വാർത്തകൾ നാം ധാരാളമായി കേൾക്കുന്നു.
ആണധികാരത്തിൻറെ അടിവേരുകളെ വെളിപ്പെടുത്തിയ സ്ത്രീസംഘടനകളും സമരങ്ങളും പോലും അവയിലെ പ്രമുഖരായ വ്യക്തികളുടെ പേരിൽ അറിയപ്പെടുകയോ വ്യക്തികളിലേക്കു ചുരുക്കപ്പെടുകയോ ചെയ്യുന്നത് സാധാരണം മാത്രമാണ്. ഈ വ്യക്തികേന്ദ്രീകരണം കുറേയൊക്കെ മാദ്ധ്യമങ്ങളുടെ, പ്രത്യേകിച്ച് ദൃശ്യമാദ്ധ്യമങ്ങളുടെ ഫലമാണ്.
സ്ത്രീമുന്നേറ്റത്തിൻറെ അന്തിമസോപാനമെന്ന് ആരും കരുതരുതെന്ന് മാത്രം. വാസ്തവത്തിൽ അവ തുടക്കം മാത്രമാണ് – പൂർണ്ണമായും മറികടക്കേണ്ടതായ
തുടക്കം. പുരുഷാധികാരലോകത്തിൻറെ ചട്ടങ്ങൾപ്രകാരം
മഹാപ്രയത്നത്തിലൂടെ മുന്തിയസ്ഥാനം നേടിക്കഴിഞ്ഞാൽ, ആ വഴിയെ ദുർഘടമാക്കുന്ന പുരുഷാധികാരസംസ്കാരത്തെ തുറന്നുകാട്ടാനും എതിർക്കാനും സ്ത്രീ ശക്തയാകുമ്പോള്‍ മാത്രമാണ് സ്ത്രീമുന്നേറ്റമെന്ന് നമുക്ക് പറയാനാവുക.എന്നാൽ മറ്റൊരു കാര്യം കൂടിയുണ്ട് ഇതിൽ. ആണധികാരത്തെ വിജയിച്ച സ്ത്രീ ഒറ്റപ്പെട്ട പാതയിൽ സഞ്ചരിക്കുമ്പോള്‍ പലപ്പോഴും വൻ തെറ്റിദ്ധാരണകൾക്ക്
ഇരയാകാറുണ്ട്. തൻറെ വ്യക്തിപരമായ ശക്തി, ബുദ്ധി, പ്രയത്നം, കഴിവുകൾ എന്നിവയാണ് വിജയകാരണമെന്നു ധരിക്കുന്ന വിജയിനികളാണ് അധികവും. ഒറ്റപ്പെട്ട വ്യക്തിയുടെ കഠിനപ്രയ്തനമാണ് ജീവിതവിജയമെന്ന അർദ്ധസത്യം പോലെയാണ് ഇതും. പൂർണ്ണമായും കള്ളമല്ല, പക്ഷേ അസത്യത്തെക്കാൾ അപകടകരം. കാരണം, ഇങ്ങനെ ചിന്തിക്കുന്ന ഈ വ്യക്തി സമൂഹത്തിലും ചരിത്രത്തിലും സ്വയം തിരിച്ചറിയുന്നില്ല എന്നാണ് അർത്ഥം. സ്ത്രീകളെന്ന
പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിനു പൊതുമണ്ഡലത്തിൽ ദൃശ്യതയും പൊതുജീവിതത്തിൽ സാന്നിദ്ധ്യവും സ്വകാര്യ ഇടങ്ങളിൽ കുറഞ്ഞ അളവിൽ
അവകാശങ്ങളും നേടിയെടുക്കാൻ കഴിഞ്ഞത് ഒരു ഭരണാധികാരിയുടെയോ വിപ്ളവത്തിൻറെയോ ഔദാര്യം കൊണ്ടല്ല. മറിച്ച് ഓരോ തലമുറയിലും തങ്ങളുടെ പൊതുവായ അവകാശങ്ങൾക്കായി പൊരുതാൻ ചെറുതെങ്കിലും ദൃഢനിശ്ചയം കൈമുതലായ ഒരു വിഭാഗം സ്ത്രീകൾ പരസ്യസമരങ്ങൾക്ക് തയ്യാറായതുകൊണ്ടാണ് ലോകത്തിൽ ജനാധിപത്യം സ്ത്രീകൾക്കായി വിപുലീകരിക്കപ്പെട്ടത്. ഇത് ആധുനികചരിത്രത്തിൽ ഓരോ തലമുറയിലും നാം കാണുന്ന പ്രതിഭാസമാണ്. ഒറ്റപ്പെട്ടവരെന്നു ചിത്രീകരിക്കപ്പെടുന്ന വിജയിനികൾ പലപ്പോഴും ഈ തരംഗങ്ങൾ സൃഷ്ടിക്കുന്ന ഊർജ്ജത്തിൻറെ ഗുണഭോക്താക്കളോ, ചിലപ്പോൾ സന്തതികൾ തന്നെയോ ആണ്. പൊതു ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഈ സമര-തരംഗങ്ങൾ പലപ്പോഴും പുരുഷാധികാരത്തെ അടിയോടെ ചോദ്യംചെയ്യുന്നവയുമാണ്. പുരുഷന്മാർ തമ്മിലുള്ള പരസ്പരമത്സരാധിഷ്ഠിതമായ വിനിമയങ്ങളെത്തന്നെ
സംശയത്തോടെ വീക്ഷിക്കുന്നവ. അതുകൊണ്ടാണ് ഫെമിനിസത്തിന് ലോകവിപ്ളവങ്ങളിൽ ഏറ്റവും നീണ്ടതെന്ന പേരുവീണത്. ലോകവിപ്ളവങ്ങൾ- ഫ്രഞ്ചുവിപ്ളവം മുതൽ അറബ് മുല്ലപ്പൂ വിപ്ളവം വരെ- സ്ത്രീകളെ ചതിച്ചിട്ടേയുള്ളൂ. ലോകത്തിലിന്ന് സ്ത്രീകൾ അനുഭവിക്കുന്ന പൌരാവകാശങ്ങൾ
അവരുടെ സമരങ്ങളിലൂടെയും കൂടുതൽ വിശാലമായ ജനാധിപത്യ പരിണാമങ്ങളിൽ അവർ വഹിച്ച പങ്കാളിത്തത്തിലൂടെയും സ്ത്രീകൾ തന്നെ നേടിയതാണ്.ഇതോർക്കുമ്പോഴാണ് നമ്മുടെ നാട്ടിലെ പുരോഗമന ചിന്താഗതിക്കാരായ ബുദ്ധിജീവികളും ആഗോളതലത്തിൽ വായിക്കപ്പെടുന്നവരുമായ പണ്ഡിതരും സ്ത്രീമുന്നേറ്റത്തെക്കുറിച്ച് വച്ചുപുലർത്തുന്ന ശുഷ്കധാരണകളെ ഓർത്ത് പരിതപിച്ചു പോകുന്നത്. സ്ത്രീമുന്നേറ്റമെന്നാൽ പുരുഷാധികാരത്തിൻറെ സ്വാംശീകരണവും സ്ത്രീകളിലൂടെയുള്ള അതിൻറെ സാക്ഷാത്ക്കാരവുമാണെന്ന മൂഢവിചാരം നമ്മുടെ നാട്ടിൽ പുരുഷപീഡനപരിഹാരവേദിക്കാരും മഹാപുരോഗമനവാദികളായ പുരുഷബുദ്ധിജീവികളും, രണ്ടു വിധത്തിലാണെങ്കിലും, ഏതാണ്ടൊരേ
ഉത്തമവിശ്വാസത്തോടെ, കൊണ്ടു നടക്കുന്നതു കാണുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ കുഴങ്ങിപ്പോകുന്നു. ആദ്യത്തെ കൂട്ടർ ഈ പോഴത്തത്തെ ഏറ്റുപിടിച്ചു കൊണ്ട് ഫെമിനിസ്റ്റുകളെ ആക്രമിക്കാൻ ചാടിപ്പുറപ്പെടുന്നുവെങ്കിൽ, രണ്ടാമത്തെ കൂട്ടർ ഇതാണ് സ്ത്രീവിമോചനമെന്ന് തീർച്ചപ്പെടുത്തി, ഇതിനെ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിപ്പിക്കാനും തയ്യാറാകുന്നത് ശരിക്കും വിചിത്രമായ കാഴ്ചയാണ്. അതായത്, ആണിൻറെ ഹുങ്കും ഹിംസയും ആണിനെതിരെ പ്രയോഗിക്കാനുള്ള കഴിവും മനസ്സുമാണ് ഇവരുടെ കണക്കിൽ സ്ത്രീവിമോചനം, അതിൻറെ സാക്ഷാത്ക്കാരമാണ് സ്ത്രീമുന്നേറ്റം. ഒരു കൂട്ടർ അതിനെ നഖശിഖാന്തം എതിർക്കുന്നു, മറ്റേ കൂട്ടർ അഭിനന്ദിക്കുന്നുവെന്നു മാത്രം.ഞാനീയടുത്ത് പങ്കെടുത്ത ഒരു കൂടിച്ചേരലിൽ രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന ഒരാൾ സ്ത്രീമുന്നേറ്റത്തെ വാത്സല്യപൂർവ്വം വർണ്ണിച്ചു കേട്ടതിൻറെ ഞെട്ടൽ ഇനിയും മാറിയിട്ടില്ലാത്തതുകൊണ്ടാണ് ഇത്രയും എഴുതുന്നത്.കുടുംബശ്രീ സൃഷ്ടിച്ച സ്ത്രീമുന്നേറ്റത്തെക്കുറിച്ച് വാചാലനാകവെ അദ്ദേഹം ഒരു സംഭവം വിവരിക്കുകയുണ്ടായി – അദ്ദേഹം പരിചയപ്പെട്ട ഒരു കുടുംബശ്രീ സ്വയംസഹായസംഘത്തിൽ നടന്നതാണത്രെ. അതിൽ അംഗമായ ഒരു സ്ത്രീ ഭർത്താവിൻറെ ഭയങ്കരമർദ്ദനം സഹിച്ചാണ് കഴിഞ്ഞിരുന്നത്. അവർ തൻറെ സങ്കടം സംഘത്തിലെ തൻറെ കൂട്ടുകാരികളോടു പറഞ്ഞപ്പോൾ അവർ ഉപദേശിച്ചത്രെ, നീ അയാളെ തിരിച്ചു മർദ്ദിക്കൂ, ഞങ്ങൾ നിന്നോടു കൂടിയുണ്ട്.ഇങ്ങനെ ധൈര്യവതിയായിത്തീർന്ന സ്ത്രീ മർദ്ദകനായ ഭർത്താവിനെ അടിച്ചൊതുക്കി. ഇന്നയാൾ അടങ്ങിയൊതുങ്ങിക്കഴിയുന്നു. കഥയിലെ ലിംഗാഖ്യാനത്തിൻറെ തിരിച്ചിടൽ കൊണ്ടാകാം, ഇദ്ദേഹത്തെ കേട്ടിരുന്ന പല പുരുഷന്മാരും ചിരിച്ചുപോയി.ഗവേഷണപാടവം എത്രതന്നെയുണ്ടെങ്കിലും സ്വന്തം പറച്ചിലുകളുടെ രാഷ്ട്രീയത്തെ വിമർശനപരമായി തിരിഞ്ഞുനോക്കാനുള്ള കഴിവ് അതിബുദ്ധിമാന്മാർക്കു പോലുമില്ലെന്ന പാഠമാണ് ഇതിൽ. ഒന്നാമത്, മർദ്ദനമേൽക്കുന്ന ദരിദ്രയും കുടുംബം പോറ്റാൻ അത്യദ്ധ്വാനം ചെയ്യുന്നവളുമായ സ്ത്രീയോട് മർദ്ദകനായ പുരുഷനെ കായികമായി, ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ നിർദ്ദേശിക്കുമ്പോൾ അവർ തമ്മിൽ കായികമായ സമനിലയും മുറിവു പറ്റിയാൽ ചികിത്സ തേടാനുള്ള കഴിവിൽ സമാനതയും ഉണ്ടെന്ന മുൻവിധിയാണ് നാം സ്വീകരിക്കുന്നത്. സ്ത്രീയുടെ ജീവനെപ്പോലും അപകടപ്പെടുത്തുന്ന നിർദ്ദേശമാകാം ഇത്. രണ്ടാമത്, കുടുംബശ്രീസംഘമാണ് ഈ നിർദ്ദേശം ഉന്നയിച്ചതെങ്കിൽ അവർ ശക്തരല്ല, അശക്തരാണെന്നു വേണം പറയാൻ. കാരണം, ശക്തരായിരിന്നുവെങ്കിൽ ഇതിനെ ഒരു സ്വകാര്യപ്രശ്നമായി തീർക്കണമെന്ന് അവർക്കു തോന്നില്ലായിരുന്നു. മർദ്ദകനെ ഒറ്റക്കെട്ടായി സമീപിച്ച്, ഹിംസാത്മകമല്ലാത്ത മാർഗങ്ങളിലൂടെ, അയാളെ മെരുക്കാൻ അവർക്കു കഴിയുമായിരുന്നു. ജാഗ്രതാ സമിതിയുടെയും പൊതുവിൽ നീതിന്യായവ്യവസ്ഥയുടെയും താങ്ങിലൂടെ തങ്ങൾ ശാക്തീകരിക്കപ്പെട്ടു എന്ന വിശ്വാസമുണ്ടായിരുന്നുവെങ്കിൽ അവർ പ്രാകൃതമായ ഈ നിർദ്ദേശത്തപ്പറ്റി ചിന്തിക്കുക പോലുമില്ലായിരുന്നു.
അന്ന് ആ സെമിനാർ മുറിയിൽ മുഴങ്ങിയ ചിരി ഇന്നും എൻറെ കാതുകളിലുണ്ട്. ഈ കഥ പറഞ്ഞത് ഒരു പുരുഷനല്ല, മറിച്ച് ഒരു സ്ത്രീയായിരുന്നുവെന്ന് സങ്കല്പിക്കുക.
ചിരി മുഴങ്ങുമായിരുന്നോ?
ആൺവായിൽ നിന്ന് ഇതു പ്രവഹിക്കുമ്പോള്‍ പൊട്ടിപ്പുറപ്പെടുന്ന ചിരിയുടെ ഉറവിടമെന്ത്? മറ്റൊന്നുമല്ല – പുരുഷാധികാരത്തിൻറെ ആയുധങ്ങൾ ഉപയോഗിച്ചാണെങ്കിലും പുരുഷാധികാരസ്ഥാപനത്തിലെ അനീതികൾ സ്വകാര്യമായി പരിഹരിച്ചുകൊണ്ട് അത് വിജയകരമായി തുടരുന്നല്ലോ എന്ന പരോക്ഷാശ്വാസം തന്നെ. മദ്ധ്യപ്രദേശിൽ ഹിന്ദുത്വവാദിയായ ഒരു മന്ത്രി നവവധൂവരന്മാര്‍ക്ക് ക്രിക്കറ്റ് ബാറ്റുകൾ വിവാഹസമ്മാനമായി നൽകിയത്രെ – മദ്യപാനികളായ ഭർത്താക്കന്മാരെ നേരിടാൻ. അദ്ദേഹവും പത്തരമാറ്റ് ഇടതുപക്ഷക്കാരനായ പണ്ഡിതനും തമ്മിൽ ഈ ഒരു കാര്യത്തിൽ ഐക്യമുണ്ട്.
ആശ്വസിക്കണോ ആശങ്കപ്പെടണോ എന്നറിയാതെ കുഴങ്ങിപ്പോകുന്നു ഞാൻ….
Be the first to write a comment.