പെട്ടെന്ന് തെരുവിലേക്ക്
നൃത്തം പൊട്ടി വീഴുന്നു .

റെഗ്ഗെ
ഹിപ് ഹോപ്പ്
സൾസ
ടാപ്പ് ഡാൻസ്

ചലിക്കുന്നയുടലുകളൊഴികെ..
തെരുവിലെ സകലചലനങ്ങളേയും
ഡ്രമ്മുകൾ ഫ്രീസ് ചെയ്യുന്നു .

പട്ടാള വണ്ടിയുടെ സൈറൻ മാത്രം കേൾക്കുന്നു
“ബ്രേക്ക് ”
ടയർ കത്തുന്ന മണം
ബൂട്ടുകൾ
ബാരലുകളുടെ ലോഹത്തിളക്കം .
മാർച്ച് ചെയ്യുമ്പോൾ
സ്റ്റാർച്ച് ചെയ്ത യൂണിഫോമുകളുടെ മുരൾച്ച.

നൃത്തം മുറുകുന്നു ,
ഞങ്ങൾ ലിങ്കണെ വെടിവെച്ചിട്ടില്ല
കെന്നഡിയെ വെടിവെച്ചിട്ടില്ല
മാർട്ടിൻ ലൂഥറെ വെടിവെച്ചിട്ടില്ല
ജോണ്‍ ലെന്നനെ വെടിവെച്ചിട്ടില്ല
ബോബ് മാർലിയെ വെടിവെച്ചിട്ടില്ല
ഗാന്ധിയെ വെടിവെച്ചിട്ടില്ല
മാൽകം എക്സിനെ വെടിവെച്ചിട്ടില്ല

പിന്നെങ്ങിനെയാണ് ഞങ്ങൾ
കലാപകാരികളും യുദ്ധക്കൊതിയന്മാരുമാകുന്നത്.
നൃത്തവും സംഗീതവും ചിത്രങ്ങളും
നിങ്ങൾ ഭയപ്പെടുന്നതെന്തു കൊണ്ട് .
ഓരോ കവിതയും
നിങ്ങൾക്കായുള്ള കഴുമരമെന്നു
തോന്നുന്നതെന്തു കൊണ്ട് .

ഞങ്ങളുടെ നദികളെ
നിങ്ങളൊഴുകാനനുവദിക്കാത്തതെന്ത്.
നിങ്ങളുടെയനുവാദമില്ലാതെ
ഞങ്ങളുടെ ഞരമ്പുകളിലൊഴുകുന്ന നദിയെ
വെടിയുണ്ട കൊണ്ട് തുളച്ച്‌
നിങ്ങൾ പുറത്തെടുക്കുന്നു .
നിങ്ങൾ തൂർത്ത നദികളെ
ഞരമ്പിൽ സൂക്ഷിച്ച കുറ്റത്തിന്
ഞങ്ങളെ തൂക്കിലേറ്റുന്നു.

നൃത്തത്തിലേക്ക്
മിലിട്ടറി ട്രക്കുകൾ ഇരച്ചു കയറുന്നു .
ഒരൊറ്റ വിസിലിൽ തെരുവ് നിലയ്ക്കുന്നു .
പിന്നിലെ തെരുവിൽ
ഏകനായ കറുത്ത കുട്ടി നൃത്തം ചെയ്യുന്നു .
അവന്റമ്മയുടെ നെഞ്ചിടിപ്പ് തന്നെയാണ്
അവന്റെ താളം .

Comments

comments