ഒത്തിരികാലം മുമ്പേ ടീച്ചറായതായിരുന്നു അവര്‍. എന്ന് വെച്ചാല്‍ സ്ത്രീകള്‍ അങ്ങനെ സുലഭമായി ഉദ്യോഗം ഭരിയ്ക്കാന്‍ തുടങ്ങിയിട്ടില്ലാത്ത കാലത്തു തന്നെ. ഒരു സിനിമയൊക്കെ ഉണ്ടായിരുന്നല്ലോ അധ്യാപിക എന്ന പേരില്‍ …അതു പോലെയുള്ള ഒരു കാലത്ത് തന്നെ അവര്‍ ടീച്ചറായിരുന്നു.
കണക്കായിരുന്നു പഠിപ്പിച്ചിരുന്നത്. കണക്ക് എപ്പോഴും സാധാരണ കുട്ടികളെ വെള്ളം കുടിപ്പിക്കുന്ന ഒരു വിഷയമാണല്ലോ. ടീച്ചറെ കുട്ടികള്‍ക്കെല്ലാം നല്ല ഭയമായിരുന്നു. കര്‍ക്കശക്കാരിയായ, നല്ല കാര്യപ്രാപ്തിയുള്ള ഒരു ടീച്ചറായിരുന്നു അവര്‍.
ജീവിതത്തിലും നല്ല വൃത്തിയും വെടിപ്പും പ്രകടിപ്പിച്ചിരുന്ന ടീച്ചര്‍ കഞ്ഞി മുക്കി വടി പോലെയാക്കിയ കോട്ടണ്‍ സാരികള്‍ അസ്സലായി തേച്ച് ഭംഗിയായി ഞൊറിഞ്ഞുടുക്കുമായിരുന്നു. സിന്തറ്റിക് സാരികള്‍ അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. ചെറിയ പൂക്കള്‍ ഉള്ള പരുത്തിസ്സാരികളാണ് ടീച്ചറുടെ ഇഷ്ടവസ്ത്രം.
കാര്യമിങ്ങനെയൊക്കെയാണെങ്കിലും അവര്‍ക്ക് ഒരിക്കലും ശരീരസുഖമുണ്ടായിരുന്നില്ല. അതാണെങ്കില്‍ നാലു പേരോട് പറയാന്‍ കൊള്ളാവുന്ന അസുഖവുമായിരുന്നില്ല. എപ്പോഴും വയറിളക്കം… അനിയന്ത്രിതമായ വയറിളക്കം…. അതായിരുന്നു രോഗം . കുമ്പളങ്ങയും വെള്ളരിക്കയും പടവലങ്ങയും വാഴപ്പിണ്ടിയും തഴുതാമയും പോലുള്ള പച്ചക്കറികളും കാച്ചിയ മോരും മാത്രം കഴിച്ച് ജീവിതകാലം മുഴുവന്‍ കഴിയേണ്ട അത്ര ദയനീയമായ പരിതസ്ഥിതി. മധുരപലഹാരങ്ങളൊ എണ്ണപ്പലഹാരങ്ങളോ ഒന്നും അവര്‍ ഒരിക്കലും തൊട്ടുനോക്കിയതേയില്ല. എപ്പോഴും ചൂടുവെള്ളസ്സഞ്ചിയും പലതരത്തിലുള്ള ഒരു പിടി ഗുളികകളും മുതിര്‍ന്നവര്‍ക്കുള്ള ഡയപ്പറും സാനിറ്ററി നാപ് കിനുകളും എല്ലാമായി അവരുടെ ജീവിതം മുന്നോട്ട് പോയി.
സഹോദരിമാരും സഹോദരന്മാരും കല്യാണം കഴിച്ച് കുടുംബജീവിതസുഖം ആസ്വദിച്ചെങ്കിലും ടീച്ചര്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടായില്ല. ‘അസുഖക്കാരി പെണ്ണ് ‘ എന്ന ലേബലും ആ ലേബല്‍ നല്‍കിയ ആത്മവിശ്വാസക്കുറവും ടീച്ചറെ വല്ലാതെ തളര്‍ത്തി. ‘നിനക്കൊന്നുമില്ല, ഇതിലും അസുഖമുള്ള ആരൊക്കെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു’ എന്ന് അവരെ ധൈര്യപ്പെടുത്താനും ഒപ്പംനില്‍ക്കാനും അങ്ങനെ ആരും തുനിഞ്ഞതുമില്ല. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്ന തിരക്കില്‍ ആര്‍ക്കും അതിനൊന്നും നേരമുണ്ടായിരുന്നില്ലല്ലോ. ശാരീരികമായി നോക്കിയാല്‍ വിവാഹിതരാകുന്ന എല്ലാ പെണ്ണുങ്ങളേയും പോലെ തലയും മുലയും ഒക്കെ അവര്‍ക്കും ഉണ്ടായിരുന്നു. ശരീരസ്സമ്പത്തിനു അങ്ങനെ വലിയ പഞ്ഞമുണ്ടായിരുന്നില്ല. മെലിഞ്ഞ ശരീരമായിരുന്നുവെങ്കിലും.
ഭര്‍ത്താവും മക്കളുമൊന്നുമില്ലാതെ അവര്‍ ജീവിതത്തില്‍ തികച്ചും ഒറ്റയായി.
സഹോദരിമാരും സഹോദരന്മാരും ഒക്കെ ടീച്ചറെ ഒപ്പം നിറുത്തുമായിരുന്നു, ശാശ്വതമായിട്ടല്ല, ഇടയ്ക്കിടെ , കുറച്ചു ദിവസമൊക്കെ… സ്വന്തമായി ഒരു പാര്‍പ്പിടം വേണമെന്ന് ശഠിച്ച് അത് നിര്‍മ്മിക്കാനുള്ള ബുദ്ധിയും ടീച്ചര്‍ അതുകൊണ്ട് തന്നെ ഒരു കാലത്തും കാണിച്ചുമില്ല. എനിക്ക് സഹോദരങ്ങളൊക്കെ ഉണ്ടല്ലോ എന്നവര്‍ വിചാരിച്ചു കാണണം. സഹോദരങ്ങളുടെ മക്കള്‍ക്ക് എല്ലായ്പോഴും എന്തെങ്കിലും സമ്മാനമൊക്കെ അവര്‍ നല്‍കിപ്പോന്നു. അതുകൊണ്ട് കുട്ടികള്‍ക്ക് അവരെ വളരെ പഥ്യമായിരുന്നു.
അമ്മ മരിച്ചുപോയപ്പോള്‍ ടീച്ചര്‍ മൂത്ത സഹോദരിയ്ക്കൊപ്പം താമസമായി. സഹോദരിക്ക് പത്തുമക്കള്‍ ഉണ്ടായിരുന്നു. അവരുടെ ഭര്‍ത്താവും അധ്യാപകനായിരുന്നു. സഹോദരിക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല.
ആ കുട്ടികളെ എല്ലാവരേയും ടീച്ചര്‍ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്നു. ടീച്ചറുടേതെല്ലാം അവരുടേതായിരുന്നു. ‘ചെറിയമ്മേ ചെറിയമ്മേ’ എന്ന് കുട്ടികള്‍ വിളിക്കുന്നത് കേട്ടും അവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും ഉണ്ടും ഉറങ്ങിയും ടീച്ചര്‍ ഒരു അമ്മയുടെ ആനന്ദം അനുഭവിച്ചു പോന്നു.
പക്ഷേ, നമ്മുടെ നാടല്ലേ.. നമ്മുടെ നാട്ടുകാരല്ലേ അവര്‍ക്ക് വെറുതേ ഇരിക്കാന്‍ കഴിയുമോ? ഇല്ല.
സഹോദരിയുടെ ഭര്‍ത്താവും ടീച്ചറും തമ്മില്‍ എന്തൊക്കേയോ ഉണ്ടെന്ന് കഥകള്‍ കാറ്റായും തീയായും വെള്ളമായും നാലുപാടും പടര്‍ന്നു. അപവാദം പോലെ ഒരു കാര്യത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതൊരിക്കലും പൂര്‍ണമായും തെളിയിക്കാന്‍ പറ്റില്ല എന്നതാണ്. അതിങ്ങനെ കേട്ടുകൊണ്ടിരിക്കും. ഒരു ചെവിയില്‍ നിന്ന് മറു ചെവിയിലേക്ക് പടര്‍ന്നുകൊണ്ടിരിക്കും.
സഹോദരി ഭര്‍ത്താവിനു യാതൊരു കൂസലുമുണ്ടായിരുന്നില്ല. ‘അതെന്‍റെ മിടുക്കാ’ എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ ആണത്തം. അപവാദം പറയുന്നവരുടെ മുന്നിലൂടെ തന്നെ ടീച്ചറുമൊരുമിച്ച് അദ്ദേഹം നടന്നു. വഴിയില്‍ നിന്ന് നാരങ്ങാവെള്ളവും സര്‍വ്വത്തും ടീച്ചര്‍ക്ക് വാങ്ങി നല്‍കുകയും ചെയ്തു. ധാരാളം സംസാരിച്ചു. ടീച്ചറുടെ സഹോദരിയും ഇക്കാര്യത്തെക്കുറിച്ച് പരാതിപ്പെടുകയോ പരിഭവിക്കുകയോ ചെയ്തില്ല.
ടീച്ചറുടെ ശമ്പളം അവര്‍ക്കാവശ്യമുള്ളതുകൊണ്ട് സഹോദരി കണ്ണടയ്ക്കുകയായിരുന്നുവെന്ന് നാട്ടുഭാഷ്യം പുതിയ അപവാദമായി. അപവാദത്തിന്‍റെ മറ്റൊരു പ്രത്യേകത ഇത്തിരി തീയില്ലാതെ ഇത്തിരി പുകയുണ്ടാവുമോ എന്ന ഒരു സംശയത്തിന്‍റെ നിഴല്‍ നിഷ്ക്കളങ്കരുടെ മനസ്സിലും ദ്യോതിപ്പിക്കാനാവും അതിനു എന്നതാണ്.
അങ്ങനെ അത് ഏകദേശം ഉറപ്പായി. ‘ഞാന്‍ അവരെ ഇന്നയിടത്ത് കണ്ടു. ഇന്ന സീനില്‍ ആയിരുന്നു, ഇന്ന യാത്രയില്‍ ആയിരുന്നു, ഇന്ന ഹോട്ടലിലേക്ക് കയറിപ്പോകുന്നതു കണ്ടു, ഇന്ന ലോഡ്ജില്‍ നിന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു. ഗര്‍ഭം അലസിപ്പിച്ചതുകൊണ്ടാ വയറ്റിനസുഖം വന്നേ ‘ ഇങ്ങനെ കഥകള്‍ കാറ്റടിച്ചു പറന്നു.
ജീവിതം മുഴുവന്‍ ആളുകള്‍ ഇങ്ങനെ അടക്കിപ്പിടിച്ച് പല കഥകള്‍ പറയുന്നതിനിടയിലൂടെയാണ് ടീച്ചര്‍ ഈ ഭൂമിയില്‍ ജീവിച്ചത്.
സഹോദരിയുടേ ഭര്‍ത്താവ് മരിച്ചു പോയപ്പോള്‍ എല്ലാവരും കരുതി, ഇപ്പോള്‍ അവര്‍ ചൂലെടുത്ത് അടിച്ചിറക്കും ടീച്ചറെ എന്ന്.. എന്നാല്‍ അങ്ങനെ ഒന്നുമുണ്ടായില്ല. അവരും ടീച്ചറും വളരെ ഒരുമയോടു കൂടി ജീവിതം തുടര്‍ന്നു.
സഹോദരിയുടെ മക്കള്‍ മുതിരുകയും ഉദ്യോഗസ്ഥരാവുകയും ചെയ്തു. അവര്‍ കല്യാണം കഴിച്ചു. പല നഗരങ്ങളിലേക്കായി താമസം മാറി. മക്കള്‍ പക്ഷെ, അവരുടെ അമ്മയെ മാത്രമേ കൂടെ താമസിപ്പിക്കാന്‍ തയാറായുള്ളൂ.
ചെറിയമ്മയെ ആരും എങ്ങോട്ടും വിളിച്ചുകൊണ്ടു പോയില്ല. ആ നശിച്ച വയറിളക്കമുണ്ടായി മലം കോരിയെടുക്കാനൊന്നും ആര്‍ക്കും മനസ്സില്ലായിരുന്നു.
സഹോദരിയുടെ വീട്ടില്‍ അവര്‍ കുറച്ചുകാലം ഒറ്റയ്ക്ക് താമസിച്ചു. സഹോദരി മരിച്ചു പോയപ്പോള്‍ ആ വീട് ഭാഗത്തില്‍ കിട്ടിയ മകള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. ടീച്ചര്‍ക്ക് അങ്ങനെ പൊടുന്നനെ വീടില്ലാതായി.
അപ്പോള്‍ മറ്റൊരു സഹോദരിയോടൊപ്പം, പിന്നെ മറ്റൊരാളോടൊപ്പം, പിന്നെ സഹോദരനോടൊപ്പം….അങ്ങനെ അങ്ങനെ.. മാറി… മാറി. ടീച്ചറുടെ വരുമാനമെല്ലാം മറ്റേ സഹോദരി അല്ലെങ്കില്‍ സഹോദരന്‍ തട്ടിയെടുത്തു എന്ന് എല്ലാ സഹോദരങ്ങളും തമ്മില്‍ എപ്പോഴും പിറുപിറുത്തുകൊണ്ടിരുന്നു.
‘എത്രയോ വൃദ്ധസദനങ്ങളുണ്ട്, അവിടെ എവിടെങ്കിലും പോയി താമസിച്ചു കൂടെ ടീച്ചര്‍ക്ക് നല്ല തുക പെന്‍ഷന്‍ കിട്ടുന്നുണ്ട്. എന്തിനാണിങ്ങനെ സഹോദരങ്ങള്‍ക്കും നിങ്ങള്‍ക്കു തന്നെയും ഭാരമാവുന്നതെന്ന് ചോദിച്ചാല്‍ തൊണ്ണൂറു വയസ്സിന്‍റെ ഭീതിയോടെയും ഒറ്റപ്പെടലോടെയും അരക്ഷിതത്വത്തോടെയും നരച്ച മിഴികളില്‍ പടരുന്ന നനവോടെയും ടീച്ചര്‍ പറയും..
‘ഞാന്‍ …ഞാന്‍ ഇനി എവിടെ പോവാനാ, ഗുരുവായൂരപ്പന്‍ എന്നെ ഉടനെ വിളിക്കുമായിരിക്കും. ‘
ഇതിലും ദയനീയമായ പ്രാര്‍ഥനകളും പ്രത്യാശകളും ദിവസവും കേള്‍ക്കുന്നതുകൊണ്ടാവും ഗുരുവായൂരപ്പന്‍ ഇങ്ങനെ മൌനിയായിരിക്കുന്നത്.
Be the first to write a comment.