പ്പോഴും ഞാന്‍ കഠിനമായി സംശയിച്ചിട്ടുള്ള കാര്യമാണ് കുട്ടികളുടെ നിഷ്കളങ്കത‘. .. അതിക്രൂരമായി അനുഭവിച്ചിട്ടുള്ള കാര്യമാണ് എപ്പോഴും എല്ലാവരാലും വാഴ്ത്തപ്പെടുന്ന അവരുടെ ഉപാധികളില്ലാത്ത സ്നേഹം‘. സൌകര്യങ്ങള്‍ക്കനുസരിച്ച്, പരിചയങ്ങളുടെ ആധിക്യമനുസരിച്ച്ഗ്ലാമര്‍ കൂടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കുന്നതനുസരിച്ച്, പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളനുസരിച്ച് അവര്‍ ഭംഗിയായി നിലപാടുകള്‍ മാറ്റും. അവര്‍ വിദ്യാഭ്യാസമില്ലാത്ത പണമില്ലാത്ത അമ്മയെ ഒഴിവാക്കും. ഇനി പണവും സൌകര്യങ്ങളും ഉള്ള അമ്മ പഠിയ്ക്കാനും മറ്റും നിര്‍ബന്ധിക്കുന്നവളാണെങ്കില്‍, അതിഷ്ടപ്പെടാത്ത മക്കള്‍ അമ്മയെ വേണ്ട എന്നു വെയ്ക്കും. തെരഞ്ഞെടുക്കാന്‍ പറ്റുമെങ്കില്‍ കുട്ടികള്‍ മാതാപിതാക്കളെ തരാതരം പോലെ മാറ്റിയെടുക്കും എന്നര്‍ഥം.

കുട്ടികള്‍ക്ക് വേണ്ടി എന്നു പരസ്യപ്പെടുത്തുന്ന വാല്‍സല്യപ്രകടനങ്ങള്‍ മിക്കവാറും ഞാന്‍ എന്ന അമ്മയുടേയും ഞാന്‍ എന്ന അച്ഛന്‍റെയുംഅഹംബോധപ്രകടനങ്ങളാണ്. ‘ഞാന്‍ ഇത്രേം സ്നേഹിക്കുന്നു മക്കളെഎന്നവകാശപ്പെട്ട് പ്രദര്‍ശിപ്പിക്കേണ്ടത് അമ്മയുടേയും അച്ഛന്‍റേയും ചുമതലയായി സമൂഹം വിധിച്ചിട്ടുമുണ്ട്. കുടുംബം എന്ന ഏറ്റവും ചെറിയ ഫാസിസ്റ്റ് യൂണിറ്റ് അതുപടി നിലനിര്‍ത്തേണ്ടത് സമൂഹത്തിന്‍റെ കര്‍ത്തവ്യമാണ്. അതില്‍ അച്ഛനെന്ന പുരുഷനാണ് അധികാരി. അമ്മ സേവനവും ശുശ്രൂഷയും ചെയ്യുന്ന അനുസരണക്കാരി സ്ത്രീയാണ്. കുട്ടികള്‍ ഇരുവരുടേയും പ്രജകളും. പ്രജാക്ഷേമം എവിടെയാണോ, അച്ഛനമ്മമാരില്‍ ആരാണോ ആ ക്ഷേമത്തെ ഭംഗിയായി കൊണ്ടുപോകുന്നത് അവിടെയാണ് നിയമം കുട്ടികളെ നിറുത്താന്‍ ആഗ്രഹിക്കുന്നതെന്ന് നമ്മുടെ കോടതികളും നിയമങ്ങളും എപ്പോഴും പറയുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ കോടതികളില്‍ സത്യമല്ല ന്യായമല്ല നീതിയല്ലതെളിവുകളാണ് പ്രധാനം. തെളിവുകള്‍ ഉണ്ടാക്കുവാന്‍ സത്യം പറയട്ടെസമൂഹം കൂടുതല്‍ സാധ്യത നല്‍കുന്നത് പുരുഷനാണ് താനും.

കുട്ടികള്‍ക്ക് വ്യക്തമായ രുചികളുണ്ട്, താല്‍പര്യങ്ങളുണ്ട്. അവരുടെ മൂല്യം സൌകര്യങ്ങളിലും പണത്തിലും പരിചിത ഇടങ്ങളിലുമായി വീതം വെച്ച് കണക്കു പറയാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. അല്ലെങ്കില്‍ സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടി ഗവണ്മെന്‍റ് കൊണ്ടുവരുന്ന നിയമങ്ങളെ നിര്‍വീര്യമാക്കാന്‍ കുട്ടികളെ ചട്ടുകമായി ഉപയോഗിക്കാമെന്ന് പുരുഷന്മാരും തങ്ങള്‍ക്ക് വില പേശി സ്വന്തം താല്‍പര്യങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന് കുട്ടികളും കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു.

ഇന്ത്യയിലെ അനവധി ഫാമിലി കോര്‍ട്ടുകളില്‍ ഞാന്‍ പോയിട്ടുണ്ട്. അവിടത്തെ കാഴ്ചകളെല്ലാം ഏകദേശം ഒരു പോലെയാണ്. ഭാഷയില്‍ മാത്രമേ വ്യത്യാസമുള്ളൂ. വക്കീലുമാര്‍ ഒരുപോലെ. ജഡ്ജിമാര്‍ മിക്കവാറും എല്ലാം ഒരു പോലെ. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒരുപോലെ

അതുകൊണ്ട് വരൂ, ഇതാ ഈ നീലിച്ച പാടുകള്‍ കാണൂ.. ഇവളെ പരിചയപ്പെടൂ..

നാല്‍പത്തേഴു വയസ്സുള്ള ഒരു സ്ത്രീയുടേ തീക്കാലമാണിത്. ഒരു സാധാരണ സ്ത്രീ പ്രീഡിഗ്രി തോറ്റവള്‍. സ്വന്തം വീട്ടുകാര്‍ തെരഞ്ഞെടുത്ത് കൊടുത്തവനെ തികഞ്ഞ സന്തോഷത്തോടെയും പ്രതീക്ഷകളോടെയും വരിച്ചവള്‍ഭര്‍ത്താവിനേയും ശ്വശ്രുക്കളേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവള്‍കല്യാണം കഴിഞ്ഞ് കാലക്രമത്തില്‍ അവള്‍ രണ്ടു കുട്ടികളുടെ അമ്മയായവള്‍.

ജീവിതം മുന്നോട്ടു പോകവേ സ്വന്തം അമ്മയും അച്ഛനും ആങ്ങളയും അവളെ വേര്‍പിരിഞ്ഞ് പോയി. അവള്‍ ഹൃദയം പൊട്ടിക്കേണുവെങ്കിലും മരണത്തിനു നീക്കുപോക്കില്ലല്ലോ. ഇക്കാര്യം എടുത്ത് പറഞ്ഞത് എന്തിനാണെന്നറിയുമോ ? അവള്‍ ഒരു അനാഥയാണെന്ന് ഭര്‍ത്താവിനും അയാളുടെ കുടുംബത്തിനും അവള്‍ പ്രസവിച്ച മക്കള്‍ക്കും നിശ്ചയമുണ്ടെന്നറിയിക്കാനാണ്.

അനാഥര്‍ക്ക് സ്നേഹമല്ല, ഔദാര്യവും സൌജന്യവും മാത്രമേ കിട്ടൂ. അനാഥര്‍ക്ക് യാതൊരു അവകാശങ്ങളുമില്ല….അവര്‍ക്ക് സഹനങ്ങളേയുള്ളൂ. കടമകളേയുള്ളൂ ..ചില ആവശ്യങ്ങള്‍ തീരുമ്പോള്‍ ഏറ്റവും എളുപ്പത്തില്‍ സാധിക്കുന്ന പുറത്താക്കപ്പെടലുകളേയുള്ളൂ. അതുകൊണ്ട് ആ അനാഥ എന്‍റെ മുമ്പില്‍ ഒറ്റയ്ക്ക് കുത്തിയിരിക്കുന്നു. ആ കണ്ണുകളില്‍ നിന്ന് ചോരയാണൊഴുകുന്നത്. കാരണം.. കാരണം..

മ്യൂച്വല്‍ ഡൈവോഴ്സ് എന്ന എളുപ്പമായ വിവാഹമോചനമാണ്. അത് ഏറ്റവും എളുപ്പമാക്കാന്‍ എന്താണ് വഴി? തോര്‍ത്തില്‍ നാളികേരം കെട്ടി ഭാര്യയെ അടിക്കുക, (ഈയിടെ ഇറങ്ങിയ ഒരു സിനിമയില്‍ നിവിന്‍ പോളി എന്ന പോലീസ് ഇന്‍സ് പെക്ടര്‍ അങ്ങനെ തല്ലുന്നുണ്ട് ഒരു കുറ്റവാളിയെ) IMG_20170529_112540ചാരുകസേരയുടെ തുണിക്കിടയില്‍ തിരുകുന്ന വടിയെടുത്ത് തല്ലുക, മക്കളോട് വടി കൊണ്ടുത്തരാന്‍ പറഞ്ഞ് ആ മുളവടി ഉപയോഗിച്ച് അവരുടെ അമ്മയെ അടിക്കുക.. അടികൊണ്ടും ചവിട്ടു കൊണ്ടും പതം വരുമ്പോള്‍, ശരീരത്തില്‍ നീലിച്ചു തിണര്‍ത്ത പാടുകള്‍ തീയായി പൊള്ളുമ്പോള്‍, പൂട്ടിയിട്ട് പട്ടിണിക്കിടുമ്പോള്‍, സോണി സോറനെ പോലീസുകാര്‍ ചെയ്തതു പോലെ യോനിയില്‍ കല്ലടിച്ചു കയറ്റുമെന്നോ മുള്ളുള്ള പീച്ചിങ്ങ കുത്തിക്കയറ്റുമെന്നോ ഭീഷണിപ്പെടുത്തുന്ന ഭര്‍ത്താവ് ബലമായി കാലകത്തിപ്പിടിക്കുമ്പോള്‍ അവള്‍ എല്ലാ ആരോപണങ്ങളും സമ്മതിക്കും, അവള്‍ക്ക് പരപുരുഷ ബന്ധമുണ്ട്. അവള്‍ ഭര്‍ത്താവിന്‍റെ സമ്പാദ്യമെല്ലാം എടുത്ത് ചെലവഴിച്ചു, സ്വര്‍ണം മുഴുവന്‍ വിറ്റു..ശ്വശ്രുക്കളെ വേണ്ട പോലെ സേവിച്ചില്ലഅവള്‍ ജനിച്ചതു തന്നെ അയാളേയും കുടുംബത്തേയും മക്കളേയും ഉപദ്രവിക്കാന്‍ വേണ്ടിയാണ്.

പോലീസുകാര്‍ അടിക്കുമ്പോള്‍, പട്ടാളക്കാര്‍ തോക്കു ചൂണ്ടുമ്പോള്‍ വെറും സാധാരണക്കാരായ ജനങ്ങള്‍, കള്ളനും കള്ളിയും വേശ്യയും പുരുഷന്മാരെ അങ്ങോട്ടു കയറി ബലാല്‍സംഗം ചെയ്യുന്ന സ്ത്രീകളും പശുവിനെ നടത്തിയവരും പശുവിനെ അറുത്തവരും പശുവിനെ വേവിച്ചവളും സവര്‍ണ്ണരുടെ കുളത്തില്‍ നിന്നും മന:പൂര്‍വം വെള്ളം കുടിച്ച ദളിതരും ദുര്‍മന്ത്രവാദിനികളും എന്നു വേണ്ട ഭീകരവാദികളും നക്സലൈറ്റുകളും മാവോയിസ്റ്റുകളും ബോംബുണ്ടാക്കുന്നവരും വരെയായി മാറാറില്ലേനമ്മുടെ ഇന്ത്യയില്‍..

അതുപോലെ.. അത്ര സുലഭമായി..

പിന്നെ ഒരു വക്കീലുണ്ടാവും. ബാക്കി ആവശ്യമുള്ള എല്ലാ നുണകളും വക്കീല്‍ പറഞ്ഞുകൊള്ളുംഎഴുതിക്കൊള്ളും. അതായത് ഞങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടാനാവാത്ത വിധം അകന്നുകഴിഞ്ഞു. അതുകൊണ്ട് ഇരുപതു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം ഞങ്ങള്‍ സ്വമേധയാ അവസാനിപ്പിക്കുന്നു. ഭാര്യയുടെ സ്വര്‍ണവും മറ്റു സാധനങ്ങളും തിരികെ നല്‍കുന്നു. എന്നിട്ട് ഭാര്യയെക്കൊണ്ട് ഒപ്പ് വെപ്പിക്കുന്നു.

വക്കീല്‍ അവളോട് ഒറ്റയക്ഷരം ചോദിച്ചിട്ടില്ല. കാരണം വക്കീലിന്‍റെ വായില്‍ നിറച്ചും നുണകളും കൈയില്‍ നിറച്ചും പണവുമാണ്.

പെറ്റു വളര്‍ത്തിയ മക്കള്‍, ഭര്‍ത്താവ് അവളെ പട്ടിയെ തല്ലുമ്പോലെ തല്ലുമ്പോള്‍ നോക്കി നിന്നതേയുള്ളൂ. അവര്‍ക്ക് 100 എന്ന നമ്പര്‍ വിളിക്കാന്‍ തോന്നിയില്ല. അമ്മയുടെ എല്ലാ കുറവുകളും അവര്‍ക്കറിയാം. കാരണം ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ അച്ഛന്‍ അതുരുക്കഴിക്കുന്നത് അവര്‍ കേട്ടിട്ടുണ്ട്. അച്ഛമ്മയും അച്ഛാച്ഛനും അമ്മായിമാരും പറയുന്നതെല്ലാം അതേ കുറ്റങ്ങള്‍ തന്നെയാണ്. അമ്മയുടെ നന്മകളൊന്നും ആരും തന്നെ അവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല.

പിന്നെ അച്ഛന്‍ പണം സമ്പാദിച്ചുകൊണ്ടുവരുന്നതു കൊണ്ടല്ലേ  അമ്മയ്ക്ക് വീട്ടുജോലികള്‍ ചെയ്യാന്‍ പറ്റുന്നത്?

അച്ഛന്‍ ചെയ്യുന്ന ജോലികള്‍ അച്ഛനു മാത്രമേ ചെയ്യാന്‍ പറ്റൂ. എന്നാല്‍ അമ്മ ചെയ്യുന്ന ജോലികള്‍ ആര്‍ക്കു വേണമെങ്കിലും ചെയ്യാം. വേലക്കാരി മഞ്ജു എല്ലാം ചെയ്യുന്നുണ്ടല്ലോ .. വീട്ടില്‍ അമ്മയുടെ ആവശ്യമെന്തെന്ന് മുതിര്‍ന്ന മകള്‍ക്കും പതിമൂന്ന് വയസ്സുള്ള മകനും ഇപ്പോള്‍ ഒട്ടും മനസ്സിലാകുന്നില്ല. അച്ഛമ്മയ്ക്കും അച്ഛച്ഛനും മനസ്സിലായിരുന്നോ മരുമകളുടെ അദ്ധ്വാനത്തിന്‍റെയും ശുശ്രൂഷയുടേയും മൂല്യമെന്തെന്ന് എന്ന ചോദ്യമുന്നയിക്കാനും ഇപ്പോള്‍ വഴിയില്ല. കാരണം അവര്‍ മരിച്ചു കഴിഞ്ഞു.

വക്കീല്‍ കേസ് കോടതിയില്‍ ഫയല്‍ ചെയ്തുകഴിഞ്ഞപ്പോള്‍, ഭര്‍ത്താവ് അവളെ ഒരു മനപ്രയാസവും ഇല്ലാതെ റോഡിലിറക്കി വിട്ടു. ആരും തടഞ്ഞില്ല. കാരണം അവള്‍ക്ക് പതിത എന്ന പേരു കിട്ടിക്കഴിഞ്ഞിരുന്നുവല്ലോ.

അവളിപ്പോള്‍ എന്നോട് ചോദിക്കുകയാണ്.. താമസിക്കാനൊരിടം.. ചെയ്യാനൊരു ജോലി..

ജീവിതത്തിലൊരിയ്ക്കലും ഇല്ലാതെ പോയ അനവധി കഴിവുകളില്‍ തല തല്ലിക്കരയാനേ എനിക്ക് സാധിക്കുന്നുള്ളൂഎന്‍റെ കണ്ണിലും ചോരയാണൊഴുകുന്നത് .. കാരണം ഞങ്ങള്‍ ഒരേ മതത്തിലും ജാതിയിലും കുടുംബത്തിലും പെട്ടവരാണ്.. ആരുമില്ലാത്തവരുടെ മതം, പരിചയം, അടുപ്പം, സ്നേഹം എന്നൊക്കയുള്ള മണ്ടന്‍ വിചാരങ്ങളുമായി കണ്ണീരൊഴുക്കുന്നവരുടെ ജാതി, നഷ്ടപ്പെടലുകള്‍ മാത്രം എന്നുമെന്നും അനുഭവിക്കുന്നവരുടെ കുടുംബം..

Comments

comments