നദിയുടെ ഖബറടക്കം കഴിഞ്ഞു. ആളുകൾ മടങ്ങിയ ഉടനെ ലൈല നാത്തൂന്റെ വീട്ടിൽ വന്നു, മകന്റെ മേശയിൽ നിന്നും മകൻ ഡിസൈൻ ചെയ്ത ‘മരിച്ചവരുടെ മണ്ണ്’ എന്ന മാഗസിനും ഒരു പൊതി കഞ്ചാവും എടുത്തുകൊണ്ട് തിരികെ പോന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ‘കേൾക്കപ്പെടാത്തവർ’ എന്ന മാഗസിന്റെ ആദ്യരൂപമാണിപ്പോൾ ലൈലയുടെ കയ്യിലിരിക്കുന്നത്. ഞാൻ കൈ വെക്കുന്നതിന് മുമ്പ് നദി ഡിസൈൻ ചെയ്ത രൂപം, അവന്റെ ഉമ്മ ആ രൂപത്തിലുള്ള മാഗസിൻ തന്നെയാണ് വായിക്കേണ്ടതും!
വടക്കേക്കാട് നിന്നും ഇങ്ങ് പറക്കുളം വരെയുള്ള നീണ്ട യാത്രയ്ക്കിടയിൽ ലൈലയുടെ മാറിടം വേദനയാൽ തരിച്ചുകൊണ്ടിരുന്നു. നഗരത്തിലെ ബഹളവും പൊടിയും കാറ്റും വെയിലും ചൂടും ബസ്സുകളിലേയും ജീപ്പുകളിലേയും ആളനക്കങ്ങളും ആൾക്കൂട്ടങ്ങളും അവരെ വല്ലാതെ അസ്വസ്ഥയാക്കി. മുലയൂട്ടാൻ കഴിയാതെ മരിക്കേണ്ടി വരുന്ന ഒരമ്മയാകരുതെന്ന ആഗ്രഹം കൊണ്ടുമാത്രം ലൈല മരണത്തെ നീട്ടിവെക്കാൻ ആഗ്രഹിച്ചുപോയി. വിയർത്തുകുളിച്ച് കൊണ്ട് തന്റെ മുറിയിലേക്ക് കയറി അവർ കതകടച്ചു. ഭദ്രമായി പൊതിഞ്ഞെടുത്ത മാഗസിന്റെ പൊതി, തിടുക്കപ്പെട്ട് അഴിച്ചെടുത്ത് തിരിച്ചുംമറിച്ചും നോക്കി. പിന്നെ തെരുതെരാ ഉമ്മ വെച്ചു. ഉറുമ്പുകടിച്ച് നെലോളിക്കുന്ന മോന്റെയെടുത്ത് ഓടിപ്പിടിച്ചെത്തി സമാധാനിപ്പിക്കുമ്പൊ കൊടുക്കാറുള്ള ഉമ്മകളുടെ നനവ് മാഗസിന്റെ പുറംചട്ടയെ നനവുള്ളതാക്കി. അപ്പോൾ, തനിക്ക് ചുറ്റും മകന്റെ സാന്നിദ്ധ്യം നിറഞ്ഞുനിൽക്കുന്നതായി അവർക്ക് അനുഭവപ്പെട്ടു.
“നിഷേധിക്കപ്പെട്ട ഇടങ്ങളേ, നിങ്ങളാണ് എന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. മരിച്ച് നക്ഷത്രമായി നിങ്ങളെ അനുഗ്രഹിക്കാൻ എനിക്ക് മനസ്സില്ലെന്ന് പറയുന്ന ചങ്കൂറ്റമുണ്ട് എന്റെ ആത്മഹത്യാക്കുറിപ്പിന്. ഞാൻ മരിച്ചാൽ ചിലപ്പോൾ ഒരു മൈലാഞ്ചി ചെടിക്ക് വളമായേക്കാം. ചിലപ്പോൾ ഒരു പുല്ലിന്, ഒരു തെങ്ങിന്…..ഒരു പൊടിയണിയ്ക്ക്, അപ്പയ്ക്ക്… എങ്കിലും അതെന്റെ ലോകമല്ല. പക്ഷേ, എനിക്ക് ശേഷവും അവ ജീവിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മരങ്ങൾക്ക് വളമാകുക എന്നതാണ് എന്റെ മ രണത്തിന്റെ രാഷ്ട്രീയം! കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ സ്വന്തമിഷ്ടങ്ങളുടെ പിറകെ പോയവനാണ്, ഇങ്ങളെ ഞാനൊട്ടും പരിഗണിച്ചിട്ടില്ല. ജോലിക്ക് പോകേണ്ട പ്രായത്തിൽ രണ്ടാമതും പി.ജി.കോഴ്സിന് ചേർന്നതും പഠനത്തിന്റെ പേരും പറഞ്ഞ് നാടുമുഴുവൻ ചുട്ടുപൊട്ടിച്ചിട്ടൊടുക്കം, ‘മരിച്ചവരുടെ മണ്ണ് ‘ എന്നൊരു മാഗസിന് വേണ്ടി നീ സ്വന്തം ഖബറ് കുഴിച്ചല്ലോയെന്ന വിങ്ങലോടെ….. ആരോടും മുണ്ടാതെ, ഒന്നും തിന്നാതെ ഇങ്ങള് ചത്ത് ജീവിക്കും എന്നെനിക്കറിയാം. പറഞ്ഞാ കേക്കാത്തതിന് ഇന്റെ മണ്ടയ്ക്ക് കൈലുംകൊണ്ട് കൊട്ടുമ്പോഴും എന്നേക്കാൾ കൂടുതൽ വേദനിച്ചിട്ടുണ്ടാവുക ഇങ്ങൾക്കാണ്. താത്താന്റെ കല്ല്യാണം മുടങ്ങിയതിൽ എനിക്കും സങ്കടോണ്ടുമ്മാ. ആർക്കും, ഒരൽപ്പം സ്‌നേഹം കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നെനിക്കറിയാം. വീട്ടിലെ ശരികളേക്കാൾ വലിയ ശരികളുണ്ടെന്ന് തോന്നിയതുകൊണ്ട് എന്റെ വഴികൾ ചിലത് മാറിപ്പോയെന്നേയുള്ളൂ…… എന്റെ ശരികളെന്റെ മാഗസിനിലുണ്ട് !”
ചത്ത ഉറുമ്പിനെ മറ്റുള്ള ഉറുമ്പുകൾ ഏറ്റിക്കൊണ്ട് പോകുന്ന പോലെ മോനേയും ഉമ്മയേയും നാളെ ആളുകൾ ഏറ്റിക്കൊണ്ടുപോകും. എന്നിട്ട്, നമ്മളേയും കുഴിച്ചിടും. ശബ്ദമില്ലാതെ മകൻ പറഞ്ഞുകൊടുത്തതത്രയും ലെലയ്ക്ക് മനസ്സിലായി…. ഉമ്മാന്റെ മോൻ വീടിന് വേണ്ടി മാത്രമല്ല നാടിന് വേണ്ടിയും ഒന്നും ചെയ്തിട്ടില്ല. പക്ഷേ, അവൻ ഈ മണ്ണിൽ അവനായി ജീവിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു. അവൻ, അവന്റെ ജീവിതം ജീവിച്ചു തീർക്കാൻ ആഗ്രഹിച്ചിരുന്നു. അതേയുമ്മാ, എന്റെ ജീവിതം എന്റേത് മാത്രമായിരുന്നു….. ആ ജീവിതത്തിലെ അനേകം ഘടകങ്ങളിലൊന്ന് മാത്രമായിരുന്നു ഉമ്മയും.
നദിയിപ്പോൾ ഉമ്മയോട് സംസാരിക്കുന്നുണ്ട്…….ആത്മഹത്യാക്കുറിപ്പിലും പതിവുപോലെ ഞാൻ ഉമ്മയെ മറന്നു. മറന്നതല്ലുമ്മാ, ഇങ്ങടെ മൊല കുടിച്ചതോടെ മ്മക്ക് മാത്രം സംസാരിക്കാൻ പറ്റ്ണ ഒരുകൂട്ടം ബല്ല്യ കാര്യങ്ങള് സംസാരിച്ചിരുന്നില്ലേ! അന്ന്, ഉമ്മ പറേണത് കേട്ടായിരുന്നൂ ഞാനോരോന്ന് പഠിച്ചിരുന്നത്…..ഉപ്പാനെ പറ്റി, ജിന്നിനെ പറ്റി, ഉപ്പൂപ്പാനേം ഉമ്മൂമാനേം പറ്റി, അമ്പിളിമാമനേം പടച്ചോനേം പറ്റി…..അങ്ങനെ, എന്റെ തലേല് എത്രയെത്ര നക്ഷത്രങ്ങളാണ് ഇങ്ങള് കത്തിച്ചിട്ടുള്ളത്. ചോറ് വാരിത്തരുമ്പൊ ഇങ്ങള് പറേണ വിശേഷങ്ങളൊക്കെ എനിക്ക് കഥകളായിരുന്നൂ… മാമു തിന്നുമ്പൊ ഞാനതൊക്കെ തലയാട്ടി മനസ്സിലാക്കിയതൊക്കെ ഇങ്ങക്ക് ഓർമ്മയില്ലേ? അന്ന്, ഞാനെല്ലാം മനസ്സി ലാക്കിയ പോലെ ഇങ്ങൾക്കിപ്പൊ എല്ലാം മനസ്സിലാകും. ഉമ്മാക്കെന്നെ മനസ്സിലായില്ലെങ്കി വേറെ ആർക്കാ എന്നെ മനസ്സിലാവ്ആ.
ഞാനെന്നും മൂത്രമൊഴിക്കാറുള്ള അതേ തെങ്ങിന്റെ ചോട്ടിൽ വീടിന്റെ പിന്നാമ്പുറത്തെ സൺസൈഡിന് നേരെ ചാഞ്ഞുനിൽക്കുന്ന തെങ്ങിന്റെ ചോട്ടിലാണ് നമ്മളിപ്പോൾ നിൽക്കുന്നത്. തെങ്ങിന് പ്രായം കുറഞ്ഞതോണ്ട് ഉമ്മ തിരിച്ചറിയാത്തതാണ്. പണ്ട്… ഞാൻ കുട്ടിയായിരുന്നപ്പൊ മാമു തന്നിരുന്ന അതേ പാത്രം തന്നെയാണ് ഉമ്മാന്റെ കയ്യിലിരിക്കുന്നത്. ഉറുമ്പിൻ കൂട്ടത്തിന് നേരെ കൈ ചൂണ്ടി ഉമ്മയെ ഞാനും ഉമ്മ എന്നേയും രാഷ്ട്രീയം പഠിപ്പിച്ചത് ഓർക്കാനാണ് മാഗസിന് നമ്മുടെ ചിത്രം തന്നെ ഞാൻ മുഖചിത്രമാക്കിയത്. കരീംമാമ എടുത്ത ഫോട്ടോ വെച്ചാണ് ഞാൻ പ്രജിലിനെ കൊണ്ട് മാഗസിന്റെ കവർ ഡിസൈൻ ചെയ്യിപ്പിച്ചത്. പിന്നീട്, മാഗസിന്റെ പേരും മുഖചിത്രവും അഷറഫ് മാറ്റി, അതുപോട്ടെ.
പറഞ്ഞുവന്നത് അതൊന്നുമല്ലല്ലോ! പറഞ്ഞുവന്നതെന്താണെന്നു വെച്ചാല്, വെല്ലിമ്മാന്റെ മൂത്രപാത്രത്തിൽ തന്നെ മൊയ്‌ല്യാർക്ക് നെയ്‌ച്ചോറ്, അതുപോലെയാണ് ചെക്കന്റെ കാര്യവുമെന്നിങ്ങള് അപ്പറ ത്തെ ജാനുവേച്ചിയോട് പറഞ്ഞിരുന്നത് ഞാനോർക്കുന്നു. ഞാൻ കേട്ടിട്ടു പോലുമില്ലാത്ത ഏതോ ചോറ് തിന്ന്ണ മൊയ്‌ല്യാര് എന്തായാലും കേമനാണ്. ഓനെന്തായാലും വെല്ല്യുമ്മാന്റെ തൂറപ്പാത്രത്തില് ചോറ് തിന്നാൻ കൊടുക്കുന്നുണ്ടെങ്കില് അതിലെന്തോ വശപ്പെശകുണ്ട്. അതോണ്ടാണ്… തൂറപ്പാത്രത്തില് ചോറ് വേണമെന്ന് പറയുമ്പൊ ഇങ്ങള് എന്നെ കിഴുക്കുന്നത്. അതുകൊണ്ടൊക്കെ തന്നെയാണ് ഇമ്മടെ ഫോട്ടോ തന്നെ മാഗസിന്റെ മുഖചിത്രമായി തെരഞ്ഞെടുത്തത്. കൊലമുറി സമരം നടന്നൊരു നാട്ടിൽ തെങ്ങിന്റെ ചോട്ടില് നിൽക്ക്ണത് പോലും ഒരു സമരമാണുമ്മാ! ആ സമരങ്ങൾക്ക് വേണ്ടി ചി ല ഒറ്റപ്പെട്ട ജനങ്ങൾ, ആരാലും അറിയപ്പെടാത്തവരായി ഒടുങ്ങിപ്പോയിട്ടുണ്ട്. അവരിൽ ഒരാളായ ഇദ്രീസിനെ ഓർക്കുകയാണ്. ഇദ്രീസ് നദിയായും ശാഹിദായും അനന്തുവായും നോയലായും നീലിയായും അവരുടെയൊക്കെ ഉമ്മമാരായും അമ്മമാരായും കാമുകിമാരായും കാമുകന്മാരായും ശത്രുക്കളായും മിത്രങ്ങളായും ഞാനായും അവനായും കൂടിക്കുഴഞ്ഞ് കിടക്കുകയാണ്.
കുഞ്ഞാവയായിരിക്കുമ്പൊ എനിക്ക് മുലയൂട്ടിയിരുന്നത് പോലെ ഇങ്ങളെന്റെ മാഗസിൻ വായിക്കണം! അതിൽ ഉമ്മാന്റെ മോന്റെ ജീവിതം മാത്രമല്ല ഒരുപാട് മക്കളുടെ ജീവിതം ഉണ്ട്. അതൊക്കെ കേക്കണം…. അതിലൊക്കെ അവരുടെ നിഷേധിക്കപ്പെട്ട ഇടങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ചിലത് നഷ്ട പ്പെടാതിരിക്കാൻ, യാത്രകളും പ്രണയവും സൗഹൃദവും ലഹരിയും എന്നിൽ എക്കാലവും പൂത്തുനിൽക്കാൻ….. ഇഷ്ടപ്പെടാത്ത ഒരു ജീവിതം ജീവിക്കാണ്ടിരിക്കാൻ, ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് ഞാൻ ആത്മഹത്യ ചെയ്യുന്നത്. എനിക്ക് വേറെ വഴിയില്ലുമ്മാ! മരിച്ചുകൊണ്ട് ഞാനീ മണ്ണിൽതന്നെ ജീവിക്കും..
മുഖചിത്രത്തിൽ ഏറെനേരം നോക്കിയ ശേഷം ലൈല ആദ്യത്തെ പേജെടുത്ത് മറിച്ചു.അപ്പോൾ, പ്രസ വം മുതൽ മകന്റെ മരണം വരെ അവരിലൂടെ കടന്നുപോയി. അവരുടെ ബ്ലൗസിൽ വാത്സല്യത്തിന്റെ പാൽനിറം പടർന്നു. വളരെ പതുക്കെ, അക്ഷരങ്ങളെ പെറുക്കിയെടുത്ത് ലൈല വായിച്ചു തുടങ്ങി….. ‘1993 മാർച്ച് 2ന് കൊല്ലപ്പെട്ട സഖാവ് ഇദ്രീസിന്റെ ഉമ്മയ്ക്ക്….. കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യാൻ സാധ്യതയുള്ള ഒരു കാലത്ത് ഞങ്ങൾ നിശബ്ദരായിരിക്കില്ലെന്ന് വെറുതെ… വെറുംവെറുതെ തോന്നിപ്പിക്കാനുള്ള ശ്രമം മാത്രമാണിത്….. മകന്റെ ശബ്ദത്തെ നിശബ്ദമായി ലൈല കേൾക്കുകയും അറിയുകയും ചെയ്തുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ, ആ മുറിയിൽ ഉമ്മയും മകനും മാത്രമേ ഉള്ളൂ………
നദി, നിന്റെ ആത്മഹത്യ ശരിയായിരുന്നൂ… മിനിമം നിന്റെ ഉമ്മയക്കെങ്കിലും നിന്നെ മനസ്സിലായല്ലോ?
ഇന്നലെ, അവരെന്നെ കാണാൻ ആശുപത്രിയിൽ വന്നിരുന്നു. നിന്റെ ഉമ്മയിലൂടെ നീ ജീവിക്കുകയാണ്
നദീറേ, നിന്റെ ജീവിതമവർ ജീവിച്ചു തുടങ്ങുന്നത്, എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട് ! അവര്, കൊണ്ടത്തന്ന കഞ്ചാവടിച്ചു കൊണ്ടാണ് ഞാനിപ്പോൾ നിന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നത്. എന്നാലുമെന്റെ നദീ, നീ എഴുതിയൊപ്പിട്ട ആത്മഹത്യാക്കുറിപ്പ് ഞാനെത്ര പകർത്തിയെഴുതീട്ടും എന്താണ് ശരിയാകാത്തത് ?
(തുടരും)
Be the first to write a comment.