In England the movie theater was originally called ”bio scope” because of its visual presentation of the actual movements of the forms of life (from Greek bios, way of life). The movie, by which we roll up the real world on a spool in order to unroll it as a magic carpet of fantasy, is a spectacular wedding of the old mechanical technology and the new electric world….Marshall Mc Luhan.
‘കൂടെ ‘ കണ്ടിറങ്ങുമ്പോൾ കൂടെ ചിലത് പോരുന്നുണ്ട്. രണ്ടര മണിക്കൂർ നേരം, കൂട്ടു കൂടി, തമ്മിലടിച്ച്, സ്വപ്നം കണ്ട്, ചിലപ്പോഴൊക്കെ ഒറ്റയ്ക്കായി, മറ്റു ചിലപ്പോൾ വിട്ടുപോയവരെ ഓർത്ത് വേദനിച്ച്, തീരുന്നത് അറിയുന്നില്ല. സിനിമ കഴിയുമ്പോൾ ‘മാന്ത്രിക പരവതാനി’യിൽ നിന്ന് നിലത്തിറങ്ങിയതു പോലെ തോന്നാം.
പിഴവുകളോ, കുറവുകളോ ഇല്ലാത്ത സിനിമയല്ല ‘കൂടെ’. പക്ഷേ സിനിമ ഹൃദയത്തെ സ്പർശിക്കുന്നുണ്ട്. ഇടയ്ക്ക് മനസ്സിനെ ആർദ്രമാക്കുന്നുണ്ട്. ആവേശപ്പെടുത്തുന്നുമുണ്ട്. ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച്, ഉത്തരവാദിത്തത്തെ കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. എത്ര ആഴത്തിലേക്ക് വീണാലും പിടിച്ചുയർത്താൻ ഒരു കൈയ്യുണ്ടാകുമെന്ന പ്രതീക്ഷ. ഭൗതികമോ, ആത്മീയമോ ആയ ചോദനകളാവാം, ജീവിതം മുന്നോട്ടു തന്നെ എന്ന് പറയുന്ന സിനിമ. Soulful and Soul filling film.
സച്ചിൻ കുന്ദൽക്കറുടെ ‘ഹാപ്പി ജേർണി’ എന്ന സിനിമയിൽ നിന്നാണ് ‘കൂടെ’ യുടെ പ്രമേയം സ്വീകരിച്ചിരിക്കുന്നത്.ആ സിനിമ കണ്ടിട്ടില്ല. അതു കൊണ്ട് ഈ എഴുത്തിൽ ആ സിനിമയില്ല.
മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ് എന്നിവയ്ക്ക് ശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന സിനിമയാണ് ‘കൂടെ’. കഥാഖ്യാനം നിർവ്വഹിക്കുന്നതിൽ അഞ്ജലിക്കുളള മിടുക്ക്, സിനിമ എന്ന എന്ന മാധ്യമത്തിന്റെ ക്രാഫ്റ്റിൽ ഉള്ള കൈത്തഴക്കം എന്നിവ കൂടെയും ഉറപ്പിക്കുന്നു. കമേഴ്സ്യൽ/ ജനപ്രിയ സിനിമയുടെ ധാരയിൽ നില്ക്കുമ്പോഴും അതിന്റെ വിഴുപ്പുകൾ/ ആൺ നോട്ട പിശകുകൾ ഒഴിച്ചു നിർത്താൻ അഞ്ജലിക്കു കഴിയുന്നുണ്ട്. എന്നാൽ ചില ക്ലീഷേകൾ അങ്ങിങ്ങ് പ്രത്യക്ഷപ്പെടുന്നുമുണ്ട്. അവർ ഇതുവരെ ചെയ്തതിൽ ഏറ്റവും റിസ്കി ആയ പ്രമേയവും ഈ സിനിമയാണെന്ന് തോന്നുന്നു. മൂന്നോ നാലോ വാചകത്തിൽ ചുരുക്കി പറയാവുന്ന ഒരു പ്ലോട്ട് അതിന്റെ വൈകാരികത നഷ്ടപ്പെടാതെ അവതരിപ്പിക്കാൻ അഞ്ജലിക്കായിട്ടുണ്ട്. പ്രധാനമായും അഭിനേതാക്കളുടെ performance oriented ആയ സിനിമയാണ് ‘കൂടെ’. അത് ഭംഗിയായി, അതിന്റെ ഊഷ്മളതയിൽ സ്ക്രീനിലൂടെ പ്രേക്ഷകരിലെത്തിക്കാൻ സംവിധായികയ്ക്ക് കഴിയുന്നുണ്ട്.
നസ്റിയ, പാർവതി, പൃഥിരാജ് (ഇവരുടെ ചെറുപ്പകാലം അഭിനയിച്ച കുഞ്ഞു മിടുക്കർ) മാലാ പാർവതി, പോളി വിത്സൻ, രഞ്ജിത്, ബ്രൗണി എന്ന വിളിപ്പേരുള്ള നായ, പിന്നെ സിനിമയുടെ ‘soul cabin’ ആയ ആ വണ്ടിയും മനസ്സിൽ കഥാപാത്രങ്ങളായി നിറഞ്ഞു നില്ക്കുന്നു. ലിറ്റിൽ സ്വയമ്പ് (ഛായാഗ്രഹണം), രഘു ദീക്ഷിത് (പശ്ചാത്തല സംഗീതം), പ്രവീൺ പ്രഭാകർ (എഡിറ്റിംഗ്) എന്നിവരുടെ combination ചിത്രത്തിന്റെ ഒഴുക്കിൽ നിർണായമായി എന്നു പറയാം.
ഒരു മനുഷ്യന്റെ ‘mindscape’-നെ അടയാളപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമാണ് അഞ്ജലി കൂടെയിൽ ഏറ്റെടുത്തിരിക്കുന്നത്. ഏറ്റവും എളുപ്പം തെറ്റിദ്ധരിക്കാവുന്ന/ അവിശ്വസനീയമാകാവുന്ന വിഷയം, കാണിയെ ബോധ്യപ്പെടുത്തുന്നതിൽ ഈ സിനിമ വിജയിച്ചിട്ടുണ്ട്. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ/ സ്വപ്നത്തിൽ/ ഭയത്തിൽ/ഉന്മാദത്തിൽ, ‘കൂടെ’ പാർക്കുന്ന അനേകം മനുഷ്യരെ ഓർമപ്പെടുത്തുന്നു ഈ സിനിമ.
സ്വദേശാഗമനം (Home coming) ഒരു Leitmotif ആയി അഞ്ജലിയുടെ സിനിമകളിൽ കടന്നു വരുന്നത് ഈ സിനിമയിലും ആവർത്തിക്കുന്നു. നാട്ടിലേക്ക്/ വീട്ടിലേക്ക്/ബന്ധങ്ങളിലേക്ക്, ഉള്ള മടങ്ങി വരവുകൾ പെട്ടെന്ന് ക്ലീഷേ, Nostalgia ആയി മാറാനുള്ള സാധ്യതയുണ്ട്. ആ അപകടത്തെ അഞ്ജലി തരണം ചെയ്തിട്ടുണ്ട്.
സംഭവബഹുലമായ കഥയോ അതിമാരക ട്വിസ്റ്റുകളോ പ്രതീക്ഷിച്ച് പോകേണ്ട സിനിമയല്ലിത്. പുതിയ മലയാള സിനിമ പിന്തുടരുന്ന പരുക്കൻ / കട്ട ലോക്കൽ സിനിമയുമല്ല. സിനിമയുടെ സ്വപ്ന യാത്രയ്ക്കായി ‘Pan-oneiric’ മനസ്സോടെ വന്നാൽ, ജീവിതത്തിൽ, പ്രത്യേകിച്ചും സ്ത്രീ ജീവിതത്തിൽ നഷ്ടപ്പെട്ടു പോകുന്ന കുറേ നല്ല നിമിഷങ്ങളിൽ മുഴുകാം.
ജോഷ്വയുടെ നോട്ടക്കാഴ്ചയിലൂന്നിയുള്ള Restricted Narration ആണ് അഞ്ജലി സിനിമയിൽ സ്വീകരിച്ചിരിക്കുന്ന ആഖ്യാന രീതി. അയാൾ അറിയുകയും കേൾക്കുകയും ചെയ്യുന്ന ലോകം. ഇത് സിനിമയ്ക്കു നല്കുന്ന suspense വലുതാണ്. അവസാന നിർണായക നിമിഷം വരെ പ്രേക്ഷകനെ കൂടെ കൊണ്ടുപോകാൻ, ജോഷ്വ അഭിമുഖീകരിക്കുന്ന ‘അതീത യാഥാർത്ഥ്യ’ങ്ങളോട് പൊരുത്തപ്പെടാൻ ഈ craft സഹായിക്കുന്നുണ്ട്.
ഓയിൽ റിഫൈനറിയിലോ മറ്റോ (അതിന്റെ സ്ഥല വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടില്ല) ജോലി ചെയ്യുന്ന ജോഷ്വയെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ടോപ് ആംഗിളിൽ ‘മാൻ ഹോളി’ലൂടെയുള്ള കാഴ്ചയിലെന്നതുപോലെ, ജോലി ചെയ്യുന്ന മനുഷ്യൻ. ഫ്രെയിമിൽ നിറഞ്ഞു നില്ക്കുന്ന വെള്ള നിറത്തിൽ, കറുത്ത വൃത്തത്തിനകത്താണ് ജോഷ്വ. ആദ്യത്തെ ഈ Shot അങ്ങനെ സിനിമയിലേക്കുള്ള താക്കോൽ ദൃശ്യം കൂടിയാവുന്നു. ‘കൂടെ’യിലെ ജോഷ്വ പെട്ടുപോയ വൈകാരിക ജഢത തുടക്കം മുതൽ പൃത്ഥ്വിരാജ് കൃത്യമായി അടയാളപ്പെടുത്തുണ്ട്. നാട്ടിൽ നിന്ന് വന്ന ഫോൺ call-ൽ ഒരു ദുരന്തവാർത്തയാണെങ്കിലും, അത് അയാൾ പ്രതീക്ഷിച്ചിച്ചതാവാം, നിസംഗനായി ഉൾക്കൊള്ളുവാൻ ജോഷ്വയ്ക്ക് പറ്റുന്നു.
സിനിമയുടെ ആദ്യത്തെ കുറച്ചു മിനുട്ടുകളിൽ തന്നെ ജോഷ്വ അനുഭവിച്ചു പോന്ന വേദന, അയാളെ തണുപ്പൻ മട്ടുകാരനാക്കിയ അനുഭവങ്ങൾ സംവിധായിക കാണിച്ചുതരുന്നുണ്ട്. നീലഗിരിയിൽ മെക്കാനിക്കായ അലോഷ്യയുടേയും ലില്ലിയുടേയും ഇടത്തരം ജീവിത സാഹചര്യങ്ങളിലാണ് ഈ കഥ നടക്കുന്നത്. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് മടങ്ങി പോകാനായി നാട്ടിൽ എത്തിയ ജോഷ്വയെ, വിട്ടുപിരിഞ്ഞ അനിയത്തിയെ കുറിച്ചുള്ള ഓർമകൾ വല്ലാതെ ബാധിക്കുന്നു. ഒറ്റപുത്രനായി വളർന്ന്, കൗമാരം പിന്നിടാനാവുമ്പോഴാണ് അവന് ഒരു കുഞ്ഞനിയത്തി, പിറക്കുന്നത്. പിറന്ന് അവളെ ആദ്യമായി കാണുമ്പോഴെ അവൻ പേരുമിട്ടു, ജെന്നി!
ആ സ്വീക്വൻസ് അതിമനോഹരമായി അഞ്ജലി അവതരിച്ചിരിക്കുന്നു. ജോഷ്വയുടെ ജീവിതം മാറ്റിമറിക്കുന്ന സ്നേഹസാന്നിധ്യമാവുന്നു ജെന്നി എന്ന പൂമ്പാറ്റ കുഞ്ഞ്. ചെറുപ്രായത്തിൽ തന്നെ ജെന്നിക്കു വന്നുപെടുന്ന മാറാവ്യാധി, അതുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി കുടുംബത്തെ ഇളക്കി മറിക്കുന്നു. മെക്കാനിക്ക് ആയ ജോഷ്വയുടെ അച്ഛന് എല്ലാം വിറ്റു പെറുക്കിയിട്ടും ചികിത്സയ്ക്ക് പണം തികയാതെ വരുന്നു. ആ ദുഃസ്ഥിതിയിൽ സഹായിക്കാനെത്തിയ അഛന്റെ ഒരു സുഹൃത്ത് ജോഷ്വയെ വിദേശത്തേക്ക് കൊണ്ടു പോകുന്നു. എന്ത് മാത്രം ചൂഷണങ്ങളുടെ ലോകത്തേക്കാണ് ആ കൗമാരക്കാരനെ കൊണ്ടു പോകുന്നത് എന്ന് അതിസൂക്ഷ്മമായാണ് അഞ്ജലി അടയാളപ്പെടുത്തുനത്. അച്ഛന്റെ കൂട്ടുകാരന്റെ കരസ്പർശത്തിൽ കാരുണ്യത്തിന് പിറകിലെ ദയാരഹിതയാഥാർത്ഥ്യവുമുണ്ട്.
ജെന്നിയുടെ മരണാനന്തര ദിനങ്ങളിലൊന്നിലാണ് ജോഷ്വ സോഫിയെ വീണ്ടും കാണുന്നത്. കൗമാരത്തിൽ അവൻ ജീവിതത്തിൽ ആദ്യമായി സൗഹൃദം/ഇടം നല്കിയ കൂട്ടായിരുന്നു സോഫി. അതിന് കാരണക്കാരനായതോ ഫുട്ബോൾ കോച്ചും. ആൺകുട്ടികളുടെ കളിമൈതാനത്തിൽ പെൺകുട്ടിക്കും ഇടമുണ്ട് എന്ന സത്യം അഞ്ജലി പറയാതെ പറയുന്നു. സോഫി വിവാഹിതയാണെങ്കിലും വേർപിരിഞ്ഞിരിക്കുകയാണ്. പെട്ടെന്ന് മടങ്ങിപ്പോകാനുള്ള ജോഷ്വയുടെ തീരുമാനത്തെ അട്ടിമറിക്കുന്ന സംഭവങ്ങൾ ഒന്നൊന്നായി അരങ്ങേറുന്നതോടെ ‘കൂടെ’, രസകരമായ സിനിമയായിമാറുന്നു.
രോഗത്തോട് മല്ലിടുമ്പോഴും ജെന്നി ജീവിച്ച/ ജീവിക്കാനാഗ്രഹിച്ച ജീവിതം അവളുടെ മുറിയിൽ ഭ്രാന്തൻ ചിത്രങ്ങളായി നിറഞ്ഞിരിക്കുന്നത് ജോഷ്വ കാണുന്നു. പറന്ന് പറന്ന് പോകാനാഗ്രഹിച്ച ഒരു പക്ഷിയുടെ കൂടു പോലൊരു മുറി! മുറിയിൽ എഴുതിയിട്ട ‘what you seeking is seeking you’ എന്ന റൂമിയുടെ വരികൾ. ചുവരിൽ വരഞ്ഞിട്ട, പുറത്തേക്ക് തുറക്കുന്ന വാതിലുകൾ. എല്ലാം കൂടി ജെന്നിയുടെ ‘അകം’ ജോഷ്വയ്ക്ക് മുന്നിൽ വെളിപ്പെടുന്നു. ഓരോ യാഥാർത്ഥ്യവും പുതിയ തലങ്ങളിലേക്ക് നയിക്കുന്നു.
ജെന്നിയുടെ പ്രിയപ്പെട്ട നായ, പഴയ വാൻ എല്ലാം ജോഷ്വയെ സ്വാധീനിക്കാൻ തുടങ്ങുന്നു. ആ വാനിൽ അവന്റെ പ്രിയപ്പെട്ട കുഞ്ഞ്… ഇത്രയും കാലം അവൻ കെടാതിരിക്കാൻ അത്യധ്വാനം ചെയ്ത അനിയത്തി അവന്റെ ‘കൂടെ’ എത്തുന്നു. പ്രേക്ഷകൻ യുക്തിയുടെ ചരടൊന്ന് അയച്ചു പിടിച്ച് ജോഷ്വയ്ക്ക് ഒപ്പം ചേർന്നാൽ, മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടു കണ്ടിട്ടില്ലാത്ത ഒരു ‘ഇല്യുഷന്റെ’ പ്രസരിപ്പാർന്ന നിമിഷങ്ങളിൽ ജീവിക്കാം. ഒരു പെൺകുട്ടി ജീവിതത്തിൽ ആഗ്രഹിക്കുന്ന കൊച്ചു കൊച്ചു കുറുമ്പുകൾക്ക് കൂട്ടു പോകാം. മരണാനന്തരം മാത്രം പെണ്ണിന് ലഭ്യമാകുന്ന ‘സ്വാതന്ത്ര്യ’ത്തിന്റെ വൈരുധ്യമോർത്ത് നിറകൺചിരിയാവാം.
തകർന്ന ദാമ്പത്യത്തിൽ ഇരയായ, ഏതു നിമിഷവും molest ചെയ്യപ്പെടാവുന്ന, സഹിക്കാവുന്ന അത്രയും സഹിക്കുന്ന സോഫിയുടെ ഇഹലോക ജീവിതം, ജോഷ്വയുടെ മായാക്കാഴ്ചയുടെ ഇടയിൽ കലർന്നു കിടക്കുന്ന രീതിയിലാണ് അഞ്ജലിയുടെ ആഖ്യാനം.
ചിത്രം പുരോഗമിക്കുന്തോറും ജോഷ്വയ്ക്ക് സംഭവിക്കുന്നതെന്ന് എന്ന ആകാംക്ഷ പ്രേക്ഷകനിൽ വളരുന്നുണ്ട്. അയാളെ നിർമമനായ മനുഷ്യനിൽ നിന്ന് നല്ലൊരു വ്യക്തിയായി മാറ്റുകയാണ് ജെന്നി. അമ്മ, അനിയത്തി, കാമുകി, ഭാര്യ എന്നീ നിലകളിൽ പുരുഷനെ, അവന്റെ ഇടർച്ചകളെ സ്ത്രീക്ക് തിരുത്താൻ പറ്റുന്നതെങ്ങിനെയെന്ന് ഒട്ടും പ്രകടനാത്മകതയില്ലാതെ കാണിച്ചുതരുന്ന സിനിമയാണ് ‘കൂടെ’.
കുടുംബത്തിനകത്തു നിന്നു തുടങ്ങി, സ്കൂൾ, കളിസ്ഥലം എന്നിങ്ങനെ ജീവിതത്തിലെ ഏത് ഘട്ടത്തിലും ആരോഗ്യകരമായ ആൺ-പെൺ ബന്ധം വളർത്തിയെടുക്കേണ്ട ആവശ്യകത ഈ സിനിമയുടെ Subtext-ൽ ഉണ്ട്.
സഹോദരൻ – സഹോദരി ബന്ധത്തെ, പുതിയ കാലത്തിനനുസരിച്ച് പുതുക്കുന്നുണ്ട് ‘കൂടെ’-യിൽ. ക്ലീഷെ ചേട്ടൻ/ അനിയത്തി ഫോർമാലിറ്റികളെ, മറികടക്കാൻ സംവിധായികയ്ക്ക് കഴിയുന്നുണ്ട്. തന്റെ മൂത്ത ചേട്ടനെ തിരുത്താനും നേർവഴിക്ക് നയിക്കാനും സാഹസികനാക്കാനും ജീവിതത്തിന്റെ അർത്ഥമുപദേശിക്കാനും പ്രാപ്തിയുള്ള ഒന്നാന്തരം ‘ഇളയ പെങ്ങൾ ‘, ‘വല്യേട്ടൻ’മാരുടേയും ‘ചേട്ടച്ഛൻ’മാരുടേയും ഉപദേശ പ്രബന്ധങ്ങൾക്ക് ഒരു പാഠഭേദം കൂടിയാവുന്നു!
ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് എന്നിവയിൽ നസ്രിയ കാഴ്ചവച്ച ഊർജ്വസ്വലമായ പ്രകടനം ‘കൂടെ’ യിൽ ഒന്നു കൂടി ഉജ്വലമാകുന്നു. പൃഥ്വി- നസ്രിയ ജോഷ്വ – ജെന്നിമാർ മാത്രമായ ഈ സന്ദർഭങ്ങളാണ് ‘കൂടെ’യെ പ്രിയപ്പെട്ടതാക്കുന്നത്.
ജെന്നിയുടെ വാസസ്ഥലമായ വാൻ, അതിന്റെ പരിമിത ഇടം എന്നിവ നന്നായി ഉപയോഗിച്ചിരിക്കുന്നുണ്ട് സിനിമയിൽ. ഇത്തരം സിനിമകളിൽ പൊതുവേ ഉപയോഗിക്കുന്ന ‘അദൃശ്യവുമായുള്ള ഇടപാടുകൾ’ വരുത്തി വെക്കുന്ന ആശയക്കുഴപ്പം ഈ സിനിമ ഒഴിച്ചു നിർത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയം.
ഈ കഥ പറയാനായി തെരഞ്ഞെടുത്തിരിക്കുന്ന പശ്ചാത്തലവും ശ്രദ്ധേയമാണ്. ഊട്ടിയുടെ തണുത്ത/ മരവിച്ച, അധികം വെയിലില്ലാത്ത അന്തരീക്ഷം യഥാർത്ഥത്തിൽ ജോഷ്വയുടെ മനസ്സിന്റെ സ്ഥലകാലം കൂടിയാണ്. അയാളിൽ പതിയെ പ്രതീക്ഷകളും ഊർജസ്വലതയും തിരിച്ചു വരുമ്പോൾ ദൃശ്യങ്ങളും പ്രസന്നമാവുന്നു. ടിപ്പിക്കൽ മലയാള പരിസരത്ത് ഈ സിനിമ പറയാതിരുന്നത് നന്നായി. വലിയ ബഹളമില്ലാത്ത, ഈ ‘അപരിചിതമേഖല’ സിനിമയുടെ mood-ന് പിന്തുണയാവുന്നു. ടൂറിസ്റ്റ് സ്പോട്ട് എന്ന നിലയിൽ നമ്മുടെ മനസ്സിൽ അടയാളപ്പെട്ടു കിടക്കുന്ന സ്ഥലം കൂടിയാണ് ഈ മലനിരകൾ. ജോഷ്വയുടെയും ജെന്നി യുടേയും അല്പകാല ജീവിതത്തിലെ സന്ദർശകരാണ് ഇവിടെ കാണികളും.
പ്രകൃതിയുടെ മനോഹര ഭാവങ്ങൾ പശ്ചാത്തല ദൃശ്യങ്ങളിൽ ഉണ്ടെങ്കിലും അതിൽ അഭിരമിക്കുന്ന ഛായാഗ്രഹണ രീതിയല്ല ‘കൂടെ’യുടേത്. പറവയ്ക്ക് ശേഷം ഒരിക്കൽ കൂടി മനുഷ്യമുഖ/ വ്യക്തിത്വ/ അഭിനയസാധ്യതകൾ സമീപ, മധ്യദൂര ദൃശ്യധാരാളിത്തത്തോടെ അവതരിപ്പിക്കുകയാണ് ലിറ്റിൽ സ്വയമ്പ്. അർധതാര്യചില്ലുകാഴ്ചയിലൂടെ ജെന്നിയെ ആവർത്തിച്ചു കാണിക്കുന്നുണ്ട് ഈ സിനിമയിൽ.. പാതിമെയ് മറഞ്ഞ മനുഷ്യത്തിയായി. അത് ബോധപൂർവ്വം ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലല്ല എന്നതും തികച്ചും സന്ദർഭോചിതമെന്നതും എടുത്തു പറയണം. ഒരാളുടെ ബോധതലത്തിൽ മാത്രം അസ്തിത്വമുള്ള പെൺകുട്ടിയെ ഒരേ സമയം Real but unreal ആയി കാട്ടിത്തരുന്ന സംവിധായികയുടെ കാഴ്ചയുടെ കണ്ണുകളായിരിക്കുന്നുണ്ട് ഛായാഗ്രാഹകൻ. പ്രകടനപരതയില്ലാതെ തന്നെ. ചിത്രത്തിന്റെ കളർ ടോൺ/ ഗ്രേഡിംഗ് കൂടി എടുത്തു പറയണം. ചിത്രത്തിൽ ‘വാം ടോൺ’ കുറച്ചിരിക്കുന്നു. കടുംനിറങ്ങളും ശ്രദ്ധയിൽ പെടില്ല. ഉറഞ്ഞുകൂടിയ മനസ്സിന്റെ നീലവർണമാണ് സിനിമയുടെ ടോണിൽ മുഖ്യം. ഹൈ കീ ലൈറ്റിംഗ് രീതി (പരമാവധി നിഴൽ ഒഴിവാക്കിക്കൊണ്ടുള്ള) ചെയ്ത ഒരു ദൃശ്യനിരയാണ് കാഴ്‌ചയിൽ അനുഭവപ്പെട്ടത്. വെയിൽ ചാഞ്ഞു വീഴുന്ന Shot-കൾ ചിത്രത്തിന്റെ പ്രത്യക സന്ദർഭങ്ങളിൽ മിഴിവോടെ ഉപയോഗിച്ചിട്ടുണ്ട്. വെളിച്ച/നിറ ക്രമീകരണം യാഥാർത്ഥ്യത്തെ നിരസിക്കാതെ, അതേ സമയം സിനിമയുടെ ഭാവത്തിനനുസരിച്ച് manipulate ചെയ്തിരിക്കുന്നത് അഭിനന്ദനമർഹിക്കുന്നു.
ജെന്നി കണ്ട/ വരച്ചിട്ട സ്വപ്നം ജോഷ്വയും സോഫിയും കൂടി പൂരിപ്പിക്കുന്നതാണ് സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു മുഹൂർത്തം. ജോഷ്വയോടൊപ്പം ചേർന്ന സോഫിയെത്തേടി വന്ന മത/ കുടുംബവാദികളുടെ മുന്നിൽ അവർ രക്ഷപ്പെട്ട, തുറന്നിട്ട ജനൽ യാഥാർത്ഥ്യത്തെ വെല്ലുന്ന സ്വപ്നമായി മാറുന്നു!
ജെന്നിയോടുള്ള സ്നേഹം എന്ന ഒഴിയാബാധയിൽ നിന്ന് ജോഷ്വ മുക്തനാവുന്നതെങ്ങിനെ എന്നതാണ് ചിത്രത്തിലെ ഏറ്റവും നിർണായകമായ ഭാഗം.
കൊച്ചു കൊച്ചു സന്ദർഭങ്ങിലൂടെ മുന്നേറുന്ന ഈ സിനിമയിലെ കോളേജ് സീക്വൻസുകളും അത്ര പുതുമയുള്ളതായി തോന്നിയില്ല. ജെന്നിയുടെ പ്രണയ മോഹങ്ങളിലേക്കുള്ള വഴി/ ഇടം എന്ന നിലയിലുള്ള പ്രസക്തിയൊഴിച്ചാൽ, ഈ സ്വീക്വൻസ് സിനിമയെ കൃത്രിമത്വത്തിലേക്ക് തള്ളിയിടുന്നു.
അവസാന സീക്വൻസിൽ സോഫിയുടെ പീഡകരെ തടഞ്ഞു നിർത്താൻ ഈ യുവത, ആണും പെണ്ണും ഒരുമിച്ചു നില്ക്കുന്നതിൽ പുരോഗമനപരമായ ഒരുൾക്കാഴ്ചയുണ്ട്. നായകന്റെ തടിമിടുക്ക് കാണിക്കാനുള്ള രണ്ട് മൂന്ന് സംഘട്ടനങ്ങൾക്ക് സാധ്യതയുണ്ടായിട്ടും ഈ സിനിമയിൽ അത്തരത്തിലൊന്ന് ഒഴിവാക്കിയിരിക്കുന്നു എന്നത് ആശ്വാസകരം.
സോഫിയുടെ കുടുംബവഴക്ക്, ആ വീട്ടിലെ വില്ലൻ, ആൺകൂട്ടം സ്ഥിരം സിനിമ ക്ലീഷെയിൽ നിന്ന് മുക്തമായില്ല. സിനിമയിലെ ഓരോ കഥാപാത്രത്തിനും കഥാഗതിയുടെ തുടക്കത്തിൽ നിന്ന് അവസാനത്തിൽ എത്തുമ്പോഴേക്കും വരുന്ന പരിണതിയാണ് അഞ്ജലി മേനോന്റെ എല്ലാ തിരക്കഥകളിലും ഒരു പ്രത്യേകതയായി തോന്നിയിട്ടുള്ളത്. അലോഷ്യ, ലില്ലി, ജോഷ്വ, ജെന്നി, സോഫി, ഫുട്ബോൾ കോച്ച്, ക്രിഷ് ഇവരുടെയെല്ലാം ജീവിതം പല ഇഴകളായി പിരിച്ചെടുത്താൽ ഓരോരുത്തർക്കും തുടക്കത്തിൽ നിന്ന് വലിയ മാറ്റം അന്ത്യത്തിൽ എത്തുമ്പോൾ കാണാം. ഉസ്താദ് ഹോട്ടലിലെ ഫൈസി ആയാലും, ബാംഗ്ലൂർ ഡേയ്സിലെ ഏത് കഥാപാത്രങ്ങളായാലും ഈ മിടുക്ക്, എഴുത്തിന്റെ ആലോചനാഭാരമില്ലാതെ തിരക്കഥയിൽ സന്നിവേശിപ്പിക്കാൻ അഞ്ജലിക്കു കഴിയുന്നുണ്ട്.
സംഭാഷണങ്ങൾ സ്വാഭാവികമാക്കാനും തത്സമയ ശബ്ദലേഖനത്തിലൂടെ അതിന്റെ ജൈവികത പിടിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ഉറക്കെയുളഉ നീണ്ട സംഭാഷണങ്ങളേക്കാൾ, പതിഞ്ഞ, അതേ സമയം ഉള്ളിൽ തട്ടുന്ന ചെറു ഭാഷണങ്ങളാണ് ഈ സിനിമയിലുള്ളത്. ഹൃദയത്തിൽ, ആത്മാർത്ഥമായി പുറപ്പെടുന്ന വാക്കുകളുടെ ആഴം, മോഡുലേഷനിലെ വൈകാരികത എന്നിവ ഉടനീളം നില നിർത്താൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നസ്രിയയുടെ ഉച്ചാരണത്തിൽ മുമ്പ് തോന്നിയിരുന്ന വ്യക്തതയില്ലായ്മ ഈ സിനിമയിൽ പരിഹരിക്കപ്പെട്ടിരിക്കുന്നു. ജെന്നിയുടെ ആവേശം/ ആശ/ നിരാശ/ മൗനം ഓരോന്നും വളരെ സ്വാഭാവികമായി, അതിന്റെ ഊർജ/ സ്വര വൈവിധ്യത്തോടെ നസ്രിയയുടെ ശബ്ദത്തിൽ, സംഭാഷണത്തിൽ വന്നിട്ടുണ്ട്.
‘കൂടെ’ യഥാർത്ഥത്തിൽ പെൺമനസുകളുടെ കാൻവാസ് ആണ്. നിലമ്പൂർ ആയിഷ അവതരിപ്പിച്ച ഏകാന്തതയനുഭവിക്കുന്ന മുത്തശ്ശി, ലില്ലി എന്ന അമ്മ, ജെന്നി എന്ന മകൾ, സോഫി എന്ന ഭാര്യ/ കാമുകി, ത്രേസ്യ എന്ന ജോലിക്കാരി ഇങ്ങനെ പല പ്രായത്തിലുള്ള സ്ത്രീകളുടെ സിനിമയാണിത്. ത്രേസ്യ എന്ന ‘ആകാശവാണി’ കഥാപാത്രം പോളി വിൽസൺ നന്നായി അവതരിപ്പിച്ചെങ്കിലും കണ്ടു ശീലിച്ചതാണ് എന്ന കുറവുണ്ട്.
പാട്ടുകളും ചിത്രത്തിന്റെ ഭാവത്തിനൊത്ത് നില്ക്കുന്നുണ്ട്. എന്റർടെയ്ന്മെന്റ് എന്ന നിലയിൽ മാത്രമല്ല, രചനാ ഭംഗിയും ഉണ്ട്.
ജീവിതം എല്പിക്കുന്ന കടമകൾക്കിടയിൽ ചോർന്നു പോകുന്ന രസങ്ങളെ ചേർത്തു പിടിക്കാനുള്ള പ്രേരണ കൂടെ നല്കുന്നുണ്ട്. ജീവിതം പ്രതിസന്ധികളിൽ ഉപേക്ഷിക്കേണ്ട പാഴ് വസ്തുവല്ല, തികഞ്ഞ ജൈവികതയിൽ അനുഭവിക്കേണ്ട ഉന്മാദമാണെന്ന് ‘കൂടെ’ കാണുമ്പോൾ തോന്നിപ്പോവുന്നു.
കുടുംബത്തോടൊപ്പം ,നമ്മുടെ ഉള്ളിലുള്ളവർക്കൊപ്പം ‘കൂടെ’ കാണാം.
Be the first to write a comment.