‘പന്ത്രണ്ടു വയസ്സു തികഞ്ഞിട്ടില്ലെങ്കിലും ഞാൻ ഒരാളും ആണുമായതുപോലെ എനിക്കു തോന്നി’
(പുറം 118,ജീവിതപ്പാത,1992,കറന്റ് ബുക്‌സ്,തൃശ്ശൂർ)

തദ്ദേശീയവും തൽക്കാല(സമകാലിക)വുമായ ആസന്നഭൂമിയിലാണ് ചെറുകാടിന്റെ എഴുത്ത്. അധികാരത്തിന്റെ സ്ഥൂലസംഘർഷങ്ങളെ, വൻ എടുപ്പുകളെ അത് എഴുത്തിൽ മുഖ്യവ്യവഹാരമണ്ഡലമാക്കി ചലിപ്പിച്ചു നിർത്തി. പ്രത്യേകിച്ചും തൊഴിലാളിവർഗ രാഷ്ട്രീയത്തെ, ഭൂമിയുടെ മേലുളള കർഷകരുടെ അവകാശസമരങ്ങളെ, വിപ്‌ളവകാരികളുടെ ബൂർഷ്വാ വ്യാമോഹങ്ങളെ, അധ്യാപകരുടെ അവകാശപ്രക്ഷോഭങ്ങളെ ഒക്കെ നോവലിലൂടെ കേരളത്തിന്റെ സാമൂഹികചരിത്രത്തിനു സമാന്തരമായെന്നവണ്ണം ചെറുകാട് എഴുതി. മനുഷ്യജീവിതത്തിന്റെ പച്ചയിലൂടെ രാഷ്ട്രീയദിശകളുടെ പിറവിയും സംഘർഷവും വളരെ ജൈവികമായിത്തന്നെ ചെറുകാട് ആവിഷ്കരിച്ചു. കേരളചരിത്രത്തിന്റെ സുപ്രധാനമായ പരിണാമഘട്ടങ്ങൾ വ്യക്തിജീവിതത്തിന്റെ ഗതിവിഗതികളിലൂടെ ആത്മകഥയിലും വായിക്കാം.

എന്നാൽ സ്ഥൂലമായ ഈ പരിണാമചലനങ്ങളെ താങ്ങി, ത്വരിപ്പിച്ചു നിർത്തുന്ന ശക്തികൾ എന്തൊക്കെയാണ്? വലിയ സാമൂഹികചലനങ്ങളുടെ അന്തർധാരകളായ മറ്റനേകം ജീവിതങ്ങളും ജീവിതബോധങ്ങളും അവയ്ക്കകത്തെ മൂല്യവിശ്വാസങ്ങളും മറ്റും ചെറുകാടിൽ എങ്ങനെ പ്രവർത്തിച്ചു? സൂക്ഷമസ്ഥലികളിൽ അധികാരബന്ധങ്ങൾ എങ്ങനെ നിജപ്പെടുന്നു? അവ തമ്മിലുള്ള ബലാബലങ്ങളും കൊള്ളക്കൊടുക്കകളുമെന്ത്? ആധികാരികമായ ധാരണകൾക്കപ്പുറം ഒരു ജനതയെന്ന നിലയിൽ കേരളീയരുടെ ആൺ/പെൺ ബോധങ്ങൾ ചെറുകാടിൽ ഉൾച്ചേരുന്നതെങ്ങനെ? പ്രബുദ്ധതാബോധത്തിനപ്പുറം കർതൃത്വത്തിലും ജൈവികമായ ആനന്ദാവേശങ്ങളിലും ഊന്നിയ ലിംഗകാമനകളെ ചെറുകാട് നിർമിച്ചെടുക്കുന്നതെങ്ങനെ? ഇങ്ങനെ അനേകാഗ്രമായ ചോദ്യങ്ങൾക്കാണ് ചെറുകാടിനെ ഓർക്കുമ്പോൾ  മൂർച്ച കൂട്ടേണ്ടത്.

കേരളത്തിന്റെ ലിംഗവ്യവസ്ഥയെക്കുറിച്ചുള്ള ധാരണകളെ ചരിത്രവൽക്കരിക്കുകയും അതിനകത്ത് നിലനിൽക്കുന്ന ‘ആൺ’ പ്രരൂപങ്ങളെ വ്യത്യസ്തതകളോടെയും വിശദാംശങ്ങളോടെയും കണ്ടെടുക്കുന്ന ഏതൊരാൾക്കും ചെറുകാടിന്റെ രചനകളെ അവഗണിക്കാൻ സാധ്യമല്ല.. ആധുനികമായ ലിംഗവിചാരങ്ങളുടെ പൊതുവും സവിശേഷവുമായ അർത്ഥതലങ്ങൾ ചെറുകാടിൽ കെട്ടുപിണഞ്ഞുകിടക്കുന്നുണ്ട്. സ്ത്രീ, പുരുഷൻ എന്നീ ആശയങ്ങളെ കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതിനല്ല, മറിച്ച് ലിംഗവ്യവസ്ഥകൾ അവയെ എങ്ങനെ നിർവചിക്കുകയും നിലനിർത്തുകയും ചെയ്യുന്നു എന്നന്വേഷിക്കുന്നതിനാണ് സമകാലികലിംഗപഠനങ്ങൾ ശ്രമിക്കുന്നത്. ദൃശ്യവും അദൃശ്യവുമായ ലിംഗാധിപത്യങ്ങൾക്കെതിരെ പോരാടാനുതകുന്ന പ്രതിരോധപരമായ ആശയങ്ങൾ സ്വരൂപിക്കാൻ ഇതിലൂടെ കഴിയുന്നു. ലിംഗാധികാരത്തിനെതിരായ രാഷ്ട്രീയപ്രക്രിയകളുടെ പാരമ്പര്യത്തിൽ ചെറുകാടിന്റെ എഴുത്ത് നിർവഹിക്കുന്ന പങ്ക് കൂടുതൽ സൂക്ഷ്മമായി കണ്ടെടുക്കുന്നതിനുള്ള ശ്രമം കൂടിയാണ് ഈ കുറിപ്പ്.

സ്ത്രീരൂപപരിചരണം
സ്ത്രീചിത്രീകരണങ്ങളിൽ ചെറുകാട് മറ്റു സമകാലികരായ എഴുത്തുകാരിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവയവവർണനകളിലൂടെ മാദകമായ ശരീരമെന്ന നിലയിൽ സ്ത്രീകളെ അവതരിപ്പിക്കുന്നതിനു പകരം ഉള്ളുറപ്പും നിലപാടുമുള്ള പൂർണവ്യക്തികളായാണ് നാണിമിസ്ട്രസ്സും രാജമ്മയും തങ്കമ്മയുമെല്ലാം അവതരിപ്പിക്കപ്പെടുന്നത്.

ചില ഉദാഹരണങ്ങളിങ്ങനെ: ‘തലനരച്ച് കണ്ണ് കുണ്ടിൽപോയി നിൽക്കുന്ന കാളിയിൽ ആ പുഞ്ചിരിയിൽ, പ്രാർത്ഥനയിൽ കൊണ്ടേരൻ ഒരു രതീദേവിയെ കണ്ടു.’ (പുറം 24, മണ്ണിന്റെ മാറിൽ)

‘ഞാൻ സുന്ദരിയല്ല, പറയത്തക്ക വിരൂപയുമല്ല, കാണാൻകുറച്ചൊന്നു കറുത്തിട്ടാണ്. ചിരിച്ചാൽ പുറത്തുകാണുന്ന ഒരു കോന്ത്രമ്പല്ലെനിക്കുണ്ട്.’(മുത്തശ്ശി)

അഡ്വ. രാജമ്മയെ പെണ്ണുകാണാൻ രവീന്ദ്രൻ എത്തുന്ന സന്ദർഭം മറ്റൊരു ഉദാഹരണമാണ്. കള്ളിമുണ്ടുടുത്ത് അണിഞ്ഞൊരുങ്ങാതെ നിൽക്കുന്ന രാജമ്മയുടെ ചിത്രണത്തെക്കുറിച്ച് തന്റെ വായനക്കാരിലൊരാൾ നീരസം പ്രകടിപ്പിച്ചതിനെക്കുറിച്ച് ചെറുകാട് തന്നെ പറയുന്നുണ്ട്.

 ‘പണ്ടങ്ങൾ കൂടാതുള്ള സൗന്ദര്യത്തിന്
നിനക്കു പണ്ടേ ഞാനടിമപ്പെട്ടോനല്ലോ’

എന്ന വരികൾ ഒന്നിലധികം തവണ ജീവിതപ്പാതയിൽ ചെറുകാട് ഉദ്ധരിക്കുന്നുണ്ട്. ബാഹ്യസൗന്ദര്യത്തോടുള്ള ഈ വേറിട്ട നില റിയലിസ്റ്റ് ആഖ്യാനത്തിന്റെ സൗന്ദര്യശാസ്ത്രപരമായ അബോധമായിത്തന്നെ കൃതികളിൽ വികസിക്കുന്നുണ്ടോ എന്ന ആരായൽ ഇവിടെ പ്രസക്തമാണ്. അതിലുപരി പരമ്പരാഗത പുരുഷാധിപത്യകൽപനകളാൽ മെരുക്കപ്പെട്ട ആധുനികസ്ത്രീത്വത്തെക്കുറിച്ചുള്ള പ്രതിരോധപരമായ നിലപാടായും ഇതു വായിച്ചടുക്കാം. എന്നാൽ ഒരു പടികൂടിക്കടന്ന്, മാറിയ സ്ത്രീകർതൃത്വചിന്തകളുടെ വെളിച്ചത്തിൽ നോക്കിക്കാണുമ്പോൾ മേൽസൂചിപ്പിക്കപ്പെട്ട പുരോഗമനമൂല്യം കുറച്ചൊന്ന് പ്രതിക്കൂട്ടിലാവുന്നതു കാണാം. അതെങ്ങനെ?

മാധവിക്കുട്ടിയുടെ മീനാക്ഷിയമ്മയുടെ മരണം എന്ന ഒരു കഥയെയും സരസ്വതിയമ്മയുടെ ഒരുക്കത്തിന്റെ ഒടുവിൽ എന്ന കഥയെയും മുൻനിർത്തിക്കൊണ്ടാണിതു വിശദീകരിക്കാൻ കഴിയുക. രണ്ടു സ്ത്രീകൾ എഴുതിയ കഥകളാണെന്നപോലെതന്നെ സ്ത്രീയുടെ അണിഞ്ഞൊരുങ്ങലിനെ സ്ത്രീകർതൃത്വത്തിൽ നിന്നുകൊണ്ട് ആഖ്യാനം ചെയ്യുന്ന കഥകളുമാണ്. രണ്ടു കഥകളുടെയും ആഴത്തിലുളള വായന നവോത്ഥാനപുരുഷന്റെ മുൻകയ്യിൽ നടന്ന പരിഷ്‌ക്കരണശ്രമങ്ങളിൽ സ്ത്രീ ഒരു ഉപകരണം തന്നെയായിരുന്നോ എന്ന ചോദ്യം വീണ്ടും വീണ്ടും നമ്മിലുണർത്തുന്നു. പരിഷ്‌ക്കരണവാദിയായ പുരുഷനും പരിഷക്കരണവസ്തുവായ സ്ത്രീയും തമ്മിലുള്ള അകലം ദാതാവും സ്വീകർത്താവും തമ്മിലുള്ളതാണോ? രക്ഷാകർത്താവും അരക്ഷിതയും തമ്മിലുള്ളതാണോ? നേതാവും അനുയായികളും തമ്മിലുളളതാണോ? അതിലെ പങ്കാളിത്തസ്വഭാവമെന്ത്? എന്നൊക്കെ നമുക്ക് ആരായേണ്ടതുണ്ട്.

ത്യാഗത്തെയും കാമനകളെയും പ്രതിദ്വന്ദ്വങ്ങളാക്കി നിർത്തിക്കൊണ്ടും കൂടിയല്ലേ ദേശീയപ്രസ്ഥാനം മഹത്വവൽക്കരിക്കപ്പെട്ടത്?  മരിക്കാൻ കിടക്കുന്ന മീനാക്ഷിയമ്മ എന്ന മുൻസ്വാതന്ത്ര്യസമരസേനാനിയും അവിവാഹിതയും വൃദ്ധയും രോഗിയുമായ വ്യക്തി കൗമാരം തൊട്ടേ ഗാന്ധിജിയിൽ ആകൃഷ്ടയായി ഖദർ മാത്രം ധരിക്കുന്നയാളാണ്.  ഗാന്ധിജി ഗുരുവായൂരു തൊഴാൻ വന്നപ്പോൾ തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ ഊരിക്കൊടുത്ത സ്ത്രീയാണവർ.  പിന്നീട് ആഭരണങ്ങൾ ധരിച്ചിട്ടില്ല. എന്നാൽ മരണസമയത്ത് ഞെരങ്ങിക്കൊണ്ട് അവർ വെളിവാക്കുന്ന അവസാന ആഗ്രഹം പച്ചപ്പട്ടുബ്‌ളൗസും പാലക്കാമോതിരവും അണിയണം എന്നാണ് ! എന്നാൽ കേട്ടുനിന്നവരുടെ വിലയിരുത്തലിൽ അതു പിച്ചും പേയും മാത്രമാണ്!  മീനാക്ഷിയമ്മ ഒരിക്കലും അതു പറയില്ല! അവരുടെ നോട്ടത്തിൽ ഗാന്ധിജിയുടെ ചിത്രം കാണാനോ രഘുപതിരാഘവ കേൾക്കാനോ ത്രിവർണപതാക കാണാനോ ഒക്കെയേ മീനാക്ഷിയനമ്മ ആഗ്രഹിക്കുകയുള്ളു. ആഗ്രഹം തിരിച്ചറിയപ്പെടുകയോ നിവർത്തിക്കുകയോ ചെയ്യാതെ അവർ മരിച്ചു. ദേശീയതയോടുള്ള സ്ത്രീയുടെ കണ്ണിചേരൽ സ്‌ത്രൈണതയെ ഇല്ലായ്മചെയ്തുകൊണ്ടു മാത്രമേ സാധ്യമാകുമായിരുന്നുള്ളോ? എന്നാണിവിടെ ഉയർന്നു വരുന്ന ചോദ്യം. അഥവാ സ്ത്രീകൾക്കു ദേശീയതയിലുള്ള പങ്കാളിത്തം സാധ്യമാവുന്നത് കാമനകളിലൂന്നിയ സ്വതന്ത്രകർതൃത്വം ത്യജിക്കലിലൂടെയാണെന്നോ?  (ഏറെ കൊണ്ടാടപ്പെട്ട കൗമുദിട്ടീച്ചറുടെയും ഈയടുത്തു മരിച്ച ഇന്ദിരാമ്മയുടെയും മറ്റു പലസ്ത്രീകളുടെയും ജീവിതങ്ങൾ ഓർക്കുക)

‘ഒരുക്കത്തിന്റ ഒടുവിലെ’ വാസന്തി പുരുഷ/വിവാഹവിരോധിയെങ്കിലും അണിഞ്ഞൊരുങ്ങാൻ ഇഷ്ടപ്പെടുന്നവളാണ്. പരപരാഗണത്തിനു സാധ്യതയില്ലാത്ത ചെടികളിലും ഭംഗിയുള്ള പൂക്കൾ ഉണ്ടല്ലോ എന്നാണവളുടെ ന്യായം. സ്വപ്രമാണിത്തപരമായുള്ള  ഒരു അഭിരുചിയുടെ തൃപ്തിക്കുവേണ്ടി മാത്രമാണ് താൻ അണിഞ്ഞൊരുങ്ങുന്നതെന്നും പുരുഷനെ സന്തോഷിപ്പിക്കാനല്ല, അതെന്നും അവൾ സുഹൃത്തിനോടു വാദിക്കുന്നു. രണ്ടുകഥകളിലും പുരോഗമനസ്വഭാവിയായ/പരിഷ്‌ക്കരണവാദിയായ സ്ത്രീ എന്ന ഘടനയിൽ ആരോപിതമായ കാമനാവിരുദ്ധത, അലൈംഗികത പ്രശ്‌നവൽക്കരിക്കപ്പെടുന്നു. എന്നാൽ ചെറുകാടിന്റെ നായികമാരെ അദ്ദേഹം അണിയിച്ചൊരുക്കിയത് തന്റെ പദ്ധതിക്കനുസൃതമായി മാത്രമാണ്, വാസ്തവത്തിൽ അവരുടെ ഇംഗിതമനുസരിച്ചല്ല. കഥാപാത്രങ്ങൾ തന്റെ വരുതിക്കു നിൽക്കാതെ പുറത്തു പോകുന്നു, സ്വതന്ത്രരായി വളരുന്നുവെന്നെല്ലാം ദേവലോകത്തിലെ രാജമ്മയെക്കുറിച്ചും താണ്ടമ്മയെക്കുറിച്ചും ശാന്തയെക്കുറിച്ചുമൊക്കെ പറയുമ്പോൾ തികച്ചും സ്വതന്ത്രമായ സ്ത്രീയുടെ രാഷ്ട്രീയകർതൃത്വത്തെക്കുറിച്ച് അദ്ദേഹത്തിനു സങ്കൽപിക്കാൻ കഴിഞ്ഞിരിക്കില്ല. അത് അദ്ദേഹത്തിന്റെ മാത്രം പരിമിതിയുമല്ല!

ലൈംഗികപരിശുദ്ധി
സ്ത്രീയുടെ ലൈംഗികപരിശുദ്ധിയെക്കുറിച്ചുള്ള സങ്കൽപ്പം വ്യവസ്ഥാപിതത്വത്തിനെതിരെയുള്ള ശബ്ദമാവുന്നുണ്ട്. ചെറുകഥകളിൽ അത് മറ്റൊരു തലത്തിലാണ്; അത് വഴിയേ വിശദീകരിക്കാം. സമകാലികരായ മറ്റു നോവലിസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി മണ്ണിന്റെ മാറിൽ, ദേവലോകം, മുത്തശ്ശി എന്നീ നോവലുകളിലെല്ലാം തന്നെ സ്ത്രീകഥാപാത്രങ്ങൾ ആദ്യവിവാഹ/ പ്രണയങ്ങൾക്കു ശേഷമാണ്  തങ്ങൾക്കിണങ്ങിയ പങ്കാളികളെ കണ്ടെത്തുന്നത്. ജീവിതപ്പാതയിൽ താൻ കുട്ടിക്കാലം മുതൽ ആഗ്രഹിച്ച ലക്ഷ്മിക്കുട്ടി കൗമാരത്തിലേ വിവാഹിതയായി, ആ വിവാഹത്തിൽ നിന്നു പുറത്തുകടന്നശേഷമാണ് ചെറുകാട് അവരെ വിവാഹം കഴിക്കുന്നത്. ഒരുപാട് എതിർപ്പുകൾ ഉണ്ടാവുമ്പോഴും താൻ ‘കരളിൽ കുടിയിരുത്തിയ കാക്കക്കുറത്തി’യേ ചെറുകാട് ‘സ്വന്ത’മാക്കുന്നു. മണ്ണിന്റെ മാറിലും ഒരിക്കൽ മറ്റൊരാളുടെ ഭാര്യയായിരുന്ന തിരുമാളുക്കുട്ടിയെയാണ് കൊച്ചുക്കൊണ്ടേരൻ കാത്തിരിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നത്. ദേവലോകത്തിലെ രാജമ്മയും ആദ്യാനുരാഗത്തിന്റെ മധുരവും പിന്നീടു വന്ന കയ്പും പരിത്യക്തതയും നുകർന്ന ശേഷം തന്നെയാണ് രവീന്ദ്രനെ വിവാഹം കഴിക്കുന്നത്.

ലൈംഗികസ്വത്വങ്ങളെന്ന നിലയിൽ, ആധുനികദാമ്പത്യത്തിലെ പങ്കാളികളെന്ന നിലയിൽ കേരളീയസ്ത്രീപുരുഷൻമാർ സ്വയം തിരിച്ചറിയാൻ തുടങ്ങുന്ന അന്തരാളഘട്ടമാണ് ഈ രചനകളിലുള്ളത്. ലൈംഗികതയെക്കുറിച്ചുള്ള സന്ദിഗ്ദ്ധതകളും അന്വേഷണങ്ങളും തീർപ്പുകളും ഇവിടെ കടന്നുവരുന്നതങ്ങനെയാണ്. ഏകദാമ്പത്യവ്യവസ്ഥയിലേക്കു സംക്രമിച്ചുകൊണ്ടിരിക്കുന്ന ക്രമത്തിനുള്ളിൽ സ്ത്രീയുടെ സദാചാരത്തിനുമേൽ വന്നുകൊണ്ടിരിക്കുന്ന പുതിയമൂല്യത്തിന്റെ ഭാരം മണ്ണിന്റെ മാറിൽ വെളിവാക്കുന്നുണ്ട്. ഈഴവസമുദായത്തിനുള്ളിൽ നിലനിന്നിരുന്ന ബഹുഭർതൃത്വത്തിനെതിരായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് കൊച്ചുക്കൊണ്ടേരൻ തിരുമാളുക്കുട്ടിയെ വിവാഹം ചെയ്യുന്നത്. ഏകദാമ്പത്യവ്യവസ്ഥ അന്നത്തെ നിലയ്ക്ക് പുരോഗമനപരമായ ആദർശസ്ഥാനത്തിലാണ്. രണ്ടിടങ്ങഴിയുമായുള്ള താരതമ്യം ഏകദാമ്പത്യവ്യവസ്ഥയിലെ സദാചാരക്രമത്തെ വേറിട്ട നിരീക്ഷണങ്ങളിലൂടെ വെളിപ്പെടുത്തും. ‘ഒരു പുലയന് ഒരു പുലയി’യെന്ന നിയമം അവർക്ക് അലംഘനീയമായിരുന്നു. തറ അശുദ്ധമാക്കിയാൽ പാടത്തു മടവീണ് കൃഷി നശിക്കുമെന്ന് അവർ വിശ്വസിച്ചിരുന്നു. (പുറം 87, മലയാളനോവൽസാഹിത്യചരിത്രം, ഡോ.കെ.എം.തരകൻ, കേരളസാഹിത്യഅക്കാദമി, തൃശ്ശൂർ 1978) ഭാര്യയുടെ ലൈംഗികപരിശുദ്ധിക്കു മേലുള്ള കടന്നുകയറ്റമായാണ് ജന്മിയുടെ മകന്റെ ബലാൽസംഗശ്രമം. ചിരുതയുടെ ചാരിത്ര്യം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായാണ്  കോരൻ അയാളെ കൊലപ്പെടുത്തി ജയിലിലേക്കു പോകുന്നത്. രണ്ടിടങ്ങഴിയുടെ വൈകാരികതയും നാടകീയതയും മുറ്റിയ പരിണാമഗുപ്തിയിൽ ചിരുതയുടെ മാറ്റു കൂട്ടുന്നത് അവൾ അതുവരെ കാത്തുവെച്ച ചാരിത്ര്യശുദ്ധി തന്നെ. സ്ത്രീയുടെ പരിശുദ്ധിയെ തീവ്രമായ ഒരു ആഖ്യാനമർമമായിത്തന്നെ തകഴിയുടെ ചെമ്മീനും ഏറ്റെടുക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ചെറുകാടിന്റെ നോവലുകളിലെ പുരുഷകഥാപാത്രങ്ങൾ പ്രത്യേകിച്ച് രവീന്ദ്രനും കൊച്ചുക്കൊണ്ടേരനും ഒക്കെത്തന്നെ വ്യത്യസ്തരാണ്. അവർ സ്ത്രീകളുടെ ആന്തരികമനസ്സിൽ  ഊന്നുന്നതായി നാം കാണുന്നു. ആത്മനിയന്ത്രണത്തിലും വ്യക്തിത്വത്തിന്റെ ഉയർന്ന അവബോധത്തിലുമാണ് ചെറുകാട് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്.പെണ്ണിനും വേണം ഒരുറപ്പ് എന്ന പ്രമാണിയിലെ കുഞ്ഞിക്കുനുത്തിന്റെ പ്രഖ്യാപനം അതാണു പറയുന്നത്. ആത്മനിയന്ത്രണം, ആത്മവിമർശനം ഇവ രണ്ടും പ്രധാനപ്പെട്ട രണ്ട്  ആധുനികമൂല്യങ്ങളായി ചെറുകാടിന്റെ നോവലുകളിലെയും ആത്മകഥയിലെയും ആഖ്യാനസ്വരത്തെ നിയന്ത്രിക്കുന്നുണ്ട്.

ആണിന്റെ ധർമസങ്കടങ്ങൾ
പ്രണയം, ലൈംഗികത, വിവാഹം തുടങ്ങിയ സ്ഥാപനങ്ങളെ സംബന്ധിച്ച് അടിസ്ഥാനപരവും മൗലികവും സത്യസന്ധവുമായ നിരവധി ഉന്നയിക്കലുകൾ ചെറുകാട്  നടത്തിയിട്ടുണ്ട്. ജീവിതപ്പാതയിലും നോവലുകളിലും ചെറുകഥകളിലുമായി ചിതറിക്കിടക്കുന്ന ലിംഗപരിഗണനകളിൽ നിന്നെല്ലാം വ്യക്തമാകുന്നത് മാറിക്കൊണ്ടിരിക്കുന്നതും നിരന്തരപരിണാമിയുമായ സാമൂഹ്യചലനങ്ങൾക്കകത്ത് ഒരു പുരുഷൻ അനുഭവിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ സമ്മർദ്ദങ്ങളാണ്. സാധാരണ ഇടതുപക്ഷകാഴ്ച്ചപ്പാടുള്ള എഴുത്തുകാരിൽ നിന്നു വ്യത്യസ്തമായി പ്രണയത്തിന്റെയും ലൈംഗികതയുടെയും വൈകാരികരാഷ്ട്രീയത്തെ സ്വന്തം ജീവിത്തെക്കൂടി മുൻനിർത്തി കീറിമുറിച്ച് വിശദീകരിക്കാൻ ചെറുകാട് തയ്യാറായി എന്നത്  കെ. പി. അപ്പൻ ഉൾപ്പടെയുള്ള നിരൂപകർ എടുത്തു പറയുന്നുണ്ട് (സമീപഭൂതകാലമനസ്സിനെതിരെ ഒരാക്രമണം കൂടി)

ലൈംഗികതയെയും പ്രണയത്തെയും വേർതിരിക്കപ്പെട്ട, തികച്ചും വ്യത്യസ്തമായ, എന്നാൽ പരസ്പരബന്ധമുള്ള രണ്ട് ഏകകങ്ങളായാണ് ചെറുകാട് കാണുന്നത്. പ്രണയത്തക്കുറിച്ചു പറയുമ്പോൾ അതു മൂടുപടമിട്ട ലൈംഗികതയാണെന്ന വിശ്വാസം ചെറുകാടിൽ രൂഢമൂലമാണ്. ലൈംഗികത എന്ന ജൈവികപ്രതിഭാസത്തെ അതിന്റെ ചരിത്രപരമായ പരിണാമപ്രക്രിയകൾക്കകത്തു നിന്നുകൊണ്ട് മനസ്സിലാക്കേണ്ടതുണ്ട്. വെറും ഉപകരണമാത്രമായ ന്യൂനീകരണയുക്തിയിൽ അതിനെ വിശദീകരിക്കുന്ന സമീപനം പുരോഗമനവാദികളിൽത്തന്നെയുള്ള ഒരു യാഥാസ്ഥിതിക ന്യൂനപക്ഷം വെച്ചു പുലർത്തിയിരുന്നു. അത്തരത്തിൽ ഒരു സന്ദർഭമാണ് ദേവലോകത്തിലേത്. കാമുകനായ പാർട്ടിപ്രവർത്തകൻ രാമചന്ദ്രനോടൊപ്പം രാത്രി കഴിച്ചുകൂട്ടിയശേഷം വിഷണ്ണയായിനിൽക്കുന്ന സഖാവ് രാജമ്മയോട് പാപ്പച്ചൻ എന്ന പാർട്ടിസഖാവ് പ്രേമം ബൂർഷ്വാസിയുടെ ഹോബിയാണെന്നു പറയുന്നുണ്ട്. തുടർന്നുള്ള രാജമ്മയുടെ ചിന്തയിങ്ങനെ –”മതത്തെപ്പോലെ തന്നെ പ്രേമവും മനസ്സിന്റെ മയക്കുമരുന്നായിത്തീർന്നിരിക്കുന്നു. ഈ ലോകത്തിൽ സ്‌നേഹിക്കാൻ പോലും മുതലാളിത്തം സമ്മതിക്കുന്നില്ല. കാശില്ലെങ്കിൽ കല്യാണം കഴിച്ചുകൂടാ. കാശോ കുറച്ചു പേർ കയ്യടക്കിവെച്ചിരിക്കുന്നു. ഈ സമ്പത്ത് പൊതുജനങ്ങളുടേതാകുന്നതുവരെ വയറ്റിലെ വിശപ്പുപോലെ ഹൃദയത്തിന്റെ വിശപ്പും വേണ്ടതുപോലെ അടക്കാൻ കഴിയാതെ വരുമ്പോൾ അക്രമങ്ങൾ വ്യതിയാനങ്ങൾ വ്യഭിചാരങ്ങൾ എല്ലാമുണ്ടാകുന്നു.”

ഇപ്രകാരം ലൈംഗികതയെ മുതലാളിത്തത്തെ മുൻനിർത്തിയുള്ള ആലോചന മാത്രമായി കാണുകയാണ് ചെറുകാട്. സ്ത്രീചിത്രീകരണങ്ങളിലും സ്ത്രീസ്വത്വബോധങ്ങളിലും കാണിച്ച വിമർശനാത്മകമായ പുനഃപ്രതിഷ്ഠകൾ ലൈംഗികതയെ കുറിച്ചുള്ള ആലോചനകളിൽ കടന്നുവരുന്നില്ല എന്നു കാണാം. ലൈംഗികതയെ പ്രശ്‌നവൽക്കരിക്കുന്നതിലൂടെ മാത്രമേ അതിനകത്തെ പുരുഷാധികാരത്തെയും അതിന്റെ ബലതന്ത്രങ്ങളിലൂടെ രൂപപ്പെടുന്ന സ്ത്രീക്കു മാത്രം ബാധകമാകുന്ന ഏകപക്ഷീയമായ സദാചാരത്തെയും തിരിച്ചറിയാൻ കഴിയൂ. ഈയൊരു പരിമിതി സ്ത്രീസ്വാതന്ത്ര്യധാരണയുടെ പുരോഗമനപക്ഷത്തു നിൽക്കുമ്പോഴും ചെറുകാടിനെ ഭരിക്കുന്നുണ്ട്. സാമൂഹ്യനിർവഹണത്തിന്റെയും കാമനകളുടെയും സംഘർഷം കടന്നുവരുന്ന ഇടങ്ങളിൽ ഇത് മറഞ്ഞിരിക്കുന്നത് കാണാം. സാമൂഹ്യനിയന്ത്രണത്തിന്റെ പേരിലുള്ള ആത്മനിയന്ത്രണവും ആത്മവിമർശനവും കാമനകളുടെ പേരിലുള്ള  ചോദനകളും വീർപ്പുമുട്ടിക്കുന്ന ആണിന്റെ -കൂടുതൽ സൂക്ഷമമായി നിർവഹിച്ചാൽ പുരോഗമനേച്ഛുവായ ആണിന്റെ – സംഘർഷങ്ങളാണ് ‘ജീവിതപ്പാത’യെ ധർമസങ്കടങ്ങളുടെ കൂടി ആഖ്യാനമാക്കി തീർക്കുന്നത്. (തീവ്രമായ സ്വകാര്യദർശനത്തിന്റെ അഭാവത്താൽ ജീവിതത്തെക്കുറിച്ചുള്ള പ്രാഥമികയാഥാർഥ്യങ്ങളെ മാത്രം ആവിഷ്‌കരിക്കുന്ന പരിമിതപ്പെട്ട  കൃതിയാണ് എന്ന കെ പി അപ്പന്റെ വിലയിരുത്തൽ അപ്രസക്തമാവുന്നു ഇവിടെ. ലിംഗവായനയുടെ രാഷ്ട്രീയമായ തിരിച്ചറിവിന്റെ അഭാവം അപ്പനെ പരിമിതപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങളിലൊന്നാണിത്.)

തനിക്കു വിവാഹം കഴിക്കണം എന്ന ആഗ്രഹം പാർട്ടിയോടു പറയാൻ കഴിയാതെ വിമ്മിട്ടപ്പെടുന്ന ചെറുകാട് ജീവിതപ്പാതയിലുണ്ട്. ”ഇ.പി ഗോപാലൻ, പി.വി. കുഞ്ഞുണ്ണിനായർ, എ കെ ശേഖരൻ, കൊങ്ങശ്ശേരി കൃഷ്ണൻ തുടങ്ങി എന്റെ സഹപ്രവർത്തകർ സർവസംഗപരിത്യാഗികളായി സത്യാഗ്രഹം നടത്തി അടിയും ഇടിയും കൊണ്ട് ജയിലിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ഞാനൊരു ‘സമ്മന്ത’ക്കാരനായി, ചാലിയൻ നൂലോട്ടും പോലെ നാട്ടിൽ നടക്കുന്നത് നാണക്കേടായി തോന്നാതിരുന്നില്ല. ദാമ്പത്യജീവിതവും രാഷ്ട്രീയപ്രവർത്തനവും കൂട്ടിയിണക്കി കൊണ്ടുപോവുക അക്കാലത്ത് എളുപ്പമായിരുന്നില്ല. രാഷ്രീയപ്രവർത്തനം കൊണ്ട് വിവാഹമോചനം നടത്തേണ്ടി വന്ന എ.കെ.ഗോപാലന്റെ കഥ ഞാൻ കേട്ടിട്ടുണ്ട്. പി കൃഷ്ണപിള്ള, കേരളീയൻ, കെ.പി ഗോപാലൻ, കെ.പി.ആർ ഗോപാലൻ, പി.ആർ നമ്പ്യാർ തുടങ്ങിയ സുഹൃത്തുക്കളിലാരും കല്യാണം കഴിച്ചിട്ടില്ല. കല്യാണം വേണോ രാഷ്ട്രീയജീവിതം വേണോ, രണ്ടും കൂടി ഇണക്കിക്കൊണ്ടുപോവുക എളുപ്പമല്ല  തന്നെ”( പുറം 236)

ഭർത്താവ് എന്ന സ്ഥാപനം
ദാമ്പത്യാധിഷ്ഠിത പ്രണയത്തിലാണ് ചെറുകാട്  തന്റെ ആധുനിക സ്വത്വം കണ്ടെത്തുന്നത്. കാമത്തേക്കാൾ ഉയർന്ന പദവിയിലുള്ള, ത്യാഗോന്നതമായ മനഃശുദ്ധിയാണ്. പ്രധാനപ്പെട്ട മൂല്യമായി ഇവിടെ പ്രവർത്തിക്കുന്നത്. സമൂഹവും കുടുംബവും പാർട്ടിയും ചേർന്ന് ഒരു ഘടനയ്ക്കുള്ളിൽ ഇണങ്ങിവർത്തിക്കുന്ന ദാമ്പത്യാധിഷ്ഠിത പ്രണയത്തിനുള്ളിൽ ഒരു ഭർത്താവായി തന്നെ സ്വയം പ്രതിഷ്ഠിക്കുകയാണ് ചെറുകാട് ചെയ്യുന്നത്. അന്നത്തെ ജാത്യാചാരങ്ങളും സമ്പ്രദായങ്ങളുമനുസരിച്ച് തനിക്കനുയോജ്യമായ സംബന്ധത്തെ ഉണ്ടാക്കിയെടുക്കുന്നതിനു പകരം കുട്ടിക്കാലം മുതലേ താൻ കരളിൽ പ്രതിഷ്ഠിച്ച ‘കാക്കക്കുറത്തിയായ’ ലക്ഷ്മിക്കുട്ടിയെത്തന്നെ വിവാഹം കഴിക്കാനാണയാൾ ആഗ്രഹിക്കുന്നത്. ഫ്യൂഡൽ ലൈംഗികഘടനയിൽ നിന്ന് പരിണമിക്കപ്പെട്ട് ആധുനികമായ സ്ത്രീപുരുഷ മൂല്യങ്ങൾക്കകത്തു നിർമിക്കപ്പെടുന്ന ദാമ്പത്യാധിഷ്ഠിതമായ പ്രണയമാണിവിടെ ആദർശമാകുന്നത്. പുരോഗമനവാദിയായാലും ഭർത്താവായാലും അയാൾ തന്നെ നായകൻ, രക്ഷകർത്താവും. സാമൂഹ്യപ്രക്രിയകളിലെ നിർണായകമായ പങ്കാളികളായി ചെറുകാടിന്റെ നായികമാർ രൂപപ്പെടുന്നുണ്ട്.  വീറും ത്യാഗവും വ്യക്തിത്വവും ഉറപ്പും (പെണ്ണിനും വേണം ഒരുറപ്പ്!) ഒക്കെയായി സ്ത്രീത്വത്തെ പുതുക്കിയെഴുതുന്ന ഒരു പ്രക്രിയയായിരുന്നു അത്. ഒറ്റ നോട്ടത്തിൽ സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ പ്രത്യക്ഷദിശകളെ സഫലീകരിക്കുന്നുവെങ്കിലും ഈ സ്ത്രീനിർമിതി പൂർണമായ അർഥത്തിൽ സ്വതന്ത്രമല്ല എന്നു കാണാം. അവരുടെ ആയിത്തീരലിന്റെ ആധുനികനായ, പുരോഗമനേച്ഛുവായ പുരുഷനു ചേർന്ന വിധത്തിലുള്ള ഒന്നായിരുന്നു എന്നതാണ് സത്യം. കർമോന്മുഖനായ, ഊർജസ്വലനായ രാഷ്ട്രീയപുരുഷനു ചേർന്ന വിധത്തിലുള്ള സ്ത്രീയെ ഉണർത്തി ഉരുവം കൊള്ളിക്കുകയാണിവിടെ ചെയ്യുന്നത്. ആണത്തത്തിന്റെ ആധുനിക നിർമിതിയ്ക്കനുയോജ്യമായ സ്ത്രീമാതൃകകൾ അനിവാര്യമായും രൂപപ്പെട്ടുവന്നു. എഴുത്തിന്റെയും ആവിഷ്‌കാരത്തിന്റെയും ബോധപൂർവമുള്ള രാഷ്്ട്രീയദിശകളിൽ മുന്നുപാധിയായി നിൽക്കുന്ന സ്ത്രീപക്ഷബോധം ചെറുകാടിൽ ഏറെ വാഴ്ത്തപ്പെട്ട ഒന്നാണ്. ഭാഗികമായ അത് ഒരു രാഷ്ട്രീയശരിയുടെ ഭാഗം തന്നെയുമായിരുന്നു. എന്നാൽ അത് ഒരു സ്വയംപരിമിതിയായി ചെറുകാടിൽത്തന്നെ തുരങ്കം വെയ്ക്കപ്പെടുന്നു എന്നത് കൂടുതൽ നിശിതമായ വായനകളിലൂടെ വെളിപ്പെടുന്നുണ്ട്. ആണത്തത്തെ സംബന്ധിച്ച വ്യത്യസ്ത വികാസപരിണാമഘട്ടങ്ങൾ ചെറുകാടിന്റെ കൃതികളിൽ നിന്നു വായിച്ചെടുക്കുമ്പോൾ ഈ വാദങ്ങൾ കൂടുതൽ തെളിച്ചമുള്ളതായിത്തീരും. സംശയഛായ, അഭിമാനം, കരിങ്കാലിച്ചി, പനങ്കഴു, ധർമസങ്കടം, തീരാത്ത സംശയം, സിംഹിക തുടങ്ങിയ ഒട്ടനേകം കഥകളിൽ എഴുത്തിന്റെ അബോധസാധ്യതകളായി തുറന്നു കിടക്കുന്ന ഇടങ്ങൾ മേൽപറഞ്ഞ രാഷ്ട്രീയശരികളുടെ വാചാലത വെച്ചുപൊറുപ്പിക്കുന്നില്ല. മാത്രമല്ല അത്തരം ഇടങ്ങൾ ചെറുകാടിന്റെ ലിംഗഭാവനയുടെ സന്ദിഗ്ദ്ധതകളെയും ഇടർച്ചകളെയും തുറന്നു കാണിക്കുന്നു. മൂർത്തവും ഭൗതികവുമായ സാഹചര്യത്തിൽ ദൈനംദിനജീവിത സന്ദർഭങ്ങൾക്ക് ലിംഗഭേദം ഇടപെടുന്നതിന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ കഥാലോകത്തെ നിർണായകമാക്കുന്നു.

ആണ്മയും കുടുംബഘടനയും
ആണധികാരവ്യവസ്ഥ ചരിത്രപരമായ ഒരു സ്ഥിരരാശിയല്ല. ഒരു നൂറ്റാണ്ടിനിടയിൽ കേരളം പിതൃമേധാവിത്വ വ്യവസ്ഥയുടെയും ആണധികാര കുടുംബവ്യവസ്ഥയുടെയും വിവിധ രൂപങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഓരോ ഘട്ടത്തിലും ആൺകോയ്മ അതിന്റെ ആവിഷ്‌കാരങ്ങൾ വിപുലമാക്കുകയും ചെയ്തു. മരുമക്കത്തായ വ്യവസ്ഥയിലെ കൂട്ടുകുടുംബസ്വത്തും അധികാരവും പൂർണമായും കേന്ദ്രീകരിച്ചിരിക്കുന്നത് കാരണവരിലാണ്. ഈ അധികാരകേന്ദ്രത്തിനു പുറത്തുള്ള കുടുംബത്തിലെ ഇതര പുരുഷന്മാരിൽ പലരും ഈ വ്യവസ്ഥയോട് മുറുമുറുപ്പുള്ളവരായിരുന്നു. കൊളോണിയൽ വിദ്യാഭ്യാസത്തിലൂടെ ലഭിച്ച പുതിയ കാഴ്ചപ്പാടുകളും യുക്തിചിന്തയും അതിനനുബന്ധമായ തൊഴിലവസരങ്ങളും ഭൂമി എന്ന ഏകസ്വത്തുരൂപത്തിൽ നിന്ന് വ്യത്യസ്തമായി മറ്റു നിരവധി സാമ്പത്തികസ്രോതസ്സുകളും (കൊളോണിയൽ ഭരണത്തിൻ കീഴിലെ സർക്കാരുദ്യോഗങ്ങളും നാണ്യസമ്പദ്‌വ്യവസ്ഥയും ആഭ്യന്തരവിപണിയും മറ്റും ചേർന്നുണ്ടായ പുതിയ സാമ്പത്തികാധികാരം) ചേർന്നു സൃഷ്ടിച്ച നവീനമായൊരു ഊർജ്ജമാണ് അവരെ ചെറുത്തുനിൽപിന് സജ്ജരാക്കിയത്. കാരണവരുടെ സാന്ദ്രീകരിക്കപ്പെട്ട അധികാരകേന്ദ്രത്തെ പൊളിച്ചുകൊണ്ടുമാത്രമേ അവർക്ക് തങ്ങളുടെ അധികാരം സ്ഥാപിക്കാൻ കഴിയുമായിരുന്നുള്ളൂ. അധികാരസ്ഥാനത്തിരിക്കുന്ന ശക്തനായ മഹാപുരുഷനും അധികാരത്തിനു പുറത്തു നിർത്തപ്പെട്ട നിരവധി പുരുഷന്മാരും തമ്മിലുള്ള ഈ മത്സരം- ചുരുക്കത്തിൽ ആണുങ്ങളുടെ അധികാര വടംവലി- മരുമക്കത്തായ കുടുംബങ്ങൾക്കുള്ളിൽ വലിയ സംഘർഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ‘ഇന്ദുലേഖ’ മുതൽ ‘നാലുകെട്ടു’വരെയുള്ള നിരവധി കൃതികളിൽ ഇത്തരം സന്ദർഭങ്ങൾ വായിച്ചെടുക്കാം.

അധികാരത്തിനും സ്വത്വസ്ഥാപനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള ഓരോ പുരുഷന്റെയും വെമ്പൽ സ്വയം അധികാരകേന്ദ്രമായി വിഭാവനം ചെയ്തുകൊണ്ടു മാത്രമേ സഫലീകരിക്കുമായിരുന്നുള്ളൂ. ഇതിന്റെ സ്വാഭാവിക പരിണതിയായിരുന്നു ഏകദാമ്പത്യകുടുംബവ്യവസ്ഥ. ആണധികാരത്തിന്റെ ഫലവും ഒപ്പം പ്രകാശനവുമാണ് പുതിയ കുടുംബം എന്നർഥം. പഴയ പിതൃമേധാവിത്വകുടുംബത്തിൽ നിന്നു ഈ കുടുംബത്തിനുള്ള വ്യത്യാസം ദായക്രമത്തിലുള്ള മാറ്റം മാത്രമായിരുന്നില്ല, ആണധികാരഘടനയിൽത്തന്നെയുള്ള ഒരു വിച്ഛേദമായിരുന്നു അത്. അതായത് ഒരൊറ്റ ആണിൽ നിന്നും അധികാരം നിരവധി ആൺകേന്ദ്രങ്ങളിലേക്ക്് വിന്യസിക്കപ്പെടുകായിരുന്നു. ഈ പുതിയ ആണധികാരവ്യവസ്ഥ പഴയതിനെ അപേക്ഷിച്ച് സങ്കീർണവും തുലോം അദൃശ്യവുമാണ്. ഉപരിജാതികളിലെ ഈ ചലനം ഇതര വിഭാഗങ്ങളെക്കൂടി സ്വാധീനിച്ചതിന്റെ ഫലമായി സമൂഹത്തെ മൊത്തത്തിൽ ആണത്തവർക്കരിച്ചു. 19-ാം നൂറ്റാണ്ടിലെ പിതൃമേധാവിത്ത അധികാരം വിവാഹത്തോടല്ല ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതെന്നു ഫ്യൂഡൽ ശ്രേണിയിലെ സ്ഥാനം, പ്രായം എന്നിവയ്ക്കനുസൃതമായി വേർതിരിക്കപ്പെട്ട നിലകളിൽ കഴിഞ്ഞിരുന്നവരും ഭൂമിയ്ക്കുമേൽ അധികാരമുള്ളവരുമായ സ്ത്രീപുരുഷന്മാർ കൈവശം വെച്ചിരുന്ന അധികാരമായിരുന്നു അതെന്നും പ്രവീണ കോടോത്ത് നിരീക്ഷിക്കുന്നുണ്ട്.(പുറം 83, ആണരശുനാട്ടിലെ കാഴ്ചകൾ) അതിനെ തകർത്തുകൊണ്ടു രൂപം കൊണ്ട നവപിതൃമേധാവിത്വത്തെ ദാമ്പത്യാധിഷ്ഠിത പിതൃമേധാവിത്തമെന്ന് അദ്ദേഹം വിളിക്കുന്നു. ഈ വിവാഹ/ദാമ്പത്യാധിഷ്ഠിത പിതൃമേധാവിത്തമാകട്ടെ ആണധികാരത്തെ പുനർവിന്യസിക്കുന്നതിന്റെ സ്വാഭാവികരീതി മാത്രമാണെന്ന് വ്യക്തമാണ്. വിവാഹം ആണധികാരത്തിന്റെ ഒരു മുഖ്യവ്യവസ്ഥയായിത്തീരുന്നതിന്റെ പശ്ചാത്തലം ഇതാണ്. വിവാഹത്തിനും കുടിവെപ്പിനുമായി ഒരു പുരുഷൻ അനുഭവിക്കുന്ന തിക്കുമുട്ടൽ ‘ജീവിതപ്പാത’യിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദം വരെയുള്ള കാലയളവിൽ എഴുതപ്പെട്ട പല രചനകളിലും ആൺകോയ്മ = കുടുംബനാഥൻ എന്ന സമവാക്യം രൂപപ്പെടുന്നതായി കാണാം. ഭാര്യയ്ക്കും കുട്ടികൾക്കും ഉടുക്കാനും തേക്കാനും ഉണ്ണാനും കൊടുക്കാനുള്ള ഒരാളായി പുരുഷൻ ഈ ഘട്ടങ്ങളിൽ പരക്കെ അവതരിപ്പിക്കപ്പെടുന്നു. തറവാട്ടിലെ പെണ്ണുങ്ങൾക്ക് ഉടുക്കാനും തേക്കാനും കൊടുക്കുന്നത് ഭർത്താക്കന്മാരാണല്ലോ എന്ന് ചെറുകാട് ‘ജീവിതപ്പാത’യിൽ എഴുതുന്നു. ഇതിനായി കാരണവരോടു കലഹിച്ചതിനെക്കുറിച്ചാണദ്ദേഹം ”ഞാൻ ഒരാളും ആണും ആയതുപോലെ എനിക്കു തോന്നി” എന്നെഴുതുന്നത്. ആണ്മ പുതുരൂപത്തിൽ നിർവഹിക്കുകയായിരുന്നു ഇവിടെ.(കർമ്മോന്മുഖതയിലൂന്നിയ ആണിന്റെ സ്വത്വസ്ഥാപനം കുടുംബത്തിൽ കുടുംബനാഥനിലെന്ന പോലെ പൊതുസമൂഹത്തിലും വേരുറയ്ക്കുമ്പോൾ പൊതുപ്രവർത്തകനായ, രക്ഷാകർത്താവായ പുരോഗമനവാദിയായ നേതാവ് രൂപപ്പെടുന്നു. ശിക്ഷിക്കാനും രക്ഷിക്കാനുമധികാരമുള്ള ആണ്മയുടെ സരൂപമായി രാഷ്ട്രീയഘടനയുടെ നേതൃകേന്ദ്രങ്ങൾ പ്രവർത്തിയ്ക്കുന്നതിന്റെ പശ്ചാത്തലമിതാണ്. പാർട്ടിയ്ക്കുവേണ്ടി കുടുംബമോ കുടുംബത്തിനുവേണ്ടി പാർട്ടിയോ ത്യജിക്കേണ്ടി വരുന്നതിന്റെ സംഘർഷം ‘ജീവിതപ്പാത’യിൽ പലപ്പോഴായി കടന്നുവരുന്നതങ്ങനെയാണ്)

ഈ പുതിയ ആണ്മ സൃഷ്ടിച്ചെടുക്കുന്നതിനു സമാന്തരമായി ഇതിന് ഉപോദ്ഘടകമാകും വിധം ഒരു പെൺമയും പുനർനിർവചിക്കപ്പെടേണ്ടതുണ്ടായിരുന്നു. ചാരിത്രം അനിവാര്യമായും ഈ പാരസ്പര്യത്തിന്റെ മുഖ്യ ആദർശമായിത്തീരുന്നു. ഇന്ദുലേഖയും മാധവനും തമ്മിൽ നടക്കുന്ന സംഭാഷണം ഇതിനെ ശക്തമായി ഉദാഹരിക്കുന്നു. കൊളോണിയൽ ആധുനികചിന്തയിൽ ഐക്യപ്പെട്ട മാധവൻ മലയാളിസ്ത്രീയുടെ പാതിവ്രത്യധർമത്തെക്കുറിച്ച് ആശങ്കപ്പെടുന്നു. മാധവൻ പറഞ്ഞു: ”…മലയാളത്തിലെ സ്ത്രീകൾ അന്യരാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ പാതിവ്രത്യധർമം ആചരിക്കുന്നില്ല. ഭർത്താക്കന്മാരെ യഥേഷ്ടം എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. പിന്നെയും പല സ്വാതന്ത്ര്യങ്ങൾ ഉണ്ട്.” (പുറം 47, ഇന്ദുലേഖ, ചന്തുമേനോൻ) നിലനിൽക്കുന്ന കുടുംബഘടനയ്ക്കകത്ത് മലയാളിപ്പെണ്ണുങ്ങൾ പാതിവ്രത്യത്തെ വിലവെയ്ക്കുന്നുണ്ടെന്ന ഇന്ദുലേഖയുടെ ശക്തവും ദീർഘവുമായ വാദങ്ങൾക്കുശേഷം ഭാര്യഭർത്താക്കന്മാർക്ക് വേണ്ടപ്പോൾ യഥേഷ്ടം അന്യോന്യമുള്ള സംബന്ധം വിടർത്താൻ അവരിരുവരിലും ആർക്കെങ്കിലും അധികാരം ഉണ്ടായിവരുന്നത് നല്ല സ്വതന്ത്രതയാണെന്നു ഞാൻ വിചാരിക്കുന്നില്ലെന്ന് തന്റെ നിലപാടുകൾ മാധവൻ വ്യക്തമാക്കുന്നു. ചാരിത്ര്യത്തിന്റെ ഭാഷയിൽ സ്വാതന്ത്ര്യത്തെ വിശകലനം ചെയ്തുകൊണ്ടാണ് ഈ ഭാഗം അവസാനിക്കുന്നത്. ചാരിത്ര്യത്തെ കുറിച്ചുള്ള നിലപാടുകളിൽ ചന്തുമേനോനെപ്പോലെയുള്ള ബുദ്ധിജീവികളുടെ സന്ദിഗ്ദ്ധതകളും പതർച്ചകളും അക്കാലത്തെ വരേണ്യപൗരുഷത്തിന്റെ അടിസ്ഥാന നിർമിതിയിൽ നിലീനമാണ്.

പിതാവും പുരുഷനും
ആണത്തത്തിന്റെ സ്ഥാപനത്തിലും വിസ്ഥാപനത്തിലുമുള്ള സംഘർഷങ്ങൾ ചെറുകാടിന്റെ ചെറുകഥയിലെമ്പാടും തെളിഞ്ഞു കാണുന്നുണ്ട്. ആണത്തത്തിന്റെ അധികമൂല്യ(അഥവാ മുന്നുപാധി)മായി പൊതുപ്രവർത്തനം നിൽക്കുന്ന അതേ തലങ്ങളിൽ തന്നെ കുടുംബത്തിനകത്തെ ആണിൽ പിതൃത്വം പ്രവർത്തിക്കുന്നു. പിതൃത്വവും ആണത്തവും കൂടി ഒന്നുചേർന്ന് ഒരു പുതിയ മൂല്യഘടന സ്വരൂപിക്കപ്പെടുകയാണിവിടെ. അണുകുടംബത്തിനു മുമ്പുള്ള പിതൃത്വം തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു എന്നിവിടെ നാം  തിരിച്ചറിയേണ്ടതുണ്ട്. ആ ആണത്തത്തിലൂന്നിയിരുന്നെങ്കിലും പിതൃത്വം ഇത്തരത്തിൽ മൂല്യസംബന്ധിയായ അധീശനിലയിലായിരുന്നില്ല. അത് ഏറെയും ജീവശാസ്ത്രപരമായിരുന്നു. പുതിയ അണുകുടംബഘടനയിൽ പിതൃത്വം സാമൂഹ്യമൂല്യങ്ങളിൽ അധിഷ്ഠിതമായ ആണത്തമായി മാറുന്നു. അത് തികച്ചും ഒരു അധികാരപദവിയായി മാറുന്നു. പിതൃത്വത്തിന്റെ അധികമൂല്യം ചുമത്തപ്പെട്ട ആണത്തം ദേശീയതയുടെ പിതൃഘടനയിലേക്കും കൂടി അബോധാത്മകമായി സംക്രമിച്ചുനിന്നുകൊണ്ട് സ്വയം സാധൂകരിച്ചെടുക്കുന്നു. ആധുനിക ഇന്ത്യ ദേശരാഷട്രമായി മാറുകയും പിതൃഭൂമിയായി പരിണമിക്കുകയും ചെയ്ത ഘട്ടത്തിൽ കുടുംബം സാർവ്വത്രികമായ ഒരു മൂല്യഘടനയായിത്തീരുന്നു. കീഴാളരിൽ സാമൂഹ്യപദവി പൊതുവെ താഴ്ന്നതിനാൽ അത്തരം പുരുഷപിതാക്കന്മാർക്ക് അധീശപദവി കിട്ടുന്നില്ല. അനിവാര്യമായും ഈ പിതൃസ്വരൂപനായ പുരുഷന്റെ ഉപോൽപന്നമാണ് ജാരൻ. ഭർത്താവിന്റെ അതേ ശാസക/മർദ്ദകഘടനകളുള്ള രാഷ്ട്രം സ്വന്തം ജനതയ്ക്കു മേൽ ചെലുത്തുന്ന പിടിമുറുക്കൽ പിതാവും നായകനുമായ പുരുഷൻ തന്റെ പ്രജകളിലും പ്രയോഗിക്കുന്നുണ്ട്. മൂർത്തവും അമൂർത്തവുമായ തന്റെ അധികാരഅധീശപദവിയെക്കുറിച്ചുള്ള സംശയം പുരുഷനെ/രാഷ്ട്രത്തെ വിറളിപിടിപ്പിക്കുമ്പോൾ ജാരൻ പിറവി കൊള്ളുന്നു. ‘ജീവിതപ്പാത’യിൽ നിന്നുതന്നെയുള്ള ഉദാഹരണങ്ങൾ നോക്കൂ: ”അവളും ഒരു പെണ്ണല്ലേ. കാമഭ്രാന്തുണ്ടാവും. പേരിനൊരു സംബന്ധക്കാരൻ കൊല്ലത്തിലൊരിക്കൽ ചെന്നാൽ പോരേ? ഇഷ്ടം പോലെ മറ്റുള്ളവരോടൊപ്പം വ്യഭിചരിക്കാം. തറവാടു നന്നാക്കാൻ അതും ഒരു വരുമാനമായില്ലെ?” തന്റെ വിചാരങ്ങളെ ആത്മവിമർശനപരമായ തുറന്നുപറച്ചിലായി രേഖപ്പെടുത്തുകയാണിവിടെ.

ജാരബന്ധമാരോപിക്കപ്പെട്ട് നിരന്തരം മർദ്ദിക്കപ്പെടുന്ന പ്രമാണിയിൽ കുഞ്ഞിക്കുനുത്ത് കുഞ്ഞരായനോട് പറയുന്നു: ”ഇതുവരെ ഞാൻ മ്മ്ണി പേടിച്ചു. ഞ്ഞിച്ച് ഈ ദുനിയാവിലൊറ്റ ആളേം പേടിയില്ല. ച്ച് പടിഞ്ഞു. പെണ്ണിനും വേണം ഒരുറപ്പ്. വേട്ടാളനെപ്പോലെ ഊതീം കൊണ്ട് വരണ ങ്ങടെ കണ്ണും മോറും കണ്ട് പേടിച്ചിട്ട് ഞാമ്മ്ണി നൊണ പറഞ്ഞു. ഇന്നാട്ടിലുള്ള ആണുങ്ങളൊക്കെ ന്റെ ഒളിസേവക്കാരാന്ന് പച്ചപ്പൊളു പറഞ്ഞു. ഞ്ഞിച്ചൂണ്ട് ഒരു നില”

ദാമ്പത്യാധിഷ്ഠിതമായ പിതൃമേധാവിത്തത്തിന്റെ നഗ്നമായ പ്രത്യക്ഷരൂപങ്ങളോടേറ്റു മുട്ടുന്ന സ്ത്രീയാണിവിടെ രൂപം കൊള്ളുന്നത്. എന്നാൽ ലൈംഗികചാരിത്ര്യം അതേ നിലയിൽ ഉയർന്ന മൂല്യമായി ഉള്ളിൽ സംരക്ഷിച്ചുകൊണ്ടുതന്നെയാണ് ഈ ഏറ്റുമുട്ടൽ നടക്കുന്നത്. എന്നാൽ മരുമകളിലെ സുന്ദരിക്കുട്ടിയും ഭാര്യയും മക്കളുമുള്ള കൊച്ചുവാപ്പുവുമായുള്ള ബന്ധം ഈ വ്യവസ്ഥകളെ തകർക്കുന്ന ഒന്നാണ്.

‘ധർമസങ്കടം’ എന്ന കഥയിലെ മാധവിയുടെ ജീവിതത്തിൽ ഒരേസമയം രണ്ടു ഭർത്താവാണ്. അതിലാണ് കഥയുടെ ധർമസങ്കടം. തോട്ടം പണിക്കു പോയ ഭർത്താവ് ഗോപാലൻ പനിപിടിച്ചു മരിച്ചെന്ന തെറ്റായ വാർത്ത അവളെ തളർത്തി. അമ്മയുടെ നിർബന്ധപ്രകാരം പുതിയ വിവാഹത്തിന് തയ്യാറായി. എന്നാൽ അപ്പോൾ മരിച്ചയാൾ തിരിച്ചുവരുന്നു! സമ്മന്തക്കാരൻ എന്നാണിവിടെ ഭർത്താവിനെ വിശേഷിപ്പിക്കുന്നത്. സാമ്പത്തികമായ വിവക്ഷകൾ (”രണ്ടു മൂന്നു കൊല്ലായിട്ട് സമ്മന്തക്കാരന്റെ മര്യാദയൊന്നും ചെയ്യാത്തോൻ നോക്കിഞ്ഞി വേണ്ട” എന്ന് അമ്മാവൻ പറയുന്നതിൽ അതു വ്യക്തമാണ്.) കൂടി ഉൾക്കൊള്ളുന്ന മൂല്യസങ്കൽപത്തിലാണീ വാക്കിവിടെ നിലകൊള്ളുന്നത്. അമ്മാമയ്ക്ക് നൂറുകൂട്ടം മുട്ടാ! അതിന്റെ പുറമേ അണക്ക് തുണീം എടുത്തു തരണം. ഒരാളുണ്ടായാൽ തറവാടിലേക്കതും ലാഭമല്ലേ?– എന്നാണ് പറയുന്നത്. അതു ശരിയാണെന്നു തോന്നുന്നുവെങ്കിലും മറ്റൊരു ഭർത്താവിനൊപ്പം ജീവിക്കാൻ അവൾക്കിഷ്ടമില്ല. ഏകദാമ്പത്യത്തിലെ വികാരമൂല്യങ്ങളിലേക്ക് സംക്രമിക്കാൻ തുടങ്ങുന്ന, എന്നാൽ കൂട്ടുകുടുംബത്തിലെ പരമ്പരാഗതമൂല്യങ്ങൾ പിന്നോട്ടു വിലിക്കുന്ന ഒരിടത്താണ് അവളുടെ നില.

‘സിംഹിക’ എന്ന കഥയിലും ‘ഒരു കച്ചയും മുന്നാഴി എണ്ണയും കൂടി എടുക്കാത്ത ആളാ’ണ് ഭർത്താവ്. പാറുക്കുട്ടിയെ ജാരസംസർഗം സംശയിച്ച് ഉപേക്ഷിച്ചു പോവുകയാണ് പരമേശ്വരൻനായർ. തൊണ്ടിമുതലോടെ കള്ളനെ പിടിക്കാൻ ശ്രമിക്കുന്ന ഒരു പോലിസുകാരനെപ്പോലെ പലപ്പോഴും പരമേശ്വരൻനായർ അവളുടെ വീടുകാത്ത് നിരാശനായി. രാത്രി പുറത്തു കേൾക്കുന്ന ഓരോ ശബ്ദവും കേട്ട് അയാൾ ജനൽ തുറന്നുനോക്കുന്നു. ഒരിക്കൽ പത്തുനാഴിക ഇരുട്ടിച്ചെന്നപ്പോൾ കോലായിലിരുന്നു സംസാരിക്കുന്ന കോമൻ നായരെ കണ്ടതോടെ കലിതുള്ളി അയാൾ തിരിച്ചുപോകുന്നു. (‘ഒരു കച്ചയും മുന്നാഴി എണ്ണയും കൂടി എടുക്കാത്ത ആൾക്കു കിട്ടുന്ന പുതിയ ശീലാവതിയെ കാണാലോ എന്നവൾ വിചാരിക്കുന്നു. പിന്നീട് ഒരു വരന്റെ വേഷത്തിൽ നിൽക്കുന്ന ഭർത്താവിന്റെയടുത്തു പാഞ്ഞു ചെന്ന് ഈർക്കിലിക്കരയുള്ള തുണിക്കെട്ടെടുത്ത് മാറോടടുപ്പിച്ച് പിടിച്ച് അവൾ പറയുന്നതിങ്ങന: അഞ്ചെട്ടു കൊല്ലമായിട്ട് നാലു കച്ച തികച്ചെനിക്കു തന്നിട്ടില്ല. ഇതും കൂടി എനിക്കാണ്’)

ഭർത്താവ് എന്ന പുതിയ മൂല്യത്തിലേക്കുള്ള സംഘർഷമാണിവിടെ ജാരനെ നിർമിച്ചെടുക്കുന്നത്. ‘അഭിമാനം’ എന്ന കഥയിലെ ജാനകി പെരകെട്ടിമേയാൻ വാങ്ങിയ ഇരുപതുറുപ്പിക കടം വീട്ടാനാണ് പാലം പണിക്കു പോകാനാഗ്രഹിക്കുന്നത്. എന്നാൽ ഭർത്താവ് രാമൻനായർക്കത് അഭിമാനക്ഷതമാണ്. ”ഞാനുള്ളപ്പോൾ നീ തേവിടിപ്പെണ്ണുങ്ങളുടെ കൂടെ പണിക്കുപോകാൻ പാടില്ല. ആ മേസ്ത്രി വല്ലാത്തൊരാളാണ്. നീ അയാളുടെ മുമ്പിൽ ചെന്ന് ആടിക്കുഴയാൻ പോവുകയാണെങ്കിൽ എന്നെ പിന്നെ മഷിവെച്ചു തിരഞ്ഞാൽ കാണില്ല” എന്നയാൾ പറയുന്നു. അവൾ മണ്ണുപണി ചെയ്താലും വേണ്ടില്ല മനയ്ക്കലെ നെല്ലുകുത്തോ അധികാരിയുടെ വീട്ടിലെ കൃഷിപ്പണിയോ വാരിയത്തെ അടുക്കളപ്പണിയോ ദാസ്യവൃത്തിയോ ഒക്കെയാവാം. അതിലൊന്നുമില്ലാത്ത അപമാനമാണയാൾക്ക് ജാനകി പാലം പണിക്കു പോകുന്ന കാര്യമോർക്കുമ്പോൾ അയാളുടെ ഭാവനയിൽ മേസ്ത്രിയും മറ്റു പണിക്കാരുമൊക്കെ അവളെ ചൂഷണം ചെയ്യാൻ ശ്രമിക്കും. ഗത്യന്തരമില്ലാതെ വഴങ്ങുന്ന അവൾ രാത്രി വരാതിരിക്കും. കാരണമായി പച്ചക്കള്ളങ്ങൾ പറഞ്ഞ് അയാളെ പറ്റിക്കും.”

‘കരിങ്കാലിച്ചി’യിലെ ശങ്കരനാരായണൻ കല്യാണിക്കുട്ടിയെ വിട്ടുപോന്നത് മനയ്ക്കലെ കാര്യസ്ഥൻ അവളെ രാത്രി പണിക്കു വിളിച്ചുകൊണ്ടുപോവുന്നതുകൊണ്ടാണ്. ”ജന്മിത്തം അവനെ ആട്ടിപ്പായിച്ചു. അയാൾ ഉടുക്കാനും തേക്കാനും കൊടുക്കുന്ന പെണ്ണിനെ രാത്രി പത്തുമണിക്ക് മനയ്ക്കലെ അപ്പൻ തമ്പുരാൻ പണിക്കു വിളിച്ചു പോവുകയാണെങ്കിൽ അവനെങ്ങനെ അത് കണ്ടുകൊണ്ടിരിക്കും?” എന്നാണ് ചെറുകാട് എഴുതുന്നത്.

‘തീരാത്ത സംശയ’ത്തിൽ കാമുകീ കാമുകരായ ദേവയാനിക്കും രാജഗോപാലനുമിടയിലുള്ള ശങ്കകളാണ് പ്രമേയം. ദേവയാനിയുടെ പെട്ടി കള്ളത്താക്കോലിട്ടു തുറന്ന് അവൾക്ക് മറ്റൊരാളയച്ച കത്തുകൾ വായിച്ച് അയാൾ കലഹിക്കുന്നു. അവളെ പിരിഞ്ഞുപോകുന്നു. ഭാസ്‌കരൻനായർക്കും രാജഗോപാലനുമിടയിൽപ്പെട്ട മനസ്സോടെയിരുന്നു തലപുകയ്ക്കുന്ന ദേവയാനിയുടെ ചിന്തകൾക്ക് ആത്മവിശകലനത്തിന്റെ സത്യസന്ധതയും സാമൂഹ്യവിശകലനത്തിന്റെ തീക്ഷ്ണതയുമുണ്ട്. ”…രാജഗോപാലിനെ നിരസിച്ച് ഭാസ്‌കരൻ നായരെ വിവാഹം ചെയ്യണമെന്നെനിക്കു മോഹമില്ല. പിന്നെ താനെന്തിനേ ആ കത്തുകൾ ഓരോന്നായി വാങ്ങിയത്? അയാളുടെ ഉള്ളുകള്ളികളറിയാൻ. എന്തിന്? തന്നിൽ ഭ്രമിച്ച ഒരുവനുണ്ടെന്നറിയുന്നത്  ഒരു യുവതിക്കഭിമാനമാണ്…….. ഓരോരുത്തന്റെ ഹൃദയത്തിൽ ഓരോ അവസരത്തിൽ പാഞ്ഞുപോകുന്ന നഗ്നവികാരങ്ങളെ മനസ്സിാക്ഷിയുടെ തിരശ്ശീല നീക്കിപ്പരിശോധിച്ചാൽ ഇത്തരം രംഗങ്ങൾ പലതും കാണില്ലേ? എന്റെ ഭർ്ത്താവ് ആരാണ് എന്നു തീരുമാനിച്ചിട്ടില്ല. അതിനുള്ള അധികാരം എനിക്കല്ലേ? രാജഗോപാലൻ എന്നെ ഒരു കുറ്റക്കാരിയായി കണക്കാക്കിയിട്ടുണ്ടാവും. ഭാസ്‌കരൻ നായർ ഒന്നും തീർച്ചയാക്കിയിട്ടുണ്ടാവില്ല. ഞാനും ഒന്നും തീർച്ചയാക്കിയിട്ടില്ല. രണ്ടാൾക്കും തീരാത്ത സംശയം ഞാൻ കാരണമുണ്ടായി. ഉണ്ടാവട്ടെ. ആലോചിച്ചു തീരുമാനിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.”– ഈ ആലോചനകൾക്കു നടുവിൽ പരിസമാപ്തിയിലെത്തുന്ന കഥാഘടന പരിണാമഗുപ്തിയുടെ പതിവു യുക്തിയെ തകിടം മറിച്ചുകൊണ്ടാണ് നിലയുറപ്പിക്കുന്നത്. ഏതെങ്കിലുമൊരാളുടെ ഭാര്യയോ കാമുകിയോ ആയി ഉറപ്പിക്കപ്പെടുന്ന പതിവു പര്യവസാനയുക്തിക്കു പകരം സന്ദിഗ്ദ്ധമായ, എങ്കിലും സമചിത്തതയോടെയുള്ള ഒരു ആരായലിൽ പ്രണയം, വിവാഹം സദാചാരം, പൗരുഷം എല്ലാം വിചാരണചെയ്യപ്പെടുകയാണ്.

പനങ്കഴു എന്ന കഥയിലെ മാലതിടീച്ചർക്ക് സഹപ്രവർത്തകനായ പരശുരാമയ്യരുടെ പ്രണയാഭ്യർഥന നിരസിച്ചതിന്റെ ഫലമായി അയാളുടെ പ്രതികാരത്തിനിരയാവേണ്ടി വരുന്നു. അയാൾ മാലതിടീച്ചർ നോക്കേണ്ട പരീക്ഷാപേപ്പറുകളിലൊന്ന് ഒളിപ്പിച്ചു വെച്ചതിന്റെ ഫലമായി അവർക്ക് സസ്‌പെൻഷൻ ലഭിക്കുന്നു. നിരസിക്കപ്പെടുന്ന ആണത്തം വിഷം വമിച്ച് ഫണം വിടർത്തിയാടുന്നതിന്റെ പല ദൃശ്യങ്ങൾ ഈ കഥയുടെ സന്ദർഭങ്ങളിലുണ്ട്.

‘സംശയഛായ’യിൽ സുകുമാരന്റെ ഭാര്യ സുഭദ്ര പ്രസവിച്ച ശേഷമുള്ള സംഭവങ്ങളാണ് വിഷയം. കുട്ടിയെക്കാണാനെത്തിയ  അയാൾക്ക് ഭാര്യയുടെ അമ്മ പറഞ്ഞ വാക്കുകളിൽ മനസ്സുടക്കുന്നു. ”കണ്ണും പുരികവും കാലടികളുമൊക്കെ തത്സ്വരൂപം. ഇങ്ങനെ ഛായയുണ്ടാവാൻ വേയ്‌ക്കോ എന്നാണെനിക്ക്”- കുട്ടിയുടെ ഛായ പാതിവ്രത്യത്തിന്റെ ഉരകല്ലാണെന്നയാൾ ഊഹിച്ചു. അധികത്തെളിവു കൊണ്ടുവരുന്നത് കള്ളത്തരം കൊണ്ടല്ലേ എന്നയാൾ ആലോചിച്ചു.

കുളക്കടവിൽ കണ്ട എല്ലാ പുരുഷന്മാരെയും അയാൾ ഭാര്യയുടെ ജാരന്മാരായി സംശയിച്ചു. കുട്ടിയുടെ ഛായ അവരിലെല്ലാം തിരഞ്ഞു, ആരോപിച്ചു. സ്‌നേഹത്തിനും സംശയത്തിനുമിടയിൽ അയാൾ പിടഞ്ഞു. സംശയം തീർച്ചയായി. കുട്ടിയുടെ പിതൃത്വം ഭാര്യവീട്ടിനടുത്തുള്ള പണക്കാരനും സുമുഖനുമായ ഭാസ്‌കരൻനായരിലാരോപിച്ച് അയാൾ സ്വസ്ഥനാവാൻ ശ്രമിച്ചു. കുട്ടിയുടെ ചോറൂണിനും പേരിടലിനുമൊന്നും പോകാതെ അയാളകന്നു നിന്നു.

കേരളീയ കുടുംബഘടനയുടെ പരിണാമഘട്ടങ്ങളിൽ ആണത്തത്തിന്റെ വ്യത്യസ്ത രാശികൾ ഉടലെടുക്കുന്നതിന്റെ കാഴ്ചകളാണീ കഥകളിലുള്ളത്. സമഗ്രമായും പുരുഷാധിപത്യഘടനയിലൂന്നിയ അണുകുടുംബക്രമത്തിൽ പ്രബലമാകുന്ന ആണത്തം മുമ്പുണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണത്. കൂട്ടുകുടുംബത്തിന്റേയും അണുകുടുംബത്തിന്റേയുമിടയിലുള്ള സംക്രമണഘട്ടത്തിൽ ആണത്തം സ്വരൂപിച്ചെടുക്കുന്ന ബലാബലങ്ങൾ, മൂല്യസംഘർഷങ്ങൾ അവയുടെ വിശദാംശങ്ങളോടെ ഈ കഥകളിൽ തെളിയുന്നു. ആദ്യഘട്ടങ്ങളിൽ പൗരുഷവും പിതൃത്വവും വ്യത്യസ്തമായ രണ്ട് മൂല്യഘടനകളായിരുന്നു. ദാമ്പത്യാധിഷ്ഠിത പിതൃമേധാവിത്ത ഘടനയിൽ ആണത്തവും പിതൃത്വവും ഒന്നുചേർന്ന് ഒരേ ഘടനയായി ഉറയ്ക്കുന്നു. മുമ്പുണ്ടായിരുന്ന ജീവശാസ്ത്രപരമായ പിതൃത്വം സാമൂഹ്യമൂല്യങ്ങളാൽ, പ്രധാനമായും സ്ത്രീയുടെ ലൈംഗികസദാചാരം നിർണായകമാകുന്ന മൂല്യങ്ങളാൽ നിർണയിക്കപ്പെടുന്ന ഒന്നായി മാറുന്നു. ഈ പുതിയ പിതൃത്വത്തിന്റെ, അധീശമൂല്യത്തിന്റെ സ്ഥാപനമാണ് മേൽപറഞ്ഞ കഥയിലുള്ളത്. അതിന്റെ ഉപോൽപന്നമാണ് ജാരൻ. പിതൃത്വത്തിലൂന്നിയ ആധുനിക ആണത്തത്തിനോടുള്ള വെല്ലുവിളിയാണയാൾ. മുമ്പ് കാരണവരുമായി നടന്ന പ്രത്യക്ഷത്തിലുള്ള അധികാര വടംവലിയേക്കാൾ വലുതായ ആണത്ത വിലപേശലുകൾ ജാരനുമായി ഇവിടെ നടക്കുന്നു. പൗരുഷം പരസ്പരമാത്സര്യത്തിലൂടെ ഉറപ്പിക്കപ്പെടുന്ന ഒന്നായി പരിണമിക്കുന്നു. ശാസക മർദ്ദക സ്വഭാവമുള്ള ആണത്തം ഉള്ളിൽ ഒരു ജാരനെ ഭയപ്പെടുന്നു, ഒരു നുഴഞ്ഞുകയറ്റക്കാരനെ. പുരോഗമനേച്ഛുവായ പുരുഷന്റെ ബാഹ്യസ്വത്വത്തിൽ നിലീനമായ കാർമോന്മുഖതയുടെയും രക്ഷാകർതൃത്വത്തിന്റെയും വിദൂരഛായയിൽ ഈ പിതൃ/ശാസകബിംബം മറഞ്ഞിരിപ്പുണ്ട്. (മലയാളഭാവുകത്വത്തിന്റെ പിൽക്കാല ഭാവനയിൽ ‘പാണ്ഡവപുര’ത്തിലെ ജാരൻ സ്ത്രീയുടെ മുൻകയ്യിലൂടെ രൂപമാർജിക്കുന്നുണ്ട്. സ്‌ത്രൈണതയുടെ സ്വതന്ത്രകാമനകൾക്കകത്തെ വിധ്വംസകതയാണയാൾ. മേൽപ്പറഞ്ഞ ജാരന്റെ എതിർനിലയാണത്)

റഫറൻസ്

  1. ചെറുകാട്, ചെറുകാടിന്റെ ചെറുകഥകൾ, കറന്റ് ബുക്‌സ്, തൃശ്ശൂർ
  2. ജീവിതപ്പാത,1992,കറന്റ് ബുക്‌സ്,തൃശ്ശൂർ
  3. ഉഷാകുമാരി.ജി., വീട്ടകത്തെ പെണ്ണ്, ഉടൽ ഒരു നെയ്ത്ത്: സംസ്‌കാരത്തിന്റെ സ്ത്രീവായന,എൻ.ബി.എസ്,കോട്ടയം.

 

Comments

comments