മരണരാത്രിയ്ക്ക് കെട്ടും ഭാണ്ഡവുമായി
വീടുവിട്ടിറങ്ങിയ സന്തോഷം
സഞ്ചയനത്തിന്റെ തലേന്ന്
ഇടവഴീല്‍ നിന്ന് പടിക്കിപ്പുറത്തേയ്‌ക്കെത്തി നോക്കി.
‘പോയ്‌ക്കോ, എനിക്കിനി കാണണ്ട’,
മരിച്ചയാളുടെ ചെറുപ്പക്കാരത്തിയായ ഭാര്യ പ്‌രാകി.
ഏറെ മരണങ്ങള്‍ കണ്ടു പഴകിയ ഒരമ്മൂമ്മ
അവളുടെ ശ്രദ്ധതിരിക്കാന്‍
ഒരു കുടുവന്‍ പിഞ്ഞാണത്തില്‍
കുത്തരിക്കഞ്ഞിയെടുത്ത്
ഇത് കുടിക്ക്, പിറുപിറുക്കാതെ എന്നു പറഞ്ഞു.
കോലായപ്പടിയില്‍ നിന്ന്
ഏഴാംതരത്തില്‍ പഠിക്കുന്ന മൂത്തമകള്‍ കാണാതെ
ഇളയ ആണ്‍കുട്ടി, മൂന്നാം തരക്കാരന്‍,
കളിക്കാന്‍ വിളിച്ച കൂട്ടുകാരനോടെന്നപോലെ
സന്തോഷത്തിന്‍ നേര്‍ക്ക് കണ്ണിറുക്കിക്കാണിച്ചു,
ഏച്ചിയുടെ കണ്ണു വെട്ടിച്ച് പാത്തി കയറി
പിന്‍ മുറ്റത്ത് വാ എന്നു ക്ഷണിച്ചു.
എല്ലാവരും ഉറങ്ങി എന്നുറപ്പായപ്പോള്‍
സന്തോഷം ഒച്ചയുണ്ടാക്കാതെ
പെരുവിരല്‍ കുത്തി നടന്ന്
മുറികടന്നകത്തുചെന്ന്
അവളുടെ കാല്‍പ്പാദങ്ങള്‍ ഉഴിയാന്‍ തുടങ്ങി.
പാദസരത്തിന്റെ മൊട്ടുകള്‍
വിരലറ്റം കൊണ്ട് ക്‌ലും ക്‌ലും എന്നാക്കി.
ഇരുട്ടില്‍,
മറവിയുടെ താഴ്‌വരയില്‍
മാത്രം വിരിയുന്ന ഒറ്റപ്പൂവുപോലൊരുചിരി
അവളുടെ ചുണ്ടില്‍ മങ്ങിമങ്ങിത്തെളിഞ്ഞു.
Be the first to write a comment.