ഒരു കലാകാരനെ ഓർക്കാൻ അയാൾ അവശേഷിപ്പിച്ചു പോയ കലാസൃഷ്ടി കാരണമാകുന്നു എങ്കിൽ, അതു മാത്രം മതി ആ ജന്മം സാർത്ഥകമാകാൻ. ഇന്ന് ജൂൺ 25-ന് കെ.ആർ മോഹനൻ എന്ന ചലച്ചിത്രകാരൻ നമ്മെ വിട്ടുപിരിഞ്ഞതിന്റെ ഒന്നാമാണ്ട്.
നല്ല സിനിമയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച കലാകാരൻ എന്നതുപോലെ തന്നെ നല്ല സിനിമയുടെ / പ്രവർത്തകരുടെ / പഠനോത്സുകതയുടെ സംഘാടകൻ എന്ന നിലയിലും ഓർമ്മിക്കപ്പെടേണ്ടതാണ് കെ.ആർ മോഹനൻ ദിനം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരിക്കുമ്പോൾ മേളകൾക്കും അവാർഡുകൾക്കും പുറമേ കേരളത്തിലെ ഗ്രാമങ്ങളിലേക്ക് ടൂറിങ് ടാക്കീസും ഫെല്ലോഷിപ്പുകളും ആസ്വാദന ക്യാമ്പുകളായി ഇറങ്ങിച്ചെല്ലുമ്പോൾ ലീഡർ ആയി അദ്ദേഹവുമുണ്ടായിരുന്നു.
മിനിമനിലിസമാണ് കെ. ആർ മോഹനൻ സിനിമകളുടെ മുഖമുദ്ര. ആർക്കും മനസ്സിലാവുന്ന ചലച്ചിത്രഭാഷയിൽ ഗൗരവകരമായ / സൂക്ഷ്മ രാഷ്ട്രീയ ധ്വനികളുള്ള മൂന്നു സിനിമകളാണ് കെ.ആർ മോഹൻ നമുക്കു തന്നത്. 1978-ൽ അശ്വത്ഥാമാവ്, 1987-ൽ പുരുഷാർത്ഥം, 1992-ൽ സ്വരൂപം. നിരവധി ഡോക്യുമെന്ററികൾ, അവയിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, വിശുദ്ധ വനങ്ങൾ, ദേവഗൃഹം എന്നിവ ഏറെ ശ്രദ്ധേയം. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിൽ കാണിക്കുന്ന ശ്രദ്ധ, സംഗീതത്തിന്റെ, പശ്ചാത്തല ശബ്ദത്തിന്റെ ഉപയോഗത്തിൽ കാണിക്കുന്ന കണിശത, ഛായാഗ്രാഹണത്തിൽ പുലർത്തുന്ന മിതത്വം, ‘കപടത്വമില്ലാത്ത’, ബുദ്ധിജീവി നാട്യങ്ങളില്ലാത്ത അവതരണം എന്നിവ ഈ സിനിമകളുടെ തനത് സ്വഭാവമാകുന്നു. അവാർഡുകളിൽ അഭിരമിക്കാതിരിക്കുകയും കഥാ സിനിമകളുടെ നീണ്ട ഇടവേളകളിൽ നിരവധി ഡോക്യുമെന്ററികൾ ഒരുക്കുകയും ചെയ്തു അദ്ദേഹം. അവസാനമായി ‘വൈറ്റ് ബാലൻസ് ‘ എന്ന സിനിമയുടെ ആലോചനകളുടെ അവസാന ഘട്ടത്തിലായിരിക്കുമ്പോഴാണ് മരണം കടന്നു വന്നത്.
ഭൗതിക ജീവിതത്തിന് സമാന്തരമായി ആത്മസന്ദേഹികളായി,അതിൽപെട്ടുഴറുന്ന മനുഷ്യരെയാണ് അദ്ദേഹത്തിലെ സിനിമക്കാരൻ നോട്ടമിട്ടത്. രാത്രി /ഇരുട്ട് രംഗങ്ങൾക്ക് വലിയ പ്രധാന്യ വരുന്നു ഈ സിനിമകളിൽ.
ആദ്യ സിനിമ അശ്വത്ഥാമാവിനെ വേറിട്ടതാക്കുന്നത്, ആധുനിക സാഹിത്യത്തിന്റെ ഭാഗമായി പ്രചരിച്ച അസ്തിത്വവാദ ചിന്തകളെ, ബ്രാഹ്മണ പരമ്പര്യവും അതിന്റെ ഭാവനകളുമായും കൂട്ടിയിണക്കി അവതരിപ്പിച്ചതാണ് എന്ന് സി.എസ് വെങ്കിടേശ്വരൻ നിരീക്ഷിക്കുന്നുണ്ട്. സി.വി ശ്രീരാമന്റെ പുരുഷാർത്ഥം, ഇരിക്കപ്പിണ്ഡം എന്നീ കഥകളെ പിൻപറ്റി നിർമിച്ച രണ്ടാമത്തെ സിനിമ ‘പുരുഷാർത്ഥം’ രണ്ടു ജീവിത / സാമൂഹ്യ വ്യവസ്ഥകൾ തമ്മിലുള്ള സംഘർഷമായി വിലയിരുത്തുന്നു സി.എസ്.
മൂന്നാമത്തെ സിനിമ ‘സ്വരൂപം ‘ റിവൈറ്റലിസ്റ്റിക് പ്രവണതകളിലേക്ക് മടങ്ങി പോകുന്ന മലയാളിയുടെ / ഇന്ത്യക്കാരന്റെ പിന്തിരിപ്പൻ മാനസിക ഘടനയെക്കുറിക്കുന്ന കരുത്തുറ്റ രാഷ്ട്രീയ ചിത്രമാണ്. നിർമിക്കപ്പെട്ട് 25 വർഷങ്ങൾക്കിപ്പുറം സ്വരൂപം മുന്നോട്ട് വച്ച ആശയങ്ങൾക്ക് പ്രസക്തിയും മൂർച്ചയും കൂടിയിട്ടേയുള്ളൂ. പാരമ്പര്യ / പൗരാണിക/ വംശ, കുല മഹിമകളിലേക്ക് യാതൊരു സങ്കോചവും ഉളുപ്പുമില്ലാതെ മടങ്ങിപ്പോകാൻ ശ്രമിക്കുന്ന മനുഷ്യരുടെ / സമൂഹത്തിന്റെ ആത്യന്തിക പരാജയം സ്വരൂപം ആവിഷ്കരിക്കുന്നു. ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന് തൊട്ടുമുമ്പുള്ള കലുഷിതമായ വർഗീയ പ്രചാരണ/ ധ്രുവീകരണ കാലഘട്ടത്തിലാണ് സ്വരൂപം ഉരുവം കൊള്ളുന്നത്.ആ ദുർദിനത്തെ തുടർന്നിങ്ങോട്ട് വളർന്നു തുടങ്ങിയ പാരമ്പര്യവാദത്തിന്റെ, ഫാസിസ്റ്റ് മനശാസ്ത്രത്തെ എത്രമാത്രം പ്രവചന സ്വഭാവത്തോടെയാണ് സ്വരൂപം അവതരിപ്പിച്ചത് എന്ന് അത്ഭുതം തോന്നും. അതും സംഭാഷണമോ, സന്ദർഭമോ കരുതിക്കൂട്ടി / കൃത്രിമമായി ചേർത്തുവെച്ചുണ്ടാക്കിയതാണെന്ന അസ്വാഭാവികത ഒട്ടുമില്ലാതെ തന്നെ. തന്റെ രാഷ്ടീയബോധം തന്റെ സിനിമയുടെ ഘടനയ്ക്ക് ഒരു പരിക്കും ഉണ്ടാക്കുന്നില്ല എന്നിടത്താണ് കെ.ആർ മോഹനൻ എന്ന സംവിധായകൻ തന്റെ സമകാലീനരിൽ നിന്ന് വ്യത്യസ്തനാകുന്നത്. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കിട്ടിയ അക്കാദമിക് പരിജ്ഞാനം നല്കിയ ശില്പ വൈദഗ്ധ്യത്തിന്റെ പ്രയോഗം കൂടിയാവാം അത്.
നവോത്ഥാന മൂല്യങ്ങൾക്കു സംഭവിച്ച അപചയത്തിന്റെ സമകാല പശ്ചാത്തലത്തിൽ ‘സ്വരൂപം’ കാണുമ്പോൾ മനസ്സിലുയരുന്ന ചിന്തകൾ പങ്കുവെക്കുകയാണിവിടെ.
ലളിതമായ ഭാഷയിൽ ഒരുക്കിയ കൊച്ചു സിനിമ – സ്വരൂപത്തെ കുറിച്ച് ഒറ്റവാക്കിൽ ഇങ്ങനെ സൂചിപ്പിക്കാം.’ Personal is political എന്ന ചിന്താ പദ്ധതിയുടെ മലയാള സിനിമയിലെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘സ്വരൂപം’. കർമശേഷിയുള്ള മനുഷ്യനെ/ അധ്വാനവർഗ്ഗത്തെ, സർഗാത്മക ജീവിതത്തിൽ നിന്ന്, ജൈവിക ബോധത്തിൽ നിന്ന് അടർത്തിമാറ്റി നിഷ്ക്രിയനാക്കുന്ന ഭീതിതമായ മത / ആത്മിയ/ പാരമ്പര്യ കെണിയെ ദൃശ്യവല്ക്കരിക്കുന്നു ഇവിടെ.
ശേഖരൻ എന്ന അധ്വാനിയായ ചെറുപ്പക്കാരനും ഭാര്യ മാലിനിയും രണ്ടു പെൺകുട്ടികളുടേയും സാധാരണ ജീവിതത്തിൽ പൊടുന്നനെ സംഭവിക്കുന്ന അസ്വാഭാവിക പരിണതിയാണ് പുറമേ നിന്നു നോക്കിയാൽ ചിത്രത്തിന്റെ പ്രമേയം.
“സ്വരൂപത്തിൽ ഇതേ പോലെ തന്നെ, ഇയാളുടെ (ശേഖരന്റെ) വളരെ സാധാരണമായ ജീവിതം, ദൈനംദിന ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന ജീവിതം, പാരമ്പര്യത്തെപോലുള്ള ഒരു element കടന്നു വരുന്നതോടെ തകർന്നു പോവുകയാണ്. മൊത്തം unreal ആയി മാറുകയാണ്. Past അഥവാ tradition എന്താണ് എന്നുള്ളതിനെക്കുറിച്ചുള്ള പല ലെവൽസിലുള്ള engagements ഉണ്ട് ഈ സിനിമകളിൽ (പുരുഷാർത്ഥം, സ്വരൂപം). അത് അങ്ങനെ ആരും മലയാളത്തിൽ കൈകാര്യം ചെയ്തിട്ടില്ല. past ഇങ്ങനെ വേട്ടയാടിയ കഥാപാത്രങ്ങളും കുറവാണ് ”
– സി.എസ് വെങ്കിടേശ്വരനുമായി കെ.ആർ മോഹനൻ നടത്തിയ സംഭാഷണത്തിൽ പറഞ്ഞ ഈ വാചകങ്ങളാണ് സ്വരൂപത്തിന്റെ ആത്മാവ്.
പൊതുവെ നേർ രേഖാകഥനം തന്റെ ശൈലിയായി സ്വീകരിച്ചിരിക്കുന്ന കെ. ആർ മോഹനൻ എപ്പിസോഡിക്കൽ ആയാണ് സ്വരൂപം അവതരിപ്പിച്ചത്. ഇരുട്ടിൽ മുങ്ങി നില്ക്കുന്ന ഒരു വീടിന്റെ ദൃശ്യത്തിന് മേൽ തെളിഞ്ഞു മായുന്ന ടൈറ്റിലുകൾ. അതു കഴിയുമ്പോൾ നിലവിളക്കിന്റെ വെളിച്ചത്തിൽ മൺചുമരു ചാരി ഓർമയിൽ നഷ്ടപ്പെട്ടിരിക്കുന്ന മാലിനിയുടെ മധ്യദൂര ദൃശ്യം – നിശ്ചലമാണ് ഈ ഇരിപ്പ്. എന്തോ നഷ്ടപ്പെട്ട ഒരു ശൂന്യത. അവരുടെ ഓർമകളിലേക്ക് അടുത്ത കട്ട്.
കോഴികളെ കുറുക്കൻ കൊണ്ടു പോയോ എന്ന ആധിയിൽ രാത്രിയിൽ വീടിന് പുറത്തേക്കിറങ്ങി നോക്കുന്ന മാലിനിയും ശേഖരനും. അരക്ഷിതമായ ജീവിതത്തെ കുറിച്ചുള്ള മാലിനിയുടെ ആകുലതകളുടെ ധ്വനിയുണ്ട് ഈ തുടക്കത്തിന്. ചുടുകട്ട കൊണ്ട് കെട്ടിയുയർത്തിയ ശേഖരന്റെ വീട് പൂർത്തിയാക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല. ചെറു ചെറു ജോലികൾ ചെയ്തും തേങ്ങ വെട്ടിയും കോഴിയെ വളർത്തിയും പശുവിൻപാലു വിറ്റും അധ്വാനിയായ ആ ചെറുപ്പക്കാരൻ കുഞ്ഞു കുഞ്ഞു തുക സ്വരുക്കൂട്ടുകയാണ്. ഇല്ലായ്മകൾക്കിടയിലും അവരുടെ ജീവിതം പ്രതീക്ഷകളുടേതാണ്. നിരവധി പ്രവൃത്തികളുടെ ദൃശ്യപരമ്പരകളിലൂടെയാണ് മാലിനിയുടെ ഓർമയിലെ ഈ ഗ്രാമീണ ജീവിത ചിത്രം സംവിധായകൻ കാണിച്ചുതരുന്നത്. അധ്വാനത്തിന്റെ ചെറു ജീവിത മൂല്യങ്ങൾ. തേക്കാത്ത മൺചുമരിന്റെ ചെമ്മൺ പരുക്കൻ പ്രതലത്തിലും പറമ്പിലും നാട്ടിടവഴിയിലും എങ്ങും മണ്ണ് സ്ക്രിനിൽ നിറഞ്ഞു നില്ക്കുന്നു. കഥാപാത്രങ്ങളധികവും മണ്ണിൽ ചവിട്ടി നില്ക്കുന്ന / ഇരിക്കുന്ന/ കിടക്കുന്ന രീതിയിൽ വിന്യസിച്ചിരിക്കുന്നു.
മനസ്സിൽ മായാതെ നിക്കുന്ന ഒത്തിരി non – professional കലാകാരന്മാരുടെ തികച്ചും സ്വാഭാവികമായ പെരുമാറ്റ രീതികൾ ഭംഗിയായി ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അല്പം നാടകീയത / സ്റ്റൈലൈസേഷൻ എന്നും അഭിനയത്തിൽ കടന്നു വരാറുള്ള നടൻ ശ്രീനിവാസന്റെ വ്യത്യസ്തമായ, Subtle ആയ പ്രകടനം ഈ ചിത്രത്തിൽ കാണാം.
ചിത്രത്തിന്റെ കലാസംവിധായകൻ കൂടിയായ കെ.ആർ മോഹനൻ നിറയെ തെങ്ങുകളുള്ള ഒരു പറമ്പിലാണ് ശേഖരന്റെ പണി തീരാത്ത വീട് വെച്ചത്. ഫ്രെയിമിൽ നിറയെ ലംബരേഖകളുടെ കനപ്പെട്ട സാന്നിധ്യമായി മാറുന്നു ഈ കല്പ വൃക്ഷ നിര.
ഒരു ദിവസം ഇരുട്ടിൽ നിന്ന് കയറി വരുന്ന വെള്ളവസ്ത്രധാരിയായ ഒരു വൃദ്ധൻ ആണ് ശേഖരന്റെ ജീവിതത്തെ മാറ്റിമറിച്ചത്. കറുപ്പൻ എന്ന ഈ വല്യച്ഛന്റെ തിരഞ്ഞെടുപ്പിൽ, അഭിനയിപ്പിച്ച രീതികൾ, അത്ഭുതാവഹമാണ്. ആരാണീ നടൻ….? കറുപ്പൻ വല്യഛനെ അത്രയും തന്മയത്വത്തോടെ അവതരിപ്പിച്ച അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പുണ്ടോ….? അറിയില്ല…
വകയിൽ ഒരു വല്യച്ഛനാണയാൾ. ശേഖരന്റെ വീടുപണി വേണ്ട രീതിയിൽ നീങ്ങാത്തത് പിതൃക്കളുടെ അതൃപ്തി കൊണ്ടാണെന്ന് പറയുന്നു കറുപ്പൻ. മേലേതിൽ കുടുംബത്തിന്റെ വംശവൃക്ഷഗാഥ കറുപ്പൻ ശേഖരന് മുന്നിൽ അവതരിപ്പിക്കുന്നു ആ രാത്രി. ഒരു ‘ടു ഷോട്ടി’ലാണ് ഈ കഥപറച്ചിൽ. മുൻഭാഗത്ത് ഫോക്കസിൽ ശേഖരന്റെ മുഖം. വശത്ത് പിന്നിൽ ഔട്ട് ഓഫ് ഫോക്കസായി, ഇരുട്ടിൽ വെള്ള നിറത്തിൽ അവ്യക്തഭൂതകാലം പോലെ കറുപ്പൻ വല്യച്ഛൻ. സിനിമയുടെ കലയും ജീവിതത്തിന്റെ കഥയും ഒറ്റ ദൃശ്യത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. രാരുമുത്തപ്പൻ എന്ന പഴയ കാർന്നോരുടെ മിത്തിനു സമാനമായ അത്ഭുത ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശേഖരനിൽ പതിയുന്നു.
വല്യഛന്റെ വരവോടെ തന്റെ വേരുകൾ.. സ്വരൂപം തേടിയിറങ്ങുകയാണ് ശേഖരൻ. പിതൃക്കളെ തൃപ്തിപ്പെടുത്താൻ വേണ്ടതു ചെയ്യാൻ, അനുഗ്രഹങ്ങൾ നേടാൻ… തറവാട്ടിൽ, മുത്തപ്പനെ കുടിയിരുത്തിയ ബന്ധുവീട്ടിൽ..
തികച്ചും ആധുനികമായ, കമ്പ്യൂട്ടർ ഉപയോഗിക്കുന്ന മറ്റൊരു ബന്ധുവിന്റെയും മകന്റെയും മുന്നിൽ വച്ചാണ് തറവാട്ടിലെ കാർന്നോൻമാരുടെ കൂടുതൽ വിശദാംശങ്ങൾ കറുപ്പൻ പറയുന്നത് എന്നത് ശ്രദ്ധേയമാണ്. 1992-ൽ കമ്പ്യൂട്ടർ എന്ത് മാത്രം അപൂർവ്വമാണ്!
കുടുംബത്തിന്റെ പിന്നിലേക്ക്, 600 വർഷത്തോളം പിറകിലേക്ക് സഞ്ചരിക്കാനുള്ള വൃദ്ധന്റ ശ്രമം… വംശ വേരുകൾ… പേരുകൾ പിടികിട്ടാതെ കമ്പ്യൂട്ടറിന് മുന്നിൽ പകച്ചിരിക്കുന്ന യുവാവ്.. തലമുറ കൂടെ വൈരുധ്യാത്മകമായ അന്തരങ്ങളുടെ നിമിഷങ്ങൾ തിരശീലയിൽ ഇതൾ വിരിയുന്നു. അയാൾക്കിത് തമാശക്കഥയായാണ് തോന്നുന്നത്!
കുടുംബത്തിലെ ദീർഘായുസ്സുള്ള മനുഷ്യരുടെ നീണ്ട നിരകൾ പിന്നിലേക്ക് കൂട്ടി നോക്കിയിട്ടും രാരുമുത്തപ്പനിലേക്ക് എത്താനുള്ള കണ്ണികൾ തികയാതാവുന്നു.
“രാരുമുത്തപ്പന്റെ വലിപ്പം ആയുസ് കൊണ്ടല്ല അളക്കേണ്ടത്. രാരു അല്പായുസായിരുന്നു.. സമാധിയായിരുന്നു.. ചിരഞ്ജീവിയാണ്…”
ഈ വാക്കുകൾ ശേഖരന്റെ ഉള്ളിൽ പതിയുന്നത് ക്ലോസ് ഷോട്ടിലൂടെ, സംഗീതത്തിന്റെ ഒരു സ്പർശത്തിലൂടെ എന്നാൽ ഒട്ടും അമിതമാവാതെ, അടിവരയിട്ടു കാണിച്ചിരിക്കുന്നു. ഈ മിതത്വവും കണിശതയും ചിത്രത്തിലുടനീളം കാണാം.
രാരുമുത്തപ്പൻ ശേഖരനിലേക്ക് പതിയെ പതിയെ ആവാഹിക്കപ്പെടുകയാണ് പിന്നീട്. അയാൾ സദാ സമയം ആലോചനകളിൽ മുഴുകി. വീടിനു മുമ്പിൽ അനങ്ങാതെ കുത്തിയിരിക്കുന്ന ജഡ വസ്തുവായി മാറി. മീശ വടിച്ച്, നെറ്റിയിൽ കുറുകെ നീളത്തിൽ കുറി തൊട്ട് ലോകത്തോടും കുടുംബത്തോടും നിർമമനായി പ്രതികരിക്കുന്ന ഒരു മാംസപിണ്ഡമായി മാറുന്നു ശേഖരൻ. പണിതീരാത്ത വീടിന്റെ വാതിൽ കട്ടില ചതുരത്തിൽ തളച്ചിടപ്പെട്ട രീതിയിൽ ദൃശ്യവിന്യാസം ഒരുക്കി കൊണ്ടാണ് സംവിധായകൻ കെ.ആർ മോഹനനും ഛായാഗ്രാഹകൻ മധു അമ്പാട്ടും ശേഖരന്റെ ഈ മാനസികാടിമത്തത്തിന്റെ ചിത്രം വരക്കുന്നത്.
സ്വന്തം വീട് പാതിയിൽ നിർത്തിയ അയാൾ തന്റെ ഉപാസനയ്ക്കായി ഒരു കൊച്ചുഗൃഹം വേഗം പണി തീർക്കുന്നു. ഒറ്റ വാതിൽ മാത്രമുള്ള വശങ്ങളിൽ ഓരോ ഇഷ്ടികപ്പഴുതുകൾ ഉള്ള ഒരു മാളത്തിലേക്ക് അയാൾ പിൻവലിയുന്നു. മക്കളോട് പോലും അകന്നുപോയ ഭർത്താവിനെ ഓർത്ത് മാലിനി ഉരുകി തീരുന്നു. നാട്ടുകാരുടെ ചോദ്യങ്ങൾ പരിഹാസങ്ങൾ കൂടി കൂടി വരുന്നു. മാലിനിയുടെ ജീവിതത്തിന്റെ നിശ്ചലവാസ്ഥയും പ്രതീക്ഷയില്ലായ്മയും കൂടി വരുമ്പോൾ മാലിനിയുടെ അഛൻ വന്ന് ഉപദേശിക്കുന്നു.
രാരുമുത്തപ്പന്റെ സ്വപ്നദർശനത്തിൽ തറവാടിന്റെ വംശാവലി വർദ്ധിപ്പിക്കാൻ ഒരു രാത്രി മാലിനിയെ തേടിയെത്തുന്നുണ്ട് ശേഖരൻ. ശേഖരൻ എന്ന മനുഷ്യന്റെ കാമനകളല്ല അത് എന്നറിയുമ്പോൾ അയാളെ നിഷേധിക്കുന്നു, മാലിനി.
ചിത്രത്തിൽ ഉടനീളം വല്ലാത്ത ഒരു അനാഥത്വം അനുഭവപ്പെടുത്തുന്ന രീതിയിലാണ് സംവിധായകൻ ശേഖരന്റ മക്കളെ കാണിക്കുന്നത്. ദൂരെ നിന്ന് കാണിക്കുന്ന രണ്ടു പെൺകുട്ടികൾ. ചിത്രാന്ത്യത്തിലൊരിക്കൽ മാത്രമേ അവരുടെ മുഖം പ്രേക്ഷകന് ഒരിക്കലെങ്കിലും കിട്ടുന്നുള്ളൂ. അതും ഒരുമിച്ച് ഇരിക്കുന്ന ഒറ്റ ദൃശ്യം.
ജീവിതത്തിന്റെ അനക്കവും ജൈവികതയും തുടിച്ചു നിന്ന ആദ്യ ദൃശ്യപരമ്പരകളുടെ അർത്ഥവ്യാപ്തി ശേഖരന്റെ മനംമാറ്റഘട്ടത്തിലെത്തുമ്പോൾ ഏറുന്നു.
ഷോട്ടുകളിൽ കനത്ത ലംബ രേഖകൾ വരക്കുന്ന തെങ്ങിൻ തടികൾ, തൂണുകൾ, വാതിൽ, ചുമര് ഇങ്ങനെ ഒട്ടും പ്രകടനപരമല്ലാത്ത കോംപോസിഷൻ. ഈ ലംബ രേഖകൾക്കിടയിൽ കാല് നീട്ടിയിരുന്നും കുനിഞ്ഞിരുന്നും തടവുകാരനെപ്പോലെ ശേഖരൻ… ആദ്യ രംഗങ്ങളിൽ മരങ്ങൾ നിറഞ്ഞ പറമ്പ് മനുഷ്യാധ്വാനത്തിന്റെ ഇമേജ് ആയി സ്ക്രീനിൽ നിറയുന്നു എങ്കിൽ പിന്നീട് അത് ആലസ്യത്തിന്റെ മരണതുല്യമായ തിരശ്ചീനതയുടെ ആഘാതമേല്പിക്കുന്ന ഇമേജറിയായി മാറുന്നു.
‘Mood lighting’ ചെയ്യാനുള്ള മധു അമ്പാട്ടിന്റെ കഴിവ് നന്നായി ഉപയോഗിച്ച സിനിമയാണ് സ്വരൂപം. പരിമിതമായ ഭൗതിക / സാമ്പത്തിക സാഹചര്യങ്ങളിൽ അപാരമായ ഭാവന ഉപയോഗിക്കേണ്ടി വരും സംവിധായകനും ഛായാഗ്രാഹകനും. ശേഖരന്റെ മാനസിക ഘടനയിൽ വരുന്ന മാറ്റങ്ങളെ top lighting-ലൂടെയും അത് വീഴ്ത്തുന്ന deep Shadows-ലൂടെയും അനുഭവപ്പെടുത്തിയത് മധുവിന്റെ കഴിവുകൊണ്ടാണ് എന്ന് സംവിധായകൻ കെ.ആർ മോഹനൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ശേഖരന്റെ വീട്, അത് നില്ക്കുന്ന സ്ഥലം അതിന്റെ physical reality ട്രാക്കിംഗ് ഷോട്ടുകളിലൂടെ, ലോംഗ് ഷോട്ടുകളിലൂടെ സിനിമയുടെ തുടക്കത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. കഥാപാത്രങ്ങളടെ ചലനവും ട്രോളി ക്യാമറ ചലനവും ഒരേ നിമിഷത്തിൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്യാമറ എന്ന ഉപകരണത്തെ കഴിവതും അഗോചരമാക്കുന്നു ഈ രീതി. രാരു മുത്തപ്പന്റെ ‘ആൾട്ടർ ഈഗോ’ ആയി മാറുന്ന ശേഖരന്റെ പതനത്തിന്റെ ഈ ദൃശ്യപരിചരണത്തെ കുറിച്ച് പഠിക്കാനേറെ സാധ്യതകളുണ്ട്.
ചിത്രത്തിന്റെ അവസാന ഭാഗങ്ങളിൽ പുറം വാതിൽ ശബ്ദങ്ങൾ തീരെ ഒഴിവാക്കിയിരിക്കുന്നു. തന്നിലേക്ക് ഒതുങ്ങുന്ന / ഉൾവലിയുന്ന ശേഖരന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമെന്ന നിലയ്ക്കാണ് ഈ അത്ഭുതപ്പെടുത്തുന്ന തീരുമാനം സംവിധായകൻ കെ. ആർ മോഹനൻ എടുത്തതെന്ന് ശബ്ദലേഖകൻ ടി. കൃഷ്ണനുണ്ണി സാക്ഷ്യപ്പെടുത്തുന്നു.
ഒരു ദുർമന്ത്രവാദത്തിനായി ദൂരെ നിന്ന് ഒരാൾ കാറിൽ എത്തുന്നതോടെ ശേഖരൻ തീർത്തും പരാജിതനാവുന്നു. ആഭിചാര ക്രിയകൾക്കായി പോകവേ കടം കയറി ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു കുടുംബത്തിന്റെ തകർന്നടിഞ്ഞ ഓലപ്പുരയും അയാളുടെ മനസ്സിൽ പതിയുന്നുണ്ട്.
ശേഖരൻ തന്റെ ആരൂഢമായ മാളത്തിൽ നിന്ന് പുറത്തിറങ്ങാതായി. മാലിനിയുടെ സ്നേഹനിർബന്ധങ്ങൾ വൃഥാവിലായി. ഒരു ദിവസം മാലിനി ഇഷ്ടികപ്പഴുതിലൂടെ ആ യാഥാർത്ഥ്യം മനസ്സിലാക്കുന്നു. നടുക്കത്തോടെ ആ അറയ്ക്കു ചുറ്റും നിലവിളിച്ചോടുന്ന മാലിനി മനസ്സിൽ വേദനയാവുന്നു.
തന്റെ ഭൂതകാലത്തിന്റെ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത ഈ കഥാപാത്രത്തിന്റെ അനിവാര്യമായ അന്ത്യത്തിൽ നിന്ന് മോചിതയായി തന്റെ കർമ്മത്തിൽ മുഴുകുന്ന മാലിനിയെ കാണിച്ചു കൊണ്ടാണ് കെ.ആർ മോഹനൻ ഈ ചിത്രം അവസാനിപ്പിക്കുന്നത്. ഇരുട്ടിൽ മുങ്ങിയ വീട്ടിൽ,നിശ്ചലയായി ഇരിക്കുന്ന മാലിനിയിൽ തുടങ്ങിയ സിനിമ പ്രഭാതത്തിൽ, മുറ്റത്തെ പാഴിലകൾ തൂത്തുവാരി വൃത്തിയാക്കുന്ന മാലിനിയെ കാണിച്ചു കൊണ്ട് കാവ്യാത്മകതയുടെ കരുത്തിൽ പൂർണമാവുന്നു.
സ്ഥിരം നടിമാരല്ലാതെ, സന്ധ്യ രാജേന്ദ്രൻ എന്ന അഭിനേത്രിയെ മാലിനിയായി അവതരിപ്പിക്കുമ്പോൾ കഥാപാത്രം വിശ്വസനീയമായി മാറും എന്ന സംവിധായകന്റെ ബോധ്യം തീർത്തും ശരിയെന്ന് ഈ ചിത്രം കാണുമ്പോൾ തോന്നും. ചെറുതോ വലുതോ ആവട്ടെ ഓരോ ചെറുകഥാപാത്രത്തിന്റേയും തിരഞ്ഞെടുപ്പിൽ അതിസൂക്ഷ്മതയുടെ വിജയം.
സ്വരൂപത്തിന്റെ പശ്ചാത്തല സംഗീതം കേൾക്കുമ്പോഴൊക്കെ കെ.ആർ മോഹനൻ എന്ന സൗമ്യ സാന്നിധ്യം ഓർമയിലെത്തും. ഓടക്കുഴലും, തുടിയും, നന്തുണിയും, കൈമണിയും ചേർത്ത് ലളിതമായ നാടൻ സംഗീതമൊരുക്കിയിരിക്കിയിരിക്കുന്നത് എൽ. വൈദ്യനാഥനാണ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അർത്ഥപൂർണമായ സംഗീതോപയോഗം അതിവൈകാരികതയ്ക്ക് ഏറെ ഇടമുള്ള ഒരു വിഷയമായിട്ടും കൃതഹസ്തതയോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ഈ ചിത്രത്തിൽ.
പിൽക്കാലത്ത് ‘ചിന്താവിഷ്ടയായ ശ്യാമള ‘യിൽ ശ്രീനിവാസൻ അവതരിപ്പിച്ചിച്ച വിജയൻ മാഷിന്റെ ‘പ്രോട്ടോടൈപ്പ് ‘ഈ ചിത്രത്തിലെ ശേഖരനിലുണ്ട്. ശേഖരൻ തന്റെ സ്വരൂപം തേടി അതിൽ കുടുങ്ങി ഒടുങ്ങി തീരുന്നു. അതിൽ എസ്കേപിസം ഇല്ല. പക്ഷേ വിജയൻ മാഷ് അല്പം കളളത്തരവും കപടത്വവും പരീക്ഷിക്കുന്നയാളാണ്. അതുകൊണ്ട് അയാൾ ചില വേഷങ്ങൾ അണിയുകയും അഴിക്കുകയും ചെയ്യുന്നു. രണ്ടും രണ്ട് വീക്ഷണമാണ്. രണ്ട് ശ്രീനിവാസനാണ്. ശ്യാമളയും മാലിനിയും രണ്ടു തരത്തിൽ ജീവിതത്തെ നേരിടുന്നവരാണ്… പക്ഷേ അവർ രണ്ടു പേരും കരുത്തുറ്റവർ തന്നെ…
തങ്ങളുടെ യഥാർത്ഥ സ്വരൂപം കണ്ടെത്തുന്നത് അവരാണ്.
പൂന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയിട്ടും അതിന്റെ സൈദ്ധാന്തിക ബാധ്യതകൾ പെരുമാറ്റത്തിലോ സിനിമയിലോ കാണിക്കാത്തയൊരാളാകും മോഹനേട്ടൻ. തോളിൽ തട്ടി, തികഞ്ഞ സാഹോദര്യത്തിൽ പുതിയ കുട്ടികളോട് തുറന്ന് ഇടപെട്ടിരുന്ന ഒരാൾ.. സ്വയം മാർക്കറ്റ് ചെയ്യാനോ മാസ്റ്റർ ആവാനോ ശ്രമിക്കാത്ത സിനിമാക്കാരൻ.
കാതലുള്ള സിനിമകൾ ഓർമിക്കപ്പെടും. കാതലുള്ള മനുഷ്യന്മാരും. കെ.ആർ.മോഹനന്, പ്രിയപ്പെട്ടവരുടെ മോഹനേട്ടൻ എന്ന സ്നേഹത്തിന് സ്മരണാഞ്ജലി..
Be the first to write a comment.