സമൂഹത്തെ സംബന്ധിച്ച് രണ്ട് തരം അരുതായ്മകളുണ്ട്. നിയമത്തിൽ അവയിലൊന്നിനു Malum in se എന്നും മറ്റൊന്നിനു  Malum prohibitum എന്നും പറയും. ഒരാളെ കൊല്ലുക എന്നതുപോലെയുള്ള അതിക്രൂരത മുതൽ, ഒരാളുടെ സ്വാസ്ഥ്യത്തിലേക്ക് ബലം പ്രയോഗിച്ച് കടന്നുകയറുക എന്നതിന്റെ ഏറിയതും കുറഞ്ഞതുമായ രൂപങ്ങൾ – എന്നിങ്ങനെ നിയമം അനുശാസിക്കാതെ തന്നെ കണ്ണും പൂട്ടി തിന്മയെന്നും വിനാശകരമെന്നും സമൂഹം അത് ചരിത്രപരമായി നേടിയ തിരിച്ചറിവുകളിലൂടെ, അവബോധത്തിലൂടെ തീരുമാനിച്ചിട്ടുള്ള ചിലവയെയാണു ആദ്യത്തേത് വിവക്ഷിക്കുന്നത്. രണ്ടാമത്തേത് നിയമം അനുശാസിക്കുന്നു എന്നതിനാൽ കുറ്റകരമായിരിക്കുന്നവയെയും. നിയമത്തിന്റെ കണ്ണുവെട്ടിച്ച് ചെയ്യുന്ന ആ രണ്ടാമത്തവയിൽ ചിലതെങ്കിലും പൊതുമനസാക്ഷി മാപ്പ് കൊടുക്കുന്ന കാര്യങ്ങളാണു. എന്നാൽ ആദ്യത്തേത് മനുഷ്യന്റെ, അതിലുപരി അവന്റെ സാമൂഹികതയുടെയും, മാനവികതയുടെ സാമാന്യമൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും എതിരായുള്ളതാണു – മാപ്പില്ലാത്തവ. അതിനാലത് നിയമവിരുദ്ധമെന്നതിലുപരി മനുഷ്യവിരുദ്ധമാണു. പീഡോഫിലിയ അത്തരത്തിലൊന്നാണു.

സ്വാഭാവികമായിത്തന്നെ സാമൂഹ്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പീഡോഫിലിയയ്ക്ക് എതിരായുള്ള വാദങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണു. എങ്കിലും സമൂഹത്തെയും അതിന്റെ ബോധത്തെയും എതിർപക്ഷത്തു നിർത്തിക്കൊണ്ട് വൈയക്തികമായ ആനന്ദമാർഗ്ഗങ്ങൾ തേടുന്ന കേവല സ്വാതന്ത്രതാവാദികൾ ഉന്നയിക്കുന്ന ചില വാദങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്. അങ്ങേയറ്റം ദുർബലരായ, തിരിച്ചറിവില്ലാത്ത ഒരു വിഭാഗത്തിനു നേരെയുള്ള കടന്നുകയറ്റമാണു പൊതുവിൽ പീഡോഫിലിയ എന്നതാണു പ്രാഥമികമായത്. കുട്ടികൾക്കുണ്ട് എന്ന് വാദത്തിനു പറയുന്ന ലൈംഗികാനുഭവങ്ങളും അന്വേഷണങ്ങളും വാസ്തവത്തിൽ ലോകപരിചയം ഇല്ലാത്ത ഒരു പ്രായത്തിന്റെ, സഹജമായ ജിജ്ഞാസയിൽ മാത്രം അധിഷ്ഠിതമാണു. സ്വന്തം ശരീരത്തിലേക്കും സ്വകാര്യതയിലേക്കും കടന്നുവരാൻ കുട്ടി പ്രകടിപ്പിക്കുന്ന സമ്മതം എന്ന് വ്യാഖ്യാനിക്കപ്പെടുന്ന കൺസെന്റ്/ അനുവാദം എന്നത് തെറ്റിദ്ധാരണാജനകമാണു. അത് മിക്കവാറും തന്നെ മുതിർന്ന ആളോടുള്ള അനുസരണയിലും ബഹുമാനത്തിലും അടിസ്ഥാനമായുള്ളതാണു. അതൊരു കീഴ്പ്പെടലുമാണു – ആയതിനാൽ തന്നെ അതിന്റെ മറുപക്ഷം ചെയ്യുന്നത് ഒരു കടന്നുകയറ്റവും.

ബൗദ്ധികമായോ വികാരപരമായോ ഉന്നതമായ നിലവാരം പുലർത്തുന്ന തരത്തിൽ പ്രായം കടന്ന പക്വതയുള്ള, അത് ഉൾക്കൊള്ളാൻ കഴിയുന്ന കുട്ടികൾക്കു നേരെയുള്ള വളരെ നല്ല‌ മനുഷ്യരുടെ, ബാക്കി‌ വരുന്ന ഭൂരിപക്ഷ‌പൊതുസമൂഹം അക്രമപരമായ കടന്നുകയറ്റം എന്ന് പൊതുവിൽ കരുതുകയും നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്ന‌, പെരുമാറ്റങ്ങളെ അവ ഹിംസാത്മകമല്ലായെന്നും സ്നേഹത്തിന്റെയോ ലൈംഗികതയുടേയോ പരസ്പരസമ്മതത്തോടെയുള്ള കൊടുക്കൽ വാങ്ങലുകളാണെന്നും സ്നേഹത്തിന്റെ പാരസ്പര്യമാണെന്നും കരുതാൻ കഴിയില്ലേ എന്നതാണു അടുത്ത ചോദ്യം. അല്ലാത്തപക്ഷം അത് കുട്ടിയുടെ അനുഭവാവകാശങ്ങളുടെ ലംഘനമല്ലേയെന്നും. ഇവിടെയും ആദ്യം മനസ്സിലാക്കേണ്ടത് മുൻപ് പറഞ്ഞതുപോലെ കുട്ടിയുടെ സമ്മതം എന്നാൽ മിക്കവാറും തന്നെ അനുസരണ/ബഹുമാനം എന്നിവ കൊണ്ടുള്ള കീഴ്പ്പെടലോ തിരിച്ചറിവില്ലാത്ത ഒരു പ്രായത്തിന്റെയും ബൗദ്ധികതലത്തിന്റെയും ജിജ്ഞാസയോ ആയിരിക്കാം എന്നതാണു. ഇനി മറിച്ചാണെങ്കിൽ തന്നെ അത്തരം സംഭവങ്ങൾ സാമന്യതയ്ക്ക് അപവാദങ്ങൾ മാത്രമായിരിക്കുകയും ആ വിധമുള്ള ഭൂരിപക്ഷം പ്രവൃത്തികളും ഏറിയകൂറും ഹിംസാത്മകമായിരിക്കുകയും ചെയ്യുമ്പോൾ അന്നന്നത്തെ സോഷ്യൽകണ്ടക്റ്റ് പ്രകാരം പരസ്പരം സംരക്ഷിച്ച് നിൽക്കുന്ന സമൂഹം ഏർപ്പെടുത്തുന്ന ചില‌ നിയമങ്ങളും ചിട്ടകളും കേവലം സദാചാരബോധത്തിൽ അധിഷ്ഠിതമല്ല- മറിച്ച് നീതിയുക്തമാണു എന്ന് മനസ്സിലാക്കുക പ്രധാനമാണു.‌

നിയമങ്ങളേ വേണ്ടാത്ത, അടിച്ചേൽപ്പിക്കലുകളില്ലാതെ ഓരോരുത്തരും സ്വയം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളാൽ മറ്റൊരാളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും എല്ലായ്പ്പോഴും സ്ഥാപിതമായിരിക്കുന്ന, നിയമങ്ങളേ വേണ്ടാത്ത നല്ല മനുഷ്യരടങ്ങുന്ന ഒരു നല്ല നാളെ‌ ! എന്നാൽ ഒരുവന്റെ സന്തോഷങ്ങളുടെ ലോകങ്ങളിൽ താരതമ്യേന കരുത്തനായ മറ്റൊരാൾ കടന്നുകയറുന്ന കാലത്തോളം അത്തരമൊരു ഐഡിയലായ നാളെ എന്നത് സങ്കല്പങ്ങളിൽ മാത്രം നില നിൽക്കും.‌ നിയമങ്ങൾ ഓരോരോ വ്യക്തിക്കായി എഴുതാനും നടപ്പിലാക്കാനും ഒരു സമൂഹത്തിനു കഴിവില്ല. ഒരു‌ ജനറൽ കണ്ടക്റ്റിലാണു അതിന്റെ മുന്നോട്ടുപോക്ക്. അപവാദങ്ങൾക്കു (exception) വേണ്ടിയല്ല, സാമാന്യതയെ മുന്നിൽ കണ്ടുകൊണ്ടാണു സമൂഹവും അതിന്റെ നിയമങ്ങളും ജാഗ്രത പാലിക്കുന്നത്. സോദ്ദേശ്യപരമായി, ഹൃദയാലുക്കളായ രണ്ട് മനുഷ്യരുടെ, ലൈംഗികതയുൾപ്പെടുന്ന, പ്രത്യേകിച്ചും സ്വകാര്യവും രഹസ്യാത്മകവുമായ ഇടപെടലുകളെ സ്വതന്ത്രവും പൊതുവിൽത്തന്നെ പ്രോൽസാഹിപ്പിക്കത്തക്കതുമാക്കുന്ന തരത്തിലൊരു ആനുകൂല്യം കൊണ്ടുണ്ടാവുക അതിലടങ്ങിയ രഹസ്യാത്മകതയുടെയും സ്വകാര്യതയുടെയും ലോകത്ത് അത്തരം കടന്നുകയറ്റങ്ങളുടെ തിന്മകളും അക്രമങ്ങളും ഏറ്റുവാങ്ങുന്ന ഭൂരിപക്ഷം മനുഷ്യർക്കും നേരെയുള്ള നിരന്തരമായ അപകടസാധ്യതയുടെ ഒരു വാതിൽ തുറന്നുകൊടുക്കുക എന്നതാവും. കാമനകളുടെ അപരിമേയമായ സ്വാതന്ത്ര്യം എന്ന മട്ടിലെ പ്രോൽസാഹനത്തിന്റെ ആ പൊതുവൽക്കരിക്കപ്പെടുന്ന യുക്തിയാൽ ഹനിക്കപ്പെട്ടുപോകുന്നത് ദുർബലരുടെ അവകാശങ്ങളും സമാധാനപരമായ ജീവിതങ്ങളുമായിരിക്കും. അതിനാലാണു ചൂണ്ടിക്കാണിക്കലിന്റെയും ജാഗ്രതയുടെയും നിയമത്തിന്റെയും പൊതു‌മാനദണ്ഡമെന്ന നിലയിൽ, പ്രായത്തിൽ വളരെ താഴ്ന്ന, ആ പ്രായത്തിനു ചില മാനദണ്ഡങ്ങൾ നിലവിലെ സമൂഹം വച്ചിരിക്കുന്ന, മനുഷ്യരുടെ അവകാശങ്ങൾ പ്രധാനമാകുന്നതും പീഡോഫിലിയ പോലെയുള്ള പദങ്ങൾ പൊതുവിൽ നടക്കുന്ന അതിക്രമങ്ങളെ സൂചിപ്പിക്കുന്ന ജാഗ്രതയുടെ പദങ്ങളാകുകയും ചെയ്യുന്നത്.

ഇവ ലളിതമാണു. മനുഷ്യരാശി ഇന്നേവരെ ആർജ്ജിച്ചെടുത്ത പരസ്പരസ്നേഹത്തിന്റെയും പരസ്പരസംരക്ഷണത്തിന്റെയും യുക്തിയാലാണു അതിദുർബലർക്കു നേരെയുള്ള ക്രൂരമായ കടന്നുകയറ്റങ്ങളായ പീഡോഫീലിയ പോലെയുള്ള അതിക്രമങ്ങൾ ഉറങ്ങുന്ന സമൂഹത്തെ ഞെട്ടിയുണർത്തക്കരീതിയിൽ ശക്തമായ പ്രേരകങ്ങളാകുന്നത്. എന്നാൽ മനസ്സിലാകാത്തത് ചില അതിബുദ്ധിജീവിതനാട്യങ്ങളുടെ ‘അരാജക-വ്യക്തിവാദ’ വളച്ചൊടിക്കലുകളെയാണു.

അരാജകവാദമെന്നാൽ ഇടതുപ്രത്യയശാസ്ത്രത്തോടും തത്വചിന്തയോടും പലവട്ടം അരികുചേർന്നു നടക്കുകയും പലപ്പോഴും കൊമ്പുകോർക്കുകയുമൊക്കെ ചെയ്തുകൊണ്ട് അതിനെ പരിപോഷിപ്പിച്ച ഒരു ചിന്താപദ്ധതിയാണു. രോഷം കൊണ്ട് വ്യവസ്ഥയ്ക്കെതിരെ കലഹിക്കുന്ന ഒരു സാംസ്കാരികതയുണ്ട് ആ സരണിയിൽ. എന്നാൽ നിയന്ത്രണങ്ങളില്ലാതെ അഴിച്ചുവിട്ട കാമനകളുടെ വ്യക്ത്യാധിഷ്ഠിതമായ ഒരു ലോകവും അവിടത്തെ, അതിനുള്ള പരമമായ സ്വാതന്ത്ര്യവുമാണു  അരാജകവാദമെന്നുമൊക്കെ ധരിച്ചുവശായിരിക്കുന്ന ഒരു പറ്റം മനുഷ്യരുണ്ട്- കുറച്ചുപേർ മലയാളം സൈബർ ലോകത്തുമുണ്ട്. സ്വന്തം സുഖം എന്ന ഒറ്റ ബിന്ദുവിൽ സമൂഹത്തെ ശത്രുപക്ഷത്ത് നിർത്തുന്ന ബുദ്ധിജീവിനാട്യക്കാരായ അത്തരം ചിലരുടെ ഇടപെടലുകൾ കൊണ്ട് മലയാളം സൈബർ രംഗത്തെങ്കിലും അബദ്ധമായിത്തീർന്നുകഴിഞ്ഞ രണ്ട് വാക്കുകളാണു അരാജകവാദവും ലിബറലിസവും. സംവാദാത്മകമായിരിക്കേണ്ട ഒരു സൈബർലോകത്തെ അതിനു നിർമ്മിക്കാൻ കഴിയുമെന്ന് പലവട്ടം തെളിയിച്ച പ്രതിരോധരാഷ്ട്രീയത്തിന്റെ മേഖലകളിൽ നിന്നും പിന്നോക്കം വലിക്കാനാണു അവരുടെ ഇടപെടലുകൾ കൊണ്ട് സാധ്യമായിട്ടുള്ളത്. സമൂഹത്തെ നേരിട്ട് ബാധിക്കുന്ന പലതരത്തിലുമുള്ള സമകാലീന പ്രശ്നങ്ങളിൽ നിന്നും അവയുടെ പ്രതിരോധപ്രചരണങ്ങളിൽ നിന്നും അതിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഗതി തെറ്റിയ ചർച്ചകളിലൂടെ ഊർജ്ജവും സമയവും ചോർത്തിക്കളയുക വഴി സൈബർ മലയാളത്തിനെങ്കിലും അവർ മൂലം സംഭവിച്ചിട്ടുള്ള ബൗദ്ധികനഷ്ടവും ഐക്യത്തിന്റെ ഛിദ്രവും ചില്ലറയല്ല. ഇന്നത് അതിരപ്പിള്ളിക്കാണു സംഭവിച്ചതെങ്കിൽ കുറച്ച് കാലം മുൻപ് അത്തരം അമാനവപ്രകടനങ്ങളിലൂടെ സൈബർ കേരളം ശ്രദ്ധിക്കാതെ മുങ്ങിപ്പോയത് കേരളത്തിന്റെ രാഷ്ട്രീയമനസാക്ഷി അത്രപെട്ടെന്നൊന്നും അനുവദിക്കാത്ത ഒരു രാഷ്ട്രീയപ്രതിഷ്ഠയാണു. അവർ ഉയർത്തിയ ബഹളങ്ങൾക്കിടയിലാണു കുമ്മനം രാജശേഖരൻ എന്ന ഒരു മതസംഘടനയുടെ അധ്യക്ഷൻ ഒരു പ്രമുഖരാഷ്ട്രീയപാർട്ടിയുടെ അധ്യക്ഷനായി അലോസരങ്ങളില്ലാതെ കടന്നു വന്നത്.

അരാജകവാദികളെന്ന സ്വയംപ്രഖ്യാപിത വിവക്ഷയിന്മേൽ വ്യക്തിയുടെ പരമമായ സ്വാതന്ത്ര്യമെന്നുള്ള അലങ്കാരങ്ങളും ചേർത്തു വരച്ച ഒരു കള്ളിയിൽ സ്വയം ഉൾക്കൊള്ളിച്ചിട്ടുള്ള അവരെ പരിഹാസ്യരൂപേണ ആനന്ദമാർഗ്ഗികളെന്ന് വിളിക്കാറുണ്ട്. ഒരുതരം ബൗദ്ധികസ്വാതന്ത്ര്യത്തിന്റെ പ്രവാചകരാണെന്ന അബദ്ധബോധത്താൽ ആ പരിഹാസം പോലും ആദരവാണെന്നു കരുതി അവർ ആസ്വദിക്കാറുമുണ്ടെന്നത് കഷ്ടം തന്നെ. എന്നാൽ ആ ആനന്ദങ്ങൾ അടിസ്ഥാനപരമായി മനുഷ്യവിരുദ്ധമാണു. വ്യക്തിനിഷ്ഠമായ ആനന്ദങ്ങളിൽ മാത്രം അഭിരമിക്കുന്നവരാണവർ. സമൂഹത്തിന്റെ നിലനിൽപ്പിനായി അത് സ്വയം സ്വീകരിച്ചിട്ടുള്ള ചില സാമാന്യനിയമങ്ങളെ അതിലംഘിച്ചുകൊണ്ടുള്ള വ്യക്തിപരതയിലൂന്നിയ അത്തരം ആനന്ദങ്ങൾ പലപ്പോഴും മറ്റൊരു മനുഷ്യനെ അലോസരപ്പെടുത്തുകയോ അപകടപ്പെടുത്തുകയോ ജീവിതകാലം മുഴുവൻ പിന്തുടാരാവുന്ന മാനസികവിഷമങ്ങൾക്ക് കാരണമാകുകയോ ചെയ്യാമെന്നത് പ്രാഥമികമായി അവർ കണക്കിലെടുക്കുന്നില്ല. ഇടതുചിന്ത ദുർബലപ്പെടുകയും തീവ്രസ്വത്വവാദങ്ങൾ ഉയരുകയും കമ്പോളം ശക്തി പ്രാപിക്കുകയും ചെയ്ത ആഗോളവൽക്കരണാനന്തര ലോകത്തിന്റെ ദുഃഖങ്ങൾ മനുഷ്യനെന്ന സമൂഹത്തിന്റേത് എന്നതിലുപരി മനുഷ്യനെന്ന വ്യക്തിയുടെ വേദനകളെച്ചൊല്ലിയതായി മാറിയ വലിയ സ്വാർത്ഥതയുടെ ഒരു വിശാലമായ രാഷ്ട്രീയമാനമുണ്ട് അതിന്.me-we

നിലനിന്നുപോരുന്ന എല്ലാ ചട്ടങ്ങളെയും സാമാന്യനിയമങ്ങളെയും എതിർക്കുന്നതിലൂടെ തങ്ങൾ വ്യവസ്ഥയെയും അതുവഴി ഭരണകൂടത്തെയും വെല്ലുവിളിക്കുന്ന ഒരു ബൗദ്ധികമുന്നണി തുറക്കുകയാണ് എന്ന അബദ്ധവിശ്വാസമാണ് അവരെ പിടികൂടിയിരിക്കുന്നത്. അങ്ങനെയാണു അടുത്തകാലത്ത് പീഡോഫിലിയയെ സംബന്ധിച്ചുള്ള ഒരു സംസാരത്തിൽ അതിനെതിരെ സംസാരിച്ചു എന്നതിനാൽ ഒരേസമയം അത്ഭുതപ്പെടുത്തിക്കൊണ്ടും പൊട്ടിച്ചിരിപ്പിച്ചുകൊണ്ടും അവരിലൊരാൾ ഇതെഴുതുന്നയാളെ സ്റ്റേറ്റിന്റെ നാവ് എന്ന് വിശേഷിപ്പിച്ചത്. വാസ്തവത്തിൽ അവരുടെ ഈ പ്രകോപനങ്ങൾ വ്യവസ്ഥയെ മുറിവേല്പിക്കാനുള്ള ഒരു അടവുനയം എന്ന നിലയ്ക്ക് കണ്ടാൽ പോലും തിരിച്ചടിക്കുന്ന ഒന്നാണു – ലക്ഷ്യം സ്റ്റേറ്റിനെ ദുർബലപ്പെടുത്തുക എന്നതാണെങ്കിലും ആ പ്രവൃത്തി വഴി സ്റ്റേറ്റ് സംവിധാനം ശക്തി പ്രാപിക്കുകയാണു ചെയ്യുക. സമൂഹം ചരിത്രപരമായി അംഗീകരിച്ച ചില ചിട്ടകളെ, അത് സ്വയം തീരുമാനിച്ച, നന്മയിലധിഷ്ഠിതമായ ചില മാമൂലുകളെ തള്ളുകയെന്നാൽ നിയന്ത്രണത്തിന്റെ ശക്തി സമൂഹത്തിന്റെ ബോധം എന്നതിൽനിന്നും കവർന്ന് ഭരണകൂടത്തെ, സ്റ്റേറ്റിനെ, വ്യവസ്ഥയെ, കൂടുതലായി ഏൽപ്പിച്ചുകൊടുക്കുക എന്നതാണ്. പ്രാകൃതമായ കാമനകളെ തിരികെപ്പിടിക്കാനും പ്രയോഗത്തിൽ വരുത്താനുമുള്ള ശ്രമങ്ങളെല്ലാം ഫലത്തിൽ അവയെ സഹജമായി എതിർക്കുന്ന സമൂഹത്തിന്റെ പൊതുബോധത്തെ ഹിംസാത്മകമായി ശക്തിപ്പെടുത്തുക വഴി അതിന്റെ വിനിമയ –നിയന്ത്രണസംവിധാനമായ വ്യവസ്ഥിതിയെ കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളൂ. സമൂഹത്തെക്കുറിച്ചും അത് നിലവിൽ വരികയും വികസിക്കുകയും ചെയ്ത ചരിത്രത്തെയും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാതിരുന്നാൽ വീണുപോകുന്ന പടുകുഴിയാണു ബുദ്ധിജീവികളെന്ന് സ്വയം വിശ്വസിക്കുന്ന ഇവർ വീണുപോയിരിക്കുന്ന സ്വാതന്ത്ര്യവാദം.

അഥവാ താനെന്ന മനുഷ്യൻ ശക്തനായാൽ കൂടി, കടന്നുകയറ്റങ്ങളെ ചെറുക്കാൻ കഴിയാതെ വീണുപോകുന്ന ദുർബലരിൽ തന്റെ പ്രിയപ്പെട്ടവർ കൂടിയൊക്കെ ഉണ്ടായേക്കാം എന്നത് സാംസ്കാരികമായി ഉയർന്നു തുടങ്ങിയ മനുഷ്യനെ സംബന്ധിച്ച് ഒരു തിരിച്ചറിവായിരുന്നു. സമൂഹനിർമ്മിതിയുടെ അടിസ്ഥാനം അതിനാൽത്തന്നെ സ്നേഹത്തിലും മറ്റൊരാളെക്കുറിച്ചുള്ള അനുകമ്പയിലും അധിഷ്ഠിതമാണു. അങ്ങനെ, ദുർബലർക്കു കൂടി നിലനിൽക്കണമെന്ന ചിന്തയുടെ ഭാഗമായി, രണ്ട് മനുഷ്യർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ ശക്തനായവൻ കാര്യങ്ങൾ തീരുമാനിക്കും എന്ന പ്രകൃത്യാലുള്ള ഒരു നിയമത്തെ മറികടക്കാനാണു മനുഷ്യൻ തന്റെ മൃഗീയമായ കാമനകളെയും അച്ചടക്കമാഗ്രഹിക്കാത്ത സ്വാതന്ത്ര്യത്തെയും അടിയറവു വച്ചുകൊണ്ട് —Malum prohibitum എന്നത് അവിടെ മറ്റൊരാളെ വേദനിപ്പിക്കാതെയുള്ള സ്വകാര്യവും സ്വീകാര്യവുമായ നിയമലംഘനങ്ങൾ വഴിയുള്ള ആനന്ദലബ്ദ്ധികൾക്കായുള്ള ഒരു പഴുതാണു — പൊതുവായ ഒരു സമൂഹത്തിന്റെ ഭാഗമായി നിലനിൽക്കാനാവശ്യമായ ഒരു കരാറിൽ ഒപ്പിട്ടു കൊടുത്തത്. ആ കരാർ ലംഘിക്കപ്പെടാതെ പരിപാലിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധിക്കാനും നടപ്പിൽ വരുത്താനും മൂന്നാമതൊരാളെ, ഒരു നോക്കിനടത്തിപ്പ് സംവിധാനത്തെ, അതിനുള്ള അധികാരങ്ങൾ ഏൽപ്പിച്ചുകൊണ്ടാണു ആ ‘സോഷ്യൽ കോണ്ട്രാക്റ്റ്’ നിലവിൽ വരുന്നത്. ആ അർത്ഥത്തിൽ സമൂഹമെന്നാൽ പരസ്പരം സംരക്ഷിച്ചുകൊണ്ടുള്ള ഒരു ജനാധിപത്യ വ്യവസ്ഥയാണു. അങ്ങനെയാണു സമൂഹത്തിന്റെ ഉദയവും. സാംസ്കാരികനായി മാറിയ മനുഷ്യനെ സംബന്ധിച്ച് സ്വയംനിയന്ത്രണമെന്നത് പ്രധാനമാണ്. അപരനെ, അതുവഴി സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാനിടയുള്ള തന്റെ കാമനകളെ ഉപേക്ഷിച്ചുകൊണ്ടാണു സാംസ്കാരികമായ ആ ഉന്നതിയിലേക്കുള്ള അവന്റെ നടത്തം. സ്വയംനിയന്ത്രിതനായ മനുഷ്യനായിരിക്കും സ്റ്റേറ്റെന്ന മൂന്നാം ഏജൻസിയുടെ നിലനിൽപ്പിനും അതിന്റെ സഹജമായ അധികാരവർദ്ധനാകാംക്ഷയ്ക്കുമുള്ള ഏറ്റവും വലിയ വെല്ലുവിളി. ജർമ്മൻ ചിന്തകനായ ഹെൻറിച്ച് ഹെയ്ൻ മതങ്ങളെ പറ്റി പ്രസിദ്ധമായി പറഞ്ഞ വാചകം തന്നെ ആ നിലയ്ക്ക് സ്റ്റേറ്റ് എന്ന നിയന്ത്രണശക്തിയ്ക്കും ബാധകമാണു. “കുറ്റാകൂരിരുട്ടിൽ അന്ധനായ ഒരു മനുഷ്യനായിരിക്കും ഏറ്റവും നല്ലവഴികാട്ടി… എന്നതുപോലെ ഇരുണ്ടകാലങ്ങളിൽ മനുഷ്യനെ സംബന്ധിച്ച് നല്ല വഴികാട്ടിയെന്നത് മതമായിരുന്നു. എന്നാൽ വെളിച്ചം വന്നുകഴിഞ്ഞു എന്നുള്ളപ്പോൾ നടക്കാൻ അന്ധനും വൃദ്ധനുമായ ഒരാളുടെ സഹായം തേടുന്നത് മൗഢ്യമാണു”. നാം തന്നെ ഇരുട്ട് സൃഷ്ടിക്കാൻ തുനിഞ്ഞാൽ വഴികാട്ടികൾ പ്രസക്തമാകുമെന്നും കൂടിയാണു അതിനർത്ഥം.

അവനവനാനന്ദത്തിനു അവലംബിക്കുന്ന മാർഗ്ഗങ്ങളെയും അതിനേതറ്റവും വരെ പോകാനുള്ള പരമമായ സ്വാതന്ത്ര്യത്തെയും ഉദ്ഘോഷിക്കുന്നതാണു ഇവർ പറയുന്നതരത്തിലുള്ള വ്യക്തിവാദം. അങ്ങനെ ഈ രാഷ്ട്രീയ അരാഷ്ട്രീയപക്ഷം വികലമാക്കിക്കളഞ്ഞ മറ്റൊരു പദമാണു വ്യക്തിവാദം (Individualism). വ്യക്തിവാദം വാസ്തവത്തിൽ ഇതൊന്നുമല്ല. വ്യക്തിവാദത്തിന്റെ തലതൊട്ടപ്പനായ ഹെർബെർട്ട് സ്പെൻസറിന്റെ The Man Versus the State എന്ന പുസ്തകത്തിനു ആൽബെർട്ട് ജെ നോക്ക് എഴുതിയ ആമുഖത്തിൽ സ്പെൻസറിന്റെ തന്നെ Social Statics; or, The Conditions Essential to Human Happiness Specified എന്ന പ്രബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന ഒരു സഹകരണത്തിലോ അതിൽ നിന്നുണ്ടാകുന്ന ഭീഷണിയുടെ സ്വരത്തിന്റെയോ മേലല്ല, മറിച്ച് മനുഷ്യരുടെ സ്വേച്ഛാപ്രകാരമുള്ള, സ്വമേധയാലുള്ള സഹകരണത്തിലൂടെയായിരിക്കണം സമൂഹമെന്നത് നിർമ്മിതമാകേണ്ടത് എന്നാണു സ്പെൻസറുടെ വാദം. അത് മനുഷ്യന്റെ വ്യക്തിജീവിതത്തിന്മേലേക്ക്, നിയന്ത്രണസംവിധാനം, സ്റ്റേറ്റ്, നടത്തുന്ന ഇടപെടലുകളെ ഏറ്റവും കുറച്ചുകൊണ്ടായിരിക്കണം എന്നും അങ്ങനെ സ്വയം നിയന്ത്രിക്കാനുള്ള സമൂഹത്തിന്റെ പൊതുശക്തിയെ വർദ്ധിപ്പിച്ചുകൊണ്ടായിരിക്കണം എന്നും സ്പെൻസർ പറയുന്നു. അത് ഒരു മാതൃകാസമൂഹത്തെക്കുറിച്ചുള്ള ചിന്തകളുടെ ഭാഗമായി, മനുഷ്യനും അവന്റെ സമൂഹത്തിന്മേലുള്ള നിയന്ത്രണാധികാരം ഏൽപ്പിച്ചുകൊടുക്കപ്പെട്ട സ്റ്റേറ്റ് എന്ന സംവിധാനവും തമ്മിലുള്ള നിരന്തര സംഘർഷങ്ങൾ കണക്കിലെടുത്തുകൊണ്ട്, മനുഷ്യപക്ഷത്തുനിന്നുള്ള ഒരു ചിന്തയുടെ ഭാഗമായി വരുന്നതാണു. പൊതുനിയമങ്ങളും നിയന്ത്രണങ്ങളും അന്തഛിദ്രങ്ങളൊഴിവാക്കിയുള്ള സമൂഹത്തിന്റെ നിലനിൽപ്പിനും നിയന്ത്രണങ്ങളും നീതിന്യായസംവിധാനങ്ങളും വേണമെന്ന ലളിതമായ യാഥാർത്ഥ്യത്തിൽ ആർക്കും തർക്കമുണ്ടാകേണ്ടതല്ല. വ്യക്തിവാദം സ്റ്റേറ്റിസത്തോടുള്ള (Statism), സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള അതിന്റെ കടന്നുകയറ്റങ്ങൾക്കെതിരെയുള്ള, പോരാട്ടമാണു – സമൂഹത്തോടുള്ളതല്ല. സ്റ്റേറ്റിന്റെ അധികാരങ്ങൾ ഏറ്റവും പരിമിതപ്പെട്ടുത്തിക്കൊണ്ട്  ആ അധികാരങ്ങൾ കൂടുതൽ കൂടുതലായി തിരിച്ചുവാങ്ങുക, സമൂഹത്തെ ശക്തിപ്പെടുത്തുക, സമൂഹത്തിന്റെ നിയന്ത്രണം മാനവരാശി ആർജ്ജിച്ചെടുത്ത അതിന്റെ നീതിബോധത്തെ  ഏൽപ്പിച്ചുകൊണ്ട്, ധാർമ്മികബാധ്യതകൾ ഓർമ്മപ്പെടുത്തിക്കൊണ്ട്, സ്വയം നശിപ്പിക്കാത്ത തരത്തിൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ ആവശ്യപ്പെടുന്നതുമായ ഒരു മാനവികപദ്ധതിയാണത്. സ്റ്റേറ്റ് ഇടപെടലുകളെ പരിമിതപ്പെടുത്തുന്നതിനാവശ്യം Malaum in se എന്നതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള, സാമൂഹികമായി നിഷിദ്ധമായവയുടെ നിരാകരണമാണു. വയക്തികമായ സുഖങ്ങളും സ്വാതന്ത്ര്യങ്ങളും മാത്രം തേടിക്കൊണ്ട് അത്തരത്തിലുള്ള അരുതായ്മകളെ പുണരുകയെന്നാൽ മുൻപ് പറഞ്ഞതുപോലെ സമൂഹത്തെ അക്രമപരമായ അങ്കലാപ്പിലാഴ്ത്തുകയും സമൂഹത്തെ അലങ്കോലപ്പെടുത്തുകയും അതുവഴി ശക്തമായ നിയന്ത്രണസംവിധാനം എന്ന നിലയ്ക്കുള്ള സ്റ്റേറ്റിന്റെ ആവശ്യകതയിലേക്കുമാണു നയിക്കുക. ഇതാണു കെട്ടഴിച്ചുവിടുന്ന ബുദ്ധിയില്ലാത്ത ചിന്തയുടെ പരിണിതഫലം. മനുഷ്യനെ നിങ്ങൾക്ക് വ്യക്തിയെന്നും വിളിക്കാം, സമൂഹമെന്നും വിളിക്കാം. വിശാലമായ ചിന്താധാര ഈ സമൂഹത്തെയപ്പാടെ മനുഷ്യനെന്ന് അഭിസംബോധന ചെയ്യും. വ്യക്തിവാദം എന്നാൽ ഇവർ പറയുന്നതുപോലെ കേവലം ഒരു മനുഷ്യന്റെ സുഖമല്ല, മറിച്ച് സ്പെൻസറുടെ ആ  തലക്കെട്ട് പറയുന്നതുപോലെ മനുഷ്യരാശിയുടെ മുഴുവൻ ആനന്ദത്തിനായുള്ള യുക്തിയാണു. കാരണം മറ്റൊരാളെക്കുറിച്ചുള്ള പരിഗണനയിലും സ്നേഹത്തിലുമാണു സമൂഹം നിർമ്മിതമായിരിക്കുന്നത്. സാംസ്കാരികനായ മനുഷ്യന്റെ നിലനിൽപ്പ് സമൂഹത്തിലൂടെയാണു. അവന്റെ നിലനിൽപ്പും പ്രതിരോധവും തിരിച്ചുപിടിക്കലുകളും വ്യക്തിപരമായ സ്വാർത്ഥതകളെ സമൂഹത്തിനു വേണ്ടി ത്യജിച്ചുകൊണ്ടുള്ള ഒത്തൊരുമകളിലാണു.

‘Obsessed, bewildered
By the shipwreck
Of the singular
We have chosen the meaning
Of being numerous.’
എന്ന് ജോർജ്ജ് ഓപ്പന്റെ ‘Of Being Numerous’ എന്ന മനോഹരമായ കവിത പാടുന്നു.

എങ്ങനെയാണു ഒരു ശതമാനത്തിനെതിരെ 99 ശതമാനത്തിന്റെ സമരമായി ശക്തി പ്രാപിച്ചുവന്ന ഒക്കുപ്പൈ വാൾ സ്ട്രീറ്റ് സമരം ക്ഷയിച്ചുപോയത് എന്നതിനെക്കുറിച്ച്  ‘The Communist Horizon’- എഴുത്തുകാരിയായ ജോഡി ഡീന്റെ (Jodi Dean) “crowds and party” എന്ന പുസ്തകം പറയുന്നുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരവും ശക്തമായ മറ്റെല്ലാ സമരങ്ങളെയും പോലെ തന്നെ മേൽക്കോയ്മയുടെ ഒരു പക്ഷവുമായുള്ള  അടിസ്ഥാനപരമായ ഒരു വൈരുദ്ധ്യത്തിന്റെ പേരിൽ ഒന്നിച്ച് നിന്ന അനേകത്തിന്റെ ഒരു ചെറുത്തുനിൽപ്പായിരുന്നു അതും. അതു വരെ “We are many. We outnumber them. We can do it. We must do it.” എന്ന തരത്തിൽ സമൂഹത്തിനു വേണ്ടി ഒന്നിച്ചുയർന്നു കൊണ്ടിരുന്ന ഒത്തൊരുമയുടെ മുദ്രാവാക്യങ്ങൾക്കിടയിലേക്കാണു “Each person has to make their own autonomous decision, Everyone is an autonomous individual.” എന്ന സ്വാർത്ഥമായ, വ്യക്തികേന്ദ്രീകൃതമായ, മുദ്രാവാക്യം വന്നുവീണത്. അത് ആകസ്മികമാണെന്നു കരുതാനാവില്ല. ആരൊക്കെയോ അതിൽ ഗൂഢതാല്പര്യങ്ങളോടെ തുന്നിച്ചേർക്കുന്നതാണത്. കാരണം ഒരുമയുടെ ശക്തിയെ വ്യക്തികേന്ദ്രീകൃത സ്വാർത്ഥതകൾ കൊണ്ട് തകർക്കാൻ കഴിയുമെന്ന് കമ്പോളത്തിനറിയാം, സ്റ്റേറ്റിനറിയാം, വ്യവസ്ഥയ്ക്കറിയാം. സമൂഹമെന്നത് ക്ഷയിച്ചുപോകുന്നതും മനുഷ്യൻ തോറ്റ് പോകുന്നതും അത്തരത്തിലെ സ്വാർത്ഥമായ വ്യക്തികേന്ദ്രീകൃത വാദങ്ങളിലാണു. എന്നാൽ വാസ്തവത്തിൽ വ്യക്തിവാദം (ഇൻഡിവിജുവലിസം) ഇതൊന്നുമല്ല താനും. ബൗദ്ധികതയുടെ പുറംമോടി അണിയിച്ചുകൊണ്ട് അടിക്കടി എടുത്തുപയോഗിക്കുന്ന ആ രാഷ്ട്രീയ തത്വശാസ്ത്ര സംജ്ഞകളെ  വികലമായി വ്യാഖ്യാനിച്ചുകൊണ്ട് ഇവർ സൃഷ്ടിക്കുന്ന വഴി ഇവർ ലക്ഷ്യം വയ്ക്കുന്നു എന്ന് പറയുന്ന സ്വാതന്ത്ര്യത്തെ തിരികെക്കൊത്തുന്നതാണ്. നമ്മുടെ ബൗദ്ധികമണ്ഡലങ്ങളുടെയും ചർച്ചാവേദികളുടെയും പ്രതിരോധതത്വശാസ്ത്രങ്ങളുടെയും ഊർജ്ജം ചോർത്തിക്കളയുന്നതാണ്.

യഥാർത്ഥത്തിൽ അരാജകവാദികളല്ല, വ്യക്തിവാദക്കാരുമല്ല. പിന്നെയാരാണിവർ? സ്വാർത്ഥമായ സുഖങ്ങളുടെ പേരിൽ സാമൂഹ്യസങ്കൽപ്പങ്ങളെ ശത്രുപക്ഷത്ത് നിർത്തണമെന്നും സാമാന്യയുക്തിയിൽ അധിഷ്ഠിതമായ മൂല്യങ്ങളെയും ബലി കഴിക്കണമെന്ന യുക്തിയെ പിന്തുടരുന്നവർ. പ്രവൃത്തിയുടെ മുൻകഥയാണു (prelude) ചിന്തയെന്നതും അതിന്റെ പ്രചാരമെന്നതും കണക്കിലെടുത്താൽ അത് വച്ചുനീട്ടുന്ന ബൗദ്ധികതയിൽ അറിഞ്ഞുകൊണ്ടോ അറിയായ്മ കൊണ്ടോ കടന്നുകൂടിയിട്ടുള്ള നിസാരമല്ലാത്ത അപകടമുണ്ട്. മനുഷ്യരാശി തള്ളിക്കളഞ്ഞവയുടെ ആഘോഷമുണ്ട്. രാഷ്ട്രീയമായ പ്രതിരോധ ഐക്യങ്ങളുടെ തകർക്കലുകളുണ്ട്.  ഈ അബദ്ധബോധവും അതിലധിഷ്ഠിതമായ ബൗദ്ധികപ്രചാരണവും ആയതിനാൽ അതു മാത്രമാണു -അരുതായ്മകളുടെ അപ്പോസ്തലവൃത്തി, സുവിശേഷപ്രസംഗം.

Comments

comments