രാഷ്ട്രം എങ്ങിനെയാണ് അതിലെ വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്നത് എന്നയിടത്തുനിന്നാണു ഇന്ത്യൻ ഹൈന്ദവ ദേശീയത  എന്ന സങ്കൽപ്പം ആരംഭിക്കുന്നത്. ദേശീയത എന്നു പറയുമ്പോൾ “നാനാത്വത്തിൽ എകത്വം” എന്നാണ് പൊതുവായ ധാരണ. അതിലെ വിവിധ്യത്തിന്റെ ധാരയെ അടർത്തിക്കളഞ്ഞുകൊണ്ട് എല്ലാവരും പൊതുവായി പങ്കുവെക്കുന്ന എന്തോ ഒന്ന് മാത്രമാണു ദേശീയത എന്ന ചിന്തയാണു ഹൈന്ദവ ദേശീയത വ്യവഹാരങ്ങളിൽ കറങ്ങി നിൽക്കുന്നത്. എന്നാൽ ഇതേ  ഏകത്വവും, ദേശീയതയും ഇന്ത്യയിലെ അപരവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ചരിത്രസ്മൃതികളെയും, മുന്നേറ്റങ്ങളെയും, ആ മതങ്ങളെയോ, ജാതികളെയോ പ്രതിനിധീകരിക്കുന്ന ജനങ്ങളെയും മാറ്റിനിർത്തുകയും ആ നിമിഷം മുതൽ ദേശീയതയേ കുറിച്ചുള്ള സംശയങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. അത്തരമൊരു സംഘട്ടനം തന്നെയായിരുന്നു മറാത്താവാദികൾ കോറേഗാവിലും നടത്തിയത്. ചരിത്രത്തിൽ നിന്നും വേർപ്പെട്ട് പോയ പ്രാദേശിക സംസ്കാരങ്ങളുടെ സ്വത്വസ്ഥാപനത്തിലൂടെ മാത്രമേ നവഹൈന്ദവത മുന്നോട്ടു വയ്ക്കുന്ന പ്രതിലോമകരമായ ദേശസങ്കല്പത്തെ ചോദ്യം ചെയ്യാനാകു. അത്തരം ഒരു ചോദ്യം ചെയ്യൽ തന്നെയായിരുന്നു ഭീമ കോറേഗാവിന്റെ 200-ആം വാർഷികദിനാഘോഷവും ലക്ഷം ജനങ്ങളുടെ പങ്കുചേരലും.

എന്താണ് ഭീമ കോറേഗാവ്?
യാഥാസ്ഥിക ബ്രാഹ്മണമാർ  ആയിരുന്നു പേഷ്വകളിൽ ഭൂരിഭാഗവും.  മഹർ ജാതിക്കാർ നഗരത്തിൽ കടക്കണമെങ്കിൽ അവർ പുറകിൽ ഒരു ചൂല് കെട്ടണമായിരുന്നു: അവരുടെ കാൽപാദം പതിഞ്ഞാൽ അശുദ്ധിയാണ് ബ്രാഹ്മണന്. അവർക്ക് നിരത്തിൽ തുപ്പാൻ പാടില്ല. അതിനു കഴുത്തിൽ  ഒരു പാത്രം കെട്ടി തൂക്കണം. ഇനി ജാതി  മറച്ചുവെക്കാൻ ഒരാൾ ശ്രമിച്ചാൽ അതും ശിക്ഷാർഹമായിരുന്നു. ഇങ്ങനെയൊക്കെയായിരുന്ന കാലത്താണു 1818 ജനുവരി ഒന്നാം തീയതി പൂനെയിലെ കൊറേഗാവിൽ മഹറുകളായ 500 ദലിത് സൈനികർ 28,000 വരുന്ന സവർണ്ണ പേഷ്വാ സൈന്യത്തെ നേരിട്ടുള്ള യുദ്ധത്തിൽ പരാജയപ്പെടുത്തി ഉജ്ജ്വല വിജയം നേടിയതും മറാത്താ ഭരണകൂടത്തിന്റെ ജാതി ഭീകരവാഴ്ചക്ക് അറുതി വരുത്തിയതും.

ബോംബെ നേറ്റീവ് ലൈറ്റ് ഇൻഫെന്ററിയുടെ ബ്രിട്ടീഷ് റെജിമെൻറിൽ പെട്ടവരായിരുന്നു ആ 500 മഹർ സൈനികർ. മറുഭാഗത്ത് പേഷ്വാ സൈന്യത്തിൽ 20,000-ത്തോളം വരുന്ന കുതിരപ്പടയും 8000-ഓളം വരുന്ന കാലാൾ പടയുമുണ്ടായിരുന്നു. പൂനെ നഗരത്തിന്റെ തെക്ക്-കിഴക്ക്  ദൂരെയായുള്ള കൊറേഗാവ് പ്രദേശത്ത് ഭീമാ നദിയുടെ തീരത്താണ് യുദ്ധം നടന്നത്. ഷിരൂർ മുതൽ ഭീമാ കൊറേഗാവ് വരെ 27 മൈലുകൾ മാർച്ച് ചെയ്ത് ഭക്ഷണവും കുടിവെള്ളവുമില്ലാതെ കഷ്ടപ്പെട്ടുകൊണ്ടാണ് ദലിത് യോദ്ധാക്കൾ 12 മണിക്കൂർ തുടർച്ചയായി യുദ്ധം ചെയ്ത് സവർണ്ണ പേഷ്വാ സൈന്യത്തെ പരാജയപ്പെടുത്തിയത്. പേഷ്വാ സൈന്യത്തലന്മാരടക്കം 500 പേർ മരിച്ചു വീണപ്പോൾ മറ്റുള്ളവർ ദലിത് യുദ്ധവീര്യത്തിനു മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പരിക്കുകളോടെ പിൻതിരിഞ്ഞോടി രക്ഷപെടുകയായിരുന്നു.

പേഷ്വാ ഭരണത്തിൻ കീഴിൽ കൊടിയ പീഡനങ്ങളും അടിച്ചമർത്തലുകളും അനുഭവിച്ച ദലിതർക്ക് ഭീമാ കോറേഗാവ് യുദ്ധം, സ്വതന്ത്ര്യസമരമായിരുന്നു. ഇതിലൂടെ സ്വാതന്ത്യവും മനുഷ്യാവകാശങ്ങളും അന്തസ്സും നേടിയെടുക്കാനും സവർണ്ണ ജാതി-സാമ്രാജ്യത്വത്തിനെ കടപുഴക്കിയെറിഞ്ഞ് ജനാധിപത്യ ഭരണത്തിലേക്ക് വഴിയൊരുക്കാനും അവർക്കു കഴിഞ്ഞു. ആ മഹത്തായ മഹർ യുദ്ധസ്മരണക്കായി ബ്രട്ടീഷുകാർ പണി കഴിപ്പിച്ചതാണ് ഭീമകോറേഗാവ് വിജയ സ്തൂപം. അന്നത്തെ ബ്രിട്ടീഷ് മിലിറ്ററ്റി കമാൻഡറായ ചാൾസ് ജെയിംസ് നൈപ്പർ പറയുന്നു ” മഹർ റെജിമെന്റിലെ ശിപ്പായിമാരെ കുറിച്ച് ആരാധനയോടെയല്ലാതെ എനിക്ക് ഓർക്കാനാവില്ല, ബോംബേ സേനയിലെ മഹറുകൾ അടുത്തും അകലെയുമുള്ള നിരവധി പോർക്കളങ്ങളിൽ തങ്ങളുടെതായ ധീരതയുടെ മുദ്ര പതിപ്പിച്ചു. അത്തരത്തിൽ അവരുടെ ധീരതയുടെ അടയാളമായിരുന്നു രണ്ടാം അഫ്ഗാൻ യുദ്ധവും”.

പിന്നീട് 1927 ജനുവരി 1-ന്‌ ബാബാസാഹെബ് അംബേദ്കർ, കോറേഗാവ് സന്ദർശിച്ച് ദലിത് സൈനിക വിജയസ്മരണ നിലനിർത്തി. അതിനു ശേഷം ബാബയുടെ പാത പിൻതുടർന്ന് എല്ലാ വർഷവും ജനുവരി ഒന്നിന് ആയിരക്കണക്കിന് ദലിതർ ഇവിടേക്ക് ഒഴുകിയെത്തി കോറേഗാവിൽ വിജയ സ്തൂപത്തിനു മുന്നിൽ പ്രണമിച്ചു മടങ്ങുന്നു. ദലിത് പോരാട്ടത്തിന്റെ മഹത്തായ ചരിത്ര ഓർമ്മകളെ പുതുക്കുന്ന ചടങ്ങ് തന്നെയായിരുന്നു  കഴിഞ്ഞ 2018 ജനുവരി 1-നും നടന്നത്.  ഒപ്പം ആ ഓർമ്മകളുടെ 200 വാർഷികവും.

ചരിത്രപരമായ ആ ഓർമ്മകൾ പുതുക്കാനും ഒന്നിച്ചുകൂടാനുമായി എത്തിയ പല സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പതിനായിരത്തോളം ജനങ്ങളെ ആക്രമിക്കാൻ മറാത്തകൾ തയ്യാറടുക്കുന്നുണ്ട് എന്ന മുന്നറിയിപ്പിനോടു പോലും ജില്ല പോലിസിന്റെ സമീപനം വളരെ മോശമായതായിരുന്നു. ആ മൗനസമ്മതം തന്നെയായിരുന്നു അത്രത്തോളം നിയമപാലകർ നോക്കി നിൽക്കേ അക്രമത്തിന് മുതിരാനും, ശഹീദ് രാഹുൽ എന്ന യുവാവിന്റ ജീവനെടുക്കാനും മറാത്തകളെ പ്രേരിപ്പിച്ചത്.

ഭീമ കോറേഗാവ് 200 വാർഷികം ദിനത്തിലെ ക്ഷണിക്കപ്പെട്ട അതിഥികൾ ആയിരുന്നു ജിഗ്നേഷ് മേവാനി, ഉമ്മർ ഖാലിദ്, സോണി സോറി, രാധിക വെമുല  തുടങ്ങിയവർ. അതുകൊണ്ടുതന്നെ ഇവരുടെ നേതൃത്വത്തെ –  എന്തിനു പറയണം –  സാമീപ്യത്തെപോലും, ഭരണകൂടോപാധികൾക്കെതിരെയുള്ള ചെറുത്തുനിൽപ്പായും രാഷ്ട്രത്തിന്റെയും ദേശീയതയുടെയും മേലുള്ള കയ്യേറ്റമായും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റമായും വരുത്തി തീർക്കുകയാണു ബിജെപി സർക്കാർ. ജിഗ്നേഷ് ഉയർത്തുന്ന രാഷ്ട്രീയത്തിന്മേലും, ഉമ്മർ ഖാലിദ് എന്ന പേരിന്റെ മേലും  എതൊരു എതിർ സ്വരത്തിനുമേലും പ്രയോഗിക്കപ്പെടാവുന്ന ഏറ്റവും മൂർച്ചയുള്ള ആയുധമായി തന്നെ നവ ഹൈന്ദവതയേ ബി ജെ പി ഗവൺമെന്റ് ഇവിടെ പ്രയോഗിച്ചു. അതിന്റെ ഭാഗമായി തന്നെയാണ് മറാത്തികളുടെ നേതൃത്വത്തിൽ അക്രമത്തെ പ്രകോപിപ്പിച്ചതും, പ്രചരിപ്പിച്ചതും. എത്രത്തോളം വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ ഇതിന് പിന്നിൽ ഉണ്ടായിരുന്നുവെന്ന് മനസിലാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ കൂടി പ്രചരിച്ച സംഘി ഐടി സെൽ പ്രചരണ ചിത്രങ്ങൾ മാത്രം മതി. ഇങ്ങനെ നവ ഹൈന്ദവത സൃഷ്ടിക്കുന്ന ദേശീയത വാദത്തിന്റ വ്യവഹാരങ്ങളിൽ ഇന്ത്യയിലെ ദലിതനേയും /ആദിവാസി/ മുസ്ലിം ന്യൂനപക്ഷങ്ങളെയും  തുടങ്ങി അവർ സൃഷ്ടിക്കുന്ന മുന്നേറ്റങ്ങളെ വരെ അപരവൽക്കരിച്ചു കൊണ്ടുള്ള ഭരണമാണിവിടെ നടക്കുന്നത്. ഇസ്ലാം ആണെങ്കിൽ ഒരു വ്യക്തിയുടെ പേരിനെ പോലും അദൃശ്യവൽകരിച്ചു കൊണ്ടും ജാതികളുടെ പേരിലാണെങ്കിൽ ആളുകളെ അരികുവൽകൃതരാക്കി കൊണ്ടും ഹൈന്ദവ ദേശീയത ഉത്പാദിക്കപ്പെടുകയും, ആ ദേശീയത ജനങ്ങൾക്കു മേലുള്ള കടന്നു കയറ്റമായിത്തീർത്തുകൊണ്ട് എതിർശബ്ദങ്ങളെയെല്ലാം അടിച്ചമർത്താൻ ശ്രമിക്കുകയുമാണ് ഇവിടെ ഫട്ട്നാവിസ് ഗവൺമെന്റ്  ചെയ്തത്.

ഇന്ത്യയിലെ ദലിത് ദേശീയ വിമോചനം ഒരു ചരിത്രഘട്ടത്തെ അഭിമുഖികരിക്കുകയാണ്. അത് അംബേദ്ക്കർ ചിന്താധാരയുടെ സവിശേഷമായ പ്രത്യയശാസ്ത്രവൽകരണമാണ്. എന്നാൽ അത് ജാതിവാദത്തിന്റെ അടിസ്ഥാനപരമായ നിഷേധവുമായിരുന്നു. ഇത്തരത്തിലൊരു രാഷ്ട്രീയ മുന്നേറ്റത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചുകൊണ്ടാണ് 2017 ഡിസംബറിലെ ഗുജറാത്ത് ഇലക്ഷനിൽ ജിഗ്നേഷ് മേവാനി ഗംഭീരമായ വിജയം വരിച്ചത് .  ജിഗ്നേഷിലൂടെയും ചന്ദ്രശേഖർ ആസാദിലൂടെയുമെല്ലാം സംസ്ഥാനങ്ങൾ  കടന്ന് ഇന്ത്യയിലെ യുവത്വങ്ങളിലേക്കു ഒരു പുതിയ ബഹുജൻ മുന്നേറ്റമായി  അത് തുടരേണ്ടതും വളരേണ്ടതുമുണ്ട്. അതിനുള്ള  ഊർജ്ജം പകരാൻ ശേഷിയുള്ള ഭീമ കോറേഗാവ് ഓർമ്മകളെ ഇല്ലാതാക്കുന്നതിലുടെ ഉയർന്നു വരുന്ന ദലിത് മൂവ്മെന്റുകൾ ഇല്ലാതാവുമെന്ന ചരിത്രപരമായ വിഡ്ഢിനിഗമനത്തിനുള്ള മറുപടി തന്നെയായിരുന്നു മഹാരാഷ്ട്ര ബന്ദും അതിനോടനുബന്ധിച്ചു നടന്ന ലക്ഷങ്ങൾ അണിനിരന്ന പ്രതിഷേധ പ്രകടനവും.  മഹാരാഷ്ട്രയുടെ ദലിത് മുന്നേറ്റം ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും തമസ്കരിക്കാൻ കഴിയാത്ത ഒന്നായി മാറുകയാണ്. അതൊടൊപ്പം തന്നെ പുനെയിലെ ഒരോ ഗ്രാമങ്ങളിലെയും വീടുകളിൽ നിന്നും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ചു ഉപേക്ഷിച്ചുകൊണ്ട് തങ്ങളുടെ വീടുകളിൽ നിന്നു തന്നെ ഹൈന്ദവതയെ പുറത്താക്കാനും അംബേദ്കർ പാതയിലേക്ക് മാറാനുമുള്ള പദ്ധതികൾ ദലിത് പോരാട്ടത്തിന്റെ വിപ്ലവകരമായ പുതുവളർച്ചയെയാണു അടയാളപ്പെടുത്തുന്നതെന്നതിൽ സംശയമില്ല.

Comments

comments