികളുടെ ലൈംഗികത എന്നു ശബ്ദിക്കുന്നവരൊക്കെയും ചൈൽഡ് റേപ്പിസ്റ്റുകളാണെന്നും എതിർവാദങ്ങളുണ്ടായി. വിമതനു വിമതനായി നിലനിൽക്കാനുള്ള അവകാശത്തിനു വേണ്ടി എന്ന നിലയ്ക്ക് വായിച്ചാൽ കുട്ടികളുടെ ലൈംഗികത പിഡോഫീലിയയുടെ നിലനിൽപ്പിനു വേണ്ടിയുള്ള വാദങ്ങളായി ചുരുങ്ങിപ്പോകുന്നു എന്നുള്ള സങ്കീർണ്ണതയെ ഫൂക്കോ ആന്റി-പീഡോഫീൽ ഹിസ്റ്റീരിയയെക്കുറിച്ച് 1978-ൽ നടത്തിയ റേഡിയോ ബ്രോഡ്കാസ്റ്റിൽ പറയുന്നുണ്ട്.  (The danger of Child Sexuality, An Interview with Michele Foucault, Semiotext). അപരലൈംഗീകതയെ അംഗീകരിക്കുക എന്ന പരക്കെയുള്ള ആവശ്യങ്ങൾ ഒരു വശത്തും മറുവശത്ത് അവയ്ക്കെതിരെ പ്രത്യക്ഷമായി തന്നെ ഉണ്ടാകുന്ന സദാചാരനിയന്ത്രണങ്ങളും അക്രമങ്ങളും അധികരിച്ചു വരുന്ന അവസ്ഥയിൽ ലൈംഗീകതയുടെ പുതിയ അവസ്ഥകൾക്കൊപ്പം അതിനെതിരെ ഉള്ള ഹിസ്റ്റീരിയകളും കൂടി വരുന്നു എന്നതിന് ഉദാഹരണമായി പീഡോഫിലിയയ്ക്കെതിരെ ഉയർന്നു വരുന്ന ഭീതിയെ ആണ് ഈ സംഭാഷണത്തിൽ ഫൂക്കൊ ഉദ്ധരിക്കുന്നത്. കുട്ടികളെ പീഡോഫീലിൽ നിന്നും രക്ഷിക്കുക എന്നതാണ് ആന്റി-പീഡോഫൈൽ നിയമങ്ങൾ നിലനിൽക്കുന്ന പ്രതലം എന്നത് അതിഭീകരമാണ് എന്ന് അദ്ദേഹം പറയുന്നു. അതായത് ഇതോടെ ലൈംഗീകത എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന തലങ്ങളുടെ വ്യാഖ്യാനങ്ങളിൽ നിന്നും മാറി മറ്റുള്ളവർക്ക്, പ്രത്യേകിച്ചും അബലരും ദുർബലരുമായവർക്ക് എതിരെയുള്ള ഭീഷണികളായി എക്കാലവും ലൈംഗീകത ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.  ലൈംഗീകതയെ പരിമിതമായ ചട്ടക്കൂടുകളിൽ ഒതുക്കി നിർവ്വചിക്കുന്നതിന്റെ ഇരകൾ സ്ത്രീകളും കുട്ടികളും ഭിന്നലിംഗക്കാരുമാണ് എന്നും ഹെട്രോസെക്ഷ്വൽ മെയിൽ യാതൊരു വിധ ലൈംഗികപരിമിതിയും അനുഭവിക്കുന്നവനല്ല എന്നും ആണെങ്കിൽ ലൈംഗിക ഉത്കണ്ഠ കാണിക്കേണ്ടതും ഈ ലൈംഗിക അപരരല്ലെ? എങ്കിൽ പിന്നെ ബഹുഭൂരിപക്ഷം ലൈംഗിക അക്രമങ്ങൾ നടക്കുന്നതും ലൈംഗിക അപരർക്കെതിരെ ആകുന്നതും ബഹുഭൂരിപക്ഷം പോണോഗ്രഫിയും സൃഷ്ടിക്കപ്പെടുന്നതും ഹെറ്റെറോസെക്ഷ്വൽ ആണിന്റെ ലൈംഗികാഗ്രഹങ്ങൾക്കു വേണ്ടിയാകുന്നതും ഒക്കെ എന്തുകൊണ്ട്?  അധികാരത്തിന്റെ നിറം കലരാത്തതായി ഏതു ലൈംഗികബന്ധം ആണുള്ളത് എന്നിരിക്കെ, കുട്ടികളുടെ ലൈംഗീകവളർച്ചയിൽ മൊത്തം മുതിർന്നവരുടെ പ്രത്യേകിച്ച് ആണധികാരത്തിന്റെ വലിയ പങ്ക് ഉണ്ടെന്നിരിക്കെ കേവലം പീഡോഫീലിക്ക് എന്ന് പൊതു ബോധം വ്യാഖ്യാനിക്കുന്ന ചില കൃത്യങ്ങൾ മാത്രം ക്രിമിനൽ കുറ്റങ്ങളാകുന്നതെങ്ങിനെ?

ഇവിടെയാണ് ഈ സിനിമയിലെ മൂന്ന് ആണധികാരപ്രയോഗങ്ങളും സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടത്. ആദ്യത്തെത് കുട്ടിയുടെ ലൈംഗികതയെ തൊട്ട് ആണധികാരത്തിന്റെ പരിധിയിലേക്ക് വലിച്ചടുപ്പിച്ച് അപ്രത്യക്ഷനാകുന്ന പ്യൂൺ ചേട്ടനും, രണ്ടാമത്തേത് കൌമാരക്കാരിയുടെ ലൈംഗീകതയെ തീർത്തും നിരസിച്ച് അവളെ ഒരു ലൈംഗികവസ്തുവായി അടയാളപ്പെടുത്തുന്ന കൌമാരക്കാരൻ സുഹൃത്തും മൂന്നാമത്തേത് അവളുടെ ലൈംഗികതയുടെ ഏറ്റവും പുതിയ ഉപഭോക്താവും സംരക്ഷകനും ആർക്കൈവിസ്റ്റുമായി അവരോധിക്കുന്ന ഭർത്താവും ആണ്. ഒരേ ലൈംഗീകാധികാരത്തിന്റെ വക്താക്കളാണ് ഇവർ മൂന്നുപേരും. എന്നു മാത്രമല്ല ഒരു ശരാശരി സബ്മിസ്സിവ് പോണിലെ നായികയുടെ കാമനകളിലും ചേഷ്ടകളിലും അടങ്ങിയിട്ടുള്ള പ്രദർശനപരതയിലൂടെ (പെർഫോർമെൻസ്) അതിഭാവുകത്വത്തിലൂടെ ഇത് കാമറയ്ക്കും തൽഫലം ഈ മൂന്നു ആൺകാഴ്ച്ചകൾക്കും വേണ്ടി അവർക്കു വിധേയമായി പറയുന്ന ഒരു പെണ്ണ് കേവലമായ ഒരു ‘ഇര’ ബോധത്തിനപ്പുറം ലൈംഗീകാധികാരത്തിന്റെ അതി സൂക്ഷ്മമായ പ്രയോഗങ്ങളിൽ കുരുങ്ങിക്കിടക്കുന്നവളാണ്. അവളെ ‘കഴപ്പു’ കാരിയായി മുദ്രകുത്തിയതു കൊണ്ടോ അവളിൽ ഇരയുടെ ബോധം ഉണ്ടാക്കിയെടുത്തതുകൊണ്ടോ ആൺകോയ്മയുടെ ലൈംഗീകാധികാരത്തിന് ഒരു ചുക്കും സംഭവിക്കാനില്ല എന്നതാണ് വാസ്തവം. കുട്ടികളിലെ ലൈംഗികതയെ നിരാകരിച്ചതുകൊണ്ടും പിഡോഫീലിയയെ കുട്ടികൾക്കെതിരെയുള്ള ഭീകരമായ ലൈംഗികചൂഷണമായിക്കണ്ടതുകൊണ്ടും പീഡോഫീലിക്ക് എന്ന ഇന്നത്തെ നിയമവ്യാഖ്യാനങ്ങളിൽ ഉൾപ്പെടുത്താവുന്ന കർമ്മങ്ങൾ ചെയ്യുന്നവരെ ക്രിമനലൈസ് ചെയ്തതുകൊണ്ടും ഒന്നും ചൈൽ റേപ്പോ ചൈൽഡ് സെക്സ് റ്റ്രേഡുകളിലെ നിരന്തരമായ ചൂഷണങ്ങളോ തരിമ്പും അവസാനിക്കാൻ പോകുന്നില്ല. എന്നു മാത്രമല്ല, ക്രിമിനൽ എന്നു വായിക്കപ്പെടാവുന്ന പ്രവർത്തികളുടെ എണ്ണം വർദ്ധിക്കുകയും നിലവിലുള്ള നിയമാവസ്ഥയ്ക്ക് നിർവ്വചിക്കാവുന്നതിലും അപ്പുറം ഉള്ള സങ്കീർണ്ണതകളിലേക്ക് നിയമനിർമ്മാണം ആവശ്യം വരികയും, കോടതി തുടങ്ങിയ സ്ഥാപനങ്ങൾ അവയുടെ സാംസ്കാരികമായ പരിധികളും പരിമിതികളുമോടെ വ്യക്തിബന്ധങ്ങളിലേക്ക് കയറിവരേണ്ടി വരികയും ആണ് ഉണ്ടാവുക. പഴയ വിലക്കുകളെ പുതിയതും കൂടുതൽ സങ്കീർണ്ണവുമായ ചട്ടക്കൂടുകളിലേക്ക് പുനഃസ്ഥാപിക്കാൻ മാത്രമേ ഇതുകൊണ്ട് ആവുകയുള്ളു. കുട്ടികളുടെ ലൈംഗീകതയെ പ്രതിപാദിക്കുന്നു എന്ന് തെറ്റിദ്ധരിച്ച് ഒരു കൊച്ചു സിനിമയ്ക്കെതിരെ ഇത്രയും രോഷം ഉണ്ടാകാമെങ്കിൽ ലൈംഗീകതയെക്കുറിച്ചുള്ള ഒരു തുറന്ന ചർച്ചയ്ക്ക് ഇപ്പോഴും മലയാളി ബോധം എത്രകണ്ട് പാകപ്പെട്ടിട്ടുണ്ട് എന്നും ചിന്തിക്കാവുന്നതേയുള്ളു.

Comments

comments