ന്റേടിയായ അഭിമാനിയെന്നു സ്വയം വിളിക്കാനായിരുന്നു ഗുസ്താഫ് കൂബെയ്ക്കിഷ്ടം. ചിത്രവിമര്‍ശകര്‍ക്കെല്ലാം പുറംതിരിഞ്ഞു നടന്ന ഒരു പ്രതിഭാധനന്‍. 1855-ല്‍ പാരീസില്‍ നടന്ന അന്താരാഷ്ട്രചിത്രപ്രദര്‍ശനത്തില്‍ കൂബെയുടെ ചിത്രം നിരസിക്കപ്പെട്ടുവത്രേ. പിന്നെ ഒരു വാശിയെന്നോണം. ആ പ്രദര്‍ശനഗരിക്കടുത്തുതന്നെ സ്വന്തമായൊരു പവിലിയന്‍ തന്നെ കെട്ടിപ്പൊക്കി ഈ തന്നിഷ്ടക്കാരന്‍.

Gustave_Courbetഅര്‍നാന്‍ എന്ന കൊച്ചുപട്ടണത്തില്‍നിന്നാണ് കൂബെ വെറും ഇരുപത്തൊന്നാം വയസ്സില്‍ പാരീസിലേക്കെത്തിയത്. കുറേയേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള വെമ്പലിലും ഒട്ടൊരു അഹങ്കാരത്തോടെയുമായിരുന്നു ആ ചിത്രകാരന്‍റെ വരവ്. കൂട്ടുകെട്ടാണെങ്കിലോ, ബോദലെയറിനെപ്പോലുള്ള ചിന്തകരുമായിട്ടും. കൂബേയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. തുടര്‍ന്നങ്ങോട്ട്, അത്ഭുതകരമായ, അതേസമയം വിവാദകലുഷിതമായ ഒരു പ്രയാണമായിരുന്നു. കലാചരിത്രത്തില്‍ സ്വന്തമായ ഒരു പുതുപന്ഥാവ് തന്നെ വെട്ടിത്തുറന്നു ധിക്കാരിയായ ആ ചെറുപ്പക്കാരന്‍.

ജീവിതത്തിന്‍റെ യഥാതഥമായ ചിത്രീകരണത്തിലാണ് കൂബെ വിശ്വാസം അര്‍പ്പിച്ചിരുന്നത്. നേരില്‍ കാണാനാവാത്ത ഒന്നിനെ വരയ്ക്കുന്നത് വ്യര്‍ത്ഥമെന്നദ്ദേഹം കരുതി. നമുക്കു ചുറ്റുമുള്ള ഓരോന്നിലേക്കും പാരീസുകാരുടെ ശ്രദ്ധയെ ആ ചിത്രകാരന്‍ ക്ഷണിച്ചു. ആ കാഴ്ചകളെയൊക്കെ അതേപടി അദ്ദേഹം തന്‍റെ ചിത്രത്തിലേക്ക് പകര്‍ത്തി. അത് സുന്ദരമോ, മോശമോ ഇനി അഥവാ വൃത്തികെട്ടതാണെങ്കില്‍പ്പോലും.

എന്തൊക്കെ പറഞ്ഞാലും, കൂബെയുടെ ചിത്രങ്ങളില്‍ ഒരു പക്ഷെ, ഏറ്റവും മികച്ചതും ഏറെ നിഗൂഢവുമായത് 1855ല്‍ മുഴുവനാക്കിയ ‘ചിത്രകാരന്‍റെ സ്റ്റുഡിയോ’ തന്നെ. ഈ ചിത്രം തന്നെയായിരുന്നു പാരീസിലെ അന്താരാഷ്ട്രജൂറി യോഗ്യതയില്ലെന്നു പറഞ്ഞു തള്ളിക്കളഞ്ഞത്. സത്യത്തില്‍ പലയാവര്‍ത്തി നോക്കിയിരുന്നാലും മുഴുവനായും മനസ്സിലാക്കാനനുവദിക്കാത്ത, എന്നും എന്തൊക്കെയോ മറച്ചുവെയ്ക്കുന്ന, ഒരു മനോഹരചിത്രമാണിത്. ഒരറ്റത്തുനിന്നും വായിച്ചുതുടങ്ങിയാല്‍ ദിവസങ്ങളെടുത്താലും തീര്‍ക്കാനാവാത്ത ഒരു അനന്തസ്വഭാവം ഈ ചിത്രത്തിനുണ്ട്. വെറുതേയല്ല, കൂബെ ഈ ചിത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞത്. “എന്‍റെ ലോകം മുഴുവനായും ഈ ചിത്രത്തിലേക്ക് ഇറങ്ങിവരുന്നുണ്ടെന്നു എനിക്ക് തോന്നാറുണ്ട് പലപ്പോഴും” എന്ന്. എത്ര വാസ്തവം! ചിത്രകാരന്‍റെ മാത്രമല്ല, ഓരോ പ്രേക്ഷകന്‍റെയും ലോകങ്ങള്‍ക്കും ഇത്തരമൊരു ഗൃഹാതുരത്വം നിറഞ്ഞ അനുഭവം “ചിത്രകാരന്‍റെ സ്റ്റുഡിയോ” സമ്മാനിക്കുന്നുണ്ട്.

ഒരു പക്ഷെ, ഏതാനും ദൃഷ്ടാന്തങ്ങളിലൂടെ അല്പം ദുര്‍ഗ്രഹമെന്നുതന്നെ പറയാവുന്ന ഒരു അന്യാപദേശകഥ തന്നെയായിരിക്കാം കൂബെ ഇവിടെ വരഞ്ഞിട്ടിരിക്കുന്നത്. അതിലൂടെ തന്‍റെ ഏഴുവര്‍ഷത്തെ കലാജീവിതം തന്നെയാണ് ഒരുതരം ചിത്രപ്രച്ഛന്നതയിലൂടെ വിഷയമാക്കിയിരിക്കുന്നത്. 1855-ലെ ഈ ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനവേളയില്‍ കൂബെ പറഞ്ഞതും മറ്റൊന്നല്ല. അധികാരവലയത്തിനു വഴങ്ങിനില്‍ക്കാന്‍ കഴിയുന്ന ഒരാളായിരുന്നില്ല അദ്ദേഹം. സ്വന്തമായ നിയമങ്ങളിലും ചട്ടക്കൂടുകളിലും മാത്രമേ കൂബെ വിശ്വച്ചിരുന്നുള്ളൂ. ഒരു പക്ഷെ, റിയലിസത്തിന്‍റെതായ ലോകത്തിലെ ആദ്യത്തെ പ്രദര്‍ശനപവിലിയനില്‍ കൂബെ സ്വന്തം ചിത്രങ്ങള്‍ മാത്രമായി അവതരിപ്പിച്ചപ്പോള്‍ കലാലോകം ഒരു വലിയ വഴിത്തിരിവിനു സാക്ഷ്യം വഹിക്കുകയായിരുന്നു. എങ്കിലും സ്വയം ഒരു റിയലിസ്റ്റ് ആയി കൂബെ കാണാന്‍ തയ്യാറില്ലായിരുന്നു. ആ കലാപ്രസ്ഥാനവ്യതിയാനം എന്തിനെക്കാളുമേറെ ഒരു അനിവാര്യതയായിരുന്നു അദ്ദേഹത്തിന്. കൂബെ ഒരിക്കല്‍ പറയുകയുണ്ടായി. “ഈ റിയലിസ്റ്റ് എന്ന പദം എന്നില്‍ അടിച്ചേല്‍പിച്ചതാണ്, 1830ലെ ചിത്രകാരനെ കാല്പനികന്‍ എന്നു വിളിച്ചിരുന്നതുപോലെ. പഴയകാല മഹാരഥന്മാരെയൊക്കെ ഞാന്‍ വിശദമായി പഠിച്ചിട്ടുണ്ട്. അവരില്‍ നിന്നെല്ലാം വേറിട്ടുനിന്ന്, ഈ ലോകത്തെ കാണാനും സ്വതന്ത്രമായ എന്‍റെ ചിന്തകള്‍ ആവിഷ്കരിക്കാനും മാത്രമേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ. എന്‍റെ കാലത്തെ യഥാതഥമായി, എന്‍റെ ആശയങ്ങളിലൂടെ അവതരിപ്പിക്കലായിരുന്നു ആ ഉദ്യമത്തിനു പിന്നില്‍. അതായത് ഞാനെന്ന ചിത്രകാരനെയല്ല, മറിച്ച്, ഞാനെന്ന പച്ചമനുഷ്യനെയായിരുന്നു എനിക്ക് കാണിക്കേണ്ടിയിരുന്നത്. ജീവിക്കുന്ന കലയായി മാറി എന്‍റെ ലക്ഷ്യം.

Courbet_LAtelier_du_peintre

The Painter’s Studio (L’Atelier du peintre)

ചിത്രത്തിന്‍റെ മധ്യത്തില്‍ കൂബെ തന്നെയാണ്. കൈയ്യിലൊരു ചായപ്പലകയുമായി മനോഹരമായൊരു പ്രകൃതിദൃശ്യം തീര്‍ക്കുന്ന കൂബെയെ നോക്കി ഒരു കൊച്ചുമിടുക്കന്‍ മിഴിച്ചുനില്‍ക്കുന്നു. അവന്‍റെ കാല്‍ക്കീഴില്‍ സ്വതന്ത്രവിഹാരിയായ ഒരു വെള്ളപ്പൂച്ച. ചിത്രകാന്‍റെ തുറസ്സിനെത്തന്നെയായിരിക്കണം ആ മാര്‍ജ്ജാരഭാവം പ്രതിനിധീകരിക്കുന്നത്. തൊട്ടുപുറകില്‍ പൂര്‍ണ്ണനഗ്നയായ ഒരു മോഡലും. കൂബെയുടെ ആ ഇരിപ്പിനു തീര്‍ച്ചയായും ഒരു പ്രത്യേകതയുണ്ട്. താടിയൊക്കെ മുന്നോട്ടു പൊക്കിപ്പിടിച്ചു, പിന്നോട്ടുചാഞ്ഞുള്ള, ഒട്ടൊരു ഔദ്ധത്യത്തോടുകൂടിയ ഇരിപ്പ്. ചിലപ്പോള്‍ തന്‍റെ സ്ഥാനത്തെക്കുറിച്ചുള്ള തികഞ്ഞ ആത്മവിശ്വാസവുമാവാം. ഇതിലെവിടെയാ റിയലിസം എന്നു നമ്മള്‍ ഒരുനിമിഷം നമ്മള്‍ ചിന്തിച്ചുപോകും. സംശയലേശമന്യേ, ഈ യഥാതഥചിത്രത്തെ മന:പൂര്‍വ്വം സൃഷ്ടിച്ച  പ്രതീകാത്മകയിലേക്കെത്തിക്കുകയാണ് ചിത്രകാരന്‍. കൂബെയ്ക്കതിനു കാരണങ്ങളുണ്ട്. താന്‍ അനുഷ്ഠിച്ചുപോന്നിരുന്ന ചിത്രണരീതിയെയാണ് അദ്ദേഹം ഇവിടെ ആവിഷ്കരിക്കുന്നത്. വ്യവസായവിപ്ലവത്തെ തുടര്‍ന്ന്‍ നാടെങ്ങും പുതുനഗരങ്ങള്‍ വളര്‍ന്നുവന്നിരുന്ന കാലമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യകാലം. പ്രകൃതിയിലേക്കുള്ള, സത്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറയുകയായിരുന്നോ ആ ലാന്‍ഡ്സ്കേപ്പിലൂടെ അദ്ദേഹം?. ഒരുപാടു ലാന്‍ഡ്സ്കേപ്പ് ചിത്രങ്ങള്‍ കൂബെ അക്കാലത്തു വരച്ചിരുന്നു എന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്.

അങ്ങനെ ആത്മകഥാംശമുള്ള ചിത്രമധ്യത്തില്‍ നിന്നാണ് കൂബെയുടെ രേഖകളും വര്‍ണ്ണങ്ങളും വശങ്ങളിലേക്കു പടരുന്നത്. ആധുനികലോകത്തിന്‍റെ ഒരു പരിച്ഛേദം വലിയൊരു കൊലാഷെന്നോണം അവതരിപ്പിച്ചിരിക്കുന്നു. അതിനായി ഒരു വമ്പന്‍ കാന്‍വാസുതന്നെയാണ് കൂബെ ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. പത്തൊമ്പതടി നീളത്തിലുള്ള കൂറ്റന്‍ ചിത്രം. ചിത്രത്തിന്‍റെ ഇടതുകോണില്‍ ദൈനംദിനജീവിതത്തിലെ എല്ലാ ദീനതകളും കാണാം. നികൃഷ്ടവും നിസ്സഹായവുമായ ജീവിതപ്പകര്‍പ്പുകള്‍. എവിടേയുമെന്നപോലെ അവിടേയും സമ്പത്തുണ്ട്. ദാരിദ്ര്യമുണ്ട്. ചൂഷകനും ചൂഷിതനുമുണ്ട്. അക്കൂട്ടത്തില്‍ ഒരു പുരോഹിതനേയും കച്ചവടക്കാരനേയും, പിന്നെ ഒരു വേട്ടക്കാരനേയും കാണാം. വേട്ടക്കാരന്‍ യഥാര്‍ത്ഥത്തില്‍ നെപ്പോളിയന്‍ മൂന്നാമന്‍ എന്ന ചക്രവര്‍ത്തിയാണെന്ന അഭിപ്രായം പണ്ഡിതരില്‍ ശക്തമാണ്. ഒടുവിലായി, ഗിത്താറും നായയുമായി തെരുവിലലയുന്ന ഭിക്ഷക്കാരുമുണ്ടതില്‍.

അതേസമയം വലതുവശത്താണെങ്കില്‍ അക്കാലത്തെ പ്രശസ്തരായ ഒരുപാടുപേരെ കാണാനൊക്കുന്നുണ്ട്. ചിത്രകാരനാവാന്‍ ആഗ്രഹിച്ച് ഒടുവില്‍ ചിത്രസംഗ്രാഹകനായി മാറിയ ആല്‍ഫ്രഡ് ബ്രൂയാസ്, സമൂഹത്തിലേക്ക് എന്തെങ്കിലും കൊടുക്കാനാവുന്നവര്‍ മാത്രമേ സമൂഹത്തിന്‍റെ പങ്കുപറ്റാവൂ എന്നുറച്ചു വിശ്വസിച്ചിക്കുകയും ഫ്രഞ്ച് സാമൂഹ്യ-രാഷ്ട്രീയമണ്ഡലങ്ങളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയുമുണ്ടായ പ്യേര്‍-ഷോസേഫ് പ്രുധോം, നോവലിസ്റ്റും കലാവിമര്‍ശകനുമായിരുന്ന ഷംഫ്ലോയ്റി, എന്നീ മഹാരഥന്മാരേയൊക്കെ അക്കൂട്ടത്തില്‍ കാണാം. പക്ഷെ, ഈ വ്യവഹാരങ്ങളിലൊന്നും ഒരു തരിമ്പുപോലും ശ്രദ്ധയില്ലാതെ, തങ്ങളുടേതായ ലോകത്തില്‍ അഭിരമിക്കുന്ന ചിലരെക്കൂടി കൂബെ നിഷ്കര്‍ഷം ഇവിടെ വരച്ചുചേര്‍ത്തിട്ടുണ്ട്. മേശപ്പുറത്തിരുന്ന്‍ പുസ്തകത്താളുകളില്‍ ഗാഢമായി മുഴുകിയിരിക്കുന്നത് കവിയും ചിന്തകനുമായ ബോദല്യെര്‍ തന്നെ. ഇനി ജനവാതിലിനടുത്ത് പ്രേമകേളികളില്‍ രമിക്കുന്ന പ്രണയജോടികളെ അരാഷ്ട്രീയവാദത്തിന്‍റെ കൂടപ്പിറപ്പുകളായിട്ടാണോ വരച്ചതെന്നറിയില്ല. ഈ ലോകത്തെന്തു കീഴ്മേല്‍ മറിഞ്ഞാലും ചിലരീ ലോകത്തിലെന്നും സ്വസ്ഥരും നിസ്സംഗരും, ഒരു പക്ഷെ, സംതൃപ്തരുമാണല്ലോ.

എത്രയൊക്കെ കൂട്ടിയാലും കിഴിച്ചാലും ഈ ചിത്രം എന്തൊക്കെയോ ബാക്കിവെയ്ക്കുന്നു. മനസ്സിനും ചിന്തകള്‍ക്കും പിടിതരാത്ത ഒരുപാടു കാര്യങ്ങള്‍. ഒരു പക്ഷെ, കൂബെ വരച്ചുതീര്‍ന്നിട്ടേയില്ല ഈ ചിത്രമെന്നും തോന്നാം. തികച്ചും അലക്ഷ്യമായി വരച്ചിരിക്കുന്ന ചിത്രപശ്ചാത്തലം അതുതന്നെയല്ലേ വിളിച്ചുപറയുന്നത്. കാലമെത്ര കഴിഞ്ഞാലും ഈ ചിത്രക്കുരുക്ക് കുഴഞ്ഞുമറിഞ്ഞുതന്നെ കിടക്കുകയും ചെയ്യും. എങ്കിലും ചിത്രകാരനാണ് ഒരു ചിത്രത്തിന്‍റെ മൂലമെന്നും അവന്‍റെ ആവിഷ്കാരം മാത്രമാണതെന്നും ഇവിടെ അടിവരയിടാതെ വയ്യ. അതായത്, അര്‍ത്ഥങ്ങളിലും ചിത്രവായനകളിലും കുരുങ്ങാതെയുള്ള ഒരു പ്രയാണം ഈ കൂബെച്ചിത്രം നമ്മെ അനുഭവിപ്പിക്കുന്നുണ്ട്.

കൂബെയുടെ ഒരു ചിത്രം കൂടി നമുക്കിവിടെ പരിചയപ്പെടാം.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പകുതി. ഫ്രഞ്ചു വിപ്ലവത്തിന്‍റെ നിഷ്ഫലതയൊക്കെ ജനങ്ങൾ മനസ്സിലാക്കി വരുന്ന കാലം. ജൂൺദിനകലാപം എന്ന പേരിലൊരു സായുധമുന്നേറ്റം ഫ്രാൻസിനെ പിടിച്ചുകുലുക്കിയ ദിവസങ്ങൾ. പ്രക്ഷുബ്ധമായ അക്കാലത്തുതന്നേയാണ്  ലോകകലാചരിത്രത്തെ മാറ്റിമറച്ച പുതുചിത്രണരീതിയുമായി ഗുസ്താവ് കൂബേ രംഗത്തുവരുന്നത് എന്നോര്‍ക്കണം. അതും മറ്റൊരു അതിവമ്പൻ ചിത്രവുമായി. 22 X 10 അടി വലിപ്പത്തിൽ. ആധുനികചിത്രകലയിൽ റിയലിസത്തിന് തുടക്കമിട്ട “അർനനിലെ ശവസംസ്കാരം” ആയിരുന്നു ആ ചിത്രം.

കൂബേയുടെ വല്യമ്മാവന്‍റെ കബറടക്കമാണ് ഇതിൽ പ്രതിപാദ്യം. അവരുടെ തറവാട്ടു പട്ടണമായിരുന്നു അർനൻ. ആ സംഭവം എങ്ങനെ കണ്ടോ, അതുപോലെത്തന്നെ കൂബേ കാൻവാസിലാക്കി. അതായിരുന്നു  യഥാതഥചിത്രങ്ങളുടെ  രീതി. അങ്ങനേയല്ലാതെ വരയ്ക്കാൻ കൂബേക്ക് ആവുമായിരുന്നില്ല. ‘എനിക്കൊരു മാലാഖയെ കാണിച്ചു തരൂ, ഞാനതിനെ വരയ്ക്കാം.’ എന്ന കൂബേയുടെ പ്രശസ്തമായ ഉദ്ധരിണി ഈ സമയം ഓർമ്മ വരുന്നു.

ഈ ചിത്രത്തിൽ അതിവൈകാരികതകളില്ല, നാട്യങ്ങളുമില്ല. പ്രിയപ്പെട്ടവന്‍റെ വേർപ്പാടിൽ ദുഃഖിക്കുന്നവരെല്ലാം വരിയായി തടിച്ചുകൂടി നിൽക്കുകയാണ്. ആ ഇരുണ്ടുതുടങ്ങുന്ന സായാഹ്നവാനത്തിലേക്ക് മുഴച്ചുനിൽക്കുന്നത് ഒരേയൊരു ക്രൂശാരോഹണബിംബം മാത്രം. അതൊരു തീവ്രമായ ഓർമ്മപ്പെടുത്തലും, ദൈവത്തിനു മുന്നിലും എല്ലാവരും സമന്മാരാണെന്ന പുനർപ്രസ്താവനയുമായിരിക്കാം. പശ്ചാത്തലത്തിലെ ചെങ്കുത്തായ ഗിരിനിരകൾ മരണത്തിന്‍റെ ആകസ്മികതയ്ക്ക് ആക്കംകൂട്ടുന്നു.

Gustave_Courbet_-_A_Burial_at_Ornans_-_Google_Art_Project_2

A Burial at Ornans

ഈ ചടങ്ങിന്‍റെ കുലീനതയും ഔപചാരികതയും ഒട്ടൊക്കെ നിലനിർത്തിക്കൊണ്ടുതന്നെ, കൂബേ ഇതിൽ വരച്ചുചേർത്ത ചില പ്രതീകങ്ങൾ, നമ്മുടെ ശ്രദ്ധ വല്ലാതെ  തിരിച്ചുവിടുന്നുമുണ്ട്. ഉദാഹരണത്തിന്  ആ കുട്ടികളുടെ ഭാവം, എവിടെ നിന്നോ വന്നുചേർന്ന ഒരു ശ്വാനൻ എന്നിവ. കല എന്നാൽ നമ്മൾ അത് നേരിട്ടനുഭവിക്കുന്നതാണെന്ന് അടിവരയിട്ട് പറയുകയാണ് കൂബേ ഇവിടെ. ശവക്കുഴിയിലേക്ക് തൊട്ടടുത്ത നിമിഷം താഴ്ത്തപ്പെടുന്ന ശവമഞ്ചത്തെ ചിത്രത്തിൽ കാണിക്കുന്നില്ല. അതിനെ അപ്പാടെ മറഞ്ഞു കൊണ്ടാണ് പ്രധാനപുരോഹിതൻ നിൽക്കുന്നത്.

ആ ശവക്കുഴിയുടെ അറ്റത്ത്  കാണുന്ന തലയോട്ടി ഒരു നിമിഷം നമ്മിൽ നടുക്കം സൃഷ്ടിച്ചേക്കാം. കുഴിയെടുത്തപ്പോൾ, ഇളകിപ്പോന്ന ഒരു പൂർവ്വപരേതന്‍റെ അവശിഷ്ടം. അലങ്കാരഭൂഷിതവും അത്യൗപചാരികവും സാമ്പ്രദായികവുമായ ചടങ്ങുകളുടെ വ്യർത്ഥത മുഴുവൻ വിളിച്ചു പറയുന്നുണ്ട്  ആ തീക്ഷ്ണപ്രതീകം. മരണത്തിന്‍റെ അനിവാര്യതയ്ക്ക് ഇതിലും മൂര്‍ത്തമായ ഒരു ബിംബമുണ്ടോ? നമ്മുടേതെന്നു പറയാനായി നാം ജീവിക്കുന്ന ഈയൊരൊറ്റ നിമിഷം മാത്രം. ഏറ്റവും വലത്തേയറ്റത്ത് കറുപ്പിനുള്ളിൽ കാണുന്ന കൊച്ചുകുട്ടിയുടെ മുഖവും അതുപോലെ, നാളെയുടെ അനിശ്ചിതത്വത്തെത്തന്നെയാണ് വിളിച്ചുപറയുന്നത്. 

“ഒരുപോലെയെത്തീടും
മരണമെല്ലാവരിലും നിശ്ചയം,
നാളെയെന്തെന്നാർക്കുമാവില്ല
പറവാനെന്നോർക്ക നീ.”

അതെ. സത്യമായിട്ടുള്ളത്‌ ഈ നിമിഷം മാത്രം. ഈ വര്‍ത്തമാനകാലം, അതിനെയാണ്, അതിനെ മാത്രമാണ് കൂബേ ഇവിടെ ഗാഢമായി പുണരുന്നത്. അതുതന്നെ ഈ ചിത്രത്തിന്‍റെ ദര്‍ശനവും. ഈ മഹാനായ ചിത്രകാരന്‍ വിഭാവനം ചെയ്ത, അല്ലെങ്കില്‍ സൃഷ്ടിച്ചെടുത്ത റിയലിസവും മറ്റൊന്നല്ല…

ചിത്രങ്ങളുടെസാങ്കേതികവശങ്ങള്‍:

പേര് ചിത്രകാരന്‍റെ സ്റ്റുഡിയോ അര്‍നാനിലെ ശവസംസ്കാരം
ചിത്രകാരന്‍ ഗുസ്താഫ് കൂബെ ഗുസ്താഫ് കൂബെ
വര്‍ഷം 1855 1850
മാധ്യമം കാന്‍വാസിലെ

എണ്ണച്ചായം

കാന്‍വാസിലെ

എണ്ണച്ചായം

വലിപ്പം 598 x 361 സെ.മീ. 660 x 315 സെ.മീ.
ശൈലി റിയലിസം റിയലിസം
സൂക്ഷിച്ചിരിക്കുന്ന

സ്ഥലം

മ്യൂസേ ദോര്‍സേ,

പാരീസ്, ഫ്രാന്‍സ്

മ്യൂസേ ദോര്‍സേ,

പാരീസ്, ഫ്രാന്‍സ്

Comments

comments