ര്‍മ്മം പൊതിഞ്ഞ ഒരു അത്ഭുതലോകമായിരുന്നു റെനെ മഗ്രീറ്റിന്‍റെ ചിത്രജാലം. അദ്ദേഹത്തിന്‍റെ ഇരുപത്തെട്ടാം വയസ്സുതൊട്ടുള്ള ഒരു വ്യാഴവട്ടക്കാലത്ത്, ഏറെ അവിശ്വസനീയതയോടും നിരവധി സംശയങ്ങളോടും കൂടിയാണ് ലോകം ആ പ്രതിഭയുടെ ചിത്രങ്ങള്‍ നോക്കിക്കണ്ടത്. ആ ഉരുളന്‍ തൊപ്പിക്കാരന്‍റെ അരങ്ങേറ്റമാകട്ടെ, പിക്കാസോയുടെ ചുവടുപിടിച്ചുമായിരുന്നു.

വര്‍ണ്ണവിന്യാസങ്ങളിലൂടെയും ആശയവൈവിധ്യങ്ങളിലൂടെയും മഗ്രീറ്റ് പ്രേക്ഷകരെ അമ്പരപ്പിച്ചപ്പോള്‍ ലോകചിത്രകലയിലതൊരു വേറിട്ട കാഴ്ചയായി മാറി. പക്ഷെ, അപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധം ഭൂമിയെ കീറിമുറിച്ചു തുടങ്ങി. അതോടെ ചിത്രകലയും സര്‍ഗ്ഗാത്മകതയുമെല്ലാം ജനം മറന്നു. ഒടുവില്‍ യുദ്ധം വാര്‍ന്ന്, ലോകത്തിന്‍റെ മുറിവുകള്‍ ഉണങ്ങിത്തുടങ്ങിയപ്പോള്‍  മാത്രമാണ്  പ്രശസ്തിയുടെ ചെങ്കോലുകള്‍ മഗ്രീറ്റിനെ തേടിയെത്തിയത്. അപ്പോഴേക്കും അദ്ദേഹമാകട്ടെ അമ്പതുകളിലേക്ക് കടന്നും കഴിഞ്ഞിരുന്നു.

ഒരിക്കല്‍ തന്‍റെ ചിത്രങ്ങളെക്കുറിച്ച് മഗ്രീറ്റ് ഇങ്ങനെ പറയുകയുണ്ടായി.

” തുറന്ന ചിത്രങ്ങളാണവ, ഒന്നിനെപ്പോലും അത് മറച്ചുവെയ്ക്കുന്നില്ല. ഒരു പക്ഷെ, എന്‍റെ ചിത്രങ്ങള്‍ ഗൂഢമായ  എന്തോ ഒന്നിനെ ഉണര്‍ത്തിവിടുന്നുണ്ടാവണം. എന്താ ഇതിന്‍റെ അര്‍ത്ഥം എന്നൊക്കെ അവര്‍ ചോദിക്കും. പക്ഷെ, സത്യത്തില്‍ അതിനു പ്രത്യേകിച്ചൊരു അര്‍ത്ഥവുമില്ല. കാരണം നിഗൂഢതകള്‍ അര്‍ത്ഥങ്ങളിലല്ലല്ലോ വിരാജിക്കുന്നത്. അറിയാനാവാത്തതിലല്ലേ?”

1898-ലായിരുന്നു മഗ്രീറ്റ് ജനിച്ചത്. താരതമ്യേന  സമ്പന്നകുടുംബമായിരുന്നെങ്കിലും അമ്മയുടെ അകാലമരണം ആ ബാല്യത്തെ വല്ലാതെ ഉലച്ചുകളഞ്ഞു. നദിയിലേക്ക് സ്വയം എറിഞ്ഞുകളഞ്ഞ ആ പാവം അമ്മയുടെ  പേരില്‍ ആ കുടുംബത്തിനു ഏറെ പഴിയും കേള്‍ക്കേണ്ടിവന്നു. മഗ്രീറ്റിനു അക്കാലങ്ങളില്‍ ചിത്രംവര അത്തരം ഓര്‍മ്മകളില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം കൂടിയായിരുന്നു. പിന്നീട്, ബ്രസ്സല്‍സിലെ അക്കാദമിയില്‍ രണ്ടുവര്‍ഷം ചിത്രകല അഭ്യസിച്ചു. വിദ്യാഭ്യാസകാലത്ത് പാബ്ലോ പിക്കാസോയുടെ ചിത്രങ്ങള്‍ മഗ്രീറ്റിലെ യുവാവിനെ ആവേശം കൊള്ളിച്ചിരുന്നുവത്രെ. ഒരു പരസ്യക്കമ്പനിയിലായിരുന്നു മഗ്രീറ്റിന്‍റെ ആദ്യജോലി. അന്നത്തെ പരസ്യചിത്രങ്ങളുടെ സ്വാധീനം അദ്ദേഹത്തില്‍ അവസാനകാലം വരെ കാണാം. അക്കാലത്താണ് ജ്യോര്‍ജിയോ ഷിരികോ എന്ന ഇറ്റാലിയന്‍ ചിത്രകാരന്‍റെ ‘പ്രണയഗാനം’ എന്ന സര്‍റിയലിസ്റ്റ്  ചിത്രം മഗ്രീറ്റ് കാണാനിടയായത്. ചിത്രകലയിലെ പുതുപരീക്ഷണങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടുകൊണ്ടിരുന്ന കാലം. എന്തായാലും ആ ചിത്രം ഒരു വഴിത്തിരിവായിമാറി.  സര്‍റിയലിസത്തിന്‍റെ പാത തന്നെ അദ്ദേഹം തനിക്കായി തിരഞ്ഞെടുത്തു.

അക്കാലത്തെ എല്ലാ കലാകാരന്മാരും ചെയ്തിരുന്നതുപോലെ മഗ്രീറ്റും ബ്രസ്സല്‍സ് വിട്ടു പാരീസിലേക്ക് ചേക്കേറി. അവിടെ അദ്ദേഹത്തിന് വലിയൊരു സുഹൃദ് വലയവും സഹൃദയസദസ്സും ലഭിക്കുകയുണ്ടായി. ആന്ദ്രേ ബ്രെറ്റന്‍, സല്‍വാദോര്‍ ദലി, മാര്‍ക്സ് ഏണ്‍സ്റ്റ്, ഹുവാന്‍ മിറോ എന്നീ പ്രഗല്‍ഭ ചിത്രകാരന്മാര്‍ അക്കൂട്ടത്തില്‍ ചിലര്‍ മാത്രമായിരുന്നു.

പിന്നീടങ്ങോട്ട് സർറിയലിസത്തിന്‍റെ ആചാര്യനായിത്തന്നെ മാറി മഗ്രീറ്റ്. മഗ്രീറ്റിന്‍റെ ചിത്രങ്ങളിലെ നര്‍മ്മം ഒരു ഗവേഷണവിഷയമാണ്. ആ നര്‍മ്മത്തിനൊപ്പം ചിന്തോദ്ദീപ്തമായ ഒരുപാട് ചിത്രങ്ങൾ അദ്ദേഹം നമുക്കുതന്നു. നമുക്കു ചുറ്റിലും കാണുന്ന പുകവലിക്കുന്ന പൈപ്പ്, ആപ്പിള്‍, ഉരുളന്‍ തൊപ്പി, ജനല്‍ക്കാഴ്ചകള്‍ എന്നിങ്ങനെ വളരെ സാധാരണമായ കാര്യങ്ങള്‍ ചേര്‍ത്തുവെച്ച്, നിഗൂഹിതമായ പലതിനേയും പ്രേക്ഷകമനസ്സില്‍ ഉണര്‍ത്തിവിട്ടു. മഗ്രീറ്റിനതൊക്കെ ഒരു ഹരമായിരുന്നു. മനുഷ്യന്‍റെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയുമൊക്കെ,  ഒരു പക്ഷെ, അദ്ദേഹം വെല്ലുവിളിക്കുകയായിരുന്നിരിക്കണം.

മഗ്രീറ്റിന്‍റെ ഒരു ആദ്യകാലചിത്രത്തെ പരിചയപ്പെടാം. പേര് കമിതാക്കള്. ഇതദ്ദേഹം1928ൽ വരച്ച ചിത്രം. ഒറ്റനോട്ടത്തിൽ അധികം പ്രത്യേകളൊന്നും തോന്നിയെന്നു വരില്ല ഈ മനോഹര ചിത്രത്തെക്കുറിച്ച്. പക്ഷെ, തൊട്ടടുത്ത നിമിഷം തന്നെ അതെല്ലാം മാറിമറയും. ചുംബിക്കാനായുന്ന കമിതാക്കളുടെ ഇടയിൽ വീഴുന്ന മൂടുപടം നമ്മളെ തീർത്തും ധർമ്മസങ്കടത്തിലാഴ്ത്തിത്തുടങ്ങും. പിടികിട്ടാതെ ഒഴിഞ്ഞു പോകുന്ന ഒരുപിടി ചോദ്യങ്ങൾ അവിടെ പകരം തെളിയും.

Magritte, Rene

ഇവിടെ കമിതാക്കളുടെ മുഖങ്ങൾ പൂർണ്ണമായും മറഞ്ഞിരിക്കുകയാണ്. അതുപിന്നെ, മഗ്രീറ്റിന്‍റെ ഒരു സ്ഥിരം ശൈലി എന്നു പറയാം. വളരെ ലളിതമായി ആവിഷ്കരിച്ച ഒരു ചിത്രത്തിൽ, ഒറ്റയൊരു മൂടുപടത്തിന്‍റെ സ്ഥാനം സൃഷ്ടിച്ചെടുക്കുന്ന സാധ്യതകളും, ചിന്തകളും, എന്തിന് സങ്കീർണ്ണതകൾ പോലും വളരെ രസകരമാണ്. മന:ശാസ്ത്രപരമായ വൈവിധ്യങ്ങൾ വരെ ഇവിടെ വായിച്ചെടുക്കാം. നമ്മുടെ ഭാവനയെ ഒന്ന് കയറൂരി വിട്ടാൽ മതി. ആരേയും എങ്ങനെ വേണമെങ്കിലും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അപൂർവ്വത ഇതിനുണ്ട്. അതുതന്നെയാണ് ഈ ചിത്രത്തിന്‍റെ വിജയവും. കലയും അതിന്‍റെ വിവിധ വ്യാഖ്യാനങ്ങളും തികച്ചും ആത്മനിഷ്ഠമായി മാറുമ്പോൾ അനന്തസാധ്യതകളാണ് തുറന്നിടപ്പെടുന്നത്. ഈ മിഥുനങ്ങളെ കൂടുതൽ കൂടുതൽ നോക്കുന്തോറും പ്രേക്ഷകന്‍റെ മനസ്സിനെ മഥിക്കാൻ പോകുന്നത് ആ മൂടുപടം തന്നെയായിരിക്കും. എന്താണത്, എന്തിനാണത് എന്നിങ്ങനെയുള്ള  ചോദ്യങ്ങൾ നമുക്കു ചുറ്റും മൂളിക്കൊണ്ടേയിരിക്കും. റെനെ മഗ്രീറ്റ് എന്ന അതുല്യ ചിത്രകാരൻ നമ്മെ നോക്കി ചിരിച്ചുകൊണ്ടുമിരിക്കും. ഒരു കലാസൃഷ്ടി ഒരേ സമയം പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും അതിനോടൊപ്പം തർക്കങ്ങൾക്കും കാരണമാവുമ്പോൾ, ആ കലാകാരൻ വിജയിക്കുന്നു എന്നു പറയാമല്ലോ. അത്തരമൊരു മികച്ച സൃഷ്ടിയാണ് മഗ്രീറ്റിന്‍റെ കമിതാക്കൾ എന്ന ഈ ചിത്രം.

സാധാരണത്വത്തെ അസാധാരണമായും ചിലപ്പോൾ മറിച്ചും അവതരിപ്പിച്ച് കാഴ്ചക്കാരന്‍റെ നേരത്തെ ചിന്തിച്ചുറപ്പിച്ച ചട്ടക്കൂട്ടിൽനിന്നും വേർപ്പെടുത്തി ഒരു മറുകാഴ്ച അവതരിപ്പിച്ചുകൊണ്ടായിരുന്നു മഗ്രീറ്റ് പ്രശസ്തി നേടിയത്. മഗ്രീറ്റിന്‍റെ വാക്കുകളിൽ പറഞ്ഞാൽ യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള ഇഴചേരലാണ് മനുഷ്യജീവിതം. അതൊരു നിഗൂഢതയാണ്. ഒരു ചിത്രവും ആ ചിത്രത്തിൽ അവസാനിക്കുന്നില്ല, മറിച്ച്, മേൽപ്പറഞ്ഞ നിഗൂഢതയെ ചൊല്ലിയുണർത്തുന്നതാവണം. അല്പം താത്വികമായി പറയുകയാണെങ്കിൽ, നമുക്ക് പരിചയമുള്ള വസ്തുക്കൾ ആകാശം, ആൾക്കാർ, മരങ്ങൾ, മലകൾ, വീട്ടുപകരണങ്ങൾ, നക്ഷത്രങ്ങൾ, എഴുത്തുകൾ എന്നുവേണ്ട സർവ്വതും നിറങ്ങൾ ചേർത്തില്ലാതാക്കി, ഒരൊറ്റ കാവ്യാത്മകരൂപം കൊടുക്കുമ്പോഴാണ് ഒരു യഥാർത്ഥചിത്രം ജനിക്കുന്നത്. അവിടെ കാഴ്ചയ്ക്കല്ല, ചിന്തയ്ക്കാണ് പ്രാധാന്യം.

ഇനി അടുത്ത ചിത്രം നോക്കാം. വസ്തുക്കളെ ഇടയിൽവെച്ച്, കാഴ്ച മറച്ച്, എന്നാൽ മറച്ചില്ലെന്ന് തോന്നിപ്പിച്ച്, മന:പൂർവ്വം ഉളവാക്കുന്ന ചിന്താക്കുഴപ്പത്തിൽ കാണികളെ കൊണ്ടുനിർത്താൻ മഗ്രീറ്റിന് എന്നും താല്പര്യമായിരുന്നു. “മനുഷ്യാവസ്ഥ” എന്ന ഈ ചിത്രത്തിലും അദ്ദേഹം മറിച്ചൊന്നുമല്ല ചെയ്യുന്നത്. ഇവിടെ നമുക്കായി മഗ്രീറ്റ് ഒരുക്കിയിരിക്കുന്നത് ഒരു വാതായനപ്രകൃതിദൃശ്യം. വീടിനു പുറത്തുള്ള മനോഹരകാഴ്ച. സത്യത്തിൽ അതു തന്നേയോ?  സൂക്ഷിച്ചുനോക്കൂ. അപ്പോൾ കാണാം, ജനലിനുമുന്നിൽ ഒരു ചിത്രപീഠികയെ. അതിൽ വരഞ്ഞിട്ടുള്ളതോ, പുറത്തുകാണുന്ന മനോഹരദൃശ്യത്തിന്‍റെ തനിപ്പകർപ്പു തന്നെ. അത് വ്യക്തമാക്കാനായി ഒരു മുക്കാലിയും മുകളിലെ ക്ലിപ്പും. മാത്രവുമല്ല, ചിത്രത്തിനകത്തെ ചിത്രം ഇടതുവശത്തെ ജനൽമറയിലേക്ക് ഒരു പൊടിയോളം കയറി നിൽക്കുന്നുമുണ്ട്.

ചിത്രത്തിലെ മരമാകട്ടെ, വീടിനു പുറത്തെ മരത്തെ മറയ്ക്കുന്നു. അതേസമയം പുറംകാഴ്ച നഷ്ടമാവുന്നുമില്ല. വീണ്ടും വീണ്ടും നോക്കിയാൽ സംശയങ്ങൾ തുടങ്ങും. അതായത്, കാഴ്ചക്കാരന് ആ വൃക്ഷം ഒരേ സമയം മുറിയ്ക്കകത്തും പുറത്ത് പ്രകൃതിയിലുമാണ്. അതോ, തിരിച്ചോ? ഈ വിഭ്രമാത്മകതയിലാണ് മഗ്രീറ്റിന്‍റെ ദാർശനികത. പുറംകാഴ്ചയിൽ വിശ്വസിച്ചു പോവുന്ന പലതും നമുക്കുളളിൽത്തന്നെയെന്ന് മനസ്സിലാക്കിത്തരുകയാണ് മഗ്രീറ്റ് ഇവിടെ. സത്യത്തിൽ ഇവിടെ വ്യത്യാസങ്ങളില്ല. രണ്ടും ചിത്രകാരന്‍റെ സൃഷ്ടി മാത്രം. ഒരു തുടർചക്രമെന്നോണം ഈ ജീവിതയാത്രയിൽ നാം അഭിമുഖീകരിക്കുന്ന ഏതൊന്നിനേയും ഈയൊരു കാൻവാസിലൂടേയാണ് കാണേണ്ടതെന്നു ഓർമ്മിപ്പിക്കുകയും മിഥ്യയേതെന്നും യാഥാർത്ഥ്യമേതെന്നും തിരിച്ചറിയാനാവാത്ത മാനുഷികാവസ്ഥയിലേക്കൊരു ചോദ്യവുമെറിയുകയാണ് മഗ്രീറ്റ്. നമ്മെ, ഉറക്കെ ചിന്തിപ്പിക്കാനായി.

“മനുഷ്യപുത്രന്‍” എന്നൊരു ചിത്രമുണ്ട്. 1948 -ല്‍ വരച്ചതാണ്. ഒരു സെല്‍ഫ് പോട്രെയ്റ്റ് ആയിട്ടാണ് മഗ്രീറ്റ് അത് വരച്ചിരിക്കുന്നത്. ഓവര്‍ക്കോട്ടും ഉരുളന്‍ തൊപ്പിയും ധരിച്ച ഒരാളാണ് ചിത്രത്തില്‍. അത് മഗ്രീറ്റ് തന്നെയെന്നു കരുതാം. ഒരു അരമതിലിന്‍റെ മുന്നിലാണ് മൂപ്പരുടെ നില്‍പ്പ്. മതിലിനു പുറകില്‍ നീലാകാശവും ഇരുണ്ട മേഘങ്ങളുമൊക്കെയുണ്ട്. വളരെ കൃത്യതയുള്ള ഒരു റിയലിസ്റ്റിക് ചിത്രമായിരുന്നു അവിടെ പിറക്കേണ്ടിയിരുന്നത്. പക്ഷെ, അങ്ങനെയല്ല സംഭവിക്കുന്നത്. അതാണ്‌ മഗ്രീറ്റിന്‍റെ കുസൃതി. എവിടെനിന്നോ പ്രത്യ്ക്ഷപ്പെട്ട ഒരു പച്ച ആപ്പിള്‍  ആ ചിത്രത്തിന്‍റെ സാധ്യതകളെ അപ്പാടെ മാറ്റിമറിയ്ക്കുന്നു. ഉരുളന്‍ തൊപ്പിക്കാരന്‍റെ മുഖത്തിനു മുന്നില്‍ അങ്ങനെ തൂങ്ങിനില്‍ക്കുകയാണ് ആ ആപ്പിള്‍. പുരുഷന്‍റെ മുഖം ഏതാണ്ട് പൂര്‍ണ്ണമായും മറച്ചുകൊണ്ട്. പക്ഷെ, അയാളുടെ തീക്ഷ്ണനയനങ്ങള്‍ ആപ്പിളിന്‍റെ അരികുകളില്‍നിന്നും നമ്മെ തുറിച്ചുനോക്കുന്നുമുണ്ട്.

ഈ ചിത്രത്തെക്കുറിച്ച് മഗ്രീറ്റ്  ഇപ്രകാരം പറയുന്നു.

” എന്തായാലും അത് മുഖത്തിനെ ഭാഗികമായെങ്കിലും മറയ്ക്കുന്നുണ്ട്. അതായത് നിങ്ങള്‍ക്ക് കാഴ്ചയില്‍ ഒരു മുഖമുണ്ട്, ഒരാപ്പിളുണ്ട്, പിന്നെ മറച്ചുവെയ്ക്കപ്പെട്ട അല്ലെങ്കില്‍, ഒളിഞ്ഞിരിക്കുന്ന മറ്റൊരു മുഖവുമുണ്ട്. എന്നും നമുക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്. നാം കാണുന്നതെല്ലാം കാണാത്തതിനെ മറച്ചുകൊണ്ടിരിക്കും. പക്ഷെ, നമുക്ക് കാണേണ്ടതോ, മറഞ്ഞിരിക്കുന്നതിനേയും. നമ്മുടെ താല്പര്യമാണെങ്കില്‍, ആ കാണാത്തവയില്‍ തന്നേയും. ഇവ തമ്മിലുള്ള ഭൌതികവും ദാര്‍ശനികവുമായ ഒരു വടംവലിയുണ്ട്.  ഒരു തീക്ഷ്ണാനുഭവം. ഇടവിടാത്ത പൊരുതലാണത്. കാഴ്ചയിലെ കാണാത്തതും നേര്‍മുന്നില്‍  കാണാവുന്നതും തമ്മിലുള്ള മാനസികസംഘട്ടനം.”

ആന്തരികമായ ആ സ്പര്‍ദ്ധയാണ് മഗ്രീറ്റ് ചിത്രങ്ങളിലുടനീളം കാണാനാവുക. മനുഷ്യസഹജമായ ഇത്തരം വികാരവിക്ഷുബ്ദതകളെ  ആവിഷ്കരിക്കുന്നതിലെ അദ്ദേഹത്തിന്‍റെ മിടുക്ക് ഒന്ന് വേറെ തന്നെയായിരുന്നു. മേലെയുദ്ധരിച്ച മഗ്രീറ്റിന്‍റെ വാക്കുകളേക്കാള്‍ മികച്ച ഒരു വിവരണം  ഈ ചിത്രങ്ങളെക്കുറിച്ചിട്ടുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍, മന:പൂര്‍വ്വമായി സൃഷ്ടിച്ചെടുത്ത ഒരു ദാര്‍ശനികാനുഭാവമായി വേണം ഓരോ മഗ്രീറ്റ് ചിത്രത്തെയും കാണാന്‍.

ചിത്രത്തിന്‍റെ സാങ്കേതിക വശങ്ങള്‍:

പേര് കമിതാക്കള്‍ മനുഷ്യാവസ്ഥ മനുഷ്യപുത്രന്‍
ചിത്രകാരന്‍ റെനെ മഗ്രീറ്റ് റെനെ മഗ്രീറ്റ് റെനെ മഗ്രീറ്റ്
വര്‍ഷം 1928 193 196
മാധ്യമം എണ്ണച്ചായം എണ്ണച്ചായം എണ്ണച്ചായം
വലിപ്പം 54×73 സെ.മീ. 100×81 സെ.മീ. 116×89സെ.മീ.
ശൈലി സര്‍റിയലിസം സര്‍റിയലിസം സര്‍റിയലിസം
സൂക്ഷിച്ചിരിക്കുന്ന

സ്ഥലം

നാഷനല്‍പോട്രെയ്റ്റ് ഗാലറി, കാന്‍ബറ നാഷനല്‍ഗാലറി ഓഫ് ആര്‍ട്ട്, വാഷിംഗ്‌ടണ്‍ സ്വകാര്യ ശേഖരം

 

ഡോ.ഹരികൃഷ്ണന്‍

Comments

comments