[button color=”” size=”” type=”square_outlined” target=”” link=””]ചിത്രവും ചിത്രകാരനും 8[/button]

1785-ലെ ഒരു സായാഹ്നത്തിൽ പാരീസ് സാലണിലെ സന്ദർശകരെല്ലാം ഒരു ചിത്രത്തിനു മുന്നിൽ തടിച്ചുകൂടിനിൽക്കുകയായിരുന്നു. അമ്പരപ്പും ആഹ്ലാദവും അവിശ്വസനീയതയും നിറഞ്ഞ സമ്മിശ്രവികാരങ്ങളായിരുന്നു അവരുടെ മുഖത്ത്. അതുപോലൊരു ചിത്രം അതേവരെ അവർ കണ്ടിട്ടേയില്ല. ചിത്രത്തിൽ മൂന്നു jacques-louis-davidസഹോദരന്മാർ അച്ചടക്കത്തോടെ, ആവേശത്തോടെ കൈനീട്ടി നിൽക്കുന്നു. ആ കൈവിരലുകൾക്കൊപ്പം അവരുടെ വാളുകൾ ഉയർത്തിപ്പിടിച്ച് പ്രായമായ മറ്റൊരാൾ. സഹോദരന്മാരുടെ പിതാവു തന്നെ. പുറകിൽ തളർന്നു തേങ്ങുന്ന സഹോദരിമാർ. പഴയ റോമാനഗരത്തിന്റെ ചരിത്രത്തിന്റെ ഏടുകളിൽനിന്നും അടർത്തിയെടുത്ത ഒരു ഉദാത്തചിത്രീകരണം. യൂറോപ്പ് അതുവരെ കാണാത്ത എന്തോ ഒന്ന് ആ ചിത്രത്തിലുണ്ടായിരുന്നു. അത്രയ്ക്കും യഥാതതമായും തീവ്രമായും ആ ചരിത്രസന്ദർഭത്തിന്റെ വികാരാവേഗങ്ങൾ കാഴ്ചക്കാർക്കനുഭവപ്പെട്ടു. ആ വികാരപ്പകർച്ച ഒരു പുത്തൻ അനുഭവമായി പടർന്നുകയറി. ചിത്രത്തെക്കുറിച്ചുള്ള വാർത്ത ഝടുതിയിൽ നഗരമെങ്ങും പരന്നു. ചിത്രകാരനായ ഷാക്ക് ലൂയി ദവീദാകട്ടെ പൊടുന്നനെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറുകയും ചെയ്തു. പുതിയൊരു ചിത്രകലാശൈലിയുടെ ആവിർഭാവമായിരുന്നു അന്ന് പാരിസ് നഗരം ദർശിച്ചത്. പിന്നീട് ചരിത്രകാരന്മാർ ആ കലാപന്ഥാവിനെ നിയോക്ലാസ്സിസം എന്നുവിളിച്ചു.

Jacques-Louis_David,_Le_Serment_des_Horaces

ലാളിത്യവും അവയവപ്പൊരുത്തവും മുഖമുദ്രയാക്കിയിരുന്ന പുരാതന റോമൻ ഗ്രീക്ക് ശൈലികളെ പിൻപറ്റിക്കൊണ്ടായിരുന്നു നിയോക്ലാസ്സിസം പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി കഴിഞ്ഞപ്പോൾ യൂറോപ്പിൽ ചുവടുറപ്പിച്ചത്. അക്കാലത്ത് രക്കോക്കോ, ബരോക്ക് എന്നീ ശൈലികൾക്കായിരുന്നു കലാലോകത്ത് പ്രാമുഖ്യം. ആലങ്കാരികതയിലും അസമത്വത്തിലുമായിരുന്നു രക്കോക്കോയ്ക്ക് ഊന്നലെങ്കിൽ ബരോക്കിന് അലങ്കാരബാഹുല്യവും അതിശയോക്തിപരതയുമായിരുന്നു പ്രധാനം. അതുകൊണ്ടുതന്നെ പുരാതനക്ലാസ്സിക്കൽ രീതിയിലേക്കുള്ള ചുവടുമാറ്റം ഏറെ ഉത്സാഹത്തോടെയായിരുന്നു കലാലോകം സ്വീകരിച്ചത്. ആ നൂതനശൈലിയുടെ മുന്നണിയാളുകളിലൊരാളായിരുന്നു ഷാക്ക് ലൂയി ദവീദ്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലായി ഫ്രാൻസിൽ ജീവിച്ചിരുന്ന വിശ്വോത്തര ചിത്രകാരനായിരുന്നു അദ്ദേഹം. അതായത്, നിയോക്ലാസ്സിസവും ഷാക്ക് ലൂയി ദവീദും ഏതാണ്ടൊരേകാലത്ത് യൂറോപ്യൻ ചിത്രകലാനഭസ്സിൽ വളർന്നുയർന്നുവെന്നു പറയാം.

David_Self_Portrait

                                                      Self Portrait 

1748-ഇല്‍ ഒരു ബൂർഷ്വാ കുടുംബത്തിൽ ജനിച്ച ദവീദിന്റെ ആദ്യകാല പരിശീലനം രക്കോക്കോ ചിത്രകാരനായിരുന്ന ഫ്രാൻസ്വാ ബുഷേറിൽ നിന്നായിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ റോമിലെ കലോത്സവവേദികളിൽ പുരസ്‌കാരങ്ങൾ നേടിക്കൊണ്ട് അദ്ദേഹം  ജനശ്രദ്ധ പിടിച്ചുപറ്റി.

കൂടുതൽ കണിശവും ശുദ്ധവുമായ നിയോക്ലാസ്സിക് രീതിയാണ് ഫ്രഞ്ചുവിപ്ലവസമയത്ത് പ്രചാരത്തിൽ വന്നത്. വിപ്ലവ പ്രബോധനങ്ങളിൽ ഊറ്റംകൊണ്ട് പ്രാചീന ജനാധിപത്യ-റിപ്പബ്ലിക്ക് ചരിത്രങ്ങളിൽനിന്നും കടംകൊണ്ട കഥാപാത്രങ്ങൾ ഇക്കാലത്തെ ഫ്രഞ്ചുചിത്രകാരന്മാർക്ക് വിഷയമായി ഭവിച്ചതിൽ അത്ഭുതപ്പെടാനില്ലല്ലോ. അതിന്റെ മികച്ച ഉദാഹരണങ്ങളായിരുന്നു ഷാക്ക് ലൂയി ദവീദിന്റെ ചിത്രങ്ങൾ.

സമചിത്തത, ലാളിത്യം, വീരാരാധന, സാധാരണക്കാരോടു ചേർന്നുനിൽക്കുന്ന മാതൃകകൾ എന്നിങ്ങനേയുള്ള സവിശേഷതകൾ വിപ്ലവകാലത്തിന്റെ പ്രത്യേകതകളായിരുന്നു. നിയോക്ലാസ്സിസമാകട്ടെ, ഈ ഗുണങ്ങളെ ചിത്രകലയിലേയ്ക്ക് എളുപ്പത്തിൽ സന്നിവേശിപ്പിച്ചു. സ്വാതന്ത്ര്യസമ്പാദനത്തിനുവേണ്ടിയുള്ള ഫ്രഞ്ചുജനതയുടെ പോരാട്ടം അതിനെ ഉയർത്തിപ്പിടിക്കുകയും ചെയ്തു.

1784-ഇല്‍, അതായത് ഫ്രഞ്ചുവിപ്ലവത്തിനു നാലുവർഷങ്ങൾക്കുമുമ്പ്, മേൽപ്പറഞ്ഞ ഗംഭീരചിത്രത്തിലൂടെ ദവീദ് യൂറോപ്പിനെ ഇളക്കിമറിച്ചു എന്നുപറയാം. ആ ചിത്രത്തിന്റെ പേരായിരുന്നു ‘ഹൊരേഷ്യമാരുടെ പ്രതിജ്ഞ’. കുടിപ്പകകൾക്കും വ്യക്തിവൈരാഗ്യങ്ങൾക്കും മീതെ, താനെന്ന വ്യക്തിക്കും ഏറെ മുകളിലായിരിക്കണം രാഷ്ട്രം എന്ന പ്ര്യഖ്യാപനമായിരുന്നു ആ ചിത്രം. വിപ്ലവത്തിലേക്ക് കുതിച്ചുകൊണ്ടിരുന്ന ഫ്രഞ്ചുജനതയെ ആ ചിത്രം എത്രമാത്രം പ്രചോദിപ്പിക്കുകയും കോൾമയിർ കൊള്ളിക്കുകയും ചെയ്തിട്ടുണ്ടാവാമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. റോമാനഗരത്തിന്റെ ആദ്യകാലത്ത് സ്ഥിരമായി അങ്ങേയറ്റത്തെ വഴക്കിലും വക്കാണത്തിലും കഴിഞ്ഞിരുന്ന രണ്ടു നഗരങ്ങളായിരുന്നു റോമും ആൽബയും. തുടർച്ചയായ യുദ്ധങ്ങളിലും ആൾനാശത്തിലും സഹികെട്ട് ഇരു നഗരങ്ങളും ചേർന്നൊരു വിചിത്ര തീരുമാനമെടുത്തു. ഇരുനഗരങ്ങളേയും പ്രതിനിധാനം ചെയ്ത് മുമ്മൂന്നുപേർ തമ്മിൽ യുദ്ധം ചെയ്യുക, അതിലാരു ജയിക്കുന്നുവോ അവരുടെ നഗരത്തെ വിജയിയായി പ്ര്യഖ്യാപിക്കുക എന്നതായിരുന്നു അത്. റോമൻ നഗരത്തിന്റെ ഭാഗത്തുനിന്നും ഹൊറേഷ്യ കുടുംബത്തിലെ മൂന്നുസഹോദരന്മാരേയാണ് തെരഞ്ഞെടുത്തത്. ഈ ചിത്രത്തിൽ ഈ മൂന്നു ഹൊറേഷ്യമാരും തങ്ങളുടെ നഗരത്തിന്റെ വിജയത്തിനായി മരണംവരെ യുദ്ധം ചെയ്യുമെന്ന പ്രതിജ്ഞയെടുക്കുന്നതായി കാണിച്ചിരിക്കുന്നു. സഹോദരന്മാരുടെ പിതാവാണ് അവരുടെ വാളുകൾ ഉയർത്തിപ്പിടിച്ച് ആ പ്രതിജ്ഞയെ പ്രതീകവൽക്കരിക്കുന്നത്. മറ്റു ബന്ധുമിത്രാദികളാകട്ടെ, അടുത്തുവരാൻ പോകുന്ന യുദ്ധത്തിന്റെ തീവ്രതയിലും ഭയാനകമായേക്കാവുന്ന അവസാനത്തിലും അസ്വസ്ഥരും ഖിന്നരുമായി കാണുന്നു. ചിത്രത്തിന്റെ മുൻഭാഗത്തെ യുദ്ധാവേശവും, പിൻഭാഗത്തെ വിഷാദവും കടുത്ത വ്യതിരേകം തീർക്കുന്നുണ്ടീ ചിത്രത്തിൽ.

ദവീദ് ഈ ചിത്രത്തെ മുന്നിൽനിർത്തുന്നത്, നമ്മളിലും മേലെ നമ്മുടെ രാഷ്ട്രം എന്ന മഹത്തായ ആശയത്തെ മുറുകെപ്പിടിച്ചുകൊണ്ടാണെന്നുപറഞ്ഞല്ലോ. അതാണ് ഫ്രഞ്ചുവിപ്ലവത്തിന്റെ കാതലും. പ്രതിജ്ഞയ്ക്ക് കാഴ്ചക്കാരായി ഇരിക്കുന്നവരിലെ ഒരു സുന്ദരി പ്രത്യേകം ശ്രദ്ധയർഹിക്കുന്നു.

203david

അവളുടെ ഭർത്താവ് ആൽബ നഗരവാസിയാണ്. ക്യൂരിയേഷ്യസ് കുടുംബത്തിലേക്കാണവളെ വിവാഹം കഴിച്ചുകൊടുത്തിരിക്കുന്നത്. ആ കുടുംബക്കാരാണ് നാളെ ഹൊരേഷ്യക്കാരായ സഹോദരന്മാരോട് ഏറ്റുമുട്ടാൻ പോകുന്നത്. അതായത്, അവൾക്ക് നാളെ ഒന്നുകിൽ ഭർത്താവിനേയോ, അല്ലെങ്കിൽ സഹോദരനേയോ നഷ്ടപ്പെടുമെന്നത് സുനിശ്ചിതം. അവളുടെ, ആർക്കും ആശ്വസിപ്പിക്കാനാവാത്ത തീരാവ്യഥ നമ്മുടെ മനസ്സിലേക്കും പകർന്നുതരുന്നുണ്ട് ദവീദ്. പക്ഷെ, സത്യത്തില്‍ സംഭവിച്ചത് അതിനേക്കളും ക്രൂരമായ ഒന്നായിരുന്നു. ഹൊറേഷ്യക്കാർ യുദ്ധം ജയിച്ചു. അവളുടെ സഹോദരൻ റോമിനുവേണ്ടി വിജയപ്പട്ടമണിഞ്ഞു. പക്ഷെ, അവളുടെ ഭർത്താവിന് ആ രണഭൂമിയിൽ പിടഞ്ഞുവീണു മരിക്കാനായിരുന്നു യോഗം. യുദ്ധം ജയിച്ചു വന്ന സഹോദരന്, തന്റെ സഹോദരി തനിക്കു നേരിട്ട വൈധവ്യത്തിൽ വിഷമിച്ചിരിക്കുന്നത് സഹിക്കാനായില്ല. ക്രൂരതയുടെ പാരമ്യത്തിൽ ആ സഹോദരൻ തന്റെ സ്വന്തം സഹോദരിയെ വാളിനിരയാക്കി. പ്രതിജ്ഞാബദ്ധമായ നൃശംസത! രാഷ്ട്രത്തിനുവേണ്ടി ചിന്തിക്കേണ്ട സമയത്ത്, കുടുംബബന്ധങ്ങൾക്ക് സ്ഥാനമില്ലെന്ന ഉച്ചസ്ഥായിയിലുള്ള പ്ര്യാപനമായിരുന്നു ആ കൊലപാതകം.

അക്കാലത്ത് ഫ്രാൻസിൽ, രാജകുടുംബവും പ്രഭുത്വവും ആഡംബരലോലുപതയിൽ ആറാടിയും, എന്നാൽ രാജ്യമാകട്ടെ ദാരിദ്ര്യത്തിൽ മുങ്ങിപ്പൊങ്ങിയും നിന്നപ്പോൾ, സാധാരണക്കാരനായ ഫ്രഞ്ചുകാരനെ, രാഷ്ട്രമാണ് എല്ലാത്തിലും വലുത് എന്ന മുദ്രാവാക്യത്താൽ ഇളക്കിവിടാൻ പോന്നതായിരുന്നു ഈ ചിത്രീകരണം. ഫ്രാൻസിന്റെ രാഷ്ട്രീയഭാവിയിലേക്ക് തന്നാലാവുന്ന ഒരു തീപ്പൊരി ചേർക്കുകയായിരുന്നുവത്രെ ദവീദ്.

ഒരു ഗ്രീക്ക് മാർബിൾ പാത്രത്തിൽ നിന്നും ഇറങ്ങിവന്നതാണോ ഇതിലെ കഥാപാത്രങ്ങളെന്നു തോന്നിപ്പിക്കുന്ന ഒരു ഭ്രമാത്മകചോദ്യവും ഇതിൽ നിഴലിക്കുന്നുണ്ട്. വളരെ സാധാരണമായ മൂന്ന് ഡോറിക് ആർച്ചുകൾ ഇതിന്റെ പശ്ചാത്തലത്തിൽ കാണാം. വളരെ കൃത്യമായ ശാരീരികതോതുകളും രേഖീയമായ വരകളും, അക്കാലത്തു നിലവിലുണ്ടായിരുന്ന രക്കോക്കോവിൽനിന്നും ഈ ചിത്രത്തെ ബഹുദൂരം മുന്നോട്ടും, ഒരു പക്ഷെ, പുരാതനക്ലാസ്സിക് യുഗത്തിലേക്കും ഒരേസമയം നടത്തിക്കുന്നുണ്ട്. നവക്ലാസ്സിസത്തിന്റെ ആദ്യത്തെ ഉത്തമോദാഹരണ7b3e0b4cc0a082b664835193e610a203മായി ഈ ചിത്രം മാറിയത് വെറുതേയല്ല. ഇതിലെ കഥാപാത്രങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിലെ ചുളിവുകൾ നമുക്ക് പകർന്നുതരുന്ന, അതിനടിയിലെ ശരീരത്തിന്റെ ചലനാത്മകതയും വടിവുകളും ക്ലാസ്സിക്ക് യുഗത്തിന്റെ എല്ലാ സവിശേഷതകളേയും വിളിച്ചോതുന്നുണ്ട്. വെളിച്ചം ചിത്രത്തിനിടയിലൂടെ ഒരേ രീതിയിലും ദിശയിലും കടന്നുപോകുന്നു. അതുകൊണ്ടുതന്നെ ആ പ്രകാശവിന്യാസം സൗന്ദര്യത്തേക്കാളേറെ കൃത്യതയാണ് പകർന്നുതരുന്നത്. അതിലൂടെ ഒരു രാഷ്ട്രത്തിന് അവശ്യം വേണ്ടതായ യുക്തിബോധവും. ഈ ചിത്രം കേന്ദ്രീകരിച്ചിരിക്കുന്നതാകട്ടെ, വാളുകൾക്കു സമീപം സഹോദരന്മാരുടെ കൈകൾ കൂടിച്ചേരുന്നയിടത്താണ്. അതുതന്നെയാണ് ഈ ചിത്രത്തിന്റെ മധ്യബിന്ദുവും.

ഇതിൽനിന്നും പടർന്നുകിടക്കുന്ന പുരുഷരൂപങ്ങൾ രേഖീയതയിലൂടെ കൃത്യതയും കർക്കശത്വവും ചോർന്നുപോകാത്ത നിശ്ചയദാർഢ്യത്തെ കാണിക്കുമ്പോൾ, സ്ത്രീ രൂപങ്ങൾ ആലസ്യമാർന്നതും മൃദുവുമായ വളവുകളിലൂടേയാണ് തെളിയുന്നത്.

അങ്ങനെ, രാഷ്ട്രത്തിനുവേണ്ടിയുള്ള സ്വയം പരിത്യാഗമെന്ന മഹാകൽപനയിലൂടെ ഒരു മഹാരാഷ്ട്രനിർമ്മിതിയിൽ തന്റേതായ ഭാഗമാകാനും ദവീദിനു കഴിഞ്ഞു. വിപ്ലവകാലത്തെ ജനങ്ങളുടെ മനോഭാവത്തിനൊപ്പം പ്രകമ്പനംകൊള്ളുന്നതല്ലോ ഈ ആശയവും. അതിന്റെ ആവിഷ്‌കാരമാകട്ടെ, ഈ ചിത്രത്തിന്റെ കഥയിലൂടെ മാത്രമല്ല, അതിന്റെ ചിത്രീകരണരീതിയിലൂടേയുമാണെന്നതാണ് ഏറെ രസകരം.

ഇനി ഈ ഹൊറേഷ്യൻ പ്രതിജ്ഞയ്ക്കു രണ്ടുവർഷങ്ങൾക്കുശേഷം ദവീദ് വരച്ച മറ്റൊരു നിയോക്ലാസ്സിക്കൽ ചിത്രത്തെക്കൂടി നമുക്ക് പരിചയപ്പെടാം. നമ്മേയെല്ലാം പിടിച്ചുലയ്ക്കുന്ന ഒരു ചിത്രം. ലോകചരിത്രത്തിലെ നിർണ്ണായകവും വേദനാജനകവുമായ ഒരു രംഗമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ‘സോക്രട്ടീസിന്റെ മരണം’ എന്ന പേരിൽനിന്നും നിങ്ങൾക്കു കാര്യങ്ങൾ ഊഹിക്കാം.

David_-_The_Death_of_Socrates (1)

 

ഒറ്റനോട്ടം കൊണ്ടുതന്നെ അനവധി കാര്യങ്ങൾ നമുക്കു മുന്നിൽ തെളിയും. ഈ അതിതീവ്രരംഗത്തിന്റെ തെളിമ, പ്രചണ്ഡമാരുതനു സമമായ സോക്രട്ടീസിന്റെ ഭാവം, തീക്ഷ്ണമായ അംഗവിക്ഷേപം, വധിക്കപ്പെടാൻ നിയുക്തനായവന്റെ കൈകളും വിഷക്കോപ്പയും തമ്മിലുള്ള പരസ്പരവ്യവഹാരം, തടവറയിൽ വെളിച്ചം പരത്തിയിരിക്കുന്ന രീതി, മരണമിറങ്ങിവരുന്നുവെന്നു തോന്നിപ്പിക്കുന്ന മങ്ങിയനിറത്തോടുകൂടിയ കൽച്ചുമർ ഇവയെല്ലാം ഒരു നടുക്കമായി നമ്മുടെയുള്ളിലേക്ക് ആഴ്ന്നിറങ്ങാൻ പോന്നവയാണ്്.

ഈ ചിത്രത്തിലെ രംഗം പ്ലേറ്റോയുടെ പ്രസിദ്ധമായ ഫീദോ എന്ന സംഭാഷണത്തിൽനിന്നും എടുത്തതാണത്രെ. ഈ രംഗത്തിൽ യുതിഫ്രോ, അപ്പലോജി, ക്രൈറ്റോ എന്നിവരോട് മരണാനന്തര ജീവിതത്തെക്കുറിച്ച്‌ സംസാരിക്കുകയാണ് ആ ദാർശനികൻ. ദൈവനിഷേധമായിരുന്നു സോക്രട്ടീസ് ചെയ്ത കുറ്റം. ജനാധിപത്യത്തേക്കാൾ ചിന്തകന്മാരുടെ ഭരണമാണ് നല്ലതെന്ന ചിന്തയും അധികാരികളെ ചൊടിപ്പിച്ചു. ഏഥൻസിലെ യുവാക്കളെ വഴിതെറ്റിച്ചത് മറ്റൊരു ദുഷ്‌കൃത്യം.

ആ ചഷകത്തിൽ തുളുമ്പുന്നത് ഹെംലോക്ക് എന്ന വിഷം. ഒരു തത്വചിന്തകൻ മരണത്തെ ഒരിക്കലും ഭയക്കുന്നില്ലെന്ന് സോക്രട്ടീസ് ഉച്ചൈസ്തരം വിളിച്ചുപറഞ്ഞിരുന്നു. വിഷക്കോപ്പ ഏറ്റുവാങ്ങുന്നതിലെ ദൃഢത അതുതന്നെയാണല്ലോ കാണിക്കുന്നതും. ആത്മാവിനു മരണമില്ലെന്ന ഉറച്ച വിശ്വാസം അതിനു കൂട്ടുമായി.

പക്ഷെ, ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്രയും ശാരീരികസൗന്ദര്യം യഥാർത്ഥത്തിൽ സോക്രട്ടീസിനുണ്ടായിരുന്നോ എന്നത് ചിന്തനീയം തന്നെ. ചിത്രത്തിലെ ബിംബങ്ങളെല്ലാം വശങ്ങളിലേക്കു പോകുന്തോറും മങ്ങിവരുന്നുണ്ട്. വധശിക്ഷ നടപ്പാക്കുന്നയാൾക്ക് ചുവപ്പുവസ്ത്രം, വധിക്കപ്പെടുന്നവന് തൂവെള്ളയും. ദവീദ്, ധർമ്മാധർമ്മങ്ങളെ കൃത്യമായി നിറങ്ങൾകൊണ്ട് അടയാളപ്പെടുത്തിയിരിക്കുകയാണ്. എങ്കിലും ഒരു മഹാശ്രേഷ്ഠനെ വധിക്കുന്നതിലെ കുറ്റബോധവും ഇവിടെ പ്രകടം. ചിത്രകാരന് സോക്രട്ടീസ് വികാരത്തെ പിന്തള്ളുന്ന ഊർജ്ജസ്രോതസ്സാണ്. നിശ്ചയദാർഢ്യത്തിന്റെ പ്രതീകവുമാണ്. ഒരു പക്ഷെ, ഫ്രഞ്ചുവിപ്ലവത്തിനു രണ്ടു വർഷം മുമ്പ്, ഈ സന്ദേശമായിരിക്കാം ദവീദിന് തന്റെ നാട്ടുകാർക്ക് കൊടുക്കാനുണ്ടായിരുന്നത്.

സോക്രട്ടീസിന്റെ മരണം ഇവിടെ വലതുഭാഗത്തുനിന്നും ഇടത്തോട്ടു വായിക്കാം. വലത്തേയറ്റത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ കഠിനപരിതാപം. അവർ കുനിഞ്ഞും താഴ്ന്നുമടങ്ങിയും വേദനയിലാണ്ടുനിൽക്കുന്നു. സോക്രട്ടീസിനു ഏറ്റവും തൊട്ടടുത്തിരിക്കുന്നയാളാവണം ക്രൈറ്റോ. കാരണം അവനായിരുന്നല്ലോ ഗുരുവിന് ഏറ്റവും പ്രിയപ്പെട്ടവൻ. അതിനു തൊട്ടിപ്പുറത്താകട്ടെ ശാന്തവും ദൃഢവുമായ നായകഭാവം. ഉയർന്നുനിൽക്കുന്ന ഇടതുകൈ ആഹ്വാനത്തിന്റേയും നിർഭയത്തിന്റേയും ചിഹ്നം. ചിത്രത്തിന്റെ കൃത്യം മധ്യത്തിൽ സോക്രട്ടീസിന്റെ വലതുകൈയ്യും വിഷചഷകവും അതു കൊടുക്കുന്നയാളിന്റെ കൈയ്യും. ഇതിൽ ഏറ്റവും ശക്തമായ ബിംബം വിഷമേറ്റുവാങ്ങുന്ന വലതുകൈ തന്നെ. കൊടുക്കുന്നയാൾക്ക് നേരേ നിൽക്കാനോ, സോക്രട്ടീസിനെ നോക്കാനോ സാധിക്കുന്നില്ല. തത്വദർശിയുടെ അചഞ്ചലത ചിത്രത്തിന്റെ ഇടതുഭാഗത്തെ അപ്പാടെ പ്രകമ്പനം കൊള്ളിക്കുകയാണ്. അവിടെ കൊടിയ നിരാശയും കുറ്റബോധവും മുഴച്ചുനിൽക്കുന്നു. അങ്ങുദൂരെ, പശ്ചാത്തലത്തിൽ നടന്നുനീങ്ങുന്ന സാന്തിപ്പിയേയും കാണാം.

ഇനി ഏറ്റവുമറ്റത്ത് പുറം തിരിഞ്ഞിരിക്കുന്ന വൃദ്ധനെ നോക്കുക. അദ്ദേഹം നിശ്‌ചേഷ്ടനാണ്. ധ്യാനനിരതനാണ്. അനിവാര്യതയെ ഉൾക്കൊള്ളാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് പ്ലേറ്റോ തന്നെ. സോക്രട്ടീസിന്റെ വസ്ത്രത്തിന്റെ വെള്ളനിറം അയാളിലാണ് പ്രതിഫലിക്കുന്നത്. ഒരു പക്ഷെ, ആ ദാർശനികത മുഴുവനുമതെ. പ്ലേറ്റോയില്ലാതെ സോക്രട്ടീസുമില്ലല്ലോ. സത്യം തിരിച്ചാണെങ്കിലും. പിൽക്കാലജനത സോക്രട്ടീസിനെ അറിഞ്ഞത് പ്ലേറ്റോയുടെ എഴുത്തുകളിലൂടെയായിരുന്നതുകൊണ്ട്, പ്ലേറ്റോയുടെ അനിവാര്യത സൂചിപ്പിച്ചുവെന്നു മാത്രം.

ദാർശനികമായി ചിന്തിച്ചാൽ സോക്രട്ടീസിന്റെ അന്ത്യവും പ്ലേറ്റോയുടെ തുടക്കവും ഒരുപക്ഷെ വേർതിരിക്കാനേ ആവില്ല. സത്യത്തിൽ സോക്രട്ടീസിന്റെ മരണസമയത്ത് പ്ലേറ്റോ ചെറുപ്പമാണ്. ദവീദ് മന:പൂർവ്വമായിരിക്കണം, പ്ലേറ്റോയെ പൂർണ്ണതയിലേക്കെത്തിച്ച് വരച്ചിരിക്കുന്നതിവിടെ. അദ്ദേഹത്തിന്റെ ശിരസ്സിനു പിന്നിൽ ആ സ്‌തോഭജനകമായ വിടവാങ്ങൽ സംഭവിക്കുകയും ചെയ്യുന്നു. ഒരു പക്ഷെ, പ്ലേറ്റോയുടെ ഓർമ്മച്ചിത്രമായിട്ടായിരിക്കണം ദവീദ് ഇത് വരച്ചത്. ഒരു ധിഷണാശാലിയുടെ പ്രതിഭാവിലാസം!

ചിത്രങ്ങളുടെ സാങ്കേതികവശങ്ങൾ

1.ചിത്രം  –ഹൊരേഷ്യമാരുടെ പ്രതിജ്ഞ

ചിത്രകാരൻ – ഷാക്ക് ലൂയി ദവീദ്

വർഷം –  1784

മാധ്യമം – എണ്ണച്ചായം

വലിപ്പം -3.26 m x  4.2 m

വിഷയം – ചരിത്രം

പ്രസ്ഥാനം – നിയോക്ലാസ്സിസം

സൂക്ഷിച്ചിരിക്കുന്ന സ്ഥലം –  ലൂവ്ര മ്യൂസിയം, പാരീസ്

2. ചിത്രം  –  സോക്രട്ടീസിന്റെ മരണം

ചിത്രകാരൻ – ഷാക്ക് ലൂയി ദവീദ്

വർഷം –  1787

വലിപ്പം – 1.3 m x 1.96 m

മാധ്യമം – എണ്ണച്ചായം

വിഷയം – ചരിത്രം

പ്രസ്ഥാനം – നിയോക്ലാസ്സിസം

സൂക്ഷിച്ചിരിക്കുന്ന സ്ഥലം – മെട്രപൊലിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ന്യൂയോർക്ക്


 

 

Comments

comments