ലോകമെമ്പാടും മാര്‍ക്സിന്‍റെ ഇരുനൂറാം ജന്മദിനം ആഘോഷിക്കുകയാണ്. മാര്‍ക്സിസത്തെ കാലഹരണപ്പെട്ട ഒരു ശാസ്ത്രമായി കാണുന്നവര്‍ “ആഘോഷങ്ങളില്‍” മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കകാലത്ത്‌ ലഭ്യമല്ലാതിരുന്ന മാര്‍ക്സിന്‍റെ പല കുറിപ്പുകളും കൃതികളും പിന്നീട് ലഭ്യമായതിലൂടെ മാര്‍ക്സിസത്തെ പറ്റിയുള്ള പല ധാരണകളും പുതുക്കേണ്ടതുണ്ട് എന്ന നിഗമനത്തില്‍ എത്തിയ ഒട്ടേറെ പേര്‍ ആ കൃതികള്‍ വായിക്കാനും മാര്‍ക്സിന്‍റെ സമഗ്രമായ പുതുലോക നിര്‍മ്മിതിക്കുള്ള സമഗ്രമായ പദ്ധതികളെ പറ്റി മനസ്സിലാക്കാനും തുടങ്ങി. റഷ്യന്‍ വിപ്ലവകാലത്ത് മാര്‍ക്സിനെ പറ്റിയുള്ള ധാരണകള്‍ മിക്കവയും “മൂലധനം”, “മാനിഫെസ്റ്റോ” തുടങ്ങിയ കൃതികളെ മാത്രം ആശ്രയിച്ച് കൊണ്ടുള്ളതായിരുന്നു. എന്നാല്‍ മാര്‍ക്സിന്‍റെ സമഗ്രപദ്ധതികളില്‍ ഇവ ചെറിയ ഒരു ഭാഗമേ ആകുന്നുള്ളൂ.

പാരീസ് നോട്ടുപുസ്തകങ്ങള്‍“, “ലണ്ടന്‍ നോട്ടുബുക്കുകള്‍“, “ഗ്രുൺഡ്രിസ്സെ ” തുടങ്ങിയവ പല ഭാഷകളിലുമായി ലഭ്യമായപ്പോള്‍ ആണ് മാര്‍ക്സിന്‍റെ സമഗ്രപദ്ധതിയെ പറ്റി അറിയാന്‍ തുടങ്ങിയത്. റഷ്യന്‍ വിപ്ലവകാലത്ത് അന്നത്തെ മുഖ്യധാരാ മാര്‍ക്സിസ്റ്റുകള്‍ മാര്‍ക്സിനെ കണ്ടത് നഗരവല്‍ക്കരണത്തിന്റേയും വ്യവസായവല്‍ക്കരണത്തിന്റേയും സീമയില്ലാത്ത വളര്‍ച്ചയുടേയും വക്താവായാണ്. അതിനാല്‍ തന്നെ ഉല്‍പ്പാദനശക്തികളും ഉല്‍പ്പാദനബന്ധങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ മാത്രമായിരുന്നു അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.  ഉല്‍പ്പാദനബന്ധങ്ങളും ഉല്‍പ്പാദനത്തിന്റെ പരിസ്ഥിതികളും (പ്രകൃതി വിഭവങ്ങള്‍) തമ്മിലുള്ള വൈരുദ്ധ്യം അവര്‍ കണ്ടതേയില്ല. പില്‍ക്കാല മാര്‍ക്സിസ്റ്റുകാര്‍ ഇതിന് മാര്‍ക്സിസത്തെയാണ് കുറ്റപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ സമഗ്ര വീക്ഷണം മനസ്സിലാക്കാതെ മൂലധനത്തിലും മാനിഫെസ്റ്റോയിലും തന്നെ അതിന്‍റെ സൂചനകള്‍ ഉണ്ടായിരുന്നിട്ട് പോലും.

മാര്‍ക്സ് കൃഷിയേയും അടിസ്ഥാന ജീവിതോപാധികളുടെ ഉല്‍പ്പാദനത്തേയും ആണ് പുതിയ സമൂഹത്തിന്‍റെ അടിത്തറ ആയി കണ്ടിരുന്നത്‌. മാര്‍ക്സിന്‍റെ നോട്ടുബുക്കുകളിലും മറ്റും ചിതറി കിടന്നിരുന്ന പ്രസ്താവനകളും കൂടി വായിക്കുമ്പോള്‍ അതാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. മണ്ണിന്‍റെ ഉർവ്വരതയുടെ  ശോഷണത്തെ പറ്റി മാര്‍ക്സ് അത്യന്തം ഉത്കണ്ഠാകുലനായിരുന്നു. പ്രകൃതിവിഭവങ്ങളുടെ ശോഷണത്തെ പറ്റി ഉത്കണ്ഠാകുലനായിരുന്നു. മാലിന്യങ്ങളുടെ ഈട്ടം കൂടലിനെ പറ്റി ഉത്കണ്ഠാകുലനായിരുന്നു. അദ്ദേഹം എഴുതി “മുതലാളിത്തം തൊഴിലാളിയുടെ അദ്ധ്വാനശേഷിയെ ചൂഷണം ചെയ്ത് അവനെ രോഗാര്‍ത്തനാക്കുന്നത് പോലെ തന്നെ മണ്ണിന്‍റെ  ഉർവരതയും ചൂഷണം ചെയ്ത് അതിനേയും രോഗാര്‍ത്തമാക്കുന്നു. ഭക്ഷണത്തിന്‍റെ രൂപത്തിലും നാരുകളുടെ രൂപത്തിലും ഗ്രാമപ്രദേശങ്ങളിലെ മണ്ണിലെ പോഷകമൂലകങ്ങളെ അത് ലണ്ടനില്‍ എത്തിക്കുന്നു. ലണ്ടനില്‍ മനുഷ്യര്‍ അവയെ മലമാക്കി തെംസ് നദിയില്‍ തള്ളുന്നു. നദി പ്രദൂഷിതമാകുന്നു. മനുഷ്യരുടെ ആരോഗ്യം അപകടത്തില്‍ ആകുന്നു. ഇതിന് പ്രതിവിധി ആയി മാര്‍ക്സും ഏംഗല്‍സും നിര്‍ദ്ദേശിക്കുന്നത് നഗരത്തിലെ ജനങ്ങളെ കൂടുതല്‍ ഏകാത്മകമായി ഗ്രാമപ്രദേശങ്ങളില്‍ വിന്യസിക്കുകയും വ്യവസായങ്ങളെ കൃഷിയുമായി ഇടകലര്‍ത്തി വിന്യസിക്കുകയും അങ്ങനെ ഗ്രാമവും നഗരവും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലാതാക്കുകയും ചെയ്യണം എന്നാണ്.

മാര്‍ക്സ് സുസ്ഥിരവികസനത്തിന്‍റെ ആദ്യത്തെ വക്താക്കളില്‍ ഒരാളായിരുന്നു. രാസവളങ്ങളുടെ പ്രയോഗം ആത്യന്തികമായി മണ്ണിനേയും കൃഷിയേയും നശിപ്പിക്കുമെന്ന് അക്കാലത്തെ കാര്‍ഷിക രസതന്ത്രജ്ഞന്മാരില്‍ നിന്ന് മാര്‍ക്സ് മനസ്സിലാക്കി. ഇതിനെതിരായും ഭൂമിയുടെ മേലുള്ള വ്യക്തികളുടെ ഉടമാവകാശത്തിനെതിരായും മാര്‍ക്സ് എഴുതി

സാംസ്കാരികമായി പുരോഗതി കൈവരിച്ചാല്‍ ഒരു സമൂഹത്തില്‍ ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ഉടമ ആകുന്നത് എത്രകണ്ട് അപഹാസ്യമായി നാം കരുതുന്നുവോ അത്ര തന്നെ അപഹാസ്യമാണ് വ്യക്തികള്‍ക്ക് ഭൂമിക്ക് മേലുള്ള ഉടമാവകാശവും. ഒരു സമൂഹമോ ഒരു രാജ്യമോ ലോകത്തിലുള്ള എല്ലാ മനുഷ്യരും കൂടി ചേര്‍ന്നാലും അവര്‍ ഭൂമിയുടെ ഉടമകള്‍ ആകില്ല. താല്‍ക്കാലിക ഉപഭോക്താക്കളോ പാട്ടക്കാരോ മാത്രമാകുന്നു. നല്ല തറവാട്ടുകാരണവന്മാരെ പോലെ തങ്ങള്‍ക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയില്‍ വരും തലമുറകള്‍ക്ക് അത് കൈമാറാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.”ഇന്ന് സാര്‍വദേശീയമായി അംഗീകരിച്ച സുസ്ഥിരവികസനത്തിന്‍റെ നിര്‍വചനം ഏതാണ്ട് ഇത് തന്നെയാണ്.

അതികൂറ്റന്‍ വ്യവസായശാലകള്‍ – ലെനിന്‍ഗ്രാഡ് മെറ്റല്‍ വര്‍ക്സ് പോലെ പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ഉരുക്ക് ഉല്‍പ്പാദിപ്പിക്കുന്ന വ്യവസായശാലകള്‍ – മാര്‍ക്സ് വിഭാവനം ചെയ്തിരുന്നില്ല. അദ്ധ്വാനിക്കുന്നവരുടെ കൂട്ടായ്മകള്‍ കൊണ്ടുനടത്തുന്ന ഗ്രാമപ്രദേശങ്ങളില്‍ വിന്യസിക്കാന്‍ കഴിയുന്ന താരതമ്യേന ചെറിയ വ്യവസായശാലകള്‍ ആണ് അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നത്.

ഉത്പാദകരെയും ഉപഭോക്താക്കളെയും തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണികള്‍ ആയിട്ടാണ് ഉല്‍പ്പന്നങ്ങളെ കണ്ടിരുന്നത്; അല്ലാതെ വിപണിയില്‍ വിറ്റഴിക്കാനുള്ള ചരക്കുകളായല്ല.വ്യവസായത്തെയും മറ്റു പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് പ്രാദേശിക സമൂഹങ്ങളാണ്,അല്ലാതെ കേന്ദ്ര ഗവണ്മെന്റുകള്‍ അല്ല. പരമാവധി ജനാധിപത്യപരമായ ഒന്നായാണ് അദ്ദേഹം ഭാവി സമൂഹത്തെ കണ്ടത്. ജനാധിപത്യത്തില്‍ പരമാധികാരം ജനങ്ങള്‍ക്കാണ് എന്നും അദ്ദേഹം അംഗീകരിച്ചിരുന്നു.

വിഖ്യാതമായ വാക്യമാണ് “നാളിതുവരെ എഴുതപ്പെട്ട ചരിത്രമെല്ലാം വര്‍ഗ സമരങ്ങളുടെ ചരിത്രമാണ്” എന്നത്. എന്നാല്‍  1848  ഇല്‍ എഴുതപ്പെട്ട മാനിഫെസ്റ്റോ പല തിരുത്തലുകൾക്കും  വിധേയമാകേണ്ടതുണ്ട് എന്ന് അവര്‍ തന്നെ പില്‍ക്കാല പതിപ്പുകളുടെ ആമുഖങ്ങളില്‍ സൂചിപ്പിച്ചിരുന്നു. വര്‍ഗസമരത്തെ വന്‍കിട ആധുനിക വ്യവസായങ്ങളിലെ തൊഴിലാളികളും മുതലാളിമാരും തമ്മിലുള്ള സംഘര്‍ഷമായി ചുരുക്കിക്കണ്ടു പില്‍ക്കാല മാര്‍ക്സിസ്റ്റുകള്‍.അത്ര ലളിതമല്ല കാര്യങ്ങള്‍ എന്ന് മാര്‍ക്സിനു തന്നെ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം എഴുതിയത് “പുതിയ സമൂഹം പഴയ സമൂഹത്തിന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ പൊട്ടിമുളയ്ക്കുകയും വളരുകയും അവസാനം അതിനെ പിളര്‍ന്ന് പുറത്തു വരികയും ചെയ്യുന്നു.”അടിമ വ്യവസ്ഥയില്‍ നിന്ന് ഫ്യൂഡല്‍ വ്യവസ്ഥ രൂപം കൊണ്ടതും അതില്‍ നിന്ന് മുതലാളി വ്യവസ്ഥ രൂപം കൊണ്ടതും ഇങ്ങനെയാണ്. മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളില്‍ ചെറിയ ചെറിയ സോഷ്യലിസ്റ്റ് സ്വഭാവമുള്ള സമൂഹങ്ങള്‍ വളര്‍ത്തിയെടുക്കണം, ബോധപൂര്‍വം വളര്‍ത്തിയെടുക്കണം. ഈ ചെറു സമൂഹങ്ങൾ വളരുകയും തമ്മില്‍ തമ്മില്‍ കൂടിച്ചേരുകയും ചെയ്യുമ്പോള്‍ മാത്രമാണ് പഴയ സമൂഹത്തിന്‍റെ ചങ്ങലക്കെട്ട് പൊട്ടിക്കാന്‍ അതിനു കഴിയുന്നത്. അല്ലാതെ കേന്ദ്രീകൃതമായി ഒരു പുതിയ സമൂഹ മാതൃക സൃഷ്ടിക്കുകയും അതിനെ താഴോട്ട് വ്യാപിപ്പിക്കുകയും ചെയ്യുക എന്ന രീതി ശാസ്ത്രീയമല്ല. സാഹചര്യവശാല്‍ റഷ്യയില്‍ നടന്നത് അങ്ങിനെയാണ്. റഷ്യന്‍ സമൂഹം സോഷ്യലിസ്റ്റ് സ്വഭാവം ഒട്ടുമേ ഇല്ലാത്തതായിരുന്നു. അത് കൈവരിക്കാന്‍ കഴിയാതെ പോയതാണ് ആ പരീക്ഷണം പരാജയപ്പെടാനുള്ള ഒരു കാരണം.കേന്ദ്രീകരണത്തിലൂടെ ജനാധിപത്യം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതിലുള്ള പരാജയം കൂടിയാണത്.

മാര്‍ക്സിന്‍റെ പ്രസക്തി ഇന്ന് മുമ്പത്തേക്കാളും കൂടുതലാണ്.മാനവ സമൂഹം ആകെ സാമ്പത്തികവും പാരിസ്ഥികവും ആയ ഒരു പ്രതിസന്ധിയിലേയ്ക്ക് വീണുകൊണ്ടിരിക്കുകയാണ്.ഇതില്‍നിന്നും രക്ഷപ്പെടുന്നതിന് സഹായകമാകും മാര്‍ക്സിന്‍റെ ഗ്രന്ഥങ്ങളുടെ പുനര്‍വായന.ഇവിടെ ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ. മാര്‍ക്സ് പിന്നോക്കം നോക്കിയിരുന്ന ഒരാളായിരുന്നില്ല. മുന്നിലേയ്ക്ക്, ബഹുദൂരം മുന്നിലേയ്ക്ക് നോക്കുകയും കാണുകയും ചെയ്ത ഒരാളായിരുന്നു. ഇന്നു നാം ഭയപ്പെടുന്ന പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ചുള്ള സൂചനകള്‍ മാര്‍ക്സിന്‍റെ കുറിപ്പുകളില്‍ കാണാം. അവയ്ക്കുള്ള പരിഹാരം പിന്നോക്കം പോകലല്ല മറിച്ച്, ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും അനുയോജ്യമായ ദിശയിലുള്ള പുരോഗതി ആണെന്ന് അദ്ദേഹത്തിനു ഉറപ്പുണ്ടായിരുന്നു.

മുതലാളിത്ത വളര്‍ച്ചയിലൂടെ അവസാനം സോഷ്യലിസത്തില്‍ എത്താമെന്നുള്ള പ്രാകൃത ധാരണകള്‍ വര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. ചൈനയും വിയത്നാം പോലും ഇന്ന് ആ പാത സ്വീകരിച്ചതായാണ്‌ കാണുന്നത്. ഈ പാത , നൂറുകൊല്ലം മുന്‍പ് തന്നെ റോസാ ലക്സം ബര്‍ഗ് പറഞ്ഞപ്പോലെ മാനവരാശിയെ കാടത്തത്തിലേയ്ക്കാണ് നയിക്കുക. ഒരു വേള വംശനാശത്തിലേയ്ക്ക് പോലും. ഒന്നു നിന്ന് ആലോചിക്കാന്‍ സമയമായിരിക്കുന്നു.

എവിടേയ്ക്ക് പോകണം ?

കാടത്തത്തിലേയ്ക്കോ? മാനവികതയിലേയ്ക്കോ?


©www.navamalayali.com

Comments

comments