ഖലീൽ ജിബ്രൻ കണ്ട നാലു കാഴ്‌ചകളിലെ  ക്രിസ്തുവിനെ കുറിച്ച് പറഞ്ഞു കൊണ്ട് തുടങ്ങാം.  ക്രിസ്തുവിനു പകരം മോചിപ്പിക്കപ്പെട്ട ബറബ്ബാസിന്റെത്, ക്രിസ്തുവിനെ പീഡിപ്പിച്ച പടയാളി സംഘത്തിലെ ക്ളോഡിയസിന്റേത്, യുദാസിന്റെ അമ്മ സൈബോരിയയുടെത്, ക്രിസ്തുവിന് പകരം കുരിശു ചുമന്ന സൈമണിന്റേത്. ഇവരൊക്കെ കണ്ട ക്രിസ്തു.

ബറബ്ബാസ് പറയുന്നു: “അവന്റെ കുരിശു മരണം ഒരു മണിക്കൂർ നീണ്ടു. എന്നാൽ എന്റെ ജന്മത്തിന്റെ അറുതിവരെ ഞാൻ ക്രൂശിക്കപ്പെടും.”
ക്ളോഡിയസ് പറയുന്നു: “പോംപെയെക്കാളും, സീസറെക്കാളും സമുന്നതനായ ഒരു പടനായകനാണ് അവൻ എന്നാണ് എന്റെ വിശ്വാസം”
സൈമണ്‍ പറയുന്നു: “ഇതാ ഞാൻ കുരിശു ചുമന്നു കൊടുത്തവൻ എന്റെ കുരിശായി തീരുന്നു”
സൈബോരിയ പറയുന്നു: “എന്റെ പുത്രൻ മരിച്ചു എന്ന് എനിക്കറിയാം. അവൻ ആരെയും ഒറ്റുകൊടുക്കില്ല എന്ന് എനിക്കറിയാം.”

ഇതുപോലെ  ഒട്ടനവധി ക്രിസ്തു വായനകൾ വേറെയും ഉണ്ടായിട്ടുണ്ട്. കസൻ‌ദ്സക്കിസിന്റെത്, ലാങ്സ്റ്റണ്‍ ഹ്യൂഗ്സിന്റേത്, അങ്ങനെയങ്ങനെ. ലാങ്സ്റ്റണ്‍ ഹ്യൂഗ്സിന്റെ ക്രിസ്തു കറുത്തവനാണ്. ‘അവന്റെ ദൈവം പിതാവാണ്, എപ്പോഴും ആദരവ് ആഗ്രഹിക്കുന്ന തലയ്ക്ക് മുകളിലെ വെളുത്ത തമ്പ്രാൻ’. വെളളക്കാരന്റെ പാട്രിയാർക്കൽ ദൈവ സങ്കല്പത്തിനു ബദലായി  കറുത്തവന്റെ ക്രിസ്തു സങ്കല്പം ഈ കവിത (അലബാമയിലെ ക്രിസ്തു) മുന്നോട്ട് വെക്കുന്നു. ചില ബ്ലാക്ക് ഫെമിനിസ്റ്റ് ചിന്തകളിലെ ക്രിസ്തു ഒരു കറുത്ത ആഫ്രിക്കൻ അമ്മയാണ്.

ഒട്ടനവധി ക്രിസ്തു വായനകൾ സാധ്യമായ ഒരു സ്‌പേസിൽ നിന്നും കേരളത്തിലെ

കസാന്ത്‌ സാക്കിസ്‌
കസാന്ത്‌ സാക്കിസ്‌
pmantony
പി.എം. ആന്റണി

ക്രൈസ്തവ സഭകളുടെ(സഭയേതുമാവട്ടെ)  പരിസരങ്ങളിലേക്കു വരാം, ഏകതാനമായ ഒരു പാട്രിയാർക്കിക്കൽ ക്രിസ്തു ബോധം മാത്രമേ അവിടെ അനുവദനീയമായിട്ടുള്ളൂ. ബഹുസ്വരതകൾ ഇടമില്ലാത്ത ഈ സഭകളുടെ  പരിസരമാണ് ഇന്നത്തെ പല പ്രശ്നങ്ങളുടെ മൂല കാരണം. അത് കൊണ്ടാണ് പാശ്ചാത്യ നാടുകളിൽ കസൻ‌ദ്സക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം ഒരു കലാപത്തിനും കാരണമാവാതെയിരുന്നപ്പോൾ അതിനെ ആധാരമാക്കി എഴുതിയ പി.എം. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന കൃതി കലാപങ്ങൾക്ക് തന്നെ കാരണമായത്. ഭാഷാപോഷിണിയില്‍ വൈലോപ്പിള്ളിയുടെ നർത്തകി എന്ന നാടകത്തെ കേന്ദ്രമാക്കി ടോം വട്ടക്കുഴി വരച്ച അത്താഴ മേശയുടെ നടുവില്‍ ക്രിസ്തുവിനു പകരം  അര്‍ദ്ധനഗ്നയായ സ്ത്രീയുടെ ചിത്രം  ഡാവിഞ്ചി ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ വികലമായ വ്യാഖ്യാനമായി തെറ്റിദ്ധരിച്ചു  വിവാദമാവുന്നതും അതുകൊണ്ടാണ്.

ടോം ജെ വട്ടക്കുഴിയുടെ ചിത്രം
ടോം ജെ വട്ടക്കുഴിയുടെ ചിത്രം

ജോൺ ഗാൽസ്വർത്തിയുടെ ഒരു ഇംഗ്ലീഷ് കഥയെ ആസ്പദമാക്കിയുള്ള വൈലോപ്പിളളിയുടെ കവിത ഒന്നാം ലോകമഹായുദ്ധ കാലത്തു ജര്‍മ്മനിക്കു വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണം നേരിട്ടു ഫ്രഞ്ച് കോടതിവധശിക്ഷയ്ക്കു വിധിച്ച ഒരു നര്‍ത്തകിയുടെ കഥയാണ്. ശിക്ഷയ്ക്ക് മുൻപുള്ള ദിവസം അവളെ ധ്യാനകേന്ദ്രത്തില്‍ പട്ടാളക്കാർ താമസിപ്പിക്കുന്നു.അവിടെ നര്‍ത്തകി തന്റെ അന്ത്യ  നൃത്തം ചവിട്ടുന്നു.അതു കണ്ട് ജീവിതത്തോട് വല്ലാത്ത അഭിനിവേശം   തോന്നുന്ന ഒരു കന്യാസ്ത്രീ ഓടി പോവുന്നു. കന്യാസ്ത്രീകളുടെ നടുവിൽ അന്ത്യ  അത്താഴം കഴിക്കുന്ന ആ നർത്തകിയുടെ ചിത്രമാണ് ഇങ്ങനെ വികലമായ ബോധ്യങ്ങൾ കലാപത്തിന് കാരണമാക്കിയത്.
‘മുക്തിക്കായ് വ്രതമേറ്റ പെണ്‍കൊടിയൊരാ–
ളെങ്ങോ പുറപ്പെട്ട് പോയി
കത്തില്‍ കന്യകുറിച്ചിരുന്നു, നുകരാന്‍–
പോകുന്നു ഞാന്‍ ജീവിതം’   എന്ന്  വൈലോപ്പിള്ളി.

എല്ലാ തരാം വ്യഖ്യങ്ങളെയും തിരസ്കരിക്കുന്ന,ഇത്തരം ഏകതാനമായ ഒരു വിശ്വാസപാരമ്പര്യത്തിൽ നിൽക്കുന്നത് കൊണ്ട്‌  ദളിതർക്കും സ്ത്രീകൾക്കും ഒന്നും ഇടമില്ലാത്ത ഒരു പാട്രിയാർക്കിക്കൽ ക്രിസ്തു ബോധം മാത്രം ഇവിടത്തെ ക്രൈസ്തവ സഭകൾ ഉദ്പാദിപ്പിക്കുന്നത്‌. പുരോഹിതരെ ചോദ്യം ചെയ്തു കൂടാ, പുരോഹിതന്റെ

റോബിൻ വടക്കുംചേരി
റോബിൻ വടക്കുംചേരി

ശാപം, ദൈവ ശിക്ഷ എന്നൊക്കെ പറഞ്ഞു അധികാരഘടനകളിൽ പുരോഹിതരെ ചോദ്യം ചെയ്യാത്ത ഉയരത്തിൽ പ്രതിഷ്‌ഠിക്കുന്നത് ഇത്തരം ബോധ്യങ്ങളാണ്. ഇതേ അധികാരഘടനയിൽ ഉന്നതത്തിൽ ആയിരുന്നത് കൊണ്ടാണ്, കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിയിലിനു  ഒളിവിൽ പോവാനും എന്തിനു നാട്ടിൽ നിന്ന് വിദേശത്തേക്ക് രക്ഷപ്പെടാനും പലതലത്തിലുള്ള സഹായങ്ങൾ ലഭിച്ചത്. വിദേശത്തക്ക് കടക്കാനുള്ള ശ്രമം വിജയിക്കാതെ പോയത് കൊണ്ട് മാത്രമാണ് ആ പുരോഹിതൻ പിടിക്കപ്പെട്ടത്. എന്നാൽ ഇതേ പാട്രിയാർക്കിക്കൽ ഘടന ഇരയെ ഇപ്പോഴും പിന്തുടരുന്നുണ്ട്. മകളേ നീയും തെറ്റു ചെയ്തിരിക്കുന്നു എന്ന് ലേഖനമെഴുതിയ സണ്ടേ ശാലോമിലെ ലേഖനം ആവട്ടെ, ഇരയായ പെൺകുട്ടിയുടേതാണ് എന്ന് പറഞ്ഞ്  ചില വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്ന ഫോട്ടോകൾ ആവട്ടെ ഇതേ അധികാര ഘടനയെയാണ് സാധൂകരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ  സഭകൾ ജനാധിപത്യവത്കരിക്കപ്പെടുകയും ലൈംഗിക സമത്വത്തിന്റെയും ബഹുസ്വരതയുടെയും ഭാഷ അവ സംസാരിച്ചു തുടങ്ങുകയും ചെയ്യണം.

ഫാദർ റോബിൻ വടക്കുംചേരിയിലിന്റെ കേസിന്റെ പശ്ചാത്തലത്തിൽ  അടിച്ചമർത്തപ്പെട്ട ലൈംഗികതയാണ് സഭയ്ക്ക് അകത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നൊക്കെയുള്ള  തരത്തിലുള്ള വാദങ്ങൾ നിരവധി കാണുന്നു. സഭയിലെ  അധികാര ഘടനകൾ നൽകുന്ന പ്രിവിലേജുകൾ രക്ഷിച്ചെടുക്കുകയാണ് അത്തരം വാദങ്ങൾ വാസ്തവത്തിൽ ചെയ്യുന്നത്. എല്ലാ ലൈംഗിക അതിക്രമങ്ങൾക്കും പിന്നിൽ ഇരയുടെ മേലുള്ള ഒരു അധികാര പ്രയോഗം കൂടിയുണ്ട് എന്നത് മറന്നു കൂടാ.  ഇത്തരം അധികാര പ്രയോഗങ്ങൾക്ക് സാധുത നൽകുന്നത് ബഹുസ്വരതകൾ ഉത്പാദിപ്പിക്കാത്ത, അടഞ്ഞ സഭ സംവിധാനങ്ങൾ കൂടിയാണ് എന്നത് പ്രധാനമായിരിക്കെ ആരും അത് ചർച്ച ചെയ്തുകാണുന്നില്ല. സഭാസംവിധാനങ്ങളിലെ അതിന്റെ സഹജമായ  ബഹുസ്വരതയില്ലായ്മയെയും അസമത്വങ്ങളെയും പ്രശ്നവൽക്കരിക്കുകയും ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യത്തക്ക രീതിയിൽ നമ്മുടെ ചർച്ചകൾ വികസിക്കേണ്ടതുണ്ട്.

Comments

comments