(ശരീരത്തെയും മനസ്സിനെയും കുറിച്ച് നമ്മുടെ ഇന്നത്തെ അറിവിലും എത്തിച്ചേർന്ന ബോധത്തിലുമനുസൃതമാണു നിയമങ്ങളും നിലവിലെ സാമൂഹ്യമായ വഴക്കങ്ങളും. പീഡോഫിലിയയെക്കുറിച്ചുള്ളതും അങ്ങനെ തന്നെ. അവയെ അംഗീകരിക്കുമ്പോൾ തന്നെ പീഡോഫിലിയ എന്ന ഒരു വാക്കിൽ കുരുങ്ങി ഒരു കലാസൃഷ്ടിയെപ്പറ്റിയുള്ള ചർച്ചകൾ അടിച്ചമർത്തപ്പെടാൻ പാടുള്ളതല്ല. ഒരു വിഷയത്തിന്റെ നിയമപരത, ചർച്ചാസ്വാതന്ത്ര്യം, സൗന്ദര്യശാസ്ത്രം എന്നിവ പരസ്പരബന്ധിതമാണെങ്കിലും അവ വെവ്വേറേ കാണേണ്ടതുമാണു. മെമറീസ് ഓഫ് മെഷീൻ എന്ന ഷോർട്ട് ഫിലിമിന്റെ ക്യാമറാക്കാഴ്ച, ആഖ്യാനം, ആസ്വാദനം എന്നിവയെ സംബന്ധിച്ച് രണ്ട് വ്യത്യസ്തമായ വായനകൾ പ്രസിദ്ധപ്പെടുത്തുന്നു. ഇതേ വിഷയത്തിൽ ശ്രീപ്രിയ ബാലകൃഷ്ണൻ എഴുതിയ ലേഖനം ഇവിടെ വായിക്കാവുന്നതാണു  എഡിറ്റർ)
——
മെമ്മറീസ് ഓഫ് എ മെഷീൻ എന്ന പത്തു മിനുട്ടിൽ താഴെ ദൈർഘ്യമുളള ഹ്രസ്വചിത്രം, സ്ത്രൈണ ലൈംഗികതയെക്കറിച്ചുള്ള തുറന്നു പറച്ചിൽ കൊണ്ടാണു ശ്രദ്ധേയമായതും വിമർശിക്കപ്പെടുന്നതും. ബാല്യകാലത്തെ, കൃത്യമായി പറഞ്ഞാൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എട്ടാം വയസിലെ ലൈംഗികമായ ഉത്തേജനം, ഒരു മുതിർന്ന പുരുഷനാൽ ഉണ്ടാക്കപ്പെട്ടത്  സ്വന്തം ശരീരത്തിന്റെ ആനന്ദങ്ങളെക്കുറിച്ചു തന്നെ ബോധവതിയാക്കിയതിനെക്കുറിച്ച് ഒരു യുവതി തന്റെ പങ്കാളിയോടു തുറന്നു പറയുന്നതാണ് ഈ ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കം. കുട്ടികളുടെ ലൈംഗികചൂഷണത്തെ കാല്പനികവൽക്കരിക്കുന്നുവെന്ന വിമർശനങ്ങൾക്കൊപ്പം  (വെളുത്ത സുന്ദരനായ നല്ല പൊക്കമുള്ള ആ ചേട്ടനായിരുന്നു എന്റെ ആദ്യത്തെ ലൈൻ … ആ ചേട്ടനറിയാമായിരുന്നു എന്നെ എങ്ങനെ തൊടണമെന്ന് … അയാളോട് ദേഷ്യമൊന്നും തോന്നിയില്ല.) തന്നെ ഭയപ്പെടുത്തുന്നത് ഇത്തരം തുറന്നു പറച്ചിലുകളിലെ യാഥാസ്ഥിതിക സ്വഭാവമാണ്. സ്ത്രീയുടെ യഥാർത്ഥമായ അനുഭവങ്ങൾ ആണധികാരത്തിനു മുൻതൂക്കമുള്ള സംസ്കാരത്തോടേറ്റുമുട്ടുകയല്ല, അതിനോടു സമരസപ്പെടുകയും അതിനു വഴങ്ങുകയും ചെയ്യുകയാണ്. സ്വന്തം വിവാഹപൂർവ്വ ലൈംഗികാനന്ദങ്ങളെക്കുറിച്ച് (അത് ഉഭയരതിയല്ല, സ്വയം രതിയാണ്, എങ്കിലും – )ഇതേ കുമ്പസാരശൈലിയിൽ, ഇതേ അരക്ഷിതഭാവത്തിൽ മാത്രമേ സ്ത്രീയ്ക്കു സംസാരിക്കാൻ പാടുള്ളു.  ലൈംഗികവസ്തുവൽക്കരണത്തിന്റെ (sexual objectification) ഭാരം ചുമക്കുന്ന വിപരീത സംസ്കാരബിംബങ്ങളായി സ്ത്രീകൾ അവതരിപ്പിക്കപ്പെടുന്നു. അവൾ സംസാരിക്കുമ്പോൾ പ്രത്യേകിച്ച് ലൈംഗികതയെക്കുറിച്ചു പറയുമ്പോൾ, (അത് സാധാരണമല്ല) ആണധികാരസമൂഹത്തിന്റെ പെരുമാറ്റമാതൃകകൾക്കനുസരിച്ചു മാത്രമാവണം. ആ ആധീശ വ്യവസ്ഥ അവളിൽ നിന്നു പ്രതീക്ഷിക്കുന്ന, അല്ലെങ്കിൽ അവൾക്കനുവദിച്ച പ്രതികരണങ്ങളേ അവളിൽ നിന്നുണ്ടാകാവൂ. സംവിധായിക തന്റെ നായികയെ ഈ വിധം പരുവപ്പെടുത്തിയിടത്താണ് ഈ ഹ്രസ്വചിത്രം ഏറ്റവും അശ്ലീലമാവുന്നത്. രാഷ്ട്രീയസ്വഭാവമാർജ്ജിക്കേണ്ടിയിരുന്ന സ്ത്രൈണലൈംഗികാഖ്യാനം  ഒരു കിടപ്പറക്കാഴ്ചയുടെ ഇക്കിളിപ്പെടുത്തൽ മാത്രം അവശേഷിപ്പിക്കുന്നു. പുരുഷാധിപത്യത്തിന്റെ മൂല്യവ്യവസ്ഥയിൽ നിന്നുകൊണ്ടാണ് ഇതിലെ എകകഥാപാത്രം സംസാരിക്കുന്നത്. സ്ത്രൈണതയുടെ സ്വതന്ത്രമായ ആത്മപ്രകാശനമായി ചിത്രം മാറുന്നില്ല, മാറാനുള്ള ഉദ്ദേശ്യവുമില്ല.

വർത്തമാനകാലത്തിന്റെ സാംസ്കാരികകാലാവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്നവയാണ് ദൃശ്യമാധ്യമങ്ങൾ. ബോധപൂർവ്വം തന്നെ പുരുഷന്റെ ഭ്രമാത്മകത, വാഞ്ഛകൾ ഇവയെ സഫലമാക്കുന്ന സ്ത്രീബിംബങ്ങളും അതിനനുയോജ്യമായ ദൃശ്യഭാഷയുമാണ് സിനിമകളും സീരിയലുകളും ഷോർട് ഫിലിമുകളുമൊക്കെ സ്വീകരിക്കുന്നത്. ആൺവിഭ്രാന്തികളുടെയും ആസക്തികളുടെയും ഒരു വൻ സഞ്ചയമായിരിക്കുംlaura-1 ദൃശ്യമാധ്യമങ്ങളിലെ സ്ത്രീബിംബങ്ങൾ. ലോറ മൾവി (Laura Mulvey) യുടെ Visual Pleasures and Narrative Cinema (1975) എന്ന പ്രബന്ധം സിനിമയിലെ അയഥാർത്ഥ സ്ത്രീ കർത്തൃത്വത്തെക്കുറിച്ചു വിശദമായി സംസാരിക്കുന്നുണ്ട്. പ്രമേയത്തിലും ആഖ്യാനത്തിലും ദൃശ്യങ്ങളിലും സിനിമ ആൺകാമനകളെ പിന്തുടരുകയും സ്ത്രീ ബിംബങ്ങൾ അവയുടെ യാഥാർത്ഥ്യത്തിൽ നിന്നകന്ന് പുരുഷതാല്പര്യങ്ങളുടെ നിഷ്ക്രിയവാഹകരായി മാറുകയും ചെയ്യുന്നു. സിനിമയിലൂടെ അത്യധികമായ ആനന്ദവും പിടിച്ചടക്കലിന്റെ, അധികാരത്തിന്റെ പലപ്പോഴും രതിസുഖത്തിനു സമാനമായ അനുഭൂതിയും പുരുഷനനുഭവിക്കുന്നുമുണ്ട്. സ്വന്തം രതിമൂർച്ഛയെക്കുറിച്ച് പെണ്ണിനെക്കൊണ്ടു പറയിപ്പിച്ച് മൂർച്ഛയടയുന്ന തന്ത്രം മെമ്മറീസ് ഓഫ് എ മെഷീനിലും കാണാം. ഓർഗാസത്തിന്റെ മലയാളം തേടുന്ന ഇണകൾ രതിമൂർച്ഛയ്ക്ക് Multiple orgasm എന്ന വ്യാഖ്യാനം നൽകുന്നുണ്ട്. ഇവിടെ യഥാർത്ഥത്തിൽ മൾട്ടിപ്പിൾ ഓർഗാസം പുരുഷന്റേതു മാത്രമാണ്.

ആൺസിനിമകളുടെ പ്രത്യയശാസ്ത്രത്തിനും ആഖ്യാന തന്ത്രങ്ങൾക്കും പകരമായി  ഒരു പെൺ ബദലിനെക്കുറിച്ചുള്ള സങ്കല്പനം ലോറ മൾവി തന്റെ പ്രബന്ധത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്  സ്ത്രീ അവളുടെ ശരീരത്തെക്കുറിച്ച് അതിന്റെ ആനന്ദങ്ങളെക്കുറിച്ച് ഈ രീതിയിൽ തുറന്നു പറയുന്നുവെന്നതു കൊണ്ടു മാത്രം പക്ഷേ ഈ ചിത്രം ഒരു പെൺ ബദലാവുന്നില്ല. മറിച്ച് ആണഭിലാഷങ്ങളുടെ അനുപൂരകം മാത്രമാവുന്നു. അപമാനവും അമർഷവും എതിർപ്പും തോന്നേണ്ടിയിരുന്ന ആദ്യത്തെ ലൈംഗികചൂക്ഷണത്തിന്റെ പ്രതികരണമായി ആസ്വാദ്യത, രസം, മൂർച്ഛ എന്നിവയെ പ്രതിഷ്ഠിക്കുന്നു. സ്ത്രീ ശരീരത്തെ -അത് ഏതു പ്രായത്തിലുള്ളതായാലും – സവിശേഷമായ സ്പർശങ്ങളിലൂടെ ആനന്ദിപ്പിക്കാനും കീഴടക്കാനും കഴിയുമെന്ന  ആൺകോയ്മയുടെ അതേ പുരാതനബോധം. അത് സ്ത്രീ പക്ഷത്തുനിന്നുള്ള തുറന്നു പറച്ചിലായി അവതരിപ്പിക്കുന്നതിലെ പ്രതിലോമപരതയാണ് കൂടുതൽ അപകടകരം. അനുഭവങ്ങളും അനുഭൂതികളും പുരുഷവൽക്കരിക്കപ്പെടുന്നു.scopophilia1

സ്ത്രീയെ ഒളിഞ്ഞുനോക്കി രതിസുഖം അനുഭവിക്കുന്ന  Voyeuristic scopophilia, എന്ന ഫ്രോയിഡിയൻ പദമാണ് മെമ്മറീസ് ഓഫ് എ മെഷീനെ വിശേഷിപ്പിക്കാനും ഉചിതം. സ്ത്രീ ശരീരം ചിത്രത്തിൽ പലതരത്തിൽ അനാവൃതമാവുന്നുണ്ട്. ഇറക്കം കുറഞ്ഞ ഷോർട്സ്, ടീഷർട്ട്, നഗ്നമായ കാലുകളുടെ വിവിധ ദൃശ്യങ്ങൾ, സംസാരത്തിനിടയിൽ നായിക അഴിച്ചു കളയുന്ന ബ്രേസിയേഴ്സ്, അവളുടെ കാമോദ്ദീപകമായ ചുണ്ടുകൾ, കണ്ണുകൾ തുടങ്ങി പുരുഷക്കാഴ്ചകളെ തൃപ്തിപ്പെടുത്തുന്ന രതിബിംബമാണ് ഇവിടെ നായിക. ഒളിഞ്ഞു നോട്ട (voyeurism) ത്തിന്റെ ആനന്ദവും ലൈംഗികതൃപ്തിയുമാണിവിടെ നായകൻ അനുഭവിക്കുന്നത്. സിനിമയുടെ ആഖ്യാനഘടനയിലാവട്ടെ ഈ ഒളിഞ്ഞുനോട്ടവും പുരുഷ ഭ്രമകല്പനകളും കൂടുതൽ അപകടകരമാം വിധം വ്യക്തമാണ്. ഉറക്കം വരുന്നുവെന്നു പറഞ്ഞ് ഒഴിയുന്ന നായികയെ നിർബന്ധിച്ച് ആദ്യാനഭൂതിയെക്കുറിച്ചു  പറയിക്കുന്ന പുരുഷൻ അദൃശ്യനാണ്. അയാൾ അവളെക്കൊണ്ടു സംസാരിപ്പിക്കുന്ന ശബ്ദസാന്നിധ്യം മാത്രമാണ് ചിത്രത്തിലുടനീളം. സ്ത്രീ ശരീരത്തിലേക്കുള്ള ആണിന്റെ ആർത്തിപുരണ്ട നോട്ടത്തിന്റെ പ്രതിഫലനമാണവളുടെ കാമോത്സുകത വളർത്തുന്ന വേഷവും അടിയുടുപ്പിന്റെ പ്രദർശനവും. “പറ പറ കേൾക്കട്ടെ, പക്ഷേ കള്ളം പറയരുത്, ഞാൻ ബസ്റ്റ് ഫ്രണ്ടല്ലേ, ആദ്യത്തെ തവണ… അതു തന്നെ. പറയൂ” തുടങ്ങി ആവേശത്തോടെ, കാമതൃഷ്ണയോടെ അതേ സമയം അധികാര ബോധത്തോടെയും പുരുഷശബ്ദം അവളുടെ സ്വകാര്യതകളിലേക്ക് അതിക്രമിച്ചു കടക്കുന്നു. അവൾ ക്യാമറ  മാറ്റണമെന്നാവശ്യപ്പെടുന്നത് അയാൾ അവഗണിക്കുകയാണ്. അവളുടെ വാക്കുകൾ മാത്രമല്ല അവളെത്തന്നെ സമ്മതമില്ലാതെ പകർത്തുന്നു. ആദ്യായിട്ടാണു വേറൊരാളോടു പറയുന്നതെന്ന അവളുടെ ജാള്യത, കുറ്റബോധം. വിശദാംശങ്ങളിലേക്കുള്ള പുരുഷന്റെ സൂക്ഷ്മാന്വേഷണം, “തൊട്ടപ്പോൾ എന്താ തോന്നിയത്, ആരോടും പറയരുതെന്നു വിരട്ടിയോ, നിനക്കു ദേഷ്യം തോന്നിയോ, തെറ്റാണെന്നു തോന്നിയോ, അയാളെ പിന്നെയും കാണണമെന്നു തോന്നിയോ” തുടങ്ങി അവസാനിക്കാത്ത ചോദ്യങ്ങളിൽ പുരുഷന്റെ ആദിമമായ അധികാര നഷ്ടഭീതിയാണുള്ളത്. ബോയ് ഫ്രണ്ട്സ് ഉണ്ടായിരുന്നോ, പിരിഞ്ഞത് എന്തുകൊണ്ടാ തുടങ്ങി അയാളുടെ ചോദ്യങ്ങൾ തുടരുന്നു.  ഉൽക്കണ്ഠയും ഭയവും തുളുമ്പുന്ന അന്വേഷണങ്ങൾ. ആണുങ്ങളില്ലാതെ ആനന്ദിക്കാനുള്ള അവളുടെ തീരുമാനം അയാളെ ഒരേ സമയം സന്തോഷിപ്പിക്കുന്നുണ്ട്, ഭയപ്പെടുത്തുന്നുമുണ്ട്. സന്തോഷം ഉറപ്പു കിട്ടിയ അവളുടെ പരിശുദ്ധിയെക്കുറിച്ചാണ്. വിവാഹ പൂർവ്വ ലൈംഗികാനന്ദത്തിൽ സ്വയം രതിയേയുള്ളു.. അവളുടെ ജീവിതത്തിലെ രണ്ടു പുരുഷന്മാരോടുമുള്ളത് പ്രണയമല്ല. അവരോടു ശാരീരികബന്ധവുമില്ല. നിന്നെ എനിക്കിഷ്ടമായി എന്നവൾ അയാൾക്കു പൂർണമായി സമർപ്പിതയാവുന്നുമുണ്ട്. എന്നേം വേണ്ടാന്നു തോന്നുമോ എന്ന അയാളുടെ ചോദ്യം ഭയത്തിന്റേതാണ്. പുരുഷലിംഗത്തിന്റെ  തുളച്ചുകയറൽ (Penetration) ഇല്ലാതെയുള്ള സ്ത്രീയുടെ ആനന്ദത്തെ പരിമിതപ്പെടുത്തേണ്ടത്, നിരോധിക്കേണ്ടത് അവന്റെ ആവശ്യമാവുന്നു. ആണധികാരത്തിന്റെ ഉത്തരവാദിത്വം കൂടിയാണ് സ്വയം രതിയിൽ നിന്ന്, അതിന്റെ അനുഭൂതികളിൽ നിന്ന് അവളെ പിടിച്ചകറ്റി ആൺ-പെൺ ലൈംഗികതയിൽ ബന്ധിച്ചിടേണ്ടത്. അവിടെ മേൽക്കോയ്മ പുരുഷനായിരിക്കും. പുരുഷൻ സ്ത്രീയുടെ മേൽ സ്ഥാപിക്കുന്ന ശാരീരികവും മാനസികവുമായ അധിനിവേശത്തിന്റെ, ലൈംഗികമായ അടിമത്ത (Sexual bondage) ത്തിന്റെ സൂചകമാണ് ഉഭയ ലൈംഗികത (Heterosexuality) ലിംഗ കേന്ദ്രിതം മാത്രമായ ആൺലൈംഗികത, രത്യാനന്ദത്തിന് വ്യത്യസ്തമാർഗ്ഗങ്ങളുള്ള സ്ത്രൈണ ലൈംഗികതയെ ഭയപ്പെടുന്നു. നിയന്ത്രിക്കുന്നു. നായികയുടെ സ്വയംരതി പരസ്യപ്പെടുമ്പോൾ പെട്ടന്നു വിവാഹം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ തീരുമാനവും അതേ ഭയത്തിൽ നിന്നാണ്. വിവാഹത്തോടെ, പുരുഷലിംഗത്തെ മാത്രം ആശ്രയിച്ചുള്ള സാമ്പ്രദായിക രതിവേഴ്ചയിലൂടെ അവൾ മര്യാദക്കാരിയാവും. അഭിനിവേശങ്ങൾ അടക്കിവെക്കും. സ്ത്രീയ്ക്ക് അവളുടെ ശരീരത്തിൽ നിന്ന് സ്വയം ആനന്ദം കണ്ടെത്താനുള്ള അവകാശമില്ല. അവളുടെ ശരീരം, ലൈംഗികത, ദൈനംദിന നിലനിൽപ് എല്ലാം ആണധികാരത്തോടുള്ള വിധേയത്വത്തിലൂന്നിയതാണ്. ‘സാരിയുടുത്ത് ചെക്കന്മാരുടെ മുമ്പിൽ നില്പ്, ആദ്യം വന്നതു നീ, നിന്നെ ഇഷ്ടമായി, ഒരു പരിചയവുമില്ലാത്ത നിന്റെ കൂടെ ബാംഗ്ലൂരിൽ’ തുടങ്ങിയ പരാമർശങ്ങളിലൂടെ വിവാഹത്തെക്കുറിച്ച് അവൾക്കുള്ള യാഥാസ്ഥിതിക ധാരണകൾ വെളിച്ചപ്പെടുന്നുണ്ട്. വ്യക്തിപരമായ ആത്മാഖ്യാനത്തെ സാർവ്വലൗകികമായ സത്യവും യുക്തിയുമായി മാറ്റുന്ന വലിയതന്ത്രമാണ് ഈ ലഘുചിത്രത്തിന്റെ ആഖ്യാന ഘടനയിലുപയോഗിച്ചിട്ടുള്ളത്.

സ്ത്രൈണലൈംഗികതയുടെ സ്വതന്ത്രവും ധീരവുമായ പുനരാവിഷ്കാരമെന്ന വ്യാജപ്രതീതി സൃഷ്ടിച്ചു കൊണ്ട് ആപൽക്കരമായ വിധത്തിൽ പുരുഷാധികാരത്തെ സ്ഥാപിക്കുന്നു മെമ്മറീസ് ഓഫ് എ മെഷീൻ. സ്ത്രീയുടെ സ്വന്തം രത്യനുഭവം എന്ന കാപട്യത്തിന്റെ മറവിൽ കാമനകളെ, തൃഷ്ണകളെ അടിച്ചമർത്തുന്ന സ്ത്രീ ബിംബത്തെയാണു കാണുക. പെണ്മയുടെ ആഘോഷങ്ങളല്ല, പുരുഷാധികാര ചിഹ്നങ്ങളോടുള്ള  പ്രതിരോധവുമല്ല  ഇത്. സ്ത്രീയുടെ ലൈംഗികതയെ നിയന്ത്രിച്ച് അതിനെ വരുതിയിലാക്കുന്ന അധികാരിയുടെ /ഉടമസ്ഥന്റെ കൗശലപൂർവമുള്ള  ഇടപെടൽ മാത്രം, പുരുഷന്റെ ലൈംഗിക ഭ്രമാത്മകതയുടെ മറ്റൊരു രീതിയിലുള്ള ആഖ്യാനം മാത്രം. അത്  ലൈംഗികോത്തേജനവും ആനന്ദവും അനുഭവിക്കുമെന്നു സങ്കല്പിച്ച് പിഞ്ചു പെൺശരീരങ്ങളിലേക്ക് കടന്നു കയറും, വിവാഹത്തിനു മുമ്പുള്ള, ശരീരത്തിന്റെ ആനന്ദങ്ങളെക്കുറിച്ച് പങ്കാളിയെക്കൊണ്ട് പറയിപ്പിച്ച് രതിമൂർച്ഛയടയും, സ്വയം മറഞ്ഞിരുന്ന് അവളുടെ ശരീരത്തെയും അനുഭവങ്ങളെയും കാമോദ്ദീപകമായി ക്യാമറയിൽ പകർത്തി വെളിപ്പെടുത്തും, അവൾ കന്യകയാണെന്നും ഉണ്ടായിരുന്ന ഒരു വിവാഹപൂർവ്വ പ്രണയം ക്ഷിപ്രായുസായിരുന്നെന്നും, തന്നോടവൾക്കുള്ളത് ലൈംഗികമായ അടിമത്തമാണെന്നു ഉറപ്പു വരുത്തും. അതേ പഴയ കാര്യങ്ങൾ കൂടുതൽ അശ്ലീലമായും അപകടകരമായും പറയുന്നുവെന്നതാണ് ഈ ലഘുചിത്രത്തെ പ്രതിരോധിക്കാനുള്ള പ്രേരണയാവുന്നത്.

Comments

comments