ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിക്കുന്ന പൊതുബോധത്തിന്റെ മൂര്‍ത്തികള്‍  തുള്ളി വെളിച്ചപ്പെട്ട് ഗര്‍ഭഗൃഹങ്ങളില്‍ നിന്നും ഇറങ്ങിവരികയാണ്. അങ്ങനെ ഇറങ്ങിവന്ന ഒരപ്പനാണ് സ്വന്തം ശുദ്ധാശുദ്ധികളുടെ തീട്ടൂരം ഒരു ദളിത മൃതദേഹത്തിന് മുകളിലേക്കു വലിച്ചെറിയുന്നത്.

എറണാകുളത്തപ്പന്‍ ആരുടെയൊക്കെ അപ്പനായാലും കേരളത്തിലെ മതേതര സമൂഹത്തിന്റെ അപ്പനും അപ്പൂപ്പനുമല്ലെന്നും ചിത്രകാരന്‍ മഹേഷ്/അശാന്തന്റെ മൃതദേഹം പൊതുസ്ഥലമായ ഡര്‍ബാര്‍ ഹാളില്‍ എവിടെ പൊതുദര്‍ശനത്തിന് വെക്കണമെന്ന് ഹിന്ദുത്വ തീവ്രവാദികളുടെ ഗുണ്ടാപ്പടയല്ല തീരുമാനിക്കേണ്ടതെന്നും പറയേണ്ട ഈ സംസ്ഥാനത്തെ സര്‍ക്കാരിന്റെ പ്രതിനിധിയായ കളക്ടറും മനോവീര്യപ്പോലീസും കൂടിച്ചേര്‍ന്ന്, ആ വര്‍ഗീയവൈതാളികര്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കിനിന്ന് മൃതദേഹം ഒരു മൂലയ്ക്കുവെച്ച് പ്രശനം പരിഹരിച്ചപ്പോള്‍ കേരളത്തിന്റെ വഴിനടക്കല്‍ സമരങ്ങളുടെ ചരിത്രത്തെക്കൂടിയാണ് ശവമടക്കിന് വെച്ചത്.

[button color=”red” size=”” type=”square_outlined” target=”” link=””]കളക്ടറെ പണിക്കുവെച്ചത് എറണാകുളത്തപ്പനല്ല, കേരളത്തിലെ പൊതുസമൂഹമാണ്.[/button]

ബ്രാഹ്മണന്മാരും  നായരും അമ്പലവാസികളും മാത്രം നടന്നിരുന്ന പൊതുവഴികളില്‍ ഈ ‘പൊതുവില്‍’ ഗണിക്കാത്ത ‘തൊട്ടുകൂടാത്ത’, ‘തീണ്ടിക്കൂടാത്ത’ മനുഷ്യര്‍, സവര്‍ണജാതിവെറിയന്‍മാരോട് തുറക്കെടാ നാട്ടിലെ പൊതുവഴികള്‍ എന്ന ജനാധിപത്യസമരത്തിന്റെ കാഹളം മുഴക്കിയ, തുറക്കാത്ത വഴികളിലേക്ക് ആത്മാഭിമാനത്തിന്‍റെയും ജനാധിപത്യത്തിന്റെയും രാഷ്ട്രീയവുമായി ഇടിച്ചുകയറിയ നാട്ടിലാണ് ഒരു ദളിത് ചിത്രകാരന്റെ മൃതദേഹത്തെ   ഹിന്ദുവര്‍ഗീയവാദികളുടെ എറണാകുളത്തപ്പന്റെ പേരും പറഞ്ഞ് അപമാനിച്ച് സംസ്ഥാന സര്‍ക്കാര്‍ എല്ലാം ശരിയാക്കിയത്. പെണ്‍മുലയളന്നും കരം വാങ്ങി, ഒരു നാടിനെ മുഴുവന്‍ ഊറ്റിക്കുടിച്ച്, ചിത്രമെഴുത്തും സംഗീതവും അച്ചിവീട്ടിലെ വാത്സ്യായന സൂത്രക്കളരികളുമായി ആടിത്തിമിര്‍ത്ത തിരിവിതാംകൂര്‍  ദുഷ്പ്രഭുക്കള്‍ക്കിപ്പോഴും  ആറാട്ടുമുണ്ടന്‍മാരും കുതിരപ്പടയുമായി അകമ്പടിപോകുന്ന സംസ്ഥാനമാണിത്. ജനാധിപത്യ മതേതര സമൂഹത്തിന്റെ മുഖത്തടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചത്; അയാളുടെ കലാജീവിതത്തെ നിന്ദിച്ചത്; മനുഷ്യന്റെ മൌലികാവകാശത്തെ ലംഘിച്ചത്. അതിനും മൃതദേഹത്തെ അപമാനിച്ചതിനും പട്ടികജാതി/പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരവും  അവിടെ ഭീഷണി മുഴക്കിയ നഗരസഭ കൌണ്‍സിലര്‍ക്കെതിരെ മാത്രമല്ല, കളക്ടര്‍ക്കെതിരെയും കേസെടുക്കണം. കളക്ടറെ പണിക്കുവെച്ചത് എറണാകുളത്തപ്പനല്ല, കേരളത്തിലെ പൊതുസമൂഹമാണ്.

ഈ പൊതുസമൂഹം നിര്‍ദോഷമായ പ്രാര്‍ത്ഥനകളിലൂടെ രൂപപ്പെട്ടതല്ല. മലബാറും കൊച്ചിയും തിരുവിതാംകൂറുമായി  കിടന്നിരുന്ന പിന്നീട് ഐക്യകേരളമായി മാറിയ അന്നത്തെ കേരളത്തില്‍ വഴിനടക്കാനുള്ള അവകാശത്തിനായി നടന്ന വഴിനടക്കല്‍ സമരങ്ങള്‍  കേവലം വഴിനടക്കല്‍ സമരങ്ങള്‍ മാത്രമായിരുന്നില്ല. അവ കേരളത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയുടെ ഉള്ളിലെ നാനാവിധമായ അധീശത്വങ്ങള്‍ക്കെതിരായി നടത്തിയ സമരങ്ങളായിരുന്നു. മഹാഭൂരിപക്ഷം മനുഷ്യരെയും രാഷ്ട്രീയാധികാരത്തില്‍ നിന്നും സാമൂഹ്യ ഇടപെടലുകളില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്ന ഒരു സാമൂഹ്യക്രമത്തിനെതിരെ 19-ആം നൂറ്റാണ്ടിന്റെ  ഉത്തരാര്‍ദ്ധത്തില്‍ തുടങ്ങിയ സമരങ്ങള്‍ പിന്നീടുള്ള കേരളത്തെയാണ് നിര്‍ണ്ണയിച്ചത്. ഒട്ടും സഹിഷ്ണുതയോടെയല്ല അക്കാല കേരളത്തിലും സവര്‍ണജാതിവെറിയന്‍മാര്‍ ഈ സമരങ്ങളെയും ചെറുത്തുനില്‍പ്പുകളെയും നേരിട്ടത്. അതുകൊണ്ടാണ് അയ്യങ്കാളിക്ക് ആദ്യം വില്ലുവണ്ടിയോടിച്ചപ്പോള്‍ തല്ലിത്തന്നെ വഴിതെളിക്കേണ്ടി വന്നതും, അങ്ങനെ തല്ലിത്തുറപ്പിച്ച വഴിയായതുകൊണ്ടാണ് പിന്നെ അതേ വഴിയിലൂടെ പിന്നേയും ഓടിക്കാനായതും.

ആ ജാതിവിരുദ്ധ സമരങ്ങളുടെ തുടര്‍ച്ച കേരളത്തില്‍ എമ്പാടുമുണ്ടായി. കോഴിക്കോട്ടും, വൈക്കത്തും, കുട്ടങ്കുളത്തും, ഗുരുവായൂരിലും, പാലിയത്തും നടന്നത് ആ സമരത്തിന്റെ തുടര്‍ച്ചകളായിരുന്നു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും ആധുനികതയുടെ മൂല്യബോധവും, ശ്രീ നാരായാണഗുരു അടക്കമുള്ളവര്‍ ഉയര്‍ത്തിയ നവോത്ഥാന മുന്നേറ്റവും ജന്‍മിത്തത്തിനെതിരായ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരങ്ങളുമെല്ലാം ചേര്‍ന്ന് കേരളത്തില്‍ ഒരു ആധുനിക ദേശ സമൂഹത്തിലെ ‘പൌരന്‍’ എന്ന സങ്കല്‍പ്പം ഒരു പ്രയോഗസാധ്യതയായി മാറ്റി.

ഈ പുതിയ പൌരബോധത്തിന്  ജാതിയെ കുടഞ്ഞുകളയാന്‍ പൂര്‍ണമായും കഴിഞ്ഞില്ലെങ്കിലും ജാതി പ്രഥമ സാമൂഹ്യപരിഗണനയായ ഒരു സാമൂഹ്യാവസ്ഥയെ ഇളക്കാനും പരിഗണനാ ശ്രേണികളെ പൊളിച്ചിടാനും കഴിഞ്ഞു. (അങ്ങനെ ഇളകിയ സമൂഹത്തിന്റെ രാഷ്ട്രീയ ഘടനയിലും സാമ്പത്തിക ഘടനയിലുമുള്ള പങ്കാളിത്തത്തിനും അവകാശത്തിനും വേണ്ടിയുള്ള സമ്മര്‍ദങ്ങള്‍ വീണ്ടും ജാതി സംഘടനകളേയും സവര്‍ണ ജാതി ബോധത്തെയും പൊതുബോധത്തിലേക്ക് വിളക്കിച്ചേര്‍ക്കുന്നു എന്നത് ഒരു വൈരുദ്ധ്യമാണെങ്കിലും വസ്തുതയാണ്. )

ഇങ്ങനെ ഉലഞ്ഞിളകിയ സാമൂഹ്യബന്ധങ്ങളുടെയും രാഷ്ട്രീയ-സമ്പദ് രംഗത്തിന്റെയും ഉള്ളിലാണ് കേരളത്തില്‍ തൊഴിലാളികളുടെയും കര്‍ഷക തൊഴിലാളികളുടെയും കൂടിയാന്‍മാരുടെയും എല്ലാം അവകാശസമരങ്ങള്‍ ശാഖപ്പെട്ടത്. അത്തരം സമരങ്ങളില്‍ ജാതിബോധത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ ആ സമരബോധത്തെ നയിച്ചിരുന്നത് അക്കാലം വരെ പ്രബലമായ ജാതിവ്യവസ്ഥയുടെ മൂല്യബോധമായിരുന്നില്ല. ആധുനിക ദേശ രാഷ്ട്രത്തിന്റെയും അത് മുന്നോടുവെച്ച ബൃഹദാഖ്യാനങ്ങളുടെയും കൊളോണിയല്‍ അധികാരപ്രയോഗത്തിന്റെ സകലച്ഛായകളോടും കൂടിയുള്ളതെങ്കില്‍പ്പോലും പിന്നീടുള്ള സകല സാമൂഹ്യവ്യവഹാരങ്ങളുടെയും അടിത്തറയായ ആധുനികതയുടെ ജ്ഞാനവഴികളുമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള കേരളത്തെ മുന്നോട്ടുകൊണ്ടുപോയത്.

അതുകൊണ്ടുതന്നെ പ്രത്യക്ഷമായ ജാതിവിരുദ്ധ സമരങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ദുര്‍ബലമാവുകയും അവയ്ക്കു പകരം സ്വാഭാവികമായ മുന്നോട്ടുപോക്കെന്നു വിശാലാര്‍ത്ഥത്തില്‍ വിളിക്കാവുന്ന പൊതുസമരങ്ങള്‍ ശക്തമാവുകയും ചെയ്തു. ഒഴിച്ചുനിര്‍ത്തപ്പെട്ട വലിയൊരു ജനവിഭാഗം ആധുനികതയുടെ വ്യവാഹാരമണ്ഡലങ്ങളില്‍ ഈ ‘പൊതു’വില്‍ ഉള്‍പ്പെട്ടിരുന്നു. തൊട്ടുകൂടാത്തവര്‍ക്കും തീണ്ടിക്കൂടാത്തവര്‍ക്കും പകരം പുതിയ ‘പൌരന്‍’ അവരുടെ ജനാധിപത്യാവകശങ്ങള്‍ക്കായി ഭരണകൂടത്തോട് ഏറ്റുമുട്ടാനും സമരം ചെയ്യാനും തുടങ്ങി. ജാതിമേധാവികളുമായുള്ള അവകാശ സമരങ്ങള്‍ ഭരണകൂടവുമായുള്ള അവകാശ സമരങ്ങളിലേക്ക് വഴിമാറി. എന്നാലിത് ജാതി അടിസ്ഥാനമായുള്ള  ചേരിതിരിവുകളെയോ ജാതിവ്യവസ്ഥ  സൃഷ്ടിച്ച,താരതമ്യത്തില്‍ ഭയാനകമാം വിധം  സമൃദ്ധമായ സവര്‍ണമേധാവിത്തത്തിന്റെ സാമൂഹ്യ മൂലധനത്തെയോ ഇല്ലാതാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ സ്വാഭാവികതയെന്ന് തോന്നിപ്പിക്കുംവണ്ണം പുതിയ ദേശ-രാഷ്ട്ര സൃഷ്ടിയിലെ ‘പൌരന്റെ’ മാനദണ്ഡങ്ങളെല്ലാം ജാതിവ്യവസ്ഥയിലെ സവര്‍ണപുരുഷന്റെ അംഗോപാംഗങ്ങളും അയാളുടെ ലാവണ്യബോധവുമായി മാറി. ജാതിവിരുദ്ധ പോരാട്ടങ്ങളുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും ചരിത്രവഴികളില്‍ ആ സമരസന്നദ്ധത ഉയര്‍ത്തിയ ജനങ്ങളുടെ പുതിയ മുന്നേറ്റമായി ഉയര്‍ന്നുവന്ന ഇടതുപക്ഷ പ്രസ്ഥാനം അതിന്റെ വര്‍ഗരാഷ്ട്രീയത്തിലൂടെ ഈ പിന്തിരിപ്പന്‍ ‘പൌര’ മാനദണ്ഡങ്ങളെ പൊളിച്ചെഴുതുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അത്തരം സാധ്യതകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒട്ടും ഉണ്ടാക്കിയില്ല എന്നുപറയുന്നത് ചരിത്രനിഷേധമാണ്. എന്നാല്‍ ആ സാധ്യതകളെ പ്രബലമായ പൊതുബോധമാക്കി വികസിപ്പിക്കുക എന്ന ദുഷ്ക്കരമായ രാഷ്ട്രീയകടമ ഏറ്റെടുക്കേണ്ടതിനുപകരം തെരഞ്ഞെടുപ്പ് സമവായങ്ങളിലേക്കും  സവര്‍ണ ജാതിബോധത്തെ ആക്രമിക്കാതിരിക്കുന്നതിലൂടെ ഉണ്ടാക്കാന്‍ കഴിയുന്ന അലസരാഷ്ട്രീയത്തിലേക്കും ഇറങ്ങുകയാണ് അവര്‍ ചെയ്തത്. മുന്നോക്കക്കാര്‍ക്ക് സംവരണം, മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം, മുന്നോക്ക വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ തീര്‍ത്തും പിന്തിരിപ്പനായ നടപടികള്‍ സാമൂഹ്യ സന്തുലനത്തിന്റെ ഭാഗമാക്കി അവതരിപ്പിക്കുന്ന ജനവിരുദ്ധതയിലേക്ക് കേരളത്തിലെ മുഖ്യധാര ഇടതുപക്ഷം എത്തുന്നത് ഈ വഴിയിലൂടെയാണ്. ആ വഴി അയ്യങ്കാളി വില്ലുവണ്ടിയോടിച്ച വഴിയല്ല, പാലിയം സമരത്തില്‍ എ ജി വേലായുധന്‍ രക്തസാക്ഷിയായ വഴിയല്ല, കുട്ടംകുളം  വഴിനടക്കല്‍ സമരത്തില്‍ പി സി കുറുമ്പയെപ്പോലുള്ള സഖാക്കള്‍  അതിഭീകര മര്‍ദ്ദനമേറ്റ വഴിയല്ല. ഇതവര്‍ മാറി നടന്ന വഴിയാണ്.

വടയമ്പാടി ജാതിമതിൽ വിരുദ്ധ സമരം

ഇപ്പോള്‍ അശാന്തന്റെ മൃതദേഹം ഒരു പൊതുസ്ഥലത്ത്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്ഥലത്ത് പൊതുദര്‍ശനത്തിന് വെക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് വാശിപിടിക്കാനും ഭീഷണിമുഴക്കാനും അതിനു കലക്ടറടക്കമുള്ള ഭരണകൂട സംവിധാനങ്ങള്‍ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയും ചെയ്യുമ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് ഒരു ഇടതുപക്ഷ സര്‍ക്കാരാണ് എന്നത് ഈ മാറിനടന്ന വഴികള്‍ നോക്കുമ്പോള്‍ അത്രയൊന്നും അത്ഭുതമുണ്ടാക്കുന്നില്ല. പക്ഷേ  ഒരു സമൂഹമെന്ന നിലയില്‍ നാം എത്തിനില്‍ക്കുന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് ഇത് നമ്മെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം ഏതാണ്ട് ഒരു നൂറ്റാണ്ടോളമായി ശ്രമിക്കുന്നത് ഇന്ത്യയുടെ പൊതുബോധത്തെ രാഷ്ട്രീയമായി ഹിന്ദുത്വവത്കരിക്കാനാണ്. പൊതുസമൂഹത്തിന്റെ ഈ ഹിന്ദുത്വവത്കരണത്തിന്റെ സ്വാഭാവികമായ ഒരു ഉത്പന്നം എന്ന നിലയ്ക്കാണ് അവര്‍ ഭരണകൂടത്തിന്റെ പ്രത്യക്ഷാധികാരത്തെ കാണുന്നത്.  അതുകൊണ്ടുതന്നെ പ്രത്യക്ഷമായ അധികാരരൂപങ്ങളില്ലെങ്കിലും നീണ്ടകാലം പ്രബലമായ സമൂഹത്തിന്റെ രാഷ്ട്രീയ-അധികാര വ്യവഹാരങ്ങളെ നിയന്ത്രിക്കാനും നിര്‍ണ്ണയിക്കാനും അതിനാകും. ഇതരത്തിലുള്ള ഒരു ഹിന്ദുത്വവത്കരണത്തിനാണ് കേരളീയ സമൂഹം വിധേയമാകുന്നത്. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഇത്തരം സാമൂഹ്യാധീശ്വത്വ പദ്ധതികളോട് മാര്‍ക്സിസ്റ്റ് വര്‍ഗരാഷ്ട്രീയത്തിന്റെ രാഷ്ട്രീയയുധങ്ങള്‍ ഉപയോഗിച്ച് പ്രതികരിക്കാന്‍ പോലും ആകാത്തവിധത്തില്‍ ഈ ഹിന്ദുത്വബോധത്തിന്റെ സാമാന്യവത്കരണത്തിലേക്ക് ഇടതുപക്ഷ നേതൃത്വം പലപ്പോഴും എത്തുന്നുണ്ട്.

വിപ്ലവത്തിരുവാതിരയായാലും മതേതര യോഗയായാലും ഇങ്ങേയറ്റത്ത് വടയമ്പടിയിലെ ജാതിമതില്‍ പ്രശ്നമായാലും നേരത്തെപ്പറഞ്ഞ മുന്നോക്ക വികസനവും മുന്നോക്ക സംവരണവുമായാലും ഇതേ തലതിരിഞ്ഞ ‘ഫാഷിസ്റ്റ് വിരുദ്ധതയാണ്’ കാണാനാകുന്നത്. ഇടതുപക്ഷമല്ലാത്ത കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷത്തിന് ഒരു കാലത്തും ജാതിവിരുദ്ധതയും അതിന്റെ തുടര്‍ച്ചയായി രൂപം കൊണ്ട കര്‍ഷക സമരങ്ങളുമൊന്നും കേരളത്തില്‍ ഒരു രാഷ്ട്രീയ അജണ്ടയെ അല്ലായിരുന്നു. മാത്രവുമല്ല വിമോചനസമരത്തിന്റെ കുപ്രസിദ്ധമായ വര്‍ഗീയ-ജാതി-സമ്പന്ന കൂട്ടുകെട്ടിന്റെ നാളുകള്‍ മുതല്‍ കേരളത്തില്‍ അവരത് സുഭദ്രമായ മുന്നണി കൂട്ടുകെട്ടുകളിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായും പ്രഖ്യാപിപ്പിക്കുകയും ചെയ്തു.

ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ഒരു അജണ്ടയായി മാറിയ ജാതിവിരുദ്ധ സമരത്തെയും ജാതിവിരുദ്ധ സമരങ്ങളുടെ തുടര്‍ച്ചയായി നടക്കേണ്ട ജനാധിപത്യ സമരങ്ങളുടെയും അഭാവത്തില്‍ സകലവിധത്തിലുള്ള സവര്‍ണ ജാതിബോധവും അതിന്റെ സാംസ്കാരിക മൂലധനത്തോടെ കേരളത്തില്‍ സ്വക്ഷേത്രബലവാന്‍മാരാവുകയാണ്. എറണാകുളത്തപ്പന്റെ അയിത്താചാര ഗുണ്ടകളുടെ നേതൃത്വത്തില്‍ ഒരാള്‍ നഗരസഭ കൌണ്‍സിലറും അയാള്‍ സര്‍വ്വോപരി കോണ്‍ഗ്രസുകാരനും ആകുന്നത് ഇതുകൊണ്ടാണ്. അതായത് ഹിന്ദുത്വപ്രത്യയശാസ്ത്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറത്തേയ്ക്ക് ഹിന്ദുക്കളുടെ സ്വാഭാവിക ബോധമാണ് എന്നു സ്ഥാപിക്കുന്നതിലേക്കാണ്  ഇത് സംഘ പരിവാറിനെ സഹായിക്കുക.

അമൃതാനന്ദമയി തൊട്ടുള്ള ആത്മീയവ്യവസായ തട്ടിപ്പുകാര്‍ക്ക് സര്‍വ്വകക്ഷി സ്വീകാര്യത ലഭിക്കുന്ന രാഷ്ട്രീയാന്തരീക്ഷമാണ് കേരളത്തില്‍. ആത്മീയ- മത – യാഥാസ്ഥിതിക ദുഷ്കര്‍മ്മികള്‍ക്ക് മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും നല്‍കുന്ന പിന്തുണ അവരുടെ സ്വീകാര്യതയുടെ ഭയാനകത വ്യക്തമാക്കുന്നു. ക്രൈസ്തവ ധ്യാനകേന്ദ്ര പ്രാര്‍ത്ഥന ശുശ്രൂഷ തട്ടിപ്പിനും, സുധാമണിയുടെ പിറന്നാളിനും ഒരേപോലെ ഭയഭക്തിബഹുമാനത്തോടെ വാര്ത്തകള്‍ നല്‍കിയും പ്രത്യേക പതിപ്പിറക്കിയും അവരുടെ വിരുന്നുകളില്‍ വെളുക്കെച്ചിരിച്ചും കേരളീയ സമൂഹത്തിന്റെ മതേതര, ജനാധിപത്യ സാധ്യതകളെ പതുക്കെപ്പതുക്കെ ഇല്ലാതാക്കുകയാണിവര്‍.

മതേതരത്വത്തിന്റെയും മതസാന്നിധ്യത്തെ രാഷ്ട്രീയാധികാരങ്ങളില്‍ നിന്നും ഒഴിച്ചുനിര്‍ത്തിയും മതയാഥാസ്ഥിതികതയെ എതിര്‍ത്തൂം ശാസ്ത്രപ്രചാരണത്തിലൂടെയും ശാസ്ത്രീയമായ സാമൂഹ്യസമീപനങ്ങളിലൂടെയും പിന്തിരിപ്പന്‍ മൂല്യങ്ങളുടെ അടിത്തറയിളക്കിയും മുന്നോട്ടുപോകേണ്ട ഒരു സമൂഹം അതിന്റെ നേരെ എതിര്‍ദിശയിലേക്ക് നടന്നതിന്റെ വെളിച്ചപ്പെടലുകള്‍ക്കൂടിയാണ് അശാന്തന്റെ മൃതദേഹത്തോട് കാണിച്ചത്.

ഒരു സമൂഹമെന്ന നിലയില്‍ ഇത് തിരുത്താനുള്ള രാഷ്ട്രീയബോധം നാം കാണിക്കണം. ജാതിവ്യവസ്ഥയുടെ ബ്രാഹ്മണ്യമുഴക്കോലുകള്‍ വെച്ചുണ്ടാക്കിയ അതേ സ്വത്വവിചാരങ്ങളില്‍ നിന്നുകൊണ്ടു അതിനെ നേരിടാം എന്നു കരുതുന്നത് പ്രാര്‍ത്ഥനയുടെ ഭാഷ മാറ്റും പോലെ വ്യര്‍ത്ഥമാണ്. മതേതരസമൂഹത്തിന്റെ ജനാധിപത്യവത്കരണം എന്ന പരസ്പരപൂരകരാഷ്ട്രീയ അജണ്ടകൊണ്ടായിരിക്കണം ഇതിനെ നേരിടേണ്ടത്.

ജനാധിപത്യ- മതേതര കേരളത്തിന്റെ സമരായനങ്ങളില്‍ പൊതുവഴികള്‍ക്കും പൊതുവിടങ്ങള്‍ക്കും വേണ്ടി സവര്‍ണജാതിക്കോമരങ്ങള്‍ക്കും രാജഭരണത്തിനുമെതിരായി നടത്തിയ സമരങ്ങളുടെ ചരിത്രം  കളക്ടര്‍ക്കറിയില്ലെങ്കിലും അറിയാന്‍ ബാധ്യതപ്പെട്ട മന്ത്രിസഭ ജനങ്ങളോട് മാപ്പു പറയണം. പാലിയത്തച്ഛന്റെ മാളികയ്ക്ക് മുന്നിലൂടെ നടക്കാന്‍ കീഴ്ജാതിക്കാര്‍ എന്നാക്ഷേപിക്കപ്പെട്ട മനുഷ്യരെ അനുവദിക്കാത്തതിനെതിരെ നടത്തിയ പാലിയം സമരത്തില്‍ എ ജി വേലായുധന്‍ രക്തസാക്ഷിയായത് സി പി എമ്മിലെയും സി പി ഐയിലെയും പ്രഖ്യാപിത നേതാക്കള്‍ക്കെങ്കിലും ഓര്‍മ്മ വേണം. ഓര്‍മ്മക്കുറവുണ്ടെങ്കില്‍ പയ്യപ്പിള്ളി ബാലന്‍ എഴുതിയ പാലിയം സമരം എന്ന പുസ്തകം വായിക്കാവുന്നതാണ്.  എ കെ ജി സെന്ററില്‍ കാണും, ചിന്തയാണ് പ്രസിദ്ധീകരിച്ചത് !

അയ്യങ്കാളി വില്ലുവണ്ടിയോടിച്ച് തല്ലിത്തന്നെ തുറപ്പിച്ച വഴികളിലേക്ക് പിന്നീടുള്ള ദശാബ്ദങ്ങളില്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടങ്ങളുടെയും കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങളുടെയുമൊക്കെ ഭാഗമായി കൂട്ടിച്ചേര്‍ത്ത വഴികള്‍ നിരവധിയാണ്. ഒരു വഴിയും, ഒരു രാജാവും, ഒരു സവര്‍ണ്ണജാതിവെറിയനും അര്‍ദ്ധരാത്രിയിലെ സ്വപ്നദര്‍ശനത്തിനുശേഷം വന്നു തുറന്നതല്ല. ജാതിവ്യവസ്ഥയില്‍ നിന്നും കുതറിമാറുന്ന മനുഷ്യര്‍, ജനാധിപത്യബോധവും വിമോചനരാഷ്ട്രീയവും പ്രജ്ഞയില്‍ തീ കൊളുത്തിയ മനുഷ്യര്‍, കല്ലിനുള്ളില്‍ ചത്തിരിക്കുന്ന ദൈവങ്ങള്‍ക്കായി അകലങ്ങളിലെ വഴികളിലേക്ക് ആട്ടിയോടിക്കപ്പെട്ട മനുഷ്യര്‍, അവര്‍  ഇനിയില്ല വഴിമാറിപ്പോകുന്ന കാലുകള്‍, ഇനിയില്ല കുനിയുന്ന ചുമലുകള്‍, ഇനി വേണ്ട തീണ്ടാത്ത പാതകള്‍ എന്ന് ഉറക്കെപ്പറഞ്ഞ്, മരിക്കുവോളം പറഞ്ഞ്, തല്ലുന്ന വടിയും നട്ടെല്ലുമൊടിഞ്ഞാലും പിന്നേയും പറഞ്ഞ് തുറപ്പിച്ചതാണ് ഇക്കണ്ട വഴികളെല്ലാം. അവര്‍ പടുത്തുയര്‍ത്തിയതാണ് ഈ കേരളം. അല്ലാതെ ഹിന്ദുവര്‍ഗീയവാദികളുടെ ഏതെങ്കിലും അപ്പനല്ല.

അവരാണ് വൈക്കത്ത് വഴികള്‍ക്കായി സമരം നടത്തിയത്, അവരാണ് ഗുരുവായൂരില്‍ സമരം നടത്തിയത്, അവരിലാണ് എ കെ ജിയും കൃഷ്ണപിള്ളയും ഉണ്ടായിരുന്നത്. അന്നാണ് സഖാവിന്റെ പുറത്തടിച്ച് സമരത്തിന്റെ നട്ടെല്ലുറപ്പ്  ജാതിക്കോമരങ്ങള്‍ അറിഞ്ഞത്, അവരാണ് കൂടല്‍മാണിക്യത്തിനു ചുറ്റുമുള്ള വഴി മനുഷ്യര്‍ക്കായി തുറപ്പിക്കാന്‍ കുട്ടംകുളം വഴിനടക്കല്‍ സമരം നടത്തിയത്. പി സി കുറുംബയെ പോലുള സമരസഖാക്കള്‍ അതിക്രൂരമായ മര്‍ദ്ദനങ്ങളാണ് കുട്ടംകുളം സമരത്തില്‍ അനുഭവിച്ചത്. അപ്പെണുങ്ങള്‍ക്കന്ന് വിപ്ലവം തിരുവാതിരയല്ലായിരുന്നു. അവരാണ് പാലിയത്ത് തീക്കാലുകളുമായി വഴികളിലേക്കിറങ്ങിയത്, അവരാണ് ബ്രാഹ്മണ്യത്തിന്റെ നാറുന്ന പൂണൂലുമിട്ട് കിടന്ന കല്‍പ്പാത്തിയിലെ തെരുവുകള്‍ മനുഷ്യര്‍ക്ക് നടക്കാനായി തുറക്കാന്‍ സമരം നടത്തിയത്, അവരാണ് കോഴിക്കോട് തളിക്ഷേത്രത്തിന്റെ വഴികളിലേക്ക് നടന്നുചെന്നത്. അദ്ധ്വാനിക്കുന്ന മനുഷ്യന്‍, തൊട്ടുകൂടാത്തവരെന്നു അധിക്ഷേപിച്ചു ആട്ടിയോടിക്കപ്പെട്ട മനുഷ്യര്‍, അവര്‍ നടത്തിയ സമരങ്ങളുടെ ശമ്പളമാണ് എറണാകുളം കലക്ടറുടെ ജോലിയടക്കം. അവര്‍ നടത്തിയ സമരവീര്യത്തിന്റെ ചോരയൊഴുക്കി തെളിയിച്ചെടുത്ത, വീണവര്‍ക്കഭിവാദ്യവുമായി വീണ്ടും വീഴുമെന്നറിഞ്ഞിട്ടും മുറുക്കിപ്പിടിച്ച മുഷ്ടിയില്‍ ഒരു സമരസൂര്യനെ മുഴുവനൊതുക്കി അവര്‍ നടന്ന വഴികളിലാണ് കേരളം നടക്കുന്നത്.

ആ വഴികളിലാണ് എറണാകുളത്തപ്പന്റെ കോലവും ഹിന്ദുവര്‍ഗീയവാദികളുടെ ഗുണ്ടകളും കയറിനിന്നത്. ചരിത്രത്തില്‍ ചോര വീഴ്ത്തി നാം തെളിച്ചെടുത്ത വഴിയാണത്. അതില്‍ പ്രതിഷ്ഠിക്കുന്ന ഏത് ജീര്‍ണവിഗ്രഹത്തെയും പുറംകാല്‍ കൊണ്ട് തട്ടിയെറിയണം. നമുക്ക് ദൈവങ്ങളില്ല, മനുഷ്യരെയുള്ളൂ. ആർട്ടിസ്റ്റ് അശാന്തനോട് കാട്ടിയ അനാദരവിനും പ്രതിലോമതകളിലേക്കുള്ള തിരിച്ച് പോക്കിനു മൗനാനുവാദം നൽകിയതിനും കേരളം അതിന്റെ ചരിത്രത്തോട് തന്നെ മാപ്പ് പറയേണ്ടതുണ്ട്. ജാതിമതിലുകൾ നമുക്കിനി വേണ്ടായെന്ന് പ്രഖ്യാപിക്കേണ്ടതുണ്ട്.

Comments

comments