ചരിത്രത്തിലുണ്ട്, ഒളി മങ്ങാത്ത ചില രാഷ്ട്രീയയാത്രകള്‍. ജനങ്ങള്‍ക്കു മുന്നിലേയ്ക്കു യാത്ര ചെയ്‌തെത്തി ബ്രിട്ടീഷുകാര്‍ക്കെതിരെ സമരമുന്നേറ്റം സാധ്യമാക്കിയ മഹാത്മജിയായിരുന്നു ഈയൊരു രാഷ്ട്രീയപ്രയോഗത്തിന്റെ ശില്പി. ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെ 1930-ല്‍ അദ്ദേഹം നയിച്ച ഉപ്പു സത്യാഗ്രഹമായിരുന്നു ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട യാത്ര. പിന്നീട്, ജാതിവിവേചനത്തിനെതിരെ 1933-34-ല്‍ അദ്ദേഹം അയിത്തോച്ഛാടനയാത്ര നടത്തി. 1946-47-ല്‍ ഗാന്ധിജി നടത്തിയ യാത്ര ചേരി തിരിഞ്ഞു കലഹിച്ച ഹിന്ദു-മുസ്ലീം സഹോദരങ്ങളെ ഒന്നിപ്പിക്കാനായിരുന്നു. ഒരര്‍ഥത്തില്‍ ഇതിനുള്ള ബലിദാനം കൂടിയായിരുന്നു 1948-ല്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണപ്രഭാതത്തിലേയ്ക്ക് ഇന്ത്യയെ ഉണര്‍ത്തിയതായിരുന്നു ഗാന്ധിജിയുടെ ഈ യാത്രകള്‍. പറഞ്ഞു വരുന്നത്, രാഷ്ട്രീയത്തേരോട്ടത്തിനു നാന്ദി കുറിച്ച മറ്റൊരു യാത്രയെക്കുറിച്ചാണ്. അദ്വാനിയുടെ രഥയാത്ര. നമ്മുടെ രാഷ്ട്രപിതാവ് രാജ്യത്തിന് എന്തു പകര്‍ന്നു നല്‍കിയോ, ലോകത്തിനു മുന്നില്‍ ഇന്ത്യയെ എങ്ങനെ അടയാളപ്പെടുത്തിയോ അവയെല്ലാം ഹിന്ദുത്വരഥചക്രത്തിനു കീഴില്‍ ഞെരിഞ്ഞമര്‍ന്ന രാഷ്ട്രീയപരീക്ഷണം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ-മതേതരരാഷ്ട്രമെന്ന് അഭിമാനിച്ചിരുന്ന ഇന്ത്യയ്ക്കുമേല്‍ വര്‍ഗീയവിഭജനത്തിന്റെ കറുത്ത മുദ്ര പതിപ്പിച്ച ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയായിരുന്നു അതിന്റെ പരിസമാപ്തി. ഇന്നും മുറിവുണങ്ങാത്ത ആ ദുര്‍ദിനത്തിന്റെ വിദ്വേഷക്കനലില്‍ നീറിക്കഴിയുകയാണ് ഇന്ത്യ. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ കാല്‍നൂറ്റാണ്ടു തികയുമ്പോള്‍ പരസ്പരമുള്ള പക കൂടുതല്‍ സിരകളിലേയ്ക്കു പടര്‍ന്നു പിടിച്ചിരിക്കുന്നു.

ഇക്കഴിഞ്ഞ നവംബര്‍ 24-ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രഖ്യാപനം ചരിത്രത്തിലെ സമാനതയും സാന്ദര്‍ഭികതയുമായി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഒരു യാഥാര്‍ഥ്യമായി വരുന്നുവെന്നാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ധര്‍മ്മ സന്‍സദില്‍ ഭാഗവത് പ്രഖ്യാപിച്ചത്. കഴിഞ്ഞ 20-25 വര്‍ഷമായി അതിനു വേണ്ടി ആവശ്യപ്പെടുന്നവര്‍ തന്നെ അതു നിര്‍മ്മിക്കുമെന്നും ആര്‍.എസ്.എസ് മേധാവി വ്യക്തമാക്കി. സമാനമായ പ്രഖ്യാപനമാണ് 1990 നവംബര്‍ 23ന് അന്നത്തെ ബി.ജെ.പി പ്രസിഡന്റ് എല്‍.കെ.അദ്വാനി നടത്തിയത്. രാമന്‍ ജനിച്ച അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉചിതമായ സമയം സമാഗതമായെന്നാണ് ഉഡുപ്പിയിലെ ധര്‍മ്മ സന്‍സദിന്റെ വിലയിരുത്തല്‍. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതും യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്ന അനുകൂലസാഹചര്യം. ഇതോടൊപ്പം മോഹന്‍ ഭാഗവതിന്റെ പ്രഖ്യാപനം കൂടി ചേര്‍ത്തു വായിച്ചാല്‍ സംഘപരിവാര്‍ അജണ്ട മറയില്ലാതെ തെളിയുന്നു. ഹിന്ദുത്വ രാഷ്ട്രീയ ചരിത്രത്തില്‍ ധര്‍മ്മസന്‍സദിന്റെ പങ്കു ചെറുതല്ല. 1985ല്‍ ഉഡുപ്പിയില്‍ വെച്ചു തന്നെ നടന്ന ധര്‍മ്മ സന്‍സദിലാണ് രാമക്ഷേത്രത്തിന്റെ പൂട്ടു തുറക്കൂവെന്ന ആവശ്യം സംഘപരിവാര്‍ മുന്നോട്ടു വെച്ചത്. തുടര്‍ന്ന്, ഹിന്ദുവിഭാഗത്തെ പ്രീണിപ്പിക്കാനായി പ്രധാനമന്ത്രി രാജീവ് ഗാന്ധി 1986ല്‍ ക്ഷേത്രം പൂജയ്ക്കായി തുറന്നു കൊടുത്തു. അന്ന് രാമക്ഷേത്രത്തിന്റെ താഴു തുറക്കാനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെങ്കില്‍ ഇന്ന് അവിടെ രാമക്ഷേത്രം നിര്‍മ്മിക്കുകയാണ് തങ്ങളുടെ ആവശ്യമെന്നാണ് ഇക്കഴിഞ്ഞ ധര്‍മ്മ സന്‍സദില്‍ വി.എച്ച്.പി നേതാവ് പേജാവര വിശ്വേശ തീര്‍ഥസ്വാമി പറഞ്ഞത്. മുമ്പു സാധ്യമാക്കിയത് ഇനിയും ഞങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്ന തീര്‍പ്പു കൂടിയാണ് ഈ വാക്കുകള്‍.

തെളിവിനു മറ്റൊരു രേഖ കൂടിയുണ്ട്. ബാബ്‌റി മസ്ജിദ് തകര്‍ത്തതിനു ശേഷം 1992 ഡിസംബര്‍ 29-ന് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം രാഷ്ട്രപതിയെ കണ്ടു സമര്‍പ്പിച്ച നിവേദനത്തിലെ പരാമര്‍ശം. രാമജന്മഭൂമിക്കു വേണ്ടി നടന്നത് ബി.ജെ.പി, വി.എച്ച്.പി, ആര്‍.എസ്.എസ് സഹായത്തോടെ ധര്‍മ്മ സന്‍സദ് നടത്തിയ ഒരു ജനകീയ മുന്നേറ്റമാണെന്ന് അടിവരയിട്ടു പറയുന്നതാണ് നിവേദനം. ഇങ്ങനെ, സന്ദര്‍ഭങ്ങളുടെ സമാനതകള്‍ നിരീക്ഷിച്ചാല്‍ രാമക്ഷേത്ര നിര്‍മ്മാണമെന്ന രാഷ്ട്രീയലക്ഷ്യത്തിലൂന്നി ഹിന്ദുരാഷ്ട്രസ്ഥാപനത്തിന്റെ പ്രായോഗികതീവ്രതയിലേയ്ക്കു കടക്കുകയാണ് സംഘപരിവാര്‍. മറ്റൊരര്‍ഥത്തില്‍, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്കുള്ള വേണ്ടിയുള്ള ഫലപ്രദമായ ആയുധം തന്നെയാണ് രാമക്ഷേത്ര നിര്‍മ്മാണം. രാമരാജ്യത്തിനായി രഥയാത്ര നടത്തി ഹിന്ദുത്വ രാഷ്ട്രീയത്തിനു വേരു നല്‍കിയ അദ്വാനി ഇന്ന് ബി.ജെ.പിയില്‍ അപ്രസക്തനായിരിക്കുന്നു. ആ വേരുകള്‍ ആഴങ്ങളിലേയ്ക്കു പടര്‍ന്ന് വലിയൊരു വിഷവൃക്ഷമായി വളര്‍ന്നിരിക്കുകയാണ് ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയം.

രാമജന്മഭൂമി എന്ന രാഷ്ട്രീയ അജണ്ട:

ഹിന്ദുത്വ രാഷ്ട്രീയ ഗൂഢാലോചനയുടെ നിര്‍വ്വഹണമാണ് ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയെന്നു ബോധ്യപ്പെടാന്‍ ചരിത്രമാണ് നമുക്കുള്ള പാഠം. 1949-ലാണ് ബാബ്‌റി മസ്ജിദിലേയ്ക്ക് ശ്രീരാമ വിഗ്രഹം ഒളിച്ചു സ്ഥാപിക്കപ്പെട്ടത്. അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ.നായര്‍, സിറ്റി മജിസ്‌ട്രേറ്റ് ഗുരു ദാസ് സിങ് എന്നിവര്‍ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നു. അവര്‍ 1951-ല്‍ ബി.ജെ.പിയുടെ പൂര്‍വ്വസംഘടനയായ ജനസംഘത്തില്‍ ചേര്‍ന്നതു തന്നെ അവര്‍ക്ക് ഹിന്ദുത്വരാഷ്ട്രീയത്തോടുള്ള മമത വെളിവാക്കി. വിഗ്രഹം മാറ്റാന്‍ പ്രധാനമന്ത്രി നെഹ്‌റു നിര്‍ദ്ദേശിച്ചെങ്കിലും സംഘര്‍ഷസാധ്യതയുള്ളതിനാല്‍ തീരുമാനം മാറ്റി. ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയമുഖമായി ബി.ജെ.പി രൂപം കൊണ്ടതു മുതല്‍ ആ പാര്‍ട്ടിയുടെ ഉദരത്തില്‍ വളര്‍ന്നതാണ് രാമജന്മഭൂമി പ്രസ്ഥാനം. ഇന്ത്യന്‍രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാന്‍ ബി.ജെ.പി അയോധ്യയെന്ന മണ്ണു തിരഞ്ഞെടുത്തു. രാമക്ഷേത്രമെന്ന അജണ്ട 1985-ല്‍ ബി.ജെ.പി പരസ്യമായി പ്രഖ്യാപിച്ചു. അദ്വാനി ബി.ജെ.പി അധ്യക്ഷനായതോടെ രാമജന്മഭൂമി പ്രസ്ഥാനത്തിനു ജീവന്‍ വെച്ചു. ബി.ജെ.പിയുടെ രണ്ടു രാഷ്ട്രീയമുഖങ്ങളായ അദ്വാനിയും വാജ്‌പേയിയും രാമജന്മഭൂമിക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ നടത്തി. 1987 ഫെബ്രുവരി 15-ന് ബോംബെയിലെ ശിവാജി പാര്‍ക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി ആവശ്യപ്പെട്ടത് മുസ്ലീങ്ങള്‍ ബാബ്‌റി മസ്ജിദിന്മേലുള്ള അവകാശവാദം ഉപേക്ഷിക്കണമെന്നായിരുന്നു. 1989 ഏപ്രില്‍ ആറിന് നടന്ന വിരാട് ഹിന്ദു സമ്മേളനത്തില്‍ ബാബ്‌റി മസ്ജിദ് നില്‍ക്കുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും വാജ്‌പേയി ആവശ്യപ്പെട്ടു. അതേവര്‍ഷം മേയ് 16-നു ചേര്‍ന്ന ദേശീയോദ്ഗ്രഥന കൗണ്‍സിലില്‍ അയോധ്യയില്‍ രാമക്ഷേത്രത്തിനായി വാജ്‌പേയി ആവശ്യമുന്നയിച്ചു. ജൂണ്‍ 11-ന് പാലംപുരില്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ രാമജന്മഭൂമിക്കുള്ള ആവശ്യം രാഷ്ട്രീയപ്രമേയമായി ബി.ജെ.പി പാസ്സാക്കി. ശ്രീരാമന്റെ ജന്മസ്ഥലം ഹിന്ദുക്കള്‍ക്കു കൈമാറണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. രാമജന്മഭൂമി തര്‍ക്കം വോട്ടായി മാറുമെന്ന് അദ്വാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 1989-ല്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ രാമക്ഷേത്രം ഇടം പിടിച്ചു.

പിന്നീട്, അയോധ്യാതര്‍ക്കം നിയമപരമായി പരിഹരിക്കാനാവില്ലെന്ന് 1990 സെപ്തംബറില്‍ ബി.ജെ.പി നിലപാടു കടുപ്പിച്ചു. അപ്പോഴേയ്ക്കും രാമജന്മഭൂമി അവകാശപ്പെട്ട് അദ്വാനിയുടെ രഥയാത്രയും പ്രഖ്യാപിക്കപ്പെട്ടു. 1990 സെപ്തംബര്‍ 25-ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ രഥയാത്ര ആരംഭിക്കാനിരിക്കേ തലേദിവസം ഡല്‍ഹിയില്‍ അദ്വാനിയെ യാത്രയയ്ക്കുന്ന ചടങ്ങില്‍ ഒരു കോടതിക്കും രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് തര്‍ക്കത്തില്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നായിരുന്നു വാജ്‌പേയിയുടെ പ്രസംഗം. കോടതി ഉത്തരവിട്ടാലും ഒരു സര്‍ക്കാരിനും അതു നടപ്പാക്കാന്‍ കഴിയില്ലെന്ന താക്കീതുമുണ്ടായി. രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെയല്ലാതെ ഹിന്ദുവികാരം തൃപ്തിപ്പെടുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാരിന് അന്ത്യശാസന നല്‍കി 1990 ഒക്ടോബറില്‍ ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയില്‍ വീണ്ടും പ്രമേയമുണ്ടായി. അയോധ്യാപ്രശ്‌നം ആളിക്കത്തിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. 1990 നവംബര്‍ 19-ന് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു പ്രചാരണം ഔദ്യോഗികമായി തുടങ്ങാന്‍ അദ്വാനി തിരഞ്ഞെടുത്തത് അയോധ്യയായിരുന്നു. തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കുക രാമജന്മഭൂമിയായിരിക്കുമെന്ന് സരയൂനദിക്കരയില്‍ അദ്വാനി പ്രഖ്യാപിക്കുകയും ചെയ്തു. ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ തന്റെ വിജയത്തിന് രാമജന്മഭൂമി ഒരു കാരണമായെന്നു മാധ്യമങ്ങളോടു തുറന്നു പറയാനും അദ്വാനി മടിച്ചില്ല. മന്ദിറും മണ്ഡലും നിര്‍ണ്ണായകഘടകമായ അന്നത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കി.

അതിന്റെ ആത്മവിശ്വാസത്തില്‍ അയോധ്യയില്‍ കര്‍സേവയ്ക്കുള്ള തയ്യാറെടുപ്പുകളും ബി.ജെ.പി ആരംഭിച്ചു. 1992 ഡിസംബര്‍ ആറിന് എന്തു വില കൊടുത്തും അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമിയില്‍ കര്‍സേവ നടക്കുമെന്ന് അദ്വാനി പ്രഖ്യാപിച്ചു. കീര്‍ത്തനങ്ങളും ഭജനയുമല്ല, മണ്‍വെട്ടിയും ഇഷ്ടികയുമൊക്കെ ഉപയോഗിച്ചാവും കര്‍സേവയെന്നും വ്യക്തമാക്കിയത് അണിയറയിലെ ഗൂഢാലോചനയുടെ തെളിവായി. ഡിസംബര്‍ അഞ്ചിന് വി.എച്ച്.പി നേതാവ് വിനയ് കത്യാറുടെ വീട്ടില്‍ രഹസ്യയോഗം നടന്നു. അതില്‍ അദ്വാനിയും പങ്കെടുത്തിരുന്നു. പിറ്റേന്ന്, 1992 ഡിസംബര്‍ ആറിന് 11.50ന് മതലഹരിയില്‍ ഉന്മത്തരായ ആയിരക്കണക്കിന് ആര്‍.എസ്.എസ്, വി.എച്ച്.പി, ശിവസേന, ബജ്‌റംഗ്ദള്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് 450 വര്‍ഷം പഴക്കമുള്ള ബാബ്‌റി മസ്ജിദ് എന്ന ചരിത്രസ്മാരകം പൊളിച്ചു തുടങ്ങി. ആറു മണിക്കൂര്‍ നീണ്ട കര്‍സേവയില്‍ പള്ളിയുടെ മിനാരങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു വീഴുമ്പോള്‍ പരസ്പരം കെട്ടിപ്പിടിച്ചും മധുരം വിതരണം ചെയ്തും മുസ്ലീങ്ങളെ അക്രമിച്ചുമായിരുന്നു സംഘപരിവാറുകാരുടെ ആഘോഷം. പള്ളി പൊളിക്കുന്ന കര്‍സേവ അരങ്ങേറുമ്പോള്‍ 150-200 മീറ്റര്‍ അകലെ രാമകഥാ മഞ്ച് വേദിയില്‍ അദ്വാനി, മുരളി മനോഹര്‍ ജോഷി, അശോക് സിംഗാള്‍, വിനയ് കത്യാര്‍, ഉമ ഭാരതി, സാധ്വി ഋതംബര തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു. ബാബ്‌റി മസ്ജിദ് തകര്‍ത്ത ദിവസം ഹിന്ദു ശൗര്യദിനമായി ആഘോഷിക്കാനായിരുന്നു പിന്നീട് ആര്‍.എസ്.എസ് തീരുമാനം. രഥയാത്രയിലൂടെയും രാമശിലാപൂജയിലൂടെയുമൊക്കെ ഹിന്ദുവികാരം ജ്വലിപ്പിച്ച് അനുകൂലാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കര്‍സേവ നടത്തി പള്ളി പൊളിച്ച നീക്കം. രാം എന്നു പേരെഴുതിയ ഇഷ്ടികകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച് അയോധ്യയിലേയ്ക്കയച്ചു. ഇങ്ങനെ, സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും വര്‍ഗ്ഗീയോന്മാദം വളര്‍ത്താന്‍ പരീക്ഷിക്കപ്പെട്ടു. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം രാജ്യത്തെ പലയിടങ്ങളിലായി നടന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ ഇതിന്റെ ഫലമായിരുന്നു.

ബാബ്‌റി മസ്ജിദ് പൊളിക്കാനുള്ള എല്ലാ ഗൂഢാലോചനയെക്കുറിച്ചും അദ്വാനി, വാജ്‌പേയി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് അറിയാമായിരുന്നുവെന്നാണ് 17 വര്‍ഷം നീണ്ട തെളിവെടുപ്പിനും അന്വേഷണത്തിനും ശേഷം ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മിഷന്റെ വിലയിരുത്തല്‍. ഉത്തരവാദികളായി 68 പേരെ കണ്ടെത്തുകയും ചെയ്തു. പള്ളി തകര്‍ക്കപ്പെട്ട ശേഷം രാജിവെച്ച യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് 1993 ഫെബ്രുവരി രണ്ടിന് കല്യാണ്‍ സിങ് കൊല്‍ക്കത്തയിലെ ഒരു യോഗത്തില്‍ പങ്കെടുത്ത്  ഇങ്ങനെ പ്രസംഗിച്ചതിനു പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബാസു കമ്മിഷനു മുമ്പാകെ തെളിവു നല്‍കുകയുണ്ടായി. ‘പള്ളി തകര്‍ക്കപ്പെട്ടതില്‍ എനിക്കൊരു പശ്ചാത്താപവുമില്ല. അതൊരു ചരിത്രദിവസമായിരുന്നുവെന്ന സന്തോഷം ഞാന്‍ പങ്കുവെയ്ക്കുന്നു. കരാറുകാരെ ഏല്‍പ്പിച്ചാല്‍ ഒരു മാസമെടുക്കുമായിരുന്ന അത്തരമൊരു പ്രവൃത്തി ദൈവകൃപയാല്‍ അഞ്ചു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനായി. 1992 ഡിസംബര്‍ ആറിനു ശേഷം ഇന്ത്യയില്‍ പുതിയൊരു യുഗം പിറക്കാനിരിക്കുന്നു. രാജ്യത്തിന് അഭിമാനം നല്‍കുന്നതാണ് ബാബ്‌റി മസ്ജിദ് തകര്‍ച്ച.‘- സംഘപരിവാറും യു.പിയിലെ ബി.ജെ.പി സര്‍ക്കാരുമൊക്കെ പങ്കാളികളായതിന്റെ ഗൂഢപദ്ധതി മറനീക്കാന്‍ ഇതില്‍പരമെന്തു തെളിവു വേണം!

രഥയാത്രയ്ക്കു മുമ്പ് അദ്വാനി പ്രവചിച്ചതു പോലെ തന്നെ തിരഞ്ഞെടുപ്പുകളുടെ വിധി നിര്‍ണ്ണയിക്കുന്നതിനുള്ള ഹിന്ദുത്വ കര്‍മ്മപദ്ധതിയായിരുന്നു രാമജന്മഭൂമി പ്രസ്ഥാനം. 1984-ലെ പൊതുതിരഞ്ഞെടുപ്പില്‍ കേവലം രണ്ടു സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം രാഷ്ട്രീയ അജണ്ടയാക്കിയ ശേഷം 1989-ലെ തിരഞ്ഞെടുപ്പില്‍ 85 സീറ്റുകള്‍ നേടി. മന്ദിര്‍-മണ്ഡല്‍ ചര്‍ച്ചയിലേയ്ക്കു വഴിമാറിയ 1991-ലെ തിരഞ്ഞെടുപ്പിലാവട്ടെ ബി.ജെ.പിയുടെ നേട്ടം 120 സീറ്റുകളിലേയ്ക്കു കുതിച്ചു. രാമക്ഷേത്രം ഉയര്‍ത്തിവിട്ട വിഭജന രാഷ്ട്രീയത്തിലൂടെ ഓരോ സംസ്ഥാനങ്ങളിലും അധികാരം പിടിക്കുന്നതിലേയ്ക്ക് ബി.ജെ.പി വളരുന്നതായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കാഴ്ച. ഒടുവില്‍, നരേന്ദ്ര മോദിയിലൂടെ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി ഒറ്റയ്ക്കു കേന്ദ്രം ഭരിക്കാനാവുന്ന വിധത്തില്‍ ബി.ജെ.പിയുടെ സര്‍വ്വാധികാരവാഴ്ചയും നാം കണ്ടു. ശ്രീരാമനിലൂടെ ഇന്ത്യന്‍ മതേതരത്വത്തിന്റെ മണ്ണിളക്കി മറിച്ച ഹിന്ദുത്വരാഷ്ട്രീയം ഇനി ഏതു ദിശയിലേയ്ക്കു നീങ്ങുമെന്നതിന്റെ ലക്ഷണങ്ങളാണ് രാജ്യം മോദി ഭരണത്തില്‍ കണ്ട സംഘപരിവാര്‍ കലിയിളക്കങ്ങള്‍!

Comments

comments