ന്തരിച്ച പ്രിയ സുഹൃത്ത്‌ വി സി ഹാരീസ് ഒരു ദെരീദ്യന്‍ ദാര്‍ശനികന്‍ കൂടി ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ വേര്‍പാടിനെ കുറിച്ച് എഴുതാന്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സിനെ, ആ മരണത്തിന്റെ വേദനയോടൊപ്പം മഥിക്കുകയാണ്.

കാരണം മരണത്തെക്കുറിച്ചു ദെരീദ എഴുതിയത് ഈ സന്ദര്‍ഭത്തില്‍ മനസ്സിലേക്ക് കടന്നു വരാതിരിക്കുന്നതെങ്ങനെ? ഹാരിസ് അത് എത്ര തവണ വായിച്ചിട്ടുണ്ടാവും! എത്ര ക്ലാസ് മുറികളെ ആ ചിന്തകള്‍ കൂടി പകര്‍ന്നു കൊടുത്തു ആഴപ്പെടുത്തിയിട്ടുണ്ടാവും. മൃത്യു വിലാപത്തിന്റെ രാഷ്ട്രീയത്തെയും ലാവണ്യത്തെയും കുറിച്ച് The Work of Mourning (2001) എന്ന് ഒരു പുസ്തകം തന്നെ എഴുതി നമ്മുടെ നശ്വര-അനശ്വര സങ്കല്‍പ്പങ്ങള്‍ക്ക് മീതെ ദാര്‍ശനിക ജീവിത വായനയുടെ ഒരു കോടി പുതപ്പിച്ചു ദെരീദ. ദെരീദ മരിച്ചപ്പോള്‍ ‘ദാ പോയി ദെരീദ’ എന്ന് ആ മരണത്തെ വേദന കലര്‍ന്ന ലാഘവത്വം കൊണ്ട് ഹാരീസ് നേരിട്ടത് ഞാന്‍ ഓര്‍ക്കുകയാണ്. മരണത്തെ തല്‍ക്കാലം അതിജീവിച്ചവര്‍ ആയതു കൊണ്ടാണ് നമുക്ക് സുഹൃത്തുക്കളുടെ മരണത്തെ കുറിച്ച് എഴുതാന്‍ കഴിയുന്നത് എന്ന് തന്റെ പതിന്നാലു സുഹൃത്തുക്കളുടെ മരണങ്ങളെ കുറിച്ച് എഴുതിക്കൊണ്ട് ദെരീദ നമ്മളെ ഓര്‍മ്മിപ്പിച്ചു. സൌഹൃദവും വിലാപവും മനുഷ്യ ജീവിതത്തിന്റെ കേവല നശ്വരതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനെ അദ്ദേഹം ദാര്‍ശനികമായി വ്യാഖ്യാനിച്ചു. മരണം ലോകത്തെ ഒരു കണ്ണുനീര്‍ തുള്ളിയിലേക്ക് ചുരുക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.  ഒരാള്‍ മരിക്കുമ്പോള്‍ നഷ്ടമാവുന്നത് ആ സുഹൃത്തിനെ മാത്രമല്ല, മരണം  നമ്മളില്‍ നിന്ന്  ആ സുഹൃത്തുമായി ബന്ധപ്പെട്ട ഒരു സവിശേഷ ജീവിതത്തെ മാത്രമല്ല തട്ടിപ്പറിക്കുന്നത്. “Death takes from us not only some particular life within the world, some moment that belongs to us, but, each time, without limit, someone through whom the world, and first of all our own world, will have opened up” എന്ന് അസന്ദിഗ്ധമായി ദെരീദ പറഞ്ഞു തന്നിട്ടുണ്ട്.

വിശാലമായ ആശയലോകത്തു നിന്നുകൊണ്ട് ധൈഷണിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ട പ്രതിഭാശാലി ആയിരുന്നു വി സി ഹാരിസ്. അദ്ദേഹത്തിന്റെ സാന്നിധ്യം ക്ലാസ് മുറികളെയും പ്രഭാഷണ സദസ്സുകളെയും ആഴമുള്ള ചിന്തയുടെ പ്രകാശനവേദികളാക്കി മാറ്റിയിരുന്നു. സിനിമയും സാഹിത്യവും തത്വചിന്തയും രാഷ്ട്രീയവും നാടകവും എല്ലാം അദ്ദേഹത്തിന്റെ തീക്ഷ്ണമായ ചിന്തക്ക് വഴങ്ങിക്കൊടുത്തു. കേരളത്തില്‍ ഉത്തരാധുനിക ചിന്തകള്‍ കാമ്പസ്സിന്റെ ചിന്താലോകത്തേക്ക് കടത്തിവിട്ട അദ്ധ്യാപകരില്‍ പ്രമുഖനായിരുന്നു ഹാരിസ്. പുതിയ ചിന്തയും പുതിയ രാഷ്ട്രീയവും ഉയര്‍ത്തി പിടിക്കുന്നതില്‍ അദ്ദേഹം കാട്ടിയ ജാഗ്രതയും ഉത്തരവാദിത്ത ബോധവും ക്ലാസ്സ്സ്മുറികളെ കവിഞ്ഞു പുറത്തേക്കു വന്നു. തന്റെ ലേഖനങ്ങളിലൂടെ കുറിപ്പുകളിലൂടെ  അവതാരികകളിലൂടെ ആ നവവിചാരങ്ങള്‍ അദ്ദേഹം പ്രസരിപ്പിച്ചു. നവസാമൂഹികതയുടെ രാഷ്ട്രീയത്തോടൊപ്പം അദ്ദേഹം നിലകൊണ്ടു. അതിന്റെ രാഷ്ട്രീയമായ പ്രകാശനങ്ങളെ പ്രോത്സാഹിപ്പിച്ചു. അവയ്ക്കൊപ്പം നിന്നു. കേരളത്തിലെ ധൈഷണിക സംവാദങ്ങള്‍ കേവലമായ ഫോര്‍മലിസ്റ്റ്- പോസിറ്റിവിസ്റ്റ് ചട്ടക്കൂടുകളില്‍ ഒതുങ്ങി പോവാതിരിക്കാന്‍ അദ്ദേഹം ഉത്തരാധുനികതയുടെയും പോസ്റ്റ്‌ കൊളോണിയല്‍ അന്വേഷണങ്ങളുടെയും നവീന ധാരകളെ തന്റെ അധ്യാപനത്തിന്‍റെയും എഴുത്തിന്‍റെയും അവിഭാജ്യ ഘടകമാക്കി. ചിന്തയുടെയും വായനയുടെയും ഭാവനയുടെയും അപൂര്‍വമായ സംയോജനത്തില്‍ ആ പ്രഭാഷണങ്ങളും പഠനങ്ങളും ഭാഷയെയും സംസ്കാരത്തെയും നവസാമൂഹികതയുടെ രാഷ്ട്രീയത്തെയും ഒരേ സമയം ആദരിക്കുകയും അവയെ ഒക്കെ സമ്പുഷ്ടമാക്കുകയും ചെയ്തു.

ഹാരീസുമായി അടുത്ത് ബന്ധപ്പെടെണ്ട സന്ദര്‍ഭങ്ങള്‍ വളരെ കുറച്ചേ എനിക്കുണ്ടായിട്ടുള്ളൂ. അത് തന്നെയും ഞാന്‍ വിദേശത്തേക്ക് പോകുന്നതിനു മുന്‍പുള്ള കാലത്തായിരുന്നു- തൊണ്ണൂറുകളില്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഏതൊക്കയോ ചിന്താസീമകളില്‍ ഞങ്ങളുടെ നിഗമനങ്ങള്‍, അനുഭാവങ്ങള്‍, നിരീക്ഷണങ്ങള്‍ ഒക്കെ ആകസ്മികമായെങ്കിലും സൌഭ്രാത്രത്തില്‍ ആവുന്നത് എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്. വിശാലമായ സാംസ്കാരിക രാഷ്ട്രീയ ചലനങ്ങളുടെ എതോക്കയോ അതിരുകളില്‍ സമാനതകള്‍ ഉള്ളവരായി വര്‍ത്തിച്ചിട്ടുള്ളത് ആശ്വാസകരമായി തോന്നിയിട്ടുണ്ട്. ആ വിദൂര സൌഭ്രാത്രത്തിന്റെ ഓര്‍മയാണ്, ഈയിടെ അദ്ദേഹത്തെ ഗാന്ധി യൂണിവേര്‍സിറ്റി അനാവശ്യമായ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞങ്ങള്‍ എന്നും സംസാരിക്കുന്നവരോ അടുത്തടുത്ത്‌ പോലും കാണുന്നവരോ ആയിരുന്നില്ല. ഞങ്ങള്‍ പരസ്പരം കണ്ടിട്ടും വര്‍ത്തമാനം പറഞ്ഞിട്ടും വര്‍ഷങ്ങള്‍ ആയിരുന്നു. പക്ഷെ ഞാന്‍ എന്റെ അടുപ്പങ്ങളെ ഇത്തരത്തില്‍ രാഷ്ട്രീയമായി കൂടി മനസിലാക്കുന്നു. ദൈനംദിന വ്യവഹാരങ്ങളില്‍ കടന്നു വരുന്നവരല്ലെങ്കിലും സമൂഹത്തിന്റെ അബോധത്തെ അടുത്തറിയാന്‍ ശ്രമിക്കുന്നവര്‍ എനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ പ്രശ്നങ്ങള്‍ എന്റെയും കൂടി പ്രശ്നങ്ങളാണ്. The Work of Mourning എഴുതുന്നതിനു മുന്‍പ് ദെര്രീദ Politics of Friendship (1997) എഴുതിയിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞിരുന്നത് ഏതു സൌഹൃദത്തിന്‍റെയും ആത്യന്തികമായ നിയമം ഒരാള്‍ മരിക്കുമ്പോള്‍ മറ്റെയാള്‍ വിലപിക്കേണ്ടി വരും എന്നതാണ്..

അദ്ദേഹത്തിന്റെ സ്കൂള്‍ ഓഫ് ലെറ്റര്‍സും  കൂടി മുന്‍കൈ എടുത്തു നടത്തുന്ന ഒരു സെമിനാറില്‍ ഞാന്‍ ഈ മാസം പങ്കെടുക്കുവാനിരിക്കുകയായിരുന്നു. സ്കൂള്‍ ഓഫ് ലെറ്റര്‍സില്‍ പോകാന്‍ സമയം ഉണ്ടാവില്ലെങ്കിലും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതിയിരുന്നു. ആ കൂടിക്കാഴ്ചയും ഇല്ലാതായിരിക്കുന്നു. അദ്ദേഹവും സുഹൃത്തുക്കളോട് ഞാന്‍ അവിടെ ചെല്ലണം എന്ന് പറയുന്നുണ്ടായിരുന്നു. ആ സ്ഥാപനത്തെ അതിനു ഇന്നുള്ള ഖ്യാതിയിലേക്ക് ഉയര്‍ത്താന്‍ ഹാരിസിന്റെ സാന്നിധ്യവും ധിഷണയും പരിശ്രമവും വഹിച്ചിട്ടുള്ള പങ്കു ചെറുതല്ല. എത്രയോ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ ബഹുമുഖമായ ബൌദ്ധിക ജീവിതത്തില്‍ നിന്ന് പ്രചോദനവും പ്രോത്സാഹനവും നേടിയിട്ടുണ്ട്. ആ സ്ഥാപനം നമ്മുടെ സാംസ്കാരിക ജീവിതത്തെ പരിപുഷ്ടമാക്കുന്നതില്‍ വഹിച്ചിട്ടുള്ള പങ്കു ചെറുതല്ല. എം.ജി യൂണിവേര്‍സിറ്റിയിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സും സ്കൂള്‍ ഓഫ് ലെറ്റെര്‍സും സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസും ഒക്കെ നിരവധി പ്രഗല്‍ഭരായ ഗവേഷകരേയും അദ്ധ്യാപകരേയും പത്ര പ്രവര്‍ത്തകരെയും വിമര്‍ശകരെയും സംഭാവന ചെയ്തിട്ടുണ്ട്. ആ ധൈഷണിക പാരമ്പര്യത്തിലെ വിലപ്പെട്ട ഒരു കണ്ണി ആയിരുന്നു വി സി ഹാരീസ്. കേരളത്തിന്റെ ബൌദ്ധികലോകത്തിനു ഈ വേര്‍പാട്‌ സൃഷ്ടിക്കുന്ന ശൂന്യത വാക്കുകള്‍ക്ക് അതീതമാണ്.

ഹാരീസിനെ പോലെ ഒരു അദ്ധ്യാപകന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ദാര്‍ശനികന്‍, സാഹിത്യ വിമര്‍ശകന്‍ ഭാഷയുടെയും സംസ്കാരത്തിന്‍റെയും ഭാഗ്യവും കൂടിയാണ്. താന്‍ സഞ്ചരിച്ച ഈ വഴികളില്‍ ഒക്കെ അദ്ദേഹം ഭാവിയിലേക്കുള്ള ചിന്തയുടെ കരുത്തുറ്റ വിത്തുകള്‍ വിതച്ചിട്ടുണ്ട്. നമ്മോടു അദ്ദേഹത്തെ പോലുള്ളവര്‍ കാട്ടുന്ന ഈ ഔദാര്യത്തെ ആണ് നമ്മള്‍ ഭാവി എന്നു വിളിക്കുന്നത്‌. അതുകൊണ്ട് തന്നെ അദ്ദേഹം നമ്മുടെ ഇടയില്‍ നിന്നു വിട്ടുപോകുന്നില്ല. ആ ചിന്തകളുടെയും വലിയ സംഭാവനകളുടെയും വെളിച്ചം ഇവിടെ ഏറെക്കാലം നിലനില്‍ക്കും. ഹാരീസിന്റെ ഭൌതികമായ വിയോഗത്തിന്റെ ഈ ദുഃഖ നിമിഷത്തില്‍ അദ്ദേഹത്തിന്റെ കുടുംബാങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം അത്യന്തം വേദനയോടെ നവമലയാളിയും  ചേര്‍ന്ന് നില്‍ക്കുന്നു.

അറിവിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പിത ജീവിതത്തിന്റെ ഓര്‍മ്മയില്‍ നവമലയാളി അദ്ദേഹത്തിന് വിനയപൂര്‍വ്വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ഡോ. ടി ടി ശ്രീകുമാര്‍

ചീഫ് എഡിറ്റര്‍ നവമലയാളി

 

Comments

comments