2017 നവംബർ 22-നു, അധികാരമേറ്റ് മുപ്പത്തിയേഴ് വർഷങ്ങളും ഏതാനും മാസങ്ങളും പിന്നിടവേ, റോബർട്ട് ഗബ്രിയേൽ മുഗാബെ സിംബാബ്വേയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജി വച്ചു. അൻപതിലേറെ വർഷങ്ങളായി മുഗാബെയുടെ സഹചാരിയായിരുന്ന, വഞ്ചന ആരോപിക്കപ്പെട്ട് പത്തൊൻപത് ദിവസങ്ങൾ മുൻപ് മാത്രം പുറത്താക്കപ്പെട്ട, മുൻ വൈസ് പ്രസിഡന്റ് എമേഴ്സൺ നങ്ഗാഗ്വ നവംബർ 24-നു പ്രസിഡന്റായി ചുമതലയേറ്റു. ഹാംലെറ്റിനെയും മാക്ബത്തിനെയുമൊക്കെ നഴ്സറിക്കഥകളെന്ന മട്ടിൽ അതിശയിപ്പിക്കുന്നവിധം നാടകീയത നിറഞ്ഞുനിന്ന, ചരിത്രത്തിന്റെ ഈ കഷണത്തെക്കുറിച്ചെഴുതാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ ഷേക്സ്പിയർ തന്നെ ഉയിർത്തെഴുന്നേറ്റേനെ.

ചരടുവലിക്കണക്കുകൾ കൃത്യമാകാനും അതനുസരിച്ച് കുരുക്കുകൾ മുറുകാനുമുള്ള കാലതാമസം മാത്രമാണു മുഗാബെയുടെ വീഴ്ച്ചയ്ക്ക് മുൻപുള്ളത് എന്നത് ഏവർക്കും ഈ അടുത്തകാലത്ത് തീർച്ചയായിക്കഴിഞ്ഞിരുന്നു. ഈ വർഷം ആഗസ്റ്റിൽ മുഗാബെ നടത്തിയ ഒരു റാലിയിൽവെച്ച് നങ്ഗാഗ്വയെ വിഷം കൊടുത്ത് വധിക്കാൻ നടന്ന ശ്രമം മുഗാബെയുടെ ഭാര്യയായ ഗ്രേയ്സ് മുഗാബെയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്ന ആരോപണമാണു അടുത്തകാലത്ത് ഇതിലേക്ക് നയിച്ച സംഭവങ്ങളിൽ പ്രധാനപ്പെട്ടത്.

മുഗാബെ – നങ്ഗാഗ്വ വേർപിരിയലിന്റെ സാധ്യത അല്പവർഷങ്ങളായി വളർന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. തന്റെ ഭർത്താവ് ജോലി കൊടുത്ത ഒരാളെ താനെന്തിനു കൊല്ലണം, അല്ലെങ്കിൽ തന്നെ അത്രയും പോന്ന ആരാണു  നങ്ഗാഗ്വ എന്ന മട്ടിൽ ഗ്രേയ്സ് മുഗാബെ തനിക്കെതിരെയുള്ള ആരോപണം അസംബന്ധമാണെന്ന് പറഞ്ഞ് തള്ളി. പാമ്പിന്റെ പത്തി ചതച്ചുകളയണമെന്നുമൊക്കെയുള്ള നിലയിലേക്ക് ഗ്രേയ്സിന്റെ പ്രതികരണം തുടരവെ സംഭവങ്ങൾ വേഗത്തിൽ മാറിത്തുടങ്ങി. അതുവരെ പതിവുപോലെ തന്ത്രങ്ങളും സംഭാഷണവുമെല്ലാം മറ്റുള്ളവർക്ക് വിട്ടുകൊടുത്ത് അണിയറയിൽ, എന്നാൽ എല്ലാത്തിനും മീതെയിരുന്ന മുഗാബെ ഒടുവിൽ ഭാര്യയ്ക്ക്  പിന്തുണയുമായി രംഗത്തെത്തി. നവംബർ 6-നു നങ്ഗാഗ്വയെ വൈസ്പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കി.

പുതിയ പ്രസിഡന്റ് നങ്ഗാഗ്വ വർഷങ്ങളായി മുഗാബെയുടെ അംഗരക്ഷകനും സഹായിയും ലിബറേഷൻ ആർമിയുടെ കമാൻഡറുമായിരുന്നു.  സിംബാബ്വെയിലെ വിമോചനമുന്നേറ്റ പാർട്ടികളിൽ ഒന്നായിരുന്ന Zimbabwe African National Union (ZANU)-വിലും സിംബാബ്വെയുടെ ആദ്യതെരഞ്ഞെടുപ്പിലേക്ക് നയിച്ച മധ്യസ്ഥചർച്ചാസംഘത്തിലും ഭാഗമായിരുന്നു നങ്ഗാഗ്വ. 1980-ൽ മുഗാബെ അധികാരമേറ്റ കാലം മുതൽ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെടുന്നതുവരെ മുഗാബെയ്ക്കു കീഴിൽ സുരക്ഷാകാര്യമന്ത്രി, നിയമകാര്യമന്ത്രി, ധനകാര്യമന്ത്രി, സ്പീക്കർ, പ്രതിരോധമന്ത്രി എന്നീ പദവികളിലായി തുടർച്ചയായി ഒപ്പമുണ്ടായിരുന്നു അദ്ദേഹം. ഡിസ്മിസ് ചെയ്യപ്പെട്ട് മണിക്കൂറിനുള്ളിൽ തന്നെ തന്റെ ജീവനു ഭീഷണിയുണ്ടെന്ന് അറിയിച്ച നങ്ഗാഗ്വ റിപ്പോർട്ടുകൾ പ്രകാരം സിംബാബ്വെ – മൊസാംബിക് അതിർത്തിയിലേക്ക് റോഡുമാർഗ്ഗവും അവിടെ നിന്ന് ചെക്ക്പോയിന്റുകൾ ഒഴിവാക്കാനായി കാൽനടയായും രക്ഷപ്പെട്ട് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ എത്തിച്ചേർന്നു.

അതേസമയം സിംബാബ്വെയിൽ ഗ്രേയ്സിന്റെയും ജി-40 (ജെനറേഷൻ-40: മിക്കവാറും തന്നെ വിമോചനമുന്നേറ്റത്തിൽ പങ്കെടുത്തിട്ടില്ലാത്ത, പാർട്ടിയിലെ ഒരു യുവജനഫാക്ഷൻ) എന്ന് വിളിപ്പേരുള്ള അവരുടെ സഹായസംഘത്തിന്റെയും നേതൃത്വത്തിൽ നങ്ഗാഗ്വയ്ക്കെതിരെയുള്ള പ്രചരണങ്ങളും ആരോപണങ്ങളും വ്യാപകമാകുകയായിരുന്നു. തൊണ്ണൂറ്റിമൂന്ന് വയസ്സിന്റെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന മുഗാബെ ഒഴിയാൻ തീരുമാനിക്കുന്ന മുറയ്ക്ക് ഗ്രേയ്സിനും ജി40-നും അധികാരത്തിലേക്കെത്താം എന്നതായിരുന്നു പദ്ധതി.

എന്നാൽ അതങ്ങനെയല്ല സംഭവിച്ചത്.

ഷോണാ നാടോടി ഭാഷയിൽ മറ്റൊരു പേരിലും കൂടി നങ്ഗാഗ്വ അറിയപ്പെടുന്നുണ്ട്. “Ngwena”.  മുതലയെന്നോ ചീങ്കണ്ണിയെന്നോ അർത്ഥം വരുന്ന, നങ്ഗാഗ്വയുടെ കൗശലത്തെയും ക്ഷമയെയും അതിജീവനശേഷിയെയും സൂചിപ്പിക്കുന്ന ആ പേരു ലഭിച്ചതു മാത്രമല്ല വളർത്തിയെടുത്തതുമാണു. അംഗരക്ഷകസേനയുടെ കമാൻഡറിനെച്ചൊല്ലി സർവ്വരും ഭയപ്പെടേണ്ടതുണ്ടെന്ന സൂചനയും ആ പേരിലുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെത്തിയ ശേഷം നങ്ഗാഗ്വ മുഗാബെയ്ക്കും ഗ്രേയ്സിനുമുള്ള സന്ദേശം കൈമാറി. ZANU പാർട്ടിയും സിംബാബ്വേയും മുഗാബെയുടെ സ്വകാര്യസ്വത്തല്ല, താൻ മടങ്ങിവരും.

കാര്യങ്ങളെല്ലാം പഴയമട്ടിലേക്ക് എന്ന് കരുതിത്തുടങ്ങുമ്പോഴാണു നവംബർ 13-ആം തീയതി നങ്ഗാഗ്വയുടെ വിശ്വസ്തനെന്നറിയപ്പെടുന്ന സേനാമേധാവി കോൺസ്റ്റന്റിനോ ചിവെൻഗയുടെ പ്രസ്താവന വന്നത്. ക്ഷോഭകരമായ രാഷ്ട്രീയാവസ്ഥ ശാന്തമാക്കുനതിനായി ഇടപെടാൻ സൈന്യം മടിക്കുകയില്ല എന്നായിരുന്നു അത്. മുതലചിഹ്നത്തിന്റെ പേരിൽ ‘ലാകൊസ്റ്റെ’ എന്നറിയപ്പെട്ടിരുന്ന നങ്ഗാഗ്വ വിഭാഗത്തിന്റെ സ്വരമാണു അതിലൂടെ കേട്ടത്. മുഗാബെയും ഗ്രെയ്സിന്റെ ജി40 സംഘവും കൂടി ഒതുക്കിയ ലാകോസ്റ്റെ സംഘത്തിലെ അംഗങ്ങൾ വിമോചനമുന്നേറ്റത്തിലെ പഴയ പോരാളികളും സുരക്ഷാവിഭാഗത്തിലെയും സൈന്യത്തിലെയും ZANU പാർട്ടിയിലെയും പ്രധാനികളാണു. 15-ആം തീയതിയുടെ ആദ്യമണിക്കൂറുകളിൽ ഹരാരെയിലെ ചിലർ ഉറക്കമുണർന്നത് വെടിയൊച്ചകൾ കേട്ടാണു. രാവിലെയായപ്പോഴേക്കും തലസ്ഥാനവും പോലീസ്, പ്രസിഡൻഷ്യൽ ഗാർഡ്, രഹസ്യാന്വേഷണവിഭാഗം എന്നിങ്ങനെയുള്ള തന്ത്രപ്രധാനകേന്ദ്രങ്ങളും സൈന്യം നിശബ്ദമായി വളഞ്ഞുകഴിഞ്ഞിരുന്നു. ആഭ്യന്തരസുരക്ഷാവിഭാഗം പൂർണ്ണമായും ദുർബലരായിക്കഴിഞ്ഞിരുന്നു. സിംബാബ്വേ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ പ്രക്ഷേപണനിലയവും കൈവശമാക്കിക്കഴിഞ്ഞിരുന്ന സൈന്യം വൈകുന്നേരത്തോടെ പ്രസിഡന്റ് സുരക്ഷിതനാണെന്നും അതേസമയം പ്രസിഡന്റിനെയും സൈന്യത്തലവനെയും ചുറ്റിപ്പറ്റിയുള്ള ചില ക്രിമിനൽശക്തികളുടെ അറസ്റ്റുമായി തങ്ങൾ മുന്നോട്ട് പോകുകയാണെന്നും റേഡിയോയിലൂടെ രാജ്യത്തെ അറിയിച്ചു. ഇത് സൈന്യത്തിന്റെ ഭാഗത്തുനിന്നുമുള്ള ഏതെങ്കിലും തരത്തിലുള്ള ഏറ്റെടുക്കൽ നടപടിയല്ലെന്നും സേനാവക്താവ് അറിയിച്ചു. ‘അട്ടിമറിയല്ലാത്ത അട്ടിമറി’ അങ്ങനെ നടപ്പിലാകുകയായിരുന്നു. അന്താരാഷ്ട്രസമൂഹത്തിന്റെ പ്രതിരോധവും മുൻപ് സൈനിക അട്ടിമറി നടന്ന രാജ്യങ്ങളെ പുറത്താക്കിയിട്ടുള്ള ആഫ്രിക്കൻ യൂണിയന്റെ നടപടികളെയും മറികടക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്.

വീട്ടുതടങ്കലിൽ ആയിക്കഴിഞ്ഞിരുന്ന റോബർട്ട് മുഗാബെയെ അപ്പോഴും പ്രസിഡന്റ് എന്നും സർവ്വസൈന്യാധിപനെന്നുമായിരുന്നു മിലിട്ടറി കമാൻഡർമാർ സംബോധന ചെയ്തിരുന്നത്. അന്താരാഷ്ട്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമെല്ലാം സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ഒടുവിൽ നടന്നതത്രയും മതി എന്ന മട്ടിലൊരു ആഹ്വാനത്തിന്റെ രീതിയിലേക്ക് അഭിപ്രായ സമന്വയം അവിടങ്ങളിൽ രൂപപ്പെടുകയും ചെയ്തു. 16-ആം തീയതി സേനാമേധാവികൾ മുഗാബേയ്ക്ക് കൈ കൊടുക്കുന്ന ഫോട്ടോകൾ പ്രസിദ്ധീകരിക്കപ്പെട്ടു. ‘അട്ടിമറിയല്ല’ ഇതെന്ന് വരുത്താനുതകുന്ന ഒരു ഫോട്ടോ ഓപ്പറേഷൻ. അതുവരെ അടക്കിവച്ചിരുന്ന അഭിപ്രായങ്ങളുമായി ജനം രംഗത്തെത്താനുമാരംഭിച്ചു. നൃത്തവും കണ്ണീരും കോപവും ഭയവും അഭിലാഷങ്ങളുമെല്ലാം തെരുവിൽ പങ്കിടപ്പെട്ടു. ഭരണമാറ്റങ്ങൾ സാമൂഹികവും രാഷ്ട്രീയപരവും സാംസ്കാരികവുമായ മാനങ്ങളുള്ള ചരിത്രപരമായ വായൂസ്ഥോഭങ്ങളുടെ സമയവുമാണു. ചിലപ്പോഴൊക്കെ അതൊരു സംവിധാനത്തെ വൃത്തിയാക്കാനും ഉതകും.

മുഗാബെയുമായുള്ള മധ്യസ്ഥച്ചർച്ചകൾ പ്രതീക്ഷിച്ചതുപോലെയുള്ള ഫലം നൽകിയില്ല. രാജിവയ്ക്കാമെന്നും പറ്റില്ലായെന്നുമെല്ലാം അദ്ദേഹം മാറിമാറി പറഞ്ഞു. 17-ആം തീയതി ചിത്രത്തിന്റെ സറിയൽ ഭാവങ്ങൾ പുതിയ തലങ്ങളിലേക്കുയർത്തിക്കൊണ്ട് ഒരു യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങിൽ മുഗാബെ പങ്കെടുത്തു. വിനീതമായ കയ്യടിയോടെ സ്വീകരിക്കപ്പെട്ട മുഗാബെയെ മുൻപ് പറഞ്ഞതുപോലെ അപ്പോഴും സൈന്യം കമാൻഡർ -ഇൻ-ചീഫ് എന്നാണു വിളിച്ചത്. സ്വന്തം രാജ്യത്ത് പിടിച്ചുനിൽക്കാൻ പാടുപെട്ടുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സുമ രണ്ട് പ്രതിനിധികളെ അയച്ചതൊഴിച്ചാൽ അന്താരാഷ്ട്രസമൂഹം കാര്യമായി എത്തിനോക്കാൻ ശ്രമിച്ചില്ല. സുമയുടെ പ്രതിനിധികൾക്കാകട്ടെ പ്രസിഡന്റിനൊപ്പം ചായ കുടിക്കാൻ ഒരു അവസരം നൽകിയ ശേഷം യാത്രയയപ്പ് നൽകുകയും ചെയ്തു. സർറിയൽ ചിത്രത്തിന്റെ അരികുമുഴുവൻ പ്രഹസനത്തിന്റെ നിറങ്ങളിട്ട് യഥാർത്ഥമെന്ന് ആവർത്തിച്ചുപറഞ്ഞുകൊണ്ടിരുന്ന അയഥാർത്ഥതയായിരുന്നുവെന്ന് വ്യക്തമാകുകയായിരുന്നു.

18-നു ഹരാരെയുടെ തെരുവുകൾ നിറഞ്ഞത് മുഗാബെയോട് എല്ലാം അവസാനിപ്പിച്ച് പുറത്തുപോകാൻ ആവശ്യപ്പെടുന്ന ജനങ്ങളെക്കൊണ്ടാണു. തങ്ങൾ മുൻപ് തല്ലിച്ചതച്ചിട്ടുള്ള, വെറുപ്പോടെ മാത്രം തങ്ങളെ നോക്കിയിരുന്ന ജനത്തിന്റെ ആശ്ലേഷം പട്ടാളം സന്തോഷത്തോടെ സ്വീകരിച്ചു. അതിനിയും മാറിയിട്ടില്ല.

19-നു ZANU പാർട്ടി മുഗാബെയാണു നേതാവെന്ന് സ്ഥിരീകരിക്കുന്നു. അന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച മുഗാബെ ഇതൊരു അട്ടിമറിയല്ലെന്നും തന്റെ അധികാരത്തെ പട്ടാളം വെല്ലുവിളിക്കുന്നില്ലായെന്നും സൈന്യത്തിന്റെ ഇടപെടൽ രാജ്യത്തോടുള്ള സ്നേഹം നിമിത്തമുള്ളതാണെന്നും വിശദീകരിക്കുന്നു. എല്ലാം ഡിസംബറിൽ നടക്കാനിരിക്കുന്ന, താൻ ആധ്യക്ഷ്യം വഹിക്കുന്ന, പാർട്ടി സമ്മേളനത്തിൽ ശരിയാക്കാമെന്നും മുഗാബെ അറിയിച്ചു! കരുത്തനായിരുന്ന ഒരു ഏകാധിപതി ജരാനരബാധിച്ച അശക്തനായ ഒരു പാവയായി മാറുന്ന കാഴ്ച്ചയായിരുന്നു ആ ലൈവ് സംപ്രേക്ഷണം നൽകിയത്. പ്രതീക്ഷിച്ചിരുന്നതിനു വിരുദ്ധമായി രാജി പ്രഖ്യാപനം പക്ഷേ ഉണ്ടായില്ല. റിപ്പോർട്ടുകളനുസരിച്ച് രാജിവയ്ക്കാമെന്ന്  അതിനു മുൻപേ സമ്മതിച്ചിരുന്ന മുഗാബെ പക്ഷേ എഴുതിത്തയ്യാറാക്കി വച്ചിരുന്ന പ്രസംഗം പേജുകളെല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ തെറ്റിച്ചാണു നടത്തിയത്. ഇടയ്ക്ക് ഒരു സേനാമേധാവി പ്രസംഗം തിരുത്താൻ മുഗാബെയോട് ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. ഏതായാലും ബ്രോഡ്കാസ്റ്റിന്റെ അവസാനം പ്രസംഗത്തിലെ തെറ്റുകളും വിടവുകളും തിരുത്തേണ്ടത് നിങ്ങളാണെന്ന് സേനാമേധാവികളോട് മുഗാബെ പറയുന്നത് കേൾക്കാമായിരുന്നു. എത്ര വിശാലമനസ്കൻ!

അത്രയ്ക്കൊക്കെ ആയിപ്പോയെങ്കിലും ഈ പ്രായത്തിലും, ഡൊണാൾഡ് ട്രമ്പിനെയും നരേന്ദ്ര മോദിയെയും അപേക്ഷിച്ച്, അങ്ങനെ കുറേ ഗുണങ്ങൾ അവർ രണ്ടുപേരിലും അഥവാ കൃത്രിമമായി വച്ചുപിടിപ്പിച്ചാൽ പോലും, കൃത്യവും സൂക്ഷ്മവുമായ ജ്ഞാനത്തോടെയാണു മുഗാബെ   സംസാരിച്ചത്. പൊതുരംഗത്ത് ഈ ഗുണങ്ങളൊന്നും വലിയ കാര്യങ്ങളല്ലാതായി മാറിയെങ്കിലും അത് പറയാതെ വയ്യ.

20-ആം തീയതി മുഗാബെയുടെ രാജിയുടെ കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കുമെന്ന് ഭരണകക്ഷിയായ ZANU പാർട്ടി അറിയിച്ചു. 21-ആം തീയതി ഉച്ചയ്ക്ക് ശേഷമുള്ള പാർലമെന്റ് സെഷൻ ഇംപീച്ച്മെന്റ് പ്രോട്ടോക്കോളിലേക്ക് പോകവേ സ്പീക്കർക്ക് പ്രസിഡന്റ് ഒരു കത്ത് കൈമാറി. സഭാനടപടികൾ നിർത്തിവച്ച് സ്പീക്കർ കത്ത് ഉറക്കെ വായിച്ചു. “റോബർട്ട് മുഗാബെയായ ഞാൻ… സിംബാബ്വേ റിപബ്ലിക്കിന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇതിനാൽ ഔദ്യോഗികമായി രാജി വയ്ക്കുന്നു…. രാജി വയ്ക്കാനുള്ള എന്റെ തീരുമാനം എന്റെ സ്വന്തം ഇഷ്ടപ്രകാരവും സിംബാബ്വയൻ ജനങ്ങളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള എന്റെ താല്പര്യപ്രകാരവുമാണു….” മുഗാബെയുടെ ഭരണം അവസാനിച്ചുകഴിഞ്ഞു.

അടുപ്പമുള്ളവർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അവസാനരംഗങ്ങൾ അത്ര മനോഹരമായിരുന്നില്ല. അതിനൊരു മാർക്വേസ് കഥയുടെ  മുദ്രയുണ്ടായിരുന്നു. എല്ലായ്പ്പോഴും അതിജീവനത്തിന്റെ ഒരു ആറാമിന്ദ്രിയമുണ്ടായിരുന്ന മുഗാബെയ്ക്ക് ഒരുപക്ഷേ 93-ആം വയസ്സിൽ അതിന്റെ സംവേദനക്ഷമത കുറഞ്ഞിട്ടുണ്ടാകണം. കഴിഞ്ഞ കുറേ വർഷങ്ങളായി, ഇപ്പോൾ എവിടെയും കാണാനില്ലാത്ത, ഭാര്യ ഗ്രേയ്സും അവരുടെ ജി40-ഉം നിർമ്മിച്ച കുമിളകളിലായിരുന്നു മുഗാബെ കഴിഞ്ഞത്. ആ വർഷങ്ങളിലുടനീളം തനിക്കെതിരെ രൂപംകൊണ്ട് ശക്തിപ്രാപിച്ചുവന്ന കൊടുങ്കാറ്റുകളെ കാണാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എത്ര ദുർബലമാണു തന്റെ അവസ്ഥയെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ മുഗാബെ ചർച്ചകൾക്കിടെ വിങ്ങിപ്പൊട്ടി, പലപ്പോഴും അർദ്ധബോധത്തിൽ 1992-ൽ കാൻസർ ബാധിച്ച് മരിച്ച തന്റെ ആദ്യഭാര്യയായ സാലിയെയും 1966-ൽ മലേറിയ പിടിപ്പെട്ട് മരിച്ച മൂന്ന് വയസ്സുകാരൻ മകനെയും വിളിച്ചു കരഞ്ഞു. ഇടയ്ക്ക് ചിന്തയുടെ നൂലുകൾ പൊട്ടിപ്പോകുകയും ചർച്ചയിൽ നിന്ന് വിട്ട് വിദൂരതയിലേക്ക് നിർനിമേഷനായി നോക്കിയിരിക്കുകയും ചെയ്തു മുഗാബെ. മധ്യസ്ഥ ചർച്ചകൾക്കായി കത്തോലിക്കാവിശ്വാസികളായ മുഗാബെയും ചിവെൻഗയും വിശ്വാസത്തിലെടുത്ത് ഏർപ്പാടാക്കിയ ഒരു ജെസ്യൂട്ട് പാതിരിക്ക് ചർച്ചകൾക്കിടെ അവ്യക്തതകളിലേക്ക് പലപ്പോഴും വീണുപോയിരുന്ന മുഗാബെയെ കരകയറ്റുന്നതോടൊപ്പം ഭക്ഷണം, കുളി എന്നിവയെപ്പറ്റി ഓർമ്മപ്പെടുത്തേണ്ടിയും വന്നിരുന്നു.

ഇതോടെ എല്ലാം അവസാനിച്ചുവെന്ന് കരുതിയാൽ ഇല്ല. അടുത്ത ചെന്നായക്കൂട്ടത്തെ അകറ്റിനിർത്താൻ സമരം ചെയ്തുകൊണ്ടിരിക്കെത്തന്നെ ഭയപ്പെട്ടുകൊണ്ടിരിക്കാൻ സിംബാബ്വെ എന്ന സുന്ദരമായ നാടിനു നടന്നതും നടക്കാനിരിക്കുന്നതുമായ ഒരുപാടുണ്ടിനിയും.

ദക്ഷിണ റൊഡേഷ്യയെന്ന ബ്രിട്ടീഷ് പ്രവിശ്യ സ്വതന്ത്ര സിംബാബ്വേയായി പുനർജനിക്കുന്നതിനു മുൻപേതന്നെ ഏകാധിപത്യത്തിലേക്കുള്ള മുഗാബെയുടെ അവരോഹണം ആരംഭിച്ചിരുന്നു.

സന്ദർഭവും അതിന്റെ പരിപ്രേക്ഷ്യവും വ്യക്തമാക്കാൻ ചരിത്രത്തിലേക്ക് അല്പം ഊളിയിടേണ്ടതുണ്ട്. തങ്ങൾ രംഗത്തെത്തുമ്പോൾ മാത്രമാണു ചരിത്രം ആരംഭിക്കുന്നതെന്ന് ബ്രീട്ടീഷുകാർ കരുതിയിരുന്ന ഒരു കാലത്ത് ആഫ്രിക്കയുടെ തെക്കുഭാഗം ഏതാണ്ട് മുഴുവനായും ബ്രിട്ടീഷ് സൗത്ത് ആഫ്രിക്കൻ കമ്പനി (British South African Company-BSAC).  എന്ന സ്ഥാപനം വഴി കോളനിവൽക്കരിക്കാനുമുള്ള അവകാശം ബ്രിട്ടീഷ് ഗവണ്മെന്റിൽ നിന്നും സെസിൽ ജോൺ റോഡ്സ് കരസ്ഥമാക്കി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതിനു സമാനമായ ഒരു ചാർട്ടറിലൂടെയണു BSAC-ഉം നിലവിൽ വന്നത്. പ്രദേശത്തെ സ്വർണ്ണമുൾപ്പടെയുള്ള വിലപിടിപ്പുള്ള ധാതുക്കൾ കൈക്കലാക്കുന്നതോടൊപ്പം സാമ്രാജ്യത്തസ്ഥാപനവുമായിരുന്നു മുഖ്യമായ ഉദ്ദേശം. ഒരു നീണ്ടകഥയെ ചുരുക്കിയാൽ അതിന്റെ സാമാന്യമായ പ്രവർത്തനനിയമം ഇത്രമാത്രം – തദ്ദേശീയരെ അടിച്ചമർത്തുക, വെള്ളക്കാരായ കൊള്ളപ്രഭുക്കളെ കുടിയിരുത്തുക, ജനങ്ങളിൽ നിന്ന് സ്വത്തും ഭൂമിയും കൈക്കലാക്കുക – എല്ലാം സർവ്വതിന്റെയും ഒരംശം പറ്റിയിരുന്ന ബ്രിട്ടീഷ് ഭരണവർഗ്ഗത്തിന്റെ അനുഗ്രഹാശിസുകളോടെ.

നേരെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലത്തേക്ക്. പ്രദേശങ്ങളെല്ലാം ഇതിനകം Federation of Rhodesia and Nyasaland  എന്ന പേരിൽ BSAC-ൽ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലെത്തിയിരുന്നു. മൂന്ന് പ്രവിശ്യകൾ – British Protectorate of Northern Rhodesia (ഇന്നത്തെ സാംബിയ), the self governing territory of Southern Rhodesia (ഇന്നത്തെ സിംബാബ്വെ), Nyasaland (ഇന്നത്തെ മലാവി). യുദ്ധത്തിന്റെ കെടുതിയും കടങ്ങളും കോളനിഭരണം പരിപാലിക്കാനുള്ള ചിലവുകളുമെല്ലാമായി വലഞ്ഞ ബ്രിട്ടൻ ആംഗ്ലോ അമേരിക്കൻ പ്ലാൻ എന്ന പേരിൽ അമേരിക്കൻ ലോണിനു കൈനീട്ടിനിന്ന കാലം. ഇതിനൊപ്പം വളർന്നുകൊണ്ടിരുന്ന പ്രതിരോധസമരങ്ങളും സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളും കൂടിയായപ്പോൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരുത്ത് ക്ഷയിച്ചു. യുദ്ധത്തിനു രണ്ട് വർഷങ്ങൾ പിന്നിട്ടപ്പോൾ കിരീടത്തിലെ രത്നമായ ഇന്ത്യ കൈവിടേണ്ടിവന്നുകഴിഞ്ഞിരുന്നു. ബാക്കിയുള്ള പ്രദേശങ്ങളിലെങ്കിലും എങ്ങനെയെങ്കിലും കഴിയുന്നത്ര പിടിച്ചുനിൽക്കാനായി തീരുമാനം. നൂറ്റാണ്ടുകൾ തങ്ങൾ കവർന്നു ഭരിച്ച പ്രദേശങ്ങൾക്ക് തിരിച്ചൊന്നും നൽകാതെയും അതിന്റെ ഭൂമികൾ ആരു കൈവശം വയ്ക്കുമെന്നും അവയുടെ ഭരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുമുള്ള അധികാരം ഉറപ്പിച്ചുകൊണ്ടും കൃത്യമായ സമയത്ത് രംഗം വിടണം എന്നതായിരുന്നു ആശയം. നീണ്ടകാലത്തെ നിഷ്ഠൂരമായ കൊലയ്ക്കും ചതിയ്ക്കും വഞ്ചനയ്ക്കും ചൂഷണത്തിനും അടിച്ചമർത്തലിനും ശേഷം ഇരുണ്ടകൂട്ടത്തിന്റെ കരുണയും ദയാവായ്പുള്ള  ഇടയനായി വേഷംമാറിക്കൊണ്ടുള്ള ഇംഗ്ലീഷ് കടന്നുകയറ്റക്കാരന്റെ കൂടെനിൽപ്പായിരുന്നു ആഫ്രിക്കൻ കോളനികളുടെ സ്വാതന്ത്ര്യമെന്ന പായസ്സത്തിൽ വീണ ഈച്ച. എല്ലാം ഗ്ലോബൽ ഫ്രീ ട്രേഡ് എന്ന ഓമനപ്പേരിൽ സകലതിലും തങ്ങളുടെ ചൂഷണത്തിന്റെ കൈവയ്ക്കുവാൻ.

പായസ്സത്തിലെ ഈച്ച ഒരു കടന്നലായിമാറിയത് ഇയാൻ സ്മിത്ത് എന്ന മുൻ റോയൽ എയർഫോഴ്സ് പൈലറ്റിന്റെ രൂപത്തിലായിരുന്നു. സ്മിത്തിനും കൂട്ടാളികൾക്കും വിശുദ്ധപുസ്തകത്തിലെഴുതിയതുപോലെ തങ്ങളുടെ “വിറകുവെട്ടികളും വെള്ളംകോരികളുമായ” ജനതയാൽ ഭരിക്കപ്പെടുക എന്നത് സങ്കൽപ്പിക്കാനേ കഴിയുമായിരുന്നില്ല. തങ്ങൾ അനുവർത്തിച്ചുപോന്ന ആഡംബരജീവിതം തുടരാനുതകുന്ന തരത്തിലൊരു സ്വതന്ത്ര ആഫ്രിക്കൻ രാജ്യമെന്ന ആശയമായിരുന്നു അവരുടേത്. തങ്ങളുടെ പല്ലക്കുചുമട്ടുകാർ സ്വതന്ത്രരാകുകയും മറ്റൊരു ദിവസം അവർ തങ്ങളോളം വളരുകയും ചെയ്യുക, അവരിൽ നിന്ന് സ്വന്തമാക്കിയ ഭൂമിയെല്ലാം നഷ്ടപ്പെടുക എന്നതൊന്നും ചിന്തിക്കാനേ കഴിയില്ല! 1965 നവംബർ 11-നു റൊഡേഷ്യൻ ഫ്രണ്ടിന്റെ നേതാവ് എന്ന നിലയിൽ സ്മിത്ത് ബ്രിട്ടനിൽ നിന്നും റൊഡേഷ്യയുടെ സ്വാതന്ത്ര്യം ഏകപക്ഷീയമായി പ്രഖ്യാപിച്ചു. സ്മിത്ത് നേതൃത്വം കൊടുത്ത ഗവണ്മെന്റിന്റെ നയപ്രകാരം പ്രവചനം ഇതായിരുന്നു – “ഞങ്ങൾ ഒരായിരം കൊല്ലത്തേക്കെങ്കിലും റൊഡേഷ്യയിൽ കറുത്തവർഗ്ഗക്കാർക്ക് ഭൂരിപക്ഷമുള്ള ഒരു ഭരണത്തിൽ വിശ്വസിക്കുന്നില്ല”. സ്മിത്തിന്റെ ന്യൂനപക്ഷ സർക്കാർ 15 കൊല്ലം നിലനിന്നു!

ബ്രിട്ടനും റൊഡേഷ്യൻ സർക്കാരുമായി ഈ കളി തുടരവെ രണ്ട് മുഖ്യ വിമോചനപ്രസ്ഥാനങ്ങൾ രൂപപ്പെട്ടുവന്നു. ജോഷ്വ എൻകൊമോയുടേ നേതൃത്വത്തിൽ Zimbabwe African Peoples Union (ZAPU), മുഗാബെയുടെ നേതൃത്വത്തിൽ Zimbabwe African National Union. രണ്ടും തമ്മിൽ സ്നേഹബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. ZAPU-വിനെ സോവിയറ്റ് പിന്തുണച്ചപ്പോൾ ZANU-വിനു ലഭിച്ചത് ചൈനയുടെ സഹായമായിരുന്നു.

രൂക്ഷമായ ഒരു ഗറില്ലായുദ്ധവും, അന്താരാഷ്ട്ര ഇടപെടലുകളും, ചുറ്റുമുള്ള പ്രദേശങ്ങൾക്ക് കൈവന്ന സ്വാതന്ത്ര്യവും ലങ്കാസ്റ്റർ ഹൗസ് കോൺഫറൻസിലേക്കും സിംബാബ്വേയുടെ സ്വാതന്ത്ര്യത്തിലേക്കും മുഗാബെ പ്രധാനമന്ത്രിയാകുന്നതിലേക്കും നയിച്ചു.

അനുരഞ്ജനചർച്ചകൾക്കായി ZAPU, ZANU എന്നിവർ ഒന്നിച്ചുവെങ്കിലും ഇലക്ഷനിൽ രണ്ട് വ്യത്യസ്ത പാർട്ടികളായി തന്നെ അവർ പരസ്പരം ഏറ്റുമുട്ടി. മുഗാബെയും ZANU-വും വിജയികളായ ഇലക്ഷനിൽ എൻകൊമോയും അദ്ദേഹത്തിന്റെ പാർട്ടിയും തെക്കൻ സിംബാബ്വേയിലെ മറ്റാബെലെലാൻഡിലും Ndebele ജനത്തിന്റെ പ്രദേശങ്ങളിലും സ്വാധീനം നിലനിർത്തി. ഭൂരിപക്ഷമായ ഷോണാ വർഗ്ഗക്കാരനായിരുന്നു മുഗാബെ.

പാർട്ടികളെന്ന നിലയ്ക്കും വർഗ്ഗങ്ങളെന്ന നിലയ്ക്കും തുടർന്നുവന്ന അഭിപ്രായവ്യത്യാസങ്ങൾ രണ്ടുകൂട്ടരും തമ്മിലുള്ള സംഘർഷത്തിലേക്ക് രൂപം പ്രാപിച്ചു. അവഗണനയിൽ കുപിതരായ ZAPU-വിലെ പല പ്രവർത്തകരും അവകാശങ്ങൾക്കായി ശബ്ദമുയർത്തി. അവയൊന്നും ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല, തങ്ങളെയും നേതാക്കളെയും പോലീസിനെ ഉപയോഗിച്ച് വേട്ടയാടാനും കൂടി ആരംഭിച്ചപ്പോൾ അവരിൽ ചിലർ തിരിച്ചടിക്കാൻ തീരുമാനിച്ചു. മറ്റാബലെലാൻഡിൽ ചെറിയ രീതിയിലുള്ള അക്രമങ്ങളും കലാപങ്ങളും നടന്നു. ZAPU-വും എൻകൊമോയും അവയെ തള്ളിപ്പറഞ്ഞെങ്കിലും മുഗാബെയും ZANU-വും തുടർന്നുപോന്ന സ്വജനപക്ഷപാതിത്വത്തെ രൂക്ഷമായി വിമർശിച്ചു. മറുപടിയായി എൻകൊമോയെയും മറ്റ് ZANU നേതാക്കളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയ മുഗാബെയും കൂട്ടരും വടക്ക് കൊറിയൻ ട്രെയിനിംഗ് സിദ്ധിച്ച കുപ്രസിദ്ധമായ, Gokurahundi എന്ന് വിളിക്കപ്പെടുന്ന അഞ്ചാം ബ്രിഗേഡിനെ അഴിച്ചുവിട്ടു. പതിരുവേർതിരിച്ച് കളയുന്ന ആദ്യമഴ എന്നാണു ഷോണാ ഭാഷയിൽ Gokurahundi അർത്ഥമാക്കുന്നത്. ലഭ്യമായ വിവരങ്ങളനുസരിച്ച് അവർ റിപ്പോർട്ട് ചെയ്തിരുന്നത് നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായിട്ടാണു. അഞ്ചാം ബ്രിഗേഡിന്റെ ‘ആദ്യമഴ’ മറ്റാബലെലാൻഡിന്റെ ഗ്രാമങ്ങളിൽ പെയ്തിറങ്ങിയത് കൊലയും കൊള്ളിവയ്പ്പും ബലാൽസംഗവുമായാണു. 1983 മുതൽ 1985 വരെയുള്ളവയായിരുന്നു ഏറ്റവും ഭീതിജനകമായ കാലം. ഇരുപതിനായിരത്തിൽ പരം ഗ്രാമവാസികൾ കൊല്ലപ്പെട്ടു. നിലവിൽ വ്യോമസേനയുടെ തലവനും ‘അട്ടിമറിയല്ലാത്ത അട്ടിമറിയുടെ’ നേതാക്കളിലൊരാളുമായ എയർ മാർഷൽ പെറൻസ് ഷിരിയായിരുന്നു അന്ന് അഞ്ചാം ബ്രിഗേഡിന്റെ കമാൻഡർ. പുതിയ പ്രസിഡന്റ് നങ്ഗാഗ്വ അന്ന് ആഭ്യന്തരസുരക്ഷാമന്ത്രിയും.

ഇതിനിടെ എൻകൊമോയും മറ്റ് നേതാക്കളും കുറ്റക്കാരല്ലായെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റം ഒഴിവായിട്ടും തെളിവുകളില്ലാഞ്ഞിട്ടും പണ്ട് വെള്ളക്കാർ തദ്ദേശീയജനതയ്ക്കെതിരെ ഉപയോഗിച്ചിരുന്ന ഡ്രാക്കോണിയൻ നിയമങ്ങൾ ഉപയോഗിച്ച് അവരുടെ തടവ് നീട്ടിക്കൊണ്ടുപോയി. നാഷണൽ യൂണിറ്റി ഗവണ്മെന്റ് രൂപീകരിക്കപ്പെടുന്നതുവരെ ഇത് തുടർന്നു. എൻകൊമോയും ZAPU-വും ZANU പാർട്ടിയുമായി ലയിച്ച് ഒരിക്കൽകൂടി ZANU PF (Patriotic Front) ആയിമാറി. അവർ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുഗാബെയുടെ കരുത്തും അധികാരവും പൂർണ്ണമായി.

ഇതിനുശേഷമുള്ള കഥ മുഗാബെയുടെ നിഷ്കരുണമായ ഭരണത്തിന്റേതായിരുന്നു. ഭരണഘടന മാറ്റിയെഴുതി പ്രസിഡന്റായ മുഗാബെ അധികാരം എക്സിക്യൂട്ടീവിലേക്ക് മാത്രമായി ചുരുക്കിക്കൊണ്ട് പാർലമെന്റിനെ നോക്കുകുത്തിയാക്കി. എതിരാളികൾ നിശബ്ദരാക്കപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്തുകൊണ്ടിരുന്നു. 1992-ൽ ആദ്യഭാര്യ മരിച്ച ശേഷം കാര്യങ്ങൾ കൂടുതൽ വഷളായി. രാജ്യം തകർച്ചയുടെ വക്കിലെത്തി. ഇതിനെല്ലാമിടയിലും ചരിത്രത്തിൽ ഇടം നേടിക്കൊണ്ട് മുഗാബെ ഭൂപരിഷ്കരണം നടപ്പിലാക്കി. ഭൂമിയുടെ 70 ശതമാനവും കൈവശം വച്ചിരുന്ന മിക്കവാറും തന്നെ വെള്ളക്കാരായിരുന്ന 5 ശതമാനം ഭൂ ഉടമകളിൽനിന്നും നഷ്ടപരിഹാരം കൊടുത്തുകൊണ്ട് പിടിച്ചെടുത്ത ഭൂമി തദ്ദേശീയജനതയ്ക്ക് കൃഷിയ്ക്കായി പുനർവിതരണം ചെയ്യുന്നതായിരുന്നു പരിഷ്കാരം. ഭൂമി തിരികെപ്പിടിക്കുന്ന കാലത്ത് ഭൂ ഉടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാരത്തുക നൽകാമെന്ന് പഴയ ലങ്കാസ്റ്റർ ഹൗസ് കോൺഫറൻസിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ വാഗ്ദാനം ചെയ്തിരുന്നു. 1997-ൽ ടോണി ബ്ലയർ സർക്കാർ ഈ വാഗ്ദാനം ലംഘിച്ചതോടെയുണ്ടായ മുഗാബെയുടെ കോപം ദൃശ്യമായത് പഴയ വിമോചനമുന്നേറ്റ പോരാളികളായ മുഗാബെയുടെ വിശ്വസ്ഥരുടെ നേതൃത്വത്തിൽ നടന്ന പലപ്പോഴും ഹിംസാത്മകമായ ഭൂമിയേറ്റെടുക്കലുകളായാണു. വളരെ ജനകീയമുഖം ലഭിച്ച ഈ നടപടികളിലൂടെ കൈവന്ന ഭൂമി മിക്കവാറും പക്ഷേ മുഗാബെയുടെ സ്വന്തക്കാരുടെയും പാർട്ടിനേതാക്കളുടെയും മന്ത്രിമാരുടെയും കുടുംബക്കാരുടെയും കൈയ്യിലാണു ഒടുവിലെത്തിയത്.

തകർച്ചയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ നാണയപ്പെരുപ്പം ആറക്കം കടന്നു. ദേശീയ കറൻസിക്ക് പകരം യുഎസ് ഡോളറും ഒരിക്കൽ ഇന്ത്യൻ രൂപവരെ അംഗീകൃത ലീഗൽ റ്റെൻഡറുകളായി. ഇതിനെല്ലാമിടയ്ക്കും അയൽരാജ്യമായ കോംഗോയിലെ സർക്കാരിനെ പ്രതിരോധിക്കാൻ മുഗാബെ സൈന്യത്തെ അയച്ച് സഹായിച്ചു. ഇത് കോംഗോയിലെ ഡയമണ്ട് ഖനികളിൽ ഒരു പങ്ക് മോഹിച്ചായിരിക്കാം എന്ന് ആരോപണമുണ്ട്. രാജ്യത്ത് ഇതിനിടെ എയ്ഡ്സ് വ്യാപകമായി. ക്ഷാമം രൂക്ഷമാവുകയും സർക്കാർ സംവിധാനങ്ങൾ താറുമാറാവുകയും ചെയ്തു. എതിർത്ത് സംസാരിച്ചവരെല്ലാം അടിച്ചമർത്തപ്പെട്ടു. പട്ടിണിയും തൊഴില്ലായ്മയും കാരണം രാജ്യത്തെ വിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളികൾ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കുടിയേറി.

പ്രസിഡന്റിന്റെ ഓഫീസിൽ ഒരു സെക്രട്ടറിയായിരുന്ന ഗ്രേയ്സുമായുള്ള വിവാഹം മുഗാബെ പറയുന്നതനുസരിച്ച് ആദ്യഭാര്യ സാലി കാൻസർ ബാധിതയായി മരണത്തോട് മല്ലടിക്കുമ്പോഴായിരുന്നു. ഏറെ വൈകുന്നതിനു മുൻപ് കുട്ടികൾ വേണം എന്നതായിരുന്നു ഉദ്ദേശം. ഇക്കാലത്തെല്ലാം മന്ത്രിമാരെ സ്ഥാനക്കയറ്റം നൽകിയും നീക്കിയും പുറത്താക്കിയുമൊക്കെ തന്റെ അധികാരത്തിനു മേലെ ഒരു സ്വരവും ഉയരാതിരിക്കാനുള്ള തന്ത്രപൂർവ്വമായ കളി കളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു മുഗാബെ. ചൊൽപ്പടിക്ക് നിർത്താൻ കഴിയാതിരുന്ന 2008-ലെ ഇലക്ഷനിൽ ZANU PF പാർട്ടിക്ക് മൊത്തത്തിലുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ പക്ഷേ കാര്യങ്ങൾ മാറി.  മോർഗൻ സ്വിൻഗാരായിയുടെ മൂവ്മെന്റ് ഫോർ ഡെമോക്രാറ്റിക് ചേയ്ഞ്ചുമായി (MDC) അധികാരം പങ്കുവയ്ക്കേണ്ടിവരുമെന്ന് അദ്ദേഹത്തിനു മനസ്സിലായി. എങ്കിലും സുരക്ഷാസംവിധാനത്തെ കൗശലത്തോടെ ഉപയോഗിച്ചും, പഴയ പോരാളികളെ ഉപയോഗിച്ചുള്ള ഭൂമി പിടിച്ചെടുക്കലുകളിലൂടെയും, പാരിതോഷികങ്ങളിലൂടെയും മറ്റും ഗ്രാമത്തലവന്മാരെ കൂടെ നിർത്തിയും മുഗാബെ പിടിച്ചുനിന്നു. മോർഗൻ സ്വിൻഗാരായി കണക്കിലെടുക്കാന്മാത്രം മെച്ചപ്പെട്ട ഒരു നേതാവല്ലായെന്ന് അതിനകം തെളിഞ്ഞിരുന്നു.

ഗ്രേയ്സ് മുഗാബെയുടെ രംഗപ്രവേശം കാര്യങ്ങൾ വഷളാക്കാനാണു സഹായിച്ചത്. ചുറ്റുമുള്ള കഴിവുകെട്ട ഒരു നിരയെ കണക്കിലെടുക്കുമ്പോൾ ഗ്രേയ്സ് പിന്തുടർച്ചക്കാരിയാകുക എന്നത് പക്ഷേ ഒരു സ്വാഭാവിക തീരുമാനമായിരുന്നിരിക്കണം. എന്നാൽ ജി40 കരുത്ത് കാട്ടാൻ തുടങ്ങിയതോടെ അധികാരത്തിന്റെ ഇടനാഴികളിലെ ശക്തരായ ലാകോസ്റ്റെ സംഘം അപകടം മണത്തു. മുഗാബെയുടെ അധികാരത്തിനു കയറിടാനും നയം മാറ്റാനുമുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് 2009  മുതലേ റിപ്പോർട്ടുകളുണ്ടായിരുന്നു. എങ്കിലും 8 വർഷവും രണ്ട് വൈസ് പ്രസിഡന്റുമാരുടെ പുറത്താക്കലും വേണ്ടിവന്നു ഇന്നത്തെ സ്ഥിതിയിലേക്ക് കാര്യങ്ങളെത്താൻ.

കാലങ്ങളായി ദുരിതമനുഭവിച്ചുപോന്ന ജനം കല്ലുകളെറിഞ്ഞു തുടങ്ങിയിരുന്നു. തമാശും പാട്ടുമായി സോഷ്യൽ മീഡിയ ഉയർത്തിയ പ്രതിസംസ്കാരനീക്കങ്ങൾ ഫലം കണാനും ആരംഭിച്ചിരുന്നു. നാട്ടിലുള്ള കുടുംബങ്ങളെ നിലനിർത്തിക്കൊണ്ടിരുന്ന, ലോകമെങ്ങും ചിതറിക്കിടക്കുന്ന വിദേശവാസികളായ സിംബാബ്വേക്കാർ പക്ഷേ അതിനൊപ്പം തന്നെ മുഗാബെയുടെ ദുർഭരണത്തെ വാർത്തകളിൽ നിർത്താനും ശ്രമിച്ചുകൊണ്ടേയിരുന്നു. മുഗാബെ പക്ഷേ ഇതൊന്നും കാണുന്നുണ്ടായിരുന്നില്ല.

അനന്തരാവകാശിയാവാനുള്ള യുദ്ധത്തിനു ഗ്രേയ്സും നങ്ഗാഗ്വയും തയ്യാറെടുത്തതോടെ 2015-ൽ ഇരുവിഭാഗവും പരസ്യമായി പോരാട്ടത്തിലേർപ്പെട്ടു തുടങ്ങിയത് വരാനിരുന്നതിന്റെ ശക്തമായ സൂചനകളായിരുന്നു. ആഭ്യന്തര നിക്ഷേപങ്ങൾ എങ്ങനെ തിരികെയെത്തിക്കാമെന്നും ഭൂമി നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകിക്കൊണ്ട് കൃഷി എങ്ങനെ പുനഃസ്ഥാപിക്കാമെന്നുമൊക്കെയുള്ളതിനെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ടുകളും ഇന്റലിജൻസ് രേഖകളും ആഗോളമൂലധനപ്രഭുക്കളുടെ വൃത്തങ്ങളിൽ കറങ്ങിനടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും മറ്റും -റോയിട്ടേഴ്സ് അടക്കമുള്ള ആഗോള ട്രേയ്ഡ് ബുള്ളറ്റിനുകളിൽ വന്നുതുടങ്ങിയതും ഇക്കാലത്തുതന്നെയാണു. “അട്ടിമറിയല്ലാത്ത ഈ അട്ടിമറിയുടെ” ഈ വിധമുള്ള ബ്ലൂപ്രിന്റ് കുറച്ചുകാലമായി തയ്യാറായിക്കൊണ്ടിരുന്നുവെന്ന് വേണം അതിൽ നിന്നും മനസ്സിലാക്കാൻ. അതിന്റെ അവസാനമിനുക്കുകൾ രൂപപ്പെട്ടത് കഴിഞ്ഞ ഒരു മാസത്തെ സംഭവവികാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു. നങ്ഗാഗ്വ രാജ്യം വിട്ട സമയത്താണു ഏറെക്കാലമായി ആവിഷ്കരിക്കപ്പെട്ട പദ്ധതി നടപ്പിലാകാനുള്ള കളമൊരുങ്ങിയത്. “അട്ടിമറിയല്ലാത്ത അട്ടിമറിയുടെ” നേതാവ് ചിവെൻഗ ഇതിനിടെ ചൈനയുമായി കണ്ടിരുന്നു. നിലവിലെ സ്ഥിതി വിവരിച്ചതിനൊപ്പം സിംബാബ്വെയിലെ നിക്ഷേപങ്ങളുമായി ആ രാജ്യത്തെ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ സഹായവും അദ്ദേഹം തേടിയിട്ടുണ്ടാകാമെന്നതിൽ സംശയമില്ല. നിലവിലെ സ്റ്റാറ്റസ്ക്വോ മാറുന്നതാണു നല്ലതെന്ന കാര്യത്തിൽ ചൈനയെ സംശയമുണ്ടാകില്ലായെന്ന് മാത്രമല്ല അമേരിക്കയുൾപ്പടെയുള്ള കളിക്കാരോട് ഇത് ഭരണഘടനാനുസൃതമായ, ‘ഭരണമാറ്റമല്ലാത്ത ഒരു ഭരണമാറ്റത്തിനുള്ള’ അവസരമാണെന്നും ചൈന അറിയിച്ചിട്ടുണ്ടാകണം.

മുഗാബെ പോയിരിക്കുന്നു. എന്നാൽ അദ്ദേഹത്തെ നിലനിർത്തിയ സംവിധാനങ്ങളൊക്കെത്തന്നെ ഇന്നും നിലനിൽക്കുന്നുവെന്നതാണു യാഥാർത്ഥ്യം. പുതുതായി ഭരണത്തിലെത്തിയവർ അവരെന്തായാലും സമീപിക്കാനിരിക്കുന്ന ഗ്ലോബൽ ഫിനാൻസ് മൂലധനത്തിന്റെ കാളസർപ്പങ്ങളുമായി എത്തരത്തിൽ ഇടപെടും എന്നതാണു സിംബാബ്വേയുടെ ഭാവി തീരുമാനിക്കുന്ന ചോദ്യം. ഒരുതരത്തിലുള്ള തീവെട്ടിക്കൊള്ളയ്ക്ക് പകരം മറ്റൊരു തരത്തിലുള്ള കൊള്ളയിലേക്ക് തടസ്സമില്ലാതെ മാറാനുള്ള എല്ലാ ചേരുവകളും അവിടെയുണ്ട് – ഭരണമാറ്റത്തിന്റെ ആനന്ദാതിരേകങ്ങൾ ഒന്നടങ്ങിയ ശേഷമെങ്കിലും സിവിൽ സമൂഹം ഉണർന്നെഴുന്നേൽക്കുന്നില്ലായെങ്കിൽ.
———–
വിവർത്തനം: സ്വാതി ജോർജ്ജ്

Comments

comments