പി സുരേന്ദ്രനുമായി നവമലയാളി മിഡിൽ ഈസ്റ്റ് എഡിറ്റർ ഷൈന ഷാജൻ നടത്തിയ അഭിമുഖത്തിൽ നിന്ന്.
1. സമകാലിക പാരിസ്ഥിതിക യാഥാര്‍ത്ഥ്യങ്ങളുടെ വികൃതമായ മുഖം വായനക്കാരന് മുന്നില്‍ തുറന്നു വെയ്ക്കുന്നൊരു നോവലാണ് പുതിയ കൃതിയായ ജിനശലഭങ്ങളുടെ വീട്. പച്ചപ്പിന്റെ പ്രാർത്ഥനകൾ നിറഞ്ഞ ആ നോവലില്‍ ചുവരുകള്‍ക്കും മേല്‍ക്കൂരകള്‍ക്കുമപ്പുറം ഒരു കിനാവാകണം വീടെന്നു പ്രത്യാശിക്കുന്ന കഥാപാത്രങ്ങളെ കാണാം. ഒരു മിസ്റ്റിക്ക് മനസ്സിൽ മാത്രം വിടരുന്ന മനോഹര ചിന്തകളാണ് അത്. അങ്ങനെയൊരു മിസ്റ്റിക് മനസ്സ് ഉണ്ടായി വന്നത് എങ്ങനെയെന്നു വിശദീകരിക്കാമോ?
@ എന്റെ കുട്ടിക്കാലത്തിന് ഒരുപാടു സവിശേഷതകളുണ്ട്. ഒരു നായര്‍ തറവാട്ടില്‍ നല്ലവണ്ണം ദാരിദ്ര്യം ബാധിച്ചൊരു കാലഘട്ടത്തില്‍, അമ്മാവന്റെ കീഴില്‍, മുറപ്പെണ്ണുങ്ങളൊക്കെയുള്ള കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ എംടിയുടെ അപ്പുണ്ണിമാരായിട്ടാണ് ഞാനൊക്കെ വളരുന്നത്. പാപ്പിനിപ്പാറയാണ് എന്റെ ജന്മദേശം. എന്റെ ആദ്യത്തെ ഒരു മിസ്റ്റിക് അനുഭവം എന്നു പറയുന്നത് അവിടത്തെ പേമാരിയാണ്. മഴ പെയ്താല്‍പ്പിന്നെ സ്കൂളിലൊന്നും പോകില്ല. തോടും വയലുകളുമൊക്കെ വെള്ളം നിറഞ്ഞു കിടക്കും. ചുറ്റും കുന്നുകള്‍ നിറഞ്ഞ പ്രദേശത്താണ് എന്റെ വീട്. അവിടേക്ക് മഴ കൊണ്ടു വരുന്ന ഒരു അനുഭൂതിയുണ്ട്. പിന്നെ പ്രകൃതിയോട് ചേര്‍ന്നുള്ള അന്നത്തെ ജീവിതം. പ്രകൃതിയിലെ പ്രതിഭാസങ്ങളേയും ചെറുജീവികളെയും ഒക്കെ അതിസൂക്ഷ്മമായി ഞാന്‍ നിരീക്ഷിക്കും. പഴുതാര, തേരട്ട ഇങ്ങനെയുള്ളവയുടെ പിറകെ നടക്കുക, അവയുടെ സഞ്ചാരഗതികള്‍ നോക്കുക, പൂച്ചെടിപ്പഴങ്ങള്‍ക്ക് വേണ്ടി കുറ്റിക്കാടുകള്‍ കേറിയിറങ്ങുക അങ്ങനെ പ്രകൃതിയുമായി ആഴത്തില്‍ ഇഴുകിച്ചേര്‍ന്നുള്ള കുട്ടിക്കാലമായിരുന്നു. ഗന്ധം കൊണ്ട് പൂക്കളെ തിരിച്ചറിയാന്‍ കഴിയും വിധം അതിസൂക്ഷ്മമായിരുന്നു ആ കാലഘട്ടം. ഓണക്കാലത്ത് പൂവിളിച്ചാല്‍ ചെടികളുടെ അകമേ നിന്ന് പൂക്കളൊക്കെ പുറത്തേക്ക് വരും എന്ന് വിശ്വസിച്ചിരുന്ന കാലം. അത്തരമൊരു കാലഘട്ടത്തിലൂടെയാണ് എന്റെയൊരു മിസ്റ്റിക് അനുഭവങ്ങള്‍ ഞാന്‍ അനുഭവിച്ചത്. അക്കാലം എനിക്ക് വളരെ ഇഷ്ടമായിരുന്നു.
പേമാരി നിറഞ്ഞ കാലഘട്ടത്തില്‍ ഒരു വീട്, അതിന്റെ അകത്തുള്ള ഇരുട്ട്, മിക്കവാറും വീടിനകത്ത് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ പോലെയുള്ള പാമ്പുകളൊക്കെ വരുമായിരുന്നു. പക്ഷെ അവയൊന്നും ആരെയും കടിച്ചതായി അറിയില്ല. അവയോടൊപ്പം ഒന്നിച്ച് സഹവസിക്കുകയാണ് ചെയ്തിട്ടുള്ളത്. പിന്നെ ഭ്രാന്തന്മാര്‍. അവരെ ഗ്രാമത്തിന്റെ സര്‍ഗ്ഗാത്മകതയായിട്ട് സ്വീകരിച്ചിരുന്നു. ഇപ്പോഴാണല്ലോ അത്തരക്കാരെ കണ്ടാല്‍ പിടിച്ചുകൊണ്ടു പോയി ഭ്രാന്താലയത്തിലൊക്കെ ആക്കുന്നത്. ‘ഭ്രാന്തിനെക്കുറിച്ചുള്ള ഉപന്യാസം’ എന്ന കഥയില്‍ ഭ്രാന്തന്മാരെ ഗ്രാമങ്ങള്‍ സ്വീകരിച്ചിരുന്ന കാലഘട്ടങ്ങളില്‍ ഉള്ള, എന്റെ ഓര്‍മ്മകളില്‍ കടന്നു വന്ന ഭ്രാന്തന്‍മാരെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഉന്മാദത്തിന് ആയുര്‍വേദ, മന്ത്രവാദ ചികിത്സ നടത്തുന്ന പൂങ്കുടില്‍മന എന്നു പറയുന്ന സ്ഥലം എന്റെ വീടിന്റെ അടുത്തുതന്നെയാണ്. പിന്നെ എന്റെ മുത്തശ്ശനെക്കുറിച്ചുള്ള കഥകള്‍ എനിക്ക് വളരെ പ്രധാനമാണ്. മുത്തശ്ശനും മുത്തശ്ശന്റെ പരമ്പരകളും മിക്കവാറും എല്ലാവരുംതന്നെ മന്ത്രവാദികളും നാട്ടുവൈദ്യന്മാരും ഒക്കെയായിരുന്നു. ആ കേട്ടറിവുകള്‍ വളരെ പ്രധാനമായിരുന്നു. ആ അനുഭവങ്ങള്‍ എന്റെയൊരു നിധിയാണ്. പല കാരണങ്ങള്‍ കൊണ്ട് അതില്‍ ഞാനിനിയും തൊട്ടിട്ടില്ല. സി.രാധാകൃഷ്ണന്‍ മുൻപെന്നോട് പറഞ്ഞിരുന്നു, ജോലി കഴിഞ്ഞുള്ള ചുരുങ്ങിയ സമയം കൊണ്ട് വലിയ നോവലുകളോ ആഖ്യാനങ്ങളോ ഉണ്ടാക്കിയെടുക്കാന്‍ വലിയ പാടാണ്, അതിനായി ഇരിക്കേണ്ടി വരുമ്പോള്‍ മാത്രം അതിനെപ്പറ്റി ആലോചിച്ചാല്‍ മതി എന്നൊക്കെ. ഇനി പതുക്കെ തുടങ്ങണം…. ഇതൊക്കെയാണ് എന്റെ മിസ്റ്റിക് അനുഭൂതിയുടെ അടിസ്ഥാനങ്ങള്‍. പ്രധാനമായും പാപ്പിനിപ്പാറ. അത് തന്ന പ്രകൃതിയിലെ വിസ്മയങ്ങള്‍ക്കൊപ്പം നില്‍ക്കാവുന്ന ഒന്നും പില്‍ക്കാലത്ത് എനിക്കെവിടെയും ലഭ്യമായിട്ടില്ല.
2. ‘ജിനശലഭങ്ങളുടെ വീട്‘ എന്ന നോവലോടു കൂടി പാരിസ്ഥിക നോവലെഴുത്തിന്റെ ഒരു ഘട്ടം അവസാനിക്കുകയാണ് എന്ന് പറഞ്ഞു. പച്ചയെഴുത്തിന്റെ അടുത്ത ഘട്ടം എന്തായിരിക്കും?
@ ഞാന്‍ കുറേക്കാലം മുന്‍പേ പരിസ്ഥിതി നോവലുകള്‍ എഴുതിയെങ്കിലും വളരെ കഴിഞ്ഞാണ് ആളുകള്‍ അതൊക്കെ ഒന്ന് തൊട്ടുനോക്കിയത്. സത്യത്തില്‍ കേരളത്തില്‍ ഇന്ന് നടക്കുന്ന പാരിസ്ഥിതികമായ ചര്‍ച്ചകളൊക്കെ വരുന്നതിനും മുന്‍പാണ് എന്റെ നോവലുകളൊക്കെ വന്നിട്ടുള്ളത്. ട്രാന്‍സ് ജെൻഡേഴ്സിനു കേരളത്തില്‍ ഒരു തരത്തിലുമുള്ള വ്യക്തിത്വവും ഇല്ലാത്ത കാലത്താണ് ഞാന്‍ ഹിജഡകളെക്കുറിച്ച് എഴുതുന്നത്. ഇപ്പോള്‍ എല്ലാവരും ട്രാന്‍സ് ജെൻഡേഴ്സിന്റെ ആളുകളായി. അപ്പഴപ്പോള്‍ വരുന്ന ഒരു ഓളമാണ് ഇത്. അതിനൊക്കെ മുന്‍പു തന്നെ ഞാന്‍ അവരെക്കുറിച്ച് എഴുതുകയും പഠിക്കുകയും ഒക്കെ ചെയ്തതാണ്. ദേവദാസികളെക്കുറിച്ചും എഴുതി. ഒന്നു പുതുക്കിയെഴുതേണ്ടതുള്ളതുകൊണ്ട് അതൊന്നും പിന്നീട് ഇറക്കിയില്ല.
എണ്‍പതുകളിലാണ് ഞാന്‍ കര്‍ണ്ണാടകയാത്ര ആരംഭിക്കുന്നത്. ജനമല്ലിപുര എന്ന ഗ്രാമത്തില്‍ കുറേക്കാലം താമസിച്ചു. അവിടെ താമസിക്കുന്ന സമയത്താണ് അന്തകവിത്തുകളുടെ കടന്നു വരവുണ്ടാകുന്നതും നഞ്ചുട്ടസ്വാമിയുടെ നേതൃത്വത്തിലുള്ള കര്‍ഷകപ്രസ്ഥാനം തുടങ്ങുന്നതും. ഗ്രാമീണര്‍ വിത്തുകള്‍ സൂക്ഷിക്കുന്നതിന് പകരം ഗുണ്ടല്‍പേട്ടയില്‍ പോയി വിത്തുകള്‍ വാങ്ങി വന്നു കൃഷി ചെയ്യുന്ന ഒരു കാലഘട്ടമായിരുന്നു അത്. വിത്തിലൂടെയുള്ള സാമ്രാജ്യത്വ അധിനിവേശം കടന്നു വരുന്ന ആ കാലത്താണ് ‘മായാപുരാണം’ എഴുതുന്നത്. വിത്തും കൃഷിയും, അട്ടിമറിക്കപ്പെടുന്ന അധിനിവേശത്തിന്റെ രാഷ്ട്രീയവുമൊക്കെ പ്രതിപാദിക്കുന്ന പ്രധാനപ്പെട്ട പരിസ്ഥിതിസംബന്ധമായ നോവലാണത്. അതിനു ശേഷം നദിയും ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മറ്റൊരു ആത്മാന്വേഷണമായിട്ട് ‘കാവേരിയുടെ പുരുഷന്‍’ വന്നു. പിന്നീട് അക്കാലത്ത് വളരെ ചര്‍ച്ച ചെയ്യപ്പെട്ട, എക്കോസോഷ്യലിസം പ്രമേയമായുള്ള ‘ജൈവം’ എന്ന കൃതി. അതിന് ഒരു പാട് വായനകള്‍ വന്നു, ഇപ്പോള്‍ മലയാളം ബി. എ-യ്ക്ക് ആ നോവല്‍ പഠിക്കാനുണ്ട്. ആ മൂന്നു നോവലുകള്‍ വന്നപ്പോള്‍ പിന്നീട് എനിക്ക് തോന്നി, വീടുമായി ബന്ധപ്പെട്ട ആര്‍ത്തി, അതില്‍ പെരുകുന്ന കടം ഇതിനെയൊക്കെ പ്രമേയമായി ഒരു നോവല്‍ വേണമെന്ന്. അതാണ് ‘ജിനശലഭങ്ങളുടെ വീട്’. ഒരേ സമയം അനുരാഗവും ഒരേ സമയം മടുപ്പും ഉണ്ടാക്കുന്ന ഒന്നാണ് വീട്. അതില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അത് നമ്മളെ പിന്‍വലിക്കും. അതില്‍ താമസിക്കുമ്പോള്‍ അതില്‍ നിന്ന് പുറത്തിറങ്ങാനും തോന്നും. അത്തരമൊരവസ്ഥ വീടുമായി ബന്ധപ്പെട്ട് ഉണ്ട്. ജിനശലഭങ്ങളുടെ വീട്ടിലെ പ്രധാന കഥാപാത്രങ്ങള്‍ രാമാനുജനും ധനലക്ഷ്മിയുമാണ്. എന്റെ കൃതികളിലെല്ലാമുള്ള ഒരു പ്രത്യേകതയാണത്. ശിവപാര്‍വ്വതി എന്ന കണ്‍സെപ്റ്റില്‍ ഒരാണും ഒരു പെണ്ണുമായി രണ്ടു കഥാപാത്രങ്ങള്‍. ശിവനും പാര്‍വ്വതിയും പല വേഷത്തില്‍ പല ദേശങ്ങളില്‍ കഴിഞ്ഞു എന്നാണല്ലോ. ഇനിയും ഒന്നുരണ്ടു കൃതികള്‍ കൂടി ആ രണ്ടു കഥാപാത്രങ്ങളെ വെച്ചുകൊണ്ട് വരും. സ്ത്രീയുടെ പൂര്‍ണ്ണതയാണ് പുരുഷജീവിതം എന്നുള്ള ഒരു കാഴ്ചപ്പാടാണ് അതില്‍ ഉള്ളത്. പുരുഷന് ഒരു മേല്‍ക്കൈ അവിടെ വരുന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ കുറച്ചു മുകളില്‍ സ്ത്രീയായിരിക്കും.
മുന്‍പത്തെ മൂന്ന് ആഖ്യാനങ്ങളിലും പറയാതെ പോയ ഒരു സംഗതി – വീടുമായി ബന്ധപ്പെട്ടുകൊണ്ട്, കീറി മുറിക്കപ്പെടുന്ന ഭൂമിയെക്കുറിച്ചുള്ള നോവല്‍. രാമാനുജന്റെയും ധനലക്ഷ്മിയുടേയും വീടിനെക്കുറിച്ചുള്ള അന്വേഷണം ആണ് ജിനശലഭങ്ങളുടെ വീട്. ആ നാല് നോവലുകളും ചേര്‍ത്തു വായിക്കുന്നതാവും എപ്പോഴും നന്നാവുക. അവ വായിച്ചാല്‍ പരിസ്ഥിതിയും മനുഷ്യനുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അന്വേഷണത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയാവുന്നു എന്നാണു ഞാന്‍ പറഞ്ഞത്. ചില നിര്‍ബന്ധം കൊണ്ട് പെട്ടെന്ന് തീര്‍ത്തുകൊടുക്കേണ്ടി വന്നതിനാല്‍ ജിനശലഭങ്ങളുടെ വീടിനു മുന്‍പ് ‘ശൂന്യമനുഷ്യര്‍’ എന്ന നോവല്‍ വന്നിരുന്നു.
ഇനി, അടുത്ത നോവല്‍ ഇതൊന്നുമല്ല. ഇനിയുള്ള ആഖ്യാനങ്ങള്‍ പ്രകൃതിയും പരിസ്ഥിതിയുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. എന്റെ ‘സാമൂഹ്യപാഠം’ എന്ന നോവലിന്റെ പുതിയ പതിപ്പ് വരുന്നുണ്ട്. കാല്‍നൂറ്റാണ്ടിനു ശേഷമാണ് അത് പ്രത്യേകരീതിയില്‍ അവതരിപ്പിക്കപ്പെടുന്നത്. മോഡിയുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണ് ആ നോവല്‍. ഇന്ത്യന്‍ ഫാസിസത്തെ ദീര്‍ഘദര്‍ശനം ചെയ്ത ഒരു കൃതിയാണത്. ഇപ്പോള്‍ ആ നോവല്‍ നിങ്ങള്‍ വായിക്കുമ്പോള്‍ അത് മോഡി കാലഘട്ടത്തില്‍ എഴുതിയതാണോ എന്ന് തോന്നിപ്പോകും. ചില അവസ്ഥകള്‍ മുന്‍കൂട്ടി കണ്ട് എഴുതിയ കൃതിയാണ് ‘സാമൂഹ്യപാഠം’. എഴുതിയ കാലത്തൊന്നും അത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. എഴുത്തുകാര്‍ക്ക് സംഭവിക്കുന്ന ദുരന്തമാണ് ഇത്. എഴുതിക്കഴിഞ്ഞ് കുറേക്കാലം കഴിഞ്ഞിട്ടാവും കൃതികള്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുക. എന്റെ കഥകളുടെയും വിധി വ്യത്യസ്തമല്ല. അതിന് പല കാരണങ്ങളുണ്ടാവാം. എന്റെ രചനാ രീതിയോടുള്ള അനിഷ്ടമാവാം, അല്ലെങ്കില്‍ സാധാരണ വായനക്കാര്‍ക്ക് പ്രാപ്യമല്ലാത്ത രീതിയില്‍ എഴുതിയതുകൊണ്ടാവാം. എന്റെയൊരു ഭൂമിക വ്യത്യസ്തമാണ്. എന്റെ കൃതികളില്‍ ഞാന്‍ സഞ്ചരിച്ചിട്ടുള്ള ദേശങ്ങളൊക്കെ കടന്നു വരും. ‘ഓര്‍മ്മ കൂട്ടുന്ന വിത്ത്’ എന്ന കഥ ടിബറ്റില്‍ വെച്ച് നടക്കുന്നതാണ്. ‘ചൈനീസ് മാര്‍ക്കറ്റ്’ എന്ന കഥ ടിബറ്റന്‍ അഭയാര്‍ഥികളെക്കുറിച്ച് മലയാളത്തില്‍ വന്നിട്ടുള്ള ഏക കഥയായിരിക്കും. പക്ഷെ അതൊന്നും അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ചൈനീസ് മാര്‍ക്കറ്റ് എന്ന കഥ നമ്മുടെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട് പെട്ടെന്ന് അനുഭവിക്കാവുന്ന തരത്തിലുള്ള ഒന്നല്ല. ടിബറ്റന്‍ രാഷ്ട്രീയമൊക്കെ അറിഞ്ഞാല്‍ മാത്രമേ അത് വായിച്ചെടുക്കാനാവൂ.
3. മലയാള നോവല്‍ കഥാ സാഹിത്യത്തില്‍ സ്വയം എങ്ങനെ അടയാളപ്പെടുത്തുന്നു?
ആക്ടിവിസ്റ്റ് ആയിട്ടുള്ള എഴുത്തുകാരന്‍ എന്നു തന്നെയാണ്. എന്റെ തലമുറയില്‍ നിന്ന് കുറച്ചൊരു വ്യത്യാസമുള്ള എഴുത്തുകാരനാണെന്ന് സ്വയമൊരു ബോധ്യമുണ്ട്. എന്റെ അത്രയും ജനകീയ സമരങ്ങളില്‍ പങ്കെടുത്ത ഈ തലമുറയില്‍ ഉള്‍പ്പെട്ട എഴുത്തുകാര്‍ കുറവായിരിക്കും. ഞാന്‍ ബുദ്ധനില്‍ വിശ്വസിക്കുന്ന ആളാണ്. അതുകൊണ്ടാണ് ഞാന്‍ ഈ ഹിംസയോടു ഭയങ്കരമായി കലഹിക്കുന്നത്. ഇടതുപക്ഷത്തിലെ സിപിഎമ്മിനോടുള്ള എന്റെ അനിഷ്ടം തുടങ്ങുന്നത് അങ്ങനെയാണ്. ഓരോ ഘട്ടത്തിലും, ടിപി വധമൊക്കെ കഴിഞ്ഞപ്പോള്‍ അതിക്രൂരമായ വാക്കുകള്‍ ഉപയോഗിച്ച് ഞാനവരോട് കലഹിച്ചിട്ടുണ്ട്. ഞാനെപ്പോഴും പറയാറുണ്ട് രണ്ടു ചെഗുവേര ഉണ്ടെന്ന്. തോക്കെടുത്ത ചെഗുവേരയെ എനിക്ക് പേടിയാണ്. മറിച്ച് കുഷ്ഠരോഗ സാനിറ്റൊറിയങ്ങളില്‍, ആര്‍ക്കും വേണ്ടാത്ത കുഷ്ഠരോഗികളുടെ വ്രണങ്ങള്‍ ശുശ്രൂഷിച്ചു യാത്ര ചെയ്ത ഒരു ചെഗുവേരയെയാണ് എന്റെയുള്ളില്‍ ഞാന്‍ ചേര്‍ത്തു പിടിക്കുന്നത്.
4. ലോകനന്മയെന്ന വിശാല സങ്കല്‍പ്പത്തില്‍ എഴുതുന്ന ഒരാള്‍ പ്രകൃതിക്കു നേരെയുള്ള ആധുനിക മനുഷ്യന്റെ കടന്നു കയറ്റത്തിനെതിരെ പ്രതികരിക്കേണ്ടതാണ്. പക്ഷെ പരിസ്ഥിതി സാഹിത്യമെന്നത് മലയാളത്തില്‍ ഇനിയും ഏറെ വികാസം പ്രാപിക്കാത്ത ഒന്നല്ലേ?
പരിസ്ഥിതി എഴുത്ത് കൂടി വരുന്നുണ്ട്. പ്രവര്‍ത്തിയാണ് ഇല്ലാത്തത്. കേരളത്തെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി ആക്ടിവിസ്റ്റുകളോടൊത്ത് എഴുത്തുകാര്‍ അങ്ങനെ തെരുവില്‍ ഇറങ്ങിയിട്ടില്ല. ഒരു മിസ്റ്റിക് ആയ തലത്തില്‍ മാത്രം അതിനെ കാണുന്ന ആഷാ മേനോനേപ്പോലുള്ള ഒരുപാടു പേരുണ്ട്. പരിസ്ഥിതി എഴുത്തുകാരാണെങ്കിലും നേരിട്ട് പാരിസ്ഥിതിക ദുരന്തങ്ങളുടെ ഇടയിലേക്ക് അവര്‍ ഇറങ്ങിച്ചെല്ലാറില്ല. എവിടെ നിന്നോ വരുന്ന മൂലധനം വേട്ടയാടുന്നത് മൂലം ഉണ്ടാകുന്ന വയല്‍ നികത്തല്‍, കുന്നിടിക്കല്‍ തുടങ്ങി നിക്ഷേപഭീകരത ഉണ്ടാക്കിയെടുക്കുന്ന ദുരന്തങ്ങളുടെ ഇഷ്യൂകളിലൊന്നും ആഴത്തില്‍ പരിസ്ഥിതി കൈകാര്യം ചെയ്യുന്ന ആഷാമേനോനെപ്പോലുള്ളവര്‍ ഇടപെടുന്നതോ അത്തരം പൊതുസമരങ്ങളില്‍ പങ്കെടുക്കുന്നതോ ആയി എനിക്കറിയില്ല. അതുപോലെ ആദിവാസികളുടെ പ്രശ്നം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ബ്രിട്ടീഷ് കാലഘട്ടത്തിനു ശേഷം വന്ന നിയമങ്ങള്‍ തൊട്ടിങ്ങോട്ട് എല്ലാ നിയമങ്ങളും ആദിവാസിക്കെതിരാണ്. വനത്തെ സ്നേഹിക്കുകയും വനത്തില്‍ ജീവിക്കുകയും ചെയ്യേണ്ടത് ആദിവാസിയാണ്.. അവര്‍ ചോദിക്കുന്ന ചോദ്യം ‘ഞങ്ങളുടെ ഭൂമി എവിടെ?’ എന്നാണ്. പരമ്പരാഗതമായ അവന്റെ ഇടം വനം തന്നെയാണ്. ഇപ്പോള്‍ ആദിവാസി എവിടെയാണ് ജീവിക്കുന്നത്? ഇത് ഇന്ത്യയിലുടനീളം ആദിവാസികളുടെ പാര്‍ശ്വവല്‍ക്കണവുമായി ബന്ധപ്പെട്ട വലിയൊരു പ്രശ്നം തന്നെയാണ്. പക്ഷെ അതിനോടൊന്നും പ്രതികരിക്കുന്ന എഴുത്തുകാര്‍ അധികം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. ആദിവാസി ഭൂസമരത്തില്‍ നേരിട്ട് വയനാട്ടില്‍ പോവുകയും എന്നെപ്പോലെ അവരോടു ഐക്യപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത എഴുത്തുകാര്‍ വളരെ അപൂര്‍വ്വമാണ്. ഒരു കേവല പരിസ്ഥിതിവാദം ഇവിടെ നിലനില്‍ക്കുന്നുണ്ട്. മനുഷ്യനെ ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി വാദത്തില്‍ എനിക്കു താല്‍പ്പര്യമില്ല. മനുഷ്യനും അവന്റെ പ്രശ്നങ്ങളും കൂടി ചേര്‍ന്നതാണ് പ്രകൃതിയുടെ പ്രശ്നങ്ങള്‍ എന്നിടത്താണ് ഞാന്‍ നിലകൊള്ളുന്നത്. ഇതിലൊക്കെ എനിക്ക് സന്ദേഹവും ഉണ്ട് എന്ന് കൂടി പറയട്ടെ. ഓരോ കാലഘട്ടത്തിലും ഞാനെടുക്കുന്ന നിലപാടുകളെ ഞാന്‍ സന്ദേഹത്തോട് കൂടിയാണ് നോക്കുന്നത്.
പൊതുവെ എല്ലാ മേഖലയിലും എഴുത്ത് കൂടി വരുന്നുണ്ട്. പ്രവര്‍ത്തിയാണ് ഇല്ലാത്തത്. എഴുത്തുകാര്‍ കുറച്ചെങ്കിലും ഹിംസക്കെതിരായി പ്രതികരിച്ചത് ചന്ദ്രശേഖരന്‍ വധം കഴിഞ്ഞപ്പോഴാണ്. ‘വെട്ടുവഴി’ പോലുള്ള കവിതകള്‍ വന്നു. വല്ലാത്ത ഇടതുപക്ഷ ചായ് വോടുകൂടി കൂടി നില്‍ക്കുന്ന എഴുത്തുകാരുടെ ചെറിയ കള്ളത്തരം എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധം കഴിഞ്ഞപ്പോള്‍, അയാള്‍ ഏതെങ്കിലുമൊരു കാലഘട്ടത്തില്‍ ചുമന്ന കൊടി പിടിച്ചു എന്ന ഒരു ആനുകൂല്യത്തിലായിരുന്നു അയാള്‍ക്കു വേണ്ടി കുറച്ചു പേരെങ്കിലും ഐക്യപ്പെട്ടത്. മറിച്ച്, കൊലനിലങ്ങളില്‍ വീണു പോകുന്നത് മറ്റു പാര്‍ട്ടിക്കാരാണെങ്കില്‍ ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാര്‍ കുറ്റകരമായ നിശബ്ദതയില്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ അങ്ങനെയല്ല. ഈ കൊലനിലങ്ങളില്‍ വീണുപോകുന്നവര്‍- അവര്‍ ഏതു കൊടി പിടിച്ച ആളുമാവട്ടെ – സിപിഎംകാരനോ കോൺഗ്രസ്സുകാരനോ ആര്‍എസ്സെസ്സുകാരനോ – ആരുമാവട്ടെ, രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇനിയെനിക്ക് താങ്ങാന്‍ പറ്റില്ല. മനുഷ്യനെ കൊന്നുകൊണ്ടുള്ള ഒരു പ്രത്യയശാസ്ത്രവും എനിക്ക് സ്വീകാര്യമല്ല. കൊല്ലുന്നതിന്റെ പ്രത്യയ ശാസ്ത്രങ്ങളെ അതിന്റെ വ്യാഖ്യാനങ്ങളെ അതിന്റെ ന്യായീകരണങ്ങളെ ഞാനെന്റെ ജീവിതപരിസരത്തു നിന്നും സമ്പൂര്‍ണ്ണമായിട്ടും മായ്ച്ചു കളയും.
[button color=”blue” size=”” type=”outlined” target=”” link=””]ഇന്നത്തെ തലമുറ മിടുക്കരാണ്. നമ്മള്‍ കാണാത്ത ഒരു ആക്റ്റിവിസം അവര്‍ക്കുണ്ട്. [/button]5. ഒരു ഹരിതധ്യാനം ജീവിതത്തില്‍ കൊണ്ടു നടക്കുന്നുണ്ടല്ലോ. അതില്‍ നിന്നുറവെടുത്ത, മായാപുരാണം, ജൈവം, കാവേരിയുടെ പുരുഷന്, ജിനശലഭങ്ങളുടെ വീട് തുടങ്ങിയ കൃതികളും ഉണ്ട്. പ്രകൃതിയിലേക്കുള്ള നോട്ടങ്ങളുടെ വൈവിധ്യം അനുസരിച്ചാണ് പുതിയ സൃഷ്ടി പിറക്കുന്നതെന്നു പറഞ്ഞിട്ടുണ്ട്. പ്രകൃതിയിലേക്കുള്ള നോട്ടം ഇന്നത്തെ തലമുറയ്ക്ക് കുറഞ്ഞു വരുന്നതിനെക്കുറിച്ചും, മണ്ണില്‍ തൊടാത്ത, പ്രകൃതിയെ അറിയാത്ത,ആന്തരിക അസ്വാസ്ഥ്യങ്ങള്‍ ഏറെ അലട്ടുന്ന ആ തലമുറയുടെ ഒപ്പം ജീവിക്കേണ്ടി വരുന്നതില്‍ ആകുലതകളുണ്ടോ ?
@ ആകുലതകളല്ല; പ്രതീക്ഷകളാണ് ഉള്ളത്. ഒരുപക്ഷെ അവരായിരിക്കും ഇനി നാളെ മണ്ണിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നാണു ഞാന്‍ കരുതുന്നത്. ഈ പുതിയ തലമുറയില്‍ നമുക്ക് ഒരുപാടു സന്ദേഹങ്ങള്‍ ഉണ്ടെങ്കിലും ഇതില്‍ നിന്ന് വല്ലാത്തൊരു ജനുസ്സ് കുഞ്ഞുങ്ങള്‍ രൂപപ്പെട്ടു വരുന്നുണ്ട് എന്ന വലിയൊരു പ്രതീക്ഷ ഉണ്ട്. ഇതൊന്നും അങ്ങനെ കെട്ടു പോകുകയില്ല. ഇന്ന് ഭൂമിക്കു നേരെയുള്ള അധിനിവേശങ്ങളുടെ ഏറ്റവും കൂടുതല്‍ പാപം ഏറ്റുവാങ്ങേണ്ടി വരുന്നത് ജെസി ബി വന്നതിനു ശേഷം അത് തൊട്ട ആളുകളാണ്. ഇന്നത്തെ അറുപതു വയസ്സിനോട് ചേര്‍ന്നു നില്‍ക്കുന്നവര്‍. എന്റെ അച്ഛനൊന്നും ജെ സി ബി തൊടേണ്ടി വന്നിട്ടില്ല. അന്നത് ഉണ്ടായിരുന്നില്ല. ഇനി വരുന്ന തലമുറക്കും അത് തൊടേണ്ടി വരില്ല, കാരണം അപ്പോഴേക്കും ഒരു കുന്നും ബാക്കിയുണ്ടാവില്ല. ഏറ്റവും കൂടുതല്‍ പരിസ്ഥിതിക്ക് മുറിവേല്‍പ്പിച്ച തലമുറ എന്റെ തലമുറ തന്നെയാണ്,. അത് നമ്മുടെ കുഞ്ഞുങ്ങള്‍ കണ്ടറിയുന്നുണ്ട്. അടുത്തിടെ പുതിയൊരു ചെറുപ്പക്കാരന്റെ ഒരു കാമ്പസ് കവിത വായിച്ചു. അതിന്റെ ആശയം ഇതാണ്- ‘ഞാനെന്റെ മകനെ ജെസിബി ഓടിക്കാന്‍ പഠിപ്പിക്കും, നമ്മളിന്നു കെട്ടിപ്പൊക്കിയ കോണ്‍ക്രീറ്റ് കൂടുകളൊക്കെയും നമുക്ക് ഭാരമാകുന്ന ഒരു കാലം വരും, ആ കാലമെത്തുന്ന സമയത്ത് ഈ കോണ്ക്രീറ്റ് കൂടുകളൊക്കെ അടിച്ചു തകര്‍ത്ത് അതില്‍ നിന്ന് മണലു മാത്രം വേര്‍തിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ വികസിക്കും. ആ സാങ്കേതിക വിദ്യയിലൂടെ മണല്‍ മുഴുവന്‍ പുഴയിലേക്കു തന്നെ കൊണ്ട് പോയി ഇട്ട് പുഴയോട് നിരുപാധികം മാപ്പ് പറഞ്ഞാല്‍ മാത്രം തീരുന്ന പ്രതിസന്ധിയില്‍ നാം എത്തും. ആ കാലഘട്ടത്തിലേക്ക് വേണ്ടി ഞാന്‍ എന്റെ മകനെ ജെസിബി ഓടിക്കാന്‍ പഠിപ്പിക്കും’ – കവിതയുടെ പേരോര്‍ക്കുന്നില്ല. ആശയം ഇതാണ്. ഇന്നത്തെ തലമുറ മിടുക്കരാണ്. നമ്മള്‍ കാണാത്ത ഒരു ആക്റ്റിവിസം അവര്‍ക്കുണ്ട്. പ്രത്യേകിച്ചും ഈ സൈബര്‍ മേഖലയില്‍ വിജ്ഞാനവുമായി ബന്ധപ്പെട്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരുപാട് ഐടി പ്രവര്‍ത്തകര്‍ ഉണ്ട്. കുറച്ചുകൂടി സ്വതന്ത്രമായ, മതാതീതമായ സ്വതന്ത്ര സമൂഹത്തെക്കുറിച്ച് ആലോചിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ രൂപപ്പെട്ടു വരുന്നുണ്ട്. ഒരു പാടു പേര്‍ ജൈവകൃഷിയിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതെല്ലാം വളരെ നിശബ്ദമാണ്. സദാ സമയവും മൊബൈല്‍ ഫോണില്‍ ഇരിക്കുന്ന കുട്ടികള്‍ എന്ന് പറയുമെങ്കിലും ആ മൊബൈല്‍ ഫോണിന്റെ സാധ്യത ഉപയോഗിച്ച് കൊണ്ടുള്ള ആക്റ്റിവിസം അവരുടെ ഇടയില്‍ വികസിച്ചു വരുന്നുണ്ട്. എനിക്കൊന്നും അത് പൂര്‍ണ്ണമായി സ്വീകരിക്കാന്‍ കഴിയാതെ പോകുന്നത് എന്റെ പരമ്പരാഗതമായ ശീലങ്ങള്‍ കൊണ്ടായിരിക്കും. ആ ശീലങ്ങള്‍ വെച്ചുകൊണ്ട് മാത്രം വിലയിരുത്തുന്നത് ശരിയല്ല എന്ന കാഴ്ചപ്പാട് എനിക്കുണ്ട്. തീര്‍ച്ചയായും വ്യത്യസ്തമായ തരത്തില്‍ ആക്റ്റിവിസം രൂപപ്പെട്ടു വരുന്നു എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ചും സൈബര്‍ പോരാട്ടം വളരെ പ്രധാനമായിട്ട് വരുന്നുണ്ട്. ആ നിലക്ക് നോക്കുമ്പോള്‍ വലിയൊരു ആന്റിഫാസിസ്റ്റ് പ്രവര്‍ത്തനം നടക്കുന്നുണ്ട്. പക്ഷെ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരോട് ഞാന്‍ പറയുന്ന കാതലായൊരു വിമര്‍ശനമുണ്ട്. അതവര്‍ സ്വീകരിക്കണം എന്നൊരഭിപ്രായമുണ്ട്. ചരിത്രത്തില്‍ മാറ്റം ഉണ്ടാകണമെങ്കില്‍ ഈ പോരാട്ടത്തെ മുഴുവന്‍ ക്രോഡീകരിച്ചു കൊണ്ട് പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ ആളുകള്‍ തെരുവിലിറങ്ങണം.എങ്കില്‍ മാത്രമേ ഒരു മാറ്റം ഉണ്ടാവൂ. അല്ലാതെ സൈബര്‍ പോരാട്ടത്തിലൂടെ മാത്രമായി മാറ്റം അസാധ്യമാണ്. പ്രവര്‍ത്തനങ്ങളില്‍ ശാരീരികമായുള്ള സാമീപ്യം പ്രധാനമാണ്. ഒരുപക്ഷെ നോട്ടുനിരോധനം വന്ന സമയത്ത് അല്ലെങ്കില്‍ ജിഎസ്ടി വന്ന സമയത്ത് ഈ ലക്ഷക്കണക്കിനു ചെറുപ്പക്കാര്‍ തെരുവിലിറങ്ങി ഒരു സമരം നടത്തിയിരുന്നു എങ്കില്‍ തീര്‍ച്ചയായും ഭരണകൂടത്തെ മുട്ടുകുത്തിക്കാന്‍ അവര്‍ക്കാവുമായിരുന്നു. അത് ഇന്നത്തെ ചെറുപ്പക്കാര്‍ കൂട്ടായി ആലോചിക്കേണ്ടതാണ്. മനസ്സുമാത്രം സൈബര്‍ ലോകത്ത് ആക്റ്റിവിസത്തിന്റെ ഭാഗമായി പ്രതികരിക്കുന്നുണ്ട്. പക്ഷെ ശരീരം വരുന്നില്ല. അത്തരം സൈബര്‍ പോരാട്ടങ്ങളെ ഭരണകൂടം ഭയപ്പെടുന്നുമില്ല.
6. ‘പെറുതിയില്ലായ്മയാണ് എന്നെ യാത്രികനാക്കിയത്‘ എന്ന് മുറിവുകളുടെ പുരാവൃത്തം എന്ന കഥയിലെ കഥാപാത്രം പറയുന്നുണ്ടല്ലോ. തന്നിലേക്കുള്ള ആത്മീയ സഞ്ചാരങ്ങള്‍ പോലെ പ്രകൃതിയിലേക്കുള്ള സഞ്ചാരങ്ങളും മനുഷ്യവംശം നഷ്ടപ്പെടുത്തിയതും കളഞ്ഞു പോയതുമായ ശാന്തതയും സന്തോഷവും വീണ്ടെടുത്തു നല്‍കും എന്ന് മനസ്സിലാക്കാന്‍ ജീവിതത്തിലെ പൊറുതികേടുകള്‍ സഹായിച്ചോ ?
@ തീര്‍ച്ചയായും. എന്റേത് ഒരു പൊറുതിയില്ലാത്ത ജന്മന്മാണ്. ഒന്നാമത് ഞാന്‍ ഒരു തീര്‍ച്ചയില്ലാത്ത ഒരാളാണ്. മനുഷ്യനെ സൃഷ്ടിക്കാന്‍ പാടില്ലായിരുന്നു പ്രകൃതി എന്ന് അഫ്ഗാനിസ്ഥാനിലെ ഒരു ബോംബാക്രമണം കഴിഞ്ഞ സമയത്ത് നോംചോംസ്കിയുടെ ഒരു പ്രതികരണമുണ്ടായിരുന്നു. എനിക്കും അങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട്. മനുഷ്യന്‍ എന്ന നിലക്ക് എനിക്ക് വലിയൊരു അഹങ്കാരമില്ല. പ്രകൃതിക്ക് ഏറ്റവും വലിയ മുറിവുണ്ടാക്കിയത് മനുഷ്യകുലമാണ്. സൃഷ്ടിക്കേണ്ടിയിരുന്നില്ല ഈ ജനുസ്സിനെ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. അടുത്ത ജന്മത്തില്‍ – അടുത്തൊരു ജന്മമുണ്ടോ എന്നൊന്നും അറിയില്ല – അഥവാ ഇനിയൊരു ജന്മമുണ്ടെന്നുറപ്പായാല്‍ എന്തായി ജനിക്കണം എന്ന് ആളുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. എന്റെ ഉത്തരം എനിക്കിനി മനുഷ്യകുലത്തില്‍ പിറക്കേണ്ട എന്നാണ്. എന്റെ ‘ജിനശലഭങ്ങളുടെ വീട്’ എന്ന നോവലിന് അവതാരികയെഴുതിയ സുഹൃത്ത് മോഹന്‍കുമാര്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് – മനുഷ്യരിലുള്ള വിശ്വാസം കാലം ചെല്ലുംതോറും നശിക്കുകയാണ്. തെരുവില്‍ വണ്ടികളുടെ ടയറുകള്‍ക്കടിയില്‍ അരഞ്ഞു പോകുന്ന തവളകള്‍ക്കു വേണ്ടി സംസാരിക്കുകയാണ് ഭേദമെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു. ഒരു കര്‍ണ്ണാടക ഗ്രാമത്തില്‍ ജീവിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞതാണിത്. തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്കറിയില്ല. മനുഷ്യരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു പോകുകയാണ്.
പിന്നെ വലിയൊരു പ്രശ്നം എനിക്ക് തോന്നിയിട്ടുള്ളത് യുവജനങ്ങള്‍ക്കിടയില്‍ അക്രമത്തിനെ അവര്‍ വല്ലാതെ ആദര്‍ശവല്‍ക്കരിക്കുന്നുണ്ട്. എന്തോ മഹത്തായ കാര്യം ചെയ്യുന്നതു പോലെയാണ് ആക്രമിക്കുന്നതും കൊല്ലുന്നതും. അതൊന്നും തെറ്റല്ല; എന്തോ വലിയ കാര്യമാണെന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരുടെ അണികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ഏതു രാഷ്ട്രീയ പ്രസ്ഥാനമെന്നില്ല. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ചെറുതും വലുതുമായ അക്രമം ഉണ്ട്. എല്ലാവരും ഏറിയോ കുറഞ്ഞോ അക്രമത്തെ എന്തെങ്കിലുമൊരു തരത്തില്‍ ആദര്‍ശവല്‍ക്കരിക്കുന്ന ആളുകളാണ്. അതെനിക്ക് ഒരു വേദനയാണ്. ജനാധിപത്യത്തില്‍ അക്രമത്തിനു പ്രസക്തിയില്ല. ജനാധിപത്യത്തില്‍ എന്തിനാണ് അത് ? നിങ്ങള്‍ക്ക് പാര്‍ലിമെന്റ് തൊട്ടു ഇങ്ങു താഴേക്ക് പഞ്ചായത്ത് വരെ ജനപ്രതിനിധികളെ തെരഞ്ഞെടുത്തുകൊണ്ട് രാഷ്ട്രീയപോരാട്ടം നടത്താന്‍ ഇടമുള്ള സ്ഥിതിക്ക് എന്തിനാണ് അക്രമത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരുന്നത് ? അക്രമം അശ്ലീലമാണ്. ചെങ്കൊടിയില്‍ പൊതിഞ്ഞു വെച്ചാലും തോക്കും വാളും അശ്ലീലമാണെന്ന് ഞാന്‍ ഉറപ്പിച്ചു തന്നെ പറയും.
ആള്‍ക്കൂട്ടം വളരെ ഹിംസാത്മകമായി മാറുന്നുണ്ട്. ഒന്നെനിക്ക് തോന്നുന്നത് ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെത്തന്നെ ഹിംസയെ പല രീതിയില്‍ പ്രത്യയശാസ്ത്രവല്‍ക്കരിക്കാനും അതിനെ ന്യായീകരിക്കാനുമൊക്കെ ശ്രമിക്കുമ്പോള്‍ ഇതൊന്നും തെറ്റല്ല എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നതുകൊണ്ടാണ് ഇങ്ങനെ എന്നാണ്. അതാണ് മധുവിന്റെ കാര്യത്തിലൊക്കെ സംഭവിച്ചത്. കാരണം അത്ര ക്രൂരമായിട്ടാണ് ഒരു സംഘം ആളുകള്‍ ഒരു ആദിവാസിയെ അടിച്ചു കൊന്നത്. വല്ലാത്ത വേദനയുണ്ടാകുന്ന കാര്യമാണ്. നമ്മുടെ സാമൂഹ്യ മനഃശാസ്ത്രത്തെക്കുറിച്ചൊക്കെ പഠനം ആവശ്യമാണ്. സമൂഹത്തിനു തന്നെ മൊത്തത്തിലൊരു ചികിത്സ വേണ്ടി വരും. സമൂഹത്തില്‍ ഹിംസ ഇങ്ങനെ വല്ലാതെ പെരുകിയാല്‍ ഇനിയും ഒരു ബുദ്ധന്‍ അവതരിക്കേണ്ടി വരും എന്നാണെനിക്കു തോന്നുന്നത്.
7. ഒരു കഥ അല്ലെങ്കില്‍ നോവല്‍ എഴുതാന്‍ തീരുമാനിക്കുമ്പോള്‍ ഉള്ള തയ്യാറെടുപ്പുകള്‍ അല്ലെങ്കില്‍ അതിലെ വ്യഥകള്‍ എന്തൊക്കെയാണ്?അല്ലെങ്കില്‍, ഏതു സമയത്തും ലോകത്തെ വാക്കുകളായി തര്‍ജ്ജമ ചെയ്തുകൊണ്ടിരിക്കുന്ന ആളാണ് എഴുത്തുകാരന്‍ എന്ന് പറയാറുണ്ടല്ലോ. അത്തരത്തില്‍ ഉള്ളില്‍ എപ്പോഴും നടന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തി തന്നെയാണോ മാഷിന് എഴുത്ത്?
@ അതെ, തീര്‍ച്ചയായും. എഴുതാന്‍ ഞാനധികം സമയം എടുക്കാറില്ല. കുത്തിയിരുന്നു വെട്ടിത്തിരുത്തി എഴുതുന്ന രീതി എനിക്ക് കുറവാണ്. കമ്പ്യൂട്ടറില്‍ നിന്ന് പ്രിന്റ് ഔട്ട് എടുക്കുന്ന പോലെ ആണെന്റെ എഴുത്ത്. അതുകൊണ്ടാണ് വളരെ വേഗം ഇത്രയധികം പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞത്. ആളുകള്‍ എന്നോട് ചോദിക്കാറുണ്ട് എപ്പോഴും പ്രഭാഷണവേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന താങ്കള്‍ക്ക് എപ്പോഴാണ് എഴുതാന്‍ സമയം എന്ന്. ഞാന്‍ എപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുത്തില്‍ ഞാനെപ്പോഴും സജീവമാണ്. ചിലര്‍ പറയാറുണ്ട് നിങ്ങള്‍ പ്രഭാഷണമൊക്കെ ഒന്നു കുറച്ചിട്ട് എഴുത്തില്‍ ശ്രദ്ധിക്കൂ എന്ന്. എന്റെ തലമുറയിലെ ഒരുപാടെഴുത്തുകാര്‍ പ്രഭാഷണവേദികളില്‍ ഇല്ല. എന്നിട്ടും അവര്‍ എഴുതുന്നില്ലല്ലോ എന്ന് ഞാന്‍ തിരിച്ച് പറയും. നമുക്ക് നമ്മളെ നവീകരിക്കാന്‍ കഴിയും വിധം ഈ പൊതുഇടങ്ങള്‍ ഒരു ഊര്‍ജ്ജം തരുന്നുണ്ട്. പക്ഷെ എഴുത്ത് വളരെ എകാകിതമായ ഒരു പ്രതികരണം മാത്രമാണ് എന്ന് വിശ്വസിക്കുന്ന ആളുകളുമുണ്ട്. അത് അവരുടെ വിശ്വാസം. എല്ലാ എഴുത്തുകാരും തെരുവില്‍ കൊടിയും പിടിച്ചു സമരമുഖത്തേക്കു വരണമെന്ന അഭിപ്രായമുള്ള ആളൊന്നുമല്ല ഞാന്‍. ഒരുപക്ഷെ, അക്രമത്തിനോട് തെരുവിലിറങ്ങി പ്രതികരിക്കുന്നത് മാത്രവുമല്ല ആക്റ്റിവിസം. ഞങ്ങളുടെ വിശുദ്ധമായ കലയിലേക്ക് പ്രവേശിക്കാന്‍ യോഗ്യതയില്ലാത്ത ഒന്നാണ് അക്രമം, അതുകൊണ്ട് ഞങ്ങള്‍ അതിനെ തൊടുകയോ ഒരു, പ്രതികരണം പോലും അതിനെതിരെ നടത്തുകയോ ചെയ്യാതെ അതിനെ അപ്പാടെ തള്ളിക്കളയുകയാണ് എന്ന് പറയുന്നതും ഒരു രീതി തന്നെയാണ്. യുദ്ധം അശ്ലീലമാണെന്നും അത് ഞങ്ങളുടെ കലയിലേക്ക് പ്രമേയമായി വരേണ്ടതില്ല എന്ന് തീരുമാനിക്കുന്നതും ഒരു ആക്റ്റിവിസമാണ്. ഒരു ഭാഗം മാത്രമായി ഞാന്‍ പറയില്ല.
8. എഴുത്തുജീവിതത്തില്‍ നാല് പതിറ്റാണ്ട് പിന്നിട്ടു. കഥ, നോവല്‍, യാത്രാനുഭവങ്ങള്‍, സാഹിത്യവിമര്‍ശനം, ചിത്രകലാ വിമര്‍ശനം എന്നിങ്ങനെ വിവിധ ശാഖകളില്‍ സജീവം. ഇതുവരെ പൂര്‍ണ്ണ സംതൃപ്തി ലഭിച്ച ഒരു സൃഷ്ടിയും പിറന്നിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്താണ് ഒരു കൃതിയില്‍ നിന്ന് ലഭിക്കാവുന്ന പൂര്‍ണ്ണ സംതൃപ്തി എന്നതിന്റെ മാനദണ്ഡമായിട്ട് വിചാരിക്കുന്നത് ?
@ അതെ, ഒന്നാമത് ഈ പൊറുതികേട് കാരണം ഒന്നിലും ഒരു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത എഴുത്തുകാരനാണ് ഞാന്‍. സര്‍ഗ്ഗാത്മകത കൊണ്ട് പൊള്ളലേറ്റു പോയി. അതിനൊരു ശമനം തേടി കുറേ അലഞ്ഞു. ചിത്രകലയില്‍ മുഴുകി നോക്കി, കുറെ യാത്രകള്‍ ചെയ്തു നോക്കി. എവിടേയും ശാന്തി കിട്ടിയിട്ടില്ല. കഥകളില്‍ സംതൃപ്തി നല്‍കിയവ തീര്‍ച്ചയായും ഉണ്ട്. പിന്നെ നോവലുകളില്‍ ‘ജിനശലഭങ്ങളുടെ വീട്’ഏതാണ്ട് സംതൃപ്തി നല്‍കിയ ഒന്നാണ്. പിന്നെ ‘ശൂന്യ മനുഷ്യര്‍’ ഞാനൊരു പാട് കരഞ്ഞെഴുതിയ നോവലാണ്. എങ്കിലും നോവല്‍ എന്ന മീഡിയത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം വേണ്ടത്ര ശ്രദ്ധാപൂര്‍വ്വം ഇതുവരെ എനിക്ക് പണിയെടുക്കാന്‍ സാധിച്ചില്ല. ഇനി അതാണ് എന്റെ ലക്‌ഷ്യം. ചിത്രകല പ്രമേയമായി വരുന്ന ‘വിശുദ്ധ ശരീരങ്ങള്‍’ എന്ന നോവല്‍ തുടങ്ങിയിട്ടുണ്ട്.
യാത്രാവിവരണങ്ങള്‍ കുറെ ചെയ്തിട്ടുണ്ട്. നാടോടികളുമായി ബന്ധപ്പെട്ട വളരെ സുപ്രധാനമായ ഇന്ത്യന്‍ യാത്രകളുടെ പുസ്തകം വരാനിരിക്കുന്നതേയുള്ളൂ. അതിനുവേണ്ട യാത്രകളൊക്കെ കഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. നമ്മുടെ എഴുത്തുകാരുടെയൊക്കെ വലിയൊരു ദുരന്തം എന്താണെന്ന് വെച്ചാല്‍ ഉപജീവനത്തിനായിട്ട് മറ്റൊരുപാട് പണികളെടുക്കേണ്ടി വരുന്നു. ഒരിക്കലും എഴുത്തോ അതിന്റെ റോയല്‍റ്റിയോ കൊണ്ട് ജീവിക്കാന്‍ കഴിയില്ല. ആയുസ്സ് മുഴുവന്‍തന്നെ മറ്റു പണികള്‍ എടുത്ത് ജീവിക്കേണ്ടി വരുന്നു. അത് കഴിഞ്ഞിട്ടുള്ള കാലത്താണ് എഴുത്തിലേക്കു വരിക. അത് നമ്മുടെ വലിയൊരു ഗതികേടാണ്. പിന്നെ എഴുത്തുകാരന് കാര്യമായി പൈസ കൊടുക്കുകയില്ല. കോളേജ് യൂണിയന്‍ ഉല്‍ഘാടനത്തിനൊക്കെ പോകുമ്പോള്‍ അനുഭവമുള്ളതാണ്. എനിക്ക് യാത്രാചിലവ് തരാന്‍ തന്നെ മടിയാണ്. അതെ സമയം ആര്‍ട്സ് ക്ലബ് ഉത്ഘാടനത്തിന് ഏതെങ്കിലും സിനിമയില്‍ മുഖം കാണിച്ചിട്ടുള്ള ആര്‍ട്ടിസ്റ്റോ, ഏതെങ്കിലും ചെറിയ സിനിമാ നടനോ ഉണ്ടാവും. അയാള്‍ വേദിയില്‍ കയറുന്നതിനു മുന്‍പുതന്നെ ഇരുപത്തയ്യായിരമോ, മുപ്പതിനായിരമോ വാങ്ങി വെച്ചിട്ടുണ്ടാവും. അത് കൊടുക്കുമ്പോള്‍ ഒരു വിഷമവുമില്ല. എഴുത്തുകാരോടുള്ള ഇപ്പോഴത്തെ ഒരു സമീപനം അത്തരത്തിലായിട്ടുണ്ട്. സത്യത്തില്‍ ഇങ്ങനെയുള്ള സിനിമാക്കാര്‍ വരുന്ന കോളേജ് വേദികളില്‍ ഞാന്‍ പങ്കെടുക്കാറില്ല. ആദ്യമേ തന്നെ കുട്ടികളോട് അക്കാര്യം ചോദിക്കും. മിക്കവർക്കും അവരോടൊത്ത് സെല്‍ഫിയെടുക്കാനും മറ്റുമാണ് താല്‍പ്പര്യം. നമ്മളവിടെ സീരിയസ് ആയിട്ട് എന്തെങ്കിലും പറഞ്ഞാല്‍ ശ്രദ്ധിക്കാന്‍ ആരുമുണ്ടാവില്ല. അത് നമ്മുടെ ദുരന്തമായിരിക്കാം. പറഞ്ഞിട്ട് കാര്യമില്ല. അത്യാവശ്യം വായിക്കുന്ന എന്റെ മകന്റെ പോലും ആദര്‍ശ പുരുഷന്മാരില്‍ ഒരാള്‍ പോലും എഴുത്തുകാരില്ല. സിനിമാ നടന്മാരാണ് അവരുടെ മുന്‍പിലുള്ള മാതൃകാ പുരുഷന്മാര്‍. എല്ലാ രാജ്യങ്ങളിലും ഇങ്ങനെയാവണം എന്നില്ല. ഉദാഹരണത്തിന് പാബ്ലോ പിക്കാസോ. അദ്ദേഹത്തിന്റെ ഒരു ശബ്ദത്തിനുവേണ്ടി കാത്തിരുന്നിരുന്നു ആളുകള്‍.
9. നിരവധി ചിത്രകലാവിമര്‍ശനഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടല്ലോ. ഇന്ത്യന്‍ ചിത്രകലയെ കുറിച്ച് ഗൗരവമായ പഠനങ്ങളൊന്നുമുണ്ടാകുന്നില്ലെന്നും സമകാലീന ഇന്ത്യനവസ്ഥയിലേക്ക് കണ്ണും കാതും തുറന്നുവെക്കുന്ന ശക്തരായ ഇന്ത്യന്‍ ചിത്രകാരന്മാര്‍ക്കു നേരെ നിരൂപകര്‍ കണ്ണടക്കുകയാണിവിടെ എന്നും ഒരു വിലയിരുത്തല്‍ മാഷ് നടത്തിയിട്ടുണ്ട്. അതുപോലെ മലയാളികള്‍ക്ക് ചിത്രസാക്ഷരത കുറവാണെന്നും. അതിനെക്കുറിച്ചൊക്കെ ?
@ വീക്കിലികളില്‍ വരുന്ന ചിത്രീകരണങ്ങളാണ് നമ്മളില്‍ വലിയ വിഭാഗം ആളുകള്‍ ചിത്രകലയായിയിട്ട് എടുക്കുന്നത് എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. വലിയ
ചിത്രകാരന്മാരെ നമുക്കിപ്പോഴും അറിഞ്ഞു കൂടാ. ഇവിടെ ഷിബു നടേശനെപ്പോലെ പുതിയ തലമുറയിലെ ചിത്രകാരന്‍മാരുണ്ട് അവരെന്താണ് ചെയ്യുന്നത് എന്ന് അന്വേഷിക്കാന്‍ പോലും നമ്മള്‍ പോകില്ല. ചെന്നൈയില്‍ ഉള്ള അച്യുതന്‍ കൂടല്ലൂര്‍, പി. ഗോപിനാഥന്‍ അവരെക്കുറിച്ചൊന്നും നമ്മുടെ ആളുകള്‍ അന്വേഷിക്കാറില്ല. ഒരുപക്ഷെ അത് അവരുടെകൂടി കുഴപ്പമായിരിക്കാം. ജനങ്ങളിലേക്ക് അവരുടെ ചിത്രകല എത്തിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയതായിരിക്കാം. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല.. പക്ഷെ വാസ്തവം ഞാന്‍ പറയുകയാണ്. വലിയൊരു വിഭാഗം അതിപ്രഗല്‍ഭരായ
ചിത്രകാരന്മാരെ ആര്‍ക്കും പരിചിതമല്ല. മറിച്ച് കൊച്ചി ബിനാലെ വന്നതോടു കൂടി കൂടി ഇന്‍സ്റ്റലേഷന്‍ എന്ന വാക്ക് എല്ലാവര്‍ക്കും അറിയാം. കൊച്ചി ബിനാലെക്കു ശേഷമാണ് ലോകത്ത് ഇന്‍സ്റ്റലേഷന്‍ കണ്ടെത്തിയത് എന്ന മട്ടില്‍ അതെന്തോ വലിയ സംഭവമാണെന്ന വിചാരത്തിലാണ് ആള്‍ക്കാര്‍. എല്ലാക്കാലത്തും ഒരു ഓളമുണ്ട്. അതില്‍ പെടുന്നതാണ് അതും. ആയിരത്തിത്തൊള്ളായിരത്തി പതിനേഴിലോ പതിനെട്ടിലോ ആണ് കമ്മോഡ് ഉപയോഗിച്ചുകൊണ്ട് ഡാഡായിസ്റ്റ് ചിത്രകാരനും ശില്‍പ്പിയുമായിരുന്ന മാര്‍ഷല്‍ ദുഷാമ്പിന്റെ പ്രശസ്തമായ ഇന്‍സ്റ്റലേഷന്‍ വരുന്നത്. അല്ലാതെ ഇന്‍സ്റ്റലേഷന്‍ എന്നത് ബിനാലെയില്‍ വെച്ച് കണ്ടുപിടിച്ചതൊന്നുമല്ല. ചിലരൊക്കെ ലേഖനങ്ങളിലും മറ്റും അത്തരത്തില്‍
അസ്ഥാനത്ത് ആ വാക്ക് ഉപയോഗിച്ച് കണ്ടു. അതുപോലെ ചിത്രകലയിലെ ഒരു മീഡിയം മാത്രമായ അക്രിലിക് എന്ന വാക്ക്. അതൊരു ചിത്രകലാസങ്കേതമാണ് എന്ന മട്ടില്‍ ചിലര്‍ ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ഒരാള്‍ പറഞ്ഞത് എല്ലാ കൊല്ലവും നമുക്ക് നമ്മുടെ നാട്ടില്‍ ബിനാലെ സംഘടിപ്പിക്കണം എന്നാണ്.. ബിനാലെ എന്നത് രണ്ടുകൊല്ലം കൂടുമ്പോള്‍ നടത്തുന്നതാണെന്ന് പോലും ആള്‍ക്കാര്‍ക്ക് അറിയില്ല. ഇങ്ങനെ ഒരുപാട് അജ്ഞതയുടെ നടുവിലാണ് ആളുകള്‍ കഴിയുന്നത്. ഞാന്‍ പത്തിരുപതു വര്‍ഷക്കാലം നിഷ്കര്‍ഷിച്ചു പഠിച്ചതാണ് കലാചരിത്രം. ചിത്രകലയെ സംബന്ധിച്ചിടത്തോളം ഞാനിപ്പോള്‍ ഒരു ചര്‍ച്ചയ്ക്കു പോലും പോകാറില്ല. തുറന്നു പറയട്ടെ, താഴെത്തട്ടില്‍ അത്രമേല്‍ അജ്ഞരാണ് ആളുകള്‍. നിരൂപകര്‍ കണ്ണടക്കുന്നത്, അവര്‍ക്കും ഇതിനെപ്പറ്റി അറിവില്ലാത്തത് കൊണ്ടുതന്നെയാണ്. റെംബ്രാണ്ടിന്റെ ഒരു ചിത്രം പകര്‍പ്പെടുത്തു വെച്ചാല്‍, അത് റെംബ്രാണ്ട് ചിത്രത്തിന്റെ പകര്‍പ്പാണ് എന്ന് പോലും അറിയാതെ ചിത്രനിരക്ഷരരായി നില്‍ക്കേണ്ടി വരുന്നു എന്നതാണ് നമ്മുടെ നാട്ടിലെ കുഴപ്പം.. അതൊക്കെ വളരെ വിഷമം തോന്നുന്ന കാര്യങ്ങളാണ്.
നമ്മുടെ നാട്ടില്‍ പഞ്ചായത്തുതലം തൊട്ടു തന്നെ ചിത്രകലാപ്രദര്‍ശനങ്ങള്‍ വരണം എന്നതാണ് ഇതിനൊരു പോംവഴിയായിട്ടു തോന്നുന്നത്. പിന്നെ ഒരു വിഷയം വരുമ്പോള്‍ ഇവിടെയാരും ചിത്രകാരനോടു പ്രതികരണം ചോദിക്കാറില്ല. മറ്റു കലാകാരന്മാരോടു ചോദിക്കുന്നതു പോലെ അവരോടും പ്രതികരണം ചോദിക്കണം. മറ്റ് എഴുത്തുകാരുടെ അത്രപോലും പൊതുരംഗത്ത് ചിത്രകാരന്മാരെ പങ്കെടുപ്പിക്കുന്നില്ല. ചിലപ്പോള്‍ ഫാസിസത്തിനെതിരേയുള്ള സമരങ്ങളില്‍ തെരുവില്‍ ചിത്രം വരക്കാനായിട്ട് അവരെ വിളിക്കാറുണ്ടെന്നതല്ലാതെ. അതുകഴിഞ്ഞാല്‍ ആ കാന്‍ വാസ് അങ്ങനെതന്നെ കളയും. തെരുവില്‍ തത്സമയം ചിത്രം വരയ്ക്കുന്നവര്‍ക്ക് കുറച്ചു പ്രശസ്തി ഉണ്ടാവും. പക്ഷെ അതല്ല, അത്തരം വരയോ ചിത്രീകരണമോ അല്ല കല. അതെല്ലാം അതിന്റെ ചെറിയൊരു ഭാഗം മാത്രം.
10. മലയാള സാഹിത്യലോകത്ത് അറുപതുകളില്‍ മുകുന്ദന്, ഒ.വി വിജയന്, കാക്കനാടന്‍, പുനത്തില്‍ തുടങ്ങിയവരോടൊപ്പം കടന്നു വന്നതാണ് ആധുനികത. മലയാളത്തെ സംബന്ധിച്ചിടത്തോളം ആധുനികത വെറുമൊരു വിഭ്രാത്മകശബ്ദമായിരുന്നു എന്ന് ഇടയ്ക്കൊരു പറച്ചില്‍ ഉണ്ടായിരുന്നു. പക്ഷെ അതിനെ നിഷേധിച്ചു കൊണ്ട്, പ്രമേയങ്ങളിലും ആഖ്യാനത്തിലും പുതുരീതികളുമായി ശ്രദ്ധേയമായ, ശക്തമായ രചനകളുമായി ആധുനീകനന്തര മലയാള സാഹിത്യത്തിലേക്ക് മാഷും മാഷിന്റെ സമകാലികരും കടന്നു വന്നു. കഥാരചനയിലെ അല്ലെങ്കില്‍ പൊതുവേ ചെറുകഥാ നോവല്‍ രംഗത്തെ പുതുരീതികളെ എങ്ങനെ കാണുന്നു?
@ യഥാര്‍ത്ഥത്തില്‍ ആധുനികര്‍ ആണ് രചനകളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്. മുകുന്ദന്റെ, അല്ലെങ്കില്‍ കാക്കനാടന്റെ കൃതികളിലെല്ലാം അത്തരം പലതരം സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. മുകുന്ദന്റെ പല നോവലുകളിലും ചിത്രകലയിലെ ദാദാ പ്രസ്ഥാനത്തിന്റെ സ്വാധീനങ്ങളൊക്കെ വളരെ പ്രകടമായിട്ട് കിടക്കുന്നത് കാണാം. കാരണം ഫ്രഞ്ച് ചിത്രകലയെക്കുറിച്ചും ലോകചിത്രകലയെക്കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. അതൊക്കെ കഥകളില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. താന്ത്രിക് ചിത്രകലയുടെ ഭാഷയുപയോഗിച്ചുകൊണ്ട് കഥയെഴുതാന്‍ പറ്റുമോ എന്നുള്ള അന്വേഷണം കാക്കനാടന്‍, ‘ശ്രീചക്രം’ പോലുള്ള കഥകളെഴുതുമ്പോള്‍ നടത്തിയിട്ടുണ്ട്. എം.പി
നാരായണപിള്ളയുടെ ‘മുരുകന്‍ എന്ന പാമ്പാട്ടി’ പോലുള്ള കഥകളിലും ഉണ്ട്. മേതിലിന്റെ കഥകളിലും കവിതകളിലുമൊക്കെ പോപ് ചിത്രകലാരീതിയുടെ സ്വാധീനം പ്രകടമായിട്ടു കാണാന്‍ സാധിക്കും. കാരണം അവര്‍ക്കൊക്കെ ഇത്തരത്തിലുള്ള അവബോധം ഉണ്ടായിരുന്നു. ആ ഒരു കാലഘട്ടത്തില്‍ അവരെല്ലാം നടത്തിയിട്ടുള്ള ഇത്തരം പരീക്ഷണങ്ങള്‍ അനവധിയാണ്. ഗൃഹാതുരത്വം പറയുന്നു എന്ന് എന്റെ സമകാലികര്‍ എന്നെ പഴി പറയുമായിരിക്കാം. എങ്കിലും ഞാന്‍ തുറന്നു പറയട്ടെ, എന്നെ ഏറ്റവും മോഹിപ്പിച്ചിട്ടുള്ള ചെറുകഥകള്‍ ആരുടെ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ എന്റെ തലമുറയില്‍ നിന്ന് എണ്ണുന്നതിലേറെ ഞാന്‍ എണ്ണുക തീര്‍ച്ചയായിട്ടും പട്ടത്തുവിളയുടെയും കാക്കനാടന്റെയും വി. പി. ശിവകുമാറിന്റെയും പോലെയുള്ള ഒരു നിര എഴുത്തുകാരുടേതായിരിക്കും. അതുപോലെതന്നെ ടി. ആറിന്റെ ‘ഒരു പുതിയ ക്രമം’ എന്ന കഥ എന്നുമെന്നും എന്റെ വിസ്മയമാണ്. അവിടെയൊന്നും എത്തിപ്പെടാന്‍ ഇന്നും എനിക്ക് കഴിഞ്ഞിട്ടില്ല എന്ന തോന്നല്‍ ഉണ്ട്. വി. പി. ശിവകുമാറിന്റെ ‘പ്രതിഷ്ഠ’ പോലൊരു കഥ എഴുതാനുള്ള ത്രാണി കിട്ടാനായി കാലത്തോട് പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് വി.പി.ശിവകുമാറിനെ പറ്റി ഒരിക്കല്‍ ഞാനെഴുതിയപ്പോള്‍ പറഞ്ഞിട്ടുണ്ട്. കഥകളിലെ എന്റെ മഹാവിസ്മയങ്ങള്‍ ഇപ്പോഴും അതൊക്കെ തന്നെ. ആളുകള്‍ വല്ലാതെ വിമര്‍ശിക്കുമായിരിക്കും, എങ്കിലും ഒരു കാര്യം പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല. എഴുപതുകളിലും
എണ്‍പതുകളിലും പൈങ്കിളി എന്നൊക്കെ പറഞ്ഞ് എഴുതപ്പെട്ടിട്ടുള്ള പലതുമുണ്ട്. ഇന്ന് അതേ മട്ടിലുള്ള എഴുത്ത് മഹത്തായ സാധനങ്ങള്‍ ആയി മാറുന്നുണ്ടോ എന്നെനിക്ക് ഭയമുണ്ട്. വളരെ ഉപരിപ്ലവമായ എഴുത്ത് കാണാനുണ്ട്. ഒരുപക്ഷെ അതായിരിക്കും പുതിയ കാലഘട്ടത്തിന്റെ എഴുത്ത്. ഞങ്ങളുടെ ഫിലോസഫി ഉപരിപ്ലവമാണ് എന്നൊക്കെ അവര്‍ പറയുമായിരിക്കും. പരീക്ഷണകൃതികള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. എങ്കില്‍ത്തന്നെയും അന്നുകാലത്ത് വെറും ഫോണ്‍കോള്‍ മാത്രം ഉപയോഗിച്ച് പട്ടത്തുവിളയൊക്കെ നടത്തിയിട്ടുള്ള പരീക്ഷണങ്ങള്‍ നമ്മള്‍ ഓര്‍ക്കണം. നമ്മള്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. പുതിയ കാലത്തെ പരീക്ഷണങ്ങള്‍ ഒന്നും തന്നെ എന്നെ വിസ്മയിപ്പിക്കുന്നില്ല. പരീക്ഷണങ്ങള്‍ കൂടുതല്‍ നടന്നിട്ടുള്ളത് ആധുനികരുടെ കാലഘട്ടത്തില്‍ തന്നെയാണ്. മേതില്‍, കഥകളില്‍ രൂപപരമായി നടത്തിയതു പോലെയുള്ള പരീക്ഷണങ്ങള്‍ ആരിവിടെ ചെയ്തിട്ടുണ്ട്? ഇപ്പോള്‍ കഥകള്‍ കുറേക്കൂടി പ്രമേയബന്ധിതമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രൂപപരമല്ല. സമീപകാലത്ത് കഥകളിലെ ആഖ്യാനരീതിയെ അടിസ്ഥാനമാക്കിയോ അതിലെ ഭാഷാപരമായ സവിശേഷതകളെ സംബന്ധിച്ചോ ഉള്ള ഒന്നും തന്നെ ചര്‍ച്ചക്ക് വന്നിട്ടില്ല. ഞാനല്‍പ്പം കളിയാക്കിത്തന്നെ പറയട്ടെ, വലിയൊരു വിഭാഗം എഴുത്തുകാരെങ്കിലും ഉള്ളില്‍ പ്രാര്‍ഥിക്കുന്നില്ലേ ആര്‍എസ്സെസ്സിന്റെ ഒരു ഭീഷണി കിട്ടി എനിക്കൊന്നു രക്ഷപ്പെടണേ ദൈവമേ… എന്ന്? സത്യത്തില്‍ ആറെസ്സെസ്സുകാരുടെ ഭീഷണിയാണോ ഒരു കൃതിയുടെ മഹത്വം നിശ്ചയിക്കേണ്ടത്? അല്ല, അതിനൊരുപാടു ഘടകങ്ങളുണ്ട്. നിങ്ങള്‍ തീര്‍ച്ചയായും ഗൌരവമായിട്ട് ഫാസിസത്തെ എതിര്‍ത്തു കൊണ്ട് എഴുതണം. പക്ഷേ ഫാസിസ്റ്റുകളുടെ ഭാഗത്ത് നിന്ന് ആക്രമണം വരുന്നു എന്നതു മാത്രമായിരിക്കരുത് ആ കൃതിയുടെ മഹത്വം നിശ്ചയിക്കുന്ന ഘടകം. ആര്‍ എസ്സ് എസ്സ് എതിര്‍ത്തു എന്നു പറഞ്ഞിട്ട് ഒരു ക്ഷുദ്രകൃതി സാഹിത്യത്തില്‍ ചര്‍ച്ച ചെയ്തിട്ടെന്താ കാര്യം? അത് സാഹിത്യത്തിനു ഗുണം ചെയ്യില്ല. ഞാനെന്റെ ആന്റിഫാസിസ്റ്റ് സംഭവങ്ങള്‍ എല്ലാംതന്നെ എന്റെ പ്രഭാഷണങ്ങളിലോ മറ്റെന്തെങ്കിലും കമന്റുകളിലോ ആണ് ഉപയോഗിക്കുന്നത്. കലയിലേക്ക് അവയെ അധികം കൊണ്ടുവരാറില്ല. കാരണം എനിക്ക് ഒരു ചെറുകഥ അല്ലെങ്കില്‍ നോവല്‍ എന്നാല്‍ അത് മാത്രമൊന്നുമല്ല. എന്റെ ഒരുതരം ആത്മാന്വേഷണങ്ങള്‍ കൂടിയാണ് എന്റെ കൃതികള്‍. അല്ലാതെ നേരിട്ട് കാലഘട്ടത്തോടു പ്രതികരിക്കുന്ന സാഹിത്യരചനകളോട് വലിയ താല്‍പ്പര്യമില്ല.
11. ഒരു കൃതി രചിക്കുമ്പോള്‍- കഥയായാലും നോവലായാലും അതിന്റെ ആഖ്യാനതന്ത്രങ്ങള്‍ പ്രധാനമാണ്. പറയുന്ന ഒരു കഥയിലേക്ക് വായനക്കാരനെക്കൂടി ഇറക്കിക്കൊണ്ടു വരാനായിട്ട് എന്തെങ്കിലും തന്ത്രങ്ങള്‍ സ്വീകരിക്കാരുണ്ടോ?
ഉണ്ട്. ഞാനൊരുപാട് ആഖ്യാനതന്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. ‘ബ്ലഡ് ഹൌസ്’ പോലെ അക്രമം പ്രമേയമായ കഥ എഴുതുന്ന സമയത്തൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. പിന്നെ എന്റെ പ്രഭാഷണം അങ്ങനെ തന്നെ ഞാന്‍ കഥയാക്കിയിട്ടുണ്ട്. ‘ശൂന്യമനുഷ്യര്‍’ എന്ന നോവലിലെ ‘വിശ്വാസം, വിപ്ലവം, വിഷാദം’ എന്ന ഭാഗം ഒരു യാത്രാവിവരണമാണ് ആണ്. യാത്രാവിവരണത്തിന്റെ ഘടനയിലാണ് അതെഴുതിയിട്ടുള്ളത്.
പക്ഷെ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, എല്ലാവരും എന്നെ ഗൃഹാതുരത്വം പറയുന്ന ആള്‍ എന്ന് കളിയാക്കിയേക്കാം എങ്കിലും ഞാന്‍ പറയട്ടെ, കത്തുകളും ഡയറിക്കുറിപ്പുകളും ഒക്കെ
ഉപയോഗിച്ച് കെ.സുരേന്ദ്രന്റെ ‘മരണം ദുര്‍ബലം’ എന്ന നോവലൊക്കെ വന്നത് ഏതു കാലത്താണ് ? നമ്മള്‍ ഒന്നു പിന്തിരിഞ്ഞും നോക്കണമല്ലോ. വി. പി. ശിവകുമാറും പട്ടത്തുവിളയുമൊക്കെ കൃതികളില്‍ ആഖ്യാനതന്ത്രങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. പട്ടത്തുവിള കരുണാകരന്‍ ഫോണ്‍കോളിന്റെ സങ്കേതം ഉപയോഗിച്ച് കൊണ്ട് കഥ രചിച്ചിട്ടുണ്ട്. ഒരു ഫോണ്‍ കോളിന്റെ ഘടനയാണ് ആ കഥയ്ക്ക്. വി.പി.ശിവകുമാര്‍ ആഖ്യാന തന്ത്രങ്ങള്‍ സ്വീകരിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത് അദ്ദേഹം ലോകചെറുകഥയിലെ ഏറ്റവും അസാധാരണനായ, വിസ്മയങ്ങളുണ്ടാക്കിയിട്ടുള്ള എഴുത്തുകാരനായ ബോര്‍ഹസിന്റെ കഥകളെ മലയാളത്തിനു പരിചയപ്പെടുത്തി. പഞ്ചതന്ത്രത്തിന്റെ ആഖ്യാനത്തെ പുതിയ കാലഘട്ടത്തില്‍ പരീക്ഷിച്ചു നോക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. മിത്തോളജി തന്നെ ഒരു പ്രത്യേകരീതിയില്‍ ‘കരയോഗം’ പോലുള്ള കഥകളില്‍ പരീക്ഷിച്ചു.
പക്ഷെ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി, ഒരു പരീക്ഷണങ്ങളും ഇല്ലാതെയും വലിയ കഥകള്‍ ഉണ്ടായിട്ടുണ്ട്. രൂപപരമായ പരീക്ഷണങ്ങളില്‍ ഒന്നും അഭിരമിക്കാതെ
വ്യഥിതമായ അന്വേഷണങ്ങളുമായി നടന്ന ഒരു കഥാകാരന്‍ ഉണ്ടായിരുന്നു, സി.വി.ശ്രീരാമന്‍. എക്കാലത്തും എന്നെ അത്ഭുതപ്പെടുത്തിയ കുറെയേറെ കഥകള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. അദ്ദേഹമൊന്നും ഒരു തരത്തിലുള്ള രൂപപരമായ പരീക്ഷണങ്ങളും നടത്തിയിട്ടില്ല. വളരെ സാമ്പ്രദായികമായ കഥകള്‍. പക്ഷെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും കഥകളിലെ ദാര്‍ശനികതയും കൊണ്ടു മാത്രം അവ അസാധാരണങ്ങളായി മാറി. അതുപോലെ ടി. പത്മനാഭനും വലിയ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല. ‘ശേഖൂട്ടി’യും, ‘മഖന്‍ സിംഗിന്റെ മരണ’വുമെല്ലാം ഇന്നും എന്നെ ഉലയ്ക്കുന്ന കഥകളാണ്. അപ്പോള്‍ ആഖ്യാനതന്ത്രങ്ങളൊന്നുമല്ല കാര്യം. ഇങ്ങനെയായാലെ കഥയാവൂ എന്നൊന്നും പറയാന്‍ പറ്റില്ല. വിക്ടർ ലീനസിനെപ്പോലെ വളരെ കുറച്ചു കഥകളെഴുതി കടന്നു പോയവരുണ്ട്. കൂടാതെ നമ്മള്‍ തീരെ വിസ്മരിക്കരുതാത്തൊരു എഴുത്തുകാരനാണ്
എസ്.വി.വേണുഗോപന്‍ നായര്‍. അദ്ദേഹം നാടോടിപ്പാട്ടുകളുടെ ഘടനയില്‍ കഥകളെഴുതി. സത്യത്തില്‍ അദ്ദേഹത്തിന്റെ കഥകള്‍ വര്‍ത്തമാനകാലഘട്ടത്തില്‍ ചര്‍ച്ച ചെയ്യുന്നില്ല എന്നത് എന്റെ ഏറ്റവും വലിയ വേദനയാണ്. പുതിയ കാലം പഴയ എഴുത്തുകാരെയും അവരുടെ സംഭാവനകളെയും വല്ലാതെ തമസ്കരിക്കുന്നു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇതെല്ലാം പറയാന്‍ കാരണം, ഞാന്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ തൊട്ട് ഇങ്ങേ അറ്റം വരെ കഥയുടെ ആഖ്യാനം സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളതു കൊണ്ടാണ്. വി. എം. ദേവദാസിനെപ്പോലെ, വിനോയ് തോമസിനെപ്പോലെ, ഫ്രാന്‍സിസ്
നെറോണയെപ്പോലെയൊക്കെ പുതിയ തലമുറയിലും മിടുക്കന്മാരായ എഴുത്തുകാരുണ്ട്. മികച്ച എഴുത്തുകാര്‍ എല്ലാ കാലത്തുമുണ്ട്. നമ്മുടെ തലമുറയില്‍ ഇല്ലെങ്കില്‍ ഇന്നയിന്ന തലമുറയിലാണ് മികച്ച സാഹിത്യം ഉള്ളത് എന്ന് പറയുന്നത് ശരിയല്ല. എല്ലാ കാലത്തും പുതിയ സാഹിത്യം വരും, മിടുക്കന്മാര്‍ വരും. അവര്‍ പുതിയ രീതികള്‍ കൊണ്ടു തന്നെ അവരവരുടെ ഇടങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യും.
12. ഒ. വി വിജയനോടുള്ള സ്നേഹത്തെപ്പറ്റി കേട്ടിട്ടുണ്ട്. ഖസാക്കിന്‍റെ ഇതിഹാസത്തിലെ രവിയുടെ ഇതിഹാസാനന്തര ജീവിതത്തെ പ്രമേയമാക്കി ഒരു കഥ പോലും രചിച്ചിട്ടുണ്ട്. അതല്ലാതെ സാഹിത്യലോകത്ത് ആരാധനയോ സ്നേഹമോ തോന്നിയ വേറെ ആരെങ്കിലും ?
@ തീര്‍ച്ചയായും. ‘സുന്ദരികളും സുന്ദരന്മാരും’. അത് ഇരുപത്തിയഞ്ച് തവണ വായിച്ചിട്ടുണ്ട്. വിശ്വനാഥനും രാധയും ഇന്നും എന്റെ ജീവിതത്തില്‍ ഉണ്ട്. എന്റെ മുന്നിലുള്ള എന്നത്തേയും ഒരു മഹാവിസ്മയങ്ങളില്‍ ഒന്ന് സുന്ദരികളും സുന്ദരന്മാരും ആണ്. അത്രക്കൊന്നും എന്റെ തലമുറയിലെ ആരുടേയും, എന്റെ കൃതികള്‍ പോലും എനിക്കിഷ്ടമായിട്ടില്ല.
പിന്നെ പ്രമേയങ്ങളെ പരിചരിക്കുന്ന രീതിയില്‍ എന്റെ മാനസ ഗുരുനാഥന്‍ ആനന്ദാണ്. എന്റെ കൃതികളിലെ പാന്‍ ഇന്ത്യന്‍ സംഭവം കൊണ്ടുവരുന്നതില്‍ എനിക്കേറ്റവും മാതൃക ആനന്ദാണ്. ഞാന്‍ സഞ്ചരിച്ചിട്ടുള്ള ദേശങ്ങള്‍ മുഴുവനും എന്റെ കൃതികളില്‍ കടന്നുവരാറുണ്ട്. ആനന്ദിന്റെ കഥകള്‍ മുഴുവന്‍ അങ്ങനെയാണല്ലോ. കേരളവും, മലയാളികളായ കഥാപാത്രങ്ങള്‍ തന്നെയും അദ്ദേഹത്തിന്റെ കഥകളില്‍ കുറവാണ്. ആ ഒരു അര്‍ത്ഥത്തില്‍. വിജയന്‍റെ മിസ്റ്റിസിസവും ആത്മീയതയും ആനന്ദിന്റെ ചരിത്രവും, പൌരാണികതയും നരവംശശാസ്ത്രപരമായുള്ള ആഖ്യാനങ്ങളും- ഇതിന്റെയെല്ലാമൊരു ഒരു കൂട്ടാണ് എനിക്കേറ്റവും ഇഷ്ടം. യഥാര്‍ത്ഥത്തില്‍ എന്റെ മാനസ ഗുരുനാഥന്‍ എന്ന് പറയുന്നത് ആനന്ദും വിജയനും ചേര്‍ന്ന മറ്റൊരു ബിംബമാണ്.
13. ആത്മീയ അന്വേഷണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ‘ശൂന്യമനുഷ്യര്‍’ പോലുള്ള കൃതികള്‍ രചിച്ചിട്ടുണ്ട്. നബിയിലേക്കും ബുദ്ധനിലേക്കുമുള്ള വഴിയിലൂടെ ധാരാളം മുന്നോട്ടു പോയിട്ടുമുണ്ട്. ഒരു ആത്മീയവെളിച്ചം എല്ലായ്പ്പോഴും കൂടെ കൊണ്ടു നടക്കുന്നുണ്ടല്ലോ. ഈ ആത്മീയ അന്വേഷണങ്ങള്‍ക്ക് സമകാലിക സാഹചര്യങ്ങളിലെ പ്രസക്തിയെക്കുറിച്ച് എന്തു പറയുന്നു ?
@ കള്ളസ്വാമിമാരുടേയും ഉഡായിപ്പുകളുടേയും കേന്ദ്രമാണ് എന്നതുകൊണ്ട് ആത്മീയത എന്നത് വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ്. ബുദ്ധന് ആദ്യമായിട്ട് കാവി വസ്ത്രം കിട്ടിയതിന്റെ രസകരമായ ഒരു കഥയുണ്ട്. ബുദ്ധന്‍ യഥാര്‍ത്ഥത്തില്‍ സന്യാസപാതയിലേക്കു പോകാനായി വീട്ടില്‍ നിന്നിറങ്ങിയതൊന്നുമല്ല എന്ന് അംബേദ്‌കര്‍ പറയുന്നുണ്ട്. ഗൌതമ ഗോത്രത്തില്‍ രോഹിണി നദിയിലെ വെള്ളത്തെക്കുറിച്ചൊരു തര്‍ക്കം വന്നു. ഗൌതമഗോത്രത്തിന്റെ രീതി അനുസരിച്ച് രാജാവ് നേരിട്ട് യുദ്ധത്തിനിറങ്ങണം. സര്‍വ്വ സൈന്യാധിപന്‍ പറഞ്ഞാല്‍ രാജാവ് കേട്ടേ പറ്റൂ. യുദ്ധരീതികളും എല്ലാ ആയോധനമുറകളും പഠിച്ച രാജാവിന് പക്ഷേ, യുദ്ധം ചെയ്യാനും കൊല്ലാനും വയ്യ. ഞാനും അതുതന്നെയാണ് പറയുന്നത്. കൊല്ലുന്നത് കേള്‍ക്കാന്‍ വയ്യ. നിങ്ങള്‍ക്ക് കൊലപാതകങ്ങളെ പ്രത്യയ ശാസ്ത്രപരമായിട്ടു ന്യായീകരിക്കാം. പക്ഷെ ഞാന്‍ ന്യായീകരിക്കാനില്ല. വീഴുന്ന ഓരോ തുള്ളി ചോരയും അത് ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആയാലും കൊള്ളാം- ഓരോ തുള്ളി ചോരയുടെ ചുറ്റും അനാഥമായ കണ്ണീരിന്റെ ഒരു വലയമാണ് ഞാന്‍ കാണുന്നത്. അത് മാത്രമേ ഞാന്‍ കാണുന്നുള്ളൂ. പ്രത്യയശാസ്ത്രങ്ങള്‍ക്കു വേണ്ടി കൊലപാതകങ്ങളെ ന്യായീകരിക്കുന്നവര്‍ക്ക് ന്യായീകരിക്കാം. പക്ഷെ എനിക്ക് ന്യായീകരിക്കാന്‍ വയ്യ.. കണ്ണീരു മാത്രമേ ഞാനതില്‍ കാണുന്നുള്ളൂ. അതുപോലെ ഗൌതമഗോത്ര രാജാവും കൊല്ലാന്‍ വയ്യ എന്നു പറഞ്ഞ്, കൊട്ടാരത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ വേണ്ടി ഒരു കാട്ടിലെത്തുകയും അവിടെ മൃഗങ്ങളെ വേട്ടയാടുന്ന കാവിയണിഞ്ഞ ഒരാളെ കണ്ട് അത്ഭുതപ്പെടുകയും അതൊരു കള്ളനാണെന്നറിഞ്ഞ് അയാളുടെ കഥ ചോദിച്ചറിയുകയും ചെയ്തു. ആ കള്ളന്‍ ഒരു യഥാര്‍ത്ഥ സന്യാസിയുടെ അടുത്തുനിന്നും മോഷ്ടിച്ചതായിരുന്നു ആ കാവി വസ്ത്രം. മൃഗങ്ങള്‍ കാവി വസ്ത്രം കണ്ട് സന്യാസിയുടെ അടുത്ത് വരുന്നത് കണ്ടിട്ടായിരുന്നു മൃഗങ്ങളെ പിടിക്കാനുള്ള എളുപ്പമാര്‍ഗ്ഗമായിട്ട് കള്ളന്‍ സന്യാസിയുടെ കാവി മോഷ്ടിച്ചത്. അതു കേട്ട ബുദ്ധന്‍ തന്റെ രാജവസ്ത്രങ്ങള്‍ കള്ളനു കൊടുത്ത് കാവി സ്വീകരിച്ചു എന്നാണു കഥ. സത്യത്തില്‍ ഇന്ത്യ മഹാരാജ്യത്തിലെ കാവി ഏതാണ്ട് ആ കള്ളന്റെ കാവിയാണ്. ആ കള്ളന്റെ കാവി എടുത്ത് വീണ്ടും വിവേകാനന്ദനു തന്നെ തിരിച്ച് കൊടുക്കണം എന്നാണു ഞാന്‍ പറയുന്നത്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ യോഗി ആദിത്യനാഥില്‍ നിന്ന് കാവി വാങ്ങിച്ച് വിവേകാനന്ദന് തിരിച്ച് കൊടുക്കണം. ആ ഒരു തരത്തിലാണ് ഞാന്‍ ആത്മീയതയെ നിര്‍വചിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ആരു പറഞ്ഞിട്ടായാലും, ഒരു കത്തിയെടുത്തു കുത്താന്‍ ചെല്ലുമ്പോള്‍ ഉള്ളില്‍ നിന്നൊരാള്‍ കടന്നു വന്നിട്ട് പറയണം കത്തി താഴെ വെയ്ക്ക് എന്ന്. ഏതു പ്രഖ്യാപനങ്ങള്‍ വന്നാലും കണ്ണുനീരെനിക്ക് കാണാന്‍ വയ്യ എന്ന് ഉള്ളില്‍ നിന്നൊരാള്‍ വന്ന് കൈ പിടിച്ചു നിര്‍ത്തണം. അതാണ് ഞാന്‍ അര്‍ത്ഥമാക്കുന്ന ആത്മീയത. പിന്നെ ഹിംസക്കൊരുപാട് തലങ്ങളുണ്ട്. റിപ്പര്‍ക്ക് ആള്‍ക്കാരുടെ തലക്കടിക്കുമ്പോള്‍ ആത്മീയമായ ഒരു സുഖമുണ്ടാവുന്നുണ്ട്. അതുപോലെ അക്രമം നേരിടുന്ന ഇര പിടയുമ്പോള്‍ ലൈംഗികമായ സുഖം അനുഭവിക്കുന്ന കുറ്റവാളികള്‍ ഉണ്ട്. ഇത്തരത്തില്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ഒരുപാടു തരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ട്. തോക്ക് കൊണ്ട് ഒറ്റ വെടിക്ക് കൊല്ലാതെ ശരീരത്തില്‍ വെട്ടി വെട്ടി മുറിവേല്‍പ്പിച്ചു കൊല്ലുമ്പോള്‍ കിട്ടുന്ന വല്ലാത്ത തരത്തിലുള്ള അനുഭൂതികള്‍. ആ അനുഭൂതികളെ പ്രത്യയശാസ്തവല്‍ക്കരിക്കരുത് എന്ന ഒരു അപേക്ഷയാണെനിക്കുള്ളത്. പാവം മനുഷ്യര്‍ ജീവിച്ചു പൊയ്ക്കോട്ടെ എന്നും അവര്‍ ഏതു കൊടിയുടെ കീഴില്‍ നില്‍ക്കുന്നവരായാലും ജീവിക്കാന്‍ വിടുകയാണു വേണ്ടത് എന്നൊക്കെയുമുള്ള അന്വേഷണങ്ങളില്‍ നിന്നാണ് ആത്മീയത ഉണ്ടായി വരേണ്ടത്. ഞാന്‍ പണ്ടേ ആ പാതയിലാണ്. എനിക്കേറ്റവും ഇഷ്ടം ബുദ്ധനെയാണ്. ബുദ്ധമതത്തിലേക്ക് മാറിയിട്ടില്ല എന്നേയുള്ളൂ. ബുദ്ധവഴികളിലൂടെ ധാരാളം നടന്നിട്ടുണ്ട്. അത് ഇപ്പോള്‍ ഉണ്ടായി വന്നതല്ല. തുടക്കത്തിലെ ഉണ്ട്. എന്റെ ധാരാളം കൃതികളില്‍ ഇത്തരം ഘടകങ്ങള്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകൊണ്ടൊക്കെ ഉണ്ട്. എന്റേത് അവനവനിലേക്കു തന്നെ തിരിഞ്ഞു നോക്കുന്ന തരം ആത്മീയതയാണ്. അല്ലാതെ മതഗ്രന്ഥങ്ങളിലും മറ്റും പറയുന്ന തരത്തിലുള്ളതല്ല. ഇന്ത്യയിലുള്ള ഒരു ആത്മീയസംഘനകളുമായും എനിക്ക് യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല.
14. അങ്ങനെയാണെങ്കില്‍, മാര്‍ക്സിസം എന്ന ഭൗതിക ദര്‍ശനത്തിന് ആത്മീയ മൂല്യങ്ങളുടെ അടിത്തറ കൂടി വേണം എന്നും കേവലം ഭൗതിക ദര്‍ശനം കൊണ്ട് മാത്രം മനുഷ്യന് ഗുണപരമായ ജീവിതം സാധ്യമല്ല, ഭൗതിക ജീവിത ഗുണതയും ആത്മീയ ജീവിത ഗുണതയും സമന്വയിക്കണം എന്നുമൊക്കെയുള്ള എം. പി. പരമേശ്വരന്റെ നാലാം ലോകസങ്കല്‍പ്പത്തിന്റെ ഇപ്പോഴത്തെ പ്രസക്തിയെക്കുറിച്ച് എന്തുപറയാനുണ്ട് ?
@ നമ്മുടെ വര്‍ത്തമാനകാലത്തെ ഒരു ജീര്‍ണ്ണതയും ഭൂതകാലമഹിമ കൊണ്ട് മറികടക്കാന്‍ കഴിയില്ല. മാര്‍ക്സിസം രൂപം കൊണ്ട കാലത്തു നിന്നും, ഇപ്പോള്‍ മാര്‍ക്സിസം പോലുള്ള ആശയങ്ങള്‍ക്ക് വന്നിട്ടുള്ള വലിയ ഒരു പരിമിതി നമ്മള്‍ തിരിച്ചറിയണം. പാര്‍ട്ടിയില്‍ ഇപ്പോള്‍ ചെഗുവേരയുടെ ചിത്രം മാത്രമേ ഉള്ളൂ. അദ്ദേഹത്തിന്റെ ആശയത്തെ മുന്നോട്ടു കൊണ്ടു പോകുന്നില്ല. ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത് അവരുടെ പഴയ പോരാട്ടങ്ങളുടെ ഗൃഹാതുരത്വം ഗംഭീരമായിട്ടു പറയുകയും ആ പോരാട്ടത്തിന്റെതായ യാതൊരു തരത്തിലുള്ള മേന്മകളും അവരുടെ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കൊണ്ടുനടക്കാതിരിക്കുകയും ആണ്. ആ നിലക്ക് ഇടതുപക്ഷക്കാര്‍ തന്നെ അതില്‍ നിന്നുകൊണ്ട് ബദല്‍ അന്വേഷണങ്ങള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്, നവീകരിക്കേണ്ടതുണ്ട്. ഗ്രീന്‍സോഷ്യലിസം, എക്കോ സോഷ്യലിസം എന്ന തരത്തിലുള്ള പുതിയ ചര്‍ച്ചകള്‍ വരേണ്ടതുണ്ട്. വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ തന്നെ പാരിസ്ഥിതികമായ അടരുകളെപ്പറ്റിയൊക്കെ. പുതിയ തരത്തിലുള്ള വായനകളും അന്വേഷണങ്ങളും നടക്കേണ്ടതുണ്ട്. അപൂര്‍വ്വമായിട്ടൊക്കെ നടക്കുന്നുണ്ട്. പക്ഷെ ഒന്നും സജീവമല്ല. അല്ലെങ്കിലും ഇപ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രത്യയശാസ്ത്രം ചര്‍ച്ച ചെയ്യുന്നുണ്ടോ? ഇല്ല എന്നാണെനിക്കു തോന്നിയിട്ടുള്ളത്. എല്ലാം മൂലധനത്തെ ചുറ്റിപ്പറ്റിയാണ്. മൂലധനം എങ്ങനെ തങ്ങളുടെ പാര്‍ട്ടിക്ക് അനുകൂലമാക്കിയെടുക്കാം എന്നാണ് ഏറെക്കുറെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആലോചിക്കുന്നത്. അല്ലാതെ അതുണ്ടാക്കുന്ന ഒരു ഭയാനകതയെക്കുറിച്ച് ആലോചിക്കുന്നില്ല. നിക്ഷേപം ഉണ്ടാവണം, നിക്ഷേപകര്‍ വരണം എന്നും പറഞ്ഞ് ഭ്രാന്തു പിടിച്ചു നടക്കുകയാണ് എല്ലാവരും. ആ നിക്ഷേപം ഒരു ഭീകരതയാണെന്നു കൂടി തിരിച്ചറിയണം. നിക്ഷേപ ഭീകരതയാണ് ഇന്ന്‍ ഏറ്റവും കൂടുതല്‍ പാര്‍ശ്വവല്‍ക്കരണത്തിനു കാരണമാകുന്നത്. അതായത് നിക്ഷേപങ്ങളെ സന്ദേഹത്തോടു കൂടി നോക്കേണ്ട കാലമായി. ഇത്രയധികം നിക്ഷേപിക്കപ്പെടേണ്ടതുണ്ടോ എന്ന തരത്തിലുള്ള അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. ആ നിലക്കൊക്കെയാണ് എം. പി പരമേശ്വരനെപ്പോലെയുള്ള ആളുകളുടെ ബദല്‍ അന്വേഷണങ്ങള്‍ പ്രസക്തമാകുന്നത്. ‘ജിനശലഭങ്ങളുടെ വീട്’ എന്ന നോവലിന്റെ ആമുഖത്തില്‍ മോഹന്‍കുമാര്‍ പറയുന്നുണ്ട് മനുഷ്യന്‍ എവിടെയിരുന്നാലും ഭൂമിക്കതൊരു ഭാരമാണ്. പിന്നെ നമ്മള്‍ ഇരിക്കുന്നതിന്റെ ഭാരം എങ്ങനെയെങ്കിലും ഒന്ന് കുറക്കാന്‍ കഴിയുമോ എന്നാണ് ആലോചിക്കേണ്ടത്. അതിന്റെ സാധ്യതകളെക്കുറിച്ചാണ് ആലോചിക്കേണ്ടത്. ബദല്‍ അന്വേഷണങ്ങള്‍ അനിവാര്യമാണ്. അവയ്ക്ക് വളരെ പ്രശസ്തി കിട്ടണം എന്നൊന്നുമില്ല. പതിനായിരകണക്കിന് ആളുകള്‍ ഈ ബദലുകളുടെ കൂടെയുണ്ടാവണം എന്നുമില്ല. അതുകൊണ്ട് ആന്റിഫാസിസ്റ്റ് സമരങ്ങള്‍ നടത്തുന്നത് മാത്രമല്ല ആക്റ്റിവിസം മറിച്ച് നമ്മുടെ കാലഘട്ടത്തില്‍ പാവപ്പെട്ട ശലഭങ്ങളുടെ ആവാസകേന്ദ്രങ്ങള്‍ അന്വേഷിച്ചു നടത്തുന്ന ഏകാന്തമായ യാത്രകളും ആക്റ്റിവിസം തന്നെയാണ്. അതും പ്രസക്തമാണ്. എല്ലാം കൂടി ചേരുക തന്നെ വേണം.
Be the first to write a comment.