ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയും ആൾദൈവങ്ങൾക്കെതിരെയും എല്ലാത്തരം ജാതി-മത വർഗ്ഗീയതയ്ക്കെതിരെയും ഇടുങ്ങലുകൾക്കെതിരെയുമെല്ലാം കവിതയിലൂടെയും എഴുത്തിലൂടെയും അദ്ദേഹത്തിനു ലഭ്യമാകുന്ന എല്ലാ വേദികളിലുടെയും നിരന്തരം പ്രതികരിക്കുന്ന, പ്രതികരിച്ചുകൊണ്ടിരിക്കുന്ന കവിയാണു കുരീപ്പുഴ. ഒടുവിൽ അദ്ദേഹം ആക്രമിക്കപ്പെട്ടത് വടയമ്പാടിയിലെ ദളിത് സമരത്തെക്കുറിച്ച് സംസാരിച്ചതിനും. കേരളത്തിൽ വളർച്ച പ്രാപിച്ചുകഴിഞ്ഞ ഹിന്ദുത്വവർഗ്ഗീയതയുടെ ഫ്ലാഷ്പോയിന്റാണു വടയമ്പാടിയും  ജാതിമതിൽ വിരുദ്ധസമരവുമെന്നാണു ഇത് തെളിയിക്കുന്നത്.  വടയമ്പാടി ജാതിസമരം ഹിന്ദുത്വയുടെ കേരളത്തിലെ വളർച്ചയുടെ ലിറ്റ്മസ് പേപ്പറാകുകയാണു. അതു വെറുതേയല്ല.

മറുത്ത് ചോദ്യങ്ങൾ ചോദിക്കുന്ന, കെട്ടിപ്പൊക്കുന്ന സവർണ്ണജാതിമതിലുകൾ തകർക്കുന്ന ദളിത് ഉണർച്ച ഹൈന്ദവരാഷ്ട്രീയത്തെ വലിയ രീതിൽ അലോസരപ്പെടുത്തുകയാണു. അല്ലാതെ വഴിയില്ല. സാമൂഹ്യപരമായി, വിദ്യാഭ്യാസപരമായി, തൊഴിൽപരമായി ദളിതരെ താഴേക്കിടയിൽ നിലനിർത്തുക എന്നത് സവർണ്ണഹിന്ദുത്വത്തെ നിലനിൽപ്പിനെ സംബന്ധിച്ച് പ്രധാനമാണു. പുരുഷമേധാവിത്വത്തിനു സ്ത്രീകളെങ്ങനെ നിലനിൽക്കണമോ ആ വിധം തന്നെ. വിലകുറഞ്ഞ അധ്വാനമായി, ആട്ടും തുപ്പും ചവിട്ടും ഏറ്റുവാങ്ങുവാനായി, അനുകമ്പ കാട്ടാനായി – തങ്ങളുടെ താഴെ. കാരണം, സവർണ്ണതയുടെ പൊളിറ്റിക്കൽ എക്കണോമിയെ നിലനിർത്തുന്നതും, അതിനു വേണ്ടവിധത്തിൽ കുറഞ്ഞ വിലയ്ക്ക് അധ്വാനം ലഭ്യമാക്കുന്നതും അങ്ങനെ കൈവരുന്ന സുഖലോലുപത കുടിച്ച് തെഴുക്കാനും തിമിർക്കാനും അതിനെ സാധ്യമാക്കുന്നതും ജാതിവ്യവസ്ഥയാണു. അങ്ങനെ അടിഞ്ഞുകൂടുന്ന ദുർമേദസ്സാണു രാഷ്ട്രീയഹിന്ദുത്വത്തിന്റെ, സംഘപരിവാരത്തിന്റെ ഊർജ്ജശ്രോതസ്സും. അതിനാൽത്തന്നെ ജാതിനിർമാർജ്ജനത്തിനു ഹിന്ദുത്വം എന്നും എതിരായിരിക്കും.

എന്നാൽ കാഴ്ചയുടെ വിട്ടുപോകാത്ത സവർണ്ണലെൻസുകൾ ബന്ധപ്പെട്ട സംഭവങ്ങളിലെ ‘ദളിത്’ അംശത്തെ കാണാതിരിക്കാൻ പ്രേരിപ്പിച്ചുകളയും. നൂറ്റാണ്ടുകളായി വിദ്യയെന്ന അവകാശം കൈവശം വെച്ച് പോന്നവരുടെ ഇടയിലേക്ക് വന്ന് അല്പവർഷങ്ങൾ കൊണ്ടുതന്നെ വിജയം കൊയ്യുകയും അനീതികളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന രോഹിത് വെമുലമാർ സവർണ്ണതയെ വിറളി പിടിപ്പിക്കുമ്പോൾ അവരുടെ  ജാതിസർട്ടിഫിക്കറ്റ് തിരയുന്ന ചർച്ചകളുയരും, അതൊരു ദളിത് ഇഷ്യു അല്ല എന്ന അഭിപ്രായങ്ങൾ വരും. പിന്നോക്കജാതികളുടെ തൊഴിൽ സംവരണത്തെക്കുറിച്ചുള്ള ചർച്ചകളിലേക്ക് സാമ്പത്തികസംവരണത്തെ കടത്തിക്കൊണ്ടുവരും. സാമൂഹ്യമായ ജാതിമതിലുകളുയരുമ്പോൾ അതൊരു റെവന്യൂ-സിവിൽ-ക്രമസമാധാന പ്രശ്നമാണെന്ന് തീർപ്പെഴുതും. വിദ്യാഭ്യാസം, തൊഴിൽ, സമൂഹം – എവിടെയൊക്കെയാണോ സവർണ്ണതയ്ക്ക് ദളിതുകളെ ഒതുക്കിനിർത്തേണ്ടത്, അവിടെയെല്ലാം ഉയരുന്ന പ്രതിഷേധങ്ങളെ മുഖ്യധാരമാധ്യമങ്ങളെയും പ്രസ്ഥാനങ്ങളെയും പോലെ കാണാതിരിക്കുവാനും മറ്റുചിലർക്ക് അവയൊന്നും ദളിത് പ്രശ്നങ്ങളല്ല എന്ന നിലയ്ക്ക് സമീപിക്കുവാനും കഴിയുന്നതിന്റെ കാരണം നിഷ്കളങ്കതയുടേതുമല്ല ശ്രദ്ധക്കുറവിന്റേതുമല്ല ബൗദ്ധികപാപ്പരത്തത്തിന്റേതുമല്ല – കപടയുക്തിയുടേതാണു.

ആ കപടയുക്തിയാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഇടതുസർക്കാരിന്റെ പൊലീസ് നയങ്ങളിലും ദളിത് അടിച്ചമർത്തലുകളിലും സവർണ്ണസംഘപരിവാർ പ്രോൽസാഹനസമീപനത്തിലും ഉൾച്ചേരുന്നത്. ജാതിവിരുദ്ധമായ വടയമ്പാടിയിലെ സമരത്തെ നിരോധിക്കുവാനും അതിശക്തമായ ഹിന്ദുവർഗ്ഗീയ കൺസോളിഡേഷനെ തൊടാതിരിക്കുവാനും അതിന്റെ പൊലീസ് – അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥവൃന്ദത്തിനു അങ്ങനെയാണു അനുവാദം ലഭിക്കുന്നത്. അങ്ങനെയാണു ഈ സർക്കാരിനു കീഴിൽ കേരളാപോലീസ് അടിമുടി പുരുഷവൽക്കരിക്കപ്പെട്ട് ഹിന്ദുത്വവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനെതിരെ അവർക്കൊന്നും ചെയ്യാൻ കഴിയാതെപോകുന്നത്. അതിനു നിരോധനങ്ങളുടെ കൊളോണിയൽ വലതുപക്ഷ കൂലിപ്പട്ടാളസ്വഭാവം കൈവരുന്നത്. രാഷ്ട്രീയപരമായും കൃത്യനിർവഹണപരമായും അങ്ങനെ കാട്ടുന്ന ഉദാസീനതയും വിലോപവും ജഡത്വവുമാണു ഹിന്ദുത്വതെമ്മാടിക്കൂട്ടത്തിനു കേരളത്തിൽ പുതിയ കൽബുർഗിമാരെയും പൻസാരെമാരെയും ഗൗരി ലങ്കേഷ്മാരെയും തിരയാനുള്ള ബലം പകർന്നുകൊടുക്കുന്നത്. കുരീപ്പുഴയിലും അവർ തേടിയത്  അതാണു.

രാഷ്ട്രീയമായി സംഘപരിവാരത്തെ എതിർത്തുപോന്ന സിപിഎം ഉൾപ്പടെയുള്ള മുഖ്യധാര ഇടതുപക്ഷം സാമൂഹ്യസമത്വത്തിനു വേണ്ടിയുള്ള ദളിത് ഒത്തുചേരലുകളുടെ വലിയരീതിയിലുള്ള പ്രാധാന്യം മനസ്സിലാക്കി അവർക്കൊപ്പം അണിനിരക്കേണ്ടത് അടിയന്തിരാവശ്യമാണു. ജാതിമതിലുകൾ ഫലത്തിൽ തകർക്കുന്നത് സവർണ്ണതയുടെ പൊളിറ്റിക്കൽ എക്കണോമിക് നിലനിൽപ്പിനെ ആയതിനാൽ ദളിത് സമരങ്ങൾ ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ ഉയർത്തുന്ന സാധ്യത തിരിച്ചറിഞ്ഞുകൊണ്ട് മുന്നണികൾ നിർമ്മിക്കാനുള്ള വിവേകം ഇടതുപക്ഷവും പുരോഗമനരാഷ്ട്രീയപക്ഷങ്ങളും കാട്ടേണ്ടതുണ്ട്.

നാം തിരിച്ചറിയേണ്ടത് വടയമ്പാടിയിലെയും കേരളത്തിന്റെ മനസ്സിലെയും ജാതിമതിലുകൾക്കെതിരെയുള്ള മുന്നേറ്റത്തിന്റെ പ്രാധാന്യമാണു. അവയുടെ പ്രാധാന്യം വടയമ്പാടി സമരത്തെയും അതിനൊപ്പം നിൽക്കുന്നവരെയും ആക്രമിക്കാൻ തക്കവിധം  കേരളത്തിലെ വളർച്ച മുറ്റിയ ഹിന്ദുത്വത്തെ വിളറിപിടിപ്പിക്കുന്നു എന്നതാണു. വടയമ്പാടി ഉൾപ്പടെയുള്ള ജാതിവിരുദ്ധപ്രക്ഷോഭങ്ങൾ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഫ്ലാഷ്പോയിന്റുകളാകുന്നു എന്നതാണു. കേരളത്തിന്റെ പുരോഗമനമനസാക്ഷി അതിന്റെ നിലപാട് കർക്കശമാക്കിക്കൊണ്ട് ജാതിവിരുദ്ധസമരങ്ങൾക്കൊപ്പം നിൽക്കേണ്ടതുണ്ട് എന്നതാണു. സച്ചിദാനന്ദനെഴുതിയതുപോലെ കവികൾ ഭാവിയുടെ നിയമങ്ങൾ നിർമ്മിക്കുന്നു. വർത്തമാനത്തിന്റേതുമെന്ന് കുരീപ്പുഴ കൂട്ടിച്ചേർക്കുന്നു. കേൾക്കേണ്ടതും അവസരത്തിനൊത്ത് ഉയരേണ്ടതും നമ്മളാണു. കുരീപ്പുഴ ശ്രീകുമാറിനു നേരെ ഹിന്ദുത്വവർഗ്ഗീയരാഷ്ട്രീയം നടത്തിയ അക്രമത്തിനെതിരെ നവമലയാളി പ്രതിഷേധിക്കുന്നു. ഉദാസീനമായ സർക്കാർ-പൊലീസ് നിലപാടുകളെയും മൃദുഹിന്ദുത്വസഹായക സമീപനത്തെയും അപലപിക്കുന്നു. കേരളത്തിലെ ജാതിവിരുദ്ധസമരങ്ങളോടും ഹിന്ദുത്വ-ഫാസിസ്റ്റു വിരുദ്ധരാഷ്ട്രീയത്തോടും ചേർന്നു നില്ക്കാൻ ജനാധിപത്യവാദികൾ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.

വടയമ്പാടിയിലെ ജാതിവിരുദ്ധസമരം ഒരു ഫ്ലാഷ്പോയിന്റാണു. വളർച്ചമുറ്റിയ കേരളത്തിലെ  ഹിന്ദുത്വത്തിനും അതിനെ പ്രതിരോധിക്കണമെന്ന് ചിന്തിക്കുന്ന കേരളത്തിലെ പുരോഗമനപക്ഷക്കാർക്കും. സ്റ്റീഫൻ ക്രെയിനിന്റെ ഒരു കവിത പറയുന്നു.
A  MAN FEARED THAT HE MIGHT FIND AN ASSASSIN;
ANOTHER THAT HE MIGHT FIND A VICTIM.
ONE WAS MORE WISE THAN THE OTHER.
നിലനിൽപ്പിനെ നിർണ്ണയിക്കുന്ന നിമിഷത്തിൽ കൂടുതൽ ബുദ്ധിയും ജാഗ്രതയും കാട്ടുന്നവർ നിലനിൽക്കും. നമുക്കാണു കൂടുതൽ ബുദ്ധിയും കരുതലുമെന്നത് തീർച്ചപ്പെടുത്തേണ്ട നിമിഷമാണിത്. WE HAVE TO BE MORE WISER AT THIS JUNCTURE.

Comments

comments