ന്ത്യയിൽ ഫാസിസം വന്നിട്ടില്ലെന്നും അതിന്റെ മുൻസൂചനകൾ മാത്രമേ ദൃശ്യമായിട്ടുള്ളൂവെന്നും കരുതുന്നവരുണ്ട്.

ഉംബർട്ടോ എക്കോ എഴുതിയ “നിതാന്ത ഫാസിസം” എന്ന ലേഖനത്തിൽ ഫാസിസത്തിന്റെ വ്യത്യസ്തമായ, ചിലപ്പൊഴൊക്കെ പരസ്പരവിരുദ്ധമെന്ന് തോന്നുന്ന 14
ലക്ഷണങ്ങൾ അടയാളപെടുത്തിയത് വായിച്ചിട്ട്, കണ്ടോ ആ ലക്ഷണങ്ങൾ മുഴുവൻ ഇവിടെ പ്രകടമാണോ എന്നൊക്കെ ചോദിച്ചു, ആ തോന്നലിനെ സൈദ്ധാന്തികവത്കരിക്കുന്നവരും ഉണ്ട് .

ഇവയിൽ എല്ലാംകൂടി ഒന്നിച്ചു ചേർന്നില്ലെങ്കിലും ഫാസിസമാകും എന്ന് എക്കോ തന്നെ പറയുന്നുണ്ട് എന്ന് അവർ വിസ്മരിച്ചു പോവുന്നു. ഇത്തരം വാദങ്ങളെ ക്കുറിച്ചുള്ള ഒരു ചർച്ച 2010 ജനുവരിയിൽ ചിന്ത വാരികയിൽ എഴുതിയ ഒരു ലേഖനത്തിൽ കെ എൻ പണിക്കർ നടത്തുന്നുണ്ട്:
” ഇന്ത്യന്‍ മതഭീകരതയെ വര്‍ഗീയതയെ ഫാസിസം എന്നു വിളിക്കാമോ, ഫാസിസമെന്ന് വിളിക്കാന്‍ പറ്റില്ല എന്ന അഭിപ്രായമുള്ളവരുണ്ട്. 1980-കളില്‍തന്നെ ഈ
ചര്‍ച്ച തുടങ്ങിയതാണ്. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ ഇജാസ് അഹമ്മദ് അന്ന് പറഞ്ഞത്, ഫാസിസം നമ്മുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നുവെന്നാണ്. അതിനോട് യോജിക്കാതെ, ഫാസിസം നമ്മുടെ പടിവാതില്‍ക്കലല്ല, നടുമുറ്റത്തുതന്നെയാണ് എന്ന് ഞാന്‍ പറയുകയുണ്ടായി.
1980-കളിലും 90-കളിലും ഫാസിസം ഇന്ത്യന്‍ സമൂഹത്തില്‍
കാലുകുത്തിക്കഴിഞ്ഞിരുന്നു. ഞാന്‍ തന്നെ ഒരു പുസ്തകം എഴുതിയത് ‘ഇരുള്‍ വീഴും മുമ്പ്‘ എന്ന പേരിലാണ്. ഒരു ഫാസിസ്റ്റ് അന്തരീക്ഷം, ഫാസിസം ഇന്ത്യന്‍ സമൂഹത്തെ കീഴടക്കാന്‍ തുടങ്ങിയ ഒരു അന്തരീക്ഷം,
വളര്‍ന്നു വന്നു കൊണ്ടിരുന്ന ഒരു കാലഘട്ടമാണ് അത്. ഫാസിസം എന്നു പറയുമ്പോള്‍ ഇറ്റലിയിലോ ജര്‍മ്മനിയിലോ ഉണ്ടായ ഫാസിസത്തിന്റെ പകര്‍പ്പാണ് ഇത് എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. ആ അനുഭവം ഇവിടെ ഉണ്ടായില്ല.” എന്ന് പണിക്കർ പറയുന്നു.

ഫാസിസം ഉണ്ടായിട്ടുണ്ടോ? അതോ ഇന്ത്യയിൽ ഉണ്ടായി വരുന്നതേ ഉള്ളോ എന്ന ചർച്ചയെക്കുക്കുറിച്ച് ഇപ്പോൾ എന്നെ ഓർമിപ്പിച്ചത് കവി കുരീപ്പുഴ ശ്രീകുമാർ
ആക്രമിക്കപ്പെട്ട സംഭവമാണ്.

Image : Praveen Palakkeel

ആർ എസ് എസുകാർ  കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചത് വടയമ്പാടി ജാതി മതിലിനെതിരെ സംസാരിച്ചതിനാണ്. അത് ഉറക്കെ പറയേണ്ടതുണ്ട്. അല്ലാതെ ഏതോ അഭിപ്രായം പറഞ്ഞതിനാണ് അദ്ദേഹം
ആക്രമിക്കപ്പെട്ടത് എന്ന തരം വഴുതൽ വാസ്തവത്തിൽ സഹായിക്കുക ആക്രമിച്ചവരുടെ മനോഭാവത്തെയാണ്. കാരണം, ആ മനോഭാവത്തിലാണ് ഇന്ത്യൻ
ഫാസിസത്തിന്റെ അടിവേരുകളിരിക്കുന്നത്.
ഇന്ത്യയിൽ ഫാസിസം ‘വാണബി’ (wannabe) യാണ് എന്നൊക്കെ കരുതുന്നവരുടെ `ബോധം’ പരിശോധിക്കേണ്ടതാണ്.
ഇന്ത്യയിൽ നില നിന്ന, ഇന്ത്യയിൽ ഇപ്പോഴും സജീവമായ ജാതി വ്യവസ്ഥയിലാണ്, ഇന്ത്യൻ ഫാസിസത്തിന്റെ അടിവേര് എന്ന് പോലും മനസിലാക്കാതെ ഇങ്ങനെ ചിന്തിക്കുന്ന ‘വാണബി’ വാദക്കാർ കുറഞ്ഞ പക്ഷം ഇന്ത്യൻ യഥാർഥ്യത്തെ ഉൾകൊള്ളത്തവരാണ്.

ഇന്ത്യൻ ഫാസിസത്തെക്കുറിച്ച് ഏറ്റവും ലോജിക്കലായ ഒരു വിശദികരണം നൽകിയത് കാഞ്ച ഐലയ്യയാണ്. തന്റെ പോസ്റ്റ്‌ ഹിന്ദുത്വ എന്ന ഗ്രന്ഥത്തിലാണ് അത്. ഹിന്ദുത്വ ഫാസിസത്തെ സ്പിരിച്വൽ ഫാസിസം എന്നും യൂറോപ്യൻ ഫാസിസത്തെ പൊളിറ്റിക്കൽ ഫാസിസമെന്നുമാണ് അദ്ദേഹം വിളിച്ചത്. കാൻസി റാമിന്റെ ഒരു ഉപമ കടമെടുത്തു  ഹിന്ദുത്വ ഫാസിസത്തെ പച്ച പുല്ലിലെ പച്ചപ്പാമ്പെന്നും (green snake in the green grass) യുറോപ്യൻ ഫാസിസത്തെ പച്ച പുല്ലിലെ വെള്ളപ്പാമ്പെന്നുമാണ് (white snake in the green grass)അദേഹം വിശേഷിപ്പിച്ചത്. അതായത് എളുപ്പം
തിരിച്ചറിയാൻ കഴിയുന്നതാണ് യുറോപ്യൻ ഫാസിസമെങ്കിൽ തിരിച്ചറിയപ്പെട്ടാതെ പോവുന്നതാണ് ഇന്ത്യൻ  ഫാസിസത്തിന്റെ പ്രത്യയ ശാസ്ത്ര പരിസരം. ജാതി
വ്യവസ്ഥയിലാണ് അതിന്റെ അടിവേരുകൾ എന്ന് ഐലയ്യ വിശദികരിക്കുന്നു . ഇത്രയും പറഞ്ഞത്, ഇന്ത്യയില്‍ നിന്ന ഇപ്പോഴും സജീവമായ ജാതി വ്യവസ്ഥയിൽ തന്നെയാണ്  ഇന്ത്യൻ ഫാസിസത്തിന്റെ അടിവേരുകൾ എന്ന് സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ നിലവിലില്ലാത്ത ഒന്നാണ് ഇന്ത്യയിലെ ഫാസിസം എന്നൊക്കെയുള്ള വായന ചരിത്രപരമായി തന്നെ തെറ്റാണ്. അത്തരം നിലപാടിൽ
ഇന്ത്യയിലെ ഫാസിസത്തെ മനസിലാക്കുന്നത്‌ അബദ്ധമായിരിക്കും. ഇങ്ങനെ കരുതുന്നവർ കാണാതെ പോവുന്നത് `പച്ച പുല്ലിലെ പച്ചപ്പാമ്പിനെയാണ്.
ഉമ്പർട്ടോ എക്കോയുടെ ഫാസിസത്തിന്റെ പതിനാല് ലക്ഷണങ്ങൾ ഉദ്ധരിച്ചത് കൊണ്ടു
മാത്രം ഫാസിസത്തെ അവർ മനസിലാക്കി എന്ന് കരുതുവാനാവില്ല. ചരിത്രപരമായി ഒരു പക്ഷേ ഫാസിസം എന്ന വാക്ക് മുസോളിനിയുടെ കാലഘട്ടത്തിൽ
ഉരുത്തിരിഞ്ഞു വന്നതാവാം. എന്നാൽ അതിന്റെ എല്ലാ ലക്ഷണങ്ങളും ഇണങ്ങുന്ന, അതിനു മുൻപ് രൂപം കൊണ്ട ഒരു രാഷ്ട്രീയ ചിന്താപദ്ധതിയെ ആ ലേബലിന് പുറത്തു
നിർത്തുന്നത് കൊണ്ട് ലെജിറ്റിമൈസ് ചെയ്യപ്പെടുന്നത് ആ വ്യവസ്ഥയുടെ പ്രത്യയശാസ്ത്രമാണ്.

മാർക്സിസ്റ്റ് സൈദ്ധാന്തികൻ അന്റോണിയോ ഗ്രാംഷി തന്റെ “സോഷ്യൽ ഹൈറാർക്കി” തിയറിയുടെ ഭാഗമായി പൊതു ബോധത്തെക്കുറിച്ചു പറയുന്നുണ്ട്. സമൂഹത്തിൽ
അധീശത്വം നേടിയ വിഭാഗം അവരുടെ മൂല്യങ്ങളും ചട്ടങ്ങളും  എല്ലാവരുടെയും കോമൺസെൻസ് മൂല്യങ്ങളും ചട്ടങ്ങളുമാക്കി അത് വഴി സ്റ്റാറ്റസ്കോ നിലനിർത്തി ഒരു സാംസ്കാരിക അധീശത്വയുക്തി നിർമിക്കുന്നു. ഇത്തരം
യുക്തിയിൽ കുടുങ്ങിപ്പോവുന്നത് കൊണ്ടാണ് `ജാതിമതിൽ’ ഒരു വെറും പ്രാദേശിക പ്രശ്നമാണ് എന്നും അത് ഒരു സിവിൽ കേസിന്റെ വിഷയമാണ് എന്നും തോന്നുകയും കുരീപ്പുഴയെ ആക്രമിച്ചത് ചില സമകാലീന വിഷയങ്ങളെക്കുറിച്ച് സംസാരിച്ചതു കൊണ്ടാണ് എന്ന് ഒഴുക്കൻ മട്ടിൽ അതിനെ അപലപിക്കുകയും ചെയ്യുന്നത്. ആ ജാതി മതിൽ യഥാർഥത്തിൽ അവിടെ ഉണ്ടാവുന്നതിന് മുൻപ് തന്നെ ഒരു മനോഭാവമായി നമ്മുടെ മനസ്സിലുണ്ട്. കാരണം ഇന്ത്യയിൽ നിലനിന്ന ശ്രേണീകൃതമായ വിവേചനം എന്ന യാഥാർഥ്യമാണ് ആ മതിൽ നിർമിച്ചത്. ആ ശ്രേണീകൃത ബോധമാണ് `നമ്പൂതിരി മുതൽ നായാടി വരെ’ എന്ന പ്രയോഗത്തിലെല്ലാം `മുതലും’ ‘വരെ’ യുമായി അടയാളപ്പെട്ടു കിടക്കുന്നത്.
സംസ്കൃതം എന്ന ഭാഷയോട് പരോക്ഷ ബന്ധം മാത്രമുള്ള സംസ്കൃതവത്കരണം (Sanskritisation) എന്ന പ്രക്രിയയെക്കുറിച്ചു എം എൻ ശ്രീനിവാസ് “മതവും  സമൂഹവും  തെക്കേ ഇന്ത്യയിലെ കൂർഗ് മേഖലകളിൽ”  (Religion and Society Among the Coorgs of South India 1952) എന്ന പഠനത്തിൽ പറയുന്നുണ്ട്. ജാതി വ്യവസ്ഥ കീഴ്ജാതിയായി അടയാളപ്പെടുത്തുന്ന വിഭാഗങ്ങൾ ആ വ്യവസ്ഥ വരേണ്യരായി  അടയാളപ്പെടുത്തുന്നവരുടെ ആചാരങ്ങളും അനുഷ്‌ടാനങ്ങളും (customs and rituals) അതാണ് ശ്രേഷ്‌ഠം എന്നു കരുതി പിൻതുടരുന്നതിനെയാണ്
അത് കൊണ്ടു ഉദ്ദേശിക്കുന്നത്. ചില കീഴാള ജാതി വിഭാഗങ്ങൾ സസ്യാഹാര ശീലവും മറ്റും പിന്തുടരുന്നത് ഒരു ഉദാഹരണം. കർമം, ധർമ, പാപം, മായ, സംസാരം, മോക്ഷം എന്നിവയാണ് വളരെ പൊതുവായി കാണുന്ന സംസ്കൃത ദൈവശാസ്ത്രപരമായ ആശയങ്ങളിൽ (Sanskritic theological ideas) ചിലത്.

കാഞ്ച ഐലയ്യയെ പോലുള്ള ചിന്തകർക്ക് ശ്രീനിവാസിന്റെ സംസ്കൃതവത്കരണ സിദ്ധാന്തത്തോട് യോജിപ്പില്ലായിരുന്നു. എം എൻ ശ്രീനിവാസിന്റെ സംസ്കൃതം തീസിസ് ശുദ്ധവും അശുദ്ധവുമെന്ന വിഭജനതന്ത്രസിദ്ധാന്തത്തെ
അധികരിച്ചിട്ടുള്ളതാണ്. ആധുനികമെന്നു തോന്നിപ്പിക്കുമെങ്കിലും, അടിസ്ഥാനപരമായി ബ്രാഹ്മണിസത്തിന്റെ ആധിപത്യസ്വഭാവം നിലനിർത്തുന്നതാണ്  ഈ സാംസ്കാരിക സിദ്ധാന്തത്തിന്റെ പിന്തിരിപ്പൻ സ്വഭാവം. ബ്രാഹ്‌മണിക്കലായ
ചൂഷണാത്മകമൂല്യങ്ങൾ ശ്രേഷ്‌ഠമാണ് എന്ന് തോന്നിച്ചു, ഒരു ശ്രേണീകൃതമായ ജാതിവ്യവസ്ഥയിൽ ജീവിക്കുന്ന ദലിത് ബഹുജനങ്ങളെപ്പോലും, ബ്രാഹ്‌മാണിക്കൽ
ബോധ്യങ്ങളിലേക്ക് നയിക്കുമെന്നുമാണ് അതിനെ കുറിച്ചു കാഞ്ച ഐലയ്യ പറയുന്നത്. സംസ്കൃതവത്കരണ സിദ്ധാന്തം ശരിയോ തെറ്റോ എന്നതല്ല, ഒരു അധീശ പൊതു
ബോധം നിര്‍മിച്ചെടുക്കാൻ ടൂൾ ആയി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നാണ് ഞാൻ ഉന്നയിച്ച ചോദ്യം എന്നത് കൊണ്ടു കൂടുതൽ അതിനെ കുറിച്ച്  ഒന്നും പറയുന്നില്ല.

പറഞ്ഞു വന്നത് കുരീപ്പുഴ ശ്രീകുമാർ ആക്രമിക്കപ്പെട്ടത് ചില
സമകാലീനസംഭവങ്ങളെക്കുറിച്ച് സംസാരിച്ചതിന് മാത്രമാണ് എന്ന് കരുതുന്നവർ ഒരർഥത്തിൽ അദ്ദേഹത്തെ ആക്രമിച്ച ഫാസിസ്റ്റ് ബോധ്യങ്ങളെ രക്ഷിച്ചെടുക്കുകയാണ് ചെയ്യുന്നത്. അവരോട് പറയാനുള്ളത് ഇംഗ്ലീഷ്  കവിയും  ബാലസാഹിത്യകാരനുമായ  മൈക്കൽ റോസൻ പറഞ്ഞത് മാത്രമാണ്;

ഞാൻ ചിലപ്പോൾ ഭയപ്പെടുന്നു നാസികളുടെ അനന്തമായ റീ റൺകൾ പോലെ ഫാസിസം
വിലക്ഷണമായ ഭൂതങ്ങളുടെ ഫാൻസി ഡ്രസ്സ് ധരിച്ചു  എത്തുമെന്നാണ് ആളുകൾ
കരുതുന്നത്

ഫാസിസം എത്തുക നിങ്ങളുടെ സുഹൃത്തായിട്ടാണ്. അതു
നിങ്ങളുടെ മഹത്വം പുനഃസ്ഥാപിക്കും, നിങ്ങളെ അഭിമാന ബോധമുള്ളവരാക്കും, നിങ്ങളുടെ വീട് സംരക്ഷിക്കും,
നിങ്ങൾക്ക് ഒരു ജോലി നൽകും , അയൽപക്കത്തെ വൃത്തിയാക്കും, ഒരിക്കൽ നിങ്ങൾ എത്ര മഹത്തായിരുന്നു എന്ന് ഓർമ്മിപ്പിക്കും. നിങ്ങൾ ദുഷിച്ചത് എന്ന് കരുതുന്ന എല്ലാം നീക്കം ചെയ്യും. അത് ഒരിക്കലും പറയാൻ പോകുന്നില്ല,”നമ്മുടെ പരിപാടി അർത്ഥമാക്കുന്നത് സൈനികവത്കരണവും, കൂട്ട തടങ്കലും
യുദ്ധവും പലായനവും പീഡനവുമാണ്” എന്ന്.
അത് കൊണ്ട് പട്ടാളത്തിന്റെ ഫാൻസി ഡ്രസ്സ് വേഷം ധരിച്ചെത്തുന്ന ഫാസിസത്തിനെ കാത്തിരിക്കുന്ന സുഹൃത്തുക്കളെ അത് ശുദ്ധതയെ സംരക്ഷിക്കണമെന്ന, അശുദ്ധിയെ മതിലിനു പുറത്തു നിർത്തുന്ന, ബോധ്യങ്ങളുമായി നിങ്ങളുടെ വീട് പടിക്കലും എത്തി. ആ മതിലിനെ കുറിച്ച് സംസാരിച്ചത് കൊണ്ടാണ് കുരീപ്പുഴ ആക്രമിക്കപ്പെട്ടത് എന്ന് പറയാൻ വിസമ്മതിക്കുന്ന നിങ്ങളുടെ മൗനം ഉണ്ടല്ലോ അത് കൂടിയാണ് അതിന് ലെജിറ്റിമസി കൊടുക്കുന്നത് !


ഡെക്കാൻ ക്രോണിക്കിളിൽ സ്പെഷ്യൽ കറസ്പോണ്ടന്റാണ് ലേഖകൻ

Comments

comments