അനശ്വരകവിതകൾ  – അനശ്വരരുടെ കവിതകൾ- 6

രണ്ടാം ലോകമഹായുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു വീരമൃത്യു വരിച്ച 33 റഷ്യൻ കവികളുടെ യുദ്ധകാല കവിതകൾ ആണ് ‘ഇമ്മോർട്ടാലിറ്റി’ എന്ന കവിതാസമാഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.

മിഴ്സാ ജെലോവാനി 

16910713_1575049152523515_1732096273_oമിഴ്സാ റിവാസ് ജെലോവാനി 1917ല്‍ ജോര്‍ജിയിലെ ടയോനെറ്റിയില്‍ ജനിച്ചു.1935ല്‍ അവിടുത്തെ ഒരു അദ്ധ്യാപകപരിശീലന കലാലയത്തില്‍ പഠനം പൂര്‍ത്തിയാക്കി അദ്ധ്യാപകനായി. 1936ല്‍ കുടുംബസമേതം ടിഫ്ലിസ്സിലേയ്ക്ക് താമസം മാറ്റി. 1939 വരെ സബ്ചോട്ടാ മൌന്‍ഡ്‌സ്രാലി (sabchota mtserali) പ്രസിദ്ധീകരണ സ്ഥാപനത്തില്‍ പ്രൂഫ്‌റീഡര്‍ ആയിരുന്നു. പിന്നീട് സുഖുമിയിലെ സബ്ചോട്ടാ അബ്ഖസേറ്റി ദിനപത്രത്തില്‍ ജോലിക്കാരനായി.

സ്കൂള്‍വിദ്യാഭ്യാസകാലത്തുതന്നെ കവിതകള്‍ എഴുതിത്തുടങ്ങി ജെലോവാനി. ആദ്യകവിതയായ വെളുത്ത ഭൂമി ( white earth) റാഡ്ജന്‍ ഗ്വെറ്റാഡ്സെ തന്‍റെ Evening in Lashauri ( ലഷൌരിയിലെ സന്ധ്യ) എന്ന നോവലില്‍ ചേര്‍ത്തിട്ടുണ്ട്. 1930 കളുടെ അവസാനകാലത്ത് എംനാടോബി ( Mnatobi ) ഷ്വെനി ടാഓബ (Shveni Taoba) തുടങ്ങിയ മാസികകളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.

വളരെ നിഷ്കളങ്കമായി കുട്ടികളെപ്പോലെ പ്രകൃതിയെ ആരാധിച്ചിരുന്നു ജെലോവാനി. 16 വയസ്സായപ്പോഴേയ്ക്കും അദ്ദേഹം ജനശ്രദ്ധ നേടിയ ഒരു കവിയായി മാറിയിരുന്നുവെങ്കിലും മരണശേഷമാണ് അദ്ദേഹത്തിന്‍റെ കവിതകള്‍ അധികവും പ്രസിദ്ധീകരിയ്ക്കപ്പെടുന്നതും ജോര്‍ജിയിലെ യുവകവികളില്‍ ശ്രദ്ധിക്കപ്പെട്ടവനാകുന്നതും. അദ്ദേഹത്തിന്‍റെ യുദ്ധകാലകവിതകള്‍ എല്ലാം ദേശസ്നേഹം നിറഞ്ഞുനില്‍ക്കുന്നതാണ്. യുദ്ധഭീകരതകളെ നിഷ്കളങ്കമായ കാപട്യമില്ലാത്ത ഒന്നായിക്കാണുന്നു അദ്ദേഹത്തിന്‍റെ കവിതകള്‍.

അതിര്‍ത്തി പ്രദേശത്തെ വിസ്ലാ നദി മുറിച്ചു കടക്കുമ്പോള്‍ 1944 ല്‍ ( 27 വയസ്സ്) വെടിയേറ്റു മരിച്ചു.

മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് 1975 ല്‍ ഷോട്സാ രുസ്ടവേലി പുരസ്ക്കാരം (shota rustaveli state prize) നല്‍കി ആദരിച്ചു.


എനിയ്ക്കെഴുതരുത്മിഴ്സാ ജെലോവാനി
ഇംഗ്ലീഷ് മൊഴിമാറ്റം : ഓള്‍ഗാ ഷാര്‍ട്സെ
മലയാളമൊഴി : അച്യുതന്‍ വടക്കേടത്ത് രവി
………………………………………………………….
എംറ്റാസ്മിന്‍റായിലെ ആകാശം പട്ടുനീലയാണെന്ന്
ആല്‍മണ്ട് വൃക്ഷങ്ങള്‍ പുവ്വിട്ടുവെന്ന്‍
കുറായിലെ മെറ്റഖി പഴത്തോട്ടങ്ങള്‍
പഴുത്തു നിറഞ്ഞു നില്‍ക്കുന്നത് നീ കാണുകയാണെന്ന്
വസന്തത്തിന്‍റെ ഊഷ്മളതയേറ്റ്
ജോര്‍ജിയ മുഴുവന്‍ ആഹ്ലാദിച്ചിരിയ്ക്കയാണെന്ന്
പുല്‍മേടുകളുടെ പച്ചപ്പുപോലെ
നിന്‍റെ പുതിയ കുപ്പായം മുഴുവനും
പൂക്കള്‍ തുന്നിപ്പിടിപ്പിച്ച് സുന്ദരമാക്കിയിട്ടുണ്ടെന്ന്‍
നീ എനിയ്ക്കെഴുതരുത്!

കഴിഞ്ഞ രാത്രി
ഞാന്‍ വെടിയുണ്ടകളുടെ കൊടുങ്കാറ്റുതന്നെ അഴിച്ചു വിട്ടു.
ആക്രമണം രൂക്ഷമായപ്പോള്‍
ടിഫ്ലിസ് മുഴുവനും എന്‍റെ ഒപ്പമുണ്ടെന്ന്‍ തോന്നി
അത് എന്നെ അനുകമ്പയോടെ നോക്കി ചിരിച്ചു.

ഓര്‍ട്ടാഷാലയിലെ ആല്‍മണ്ട് മരങ്ങള്‍
പൂക്കുന്ന സമയമായിരുന്നു അത്.
മേല്‍ക്കൂരകളില്‍ വെയില്‍ പരന്നിരുന്നു.
എന്‍റെ പ്രിയേ, “ഞാന്‍ അവിടെയുണ്ടായിരുന്നു,
വളരെ ദൂരെ ഷോട്ടാ തെരുവില്‍!”
എന്ന് നീ എനിയ്ക്കെഴുതരുത്!

പൂക്കള്‍ വീണ്ടും കണക്കിലേറെ ധൂര്‍ത്തുകാട്ടി!
രാത്രിയില്‍ ആരോ
വയലുകള്‍ക്ക് വേനല്‍നിറം കൊടുത്തു.

നീ നിന്‍റെ മൃദുലഹൃദയത്തില്‍
മോഹങ്ങളെ താലോലിയ്ക്കുന്നു.
വെടിയുണ്ടകള്‍ ലക്ഷ്യം തെറ്റി ചിതറിയാല്‍
ഞാന്‍ തിരിച്ചുവരും.
എന്നിട്ട് നിന്നോടു പറയും:
വരുന്നാളുകളില്‍ ഞാന്‍ എന്നും നിന്‍റെയായിരിയ്ക്കും.

സൂര്യന്‍* കത്തിജ്വലിച്ചുകൊണ്ടിരിയ്ക്കാന്‍
ഞാന്‍ പാടുപെട്ടിരുന്നു.
അതുകൊണ്ട്
സൂര്യനെ നോക്കുന്നതും പ്രേമിയ്ക്കുന്നതും
തികച്ചും എന്‍റെ അവകാശമല്ലെ?

***** *************** ************** *****
കുറാ നദീതീരപ്രദേശമാണ് ടിഫ്ലിസ്. ആളുകള്‍ ‘ടിബ്ലിസ്സി’ എന്ന് തെറ്റായി ഉച്ചരിയ്ക്കുന്നു. ജോര്‍ജിയയുടെ തലസ്ഥാനം ആണ്. നിരവധി ജോര്‍ജിയന്‍ രാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു ടിഫ്ലിസ്.

റഷ്യയിലെ ടിഫ്ലിസ്സിലെ കുന്നിന്‍പ്രദേശമാണ് മറ്റാസമിന്‍റ.

കുറ അസര്‍ബൈജാനിലെ ഒരു ദ്വീപ്, അവിടുത്തെ നദിയും. കുറായിലെ മെറ്റഖി പഴത്തോട്ടങ്ങള്‍ വളരെ പ്രശസ്തമാണ്

ഓര്‍ട്ടാഷാല പഴയ ടിബ്ലിസിയിലെ ഒരു അയല്‍പ്രദേശം

ഷോട്ട – ഒരു തെരുവിന്‍റെ പേര്

സൂര്യന്‍ -ഇവിടെ ടിഫ്ലിസ് ആകാം


ഓര്‍മ്മയുണ്ടോ? മിഴ്സാ ജെലോവാനി
ഇംഗ്ലീഷ് പരിഭാഷ – ഓള്‍ഗാ സാര്‍ട്സെ
മലയാള പരിഭാഷ – അച്യുതന്‍ വടക്കേടത്ത് രവി
*****************************************
ഓര്‍മ്മയുണ്ടോ
ആ ബോംബുകള്‍
എപ്പോഴും പൊട്ടിത്തെറിച്ച്
നമ്മുടെ താവളത്തിനു ചുറ്റും
കരിപുരണ്ടതെങ്ങിനെയെന്ന്?
ആ ബുള്ളറ്റ് നമ്മുടെ ചെറുപ്പം സഖാവിന്‍റെ
ഹൃദയം ലക്ഷ്യമാക്കി അലറിപ്പാഞ്ഞ്
നമ്മളെ കടന്നുപോയതെങ്ങിനെയെന്ന്?

തനിക്ക് പറ്റാത്ത പോര്‍ച്ചട്ടയണിഞ്ഞ ആ കുട്ടി
പള്ളിമതിലിനടുത്ത് മുടന്തിവീണ് ചുരുണ്ടുകിടക്കുന്നു.
ഇന്നേവരെ അവന്‍ സ്നേഹിച്ചിട്ടില്ല
ആരുടെയും വാത്സല്ല്യം അറിഞ്ഞിട്ടുമില്ല.

അടുത്താഴ്ച്ച വസന്തം തുടങ്ങുകയായി.
അപ്പോഴേയ്ക്കും അവന്‍ മരിച്ചു.
അവന്‍റെ യന്ത്രത്തോക്ക്
സ്ഫോടനത്തില്‍ ചിതറിത്തെറിച്ചു.
എന്ത് സംഭവിച്ചാലും
സങ്കടപ്പെടരുതെന്ന്‍ നീ പറഞ്ഞിരുന്നു.
നമ്മള്‍ പൊരുതി മുന്നേറിക്കൊണ്ടിരുന്നു.

മരിച്ചവവരുടെ കണ്ണില്‍
കത്തിക്കാളുന്ന തിളക്കം നഷ്ടപ്പെട്ട്
ഇരുട്ടു മൂടിയിരിയ്ക്കും.
ഞങ്ങള്‍ മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങി.
ഞങ്ങള്‍ക്ക് മനസ്സിലായി
മരണത്തില്‍നിന്നും ഞങ്ങളെ രക്ഷിയ്ക്കാന്‍
ഒന്നിനും കഴിയില്ലെന്ന്‍.
ജീവിച്ചാല്‍ ജീവിച്ചു!
നമ്മള്‍തന്നെയുള്ളൂ നമ്മള്‍ക്ക്.

Comments

comments